അധ്യായം 75
സന്തോഷത്തിന്റെ ഉറവിടം യേശു വെളിപ്പെടുത്തുന്നു
‘ദൈവത്തിന്റെ വിരൽകൊണ്ട് ’ ഭൂതങ്ങളെ പുറത്താക്കുന്നു
യഥാർഥസന്തോഷത്തിന്റെ ഉറവിടം
പ്രാർഥനയെക്കുറിച്ചുള്ള നിർദേശങ്ങൾ യേശു അങ്ങനെ ആവർത്തിച്ചു. പക്ഷേ ശുശ്രൂഷയ്ക്കിടയിൽ ഈ വിഷയത്തെക്കുറിച്ച് മാത്രമല്ല യേശു ഒന്നിലധികം പ്രാവശ്യം സംസാരിച്ചിട്ടുള്ളത്. ഗലീലയിൽ അത്ഭുതങ്ങൾ ചെയ്ത സമയത്ത് യേശു അതെല്ലാം ചെയ്തത് ഭൂതങ്ങളുടെ അധിപന്റെ ശക്തികൊണ്ടാണെന്നുള്ള ആരോപണമുണ്ടായി. ഇപ്പോൾ യഹൂദ്യയിലും അതേ ആരോപണമുണ്ടാകുന്നു.
ഭൂതം ബാധിച്ചിട്ട് സംസാരിക്കാൻ കഴിയാതിരുന്ന ഒരാളിൽനിന്ന് യേശു ഭൂതത്തെ പുറത്താക്കിയപ്പോൾ ആളുകൾ അതിശയിക്കുന്നു. പക്ഷേ എതിരാളികൾ അത് അംഗീകരിക്കാൻ കൂട്ടാക്കുന്നില്ല. അവർ മുമ്പത്തെ അതേ വ്യാജാരോപണം വീണ്ടും ഉന്നയിക്കുന്നു: “ഭൂതങ്ങളുടെ അധിപനായ ബയെത്സെബൂബിനെക്കൊണ്ടാണ് ഇവൻ ഭൂതങ്ങളെ പുറത്താക്കുന്നത്.” (ലൂക്കോസ് 11:15) മറ്റുള്ളവരാണെങ്കിൽ യേശു ആരാണെന്നുള്ളതിന്റെ കൂടുതലായ തെളിവുകൾ ആവശ്യപ്പെടുന്നു. അവർക്കു സ്വർഗത്തിൽനിന്ന് ഒരു അടയാളം വേണം!
എതിരാളികൾ തന്നെ പരീക്ഷിക്കാൻ നോക്കുകയാണെന്നു മനസ്സിലാക്കിയ യേശു ഗലീലയിലെ എതിരാളികളോടു പറഞ്ഞ അതേ മറുപടി ഇവരോടും പറയുന്നു. ആളുകൾ പരസ്പരം പോരടിക്കുന്ന രാജ്യം നശിച്ചുപോകും. “അതുപോലെതന്നെ സാത്താൻ തന്നോടുതന്നെ പോരാടുന്നെങ്കിൽ അവന്റെ രാജ്യം എങ്ങനെ നിലനിൽക്കും” എന്ന് യേശു ചോദിക്കുന്നു. എന്നിട്ട് യേശു അവരോടു പറയുന്നു: “എന്നാൽ ദൈവത്തിന്റെ വിരലിനാലാണു ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നതെങ്കിൽ ഉറപ്പായും ദൈവരാജ്യം നിങ്ങളെ കടന്നുപോയിരിക്കുന്നു.”—ലൂക്കോസ് 11:18-20, അടിക്കുറിപ്പ്.
‘ദൈവത്തിന്റെ വിരലിനെക്കുറിച്ച് ’ യേശു പറഞ്ഞപ്പോൾ ഇസ്രായേലിന്റെ ചരിത്രത്തിന്റെ ആദ്യകാലത്ത് നടന്ന ചില സംഭവങ്ങൾ കേൾവിക്കാരുടെ മനസ്സിലേക്കു വന്നിരിക്കണം. ഫറവോന്റെ കൊട്ടാരത്തിൽ മോശ അത്ഭുതം ചെയ്യുന്നതു കണ്ട് അവിടെയുള്ളവർ “ഇതു ദൈവത്തിന്റെ വിരലാണ്!” എന്നു പറഞ്ഞു. പത്തു കല്പനകൾ രണ്ടു കൽപ്പലകകളിൽ എഴുതിയതും “ദൈവത്തിന്റെ വിരൽ”കൊണ്ടുതന്നെയാണ്. (പുറപ്പാട് 8:19; 31:18) അതേപോലെ “ദൈവത്തിന്റെ വിരൽ,” ആണ് ഭൂതങ്ങളെ പുറത്താക്കാനും രോഗികളെ സുഖപ്പെടുത്താനും യേശുവിനെ സഹായിക്കുന്നത്. പരിശുദ്ധാത്മാവിനെ അഥവാ ചലനാത്മകശക്തിയെ ആണ് “ദൈവത്തിന്റെ വിരൽ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെ ദൈവരാജ്യത്തിന്റെ നിയുക്തരാജാവായ യേശു ഈ അത്ഭുതങ്ങളൊക്കെ ചെയ്തുകൊണ്ട് അവരുടെ ഇടയിൽത്തന്നെ ഉള്ളതിനാൽ ദൈവരാജ്യം ഈ എതിരാളികളെ കടന്നുപോയിരിക്കുന്നു.
ഭൂതങ്ങളെ പുറത്താക്കാനുള്ള യേശുവിന്റെ കഴിവ് സാത്താന്റെ മേലുള്ള യേശുവിന്റെ ശക്തിയുടെയും അധികാരത്തിന്റെയും തെളിവാണ്. ആയുധം ധരിച്ച് കൊട്ടാരത്തിനു കാവൽനിൽക്കുന്ന ആളെ ശക്തനായ ഒരാൾ വന്ന് കീഴ്പെടുത്തുന്നതുപോലെയാണ് അത്. ഒരു മനുഷ്യനെ വിട്ട് പുറത്ത് പോകുന്ന അശുദ്ധാത്മാവിനെക്കുറിച്ചുള്ള ദൃഷ്ടാന്തവും യേശു ആവർത്തിക്കുന്നു. അശുദ്ധാത്മാവ് പോയപ്പോഴുണ്ടായ ആ ഒഴിവ് നല്ല കാര്യങ്ങൾകൊണ്ട് നിറയ്ക്കുന്നില്ലെങ്കിൽ അതു വേറെ ഏഴ് ആത്മാക്കളെ കൂട്ടിക്കൊണ്ട് അവിടേക്കു മടങ്ങി വരും. അങ്ങനെ ആ മനുഷ്യന്റെ അവസ്ഥ മുമ്പത്തെക്കാൾ ഏറെ വഷളായിത്തീരുന്നു. (മത്തായി 12:22, 25-29, 43-45) ഇസ്രായേൽ ജനതയുടെ സ്ഥിതിയും അതുതന്നെയാണ്.
യേശു പറയുന്നതെല്ലാം കേട്ടുകൊണ്ടിരുന്ന ഒരു സ്ത്രീ പെട്ടെന്ന് ഇങ്ങനെ വിളിച്ചുപറയുന്നു: “അങ്ങയെ ചുമന്ന വയറും അങ്ങ് കുടിച്ച മുലകളും അനുഗൃഹീതം!” ജൂതസ്ത്രീകൾ ഒരു പ്രവാചകന്റെ അമ്മയായിരിക്കുന്നതു സ്വപ്നം കണ്ടിരുന്നു, പ്രത്യേകിച്ച് മിശിഹയുടെ. അതുകൊണ്ട് ഇത്തരത്തിലുള്ള ഒരു അധ്യാപകന്റെ അമ്മയായ മറിയയ്ക്ക് എത്രമാത്രം സന്തോഷിക്കാമെന്ന് ഈ സ്ത്രീ ഒരുപക്ഷേ ചിന്തിക്കുന്നുണ്ടാകും. എന്നാൽ യേശു ആ സ്ത്രീയെ തിരുത്തുന്നു. യേശു പറയുന്നു: “അല്ല, ദൈവത്തിന്റെ വചനം കേട്ടനുസരിക്കുന്നവരാണ് സന്തുഷ്ടർ.” അങ്ങനെ യഥാർഥസന്തോഷത്തിന്റെ ഉറവിടം ഏതാണെന്ന് യേശു വ്യക്തമാക്കുന്നു. (ലൂക്കോസ് 11:27, 28, അടിക്കുറിപ്പ്) മറിയയ്ക്ക് പ്രത്യേകബഹുമതി കൊടുക്കാൻ യേശു ഒരിക്കലും പറഞ്ഞിട്ടില്ല. രക്തബന്ധങ്ങളോ ഏതെങ്കിലും നേട്ടങ്ങളോ അല്ല, ദൈവത്തിന്റെ വിശ്വസ്തദാസരിൽ ഒരാളായിരിക്കുന്നതാണ് ഒരു സ്ത്രീക്കോ പുരുഷനോ യഥാർഥസന്തോഷം കൈവരുത്തുന്നത്.
സ്വർഗത്തിൽനിന്ന് അടയാളം ചോദിച്ചതിന്, യേശു ഗലീലയിൽ ചെയ്തതുപോലെതന്നെ ഇവിടെയും ആളുകളെ ശകാരിക്കുന്നു. “യോനയുടെ അടയാളമല്ലാതെ” മറ്റൊരു അടയാളവും അവർക്കു ലഭിക്കില്ലെന്നു യേശു പറയുന്നു. യോന മൂന്നു ദിവസം മത്സ്യത്തിന്റെ വയറ്റിലായിരുന്നതും നിനെവെക്കാർ മാനസാന്തരപ്പെടുന്നതിനുവേണ്ടി ധൈര്യത്തോടെ പ്രസംഗിച്ചതും ഒരു അടയാളമായിരുന്നു. യേശു പറയുന്നു: “എന്നാൽ ഇവിടെ ഇതാ, യോനയെക്കാൾ വലിയവൻ!” (ലൂക്കോസ് 11:29-32) യേശു ശലോമോനെക്കാളും വലിയവനാണ്. ശലോമോന്റെ ജ്ഞാനം കേൾക്കാനാണല്ലോ ശേബയിലെ രാജ്ഞി വന്നത്.
“വിളക്കു കത്തിച്ച് ആരും ഒളിച്ചുവെക്കാറില്ല, കൊട്ടകൊണ്ട് മൂടിവെക്കാറുമില്ല. പകരം, . . . വിളക്കുതണ്ടിലാണു വെക്കുക” എന്ന് യേശു പറയുന്നു. (ലൂക്കോസ് 11:33) ഈ ആളുകളുടെ മുന്നിൽ അത്ഭുതം ചെയ്യുന്നതും പഠിപ്പിക്കുന്നതും ഒരു വിളക്കു കത്തിച്ച് ഒളിച്ചുവെക്കുന്നതുപോലെയാണ്. അവരുടെ കണ്ണ് ഒരു കാര്യത്തിൽ കേന്ദ്രീകരിക്കാത്തതുകൊണ്ട് യേശു ചെയ്യുന്നതിന്റെ അർഥം അവർക്കു മനസ്സിലാകുന്നില്ല.
യേശു ഒരാളിൽനിന്ന് ഒരു ഭൂതത്തെ പുറത്താക്കിയതേ ഉള്ളൂ. സംസാരിക്കാൻ കഴിയാതിരുന്ന അയാൾക്ക് സംസാരപ്രാപ്തി തിരിച്ച് കിട്ടി. ഇതു ദൈവത്തെ മഹത്ത്വപ്പെടുത്താനും യഹോവ ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവരോടു പറയാനും ആളുകളെ പ്രേരിപ്പിക്കേണ്ടതാണ്. അതുകൊണ്ട് യേശു തന്റെ എതിരാളികൾക്ക് ഈ മുന്നറിയിപ്പു കൊടുക്കുന്നു: “നിങ്ങളിലുള്ള വെളിച്ചം ഇരുട്ടാകാതിരിക്കാൻ സൂക്ഷിച്ചുകൊള്ളുക. നിങ്ങളുടെ ശരീരത്തിൽ ഇരുട്ട് ഒട്ടുമില്ലാതെ അതു മുഴുവനായി പ്രകാശിക്കുന്നെങ്കിൽ, പ്രകാശം ചൊരിയുന്ന ഒരു വിളക്കുപോലെയായിരിക്കും അത്.”—ലൂക്കോസ് 11:35, 36.