അധ്യായം 37
ഞാൻ സ്നാനമേൽക്കണോ?
താഴെപ്പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശരിയോ തെറ്റോ എന്ന് അടയാളപ്പെടുത്തുക:
ക്രിസ്ത്യാനികൾ സ്നാനമേറ്റേ മതിയാകൂ.
□ ശരി
□ തെറ്റ്
സ്നാനപ്പെടുന്നത് പിന്നീട് വലിയ തെറ്റുകളൊന്നും ചെയ്യാതിരിക്കാൻ സഹായിക്കും, അതാണ് സ്നാനപ്പെടുന്നതിന്റെ പ്രധാന ഉദ്ദേശ്യം.
□ ശരി
□ തെറ്റ്
സ്നാനം രക്ഷയിലേക്കുള്ള വാതിൽ തുറന്നുതരും.
□ ശരി
□ തെറ്റ്
സ്നാനമേൽക്കാത്തിടത്തോളം എങ്ങനെ വേണമെങ്കിലും ജീവിക്കാം. ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടി വരില്ല.
□ ശരി
□ തെറ്റ്
കൂട്ടുകാരൊക്കെ സ്നാനമേൽക്കുന്നുണ്ടെങ്കിൽ ഞാനും സ്നാനമേൽക്കാറായി എന്നാണ് അർഥം.
□ ശരി
□ തെറ്റ്
ദൈവം പറയുന്നതൊക്കെ അനുസരിച്ച് ജീവിക്കുന്ന ഒരാളാണോ നിങ്ങൾ? ദൈവവുമായി നല്ലൊരു അടുപ്പം ഉണ്ടോ? നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോടു പറയാറുണ്ടോ? ഇങ്ങനെയൊക്കെ ചെയ്യുന്ന ഒരാൾ സ്നാനത്തെക്കുറിച്ച് ചിന്തിച്ചുതുടങ്ങുന്നത് സ്വാഭാവികമാണ്. പക്ഷേ നിങ്ങൾ ശരിക്കും സ്നാനപ്പെടാറായോ എന്ന് എങ്ങനെ അറിയും? അതു മനസ്സിലാക്കാൻ നമുക്കു മുകളിൽ പറഞ്ഞ ആ അഞ്ചു കാര്യങ്ങളെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കാം.
● ക്രിസ്ത്യാനികൾ സ്നാനമേറ്റേ മതിയാകൂ.
ശരിയാണ്. തന്റെ അനുഗാമികൾ സ്നാനമേൽക്കണമെന്ന് യേശു പറഞ്ഞു. (മത്തായി 28:19, 20) യേശുവും സ്നാനമേറ്റു. അതുകൊണ്ട് യേശുവിനെ അനുഗമിക്കുന്ന ഒരാൾ സ്നാനമേൽക്കേണ്ടതാണ്. പക്ഷേ ശരിക്കും ആഗ്രഹം തോന്നിയിട്ടായിരിക്കണം അങ്ങനെ ചെയ്യുന്നത്. മാത്രമല്ല, നന്നായി ആലോചിച്ച് തീരുമാനം എടുക്കാനുള്ള പക്വതയുണ്ടായിരിക്കുകയും വേണം.
● സ്നാനപ്പെടുന്നത് പിന്നീട് വലിയ തെറ്റുകളൊന്നും ചെയ്യാതിരിക്കാൻ സഹായിക്കും, അതാണ് സ്നാനപ്പെടുന്നതിന്റെ പ്രധാന ഉദ്ദേശ്യം.
തെറ്റാണ്. ഒരാൾ സ്നാനമേൽക്കുമ്പോൾ അയാളെത്തന്നെ യഹോവയ്ക്കു സമർപ്പിച്ചിരിക്കുന്നു എന്ന് മറ്റുള്ളവരുടെ മുമ്പാകെ കാണിക്കുകയാണ്. പക്ഷേ ഒരു വ്യക്തി യഹോവയ്ക്കു തന്നെത്തന്നെ സമർപ്പിച്ചാലും തെറ്റായ കാര്യങ്ങളോടുള്ള ആഗ്രഹം അയാളുടെ ഉള്ളിന്റെയുള്ളിൽ ഉള്ളിടത്തോളം അയാൾ തെറ്റു ചെയ്തേക്കാം. ഒരാൾ തെറ്റു ചെയ്യാതിരിക്കണമെങ്കിൽ ആ വ്യക്തിക്ക് യഹോവയുടെ നിലവാരങ്ങളോട് സ്നേഹം തോന്നിത്തുടങ്ങണം, ആ നിലവാരങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള ആഗ്രഹം വേണം. ശരിക്കും പറഞ്ഞാൽ ആ ആഗ്രഹമാണ് സമർപ്പിക്കാൻതന്നെ ആ വ്യക്തിയെ പ്രേരിപ്പിക്കേണ്ടത്.
● സ്നാനം രക്ഷയിലേക്കുള്ള വാതിൽ തുറന്നുതരും.
ശരിയാണ്. രക്ഷയിലേക്കു നയിക്കുന്ന ഒരു പ്രധാനകാര്യമാണ് സ്നാനം എന്നുതന്നെയാണു ബൈബിളും പറയുന്നത്. (1 പത്രോസ് 3:21) പക്ഷേ സ്നാനമേറ്റതുകൊണ്ട് രക്ഷ കിട്ടും എന്ന് ഒരു ഗ്യാരണ്ടിയുമില്ല. രക്ഷ കിട്ടുക എന്ന ഉദ്ദേശ്യത്തിലുമല്ല ഒരാൾ സ്നാനമേൽക്കേണ്ടത്. യഹോവയോടുള്ള സ്നേഹംകൊണ്ടും യഹോവയെ മുഴുഹൃദയത്തോടെ എന്നെന്നും ആരാധിക്കാനുള്ള ആഗ്രഹംകൊണ്ടും ആയിരിക്കണം ഒരാൾ സ്നാനമേൽക്കേണ്ടത്.—മർക്കോസ് 12:29, 30.
● സ്നാനമേൽക്കാത്തിടത്തോളം എങ്ങനെ വേണമെങ്കിലും ജീവിക്കാം. ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടി വരില്ല.
തെറ്റാണ്. യാക്കോബ് 4:17-ാം വാക്യം ഇങ്ങനെ പറയുന്നു: “ഒരാൾ ശരി എന്താണെന്ന് അറിഞ്ഞിട്ടും അതു ചെയ്യുന്നില്ലെങ്കിൽ അതു പാപമാണ്.” അതുകൊണ്ട് ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടി വരുന്നത് സ്നാനമേറ്റോ ഇല്ലയോ എന്നതിന്റെ അടിസ്ഥാനത്തിലല്ല. നിങ്ങൾക്ക് ശരി എന്താണെന്ന് അറിയാമെങ്കിൽ, നന്നായി ആലോചിച്ച് തീരുമാനമെടുക്കാനുള്ള പക്വതയുണ്ടെങ്കിൽ അച്ഛനോടോ അമ്മയോടോ സഭയിലെ പക്വതയുള്ള മറ്റൊരാളോടോ സംസാരിക്കുക. സ്നാനമെന്ന ലക്ഷ്യത്തിലേക്കു പുരോഗമിക്കാൻ എന്താണു ചെയ്യേണ്ടതെന്ന് അവർ പറഞ്ഞുതരും.
● കൂട്ടുകാരൊക്കെ സ്നാനമേൽക്കുന്നുണ്ടെങ്കിൽ ഞാനും സ്നാനമേൽക്കാറായി എന്നാണ് അർഥം.
തെറ്റാണ്. സ്നാനം എന്നത് നിങ്ങളുടെ മാത്രം തീരുമാനമായിരിക്കണം. മറ്റാരെയും നോക്കി എടുക്കേണ്ട ഒരു തീരുമാനമല്ല അത്. (സങ്കീർത്തനം 110:3) യഹോവയുടെ സാക്ഷിയായിരിക്കുന്നതിൽ എന്തൊക്കെ ഉൾപ്പെട്ടിട്ടുണ്ടെന്ന് നന്നായി മനസ്സിലാക്കിയതിനു ശേഷം മാത്രം ഒരു തീരുമാനമെടുക്കുക. ആ ഉത്തരവാദിത്വം ഏറ്റെടുക്കാൻ നിങ്ങൾ ശരിക്കും തയ്യാറാണെന്ന് ഉറപ്പുമുണ്ടായിരിക്കണം.—സഭാപ്രസംഗകൻ 5:4, 5.
ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു തീരുമാനം
സ്നാനമേൽക്കുക എന്നത് ജീവിതത്തെ ആകെ മാറ്റിമറിക്കുന്ന ഒരു തീരുമാനമാണ്. ആ തീരുമാനമെടുക്കുമ്പോൾ നിങ്ങൾക്ക് ഒരുപാട് അനുഗ്രഹങ്ങൾ കിട്ടും. പക്ഷേ അതേസമയം അത് വലിയൊരു ഉത്തരവാദിത്വവുമാണ്. യഹോവയ്ക്ക് നിങ്ങളെത്തന്നെ സമർപ്പിച്ചപ്പോൾ കൊടുത്ത വാക്ക് പാലിക്കാനുള്ള ഉത്തരവാദിത്വം.
നിങ്ങൾക്ക് അതിനുള്ള സമയമായെന്നു തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ ഏറ്റവു നല്ലൊരു കാര്യമാണ് നിങ്ങൾ ചെയ്യാൻപോകുന്നത്. യഹോവയെ മുഴുഹൃദയത്തോടെ ആരാധിക്കാനും യഹോവയ്ക്ക് സ്വയം സമർപ്പിക്കുമ്പോൾ കൊടുക്കുന്ന വാക്ക് പാലിച്ചുകൊണ്ട് ജീവിക്കാനും ഉള്ള നല്ലൊരു അവസരമാണ് നിങ്ങളുടെ മുന്നിലുള്ളത്.—മത്തായി 22:36, 37.
അടുത്ത അധ്യായത്തിൽ
ജീവിതം വെറുതെ പാഴാക്കിക്കളയാതെ ഏറ്റവും നല്ല വിധത്തിൽ ഉപയോഗപ്പെടുത്താൻ സഹായിക്കുന്ന ലക്ഷ്യങ്ങൾ എങ്ങനെ വെക്കാമെന്നു പഠിക്കുക.
ഓർത്തിരിക്കേണ്ട വാക്യം
“നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധവും ദൈവത്തിനു സ്വീകാര്യവും ആയ ജീവനുള്ള ബലിയായി അർപ്പിച്ചുകൊണ്ട് ചിന്താപ്രാപ്തി ഉപയോഗിച്ചുള്ള വിശുദ്ധസേവനം ചെയ്യുക.”—റോമർ 12:1.
എളുപ്പവഴി
ആത്മീയമായി പുരോഗമിക്കാൻ നിങ്ങളെ സഹായിക്കാൻ പറ്റിയ ഒരാളെ സഭയിൽനിന്ന് കണ്ടുപിടിക്കുക. അതിന് അച്ഛനമ്മമാരുടെ സഹായം ചോദിക്കുക.—പ്രവൃത്തികൾ 16:1-3.
നിങ്ങൾക്ക് അറിയാമോ. . . ?
രക്ഷയ്ക്കുള്ള ‘അടയാളത്തിന്റെ’ ഒരു പ്രധാനഭാഗമാണ് സ്നാനം.—യഹസ്കേൽ 9:4-6.
ചെയ്തുനോക്കൂ!
സ്നാനം എന്ന ലക്ഷ്യത്തിൽ എത്തുന്നതിനുവേണ്ടി, ഞാൻ കൂടുതൽ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ബൈബിൾപഠിപ്പിക്കലുകൾ ഇതൊക്കെയാണ്: ․․․․․
ഈ വിഷയത്തെക്കുറിച്ച് അച്ഛനമ്മമാരോട് ചോദിച്ചറിയാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഇവയാണ്: ․․․․․
നിങ്ങൾക്ക് എന്തു തോന്നുന്നു?
● ഗൗരവമായി എടുക്കേണ്ട ഒരു കാര്യമാണ് സ്നാനം എന്ന് പറയുന്നത് എന്തുകൊണ്ട്?
● ചില ചെറുപ്പക്കാർ സ്നാനമേൽക്കാനുള്ള യോഗ്യത എത്തുന്നതിനുമുമ്പേ അങ്ങനെയൊരു തീരുമാനമെടുത്തേക്കാവുന്നത് എന്തുകൊണ്ട്?
● സമർപ്പിച്ച് സ്നാനമേൽക്കാൻ ചില ചെറുപ്പക്കാർ അനാവശ്യമായി മടിച്ചുനിൽക്കുന്നത് എന്തുകൊണ്ട്?
[ആകർഷകവാക്യം]
“സ്നാനമേറ്റ ആളാണല്ലോ എന്നോർത്തത് ശരിയായ തീരുമാനങ്ങൾ എടുക്കാൻ എന്നെ സഹായിച്ചു. പിന്നീട് ദോഷം ചെയ്തേക്കാവുന്ന തെറ്റായ കാര്യങ്ങൾ ചെയ്യാതിരിക്കാനും സഹായിച്ചു.”—ഹോളി
[ചതുരം/ചിത്രം]
സ്നാനത്തെക്കുറിച്ച് സാധാരണ ചോദിക്കാറുള്ള ചോദ്യങ്ങൾ
സ്നാനം എന്തിന്റെ പ്രതീകമാണ്? വെള്ളത്തിൽ മുങ്ങുമ്പോൾ നിങ്ങൾ നിങ്ങളുടെ ഇഷ്ടപ്രകാരമുള്ള പഴയ ജീവിതം ഉപേക്ഷിക്കുന്നു എന്നാണ് കാണിക്കുന്നത്. വെള്ളത്തിൽനിന്ന് പൊങ്ങുന്നത് ദൈവത്തിന്റെ ഇഷ്ടം ചെയ്തുകൊണ്ടുള്ള പുതിയ ജീവിതം നിങ്ങൾ തുടങ്ങുന്നതിനെയും പ്രതീകപ്പെടുത്തുന്നു.
ജീവിതം യഹോവയ്ക്കു സമർപ്പിക്കുക എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതായിരിക്കും ഇനി നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് യഹോവയ്ക്കു വാക്കുകൊടുക്കുന്നതാണ് സമർപ്പണം. നിങ്ങൾ ഇനി മുതൽ നിങ്ങളുടേതല്ലെന്ന് അർഥം. (മത്തായി 16:24) സ്നാനമേൽക്കുന്നതിന് മുമ്പ് എപ്പോഴെങ്കിലും പ്രാർഥനയിലൂടെ നിങ്ങൾക്ക് അങ്ങനെ ചെയ്യാം. ഇത് ചെയ്യേണ്ടത് വളരെ പ്രധാനമാണ്.
സ്നാനമേൽക്കുന്നതിന് മുമ്പുതന്നെ നിങ്ങൾ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം? ദൈവവചനം പറയുന്നതുപോലെ ജീവിക്കണം. നിങ്ങളുടെ വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോടു പറയണം. പ്രാർഥിച്ചുകൊണ്ടും ബൈബിൾ പഠിച്ചുകൊണ്ടും ദൈവവുമായി നല്ല അടുത്ത ബന്ധം വളർത്തിയെടുക്കണം. നിങ്ങൾ യഹോവയെ ആരാധിക്കുന്നത് നിങ്ങൾക്ക് ആഗ്രഹം തോന്നിയിട്ടായിരിക്കണം. അല്ലാതെ, മറ്റുള്ളവരുടെ നിർബന്ധം കാരണമാകരുത്.
സ്നാനമേൽക്കുന്നതിന് പ്രത്യേക പ്രായപരിധിയുണ്ടോ? പ്രായമല്ല പ്രധാനസംഗതി. എങ്കിലും സമർപ്പണം എന്താണെന്നു മനസ്സിലാക്കാനുള്ള പ്രായവും പക്വതയുമൊക്കെ വേണംതാനും.
നിങ്ങൾക്കു സ്നാനപ്പെടണമെന്നുണ്ട്, പക്ഷേ അച്ഛനും അമ്മയും പറയുന്നു കുറച്ചുകൂടെ കഴിയട്ടെ എന്ന്. അപ്പോൾ എന്തു ചെയ്യണം? ക്രിസ്ത്യാനിയായി ജീവിക്കുന്നതിൽ നിങ്ങൾക്ക് കുറച്ചുകൂടെ പരിചയം വരട്ടെ എന്നായിരിക്കാം അവർക്കു തോന്നുന്നത്. അവർ പറയുന്നതു കേൾക്കുക. യഹോവയുമായുള്ള നിങ്ങളുടെ സൗഹൃദം കൂടുതൽ ശക്തമാക്കാൻ ആ സമയം ഉപയോഗിക്കുക.—1 ശമുവേൽ 2:26.
[ചതുരം]
അഭ്യാസം
സ്നാനമേൽക്കാൻ പ്ലാൻ ചെയ്യുന്നുണ്ടോ?
നിങ്ങൾ അതിനു റെഡിയാണോ എന്ന് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക. ഉത്തരം എഴുതുന്നതിനു മുമ്പ് കൊടുത്തിരിക്കുന്ന വാക്യങ്ങൾ എടുത്തുനോക്കണേ.
യഹോവയിൽ ആശ്രയിക്കുന്നുണ്ടെന്ന് ഇപ്പോൾത്തന്നെ നിങ്ങൾ എങ്ങനെയൊക്കെയാണ് തെളിയിക്കുന്നത്?—സങ്കീർത്തനം 71:5. ․․․․․
ശരിയും തെറ്റും വേർതിരിച്ചറിയാനായി നിങ്ങളുടെ വിവേചനാപ്രാപ്തിയെ പരിശീലിപ്പിക്കുന്നുണ്ടെന്ന് നിങ്ങൾ എങ്ങനെയാണ് കാണിക്കുന്നത്?—എബ്രായർ 5:14. ․․․․․
എത്ര കൂടെക്കൂടെ നിങ്ങൾ പ്രാർഥിക്കാറുണ്ട്? ․․․․․
കാര്യങ്ങൾ എടുത്തുപറഞ്ഞാണോ നിങ്ങൾ പ്രാർഥിക്കുന്നത്? യഹോവയെ നിങ്ങൾ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന് നിങ്ങളുടെ പ്രാർഥനയിൽനിന്ന് വ്യക്തമാണോ?—സങ്കീർത്തനം 17:6. ․․․․․
പ്രാർഥനയുടെ കാര്യത്തിൽ എന്തൊക്കെ മെച്ചപ്പെടുത്താനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ․․․․․
ഒറ്റയ്ക്കിരുന്ന് പതിവായി ബൈബിൾ പഠിക്കാറുണ്ടോ? അതോ വല്ലപ്പോഴും മാത്രമേ ഉള്ളോ?—യോശുവ 1:8. ․․․․․
സ്വന്തമായിരുന്ന് ബൈബിൾ പഠിക്കുമ്പോൾ എന്തൊക്കെ വിഷയങ്ങളെക്കുറിച്ചാണ് പഠിക്കാറ്? ․․․․․
ഒറ്റയ്ക്കിരുന്ന് ബൈബിൾ പഠിക്കുന്ന കാര്യത്തിൽ എന്തൊക്കെ മെച്ചപ്പെടുത്താനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ․․․․․
ശുശ്രൂഷ നന്നായി ചെയ്യാൻ കഴിയുന്നുണ്ടോ? (ഉദാഹരണത്തിന്, അടിസ്ഥാന ബൈബിൾപഠിപ്പിക്കലുകൾ മറ്റുള്ളവർക്കു വിശദീകരിച്ചുകൊടുക്കാൻ നിങ്ങൾക്കു പറ്റുന്നുണ്ടോ? താത്പര്യം കാണിക്കുന്നവർക്കു മടക്കസന്ദർശനങ്ങൾ നടത്താറുണ്ടോ? ഒരു ബൈബിൾപഠനം നടത്തുക എന്ന ലക്ഷ്യത്തിലേക്കു നിങ്ങൾ പുരോഗമിക്കുന്നുണ്ടോ?)
□ ഉണ്ട് □ ഇല്ല
അച്ഛനും അമ്മയും ശുശ്രൂഷയ്ക്കു പോകാത്തപ്പോഴും നിങ്ങൾ പോകുമോ?—പ്രവൃത്തികൾ 5:42.
□ ഉവ്വ് □ ഇല്ല
ശുശ്രൂഷ ചെയ്യുന്ന കാര്യത്തിൽ എന്തൊക്കെ മെച്ചപ്പെടുത്താനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?—2 തിമൊഥെയൊസ് 2:15. ․․․․․
എല്ലാ മീറ്റിങ്ങിനും നിങ്ങൾ ഹാജരാകുന്നുണ്ടോ? അതോ ഇടയ്ക്കൊക്കെ മുടക്കാറുണ്ടോ?—എബ്രായർ 10:25. ․․․․․
മീറ്റിങ്ങുകളിൽ നിങ്ങൾ എങ്ങനെയൊക്കെയാണ് പങ്കെടുക്കുന്നത്? ․․․․․
അച്ഛനും അമ്മയ്ക്കും ഹാജരാകാൻ പറ്റാത്തപ്പോഴും നിങ്ങൾ മീറ്റിങ്ങുകൾക്ക് ഹാജരാകാറുണ്ടോ (അങ്ങനെ ചെയ്യാൻ അവർ നിങ്ങളെ അനുവദിക്കുന്നുണ്ടെങ്കിൽ)?
□ ഉണ്ട് □ ഇല്ല
ദൈവത്തിന്റെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ നിങ്ങൾക്ക് ശരിക്കും ഇഷ്ടമാണോ?—സങ്കീർത്തനം 40:8.
□ അതെ □ അല്ല
കൂട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിക്കൊടുക്കാതെ പിടിച്ചുനിന്ന ചില സന്ദർഭങ്ങൾ പറയാമോ?—റോമർ 12:2. ․․․․․
യഹോവയോടുള്ള നിങ്ങളുടെ സ്നേഹം ശക്തമാക്കിനിറുത്താൻ എന്തൊക്കെ ചെയ്യാനാണ് നിങ്ങൾ പ്ലാൻ ചെയ്യുന്നത്?—യൂദ 20, 21. ․․․․․
നിങ്ങളുടെ അച്ഛനും അമ്മയും യഹോവയെ ആരാധിക്കുന്നത് നിറുത്തിയാലും നിങ്ങൾ യഹോവയെ ആരാധിക്കുമോ?—മത്തായി 10:36, 37.
□ ഉവ്വ് □ ഇല്ല
[ചിത്രം]
സ്നാനം എന്നത് വിവാഹംപോലെതന്നെ ജീവിതത്തെ മാറ്റിമറിക്കുന്ന ഒരു തീരുമാനമാണ്. അതിനെ നിസ്സാരമായി കാണരുത്