പാഠം 7
പ്രാർഥനയിൽ ദൈവത്തോട് അടുക്കൽ
പതിവായി പ്രാർഥിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (1)
നമ്മൾ ആരോടു പ്രാർഥിക്കണം, എങ്ങനെ? (2, 3)
പ്രാർഥനക്കുളള ഉചിതമായ വിഷയങ്ങൾ ഏവ? (4)
നിങ്ങൾ എപ്പോൾ പ്രാർഥിക്കണം? (5, 6)
ദൈവം എല്ലാ പ്രാർഥനകളും ശ്രദ്ധിക്കുന്നുണ്ടോ? (7)
1. ദൈവത്തോടു താഴ്മയോടെ സംസാരിക്കുന്നതാണു പ്രാർഥന. നിങ്ങൾ പതിവായി ദൈവത്തോടു പ്രാർഥിക്കണം. അങ്ങനെ നിങ്ങൾക്ക് ഒരു പ്രിയ സുഹൃത്തിനോടെന്നപോലെ അവനോട് അടുപ്പം തോന്നാൻ കഴിയും. യഹോവ വളരെ വലിയവനും ശക്തനുമാണ്, എന്നാലും അവൻ നമ്മുടെ പ്രാർഥനകൾ ശ്രദ്ധിക്കുന്നു! നിങ്ങൾ ദൈവത്തോടു പതിവായി പ്രാർഥിക്കുന്നുണ്ടോ?—സങ്കീർത്തനം 65:2; 1 തെസ്സലൊനീക്യർ 5:17.
2. പ്രാർഥന നമ്മുടെ ആരാധനയുടെ ഭാഗമാണ്. അതുകൊണ്ട്, നാം യഹോവയാം ദൈവത്തോടു മാത്രമേ പ്രാർഥിക്കാവൂ. യേശു ഭൂമിയിലായിരുന്നപ്പോൾ, അവൻ എല്ലായ്പോഴും തന്റെ പിതാവിനോടു പ്രാർഥിച്ചു, മററാരോടുമല്ലായിരുന്നു. നമ്മളും അങ്ങനെതന്നെ ചെയ്യണം. (മത്തായി 4:10; 6:9) എന്നിരുന്നാലും, നമ്മുടെ പ്രാർഥനകളെല്ലാം യേശുവിന്റെ നാമത്തിൽ ആയിരിക്കണം. അതു നാം യേശുവിന്റെ സ്ഥാനത്തെ ആദരിക്കുന്നുവെന്നും നമുക്ക് അവന്റെ മറുവിലയാഗത്തിൽ വിശ്വാസമുണ്ടെന്നും പ്രകടമാക്കുന്നു.—യോഹന്നാൻ 14:6; 1 യോഹന്നാൻ 2:1, 2.
3. നാം പ്രാർഥിക്കുമ്പോൾ നമ്മുടെ ഹൃദയത്തിൽനിന്നു ദൈവത്തോടു സംസാരിക്കണം. നാം ഓർമയിൽനിന്നു പ്രാർഥിക്കുകയോ ഒരു പ്രാർഥനപ്പുസ്തകത്തിൽനിന്നു പ്രാർഥനകൾ വായിക്കുകയോ ചെയ്യരുത്. (മത്തായി 6:7, 8) നമുക്ക് ഏതു മാന്യമായ നില സ്വീകരിച്ചും ഏതു സമയത്തും ഏതു സ്ഥലത്തും പ്രാർഥിക്കാവുന്നതാണ്. നമ്മുടെ ഹൃദയത്തിൽ പറയുന്ന മൗനപ്രാർഥനകൾ പോലും ദൈവത്തിനു കേൾക്കാൻ കഴിയും. (1 ശമൂവേൽ 1:12, 13) നമ്മുടെ വ്യക്തിപരമായ പ്രാർഥന നടത്തുന്നതിനു മററുളളവരിൽനിന്ന് അകന്ന് ഒരു പ്രശാന്തമായ സ്ഥലം കണ്ടുപിടിക്കുന്നതു നല്ലതാണ്.—മർക്കൊസ് 1:35.
4. നിങ്ങൾക്ക് ഏതു വിഷയങ്ങളെക്കുറിച്ചു പ്രാർഥിക്കാം? ദൈവത്തോടുളള നിങ്ങളുടെ സുഹൃദ്ബന്ധത്തെ ബാധിച്ചേക്കാവുന്ന എന്തിനെക്കുറിച്ചും. (ഫിലിപ്പിയർ 4:6, 7) നാം യഹോവയുടെ നാമത്തെക്കുറിച്ചും ഉദ്ദേശ്യത്തെക്കുറിച്ചും പ്രാർഥിക്കണമെന്നു മാതൃകാപ്രാർഥന പ്രകടമാക്കുന്നു. നമ്മുടെ ഭൗതികാവശ്യങ്ങൾ സാധിച്ചുതരാൻവേണ്ടിയും നമ്മുടെ പാപങ്ങൾ മോചിക്കുന്നതിനുവേണ്ടിയും പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാനുളള സഹായത്തിനുവേണ്ടിയും നമുക്ക് അപേക്ഷിക്കാവുന്നതാണ്. (മത്തായി 6:9-13) നമ്മുടെ പ്രാർഥനകൾ സ്വാർഥപരമായിരിക്കരുത്. ദൈവത്തിന്റെ ഇഷ്ടത്തിന് അനുയോജ്യമായ കാര്യങ്ങൾക്കുവേണ്ടി മാത്രമേ നാം പ്രാർഥിക്കാവൂ.—1 യോഹന്നാൻ 5:14.
5. ദൈവത്തിനു നന്ദിയോ സ്തുതിയോ കൊടുക്കാൻ നിങ്ങളുടെ ഹൃദയം നിങ്ങളെ പ്രേരിപ്പിക്കുമ്പോഴെല്ലാം നിങ്ങൾക്കു പ്രാർഥിക്കാവുന്നതാണ്. (1 ദിനവൃത്താന്തം 29:10-13) നിങ്ങൾക്കു പ്രശ്നങ്ങൾ ഉളളപ്പോഴും നിങ്ങളുടെ വിശ്വാസം പരിശോധിക്കപ്പെടുമ്പോഴും നിങ്ങൾ പ്രാർഥിക്കണം. (സങ്കീർത്തനം 55:22; 120:1) നിങ്ങൾ ഭക്ഷണം കഴിക്കുന്നതിനു മുമ്പു പ്രാർഥിക്കുന്നത് ഉചിതമാണ്. (മത്തായി 14:19) “ഏതു നേരത്തും” പ്രാർഥിക്കാൻ യഹോവ നമ്മെ ക്ഷണിക്കുന്നു.—എഫെസ്യർ 6:18.
6. നാം ഗൗരവമായ ഒരു പാപം ചെയ്തിരിക്കുന്നുവെങ്കിൽ നാം പ്രത്യേകിച്ചും പ്രാർഥിക്കേണ്ടതുണ്ട്. അങ്ങനെയുളള സമയങ്ങളിൽ നാം യഹോവയുടെ കരുണയ്ക്കും ക്ഷമയ്ക്കും വേണ്ടി യാചിക്കണം. നാം നമ്മുടെ പാപങ്ങൾ അവനോട് ഏററുപറയുകയും അവ ആവർത്തിക്കാതിരിക്കാൻ നമ്മുടെ പരമാവധി ശ്രമിക്കയുമാണെങ്കിൽ ദൈവം ‘ക്ഷമിക്കാൻ ഒരുക്കമുളളവൻ’ ആണ്.—സങ്കീർത്തനം 86:5, NW; സദൃശവാക്യങ്ങൾ 28:13.
7. നീതിമാൻമാരുടെ പ്രാർഥനകൾ മാത്രമേ യഹോവ ശ്രദ്ധിക്കുന്നുളളു. ദൈവം നിങ്ങളുടെ പ്രാർഥനകൾ കേൾക്കണമെങ്കിൽ, നിങ്ങൾ അവന്റെ നിയമങ്ങളനുസരിച്ചു ജീവിക്കാൻ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കണം. (സദൃശവാക്യങ്ങൾ 15:29; 28:9) പ്രാർഥിക്കുമ്പോൾ നിങ്ങൾ താഴ്മയുളളവരായിരിക്കണം. (ലൂക്കൊസ് 18:9-14) നിങ്ങൾ എന്തിനുവേണ്ടി പ്രാർഥിക്കുന്നുവോ അതിനുവേണ്ടി പ്രവർത്തിക്കേണ്ടതുണ്ട്. നിങ്ങൾക്കു വിശ്വാസമുണ്ടെന്നും നിങ്ങൾ പറയുന്നതു യഥാർഥത്തിൽ അർഥമാക്കുന്നുവെന്നും അങ്ങനെ നിങ്ങൾ തെളിയിക്കുന്നതായിരിക്കും. അപ്പോൾ മാത്രമേ യഹോവ നിങ്ങളുടെ പ്രാർഥനകൾക്ക് ഉത്തരം നൽകുകയുളളു.—എബ്രായർ 11:6.