അധ്യായം 20
കാനായിലെ രണ്ടാമത്തെ അത്ഭുതം
മർക്കോസ് 1:14, 15; ലൂക്കോസ് 4:14, 15; യോഹന്നാൻ 4:43-54
“ദൈവരാജ്യം അടുത്തിരിക്കുന്നു” എന്നു യേശു പ്രസംഗിക്കുന്നു
അകലെയിരുന്നുകൊണ്ട് യേശു ഒരു ആൺകുട്ടിയെ സുഖപ്പെടുത്തുന്നു
രണ്ടു ദിവസത്തോളം ശമര്യയിൽ താമസിച്ചിട്ട് യേശു സ്വന്തം നാട്ടിലേക്കു പോകുന്നു. യഹൂദ്യയിലെ വിപുലമായ പ്രസംഗപ്രവർത്തനത്തിനു ശേഷം യേശു ഇപ്പോൾ ഗലീലയിലേക്കു പോകുന്നത് വിശ്രമിക്കാനല്ല. പകരം താൻ ജനിച്ചുവളർന്ന സ്ഥലത്ത് അതിലും വലിയ ശുശ്രൂഷ ആരംഭിക്കാനാണ്. അവിടെ ആളുകൾ തന്നെ സ്വീകരിക്കുമെന്നൊന്നും യേശു പ്രതീക്ഷിക്കുന്നില്ല. കാരണം “ഒരു പ്രവാചകനും സ്വന്തം നാട്ടിൽ ബഹുമതി കിട്ടില്ല” എന്ന് യേശുതന്നെ പറഞ്ഞിരുന്നു. (യോഹന്നാൻ 4:44) യേശുവിന്റെകൂടെ നിൽക്കുന്നതിനു പകരം ശിഷ്യന്മാർ സ്വന്തം വീടുകളിലേക്കു പോകുന്നു. എന്നിട്ട് അവരുടെ പഴയ ജോലി വീണ്ടും ആരംഭിക്കുന്നു.
എന്തു സന്ദേശമാണു യേശു പ്രസംഗിച്ചുതുടങ്ങുന്നത്? “ദൈവരാജ്യം അടുത്തിരിക്കുന്നു. മാനസാന്തരപ്പെടൂ! ഈ സന്തോഷവാർത്തയിൽ വിശ്വാസമുള്ളവരായിരിക്കൂ” എന്നതാണ് ആ സന്ദേശം. (മർക്കോസ് 1:15) ഇതു കേൾക്കുമ്പോൾ ആളുകൾ എന്തു ചെയ്യുന്നു? പല ഗലീലക്കാരും യേശുവിനെ സന്തോഷത്തോടെ സ്വീകരിക്കുന്നു, ആദരിക്കുന്നു. ഇത് യേശുവിന്റെ സന്ദേശം കേട്ടതുകൊണ്ട് മാത്രമല്ല. മാസങ്ങൾക്കു മുമ്പ് പെസഹയുടെ സമയത്ത് യരുശലേമിലുണ്ടായിരുന്ന ചില ഗലീലക്കാർ യേശു ചെയ്ത അത്ഭുതങ്ങൾ കണ്ടിരുന്നു.—യോഹന്നാൻ 2:23.
യേശു ഗലീലയിലെ വലിയ ശുശ്രൂഷ ആരംഭിക്കുന്നത് എവിടെയാണ്? സാധ്യതയനുസരിച്ച് കാനായിൽ. അവിടെവെച്ചാണല്ലോ ഒരു കല്യാണസദ്യയുടെ സമയത്ത് യേശു വെള്ളം വീഞ്ഞാക്കിയത്. രണ്ടാം പ്രാവശ്യം അവിടെ എത്തുമ്പോൾ ഒരു കുട്ടി രോഗംപിടിപെട്ട് മരിക്കാറായിരിക്കുന്നതായി യേശു അറിയുന്നു. ഹെരോദ് അന്തിപ്പാസിന്റെ കൊട്ടാരത്തിൽ ജോലി ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്റെ മകനാണ് ഈ കുട്ടി. ഈ ഹെരോദാണ് പിന്നീട് സ്നാപകയോഹന്നാന്റെ തല വെട്ടാൻ ഉത്തരവിടുന്നത്. യേശു യഹൂദ്യയിൽനിന്ന് കാനായിൽ എത്തിയിരിക്കുന്നതായി ഈ ഉദ്യോഗസ്ഥൻ കേൾക്കുന്നു. അതുകൊണ്ട് അദ്ദേഹം യേശുവിനെ കാണാൻ കഫർന്നഹൂമിലെ വീട്ടിൽനിന്ന് കാനായിലേക്കു പോകുന്നു. വലിയ സങ്കടത്തോടെ ആ ഉദ്യോഗസ്ഥൻ യേശുവിനോട്, “കർത്താവേ, എന്റെ കുഞ്ഞു മരിച്ചുപോകുന്നതിനു മുമ്പേ വരേണമേ” എന്നു പറയുന്നു.—യോഹന്നാൻ 4:49.
ഇദ്ദേഹത്തെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് യേശു പറയുന്നു: “പൊയ്ക്കൊള്ളൂ. മകന്റെ രോഗം ഭേദമായി.” (യോഹന്നാൻ 4:50) ആ ഉദ്യോഗസ്ഥൻ യേശുവിന്റെ വാക്കുകൾ വിശ്വസിച്ച് വീട്ടിലേക്കു മടങ്ങുന്നു. തന്നെ കാണാൻ തിരക്കിട്ട് വരുന്ന അടിമകളെ അദ്ദേഹം വഴിയിൽവെച്ച് കാണുന്നു. ഒരു സന്തോഷവാർത്ത അറിയിക്കാനാണ് അവർ വരുന്നത്. അതെ, അദ്ദേഹത്തിന്റെ മകൻ സുഖമായി ജീവനോടെയിരിക്കുന്നു! ‘എപ്പോഴാണ് അവന്റെ രോഗം മാറിയത്’ എന്ന് അയാൾ തിരക്കുന്നു. കാര്യങ്ങളൊക്കെ ഒന്നു കൂട്ടിവായിക്കാൻ ശ്രമിക്കുകയാണ് അദ്ദേഹം.
“ഇന്നലെ ഏഴാം മണി നേരത്ത് അവന്റെ പനി വിട്ടു” എന്ന് അവർ പറഞ്ഞു.—യോഹന്നാൻ 4:52.
“മകന്റെ രോഗം ഭേദമായി” എന്നു യേശു പറഞ്ഞ അതേ സമയത്താണ് ഇതു നടന്നതെന്ന് ഉദ്യോഗസ്ഥനു മനസ്സിലാകുന്നു. അതിനു ശേഷം ഈ വ്യക്തിയും വീട്ടിലുള്ള എല്ലാവരും യേശുവിന്റെ ശിഷ്യന്മാരാകുന്നു. ധാരാളം അടിമകളുള്ള ഒരു പണക്കാരനാണ് അദ്ദേഹം.
അങ്ങനെ യേശു കാനായിൽവെച്ച് രണ്ട് അത്ഭുതങ്ങൾ ചെയ്യുന്നു: വെള്ളം വീഞ്ഞാക്കുന്നു, പിന്നീട് ഏതാണ്ട് 26 കിലോമീറ്റർ അകലെയുള്ള ഒരു ആൺകുട്ടിയെ സുഖപ്പെടുത്തുന്നു. യേശു വേറെയും അത്ഭുതങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ ഈ രണ്ടാമത്തെ അത്ഭുതത്തിന് ഒരു പ്രാധാന്യമുണ്ട്. കാരണം യേശു ഗലീലയിൽ തിരിച്ചെത്തി എന്നതിന്റെ സൂചനയാണ് ഇത്. ദൈവത്തിന്റെ അംഗീകാരമുള്ള ഒരു പ്രവാചകനാണ് യേശു എന്നതു ശരിയാണ്. പക്ഷേ ‘സ്വന്തം നാട്ടിൽ ഈ പ്രവാചകന് എത്രത്തോളം ബഹുമതി’ കിട്ടും?
യേശു സ്വന്തം നാടായ നസറെത്തിൽ മടങ്ങിയെത്തുമ്പോൾ അതു വ്യക്തമാകും. അവിടെ യേശുവിനെ കാത്തിരിക്കുന്നത് എന്താണ്?