പാഠം 25
ആരാധനയ്ക്കുള്ള വിശുദ്ധകൂടാരം
ഒരു പ്രത്യേകതരം കൂടാരം പണിയാൻ സീനായ് പർവതത്തിൽവെച്ച് യഹോവ മോശയോടു പറഞ്ഞു. അതാണു വിശുദ്ധകൂടാരം. അവിടെ അവർക്ക് യഹോവയെ ആരാധിക്കാമായിരുന്നു. എങ്ങോട്ടെങ്കിലും പോകുമ്പോൾ അവർക്ക് ഈ കൂടാരം കൂടെ കൊണ്ടുപോകുകയും ചെയ്യാം.
യഹോവ പറഞ്ഞു: ‘വിശുദ്ധകൂടാരം പണിയുന്നതിന്, പറ്റുന്ന സഹായം ചെയ്യാൻ ജനത്തോടു പറയുക.’ അങ്ങനെ ഇസ്രായേല്യർ സ്വർണം, വെള്ളി, ചെമ്പ്, അമൂല്യരത്നങ്ങൾ, ആഭരണങ്ങൾ എന്നിവ കൊടുത്തു. കൂടാതെ കമ്പിളിനൂലും ലിനനും മൃഗങ്ങളുടെ തോലും മറ്റു പല സാധനങ്ങളും അവർ നൽകി. ആളുകൾ ഉദാരമായി കൊടുത്തതുകൊണ്ട് മോശയ്ക്ക് അവരോട് ഇങ്ങനെപോലും പറയേണ്ടിവന്നു: ‘നമുക്ക് ആവശ്യത്തിനുള്ളതായി, അതുകൊണ്ട് ഇനി ഒന്നും കൊണ്ടുവരരുത്.’
നല്ല കഴിവുള്ള അനേകം സ്ത്രീപുരുഷന്മാർ വിശുദ്ധകൂടാരം പണിയാൻ സഹായിച്ചു. ഈ പണി ചെയ്യാനുള്ള ജ്ഞാനം യഹോവ അവർക്കു കൊടുത്തു. ചിലർ നൂൽ നൂൽക്കുകയും തുണി നെയ്യുകയും ചെയ്തു. മറ്റു ചിലർ നൂലുകൊണ്ട് ചിത്രപ്പണി ചെയ്തു. വേറെ ചിലർ കല്ല് പതിപ്പിച്ചു, സ്വർണംകൊണ്ടുള്ള പണി ചെയ്തു, തടിയിൽ കൊത്തുപണി ചെയ്തു.
യഹോവ പറഞ്ഞതുപോലെതന്നെ ജനം വിശുദ്ധകൂടാരം പണിതു. വിശുദ്ധകൂടാരത്തെ വിശുദ്ധം, അതിവിശുദ്ധം എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി തിരിക്കാൻ അവർ മനോഹരമായ ഒരു തിരശ്ശീല ഉണ്ടാക്കി. അതിവിശുദ്ധത്തിലാണ് ഉടമ്പടിപ്പെട്ടകം വെച്ചിരുന്നത്. കരുവേലത്തടിയും സ്വർണവും കൊണ്ട് ഉണ്ടാക്കിയതായിരുന്നു അത്. വിശുദ്ധത്തിൽ സ്വർണംകൊണ്ടുള്ള തണ്ടുവിളക്ക്, ഒരു മേശ, സുഗന്ധക്കൂട്ട് കത്തിക്കാനുള്ള യാഗപീഠം എന്നിവ ഉണ്ടായിരുന്നു. മുറ്റത്ത് ചെമ്പുകൊണ്ടുള്ള ഒരു പാത്രവും ഒരു വലിയ യാഗപീഠവും ഉണ്ടായിരുന്നു. ഉടമ്പടിപ്പെട്ടകം, ഇസ്രായേല്യർ യഹോവയെ അനുസരിച്ചുകൊള്ളാമെന്നു കൊടുത്ത വാക്ക് അഥവാ വാഗ്ദാനം അവരെ ഓർമിപ്പിച്ചു. ഉടമ്പടി എന്നു പറഞ്ഞാൽ എന്താണെന്ന് അറിയാമോ? പ്രത്യേകതരത്തിലുള്ള ഒരു വാഗ്ദാനമാണ് അത്.
വിശുദ്ധകൂടാരത്തിൽ പുരോഹിതന്മാരായി സേവിക്കാൻ അഹരോനെയും മക്കളെയും യഹോവ തിരഞ്ഞെടുത്തു. അവർ അതു പരിപാലിക്കുകയും അവിടെവെച്ച് യഹോവയ്ക്കു യാഗങ്ങൾ അർപ്പിക്കുകയും ചെയ്യണമായിരുന്നു. മഹാപുരോഹിതനായ അഹരോനു മാത്രമേ അതിവിശുദ്ധത്തിൽ കടക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. വർഷത്തിൽ ഒരിക്കലാണ് അങ്ങനെ ചെയ്തിരുന്നത്. തന്റെയും തന്റെ കുടുംബത്തിന്റെയും മുഴു ഇസ്രായേൽ ജനതയുടെയും പാപത്തിനുവേണ്ടി ബലി അർപ്പിക്കാനായിരുന്നു അത്.
ഇസ്രായേല്യർ ഈജിപ്തിൽനിന്ന് പോന്ന് ഒരു വർഷമായപ്പോൾ വിശുദ്ധകൂടാരത്തിന്റെ പണി പൂർത്തിയായി. അന്നുമുതൽ അവർക്ക് ആ വിശുദ്ധകൂടാരത്തിൽ യഹോവയെ ആരാധിക്കാൻ കഴിഞ്ഞു.
യഹോവ വിശുദ്ധകൂടാരത്തെ തന്റെ തേജസ്സുകൊണ്ട് നിറച്ചു. ഒരു മേഘവും അതിന്മേൽ നിന്നിരുന്നു. വിശുദ്ധകൂടാരത്തിന്റെ മുകളിൽ ഈ മേഘം ഉണ്ടായിരുന്നിടത്തോളം ഇസ്രായേല്യർ അവിടെത്തന്നെ കഴിഞ്ഞു. എന്നാൽ മേഘം അവിടെനിന്ന് ഉയരുമ്പോൾ തങ്ങൾക്കു പോകാൻ സമയമായെന്ന് അവർക്ക് അറിയാം. അവർ കൂടാരം അഴിച്ച് മേഘത്തെ പിന്തുടരും.
“അപ്പോൾ സിംഹാസനത്തിൽനിന്ന് വലിയൊരു ശബ്ദം ഇങ്ങനെ പറയുന്നതു ഞാൻ കേട്ടു: ‘ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരുടെകൂടെ. ദൈവം അവരുടെകൂടെ വസിക്കും. അവർ ദൈവത്തിന്റെ ജനമായിരിക്കും. ദൈവം അവരുടെകൂടെയുണ്ടായിരിക്കും.’”—വെളിപാട് 21:3