പഠനചതുരം 15എ
വേശ്യകളായ സഹോദരിമാർ
യഹസ്കേൽ 23-ാം അധ്യായത്തിൽ, അവിശ്വസ്തരായ ദൈവജനത്തെ അതിശക്തമായ ഭാഷയിൽ കുറ്റം വിധിച്ചിരിക്കുന്നതായി കാണാം. ഈ അധ്യായത്തിന്, 16-ാം അധ്യായത്തോടു പല സമാനതകളുമുണ്ട്. 16-ാം അധ്യായംപോലെതന്നെ ഇവിടെയും അവിശ്വസ്തതയെ വേശ്യാവൃത്തിയോടാണ് ഉപമിച്ചിരിക്കുന്നത്. യരുശലേമിനെ ഇളയവളായും ശമര്യയെ അവളുടെ മൂത്ത സഹോദരിയായും വർണിച്ചിരിക്കുന്നു. രണ്ട് അധ്യായങ്ങളിലും, ഇളയവൾ തന്റെ ചേച്ചിയെ അനുകരിച്ച് വേശ്യാവൃത്തി തുടങ്ങിയതിനെക്കുറിച്ചും ഒടുവിൽ ദുഷ്ടതയുടെയും അധാർമികതയുടെയും കാര്യത്തിൽ ചേച്ചിയെപ്പോലും കവച്ചുവെച്ചതിനെക്കുറിച്ചും വിവരിക്കുന്നുണ്ട്. 23-ാം അധ്യായത്തിൽ യഹോവ ആ രണ്ടു സഹോദരിമാർക്കും ഓരോ പേരു നൽകിയിരിക്കുന്നതു കാണാം: മൂത്തവൾ ഒഹൊല. അവൾ പത്തു-ഗോത്ര ഇസ്രായേലിന്റെ തലസ്ഥാനമായ ശമര്യയെ കുറിക്കുന്നു. ഇളയവൾ ഒഹൊലീബ. യഹൂദയുടെ തലസ്ഥാനമായ യരുശലേമാണ് അത്.a—യഹ. 23:1-4.
ഈ രണ്ട് അധ്യായങ്ങളും തമ്മിൽ ഇനിയും സമാനതകളുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമെന്നു പറയാവുന്നത് ഇവയാണ്: ആ സ്ത്രീകൾ ആദ്യം യഹോവയുടെ ഭാര്യമാരായിരുന്നു, പിന്നീടാണ് അവർ യഹോവയെ വഞ്ചിച്ച് വേശ്യകളായിത്തീർന്നത്. കൂടാതെ, രണ്ട് അധ്യായങ്ങളും പ്രത്യാശയ്ക്കു വക നൽകുന്നുമുണ്ട്. ജനത്തെ വീണ്ടെടുക്കുമെന്ന പ്രത്യാശയെക്കുറിച്ച് 23-ാം അധ്യായത്തിൽ അത്ര തെളിച്ചുപറയുന്നില്ലെങ്കിലും “നിന്റെ വേശ്യാവൃത്തിയും വഷളത്തവും ഞാൻ അവസാനിപ്പിക്കും” എന്ന് യഹോവ അവിടെ പറയുന്നതായി കാണാം. സമാനാർഥമുള്ള പദപ്രയോഗങ്ങൾ 16-ാം അധ്യായത്തിലുമുണ്ട്.—യഹ. 16:16, 20, 21, 37, 38, 41, 42; 23:4, 11, 22, 23, 27, 37.
അവർ ക്രൈസ്തവലോകത്തിന്റെ മുൻനിഴലായിരുന്നോ?
സഹോദരിമാരായ ഒഹൊലയും ഒഹൊലീബയും ക്രൈസ്തവലോകത്തിന്റെ രണ്ടു വിഭാഗങ്ങളായ കത്തോലിക്കാസഭയെയും പ്രോട്ടസ്റ്റന്റ് മതവിഭാഗത്തെയും പ്രാവചനികമായി മുൻനിഴലാക്കുന്നെന്നു നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ മുമ്പ് പറഞ്ഞിട്ടുണ്ട്. എന്നാൽ പ്രാർഥനാപൂർവം കൂടുതലായ പഠനങ്ങൾ നടത്തിയപ്പോൾ ചിന്തിപ്പിക്കുന്ന ചില ചോദ്യങ്ങൾ ഉയർന്നുവന്നു: ക്രൈസ്തവലോകം എപ്പോഴെങ്കിലും, ഏതെങ്കിലും വിധത്തിൽ യഹോവയുടെ ഭാര്യയായിരുന്നിട്ടുണ്ടോ? അവൾ എന്നെങ്കിലും യഹോവയുമായി ഒരു ഉടമ്പടിബന്ധത്തിലായിരുന്നിട്ടുണ്ടോ? ഒരിക്കലുമില്ല. യേശുവിന്റെ മധ്യസ്ഥതയിൽ യഹോവ ആത്മീയ ഇസ്രായേലുമായി “പുതിയ ഉടമ്പടി” ചെയ്തപ്പോൾ ക്രൈസ്തവലോകം അസ്തിത്വത്തിൽപ്പോലും ഇല്ലായിരുന്നു. അത് ഒരിക്കലും അഭിഷിക്തക്രിസ്ത്യാനികൾ അടങ്ങുന്ന ആ ആത്മീയജനതയുടെ ഭാഗമായിരുന്നിട്ടുമില്ല. (യിരെ. 31:31; ലൂക്കോ. 22:20) ക്രൈസ്തവലോകം ഉദയം ചെയ്തതുപോലും അപ്പോസ്തലന്മാർ മരിച്ച് ഏറെ നാളുകൾ കഴിഞ്ഞാണ്. എ.ഡി. നാലാം നൂറ്റാണ്ടിൽ പിറവിയെടുത്ത അവളുടെ തുടക്കംതന്നെ വിശ്വാസത്യാഗം സംഭവിച്ച, ദുഷിച്ച ഒരു സംഘടനയായിട്ടായിരുന്നു. ഗോതമ്പിനെയും കളകളെയും കുറിച്ചുള്ള യേശുവിന്റെ പ്രവചനത്തിലെ “കളകൾ” അഥവാ കപടക്രിസ്ത്യാനികൾ ആയിരുന്നു അതിലെ അംഗങ്ങൾ.—മത്താ. 13:24-30.
മറ്റൊരു പ്രധാനവ്യത്യാസം: അവിശ്വസ്തത കാണിച്ച യരുശലേമിനെയും ശമര്യയെയും വീണ്ടെടുക്കുമെന്നു പറഞ്ഞ് യഹോവ അവർക്കു പ്രത്യാശ പകർന്നു. (യഹ. 16:41, 42, 53-55) എന്നാൽ ക്രൈസ്തവലോകത്തിന് അങ്ങനെയൊരു പ്രത്യാശയുള്ളതായി ബൈബിൾ പറയുന്നുണ്ടോ? ഇല്ല! ബാബിലോൺ എന്ന മഹതിയുടെ ഭാഗമായ മറ്റെല്ലാ മതങ്ങൾക്കും സംഭവിക്കാൻപോകുന്നതുതന്നെയാണ് ഇവളെയും കാത്തിരിക്കുന്നത്.
ഇതിൽനിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്: ഒഹൊലയും ഒഹൊലീബയും ക്രൈസ്തവലോകത്തിന്റെ പ്രാവചനികമാതൃകകളല്ല. എന്നാൽ അവരിൽനിന്ന് അതിലും പ്രധാനപ്പെട്ട ഒരു കാര്യം നമുക്കു പഠിക്കാനുണ്ട്: ശുദ്ധാരാധനയ്ക്കായി താൻ വെച്ചിരിക്കുന്ന നിലവാരങ്ങളെ കാറ്റിൽപ്പറത്തുകയും തന്റെ പരിശുദ്ധനാമത്തിനു ദുഷ്കീർത്തി വരുത്തിവെക്കുകയും ചെയ്യുന്നവരെ യഹോവ എങ്ങനെയാണു കാണുന്നതെന്ന് അതു വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ ക്രൈസ്തവലോകം പേറുന്ന കുറ്റം വളരെ വലുതാണ്. കാരണം, ക്രൈസ്തവലോകത്തിന്റെ ഭാഗമായ എണ്ണമറ്റ സഭകൾ അവകാശപ്പെടുന്നത്, ബൈബിളിൽ പറഞ്ഞിരിക്കുന്ന ദൈവത്തിന്റെ പ്രതിനിധികളാണു തങ്ങളെന്നാണ്. ഇതിനു പുറമേ, തങ്ങളുടെ നേതാവ് യഹോവയുടെ പ്രിയപുത്രനായ യേശുക്രിസ്തുവാണെന്നും അവർ അവകാശപ്പെടുന്നു. എന്നാൽ ആ അവകാശവാദം ശരിയാണോ? അല്ല. കാരണം, യേശുവിനെ ഒരു ത്രിയേകദൈവത്തിന്റെ ഭാഗമായി ചിത്രീകരിക്കുകയും ‘ലോകത്തിന്റെ ഭാഗമാകാതിരിക്കാനുള്ള’ യേശുവിന്റെ വ്യക്തമായ കല്പന കാറ്റിൽപ്പറത്തുകയും ചെയ്യുന്നവരാണ് അവർ. (യോഹ. 15:19) രാഷ്ട്രീയഗൂഢാലോചനകളിലും വിഗ്രഹാരാധനയിലും മുഴുകിയിരിക്കുന്ന ക്രൈസ്തവലോകം തങ്ങൾ ‘മഹാവേശ്യയുടെ’ ഭാഗമാണെന്നു വ്യക്തമായി തെളിയിച്ചിരിക്കുന്നു. (വെളി. 17:1) അതെ, വ്യാജമതലോകസാമ്രാജ്യത്തെ കാത്തിരിക്കുന്ന ദുർവിധിയിൽനിന്ന് ഒഴിഞ്ഞിരിക്കാൻ ക്രൈസ്തവലോകത്തിനാകില്ല, തീർച്ചയായും അവൾ അതിന് അർഹയാണ്!
a ഈ പേരുകൾക്കു പ്രാധാന്യമുണ്ട്. ഒഹൊല എന്ന പേരിന്റെ അർഥം “(ആരാധനയ്ക്കുള്ള) അവളുടെ കൂടാരം” എന്നാണ്. പത്തു-ഗോത്ര ഇസ്രായേൽ, യരുശലേമിലുണ്ടായിരുന്ന യഹോവയുടെ ദേവാലയം ഉപയോഗിക്കുന്നതിനു പകരം സ്വന്തമായി ആരാധനാകേന്ദ്രങ്ങൾ ഉണ്ടാക്കിയതിനെ ആയിരിക്കാം ഇതു കുറിക്കുന്നത്. എന്നാൽ ഒഹൊലീബ എന്ന പേരിന്റെ അർഥം “(ആരാധനയ്ക്കുള്ള) എന്റെ കൂടാരം അവളിൽ” എന്നാണ്. കാരണം യഹോവയുടെ ആരാധനാലയം യരുശലേമിലായിരുന്നു.