പാഠം 23
സ്നാനം—ഒരു നല്ല ഭാവിക്കുവേണ്ടിയുള്ള തുടക്കം
തന്റെ അനുഗാമികൾ സ്നാനമേൽക്കണമെന്ന് യേശു പഠിപ്പിച്ചു. (മത്തായി 28:19, 20 വായിക്കുക.) എന്നാൽ എന്താണ് സ്നാനം? സ്നാനമേൽക്കാൻ ഒരാൾ എന്തൊക്കയാണു ചെയ്യേണ്ടത്?
1. എന്താണ് സ്നാനം?
ബൈബിളിൽ ‘സ്നാനപ്പെടുത്തുക’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദത്തിന് ഗ്രീക്കു ഭാഷയിൽ ഉപയോഗിച്ചിരിക്കുന്നത് ‘വെള്ളത്തിൽ മുക്കുക’ എന്ന് അർഥം വരുന്ന പദമാണ്. യേശു സ്നാനമേറ്റത് യോർദാൻ നദിയിൽ മുങ്ങിയാണ്. അതിനു ശേഷം യേശു “വെള്ളത്തിൽനിന്ന് കയറി” എന്ന് നമ്മൾ ബൈബിളിൽ വായിക്കുന്നു. (മർക്കോസ് 1:9, 10) ഇതുപോലെ യഥാർഥ ക്രിസ്ത്യാനികളും വെള്ളത്തിൽ പൂർണമായി മുങ്ങിയാണ് സ്നാനമേൽക്കുന്നത്.
2. സ്നാനം എന്തിന്റെ തെളിവാണ്?
ഒരാൾ സ്നാനമേൽക്കുമ്പോൾ ആ വ്യക്തി ദൈവമായ യഹോവയ്ക്ക് തന്നെത്തന്നെ സമർപ്പിച്ചു എന്നു കാണിക്കുകയാണ്. ദൈവത്തിനു സമർപ്പിക്കുക എന്നാൽ എന്താണ്? ഒരു വ്യക്തി സ്നാനമേൽക്കുന്നതിനു മുമ്പ് ദൈവത്തോട് വ്യക്തിപരമായ ഒരു പ്രാർഥനയിൽ, താൻ ഇനി എന്നും യഹോവയെ സേവിച്ചുകൊള്ളാമെന്ന് വാക്കുകൊടുക്കുന്നതാണ് സമർപ്പണം. അതിന്റെ അർഥം ആ വ്യക്തി ഇനി യഹോവയെ മാത്രമേ ആരാധിക്കൂ എന്നാണ്. കൂടാതെ, ജീവിതത്തിൽ യഹോവയുടെ ഇഷ്ടം ചെയ്യുന്നതിനായിരിക്കും അദ്ദേഹം ഏറ്റവും പ്രാധാന്യം കൊടുക്കുക. മാത്രമല്ല, യേശുവിന്റെ ഉപദേശങ്ങൾ അനുസരിച്ചുകൊണ്ടും മാതൃക പകർത്തിക്കൊണ്ടും ആ വ്യക്തി “സ്വയം ത്യജിച്ച്” യേശുവിനെ ‘അനുഗമിക്കാൻ’ തീരുമാനിക്കുകയാണ്. (മത്തായി 16:24) സമർപ്പിച്ച് സ്നാനമേൽക്കുന്ന ഒരു വ്യക്തിക്കു ദൈവമായ യഹോവയോടും സഹാരാധകരോടും ഒരു അടുത്ത സുഹൃദ്ബന്ധത്തിലേക്കു വരാൻ കഴിയും.
3. സ്നാനമേൽക്കുന്നതിനു മുമ്പ് ഒരു വ്യക്തി എന്തൊക്കെ ചെയ്യണം?
യഹോവയെക്കുറിച്ച് നന്നായി പഠിച്ചുകൊണ്ടും യഹോവയിലുള്ള വിശ്വാസം ശക്തമാക്കിക്കൊണ്ടും നിങ്ങൾക്കു സ്നാനത്തിനായി തയ്യാറെടുക്കാൻ കഴിയും. (എബ്രായർ 11:6 വായിക്കുക.) അറിവും വിശ്വാസവും കൂടുമ്പോൾ യഹോവയോടുള്ള സ്നേഹവും കൂടും. പഠിച്ച കാര്യങ്ങൾ മറ്റുള്ളവരോടു പറയാനും യഹോവ ആഗ്രഹിക്കുന്ന വിധത്തിൽ ജീവിക്കാനും യഹോവയോടുള്ള സ്നേഹം നിങ്ങളെ പ്രേരിപ്പിക്കും. (2 തിമൊഥെയൊസ് 4:2; 1 യോഹന്നാൻ 5:3) ദൈവത്തിന് ‘ഇഷ്ടപ്പെട്ട വിധത്തിൽ നടക്കുകയും ദൈവത്തെ പൂർണമായി പ്രസാദിപ്പിക്കാൻ’ ആത്മാർഥമായി ശ്രമിക്കുകയും ചെയ്യുന്ന ഒരാൾ, തന്റെ ജീവിതം ദൈവത്തിനു സമർപ്പിച്ച് സ്നാനമേൽക്കാൻ തീരുമാനിച്ചേക്കാം.—കൊലോസ്യർ 1:9, 10.a
ആഴത്തിൽ പഠിക്കാൻ
യേശുവിന്റെ സ്നാനത്തിൽനിന്ന് എന്തൊക്കെ കാര്യങ്ങൾ പഠിക്കാമെന്നും സ്നാനമെന്ന പ്രധാനപ്പെട്ട ലക്ഷ്യത്തിൽ എത്താൻ എങ്ങനെ ഒരുങ്ങാമെന്നും നോക്കാം.
4. യേശുവിന്റെ സ്നാനത്തിൽനിന്ന് പഠിക്കാം
യേശുവിന്റെ സ്നാനത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ മത്തായി 3:13-17 വായിക്കുക. എന്നിട്ട് ഈ ചോദ്യങ്ങൾ ചർച്ച ചെയ്യുക:
സ്നാനമേറ്റ സമയത്ത് യേശു ഒരു ശിശുവായിരുന്നോ?
എങ്ങനെയാണ് യേശുവിനെ സ്നാനപ്പെടുത്തിയത്? വെള്ളം തളിച്ചാണോ?
ദൈവം തന്നെ ഏൽപ്പിച്ച പ്രത്യേക ഉത്തരവാദിത്വം സ്നാനമേറ്റതിനു ശേഷമാണ് യേശു ചെയ്യാൻ തുടങ്ങിയത്. ലൂക്കോസ് 3:21-23; യോഹന്നാൻ 6:38 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
സ്നാനമേറ്റതിനു ശേഷം യേശു ഏതു കാര്യത്തിനാണ് തന്റെ ജീവിതത്തിൽ ഒന്നാം സ്ഥാനം കൊടുത്തത്?
5. നിങ്ങൾക്കും സ്നാനമെന്ന ലക്ഷ്യത്തിൽ എത്താം
ദൈവത്തിനു ജീവിതം സമർപ്പിക്കുക, സ്നാനപ്പെടുക എന്നൊക്കെ കേൾക്കുമ്പോൾ നമുക്ക് ആദ്യം ഒരു ഉത്കണ്ഠ തോന്നിയേക്കാം. എന്നാൽ യഹോവയെക്കുറിച്ച് പഠിക്കുന്നതിൽ തുടരുക. അപ്പോൾ സ്നാനമേൽക്കാനുള്ള ആത്മവിശ്വാസം നിങ്ങൾക്കു കിട്ടും. അങ്ങനെ ചെയ്ത ചിലരെ പരിചയപ്പെടുന്നതിനായി വീഡിയോ കാണുക.
യോഹന്നാൻ 17:3; യാക്കോബ് 1:5 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
സ്നാനത്തിനു തയ്യാറെടുക്കാൻ ഒരാളെ സഹായിക്കുന്നത് എന്താണ്?
യഹോവയെ എന്നും സേവിച്ചുകൊള്ളാമെന്ന് പ്രാർഥനയിൽ വാക്കുകൊടുക്കുന്നതാണ് സമർപ്പണം
നമ്മളെത്തന്നെ ദൈവത്തിനു സമർപ്പിച്ചു എന്ന് സ്നാനസമയത്ത് നമ്മൾ ചുറ്റുമുള്ളവർക്കു കാണിച്ചുകൊടുക്കുകയാണ്
6. സ്നാനപ്പെടുമ്പോൾ നമ്മൾ യഹോവയുടെ കുടുംബത്തിന്റെ ഭാഗമാകുന്നു
സ്നാനമേറ്റു കഴിയുമ്പോൾ നമ്മൾ ലോകമെങ്ങുമുള്ള ഒരു കുടുംബത്തിന്റെ ഭാഗമായിത്തീരുകയാണ്. നമ്മൾ പല ദേശങ്ങളിലും പശ്ചാത്തലങ്ങളിലും നിന്നുള്ളവരാണ്. എങ്കിലും നമുക്കെല്ലാം ഒരേ വിശ്വാസങ്ങളാണ് ഉള്ളത്. ശരിയും തെറ്റും സംബന്ധിച്ച് നമുക്കുള്ള നിലവാരങ്ങളും ഒന്നാണ്. സങ്കീർത്തനം 25:14; 1 പത്രോസ് 2:17 എന്നീ വാക്യങ്ങൾ വായിക്കുക. എന്നിട്ട് ഈ ചോദ്യം ചർച്ച ചെയ്യുക:
ഒരാൾ സ്നാനമേറ്റു കഴിയുമ്പോൾ യഹോവയുമായും സഹാരാധകരുമായും ഉള്ള ബന്ധത്തിൽ എന്തു മാറ്റമാണ് ഉണ്ടാകുന്നത്?
ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ: “ഞാൻ സ്നാനപ്പെടാറൊന്നുമായിട്ടില്ല. കുറച്ചുകൂടെ കഴിയട്ടെ.”
നിങ്ങൾക്കും അങ്ങനെയാണോ തോന്നുന്നത്? അങ്ങനെയാണെങ്കിൽ സ്നാനമേൽക്കുക എന്ന ലക്ഷ്യംവെച്ച് പ്രവർത്തിക്കാൻ കഴിയുമോ?
ചുരുക്കത്തിൽ
തന്റെ അനുഗാമികൾ സ്നാനമേൽക്കണമെന്ന് യേശു പഠിപ്പിച്ചു. അതിന് ഒരു വ്യക്തി യഹോവയിലുള്ള വിശ്വാസം ശക്തമാക്കണം, യഹോവയുടെ നിലവാരങ്ങൾ അനുസരിച്ച് ജീവിക്കണം, തന്നെത്തന്നെ യഹോവയ്ക്ക് സമർപ്പിക്കണം.
ഓർക്കുന്നുണ്ടോ?
എന്താണ് സ്നാനം? അതു വളരെ പ്രധാനപ്പെട്ടത് ആയിരിക്കുന്നത് എന്തുകൊണ്ട്?
സമർപ്പണവും സ്നാനവും തമ്മിലുള്ള ബന്ധം എന്താണ്?
സമർപ്പിച്ച് സ്നാനമേൽക്കാൻ എങ്ങനെ ഒരുങ്ങാം?
കൂടുതൽ മനസ്സിലാക്കാൻ
സ്നാനം എന്താണെന്നു കൂടുതലായി മനസ്സിലാക്കാം.
ഒരാൾക്ക് സ്നാനമെന്ന പടിയിലേക്ക് എങ്ങനെ പുരോഗമിക്കാം?
വികാരത്തിന്റെ പുറത്ത് എടുക്കേണ്ട ഒരു തീരുമാനമല്ല സ്നാനം എന്ന കാര്യം വ്യക്തമാക്കുന്ന ഒരു അനുഭവം വായിക്കുക.
“ഞാൻ സത്യം സ്വയം കണ്ടെത്താൻ അവർ ആഗ്രഹിച്ചു” (വെബ്സൈറ്റിലെ ലേഖനം)
നിങ്ങൾക്കു വെക്കാൻ കഴിയുന്ന ഒരു ലക്ഷ്യമാണ് സ്നാനം. അതിനുവേണ്ടി എങ്ങനെ ഒരുങ്ങാം?
a മുമ്പ് മറ്റൊരു മതത്തിൽ സ്നാനമേറ്റ ഒരു വ്യക്തിയാണെങ്കിൽപ്പോലും വീണ്ടും സ്നാനമേൽക്കണം. കാരണം ആ മതം ബൈബിളിലുള്ള സത്യങ്ങളെക്കുറിച്ച് പഠിപ്പിച്ചിട്ടില്ല.—പ്രവൃത്തികൾ 19:1-5 വാക്യങ്ങളും ഈ പുസ്തകത്തിന്റെ 13-ാം പാഠവും കാണുക.