ദൈവത്തിന്റെ വാഗ്ദാന പ്രകാരമുള്ള ഒരു പുതിയ ലോകം
ദൈവത്തിന്റെ ലിഖിത വചനമായ ബൈബിൾ ഇപ്രകാരം പറയുന്നു: “എന്നാൽ നാം അവന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു.” ഈ വാക്കുകൾ നമുക്ക് പ്രത്യാശ പകരുന്നു.—2 പത്രൊസ് 3:13.
എന്താണ് ‘പുതിയ ആകാശം’? ബൈബിൾ ആകാശത്തെ ഭരണാധിപത്യവുമായി ബന്ധപ്പെടുത്തുന്നു. (പ്രവൃത്തികൾ 7:49) ഭൂമിയുടെമേൽ ഭരിക്കാനിരിക്കുന്ന പുതിയ ഭരണകൂടമാണ് ‘പുതിയ ആകാശം.’ ഇന്നത്തെ ഭരണവ്യവസ്ഥിതിയെ നീക്കം ചെയ്ത് ആ സ്ഥാനം കൈയടക്കും എന്നതിനാൽ അതു പുതിയതാണ്; ദൈവോദ്ദേശ്യത്തിന്റെ പൂർത്തീകരണത്തിലെ ഒരു പുതിയ അധ്യായം കൂടെയാണ് അത്. ഈ രാജ്യത്തിനായിട്ടാണ് യേശു നമ്മെ പ്രാർഥിക്കാൻ പഠിപ്പിച്ചത്. (മത്തായി 6:10) അതിന്റെ ഉപജ്ഞാതാവ് ദൈവവും അവൻ വസിക്കുന്നത് സ്വർഗത്തിലും ആയതിനാൽ അത് ‘സ്വർഗരാജ്യം’ എന്നു വിളിക്കപ്പെടുന്നു.—മത്തായി 7:21.
എന്താണ് “പുതിയ ഭൂമി”? അത് പുതുതായി നിർമിക്കപ്പെടുന്ന ഒരു ഗ്രഹമല്ല. കാരണം ഭൂമി എന്നേക്കും നിവസിക്കപ്പെടുമെന്ന് ബൈബിൾ സ്പഷ്ടമായി പ്രസ്താവിക്കുന്നു. “പുതിയ ഭൂമി” ഒരു പുതിയ മനുഷ്യസമൂഹം ആണ്. ദുഷ്ടന്മാർ ഛേദിക്കപ്പെട്ടു കഴിഞ്ഞിരിക്കും എന്നതിനാൽ അതു പുതിയതാണ്. (സദൃശവാക്യങ്ങൾ 2:21, 22) അന്നു ജീവിച്ചിരിക്കുന്ന സകലരും സ്രഷ്ടാവിനെ മഹത്ത്വപ്പെടുത്തുകയും അനുസരിക്കുകയും അവൻ ആവശ്യപ്പെടുന്നതിനു ചേർച്ചയിൽ ജീവിക്കുകയും ചെയ്യും. (സങ്കീർത്തനം 22:27) ദൈവം ആവശ്യപ്പെടുന്നത് എന്താണെന്നു പഠിക്കാനും തങ്ങളുടെ ജീവിതത്തെ അതിനോട് അനുരൂപപ്പെടുത്താനും സകല ജനതകളിലെയും ആളുകൾക്ക് ഇന്ന് ക്ഷണം നൽകപ്പെട്ടുകൊണ്ടിരിക്കുകയാണ്. നിങ്ങൾ അതനുസരിച്ചു പ്രവർത്തിക്കുന്നുണ്ടോ?
ദൈവത്തിന്റെ പുതിയ ലോകത്തിൽ സകലരും അവന്റെ ഭരണാധിപത്യത്തെ ആദരിക്കും. ദൈവത്തോടുള്ള സ്നേഹം അവനെ അനുസരിക്കാൻ നിങ്ങളെ പ്രചോദിപ്പിക്കുന്നുണ്ടോ? (1 യോഹന്നാൻ 5:3) ഭവനത്തിലും ജോലിസ്ഥലത്തും, അതുമല്ലെങ്കിൽ സ്കൂളിലും ഉള്ള നിങ്ങളുടെ പെരുമാറ്റം അതു പ്രകടമാക്കുന്നുണ്ടോ?
ആ പുതിയ ലോകത്തിൽ മുഴു മനുഷ്യസമൂഹവും സത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതരാകും. ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവിനെ നിങ്ങൾ ആരാധിക്കുന്നുണ്ടോ? നിങ്ങളുടെ ആരാധന സകല രാഷ്ട്രങ്ങളിലും വർഗങ്ങളിലും ഭാഷകളിലുമുള്ള സഹാരാധകരുമായി നിങ്ങളെ യഥാർഥത്തിൽ ഒരുമിപ്പിക്കുന്നുണ്ടോ?—സങ്കീർത്തനം 86:9, 10; യെശയ്യാവു 2:2-4; സെഫന്യാവു 3:9.
[17-ാം പേജിലെ ചതുരം]
ഈ കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന ദൈവം
ഭൗതിക ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവാണ് അവൻ. ‘ഏകസത്യദൈവം’ എന്ന് യേശുക്രിസ്തു തിരിച്ചറിയിച്ചത് അവനെയാണ്.—യോഹന്നാൻ 17:3.
മനുഷ്യവർഗത്തിൽ ഭൂരിപക്ഷവും തങ്ങൾ സ്വയം രൂപംകൊടുത്ത ദൈവങ്ങളെ മഹത്ത്വപ്പെടുത്തുന്നു. ദശലക്ഷങ്ങൾ നിർജീവ പ്രതിമകൾക്കു മുമ്പാകെ സാഷ്ടാംഗം പ്രണമിക്കുന്നു. മറ്റുള്ളവരാകട്ടെ, മാനുഷ സംഘടനകളെയോ ഭൗതികവാദത്തിലൂന്നിയ തത്ത്വചിന്തകളെയോ തങ്ങളുടെതന്നെ സ്വാർഥാഭിലാഷങ്ങളെയോ പൂജിക്കുന്നു. ബൈബിൾ ഉപയോഗിക്കുന്നു എന്ന് അവകാശപ്പെടുന്നവർപോലും ‘സത്യദൈവം’ എന്നനിലയിൽ ബൈബിൾ തിരിച്ചറിയിക്കുന്നവന്റെ നാമത്തെ മഹത്ത്വപ്പെടുത്തുന്നില്ല.—ആവർത്തനപുസ്തകം 4:35.
തന്നെക്കുറിച്ചുതന്നെ സ്രഷ്ടാവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ യഹോവ അതുതന്നേ എന്റെ നാമം.” (യെശയ്യാവു 42:5, 8) മൂലഭാഷകളിലുള്ള ബൈബിളിൽ ഈ നാമം 7,000-ത്തോളം പ്രാവശ്യം കാണപ്പെടുന്നു. “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്നു പ്രാർഥിക്കാൻ യേശുക്രിസ്തു തന്റെ അനുഗാമികളെ പഠിപ്പിച്ചു.—മത്തായി 6:9.
സത്യദൈവം ഏതു തരത്തിലുള്ള വ്യക്തിയാണ്? ‘കരുണയും കൃപയും ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയും ഉള്ളവനും’ തന്റെ കൽപ്പനകൾ മനഃപൂർവം ലംഘിക്കുന്നവരെ യാതൊരു പ്രകാരത്തിലും ശിക്ഷിക്കാതെ വിടാത്തവനും ആയി അവൻ തന്നെത്തന്നെ വർണിക്കുന്നു. (പുറപ്പാടു 34:6, 7) മനുഷ്യവർഗത്തോടുള്ള അവന്റെ ഇടപെടലുകളുടെ ചരിത്രം ഈ വർണനയുടെ സത്യതയെ സാക്ഷ്യപ്പെടുത്തുന്നു.
ആ നാമവും അതിനാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന വ്യക്തിയും വിശുദ്ധീകരിക്കപ്പെടേണ്ടതുണ്ട്. മറ്റുവാക്കുകളിൽ പറഞ്ഞാൽ, ആ നാമത്തെയും വ്യക്തിയെയും പരിശുദ്ധമായി കരുതേണ്ടതാണ്. സ്രഷ്ടാവും സാർവത്രിക പരമാധികാരിയും എന്നനിലയിൽ അവൻ നമ്മുടെ അനുസരണത്തിനും സമ്പൂർണ ആരാധനയ്ക്കും അർഹനാണ്. നിങ്ങൾ വ്യക്തിപരമായി ഇക്കാര്യങ്ങൾ അവനു നൽകുന്നുണ്ടോ?
[18-ാം പേജിലെ ചതുരം/ചിത്രം]
‘പുതിയ ആകാശവും പുതിയ ഭൂമിയും’ എന്തു മാറ്റങ്ങൾ വരുത്തും?
ഭൂമി ഒരു പറുദീസയായി രൂപാന്തരപ്പെടുന്നു ലൂക്കൊസ് 23:43
സകല ജനതകളിലെയും വർഗങ്ങളിലെയും യോഹന്നാൻ 13:35;
ഭാഷകളിലെയും ആളുകൾ സ്നേഹത്തിൽ വെളിപ്പാടു 7:9, 10
ഏകീകരിക്കപ്പെട്ട ഒരു ആഗോള സമുദായം
ആഗോള സമാധാനം, സകലർക്കും യഥാർഥ സങ്കീർത്തനം 37:10, 11;
സുരക്ഷിതത്വം മീഖാ 4:3, 4
സംതൃപ്തികരമായ വേല, സമൃദ്ധമായ ഭക്ഷണം യെശയ്യാവു 25:6; 65:17, 21-23
രോഗം, ദുഃഖം, മരണം എന്നിവ യെശയ്യാവു 25:8;
ഉണ്ടായിരിക്കുകയില്ല വെളിപ്പാടു 21:1, 4, 5
സത്യദൈവത്തിന്റെ ആരാധനയിൽ വെളിപ്പാടു 15:3, 4
ഏകീകൃതമായ ഒരു ലോകം
[19-ാം പേജിലെ ചതുരം/ചിത്രങ്ങൾ]
നിങ്ങൾ പ്രയോജനം നേടുമോ?
ദൈവത്തിനു ഭോഷ്കു പറയുക അസാധ്യം!—തീത്തൊസ് 1:2.
യഹോവ ഇപ്രകാരം പ്രഖ്യാപിക്കുന്നു: “എന്റെ വചനം . . . വെറുതെ എന്റെ അടുക്കലേക്കു മടങ്ങിവരാതെ എനിക്കു ഇഷ്ടമുള്ളതു നിവർത്തിക്കയും ഞാൻ അയച്ച കാര്യം സാധിപ്പിക്കയും ചെയ്യും.”—യെശയ്യാവു 55:11.
യഹോവ ഇപ്പോൾത്തന്നെ ‘പുതിയ ആകാശവും പുതിയ ഭൂമിയും’ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. സ്വർഗീയ ഭരണകൂടം അതിന്റെ പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. ‘പുതിയ ഭൂമിയുടെ’ അടിസ്ഥാനവും ഇട്ടുകഴിഞ്ഞിരിക്കുന്നു.
‘പുതിയ ആകാശവും പുതിയ ഭൂമിയും’ മനുഷ്യവർഗത്തിനു കൈവരുത്തുന്ന അത്ഭുതാവഹമായ ചില സംഗതികളെ കുറിച്ചു പറഞ്ഞശേഷം വെളിപ്പാടു പുസ്തകം, സാർവത്രിക പരമാധികാരിയായ ദൈവംതന്നെ ഇപ്രകാരം പറയുന്നതായി രേഖപ്പെടുത്തുന്നു: “ഇതാ, ഞാൻ സകലവും പുതുതാക്കുന്നു.” കൂടാതെ അവൻ ഇങ്ങനെകൂടി പറയുന്നു: “എഴുതുക, ഈ വചനം വിശ്വാസയോഗ്യവും സത്യവും ആകുന്നു.”—വെളിപ്പാടു 21:1, 5.
അതുകൊണ്ട് സുപ്രധാന ചോദ്യം ഇതാണ്: “പുതിയ ആകാശ”ത്തിൻകീഴിലുള്ള “പുതിയ ഭൂമി”യുടെ ഭാഗമായിരിക്കാൻ യോഗ്യരായി എണ്ണപ്പെടുന്നതിന് ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ നാം വരുത്തുന്നുണ്ടോ?