അധ്യായം 27
പ്രാർഥനയിലൂടെ എങ്ങനെ സഹായം നേടാം?
1. ദൈവത്തിൽനിന്നു നമുക്ക് എന്തു സഹായം ആവശ്യമാണ്, നമുക്ക് അത് എങ്ങനെ ലഭിക്കുന്നു?
1 ലോകത്തിന്റെ ദുഷ്ടസ്വാധീനത്തിൽനിന്നു മാറിനിൽക്കുന്നതിനു ക്രിസ്ത്യാനികൾക്കു പ്രാർഥനയിലൂടെ ലഭിക്കാവുന്ന സഹായം വിശേഷാൽ ആവശ്യമാണ്. യേശു പറഞ്ഞു: “സ്വർഗസ്ഥനായ പിതാവു തന്നോടു ചോദിക്കുന്നവർക്കു പരിശുദ്ധാത്മാവിനെ കൊടുക്കും.” (ലൂക്കോസ് 11:13) നാം ദൈവവചനം പഠിക്കുകയും അവന്റെ ദൃശ്യസ്ഥാപനത്തോടു സഹവസിക്കുകയും ചെയ്യേണ്ടിയിരിക്കുന്നതുപോലെ, അവന്റെ പരിശുദ്ധാത്മാവും അഥവാ പ്രവർത്തനനിരതമായ ശക്തിയും നമുക്ക് ആവശ്യമാണ്. എന്നാൽ പരിശുദ്ധാത്മാവു ലഭിക്കുന്നതിനു നാം അതിനുവേണ്ടി പ്രാർഥിക്കേണ്ടതാണ്.
2. (എ) പ്രാർഥന എന്താണ്? (ബി) പ്രാർഥനയുടെ വിവിധ രൂപങ്ങളേവ? (സി) പ്രാർഥന പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
2 പ്രാർഥന ദൈവത്തോടുളള ആദരപൂർവകമായ സംസാരമാണ്. അതു ദൈവത്തോടു കാര്യങ്ങൾ ചോദിക്കുന്നതുപോലെ ഒരു അപേക്ഷയുടെ രൂപത്തിലായിരിക്കാവുന്നതാണ്. എന്നാൽ പ്രാർഥന ദൈവത്തോടുളള ഒരു നന്ദിപ്രകടനമോ സ്തുതിയോ കൂടെ ആയിരിക്കാവുന്നതാണ്. (1 ദിനവൃത്താന്തം 29:10-13) നമ്മുടെ സ്വർഗീയപിതാവിനോട് ഒരു നല്ല ബന്ധം പുലർത്തുന്നതിനു നാം പ്രാർഥനയിൽ അവനോടു ക്രമമായി സംസാരിക്കേണ്ടതാണ്. (റോമർ 12:12; എഫേസ്യർ 6:18) നാം ചോദിക്കുന്നതിനാൽ ലഭിക്കുന്ന അവന്റെ പ്രവർത്തനനിരതമായ ശക്തിക്കു സാത്താനോ അവന്റെ ലോകമോ നമ്മുടെമേൽ വരുത്തിയേക്കാവുന്ന ഏത് അനർഥങ്ങളോ പരീക്ഷകളോ ഗണ്യമാക്കാതെ അവന്റെ ഇഷ്ടം ചെയ്യാൻ നമ്മെ ശക്തീകരിക്കാൻ കഴിയും.—1 കൊരിന്ത്യർ 10:13; എഫേസ്യർ 3:20.
3. (എ) നമുക്കു ദൈവത്തിൽനിന്ന് എന്തു ശക്തി സ്വീകരിക്കാൻ കഴിയും? (ബി) നമുക്കു ദൈവവുമായി എങ്ങനെ മാത്രമേ ഒരു നല്ല ബന്ധം നിലനിർത്താൻ കഴിയൂ?
3 നിങ്ങൾ ദൈവത്തിനു പ്രസാദകരമല്ലാത്ത ഏതെങ്കിലും ശീലമോ ആചാരമോ ഒഴിവാക്കുന്നതിന് ഒരു യഥാർഥ പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയായിരിക്കാം. അങ്ങനെയെങ്കിൽ യഹോവയുടെ സഹായം തേടുക. പ്രാർഥനയിൽ അവനിലേക്കു തിരിയുക. അപ്പോസ്തലനായ പൗലോസ് അതു ചെയ്തു. അവൻ എഴുതി: “എനിക്കു ബലം നൽകുന്നവൻ ഹേതുവായി എല്ലാററിനും എനിക്കു ശക്തിയുണ്ട്.” (ഫിലിപ്യർ 4:13; സങ്കീർത്തനം 55:22; 121:1, 2) ദുർമാർഗത്തിൽനിന്നു വിട്ടുമാറിയ ഒരു സ്ത്രീ ഇങ്ങനെ പറഞ്ഞു: “ആ സാഹചര്യത്തിൽനിന്നു പുറത്തുവരാൻ നിങ്ങളെ സഹായിക്കുന്നതിനു ശക്തിയുളളവൻ അവൻ മാത്രമാണ്. നിങ്ങൾക്കു യഹോവയുമായി ആ വ്യക്തിപരമായ ബന്ധം ഉണ്ടായിരിക്കണം, ആ വ്യക്തിപരമായ ബന്ധം നിലനിർത്താനുളള ഏക മാർഗം പ്രാർഥനയാണ്.”
4. ഒരു മനുഷ്യനു പുകവലിശീലത്തിൽനിന്നു വിട്ടുമാറുന്നതിന് എങ്ങനെ ശക്തി കിട്ടി?
4 എന്നിരുന്നാലും, ഒരു വ്യക്തി ഇങ്ങനെ പറഞ്ഞേക്കാം: ‘ഞാൻ പല പ്രാവശ്യം ദൈവസഹായത്തിനായി പ്രാർഥിച്ചിട്ടുണ്ട്, എന്നിട്ടും എനിക്കു തെററുചെയ്യാതിരിക്കാൻ കഴിയുന്നില്ല.’ പുകവലിക്കുന്നവർ ഇങ്ങനെ പറഞ്ഞിട്ടുണ്ട്. അങ്ങനെയുളള ഒരു മനുഷ്യനോട്: “നിങ്ങൾ എപ്പോഴാണു പ്രാർഥിക്കുന്ന”തെന്നു ചോദിച്ചപ്പോൾ, “സന്ധ്യക്കു കിടക്കുന്നതിനുമുമ്പും രാവിലെ എഴുന്നേൽക്കുമ്പോഴും ഞാൻ ദുർബലനായി ഒരു പുക വിട്ടശേഷവും ഞാൻ ചെയ്തുപോയതിൽ എനിക്കു സങ്കടമുണ്ട് എന്നു ഞാൻ യഹോവയോടു പറയുന്നു” എന്ന് അയാൾ ഉത്തരം പറഞ്ഞു. “നിങ്ങൾക്കു യഥാർഥത്തിൽ ദൈവസഹായം ആവശ്യമുളളതു നിങ്ങൾ ഒന്നു വലിക്കാൻ വേണ്ടി കൈ നീട്ടുമ്പോഴാണ്, അല്ലേ? നിങ്ങളെ ശക്തീകരിക്കാൻ ആ സമയത്താണു നിങ്ങൾ യഹോവയോടു പ്രാർഥിക്കേണ്ടത്” എന്ന് അയാളുടെ സ്നേഹിതൻ പറഞ്ഞു. ആ മനുഷ്യൻ അങ്ങനെ ചെയ്തപ്പോൾ പുകവലി നിർത്താൻ അയാൾക്കു സഹായം ലഭിച്ചു.
5. (എ) ദൈവത്തെ ഉചിതമായി സേവിക്കുന്നതിന് എന്ത് ആവശ്യമാണ്? (ബി) പാപപൂർണമായ പ്രവർത്തനത്തിൽനിന്നു പിൻമാറുമ്പോൾ മിക്കപ്പോഴും കഷ്ടപ്പാട് ഉൾപ്പെട്ടിരിക്കുന്നുവെന്നു സൂചിപ്പിക്കുന്നതെന്ത്?
5 ദൈവത്തോടുളള പ്രാർഥനയും അതോടൊപ്പം അവന്റെ വചനത്തിന്റെ പഠനവും അവന്റെ ദൃശ്യസ്ഥാപനത്തോടുളള സഹവാസവും ശരി ചെയ്യുന്നതു നിങ്ങൾക്ക് എളുപ്പമാക്കിത്തീർക്കുമെന്നല്ല പറയുന്നത്. അതിനു പിന്നെയും ശ്രമം ആവശ്യമാണ്. അതെ, കഠിനപോരാട്ടംതന്നെ ആവശ്യമാണ്. അതിൽ കഷ്ടാനുഭവംപോലും ഉൾപ്പെട്ടിരിക്കാം. (1 കൊരിന്ത്യർ 9:27) ദുശ്ശീലങ്ങൾ തിൻമയോടുളള ഒരു കലശലായ ആശയിൽ കലാശിച്ചേക്കാം. അതുകൊണ്ട് ഒരു വ്യക്തി പാപപൂർണമായ പ്രവൃത്തിയിൽനിന്നു പിൻമാറുമ്പോൾ സാധാരണയായി കഷ്ടാനുഭവം ഉണ്ടാകുന്നു. ശരി ചെയ്യുന്നതിനു കഷ്ടപ്പെടാൻ നിങ്ങൾ സന്നദ്ധനാണോ?—1 പത്രോസ് 2:20, 21.
ദൈവം കേൾക്കുന്ന പ്രാർഥനകൾ
6. (എ) പ്രാർഥിക്കുന്നതു പ്രയാസമാണെന്ന് അനേകർ കണ്ടെത്തുന്നതെന്തുകൊണ്ട്? (ബി) നമ്മുടെ പ്രാർഥനകൾ കേൾക്കപ്പെടുന്നതിനു നമുക്ക് ആവശ്യമായിരിക്കുന്നതെന്ത്?
6 പലരും പ്രാർഥിക്കുക പ്രയാസമാണെന്നു കണ്ടെത്തുന്നു. “എനിക്കു കാണാൻ കഴിയാത്ത ഒരാളോട് പ്രാർഥിക്കുന്നതിന് എനിക്കു ബുദ്ധിമുട്ടുണ്ട്” എന്ന് ഒരു യുവതി ഏററുപറഞ്ഞു. യാതൊരു മനുഷ്യനും ദൈവത്തെ കണ്ടിട്ടില്ലാത്തതുകൊണ്ട് പ്രാർഥിക്കുന്നതിനും ദൈവം അതു കേൾക്കുന്നതിനും നമുക്കു വിശ്വാസം ആവശ്യമാണ്. യഹോവ യഥാർഥത്തിൽ സ്ഥിതിചെയ്യുന്നുവെന്നും നാം ചോദിക്കുന്നതു ചെയ്തുതരാൻ അവനു കഴിയുമെന്നും നാം വിശ്വസിക്കേണ്ടതുണ്ട്. (എബ്രായർ 11:6) നമുക്ക് അത്തരം വിശ്വാസമുണ്ടെങ്കിൽ, നാം ആത്മാർഥഹൃദയത്തോടെ ദൈവത്തെ സമീപിക്കുന്നുവെങ്കിൽ, അവൻ നമ്മെ സഹായിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. (മർക്കോസ് 9:23) അങ്ങനെ, റോമൻ സൈനികോദ്യോഗസ്ഥനായിരുന്ന കോർന്നേലിയോസ് ദൈവസ്ഥാപനത്തിന്റെ ഒരു ഭാഗമായിരുന്നില്ലെങ്കിലും അയാൾ മാർഗനിർദേശത്തിനായി ആത്മാർഥമായി പ്രാർഥിച്ചപ്പോൾ ദൈവം അയാളുടെ പ്രാർഥനയ്ക്ക് ഉത്തരമരുളി.—പ്രവൃത്തികൾ 10:30-33.
7. (എ) ഏതുതരം പ്രാർഥനകളാണു ദൈവത്തിനു പ്രസാദകരം? (ബി) ഏതുതരം പ്രാർഥനകൾ ദൈവം ശ്രദ്ധിക്കുകയില്ല?
7 ചിലർക്ക് ആശയപ്രകടനം നടത്തുന്നതിനു പ്രയാസമുണ്ട്. എന്നിരുന്നാലും, ഇതു പ്രാർഥനയിൽ ദൈവത്തോടു സംസാരിക്കുന്നതിൽനിന്ന് അവരെ തടയരുത്. അവൻ നമ്മുടെ ആവശ്യങ്ങൾ അറിയുന്നുവെന്നും നാം പറയാനാഗ്രഹിക്കുന്നത് അവനു മനസ്സിലാകുമെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. (മത്തായി 6:8) ചിന്തിക്കുക: ഒരു കുട്ടിയിൽനിന്ന് ഏതുതരം സംസാരമാണു നിങ്ങൾ ഏററവുമധികം വിലമതിക്കുന്നത്—ആത്മാർഥമായ നന്ദിപ്രകടനമോ, ആരെങ്കിലും പറഞ്ഞു പറയിക്കുന്ന പ്രത്യേക വാക്കുകളോ? അതുപോലെ സ്വർഗസ്ഥനായ നമ്മുടെ പിതാവു നമ്മിൽനിന്നുളള ആത്മാർഥവും ലളിതവുമായ ആശയപ്രകടനങ്ങളെ വിലമതിക്കുന്നു. (യാക്കോബ് 4:6; ലൂക്കോസ് 18:9-14) പ്രത്യേക വാക്കുകളോ മതപരമായ ഭാഷയോ ആവശ്യമായിരിക്കുന്നില്ല. മററുളളവരെ ബോധ്യപ്പെടുത്താൻ അസാധാരണമോ ശബ്ദഗംഭീരമോ ആയ ഭാഷയിൽ പ്രാർഥിക്കുന്നവരെ അല്ലെങ്കിൽ ആത്മാർഥതയില്ലാത്ത വിധത്തിൽ ഒരേകാര്യങ്ങൾ വീണ്ടും വീണ്ടും പറയുന്നവരെ അവൻ ശ്രദ്ധിക്കുകപോലുമില്ല.—മത്തായി 6:5, 7.
8. (എ) മൗനപ്രാർഥനകൾ ദൈവത്തിനു കേൾക്കാൻ കഴിയുമെന്നു പ്രകടമാക്കുന്നതെന്ത്? (ബി) നാം ഏതെങ്കിലും പ്രത്യേകനിലയിലോ സ്ഥലത്തോ പ്രാർഥിക്കേണ്ടതാണെന്നു ബൈബിൾ സൂചിപ്പിക്കുന്നുണ്ടോ?
8 നിങ്ങൾ മൗനമായി പ്രാർഥിക്കുമ്പോൾപോലും ദൈവത്തിനു കേൾക്കാൻ കഴിയും. നെഹെമ്യാവ് അങ്ങനെ ചെയ്തപ്പോൾ ദൈവം അവന്റെ ആത്മാർഥമായ അപേക്ഷ അനുസരിച്ചു പ്രവർത്തിച്ചു. ഹന്നായുടെ കാര്യത്തിലും അങ്ങനെ ചെയ്തു. (നെഹെമ്യാവ് 2:4-8; 1 ശമുവേൽ 1:11-13, 19, 20) പ്രാർഥിക്കുന്ന സമയത്തെ ഒരുവന്റെ ശാരീരികനിലയുമല്ല പ്രധാനസംഗതി. നിങ്ങൾക്ക് ഏതുസ്ഥലത്തും ഏതുസമയത്തും ഏതു നിലയിലും പ്രാർഥിക്കാം. എന്നിരുന്നാലും, തലകുനിച്ചോ മുട്ടുകുത്തിയോ ഉളള വിനയത്തിന്റെ ഒരു നില ഉചിതമാണെന്നു ബൈബിൾ പറയുന്നു. (1 രാജാക്കൻമാർ 8:54; നെഹെമ്യാവ് 8:6; ദാനിയേൽ 6:10; മർക്കോസ് 11:25; യോഹന്നാൻ 11:41) വ്യക്തിപരമായ പ്രാർഥനകൾ മനുഷ്യർ കാണാതെ ഒരു സ്വകാര്യസ്ഥലത്തുവച്ചു നടത്തുന്നതു നല്ലതാണെന്നു യേശു സൂചിപ്പിക്കുകയുണ്ടായി.—മത്തായി 6:6.
9. (എ) നമ്മുടെ പ്രാർഥനകളെല്ലാം ആരോടായിരിക്കണം, എന്തുകൊണ്ട്? (ബി) നമ്മുടെ പ്രാർഥനകൾ ദൈവത്തിനു സ്വീകാര്യമായിരിക്കുന്നതിന് അവ ആരുടെ നാമത്തിൽ അർപ്പിക്കപ്പെടണം?
9 പ്രാർഥന നമ്മുടെ ആരാധനയുടെ ഭാഗമാണ്. ഈ കാരണത്താൽ നമ്മുടെ പ്രാർഥനകൾ നമ്മുടെ സ്രഷ്ടാവായ യഹോവയാം ദൈവത്തോടു മാത്രമായിരിക്കണം, മററാരോടുമായിരിക്കരുത്. (മത്തായി 4:10) ക്രിസ്ത്യാനികൾ യേശു മുഖേന ദൈവത്തെ സമീപിക്കേണ്ടതാണെന്നു ബൈബിൾ പ്രകടമാക്കുന്നു. നമ്മുടെ പാപങ്ങൾ നീക്കിക്കളയാൻ തന്റെ ജീവൻ നൽകിയത് യേശുവാണ്. അതിന്റെ അർഥം നാം യേശുവിന്റെ നാമത്തിൽ പ്രാർഥിക്കണമെന്നാണ്.—യോഹന്നാൻ 14:6, 14; 16:23; എഫേസ്യർ 5:20; 1 യോഹന്നാൻ 2:1, 2.
10. (എ) ആരുടെ പ്രാർഥനകൾ ദൈവത്തിനു പ്രസാദകരമല്ല? (ബി) നമ്മുടെ പ്രാർഥനകൾ ദൈവം കേൾക്കണമെങ്കിൽ നാം ഏത് അടിസ്ഥാനവ്യവസ്ഥ പാലിക്കണം?
10 എന്നിരുന്നാലും, എല്ലാ പ്രാർഥനകളും യഹോവക്കു പ്രസാദകരമാണോ? ബൈബിൾ പറയുന്നു: “നിയമം കേൾക്കാതെ ചെവി തിരിച്ചുകളയുന്നവൻ—അവന്റെ പ്രാർഥനപോലും വെറുപ്പാണ്.” (സദൃശവാക്യങ്ങൾ 28:9; 15:29; യെശയ്യാവ് 1:15) അതുകൊണ്ട് ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കണമെന്നു നാം ആഗ്രഹിക്കുന്നുവെങ്കിൽ, അടിസ്ഥാനപരമായ ഒരു വ്യവസ്ഥ നാം അവന്റെ ഇഷ്ടം ചെയ്യണം, അവന്റെ നിയമങ്ങൾ അനുസരിക്കണം എന്നുളളതാണ്. അതല്ലെങ്കിൽ ദൈവം നമ്മെ ശ്രദ്ധിക്കുകയില്ല, ഒരു നിഷ്ക്കളങ്കനായ ആൾ താൻ അസാൻമാർഗികമെന്നു കരുതുന്ന ഒരു റേഡിയോ പരിപാടി ശ്രദ്ധിക്കുകയില്ലാത്തതുപോലെതന്നെ. ബൈബിൾ പറയുന്നു: “നാം ചോദിക്കുന്ന എന്തും നമുക്ക് അവനിൽനിന്നു കിട്ടുന്നു, എന്തുകൊണ്ടെന്നാൽ നാം അവന്റെ കല്പനകളനുസരിക്കുകയും അവന്റെ ദൃഷ്ടിയിൽ പ്രസാദകരമായ കാര്യങ്ങൾ ചെയ്യുകയും ചെയ്യുന്നു.”—1 യോഹന്നാൻ 3:22.
11. നാം പ്രാർഥിക്കുന്നതിനുവേണ്ടി പ്രവർത്തിക്കണമെന്നുളളതിന്റെ അർഥമെന്ത്?
11 അതിന്റെ അർഥം നാം പ്രാർഥിക്കുന്നതിനുവേണ്ടി പ്രവർത്തിക്കണമെന്നാണ്. ദൃഷ്ടാന്തമായി, ഒരുവൻ പുകയിലയോ കഞ്ചാവോ ഉപയോഗിക്കുന്നതു നിർത്താൻ ദൈവത്തോടു സഹായം അഭ്യർഥിക്കുന്നതും അനന്തരം പോയി അവ വാങ്ങുന്നതും തെററായിരിക്കും. അയാൾക്കു ദുർമാർഗം ഒഴിവാക്കാൻ തന്നെ സഹായിക്കുന്നതിനു യഹോവയോട് അപേക്ഷിക്കാനും അനന്തരം ദുർമാർഗത്തെ വിശേഷിപ്പിക്കുന്ന സാഹിത്യം വായിക്കാനും ചലച്ചിത്രങ്ങളും ടെലിവിഷൻ പരിപാടികളും കാണാനും പാടുളളതല്ല. അല്ലെങ്കിൽ ചൂതാട്ടമാണ് ഒരു വ്യക്തിയുടെ ദൗർബല്യമെങ്കിൽ അതു നിർത്താൻ തന്നെ സഹായിക്കുന്നതിനു ദൈവത്തോടു പ്രാർഥിക്കാനും അനന്തരം കുതിരപ്പന്തയംനടക്കുന്ന സ്ഥലങ്ങളിലും ചൂതാട്ടംനടക്കുന്ന മററു സ്ഥലങ്ങളിലും സന്ദർശിക്കാനും പാടില്ല. നമ്മുടെ പ്രാർഥനകൾ ദൈവം കേൾക്കണമെങ്കിൽ, നാം പറയുന്നതു യഥാർഥത്തിൽ അർഥമാക്കുന്നുണ്ടെന്നു നമ്മുടെ പ്രവൃത്തികളാൽ നാം അവനു കാണിച്ചുകൊടുക്കേണ്ടതാണ്.
12. (എ) നമുക്കു പ്രാർഥനയിൽ ഉൾപ്പെടുത്താൻകഴിയുന്ന കാര്യങ്ങളേവ? (ബി) നമ്മുടെ പ്രാർഥനകൾ ദൈവത്തിനു പ്രസാദകരമായിരിക്കുന്നതിനു നാം എന്തു പഠിക്കേണ്ടതാണ്?
12 അപ്പോൾ യഹോവയോടുളള നമ്മുടെ പ്രാർഥനയിൽ നമുക്ക് ഉൾപ്പെടുത്താൻ കഴിയുന്ന വ്യക്തിപരമായ കാര്യങ്ങൾ എന്തൊക്കെയാണ്? യഥാർഥത്തിൽ ദൈവത്തോടുളള നമ്മുടെ ബന്ധത്തെ ബാധിക്കുന്ന എന്തും പ്രാർഥനയ്ക്ക് ഉചിതമായ വിഷയമാണ്. അവയിൽ നമ്മുടെ ശാരീരികാരോഗ്യവും മക്കളെ വളർത്തലും ഉൾപ്പെടുന്നു. (2 രാജാക്കൻമാർ 20:1-3; ന്യായാധിപൻമാർ 13:8) “നാം അവന്റെ ഇഷ്ടപ്രകാരം എന്തു ചോദിച്ചാലും അവൻ നമ്മെ കേൾക്കുന്നു” എന്ന് അപ്പോസ്തലനായ യോഹന്നാൻ എഴുതി. (1 യോഹന്നാൻ 5:14) അതുകൊണ്ട് പ്രധാന സംഗതി നമ്മുടെ അപേക്ഷകൾ ദൈവേഷ്ടത്തിന് അനുയോജ്യമായിരിക്കുക എന്നതാണ്. അതിന്റെ അർഥം നാം ആദ്യം അവന്റെ ഇഷ്ടം എന്തെന്നു പഠിക്കേണ്ട ആവശ്യമുണ്ടെന്നാണ്. (സദൃശവാക്യങ്ങൾ 3:5, 6) അനന്തരം പ്രാർഥിക്കുമ്പോൾ നമ്മുടെ വ്യക്തിപരമായ താല്പര്യങ്ങളിൽ മാത്രം ശ്രദ്ധാലുക്കളായിരിക്കാതെ, ദൈവത്തിന്റെ ഇഷ്ടത്തെയും ഉദ്ദേശ്യത്തെയും നാം പരിഗണിക്കുന്നുവെങ്കിൽ, നമ്മുടെ പ്രാർഥനകൾ യഹോവക്കു സ്വീകാര്യമായിരിക്കും. യഹോവ നൽകുന്ന നല്ല വസ്തുക്കൾക്കുവേണ്ടി ദിവസവും അവനു നന്ദികൊടുക്കുന്നത് ഉചിതമാണ്.—യോഹന്നാൻ 6:11, 23; പ്രവൃത്തികൾ 14:16, 17.
13. (എ) നമ്മുടെ പ്രാർഥനകളിൽ പ്രഥമതാല്പര്യമുളള കാര്യങ്ങൾ എന്തായിരിക്കണമെന്നു യേശു പ്രകടമാക്കിയതെങ്ങനെ? (ബി) നാം പ്രാർഥിക്കേണ്ട രണ്ടാമത്തെ പ്രധാന കാര്യങ്ങൾ ഏവ?
13 ദൈവം സ്വീകരിക്കുന്നതരം പ്രാർഥന സംബന്ധിച്ചു തന്റെ അനുഗാമികളെ നയിക്കാൻ യേശു അവർക്ക് ഒരു മാതൃകാപ്രാർഥന നൽകി. (മത്തായി 6:9-13) ദൈവത്തിന്റെ നാമവും അവന്റെ രാജ്യവും ഭൂമിയിൽ അവന്റെ ഇഷ്ടം ചെയ്യുന്നതുമാണ് ഒന്നാമതുവരുന്നതെന്ന് ഈ പ്രാർഥന പ്രകടമാക്കുന്നു. അടുത്തതായി നമുക്കു നമ്മുടെ ദൈനംദിന ആഹാരം, പാപങ്ങളുടെ മോചനം, പരീക്ഷയിൽനിന്നും പിശാചായ സാത്താനെന്ന ദുഷ്ടനിൽനിന്നുമുളള വിടുതൽ എന്നിങ്ങനെ നമ്മുടെ വ്യക്തിപരമായ ആവശ്യങ്ങൾ ചോദിക്കാവുന്നതാണ്.
മററുളളവരെ സഹായിക്കാൻ പ്രാർഥനകൾ
14. മററുളളവർക്കുവേണ്ടി പ്രാർഥിക്കുന്നതിന്റെ പ്രാധാന്യം ബൈബിൾ പ്രകടമാക്കുന്നതെങ്ങനെ?
14 യേശു തന്റെ ദൃഷ്ടാന്തത്താൽ മററുളളവർക്കുവേണ്ടി പ്രാർഥിക്കുന്നതിന്റെ പ്രാധാന്യം പ്രകടമാക്കി. (ലൂക്കോസ് 22:32; 23:34; യോഹന്നാൻ 17:20) അപ്പോസ്തലനായ പൗലോസ് അത്തരം പ്രാർഥനകളുടെ മൂല്യം അറിഞ്ഞുകൊണ്ടു മിക്കപ്പോഴും തനിക്കുവേണ്ടി പ്രാർഥിക്കാൻ മററുളളവരോട് അപേക്ഷിച്ചു. (1 തെസ്സലോനീക്യർ 5:25; 2 തെസ്സലോനീക്യർ 3:1; റോമർ 15:30) അവൻ ജയിലിലായിരുന്നപ്പോൾ ഇങ്ങനെ എഴുതി: “നിങ്ങളുടെ പ്രാർഥനയാൽ ഞാൻ സ്വതന്ത്രനാക്കപ്പെടുമെന്നു ഞാൻ പ്രത്യാശിക്കുകയാണ്.” (ഫിലേമോൻ 22; എഫേസ്യർ 6:18-20) പിന്നീടു താമസിയാതെ പൗലോസ് തടവിൽനിന്നു വിമുക്തനായെന്നുളള വസ്തുത അവനുവേണ്ടിയുളള പ്രാർഥനയുടെ പ്രയോജനത്തെ സൂചിപ്പിക്കുന്നു.
15. നാം സ്നേഹിക്കുന്ന ആളുകളെ സംബന്ധിച്ചു നമുക്ക് ഏതുതരം അപേക്ഷകൾ നടത്താവുന്നതാണ്?
15 പൗലോസും മററുളളവർക്കുവേണ്ടി സഹായകമായ പ്രാർഥനകൾ നടത്തിയിട്ടുണ്ട്. “നമ്മുടെ ദൈവം നിങ്ങളെ തന്റെ വിളിക്കു യോഗ്യരായി എണ്ണേണ്ടതിനു ഞങ്ങൾ എല്ലായ്പ്പോഴും ദൈവത്തോടു പ്രാർഥിക്കുന്നു” എന്ന് അവൻ എഴുതി. (2 തെസ്സലോനീക്യർ 1:11) മറെറാരു സഭയോട് അവൻ ഇങ്ങനെ വിശദീകരിച്ചു: “നിങ്ങൾ യാതൊരു തെററും ചെയ്യാതിരിക്കേണ്ടതിന് . . . എന്നാൽ നിങ്ങൾ നൻമ ചെയ്തുകൊണ്ടിരിക്കേണ്ടതിനു ഞങ്ങൾ ദൈവത്തോടു പ്രാർഥിക്കുന്നു.” (2 കൊരിന്ത്യർ 13:7) തീർച്ചയായും പൗലോസിന്റെ ദൃഷ്ടാന്തം പിന്തുടരുന്നതും നാം സ്നേഹിക്കുന്ന ആളുകൾക്കുവേണ്ടി പ്രത്യേക അപേക്ഷകൾ കഴിക്കുന്നതും നല്ലതാണ്. തീർച്ചയായും, “ഒരു നീതിമാനായ മമനുഷ്യന്റെ അഭ്യർഥനയ്ക്ക് [ആത്മാർഥമായ അപേക്ഷയ്ക്ക്] അതു പ്രവർത്തനത്തിലിരിക്കുമ്പോൾ, വളരെ ശക്തിയുണ്ട്.”—യാക്കോബ് 5:13-16.
16. (എ) ആവശ്യമായ സഹായം നേടുന്നതിനു നാം എപ്പോൾ പ്രാർഥിക്കേണ്ടതാണ്? (ബി) പ്രാർഥന വളരെ വലിയ പദവി ആയിരിക്കുന്നതെന്തുകൊണ്ട്?
16 ഒരു ബൈബിളധ്യയനം നടത്തുമ്പോൾ ഒരു ശുശ്രൂഷകൻ മിക്കപ്പോഴും ചോദിക്കുന്നു: “നിങ്ങളുടെ വാരംതോറുമുളള ബൈബിളധ്യയനത്തിന്റെ സന്ദർഭത്തിലല്ലാതെ മററു സമയങ്ങളിലും നിങ്ങൾ പ്രാർഥിക്കുന്നുണ്ടോ?” നമുക്കാവശ്യമായ സഹായം നേടുന്നതിനു നാം മിക്കപ്പോഴും പ്രാർഥനയിൽ ദൈവത്തോടു സംസാരിക്കേണ്ടതാണ്. (1 തെസ്സലോനീക്യർ 5:17; ലൂക്കോസ് 18:1-8) പ്രിയപ്പെട്ടവനും വിശ്വസ്തനുമായ ഒരു സുഹൃത്തിനോടെന്നപോലെ അവനോടു വിനീതമായി സംസാരിക്കാൻ പഠിക്കുക. വാസ്തവത്തിൽ മുഴുപ്രപഞ്ചത്തിന്റെയും മഹത്വമുളള ഭരണാധികാരിയോട്, പ്രാർഥന കേൾക്കുന്നവനോട്, പ്രാർഥിക്കാൻ കഴിയുന്നതും അവൻ നിങ്ങളെ കേൾക്കുന്നുവെന്നറിയുന്നതും എത്ര വിശിഷ്ടമായ പദവിയാണ്!—സങ്കീർത്തനം 65:2.
[227-ാം പേജിലെ ചതുരം]
പുകവലിക്കാൻ പ്രലോഭനമുണ്ടാകുമ്പോൾ ഒരാൾ എന്തു ചെയ്യണം—സഹായത്തിനായി പ്രാർഥിക്കുകയോ വഴങ്ങുകയോ?
[229-ാം പേജിലെ ചതുരം]
നിങ്ങൾ സഹായത്തിനായി പ്രാർഥിക്കുകയും അനന്തരം ദുഷ്പ്രവൃത്തിയിലേക്കു നയിക്കാവുന്ന പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്യുന്നുവോ?
[230-ാം പേജിലെ ചതുരം]
നിങ്ങൾ സ്വകാര്യമായി പ്രാർഥിക്കുന്നുവോ അതോ മററുളളവരോടുകൂടെ മാത്രമാണോ?