അധ്യായം 30
“സ്നേഹത്തിൽ നടപ്പിൻ”
1-3. സ്നേഹം പ്രകടമാക്കുന്നതിലെ യഹോവയുടെ മാതൃക നാം അനുകരിക്കുമ്പോൾ എന്തു ഫലമുണ്ടാകുന്നു?
“സ്വീകരിക്കുന്നതിൽ ഉള്ളതിനെക്കാൾ സന്തോഷം കൊടുക്കുന്നതിലുണ്ട്.” (പ്രവൃത്തികൾ 20:35, NW) യേശുവിന്റെ ആ വാക്കുകൾ ഈ പ്രധാനപ്പെട്ട സത്യത്തിന് അടിവരയിടുന്നു: നിസ്സ്വാർഥ സ്നേഹം അതിൽത്തന്നെ പ്രതിഫലദായകമാണ്. സ്നേഹം സ്വീകരിക്കുന്നത് വളരെയധികം സന്തോഷം നൽകുമെങ്കിലും മറ്റുള്ളവർക്കു സ്നേഹം കൊടുക്കുന്നത് അല്ലെങ്കിൽ മറ്റുള്ളവരോടു സ്നേഹം പ്രകടമാക്കുന്നത് അതിലും സന്തോഷം കൈവരുത്തും.
2 നമ്മുടെ സ്വർഗീയ പിതാവിനെക്കാൾ മെച്ചമായി മറ്റാരും ഇത് അറിയുന്നില്ല. ഈ ഭാഗത്തിലെ മുൻ അധ്യായങ്ങളിൽ നാം കണ്ടതുപോലെ, യഹോവയാണ് സ്നേഹത്തിന്റെ പരമോന്നത മാതൃക. അവനെക്കാൾ ശ്രേഷ്ഠമായ ഒരു വിധത്തിലോ അല്ലെങ്കിൽ അവൻ പ്രകടമാക്കിയിട്ടുള്ളതിനെക്കാൾ ദീർഘമായ ഒരു കാലഘട്ടത്തേക്കോ മറ്റാരും സ്നേഹം പ്രകടമാക്കിയിട്ടില്ല. അപ്പോൾ യഹോവ “സന്തുഷ്ടനായ ദൈവം” എന്നു വിളിക്കപ്പെടുന്നതിൽ അതിശയിക്കാനുണ്ടോ?—1 തിമൊഥെയൊസ് 1:11, NW.
3 നമ്മുടെ സ്നേഹവാനായ ദൈവം, നാം അവനെപ്പോലെ ആയിരിക്കാൻ ശ്രമിക്കുന്നതിന് ആഗ്രഹിക്കുന്നു, വിശേഷിച്ചു സ്നേഹം പ്രകടമാക്കുന്ന കാര്യത്തിൽ. എഫെസ്യർ 5:1, 2 നമ്മോട് ഇങ്ങനെ പറയുന്നു: “പ്രിയമക്കൾ എന്നപോലെ ദൈവത്തെ അനുകരിപ്പിൻ. . . . സ്നേഹത്തിൽ നടപ്പിൻ.” സ്നേഹം പ്രകടമാക്കുന്നതിൽ നാം യഹോവയുടെ മാതൃക അനുകരിക്കുമ്പോൾ, കൊടുക്കുന്നതിൽനിന്നു സംജാതമാകുന്ന ഏറിയ സന്തുഷ്ടി നാം അനുഭവിക്കുന്നു. നാം യഹോവയ്ക്കു പ്രസാദമുള്ളവരാണെന്ന് അറിയുന്നതിന്റെ സംതൃപ്തിയും നമുക്കുണ്ടായിരിക്കും, എന്തുകൊണ്ടെന്നാൽ ‘അന്യോന്യം സ്നേഹിക്കാൻ’ അവന്റെ വചനം നമ്മെ പ്രോത്സാഹിപ്പിക്കുന്നു. (റോമർ 13:8) എന്നാൽ നാം ‘സ്നേഹത്തിൽ നടക്കുന്നതിന്’ മറ്റു കാരണങ്ങളും ഉണ്ട്.
സ്നേഹം അത്യന്താപേക്ഷിതം ആയിരിക്കുന്നതിന്റെ കാരണം
4, 5. സഹവിശ്വാസികളോട് ആത്മത്യാഗപരമായ സ്നേഹം പ്രകടമാക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
4 നാം സഹവിശ്വാസികളോടു സ്നേഹം കാണിക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? ലളിതമായി പറഞ്ഞാൽ സ്നേഹം സത്യക്രിസ്ത്യാനിത്വത്തിന്റെ കാതലാണ്. സ്നേഹമില്ലെങ്കിൽ നമുക്ക് സഹക്രിസ്ത്യാനികളുമായി ഒരു അടുത്തബന്ധം ഉണ്ടായിരിക്കാൻ കഴിയില്ല. അതിലും പ്രധാനമായി നാം യഹോവയുടെ ദൃഷ്ടിയിൽ യാതൊരു മൂല്യവും ഇല്ലാത്തവരായിരിക്കും. ദൈവവചനം ഈ സത്യങ്ങളെ വിശേഷവത്കരിക്കുന്നത് എങ്ങനെയെന്നു പരിചിന്തിക്കുക.
5 തന്റെ ഭൗമിക ശുശ്രൂഷയുടെ അന്തിമ രാത്രിയിൽ യേശു തന്റെ അനുഗാമികളോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു പുതിയോരു കല്പന ഞാൻ നിങ്ങൾക്കു തരുന്നു; ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്നേഹിക്കേണം എന്നു തന്നേ. നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്നു എല്ലാവരും അറിയും.” (യോഹന്നാൻ 13:34, 35) “ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ” എന്ന് യേശു ഇവിടെ പറയുന്നു. അതേ, യേശു പ്രകടമാക്കിയ തരം സ്നേഹം കാണിക്കാൻ നമ്മോടു കൽപ്പിച്ചിരിക്കുന്നു. മറ്റുള്ളവരുടെ ആവശ്യങ്ങളെയും താത്പര്യങ്ങളെയും തന്റേതിനുപരിയായി കരുതിക്കൊണ്ട് ആത്മത്യാഗപരമായ സ്നേഹം പ്രകടമാക്കുന്നതിൽ യേശു മികച്ച മാതൃക വെച്ചതായി 29-ാം അധ്യായത്തിൽ നാം കണ്ടു. നാമും നിസ്സ്വാർഥ സ്നേഹം പ്രകടമാക്കണം, ക്രിസ്തീയ സഭയ്ക്കു പുറത്തുള്ളവർക്കുപോലും നമ്മുടെ സ്നേഹം പ്രകടമായിരിക്കത്തക്കവണ്ണം അത്ര വ്യക്തമായിട്ടായിരിക്കണം നാം അതു ചെയ്യേണ്ടത്. തീർച്ചയായും, ആത്മത്യാഗപരമായ സഹോദരസ്നേഹമാണ് ക്രിസ്തുവിന്റെ യഥാർഥ അനുഗാമികളായി നമ്മെ തിരിച്ചറിയിക്കുന്ന അടയാളം.
6, 7. (എ) സ്നേഹം പ്രകടമാക്കുന്നതിന് യഹോവയുടെ വചനം ഉയർന്ന മൂല്യം കൽപ്പിക്കുന്നു എന്നു നാം എങ്ങനെ അറിയുന്നു? (ബി) 1 കൊരിന്ത്യർ 13:4-8-ൽ രേഖപ്പെടുത്തിയിരിക്കുന്ന പൗലൊസിന്റെ വാക്കുകൾ സ്നേഹത്തിന്റെ ഏതു വശത്തിന് ഊന്നൽ നൽകുന്നു?
6 നമ്മിൽ സ്നേഹം ഇല്ലെങ്കിലോ? “എനിക്കു സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ” എന്ന് അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു. (1 കൊരിന്ത്യർ 13:1) ചിലമ്പുന്ന കൈത്താളത്തിന്റേത് അസഹ്യമായ ശബ്ദമാണ്. മുഴങ്ങുന്ന ചെമ്പിന്റെ കാര്യമോ? മറ്റു ഭാഷാന്തരങ്ങൾ ഇതിനെ “ശബ്ദായമാനമായ ചേങ്ങില” അല്ലെങ്കിൽ “മുഴങ്ങുന്ന ചേങ്ങില” എന്നൊക്കെ പരിഭാഷപ്പെടുത്തുന്നു. എത്ര ഉചിതമായ ദൃഷ്ടാന്തങ്ങൾ! സ്നേഹശൂന്യനായ ഒരാൾ, ആകർഷിക്കുന്നതിനുപകരം അകറ്റുന്ന, ഉച്ചത്തിലുള്ള കർണകഠോരമായ ശബ്ദം പുറപ്പെടുവിക്കുന്ന, ഒരു സംഗീത ഉപകരണം പോലെയാണ്. അത്തരം ഒരാൾക്ക് മറ്റുള്ളവരുമായി എങ്ങനെ ഒരു അടുത്ത ബന്ധം ആസ്വദിക്കാൻ കഴിയും? പൗലൊസ് ഇങ്ങനെ പറഞ്ഞു: “മലകളെ നീക്കുവാൻതക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല.” (1 കൊരിന്ത്യർ 13:2) ചിന്തിച്ചുനോക്കൂ, സ്നേഹശൂന്യനായ ഒരാൾ ഏതു പ്രവൃത്തികൾ ചെയ്താലും അയാൾ “ഉപയോഗശൂന്യനായ ഏതുമല്ലാത്ത ഒരുവനായിരിക്കും.” (ദി ആംപ്ലിഫൈഡ് ബൈബിൾ) യഹോവയുടെ വചനം സ്നേഹം പ്രകടമാക്കുന്നതിന് ഉയർന്ന മൂല്യം കൽപ്പിക്കുന്നു എന്നു വ്യക്തമല്ലേ?
7 എന്നാൽ മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപെടലുകളിൽ നമുക്ക് എങ്ങനെ ഈ ഗുണം പ്രകടമാക്കാം? ഉത്തരം ലഭിക്കാനായി, 1 കൊരിന്ത്യർ 13:4-8-ൽ കാണുന്ന പൗലൊസിന്റെ വാക്കുകൾ നമുക്കു പരിശോധിക്കാം. നമ്മോടുള്ള ദൈവത്തിന്റെ സ്നേഹത്തിനോ ദൈവത്തോടുള്ള നമ്മുടെ സ്നേഹത്തിനോ അല്ല ഈ വാക്യങ്ങൾ ഊന്നൽ നൽകുന്നത്. പകരം, നാം പരസ്പരം എങ്ങനെ സ്നേഹം പ്രകടമാക്കണം എന്നതിനാണ്. സ്നേഹം എന്തൊക്കെ ചെയ്യുന്നുവെന്നും സ്നേഹം എന്തൊക്കെ ചെയ്യുന്നില്ലെന്നും അവൻ അവിടെ വ്യക്തമാക്കുന്നു.
സ്നേഹം എന്തൊക്കെ ചെയ്യുന്നു?
8. മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപെടലുകളിൽ ദീർഘക്ഷമയ്ക്കു നമ്മെ എങ്ങനെ സഹായിക്കാനാകും?
8 ‘സ്നേഹം ദീർഘമായി ക്ഷമിക്കുന്നു.’ ദീർഘക്ഷമ ഉണ്ടായിരിക്കുക എന്നാൽ മറ്റുള്ളവരുടെ തെറ്റുകളും കുറവുകളും പൊറുത്തുകൊണ്ട് അവരുമായി ഒത്തുപോകുക എന്നാണർഥം. (കൊലൊസ്സ്യർ 3:13) അത്തരം ക്ഷമാശീലം നമുക്ക് ആവശ്യമല്ലേ? നാം യഹോവയെ തോളോടുതോൾ ചേർന്നു സേവിക്കുന്ന അപൂർണ സൃഷ്ടികളാകയാൽ, ചിലപ്പോഴൊക്കെ നമ്മുടെ ക്രിസ്തീയ സഹോദരങ്ങൾ നമ്മെയും നാം അവരെയും അലോസരപ്പെടുത്തിയേക്കാം എന്നു പ്രതീക്ഷിക്കുന്നതു വാസ്തവികം മാത്രമാണ്. മറ്റുള്ളവരുമായുള്ള ഇടപെടലുകളിൽ ഉണ്ടാകുന്ന നിസ്സാര ഉരസ്സലുകളെ സഭയുടെ സമാധാനത്തിനു ഭംഗംവരുത്താതെ തരണംചെയ്യാൻ ക്ഷമാശീലവും സഹിഷ്ണുതയും നമ്മെ സഹായിക്കും.
9. ഏതുവിധങ്ങളിൽ നമുക്കു മറ്റുള്ളവരോടു ദയ കാണിക്കാൻ കഴിയും?
9 ‘സ്നേഹം ദയ കാണിക്കുന്നു.’ സഹായകമായ പ്രവൃത്തികളിലൂടെയും പരിഗണനയോടുകൂടിയ വാക്കുകളിലൂടെയുമാണ് ദയ പ്രകടമാക്കാൻ കഴിയുന്നത്. സ്നേഹം, സഹായം ആവശ്യമുള്ളവരോടു ദയ കാണിക്കാനുള്ള വഴികൾ തേടുന്നു. ഉദാഹരണത്തിന്, ഏകാന്തതയാൽ വീർപ്പുമുട്ടുന്ന പ്രായമേറിയ ഒരു സഹവിശ്വാസിയെ പ്രോത്സാഹിപ്പിക്കാനായി ആരെങ്കിലും അദ്ദേഹത്തെ സന്ദർശിക്കേണ്ടതുണ്ടായിരിക്കാം. ഒറ്റയ്ക്കു കുടുംബം പുലർത്തുന്ന ഒരു മാതാവിനോ കുടുംബാംഗങ്ങൾ ഭിന്ന മതവിശ്വാസങ്ങൾ പുലർത്തുന്ന ഒരു വീട്ടിൽ താമസിക്കുന്ന സഹോദരിക്കോ എന്തെങ്കിലും സഹായം ആവശ്യമായിരിക്കാം. രോഗിയായിരിക്കുന്ന അല്ലെങ്കിൽ എന്തെങ്കിലും അരിഷ്ടതയെ അഭിമുഖീകരിക്കുന്ന ഒരാൾ ഒരു വിശ്വസ്ത സുഹൃത്തിൽനിന്നു ദയാപുരസ്സരമായ വാക്കുകൾ കേൾക്കാൻ ആഗ്രഹിക്കുന്നുണ്ടാകാം. (സദൃശവാക്യങ്ങൾ 12:25; 17:17) ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ദയ കാണിക്കാൻ മുൻകൈ എടുക്കുമ്പോൾ നാം നമ്മുടെ സ്നേഹത്തിന്റെ ആത്മാർഥത പ്രകടമാക്കുകയാണ്.—2 കൊരിന്ത്യർ 8:8.
10. സത്യത്തെ ഉയർത്തിപ്പിടിക്കാനും സത്യം സംസാരിക്കാനും എളുപ്പമല്ലാത്തപ്പോൾ പോലും, അതു ചെയ്യാൻ സ്നേഹം നമ്മെ എങ്ങനെ സഹായിക്കുന്നു?
10 ‘സ്നേഹം സത്യത്തിൽ സന്തോഷിക്കുന്നു.’ മറ്റൊരു ഭാഷാന്തരം “സ്നേഹം . . . സന്തോഷപൂർവം സത്യത്തിന്റെ പക്ഷം പിടിക്കുന്നു” എന്നു പറയുന്നു. സത്യത്തെ ഉയർത്തിപ്പിടിക്കാനും ‘താന്താന്റെ കൂട്ടുകാരനോടു സത്യം സംസാരിക്കാനും’ സ്നേഹം നമ്മെ പ്രേരിപ്പിക്കുന്നു. (സെഖര്യാവു 8:16) ദൃഷ്ടാന്തത്തിന്, നമുക്കു പ്രിയപ്പെട്ട ഒരു വ്യക്തി ഗുരുതരമായ ഒരു പാപത്തിൽ ഉൾപ്പെട്ടിരിക്കുന്നെങ്കിൽ യഹോവയോടും തെറ്റു ചെയ്ത ആളിനോടും ഉള്ള സ്നേഹം, ആ തെറ്റിനെ മറെച്ചുവെക്കാനോ ന്യായീകരിക്കാനോ അതുമല്ലെങ്കിൽ അതു സംബന്ധിച്ചു കളവുപറയാനോ ശ്രമിക്കുന്നതിനു പകരം ദൈവത്തിന്റെ പ്രമാണങ്ങളോടു പറ്റിനിൽക്കാൻ നമ്മെ സഹായിക്കും. അങ്ങനെ ചെയ്യുന്നത് എളുപ്പമല്ല എന്നതു ശരിതന്നെ. എന്നാൽ നമുക്കു പ്രിയപ്പെട്ട ആ വ്യക്തിയുടെ ഉത്തമ താത്പര്യങ്ങൾ മനസ്സിലുണ്ടെങ്കിൽ അയാൾ ദൈവത്തിന്റെ സ്നേഹപൂർവകമായ ശിക്ഷണം സ്വീകരിക്കാനും അതിനു ചെവികൊടുക്കാനും നമ്മൾ ആഗ്രഹിക്കും. (സദൃശവാക്യങ്ങൾ 3:11, 12) സ്നേഹമുള്ള ക്രിസ്ത്യാനികൾ എന്ന നിലയിൽ ‘സകലത്തിലും നല്ലവരായി നടക്കാനും’ നാം ഇച്ഛിക്കുന്നു.—എബ്രായർ 13:18.
11. സ്നേഹം ‘എല്ലാം പൊറുക്കുന്നതു’കൊണ്ടു സഹവിശ്വാസികളുടെ അപൂർണതകൾ സംബന്ധിച്ച് എന്തുചെയ്യാൻ നാം ശ്രമിക്കണം?
11 ‘സ്നേഹം എല്ലാം പൊറുക്കുന്നു.’ ആ പ്രയോഗത്തിന്റെ അക്ഷരാർഥം “എല്ലാം മറയ്ക്കുന്നു” എന്നാണ്. (രാജ്യവരിമധ്യ ഭാഷാന്തരം) “സ്നേഹം പാപങ്ങളുടെ ബഹുത്വത്തെ മറെക്കുന്നു” എന്ന് 1 പത്രൊസ് 4:8 പ്രസ്താവിക്കുന്നു. അതേ, സ്നേഹമുള്ള ഒരു ക്രിസ്ത്യാനി തന്റെ ക്രിസ്തീയ സഹോദരങ്ങളുടെ അപൂർണതകളെയും പോരായ്മകളെയും വെളിച്ചത്തുകൊണ്ടുവരാൻ തിടുക്കംകാണിക്കുന്നില്ല. മിക്കപ്പോഴും, സഹവിശ്വാസികളുടെ വീഴ്ചകളും കുറവുകളും നിസ്സാരമായവ ആയിരിക്കും, അവ സ്നേഹത്താൽ മറയ്ക്കാവുന്നതേ ഉള്ളൂ.—സദൃശവാക്യങ്ങൾ 10:12; 17:9.
12. ഫിലേമോനിൽ തനിക്ക് ഉത്തമവിശ്വാസം ഉണ്ടെന്ന് അപ്പൊസ്തലനായ പൗലൊസ് എങ്ങനെ പ്രകടമാക്കി, പൗലൊസിന്റെ മാതൃകയിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?
12 ‘സ്നേഹം എല്ലാം വിശ്വസിക്കുന്നു.’ സ്നേഹം “ഏറ്റവും നല്ലതു വിശ്വസിക്കാൻ എല്ലായ്പോഴും ആകാംക്ഷയുള്ളതാണ്” എന്നു മോഫറ്റിന്റെ ഭാഷാന്തരം പറയുന്നു. സഹവിശ്വാസികളുടെ സകല ആന്തരത്തെയും ചോദ്യം ചെയ്തുകൊണ്ട് എപ്പോഴും അവരെ സംശയദൃഷ്ടിയോടെ വീക്ഷിക്കാൻ നാം ശ്രമിക്കുന്നില്ല. നമ്മുടെ സഹോദരങ്ങളെ സംബന്ധിച്ച് ‘ഏറ്റവും നല്ലതു വിശ്വസിക്കാനും’ അവരിൽ വിശ്വാസം അർപ്പിക്കാനും സ്നേഹം നമ്മെ സഹായിക്കുന്നു.a ഫിലേമോനുള്ള പൗലൊസിന്റെ ലേഖനത്തിലെ ഒരു ദൃഷ്ടാന്തം കാണുക. ഓടിപ്പോയശേഷം ക്രിസ്ത്യാനി ആയിത്തീർന്ന ഒനേസിമൊസ് എന്ന അടിമയുടെ മടങ്ങിവരവിനെ ദയാപൂർവം സ്വാഗതം ചെയ്യാൻ ഫിലേമോനെ പ്രോത്സാഹിപ്പിക്കാനാണ് പൗലൊസ് ആ ലേഖനം എഴുതിയത്. ഫിലേമോനെ നിർബന്ധിക്കാൻ ശ്രമിക്കുന്നതിനു പകരം പൗലൊസ് സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു അഭ്യർഥന നടത്തുകയാണു ചെയ്തത്. ഫിലേമോൻ ഉചിതമായി പ്രവർത്തിക്കുമെന്ന ബോധ്യം തനിക്കുണ്ടെന്ന് പ്രകടമാക്കിക്കൊണ്ട് പൗലൊസ് അവന് ഇങ്ങനെ എഴുതി: “നിന്റെ അനുസരണത്തെപ്പറ്റി എനിക്കു നിശ്ചയം ഉണ്ടു; ഞാൻ പറയുന്നതിലുമധികം നീ ചെയ്യും എന്നറിഞ്ഞിട്ടാകുന്നു ഞാൻ എഴുതുന്നതു.” (21-ാം വാക്യം) സ്നേഹത്താൽ പ്രേരിതരായി നാം നമ്മുടെ സഹോദരങ്ങളിൽ അത്തരം വിശ്വാസം പ്രകടമാക്കുമ്പോൾ അവരിലെ ഏറ്റവും നല്ലതു പുറത്തുകൊണ്ടുവരികയായിരിക്കും നാം ചെയ്യുന്നത്.
13. നമ്മുടെ സഹോദരങ്ങളെ സംബന്ധിച്ച് ഏറ്റവും നല്ലതു പ്രത്യാശിക്കുന്നുവെന്ന് നമുക്ക് എങ്ങനെ പ്രകടമാക്കാം?
13 ‘സ്നേഹം എല്ലാം പ്രത്യാശിക്കുന്നു.’ സ്നേഹം വിശ്വാസം നിറഞ്ഞതായിരിക്കുന്നതുപോലെ, പ്രത്യാശ നിറഞ്ഞതുമാണ്. സ്നേഹത്താൽ പ്രേരിതരായി നാം നമ്മുടെ സഹോദരങ്ങൾക്ക് ഏറ്റവും നല്ലതു ഭവിക്കാൻ ആശിക്കുന്നു. ദൃഷ്ടാന്തമായി, ഒരു സഹോദരൻ “വല്ല തെററിലും അകപ്പെട്ടുപോയെങ്കിൽ” അയാളെ യഥാസ്ഥാനപ്പെടുത്താനുള്ള സ്നേഹനിർഭരമായ ശ്രമങ്ങളോട് അയാൾ പ്രതികരിക്കുമെന്നു നാം പ്രത്യാശിക്കുന്നു. (ഗലാത്യർ 6:1) വിശ്വാസത്തിൽ ദുർബലരായവർ ബലിഷ്ഠരാകുമെന്നും നാം പ്രത്യാശിക്കുന്നു. വിശ്വാസത്തിൽ ശക്തരാകാൻ സഹായിക്കുന്നതിനു നമ്മളാൽ കഴിയുന്നതു ചെയ്തുകൊണ്ട് അങ്ങനെയുള്ളവരോടു നാം ക്ഷമ കാണിക്കുന്നു. (റോമർ 15:1; 1 തെസ്സലൊനീക്യർ 5:14) നമുക്കു പ്രിയപ്പെട്ട ഒരു വ്യക്തി വഴിതെറ്റിപ്പോകുന്നെങ്കിൽപ്പോലും, യേശുവിന്റെ ദൃഷ്ടാന്തത്തിലെ ധൂർത്തപുത്രനെപ്പോലെ ഒരുനാൾ സുബോധം പ്രാപിച്ച് അയാൾ യഹോവയിങ്കലേക്കു തിരിച്ചുവരുമെന്നുള്ള പ്രത്യാശ നാം കൈവെടിയുന്നില്ല.—ലൂക്കൊസ് 15:17, 18.
14. സഭയ്ക്കുള്ളിൽ നമ്മുടെ സഹിഷ്ണുത ഏതു വിധങ്ങളിൽ പരിശോധിക്കപ്പെട്ടേക്കാം, എങ്ങനെ പ്രതികരിക്കാൻ സ്നേഹം നമ്മെ സഹായിക്കും?
14 ‘സ്നേഹം എല്ലാം സഹിക്കുന്നു.’ നൈരാശ്യങ്ങളെയും ക്ലേശങ്ങളെയും അഭിമുഖീകരിക്കുമ്പോൾ ഉറച്ചുനിൽക്കാൻ സഹിഷ്ണുത നമ്മെ പ്രാപ്തരാക്കുന്നു. സഹിഷ്ണുതയുടെ പരിശോധനകൾ സഭയ്ക്കു പുറത്തുനിന്നു മാത്രമല്ല വരുന്നത്. ചിലപ്പോൾ സഭയ്ക്കുള്ളിൽനിന്നുതന്നെ നമുക്കു പരിശോധനകൾ ഉണ്ടായേക്കാം. അപൂർണത നിമിത്തം നമ്മുടെ സഹോദരന്മാർ ചിലപ്പോൾ നമ്മെ നിരാശപ്പെടുത്തിയേക്കാം. ചിന്താശൂന്യമായ ഒരു സംസാരം നമ്മുടെ വികാരങ്ങളെ മുറിപ്പെടുത്തിയേക്കാം. (സദൃശവാക്യങ്ങൾ 12:18) ഒരുപക്ഷേ ഒരു സഭാകാര്യം നമ്മൾ വിചാരിക്കുന്നതുപോലെ കൈകാര്യം ചെയ്യപ്പെടുന്നില്ലായിരിക്കാം. ആദരണീയനായ ഒരു സഹോദരന്റെ പെരുമാറ്റം നമ്മെ അസ്വസ്ഥരാക്കുകയും ‘ഒരു ക്രിസ്ത്യാനിക്ക് ഇങ്ങനെയൊക്കെ ചെയ്യാൻ എങ്ങനെ കഴിയുന്നു’ എന്നു നാം ആശ്ചര്യപ്പെടാൻ ഇടയാക്കുകയും ചെയ്തേക്കാം. അത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ, നാം സഭയിൽനിന്നു പുറത്തുപോകുകയും യഹോവയെ സേവിക്കുന്നതു നിറുത്തുകയും ചെയ്യുമോ? സ്നേഹമുണ്ടെങ്കിൽ നാം അങ്ങനെ ചെയ്യില്ല! അതേ, ആ വ്യക്തിയിലോ സഭയിൽ മൊത്തത്തിലോ യാതൊരു നന്മയും കാണാനാകാത്തവിധം അയാളുടെ വീഴ്ചകൾ നമ്മെ അന്ധരാക്കുന്നതിൽനിന്നു സ്നേഹം നമ്മെ തടയും. മറ്റൊരു അപൂർണ മനുഷ്യൻ എന്തുപറഞ്ഞാലും പ്രവർത്തിച്ചാലും ദൈവത്തോടു വിശ്വസ്തരായിരിക്കാനും സഭയെ പിന്തുണയ്ക്കാനും സ്നേഹം നമ്മെ പ്രാപ്തരാക്കുന്നു.—സങ്കീർത്തനം 119:165.
സ്നേഹം എന്തൊക്കെ ചെയ്യുന്നില്ല?
15. അസൂയ എന്താണ്, വിനാശകമായ ഈ വികാരം ഒഴിവാക്കാൻ സ്നേഹം നമ്മെ എങ്ങനെ സഹായിക്കുന്നു?
15 “സ്നേഹം അസൂയപ്പെടുന്നില്ല.” [NW] മറ്റുള്ളവർക്ക് ഉള്ളതിനെക്കുറിച്ച്—അവരുടെ വസ്തുവകകളെയോ പദവികളെയോ പ്രാപ്തികളെയോ പ്രതി—അവരോട് ഈർഷ്യ തോന്നാൻ അസൂയ ഇടയാക്കുന്നു. നിയന്ത്രിക്കപ്പെടാത്തപക്ഷം അത്തരം അസൂയ, സഭയുടെ സമാധാനത്തെ താറുമാറാക്കിയേക്കാം, അത് സ്വാർഥമായ, വിനാശകമായ ഒരു വികാരമാണ്. “അസൂയപ്പെടാനുള്ള പ്രവണത”യെ ചെറുക്കാൻ നമ്മെ എന്തു സഹായിക്കും? (യാക്കോബ് 4:5, NW) സ്നേഹം എന്നാണ് ഉത്തരം. ജീവിതത്തിൽ നമുക്കില്ലാത്ത ചില ആനുകൂല്യങ്ങൾ ഉള്ളതായി കാണപ്പെടുന്നവരോടൊത്തു സന്തോഷിക്കാൻ നമ്മെ പ്രാപ്തരാക്കുന്നതിന് വിലയേറിയ ഈ ഗുണത്തിനു കഴിയും. (റോമർ 12:15) അസാധാരണമായ കഴിവുകളോ ശ്രദ്ധേയമായ നേട്ടമോ നിമിത്തം ആർക്കെങ്കിലും പ്രശംസ ലഭിക്കുമ്പോൾ അതിനെ വ്യക്തിപരമായ ഒരു അപമാനമായി വീക്ഷിക്കാതിരിക്കാൻ സ്നേഹം നമ്മെ സഹായിക്കുന്നു.
16. നാം യഥാർഥത്തിൽ നമ്മുടെ സഹോദരങ്ങളെ സ്നേഹിക്കുന്നെങ്കിൽ, നാം യഹോവയുടെ സേവനത്തിൽ ചെയ്യുന്നതു സംബന്ധിച്ചു വീമ്പിളക്കുന്നത് ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
16 “സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല.” നമ്മുടെ പ്രാപ്തികളെയോ നേട്ടങ്ങളെയോപ്രതി പൊങ്ങച്ചം ഭാവിക്കുന്നതിൽനിന്നു സ്നേഹം നമ്മെ തടയുന്നു. നാം യഥാർഥമായി നമ്മുടെ സഹോദരങ്ങളെ സ്നേഹിക്കുന്നെങ്കിൽ, നമുക്ക് എങ്ങനെ നമ്മുടെ ശുശ്രൂഷയിലെ വിജയത്തെ കുറിച്ചോ സഭയിലെ പദവികളെ കുറിച്ചോ പൊങ്ങച്ചം പറയാൻ കഴിയും? അത്തരം വീമ്പു പറച്ചിൽ മറ്റുള്ളവരെ നിരുത്സാഹപ്പെടുത്തിയേക്കാം, തങ്ങൾ താരതമ്യേന താണവരാണെന്ന തോന്നൽ അത് അവരിൽ ഉളവാക്കുകയും ചെയ്തേക്കാം. ദൈവത്തിൽനിന്നു നമുക്കു ലഭിച്ചിരിക്കുന്നതായ സേവന പദവികൾ സംബന്ധിച്ചു വമ്പു പറയാൻ സ്നേഹം നമ്മെ അനുവദിക്കുന്നില്ല. (1 കൊരിന്ത്യർ 3:5-9) മാത്രവുമല്ല, സ്നേഹം “ചീർക്കുന്നില്ല,” അല്ലെങ്കിൽ ഒരു ഭാഷാന്തരം പറയുന്നതുപോലെ അതു “സ്വന്തം പ്രാധാന്യത്തെ കുറിച്ച് ഊതിവീർപ്പിച്ച ആശയങ്ങൾ വെച്ചുപുലർത്തുന്നില്ല.” നമ്മെക്കുറിച്ചുതന്നെ ഉയർന്ന വീക്ഷണം വെച്ചുപുലർത്തുന്നതിൽനിന്നു സ്നേഹം നമ്മെ തടയുന്നു.—റോമർ 12:3.
17. സ്നേഹം മറ്റുള്ളവരോട് എന്തു പരിഗണന കാണിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു, അങ്ങനെ നാം ഏതുതരം നടത്ത ഒഴിവാക്കും?
17 “സ്നേഹം . . . അയോഗ്യമായി നടക്കുന്നില്ല.” അയോഗ്യമായി പെരുമാറുന്ന ഒരാൾ തികച്ചും അനുചിതമോ ആക്ഷേപാർഹമോ ആയ വിധത്തിൽ പ്രവർത്തിക്കുന്നു. അത്തരമൊരു പ്രവർത്തനഗതി സ്നേഹശൂന്യമാണ്, എന്തെന്നാൽ അത് മറ്റുള്ളവരുടെ വികാരങ്ങളോടും താത്പര്യങ്ങളോടുമുള്ള തികഞ്ഞ അനാദരവാണ് കാണിക്കുന്നത്. നേരേ മറിച്ച്, മറ്റുള്ളവരോടു പരിഗണന കാണിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന സ്നേഹം എത്ര ഹൃദ്യമാണ്. സ്നേഹം നല്ല ശീലങ്ങളെയും ദൈവിക നടത്തയെയും സഹവിശ്വാസികളോടുള്ള ആദരവിനെയും പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ, “ലജ്ജാകരമായ നടത്ത”യിൽ—നമ്മുടെ ക്രിസ്തീയ സഹോദരങ്ങളിൽ ഞെട്ടലോ അസ്വസ്ഥതയോ ഉളവാക്കുന്ന തരത്തിലുള്ള ഏതെങ്കിലും പ്രവർത്തനത്തിൽ—ഏർപ്പെടുന്നതിൽനിന്നു സ്നേഹം നമ്മെ തടയുന്നു.—എഫെസ്യർ 5:3, 4, NW.
18. കാര്യങ്ങളെല്ലാം തനിക്കു ബോധിച്ച വിധത്തിൽ നടക്കണമെന്ന് സ്നേഹമുള്ള ഒരു വ്യക്തി നിർബന്ധം പിടിക്കുന്നില്ലാത്തത് എന്തുകൊണ്ട്?
18 ‘സ്നേഹം സ്വാർഥം അന്വേഷിക്കുന്നില്ല.’ “സ്നേഹം സ്വന്തം ഇഷ്ടം നടക്കണമെന്നു ശഠിക്കുന്നില്ല” എന്നു മറ്റൊരു ഭാഷാന്തരം പറയുന്നു. സ്നേഹമുള്ള ഒരാൾ തന്റെ അഭിപ്രായമാണ് എല്ലായ്പോഴും ശരി എന്ന മട്ടിൽ കാര്യങ്ങളെല്ലാം തനിക്കു ബോധിച്ച വിധത്തിൽ നീങ്ങണമെന്നു നിർബന്ധം പിടിക്കുന്നില്ല. തന്റേതിൽനിന്നു വ്യത്യസ്തമായ വീക്ഷണം പുലർത്തുന്നവരെ അമർച്ച ചെയ്യുന്നതിന് തന്റെ സ്വാധീന ശക്തികൾ ഉപയോഗിച്ച് മറ്റുള്ളവരെ വശത്താക്കാൻ അയാൾ ശ്രമിക്കുന്നില്ല. അത്തരം ശാഠ്യം ഒരളവിലുള്ള അഹങ്കാരത്തെ വെളിപ്പെടുത്തുന്നു. “നാശത്തിന്നു മുമ്പെ ഗർവ്വം” എന്നു ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 16:18) നാം യഥാർഥത്തിൽ നമ്മുടെ സഹോദരന്മാരെ സ്നേഹിക്കുന്നെങ്കിൽ, നാം അവരുടെ വീക്ഷണങ്ങളെ ആദരിക്കും. സാധ്യമാകുന്നിടത്ത്, നാം വഴക്കം പ്രകടമാക്കും. വഴക്കമുള്ള ഒരു മനോഭാവം “ഓരോരുത്തൻ സ്വന്ത ഗുണമല്ല, മററുളളവന്റെ ഗുണം അന്വേഷിക്കട്ടെ” എന്ന പൗലൊസിന്റെ വാക്കുകൾക്കു ചേർച്ചയിലുള്ളതാണ്.—1 കൊരിന്ത്യർ 10:24.
19. മറ്റുള്ളവർ നമ്മെ ഉപദ്രവിക്കുമ്പോൾ ഏതു വിധത്തിൽ പ്രതികരിക്കാൻ സ്നേഹം നമ്മെ സഹായിക്കുന്നു?
19 ‘സ്നേഹം ദേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല.’ സ്നേഹം മറ്റുള്ളവർ പറയുന്ന അല്ലെങ്കിൽ ചെയ്യുന്ന കാര്യങ്ങളാൽ എളുപ്പത്തിൽ പ്രകോപിതമാകുന്നില്ല. മറ്റുള്ളവർ നമ്മെ ഉപദ്രവിക്കുമ്പോൾ നാം അസ്വസ്ഥരാകുന്നതു സ്വാഭാവികമാണ്. എന്നാൽ നമുക്കു കോപം തോന്നാനുള്ള ന്യായമായ കാരണമുണ്ടെങ്കിൽ പോലും ആ പ്രകോപനാവസ്ഥയിൽ തുടരാൻ സ്നേഹം നമ്മെ അനുവദിക്കുന്നില്ല. (എഫെസ്യർ 4:26, 27) നമ്മെ മുറിപ്പെടുത്തിയ വാക്കുകളോ പ്രവൃത്തികളോ മറക്കാതിരിക്കാനായി ഒരു കണക്കുപുസ്തകത്തിൽ എഴുതിവെക്കുന്നതുപോലെ നാം അവ ഓർമയിൽ സൂക്ഷിക്കുന്നില്ല. പകരം നമ്മുടെ സ്നേഹവാനായ ദൈവത്തെ അനുകരിക്കാൻ സ്നേഹം നമ്മെ പ്രേരിപ്പിക്കുന്നു. 26-ാം അധ്യായത്തിൽ നാം കണ്ടതുപോലെ, ക്ഷമിക്കാൻ കാരണമുള്ളപ്പോൾ യഹോവ അങ്ങനെ ചെയ്യുന്നു. നമ്മുടെ പാപങ്ങൾ ക്ഷമിക്കുമ്പോൾ അവൻ അതു മറന്നുകളയുകയും ചെയ്യുന്നു. ഭാവിയിൽ എപ്പോഴെങ്കിലും അവൻ അതു വീണ്ടും കുത്തിപ്പൊക്കുകയില്ല എന്നർഥം. യഹോവ ദോഷം കണക്കിടാത്തതിൽ നാം നന്ദിയുള്ളവരല്ലേ?
20. ഒരു സഹവിശ്വാസി പാപത്തിന്റെ കെണിയിലകപ്പെട്ടു ക്ലേശം സഹിക്കുമ്പോൾ നാം എങ്ങനെ പ്രതികരിക്കണം?
20 ‘സ്നേഹം അനീതിയിൽ സന്തോഷിക്കുന്നില്ല.’ “സ്നേഹം . . . മറ്റു മനുഷ്യരുടെ പാപങ്ങളിൽ അനുചിതമായ സന്തോഷം പ്രകടിപ്പിക്കുന്നില്ല” എന്ന് ദ ന്യൂ ഇംഗ്ലീഷ് ബൈബിൾ പറയുന്നു. “മറ്റുള്ളവർക്കു തെറ്റുപറ്റുമ്പോൾ സ്നേഹം ഒരിക്കലും സന്തോഷിക്കുന്നില്ല” എന്ന് മോഫറ്റിന്റെ ഭാഷാന്തരം പറയുന്നു. സ്നേഹം അനീതിയിൽ ഒരിക്കലും ഉല്ലാസം കണ്ടെത്തുന്നില്ല. അതുകൊണ്ട് നാം ഒരു തരത്തിലുള്ള അധാർമികതയ്ക്കും നേരെ കണ്ണടയ്ക്കുന്നില്ല. ഒരു സഹവിശ്വാസി പാപത്തിന്റെ കെണിയിൽ വീഴുകയും തത്ഫലമായി ക്ലേശിക്കുകയും ചെയ്യുന്നെങ്കിൽ നാം എങ്ങനെ പ്രതികരിക്കും? ‘കൊള്ളാം, അവന് അതുതന്നെ വരണം!’ എന്നു പറയുന്ന മട്ടിൽ സന്തോഷിക്കാൻ സ്നേഹം നമ്മെ അനുവദിക്കില്ല. (സദൃശവാക്യങ്ങൾ 17:5) എന്നുവരികിലും, തെറ്റുചെയ്ത സഹോദരൻ തന്റെ ആത്മീയ വീഴ്ചയിൽനിന്നു കരകയറാൻ ക്രിയാത്മക നടപടികൾ സ്വീകരിക്കുമ്പോൾ നാം സന്തോഷിക്കുകതന്നെ ചെയ്യുന്നു.
“അതിശ്രേഷ്ഠമായോരു മാർഗ്ഗം”
21-23. (എ) “സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല” എന്നു പറഞ്ഞപ്പോൾ പൗലൊസ് എന്താണ് അർഥമാക്കിയത്? (ബി) അവസാന അധ്യായത്തിൽ എന്തു ചർച്ചചെയ്യപ്പെടും?
21 “സ്നേഹം ഒരുനാളും ഉതിർന്നുപോകയില്ല.” ആ വാക്കുകളാൽ പൗലൊസ് എന്താണ് അർഥമാക്കിയത്? സന്ദർഭം വ്യക്തമാക്കുന്ന പ്രകാരം, അവൻ ആദിമ ക്രിസ്ത്യാനികളുടെ ഇടയിൽ ഉണ്ടായിരുന്ന ആത്മാവിന്റെ വരങ്ങളെ കുറിച്ചു ചർച്ചചെയ്യുകയായിരുന്നു. ആ വരങ്ങൾ, പുതുതായി രൂപംകൊണ്ട സഭയുടെമേൽ ദൈവപ്രീതി ഉണ്ടെന്നുള്ളതിന്റെ അടയാളമായി ഉതകി. എന്നാൽ എല്ലാ ക്രിസ്ത്യാനികൾക്കും രോഗം സൗഖ്യമാക്കാനോ പ്രവചിക്കാനോ അന്യഭാഷകളിൽ സംസാരിക്കാനോ കഴിഞ്ഞിരുന്നില്ല. എന്നിരുന്നാലും, അവർ അതിൽ വിഷമിക്കേണ്ടതില്ലായിരുന്നു; കാരണം അത്ഭുതവരങ്ങൾ കാലാന്തരത്തിൽ നിന്നുപോകുമായിരുന്നു. എന്നാൽ നിലനിൽക്കുന്ന ഒന്നുണ്ടായിരുന്നു, ഓരോ ക്രിസ്ത്യാനിക്കും അത് നട്ടുവളർത്താനും കഴിയുമായിരുന്നു. അത് ഏത് അത്ഭുത വരത്തെക്കാളും ശ്രേഷ്ഠവും എന്നെന്നും നിലനിൽക്കുന്നതും ആയിരുന്നു. പൗലൊസ് അതിനെ “അതിശ്രേഷ്ഠമായോരു മാർഗ്ഗം” എന്നു വിളിച്ചു. (1 കൊരിന്ത്യർ 12:31) ഈ “അതിശ്രേഷ്ഠമായോരു മാർഗ്ഗം” എന്തായിരുന്നു? അതു സ്നേഹത്തിന്റെ മാർഗം ആയിരുന്നു.
പരസ്പരമുള്ള സ്നേഹം യഹോവയുടെ ജനത്തെ തിരിച്ചറിയിക്കുന്നു
22 തീർച്ചയായും, പൗലൊസ് വർണിച്ച ക്രിസ്തീയ സ്നേഹം “ഒരുനാളും ഉതിർന്നുപോകയില്ല,” അതായത് അത് ഒരിക്കലും അവസാനിക്കുകയില്ല. ഇക്കാലംവരെയും ആത്മത്യാഗപരമായ സഹോദരസ്നേഹം യേശുവിന്റെ യഥാർഥ അനുഗാമികളെ തിരിച്ചറിയിച്ചിരിക്കുന്നു. ഭൂവ്യാപകമായി യഹോവയുടെ ആരാധകരുടെ സഭകളിൽ അത്തരം സ്നേഹത്തിന്റെ തെളിവു നാം കാണുന്നില്ലേ? ആ സ്നേഹം എക്കാലവും നിലനിൽക്കും, എന്തെന്നാൽ യഹോവ തന്റെ വിശ്വസ്ത ദാസന്മാർക്ക് നിത്യജീവൻ വാഗ്ദാനം ചെയ്യുന്നു. (സങ്കീർത്തനം 37:9-11, 29) ‘സ്നേഹത്തിൽ [തുടർന്നു] നടക്കാൻ’ നമുക്കു പരമാവധി ശ്രമിച്ചുകൊണ്ടേയിരിക്കാം. അങ്ങനെ ചെയ്യുന്നതിനാൽ കൊടുക്കലിൽനിന്നു സംജാതമാകുന്ന വലിയ സന്തുഷ്ടി നമുക്ക് അനുഭവിക്കാൻ കഴിയും. അതിലുപരി, നമുക്കു തുടർന്നു ജീവിക്കാൻ—അതേ, തുടർന്നു സ്നേഹിക്കാൻ—കഴിയും. നമ്മുടെ സ്നേഹവാനായ ദൈവമായ യഹോവയെ അനുകരിച്ചുകൊണ്ട് സകല നിത്യതയിലും തന്നെ.
23 സ്നേഹത്തെ സംബന്ധിച്ച ഭാഗം ഉപസംഹരിക്കുന്ന ഈ അധ്യായത്തിൽ നമുക്ക് എങ്ങനെ പരസ്പരം സ്നേഹം പ്രകടമാക്കാമെന്നു നാം ചർച്ച ചെയ്തിരിക്കുന്നു. എന്നാൽ യഹോവയുടെ സ്നേഹത്തിൽനിന്ന്—അതുപോലെ അവന്റെ ശക്തി, നീതി, ജ്ഞാനം എന്നീ ഗുണങ്ങളിൽനി ന്നും—നാം അനേകം വിധങ്ങളിൽ പ്രയോജനം അനുഭവിക്കുന്നു എന്നതിന്റെ വെളിച്ചത്തിൽ നാം ഇങ്ങനെ ചോദിക്കുന്നത് ഉചിതമാണ്, ‘ഞാൻ യഥാർഥത്തിൽ യഹോവയെ സ്നേഹിക്കുന്നെന്ന് എനിക്ക് എങ്ങനെ പ്രകടമാക്കാൻ കഴിയും?’ അവസാനത്തെ അധ്യായത്തിൽ ആ ചോദ്യം പരിചിന്തിക്കുന്നതായിരിക്കും.
a തീർച്ചയായും, ക്രിസ്തീയ സ്നേഹം ഒരു പ്രകാരത്തിലും എളുപ്പത്തിൽ കബളിപ്പിക്കപ്പെടാവുന്നതല്ല. “ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചു . . . അവരോടു അകന്നു മാറുവിൻ” എന്നു ബൈബിൾ നമ്മെ പ്രബോധിപ്പിക്കുന്നു.—റോമർ 16:17.