പഠനചതുരം 16എ
ക്രൈസ്തവലോകം യരുശലേമിന്റെ പ്രതിമാതൃകയോ?
ക്രൈസ്തവലോകം വിശ്വാസത്യാഗിയായ യരുശലേമിന്റെ പ്രതിമാതൃകയാണെന്നു മുമ്പ് നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ പറഞ്ഞിരുന്നു. ഇന്നു ക്രൈസ്തവലോകത്തിൽ നടക്കുന്ന കാര്യങ്ങളെല്ലാം കാണുമ്പോൾ വിഗ്രഹാരാധനയും വ്യാപകമായ ധാർമികാധഃപതനവും നിലനിന്നിരുന്ന അവിശ്വസ്തയരുശലേമിനെക്കുറിച്ച് നമ്മൾ ഓർത്തുപോയേക്കാം എന്നതു ശരിയാണ്. പക്ഷേ ഇപ്പോൾ പഠിച്ചുകൊണ്ടിരിക്കുന്ന ഈ പുസ്തകം ഉൾപ്പെടെ സമീപകാലത്ത് നമ്മൾ പുറത്തിറക്കിയ പ്രസിദ്ധീകരണങ്ങളെല്ലാം പരിശോധിച്ചാൽ ഒരു കാര്യം ബോധ്യമാകും: വ്യക്തമായ തിരുവെഴുത്തടിസ്ഥാനം ഇല്ലാത്തപക്ഷം ഒരു പ്രവചനത്തിനു മാതൃക-പ്രതിമാതൃക ശൈലിയിലുള്ള വിശദീകരണങ്ങൾ നമ്മൾ ഇപ്പോൾ നൽകാറില്ല. ക്രൈസ്തവലോകം യരുശലേമിന്റെ പ്രതിമാതൃകയാണെന്നു പറയാൻ ശക്തമായ എന്തെങ്കിലും തിരുവെഴുത്തടിസ്ഥാനമുണ്ടോ? ഇല്ല.
എന്തുകൊണ്ട്?: യരുശലേം ഒരിക്കൽ ശുദ്ധാരാധനയുടെ കേന്ദ്രമായിരുന്നു. പിന്നീടാണ് യരുശലേംനിവാസികൾ വിശ്വാസത്യാഗികളായത്. എന്നാൽ ക്രൈസ്തവലോകം ഒരിക്കലും ദൈവത്തിനു ശുദ്ധാരാധന അർപ്പിച്ചിട്ടില്ല. നാലാം നൂറ്റാണ്ടിൽ രൂപംകൊണ്ട ക്രൈസ്തവലോകം അന്നുമുതൽ ഇന്നോളം വ്യാജോപദേശങ്ങളാണു പഠിപ്പിച്ചിരിക്കുന്നത്.
മറ്റൊരു കാരണം ഇതാണ്: ബാബിലോൺകാർ യരുശലേം നശിപ്പിച്ചതിനു ശേഷം യഹോവ വീണ്ടും ആ നഗരത്തോടു പ്രീതി കാണിക്കുകയും അതു വീണ്ടും സത്യാരാധനയുടെ കേന്ദ്രമായിത്തീരുകയും ചെയ്തിരുന്നു. എന്നാൽ ക്രൈസ്തവലോകം ഒരിക്കലും ദൈവത്തിന്റെ പ്രീതിക്കു പാത്രമായിട്ടില്ല. മഹാകഷ്ടതയുടെ സമയത്ത് അതു നശിപ്പിക്കപ്പെട്ടാൽ പിന്നീടൊരിക്കലും അതിനൊരു തിരിച്ചുവരവ് ഉണ്ടാകുകയുമില്ല.
ഇതിന്റെയെല്ലാം വെളിച്ചത്തിൽ നമുക്ക് എന്തു നിഗമനത്തിലെത്താം? അവിശ്വസ്തയരുശലേമിന്റെ കാര്യത്തിൽ നിറവേറിയ ബൈബിൾപ്രവചനങ്ങൾ പരിശോധിക്കുമ്പോൾ ‘ഇതൊക്കെത്തന്നെയാണല്ലോ ഇന്നു ക്രൈസ്തവലോകത്തിലും നടക്കുന്നത്’ എന്നു നമുക്കു തോന്നിയേക്കാം. പക്ഷേ ക്രൈസ്തവലോകം യരുശലേമിന്റെ പ്രതിമാതൃകയാണെന്നു പറയാൻ പ്രത്യക്ഷത്തിൽ തിരുവെഴുത്തടിസ്ഥാനമൊന്നുമില്ല.