പാഠം 2
ദൈവം ആദ്യത്തെ പുരുഷനെയും സ്ത്രീയെയും സൃഷ്ടിച്ചു
ഏദെൻ എന്ന സ്ഥലത്ത് യഹോവ ഒരു തോട്ടം ഉണ്ടാക്കി. അതിൽ നിറയെ പൂക്കളും മരങ്ങളും മൃഗങ്ങളും ഒക്കെ ഉണ്ടായിരുന്നു. എന്നിട്ട് ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ ഉണ്ടാക്കിയിട്ട് മൂക്കിലേക്കു ജീവശ്വാസം ഊതി. അപ്പോൾ എന്തു സംഭവിച്ചെന്നോ? മനുഷ്യൻ ജീവനുള്ള ഒരു വ്യക്തിയായിത്തീർന്നു! അതാണ് ആദ്യത്തെ മനുഷ്യനായ ആദാം. തോട്ടത്തിന്റെ ചുമതല യഹോവ ആദാമിനെ ഏൽപ്പിച്ചു. മൃഗങ്ങൾക്കെല്ലാം പേരിടാനും ആദാമിനോടു പറഞ്ഞു.
യഹോവ ആദാമിനു പ്രധാനപ്പെട്ട ഒരു കല്പന കൊടുത്തു. ദൈവം പറഞ്ഞു: ‘തോട്ടത്തിലെ എല്ലാ മരങ്ങളിൽനിന്നും നിനക്കു തിന്നാം. പക്ഷേ ഒരു മരത്തിൽനിന്ന് മാത്രം തിന്നരുത്. ആ മരത്തിന്റെ പഴം തിന്നാൽ നീ മരിക്കും.’
പിന്നെ യഹോവ പറഞ്ഞു: ‘ഞാൻ ആദാമിന് ഒരു സഹായിയെ ഉണ്ടാക്കിക്കൊടുക്കും.’ ദൈവം ആദാമിനു നല്ല ഉറക്കം വരുത്തി. എന്നിട്ട് ആദാമിന്റെ വാരിയെല്ലുകളിൽ ഒന്ന് എടുത്ത് ഒരു സ്ത്രീയെ സൃഷ്ടിച്ച് ആദാമിനു ഭാര്യയായി കൊടുത്തു. ഹവ്വ എന്നായിരുന്നു അവളുടെ പേര്. അങ്ങനെ ആദാമും ഹവ്വയും ആദ്യത്തെ കുടുംബമായി. ഇങ്ങനെയൊരു ഭാര്യയെ കിട്ടിയപ്പോൾ ആദാമിന് എന്താണു തോന്നിയത്? ഒത്തിരി സന്തോഷം! അതുകൊണ്ട് ആദാം പറഞ്ഞു: ‘എന്റെ വാരിയെല്ലുകൊണ്ട് യഹോവ ഒരു സ്ത്രീയെ ഉണ്ടാക്കി! അങ്ങനെ എന്നെപ്പോലെ ഒരാളെ അവസാനം എനിക്കു കിട്ടി.’
മക്കളെ ജനിപ്പിക്കാനും അങ്ങനെ മനുഷ്യരെക്കൊണ്ട് ഭൂമി നിറയ്ക്കാനും യഹോവ ആദാമിനോടും ഹവ്വയോടും പറഞ്ഞു. അവർ ഒരുമിച്ച് സന്തോഷത്തോടെ ജോലി ചെയ്തുകൊണ്ട് ഭൂമി മുഴുവൻ ഏദെൻ തോട്ടംപോലെ ഒരു പറുദീസ അഥവാ മനോഹരമായ ഒരു പാർക്ക് ആക്കാൻ ദൈവം ആവശ്യപ്പെട്ടു. പക്ഷേ അതുപോലെ കാര്യങ്ങൾ നടന്നില്ല. എന്തുകൊണ്ട്? അടുത്ത അധ്യായത്തിൽനിന്ന് നമ്മൾ അതെക്കുറിച്ച് പഠിക്കും.
‘ആദിയിൽ അവരെ സൃഷ്ടിച്ചവൻ ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചു.’—മത്തായി 19:4