യേശുവിന്റെ ജീവിതവും ശുശ്രൂഷയും
യഹോവാരാധനയോടുള്ള തീക്ഷ്ണത
കാനായിലെ കല്യാണത്തിൽ സംബന്ധിച്ചശേഷം, യേശു ഗലീലക്കടലിന്റെ സമീപത്തുള്ള ഒരു പട്ടണമായ കഫർന്നഹൂമിലേക്ക് യാത്ര തിരിക്കുന്നു. അവനോടുകൂടെ അവന്റെ ശിഷ്യൻമാരും അവന്റെ അമ്മയും അവന്റെ സഹോദരൻമാരായ യാക്കോബും യോസേഫും ശീമോനും യൂദായുമുണ്ട്. എന്നാൽ ഈ യാത്ര തുടങ്ങുന്നതിനുമുമ്പ് അവർ കുടുംബാംഗങ്ങൾക്ക് ആവശ്യമുള്ള സാധനങ്ങൾ പായ്ക്ക് ചെയ്യുന്നതിനുവേണ്ടി നസ്രേത്തിലെ യേശുവിന്റെ വീട്ടിൽ അല്പസമയം ചെലവഴിച്ചിരിക്കാം.
എന്നാൽ യേശു തന്റെ ശുശ്രൂഷ കാനായിലോ നസ്രേത്തിലോ ഗലീലയിലെ മറേറതെങ്കിലും മലമ്പ്രദേശത്തോ നിർവ്വഹിക്കുന്നതിനു പകരം കഫർന്നഹൂമിലേക്ക് പോകുന്നത് എന്തുകൊണ്ടാണ്? ഒരു സംഗതി, കഫർന്നഹൂം വളരെ പ്രധാനപ്പെട്ട ഒരു സ്ഥലവും വാസ്തവത്തിൽ ഒരു വലിയ നഗരവുമാണ്. കൂടാതെ, യേശുവിന്റെ പുതുശിഷ്യൻമാരിൽ അനേകരും കഫർന്നഹൂമിലോ അതിന്റെ പരിസരത്തോ ആണ് താമസിക്കുന്നത്. അതുകൊണ്ട് അവർക്ക് യേശുവിൽനിന്ന് പരിശീലനം ലഭിക്കാൻ തങ്ങളുടെ ഭവനങ്ങൾ വിട്ടുപോകേണ്ടതില്ല.
കഫർന്നഹൂമിലെ താമസവേളയിൽ യേശു ആശ്ചര്യപ്രവൃത്തികൾ ചെയ്യുന്നു. അവൻതന്നെ അത് കുറെ മാസങ്ങൾക്ക് ശേഷം സാക്ഷ്യപ്പെടുത്തുന്നുണ്ട്. എന്നാൽ അധികം താമസിയാതെ യേശുവും അവന്റെ കൂട്ടുകാരും വീണ്ടും യാത്ര തുടങ്ങുന്നു. ഇത് വസന്തകാലമാണ്. അവർ പൊ. യു. 30-ലെ പെസഹാ പെരുന്നാളിൽ സംബന്ധിക്കാൻ യെരൂശലേമിലേക്ക് പോവുകയാണ്. അവിടെ വച്ച് അവന്റെ ശിഷ്യൻമാർ ഒരുപക്ഷെ മുമ്പ് കണ്ടിട്ടില്ലാത്ത ചിലത് യേശു ചെയ്യുന്നതായി കാണുന്നു.
ദൈവത്തിന്റെ ന്യായപ്രമാണമനുസരിച്ച് യിസ്രായേല്യർ മൃഗബലികൾ ചെയ്യേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് ഈ ഉദ്ദേശ്യത്തിൽ, അവരുടെ സൗകര്യാർത്ഥം, യെരൂശലേമിലെ കച്ചവടക്കാർ മൃഗങ്ങളെയും പക്ഷികളെയും വിററഴിക്കുകയാണ്. പക്ഷേ അവർ ആലയത്തിനുള്ളിൽത്തന്നെയാണ് കച്ചവടം നടത്തുന്നത്. മാത്രമല്ല, അവർ അമിതമായ വില വാങ്ങിക്കൊണ്ട് ആളുകളെ വഞ്ചിക്കുന്നുമുണ്ട്.
രോഷം പൂണ്ട്, യേശു കയറുകൊണ്ട് ഒരു ചമ്മട്ടിയുണ്ടാക്കി കച്ചവടക്കാരെ ചുഴററിയോടിക്കുന്നു. അവൻ പൊൻവാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞുകൊണ്ട് അവരുടെ മേശകൾ മറിച്ചിടുന്നു. “ഇവ ഇവിടെനിന്ന് കൊണ്ടുപോകുവിൻ!” പ്രാവുകളെ വിൽക്കുന്നവരോട് അവൻ വിളിച്ചുപറഞ്ഞു. “എന്റെ പിതാവിന്റെ ഭവനം വാണിഭശാലയാക്കുന്നത് നിർത്തുവിൻ.”
യേശുവിന്റെ ശിഷ്യൻമാർ ഇത് കാണുകയിൽ ദൈവപുത്രനെക്കുറിച്ചുള്ള പ്രവചനം ഓർക്കുന്നു: “നിന്റെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ തിന്നുകളയും.” എന്നാൽ യഹൂദൻമാർ ഇപ്രകാരം ചോദിക്കുന്നു: “നീ ഈ കാര്യങ്ങൾ ചെയ്യുന്നതിനാൽ, ഞങ്ങളെ കാണിക്കുന്നതിന് നിന്റെ പക്കൽ എന്ത് അടയാളമാണുള്ളത്? “യേശു ഇപ്രകാരം ഉത്തരം നൽകുന്നു: “ഈ മന്ദിരം പൊളിപ്പിൻ, ഞാൻ മൂന്ന് ദിവസത്തിനകം ഇത് പണിയും.”
യേശു അക്ഷരീയ ആലയത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് യഹൂദൻമാർ വിചാരിക്കുന്നു. എന്നാൽ അവൻ തന്റെ ശരീരമാകുന്ന മന്ദിരത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷം അവൻ മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേററപ്പോൾ അവന്റെ ശിഷ്യൻമാർ അവൻ പറഞ്ഞത് ഓർത്തു. യോഹന്നാൻ 2:12-22; മത്തായി 13:55; ലൂക്കോസ് 4:23.
◆ കാനായിലെ കല്യാണത്തിനുശേഷം യേശു ഏതു സ്ഥലങ്ങളിലേക്കാണ് യാത്ര തിരിക്കുന്നത്?
◆ യേശു രോഷാകുലനാകുന്നതെന്തുകൊണ്ട്, അവൻ എന്ത് ചെയ്യുന്നു?
◆ അവന്റെ പ്രവർത്തനങ്ങൾ കാണുകയിൽ യേശുവിന്റെ ശിഷ്യൻമാർക്ക് എന്ത് ഓർമ്മ വരുന്നു?
◆ യേശു “ഈ മന്ദിര”ത്തെക്കുറിച്ച് എന്ത് പറഞ്ഞു, അവൻ എന്താണ് അർത്ഥമാക്കിയത്? (w85 11/15)