കൂടുതൽ കൊയ്ത്തു വേലക്കാരെ അടിയന്തിരമായി ആവശ്യമുണ്ട്!
“തീർച്ചയായും, കൊയ്ത്തു വലുതാണ്, എന്നാൽ വേലക്കാർ ചുരുക്കമാണ്. അതുകൊണ്ട് തന്റെ കൊയ്ത്തിന് വേലക്കാരെ അയയ്ക്കാൻ കൊയ്ത്തിന്റെ യജമാനനോട് അപേക്ഷിക്കുക.”—ലൂക്കോസ് 10:2.
1. ലൂക്കോസ് 10:2-ലെ യേശുവിന്റെ വാക്കുകൾ സംബന്ധിച്ച് നിങ്ങൾ എങ്ങനെ ന്യായവാദം ചെയ്തേക്കാം, എന്നാൽ നിങ്ങൾ എന്തു ചെയ്യാൻ ഉചിതമായി ബുദ്ധിയുപദേശിക്കപ്പെട്ടിരിക്കുന്നു?
നിങ്ങൾ യേശുവിന്റെ ഈ വാക്കുകൾ വായിക്കുമ്പോൾ അവ നിങ്ങളെ ഉൾപ്പെടുത്തുന്നുവെന്ന് നിങ്ങൾ വിചാരിക്കുന്നുവോ? അവ 19 നൂററാണ്ടുകളിലധികം മുമ്പ് പ്രസ്താവിക്കപ്പെട്ടതായതുകൊണ്ട് അവ മേലാൽ പ്രാധാന്യമുള്ളതല്ലെന്ന് ചിന്തിക്കാൻ നിങ്ങൾ ചായ്വുകാണിച്ചേക്കാം. അത്തരമൊരു ധൃതഗതിയിലുള്ള നിഗമനം തീർച്ചയായും അബദ്ധമായിരിക്കും. യേശുവിന്റെ വാക്കുകളുടെ മുഴു പ്രാധാന്യവും കാണുന്നതിന്, ആ പ്രസ്താവന ആദ്യം ചെയ്യപ്പെട്ടപ്പോൾ സംഭവിച്ചതിനെ നമുക്കു തിരിഞ്ഞുനോക്കാം, അനന്തരം നമ്മുടെ ഇന്നത്തെ സ്വന്തം സാഹചര്യം പരിശോധിക്കാം.—1 കൊരിന്ത്യർ 10:11 താരതമ്യപ്പെടുത്തുക.
2. പൊതുയുഗം 32-ൽ അടിയന്തിരനടപടി ആവശ്യമാക്കിത്തീർത്ത എന്തു സാഹചര്യം യേശുവിനെ അഭിമുഖീകരിച്ചു, അവൻ അത് എങ്ങനെ കൈകാര്യം ചെയ്തു?
2 പൊതുയുഗം 32-ൽ കൂടാരപ്പെരുന്നാൾ കഴിഞ്ഞപ്പോൾ യേശു ഒരു ദണ്ഡനസ്തംഭത്തിൽ മരണത്തെ അഭിമുഖീകരിക്കുന്നതിന് വെറും ആറുമാസമേ ശേഷിച്ചിരുന്നുള്ളു. പ്രസംഗവേല ത്വരിതപ്പെടുത്തുന്നതിനു സഹായിക്കാൻ യേശു 70 ശിഷ്യൻമാരെ “താൻതന്നെ ചെല്ലാനിരുന്ന ഓരോ നഗരത്തിലേക്കും സ്ഥലത്തേക്കും തനിക്കു മുമ്പായി ഈരണ്ടായി അയച്ചു.” അവർ പോയപ്പോൾ “തീർച്ചയായും, കൊയ്ത്തു വലുതാണ്, എന്നാൽ വേലക്കാർ ചുരുക്കമാണ്. അതുകൊണ്ട് തന്റെ കൊയ്ത്തിനു വേലക്കാരെ അയയ്ക്കാൻ കൊയ്ത്തിന്റെ യജമാനനോട് അപേക്ഷിക്കുക” എന്ന യേശുവിന്റെ വാക്കുകൾ അവരുടെ ചെവികളിൽ മുഴങ്ങുന്നുണ്ടായിരുന്നു.—ലൂക്കോസ് 10:1, 2.
ഒരു വലിയ കൊയ്ത്തു നടക്കുന്നു
3. യേശുവിന്റെ ശുശ്രൂഷയുടെ ഒടുവിലത്തെ ഏതാനും ചില മാസങ്ങളിലെ വർദ്ധിച്ച പ്രസംഗത്തിന്റെ ഫലങ്ങളിൽ ചിലത് വർണ്ണിക്കുക.
3 ഈ വർദ്ധിച്ച പ്രസംഗയത്നത്തിന്റെ ഫലമെന്തായിരുന്നു? നാം ഇങ്ങനെ വായിക്കുന്നു: “പിന്നീട് ആ എഴുപതുപേർ ‘കർത്താവേ, നിന്റെ നാമത്തിന്റെ ഉപയോഗത്താൽ ഭൂതങ്ങൾപോലും ഞങ്ങൾക്ക് കീഴടങ്ങുന്നു’ എന്നു പറഞ്ഞുകൊണ്ട് സന്തോഷത്തോടെ മടങ്ങിവന്നു.” ഇത് ഭൂതങ്ങളുടെമേലുള്ള ദൈവശക്തിയുടെ എന്തോരത്ഭുതകരമായ പ്രദർശനമായിരുന്നു! അത്തരമൊരു വിശിഷ്ട സേവന റിപ്പോർട്ട് തീർച്ചയായും യേശുവിനെ പുളകം കൊള്ളിച്ചു, എന്തുകൊണ്ടെന്നാൽ “സാത്താൻ ഇപ്പോൾത്തന്നെ ആകാശത്തുനിന്ന് മിന്നൽപോലെ വീണിരിക്കുന്നത് ഞാൻ കണ്ടുതുടങ്ങി”യെന്ന് അവൻ പറഞ്ഞു. (ലൂക്കോസ് 10:17, 18) സാത്താനും അവന്റെ ഭൂതങ്ങളും സ്വർഗ്ഗത്തിലെ മശിഹൈകരാജ്യത്തിന്റെ ജനനത്തെ തുടർന്ന് അന്തിമമായി സ്വർഗ്ഗത്തിൽനിന്ന് ബഹിഷ്ക്കരിക്കപ്പെടേണ്ടതാണെന്ന് യേശുവിന് അറിയാമായിരുന്നു. എന്നാൽ യേശു ഭൂമിയിൽത്തന്നെയായിരുന്നപ്പോൾ, വെറും മനുഷ്യർ ഈ അദൃശ്യ ഭൂതങ്ങളെ പുറത്താക്കിയത് ആ സന്തോഷകരമായ ഭാവി സംഭവം സംബന്ധിച്ച് അവന് വർദ്ധിച്ച ഉറപ്പു പ്രദാനം ചെയ്തു. അതുകൊണ്ട് യേശു സ്വർഗ്ഗത്തിൽനിന്നുള്ള സാത്താന്റെ ഈ ഭാവി വീഴ്ച തീർച്ചയാണെന്നുള്ളതുപോലെ സംസാരിച്ചു.—വെളിപ്പാട് 12:5, 7-10.
4. പൊതുയുഗം 33 നീസാൻ 14-ന് മുൻപ് യേശുവും അവന്റെ ശിഷ്യൻമാരും നടത്തിയ കൊയ്ത്തുവേലയുടെ ഉദ്ദേശ്യമെന്തായിരുന്നു?
4 യേശു പറഞ്ഞ കൊയ്ത്തു ധാന്യത്തിന്റെയോ പഴങ്ങളുടെയോ കൊയ്ത്തല്ലായിരുന്നു, പിന്നെയോ രാജ്യ സന്ദേശത്തിനു മനസ്സോടെ ചെവികൊടുക്കുന്ന ചെമ്മരിയാടുതുല്യരായ ആളുകളുടേതായിരുന്നു. അപ്പോൾത്തന്നെ അത്തരമൊരു കൊയ്ത്തിന്റെ ഫലങ്ങൾ പ്രകടമായിരന്നു. എന്നുവരികിലും, പൊതുയുഗം 33 നീസാൻ 14-നു മുൻപ് ശേഷിച്ച ആ ചുരുക്കം ചില മാസങ്ങളിൽ യേശുവും അവന്റെ അനുഗാമികളും നിർവ്വഹിച്ച കൊയ്ത്തു, യേശുവിന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം നടക്കാനിരുന്ന വലിപ്പമേറിയ ഒരു കൊയ്ത്തിന്റെ അടിത്തറ പാകൽ മാത്രമായിരുന്നു.—സങ്കീർത്തനം 126:1, 2, 5, 6 താരതമ്യപ്പെടുത്തുക.
5. പൊതുയുഗം 33-ലെ പെന്തെക്കോസ്തിൽ ഏത് ആവേശകരമായ സംഭവങ്ങൾ നടന്നു, ഇത് തുടർന്നു നടക്കാനിരുന്ന കൊയ്ത്തുവേലയെ എങ്ങനെ ബാധിച്ചു?
5 ഇപ്പോൾ സമയം പൊതുയുഗം 33-ലെ പെന്തെക്കോസ്തു ദിവസമായിരുന്നു. യേശുവിന്റെ അനുഗാമികളിൽ ഏതാണ്ട് 120 പേർ യരൂശലേമിൽ കൂടിവന്നു. “പെട്ടെന്ന് ആകാശത്തു നിന്ന് ഉഗ്രമായ കാററടിക്കുന്നതുപോലെയുള്ള ഒരു ശബ്ദമുണ്ടായി. അത് അവർ ഇരുന്നിരുന്ന വീടു മുഴുവൻ നിറച്ചു . . . അവരെല്ലാം പരിശുദ്ധാത്മാവുകൊണ്ട് നിറയുകയും ആത്മാവ് അവർക്ക് ഉച്ചരിക്കാൻ നൽകിയതുപോലെ വ്യത്യസ്ത ഭാഷകളിൽ സംസാരിച്ചുതുടങ്ങുകയും ചെയ്തു.” ഇതു പ്രാതിഭാസികമായ ഒരു കൊയ്ത്തിന്റെ തുടക്കമായിരുന്നു! “ആ ദിവസം ഏതാണ്ട് മൂവായിരം ദേഹികൾ ചേർക്കപ്പെട്ടു.” (പ്രവൃത്തികൾ 1:15; 2:1-4, 41) “അവർ അനുദിനം ഏകമനസ്സോടെ ആലയത്തിൽ നിരന്തരം ഹാജരായി . . . ദൈവത്തെ സ്തുതിക്കുകയും സകല ജനങ്ങളുടെയും പ്രീതി അനുഭവിക്കുകയും ചെയ്തു. അതേസമയം രക്ഷിക്കപ്പെടുന്നവരെ യഹോവ അനുദിനം അവരോടു ചേർക്കുന്നതിൽ തുടർന്നു.” (പ്രവൃത്തികൾ 2:46, 47) പിന്നീട്: “കർത്താവിൽ വിശ്വസിച്ചവർ, പുരുഷൻമാരുടെയും സ്ത്രീകളുടെയും പുരുഷാരങ്ങൾ, ചേർക്കപ്പെടുന്നതിൽ തുടർന്നു”വെന്നു നാം കാണുന്നു. പിന്നെയും കുറേ കഴിഞ്ഞ് “ദൈവവചനം വ്യാപിച്ചുകൊണ്ടിരുന്നു, യരൂശലേമിൽ ശിഷ്യൻമാരുടെ എണ്ണം വളരെയധികം പെരുകിക്കൊണ്ടിരുന്നു; പുരോഹിതൻമാരുടെ ഒരു വലിയ കൂട്ടം വിശ്വാസത്തോട് അനുസരണമുള്ളവരാകാൻ തുടങ്ങി.”—പ്രവൃത്തികൾ 5:14; 6:7.
6. പ്രസംഗവേലയോടുള്ള എതിർപ്പിന് രാജ്യഫലത്തിൻമേൽ എന്ത് ഫലമുണ്ടായി?
6 രാജ്യദൂതിനോടുള്ള എതിർപ്പ് ഇപ്പോൾ ഉഗ്രമായി. ഇതു കൊയ്ത്തുവേലയെ മന്ദീഭവിപ്പിച്ചോ? ഇല്ല, എന്തുകൊണ്ടെന്നാൽ “ചിതറിക്കപ്പെട്ടിരുന്നവർ വചനത്തിന്റെ സുവാർത്ത ഘോഷിച്ചുകൊണ്ട് ദേശത്തുകൂടെ പോയി.” ഫിലിപ്പോസ് ശമര്യനഗരത്തിലേക്ക് പോയി, ജനകൂട്ടങ്ങൾ ആകാംക്ഷയോടെ അവനെ ശ്രദ്ധിച്ചു; ഭൂതഗ്രസ്തരും തളർന്നുപോയവരും മുടന്തരുമെല്ലാം സൗഖ്യമാക്കപ്പെട്ടു. “ആ നഗരത്തിൽ വളരെയേറെ സന്തോഷമുണ്ടായത്” അതിശയമല്ല.—പ്രവൃത്തികൾ 8:1-8.
7. ശിഷ്യൻമാരോടുള്ള പ്രവൃത്തികൾ 1:8-ലെ യേശുവിന്റെ കല്പന ഒടുവിൽ എത്രത്തോളം നിർവ്വഹിക്കപ്പെട്ടു?
7 പുനരുത്ഥാനം പ്രാപിച്ച യേശു തന്റെ ശിഷ്യൻമാരോട് “നിങ്ങൾ യരൂശലേമിലും മുഴു യഹൂദ്യയിലും ശമര്യയിലും ഭൂമിയുടെ അതിവിദൂര ഭാഗത്തോളവും എന്റെ സാക്ഷികളായിരിക്കും” എന്നു പറഞ്ഞിരുന്നു. (പ്രവൃത്തികൾ 1:8) പ്രവർത്തനവയലിന്റെ വിസ്തൃതി കൂടുതൽ വേലക്കാരുടെ അടിയന്തിരാവശ്യം ഉളവാക്കി! ഇപ്പോൾ ശിഷ്യൻമാരുടെ എന്തോരു കൊയ്ത്തു പ്രതീക്ഷിക്കണമായിരുന്നു! അത് അപ്പോൾത്തന്നെ സംഭവിക്കുകയായിരുന്നു—എല്ലാം ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിൻ കീഴിൽ. കൊലപാതക മനോഭാവമുണ്ടായിരുന്ന ശൗലിന്റെ പരിവർത്തനത്തെ തുടർന്ന് സംഭവിച്ചത് നമ്മോടു പറഞ്ഞിരിക്കുന്നു: “തീർച്ചയായും പിന്നീട്, മുഴു യഹൂദ്യയിലും ഗലീലയിലും ശമര്യയിലും അങ്ങോളമിങ്ങോളമുണ്ടായിരുന്ന സഭ പുഷ്ടിപ്പെട്ട് ഒരു സമാധാന കാലഘട്ടത്തിൽ പ്രവേശിച്ചു; അത് യഹോവാഭയത്തിലും പരിശുദ്ധാത്മാവിന്റെ ആശ്വാസത്തിലും നടക്കവേ അതു പെരുകിക്കൊണ്ടിരുന്നു.” (പ്രവൃത്തികൾ 9:31) ചെമ്മരിയാടുതുല്യരുടെ കൊയ്ത്തിന് ആക്കം കൂടിയപ്പോൾ ആ ആദിമശിഷ്യൻ നിരന്തരം യേശുവിന്റെ ഈ വാക്കുകൾ ഓർമ്മിച്ചുവെന്നതിനു സംശയമില്ല: “തന്റെ കൊയ്ത്തിന് വേലക്കാരെ അയയ്ക്കാൻ കൊയ്ത്തിന്റെ യജമാനനോട് അപേക്ഷിക്കുക.” “കൊയ്ത്തിന്റെ യജമനനായ” യഹോവ ആ പ്രാർത്ഥനക്ക് ഉത്തരം കൊടുത്തോ? തീർച്ചയായും കൊടുത്തു! അല്ലായിരുന്നെങ്കിൽ ‘ആകാശത്തിൻകീഴുള്ള സകല സൃഷ്ടിയിലും . . . സുവാർത്ത പ്രസംഗിക്കപ്പെട്ടു’വെന്ന് എങ്ങനെ രേഖപ്പെടുത്താൻ കഴിയുമായിരുന്നു?—കൊലോസ്യർ 1:23.
ഇന്നു കൂടുതൽ അടിയന്തിരത
8. ആയിരത്തിത്തൊള്ളായിരത്തി എൺപതുകളിൽ കൂടുതൽ രാജ്യവേലക്കാർക്കുവേണ്ടിയുള്ള ആവശ്യം എന്നെത്തേതിലും വളരെയധികമായിരിക്കുന്നതെന്തുകൊണ്ട്?
8 ഇന്ന് 1980 കളിൽ കൂടുതൽ കൊയ്ത്തു വേലക്കാരുടെ ആവശ്യം എന്നെത്തേതിലും വലുതാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ ലോകവയലിന്റെ വിസ്തൃതി വളരെ വലുതാണ്. തൽഫലമായി, കൊയ്തു കൂട്ടേണ്ട വിളവ് വളരെയേറെയാണ്. ഇത് യേശു മുൻകൂട്ടിപ്പറഞ്ഞതിന് ചേർച്ചയിലാണ്. സുവാർത്താ പ്രസംഗത്തെ സംബന്ധിച്ചടത്തോളം, തന്റെ അനുഗാമികൾ ഭൂമിയിൽ താൻ നിർവ്വഹിച്ചിരുന്നതിനെക്കാൾ വലിപ്പമേറിയ പ്രവൃത്തികൾ ചെയ്യുമെന്ന് അവൻ പറയുകയുണ്ടായി.—യോഹന്നാൻ 14:12.
9. (എ) വെളിപ്പാട് 7:1-3-ൽ വർണ്ണിച്ചിരിക്കുന്ന യോഹന്നാന്റെ ഒരു ദർശനത്തിൽ ഇന്നത്തെ പ്രസംഗവേലയുടെ അടിയന്തിരത ഊന്നിപ്പറഞ്ഞിരിക്കുന്നതെങ്ങനെ? (ബി) വെളിപ്പാട് 14:4-ലെ “ദൈവത്തിനും കുഞ്ഞാടിനും ആദ്യഫലങ്ങൾ” എന്ന പദപ്രയോഗത്തിൽനിന്ന് ഏത് പ്രധാനനിഗമനം ചെയ്യാൻ കഴിയും?
9 ഇന്നത്തെ പ്രസംഗവേലയുടെ അടിയന്തിരത വെളിപ്പാട് 7:1-3 വരെ രേഖപ്പെടുത്തിയിരിക്കുന്ന, യോഹന്നാനുണ്ടായ ഒരു ദർശനത്തിൽ നാടകീയമായ രംഗസംവിധാനത്തിൽ പ്രദീപ്തമാക്കപ്പെട്ടിരിക്കുന്നു. അവിടെ, “ഭൂമിയിലെ നാലുകാററും മുറുക്കിപ്പിടിച്ചുകൊണ്ട്” “നാലു ദൂതൻമാർ ഭൂമിയുടെ നാലു കോണുകളിൽ നിൽക്കുന്നതു” കാണപ്പെടുന്നു. ആ “നാലുകാററി”ൻമേലുള്ള അവരുടെ പിടി എത്രത്തോളം നിൽക്കും? ‘നമ്മുടെ ദൈവത്തിന്റെ അടിമകളെ അവരുടെ നെററികളിൽ മുദ്രയിട്ടുകഴിയുന്നതുവരെ’ മാത്രം. അതിന് എത്രനാൾ എടുക്കും? 1984 ഏപ്രിൽ 15-ലെ സസ്മാരകത്തിന് 9081 പേർ മാത്രമേ 1,44,000ത്തിലെ അംഗങ്ങളാണെന്ന് അവകാശപ്പെട്ടുള്ളുവെന്ന വസ്തുതയാൽ ഒരു സൂചന നൽകപ്പെടുന്നു. ഇന്നത്തെ അഭിഷിക്തർ വെളിപ്പാട് 14:4-ൽ “മനുഷ്യവർഗ്ഗത്തിന്റെ ഇടയിൽനിന്ന് ദൈവത്തിനും കുഞ്ഞാടിനും ആദ്യഫലങ്ങൾ എന്ന നിലയിൽ വിലയ്ക്കു വാങ്ങപ്പെട്ടവർ” എന്നു വർണ്ണിക്കപ്പെട്ടിരിക്കുന്നവരുടെ അവസാനത്തെ അംഗങ്ങളാണ്. അതുകൊണ്ട് “ആദ്യ ഫലങ്ങളിൽ” അധികവും ചേർക്കപ്പെട്ടതായി തോന്നും. എന്നാൽ “ആദ്യഫലങ്ങൾ” എന്ന പദപ്രയോഗം മററുഫലങ്ങൾ പിന്തുടരാനിരിക്കുന്നുവെന്ന് അർത്ഥമാക്കുന്നുണ്ടോ? തീർച്ചയായും! യഹൂദ കാർഷിക വർഷത്തിന്റെ ഒടുവിൽ കൂടാരപ്പെരുന്നാളിന്റെ സമയത്ത് ശേഖരിക്കപ്പെടുന്ന സമൃദ്ധമായ മററു വിളവുകളാൽ ഇതു നന്നായി പ്രതീകവൽക്കരിക്കപ്പെട്ടു.—ആവർത്തനം 16:13-15.
10. ആധുനികകാലങ്ങളിൽ ഏതു രണ്ടുകൊയ്ത്തുകൾ നടന്നു കൊണ്ടിരിക്കുന്നു, ഈ വസ്തുത കൂടുതൽ കൊയ്ത്തു വേലക്കാരുടെ അടിയന്തിരാവശ്യത്തിന് അടിവരയിടുന്നതെങ്ങനെ?
10 അതുകൊണ്ട് അഭിഷിക്തശേഷിപ്പിന്റെ കൊയ്ത്തു അവസാനത്തോടടുത്തപ്പോൾ മറെറാരു കൊയ്ത്തു ശേഖരണം തുടങ്ങറായെന്ന് വ്യക്തമാകുന്നു. യോഹന്നാൻ ദർശനത്തിൽ കാണുന്ന കാഴ്ചയിൽ ഇതു പ്രതിഫലിക്കുന്നില്ലേ? “ഈ കാര്യങ്ങൾക്കുശേഷം, നോക്കൂ! സകല ജനതകളിൽനിന്നും ഗോത്രങ്ങളിൽനിന്നും ജനങ്ങളിൽനിന്നും ഭാഷകളിൽ നിന്നുമായി യാതൊരു മനുഷ്യനും എണ്ണാൻ കഴിയാത്ത ഒരു മഹാപുരുഷാരം . . . ഞാൻ കണ്ടു.” “ഇവരാണ് മഹോപദ്രവത്തിൽനിന്നു പുറത്തുവരുന്നവർ” എന്ന് യോഹന്നാനോട് പറയപ്പെട്ടു. (വെളിപ്പാട് 7:9, 14) “മഹാപുരുഷാര”ത്തിന്റെ കൂട്ടിച്ചേർക്കൽ പൂർത്തീകരിക്കുന്നതിന് പരിമിതമായ സമയമേ ശേഷിച്ചിട്ടുള്ളു. ആ “ഭൂമിയിലെ നാലുകാററ്” അഴിച്ചുവിട്ടുകൊണ്ട് “മഹോപദ്രവ”ത്തിന്റെ തുടക്കത്തിന് സൂചന കൊടുക്കുമ്പോൾ സമയം വളരെ വൈകിയിരിക്കും! ഇനിയും കണ്ടെത്താനുള്ള കൊയ്ത്തു വേലക്കാരുടെ അടിയന്തിരാവശ്യം നിങ്ങൾക്കു കാണാൻ കഴികയില്ലേ?
ആയിരങ്ങൾ ഇപ്പോൾ ചെവികൊടുക്കുന്നു
11. (എ) യേശുവിന്റെ “വേറെ ആടുകൾ” കൊയ്ത്തിൽ എത്രത്തോളം പങ്കെടുക്കുന്നു? (ബി) 1984-ലെ സ്മാരകഹാജർ എന്തു സൂചിപ്പിക്കുന്നു?
11 “ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കുണ്ട്; അവയെയും ഞാൻ കൊണ്ടുവരേണ്ടതാണ്, അവ എന്റെ ശബ്ദം ശ്രദ്ധിക്കും, അവ ഏക ആട്ടിൻകൂട്ടവും ഏക ഇടയനുമായിത്തീരും” എന്നു പറഞ്ഞപ്പോൾ യേശു ചെമ്മരിയാടു തുല്യരായവരുടെ ഈ കൊയ്ത്തുവേലയുടെ വിപുലീകരണത്തെ മുൻകൂട്ടിപ്പറയുകയായിരുന്നു. (യോഹന്നാൻ 10:14, 16) ആ “ഏക ആട്ടിൻകൂട്ട”ത്തിൽ പെടുന്നതായി സജീവമായി തിരിച്ചറിയിച്ചിട്ടുള്ള 28,00,000-ത്തിൽപരം “വേറെ ആടുകൾ” ഇപ്പോൾത്തന്നെയുണ്ട്. ആ സംഖ്യയിൽപെട്ട 1,79,421-പേർ 1984-ലെ സേവനവത്സരത്തിലാണ് സ്നാനമേററത്! എന്നിരുന്നാലും, സ്മാരകാഘോഷവേളയിലെ ഹാജർ 74,16,974 ആയിരുന്നു! ഇത് എന്താണ് നമ്മെ അറിയിക്കുന്നത്? ഇടയന്റെ ശബ്ദം കേട്ടിരിക്കുന്ന വേറെ അനേകർ ഉണ്ടെന്നും ഏതെങ്കിലും കാരണത്താൽ അവർ ഇതുവരെയും “എന്റെ അനുഗാമിയായിരിക്കുക” എന്ന യേശുവിന്റെ ക്ഷണത്തിന് ചെവികൊടുത്തിട്ടില്ലെന്നും.—ലൂക്കോസ് 5:27.
12. ഇപ്പോൾ നാം നമ്മോടുത്തന്നെ ഏതു പ്രധാനചോദ്യങ്ങൾ ചോദിക്കണം?
12 ‘ഈ വ്യവസ്ഥിതിയുടെ സമാപന’ത്തിങ്കലെ ഈ സുപ്രധാന കൊയ്ത്തു വേലയോടുള്ള ബന്ധത്തിൽ നിങ്ങൾ എവിടെ നിലകൊള്ളുന്നു? (മത്തായി 13:39) നിങ്ങൾ കൊയ്ത്തിന്റെ സന്തോഷത്തിൽ ഇപ്പോൾ പങ്കുപററുന്ന സന്തുഷ്ടജനസമൂഹങ്ങളിൽ എണ്ണപ്പെടുന്നുണ്ടോ? അതോ, “എന്റെ അനുഗാമിയായിരിക്കുക” എന്ന നല്ല ഇടയന്റെ ക്ഷണം പരസ്യമായി സ്വീകരിക്കുന്നതിൽനിന്ന് പിൻമാറിനിൽക്കാൻ മാനസികമായി ചായ്വുകാണിക്കുന്ന ഒരു നിരീക്ഷകൻ മാത്രമാണോ ഇപ്പോഴും നിങ്ങൾ? തീർച്ചയായും നമ്മുടെ മുൻ ലേഖനത്തിൽ പരിചിന്തിച്ച ലൂക്കോസ് 9-ാം അദ്ധ്യായത്തിലെ ആ മൂന്നുപേരെപോലെ ഒഴികഴിവു പറയാൻ ഇന്ന് ആരും ആഗ്രഹിക്കരുത്. ആ മൂന്നുപേർക്കു നഷ്ടപ്പെട്ടതിനെക്കുറിച്ചു ചിന്തിക്കുക—രാജ്യസേവനത്തിന്റെ സന്തോഷം, അതിൽ ഭൂതബാധിതരായ ചിലരെ മോചിപ്പിക്കുന്നതിലുള്ള പങ്കുപററലും ഉൾപ്പെടാൻ സാദ്ധ്യതയുണ്ടായിരുന്നു!—ലൂക്കോസ് 9:57-62; 10:17.
13. നിങ്ങൾ മനസ്സൊരുക്കമുള്ള ഒരു കൊയ്ത്തുവേലക്കാരനായിരിക്കുന്നതിൽ വിശ്വാസം മർമ്മപ്രധാനമായ ഒരു പങ്കുവഹിക്കുന്നതെങ്ങനെ?
13 “വിശ്വാസം കൂടാതെ [ദൈവത്തെ] നന്നായി പ്രസാദിപ്പിക്കുക അസാദ്ധ്യമാണ്” എന്ന് അപ്പോസ്തലനായ പൗലോസ് പറഞ്ഞു. (എബ്രായർ 11:6) ഹാ, ഉവ്വ്, സ്വാർത്ഥതാൽപ്പര്യം മാററിവെച്ചിട്ട് ഒരു കൊയ്ത്തു വേലക്കാരനെന്ന നിലയിൽ തന്റെ ജീവിതത്തെ ദൈവത്തിന് മനസ്സോടെ സമർപ്പിക്കാൻ ഓരോരുത്തരുടെയും ഭാഗത്ത് വിശ്വാസം ആവശ്യമാണ്. ദൃഷ്ടാന്തമായി, നിങ്ങൾക്ക് ഗൗരവമായ ഒരു ആരോഗ്യപ്രശ്നം ഉണ്ടായിരിക്കാം; ഒരുപക്ഷേ, നിങ്ങളുടെ കുടുംബത്തിലെ ചില അംഗങ്ങൾക്ക് യഹോവയുടെ സാക്ഷികളോട് ഉഗ്രമായ എതിർപ്പുണ്ടായിരിക്കാം; ഒരുപക്ഷേ, നിങ്ങളുടെ ജീവിതത്തിൽ ആവശ്യമായ മാററങ്ങൾ വരുത്തുന്നതിന് പ്രായം കടന്നുപോയെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടായിരിക്കാം. അല്ലെങ്കിൽ, സ്കൂളിൽ നിങ്ങൾക്കനുഭവപ്പെടുന്ന സമപ്രായക്കാരുടെ സമ്മർദ്ദത്തെ അഭിമുഖീകരിക്കാൻ നിങ്ങൾ അപ്രാപ്തനാണെന്ന് വിചാരിച്ചേക്കാം. നിങ്ങളുടെ സാഹചര്യങ്ങൾ, എന്തായിരുന്നാലും, യഹോവയ്ക്കു നിങ്ങളുടെ പ്രശ്നങ്ങൾ മററാരെക്കാളുമധികം മനസ്സിലാകുന്നുണ്ടെന്ന് ഒരിക്കലും മറക്കരുത്. കൂടാതെ, നിങ്ങൾ തന്നെ ചില അവശ്യ നടപടികൾ സ്വീകരിച്ചാൽ മാത്രമേ, നിങ്ങളോട് അടുത്തുവരാനും അവനെ സേവിക്കാനുള്ള നിങ്ങളുടെ തീരുമാനത്തെ ബലിഷ്ഠമാക്കാനും അവൻ ഒരുക്കമായിരിക്കയുള്ളു.—സങ്കീർത്തനം 103:13, 14; യാക്കോബ് 4:8.
വിശ്വാസം ‘പർവ്വതങ്ങളെ’ മാററുന്നു
14. മത്തായി 17:20-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകളാൽ അവൻ എന്തർത്ഥമാക്കിയെന്ന് വിശദീകരിക്കുക.
14 “നിങ്ങൾക്ക് ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കിൽ നിങ്ങൾ ഈ പർവ്വതത്തോട് ‘ഇവിടെനിന്ന് അങ്ങോട്ടു മാറുക’ എന്നു പറയും, അതു മാറുകയും ചെയ്യും, നിങ്ങൾക്കു യാതൊന്നും അസാദ്ധ്യമാകുകയില്ല” എന്ന് യേശു പറഞ്ഞു. 1980 കളിൽ കൂടുതൽ കൊയ്ത്തുകാർക്കുവേണ്ടിയുള്ള ആഹ്വാനത്തിനു ചെവികൊടുത്തിട്ടുള്ള ശതസഹസ്രക്കണക്കിനാളുകളിൽ അനേകരുടെ അനുഭവമാണത്. ഒരു കാലത്ത് അവർക്ക് പർവ്വതസമാനമെന്നു തോന്നിയ വ്യക്തിപരമായ പ്രശ്നങ്ങളും പ്രയാസങ്ങളും യഹോവയുടെ സഹായത്തോടെ തരണം ചെയ്തു. (മത്തായി 17:20; 19:26) ചുവടെ ചേർക്കുന്ന അനുഭവങ്ങൾ പരിചിന്തിക്കുക:
15, 16. ഐക്യനാടുകളിലെ ഒരു യുവാവും ബ്രസീലിലെ ഒരു കത്തോലിക്കാ ഭർത്താവും തങ്ങളുടെ സ്നാനത്തിന് പ്രതിബന്ധമായിരുന്ന വലിയ പ്രശ്നങ്ങളെ തരണം ചെയ്തതെങ്ങനെയെന്ന് വർണ്ണിക്കുക.
15 അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയായിലെ ഒരു ചെറുപ്പക്കാരൻ ഒരു പോളിയോ രോഗി ആയിരുന്നു, ഗുരുതരമായ വൈകല്യം ബാധിച്ചു കുടുംബത്താൽ അവഗണിക്കപ്പെട്ടിരുന്ന ഒരാൾ. അങ്ങനെയിരിക്കെ, വീടുതോറും സന്ദർശിച്ചുവന്ന യഹോവയുടെ സാക്ഷികളിലൊരാൾ അയാളെ കണ്ടെത്തി. ഒരു ബൈബിളദ്ധ്യയനം തുടങ്ങി. എന്നാൽ അയാൾക്ക് വളരെ ലജ്ജയായിരുന്നതിനാൽ അദ്ധ്യയനം നടത്താൻ സാക്ഷി ചെല്ലുമ്പോൾ അയാൾ തന്റെ ചക്രക്കസേര ഒരു മൂലയിലേക്കു നീക്കി മുഖം കാണാതെ ചുവരിന് അഭിമുഖമായി ഇരിക്കുമായിരുന്നു. തന്റെ പ്രശ്നങ്ങളിൽ ചിലത് തരണം ചെയ്യാൻ ഈ ചെറുപ്പക്കാരൻ മാസങ്ങളെടുത്തു. എന്നിരുന്നാലും, അയാൾ തരണം ചെയ്തു. ഇപ്പോൾ അയാൾ സ്നാനമേററ ഒരു സന്തുഷ്ട സാക്ഷിയാണ്.
16 ബ്രസീലിലെ ഒരു കത്തോലിക്കാ ദമ്പതികൾ തങ്ങളുടെ മതത്തിൽ അസംതൃപ്തരാകുകയും ഒടുവിൽ യഹോവയുടെ സാക്ഷികളോടുകൂടെ ബൈബിൾ പഠിച്ചുതുടങ്ങുകയും ചെയ്തു. തങ്ങളുടെ ആത്മീയാവശ്യങ്ങൾക്ക് ഇപ്പോൾ തൃപ്തിവരുന്നുണ്ടെന്ന് അവർക്കു തോന്നി, എന്നാൽ പർവ്വതസമാനമായ ഒരു വലിയ പ്രശ്നമുണ്ടായിരുന്നു. ഭർത്താവായ അന്റോണിയോ ഒരു കടുത്ത പുകവലിക്കാരനായിരുന്നു. അയാൾ 7 വയസ്സുമുതൽ 48 വർഷം പുകവലിച്ചു! പല വർഷങ്ങളിൽ ഈ ശീലം നിർത്താൻ അയാൾ ശ്രമിച്ചിട്ടും പ്രയോജനമുണ്ടായില്ല. എന്നാൽ അന്റോണിയോ പറയുന്നതുപോലെ ഈ പ്രാവശ്യം വ്യത്യസ്തമായിരുന്നു: “ഞാൻ ദൈവത്തെ പ്രസാദിപ്പിക്കാനും ദൈവേഷ്ടം ചെയ്യാൻ എന്നേത്തന്നെ സമർപ്പിക്കാനും ആഗ്രഹിക്കുന്നുവെങ്കിൽ ഞാൻ പുകവലി നിർത്തിയേ തീരൂ എന്നു ഞാൻ ഇപ്പോൾ മനസ്സിലാക്കി. വളരെയധികം പ്രാർത്ഥനക്കുശേഷം ഒടുവിൽ എനിക്ക് അത് ചെയ്യാൻ കഴിഞ്ഞു.” അയാൾക്ക് യഹോവക്കായുള്ള തന്റെ സമർപ്പണത്തെ ജലസ്നാനത്താൽ ലക്ഷ്യപ്പെടുത്താൻ കഴിഞ്ഞതിൽ അയാൾ എത്ര സന്തുഷ്ടനായിരുന്നു!—സങ്കീർത്തനം 66:19; മർക്കോസ് 11:24.
17. (എ) യേശുവും അവന്റെ ശിഷ്യൻമാരും അഭിമുഖീകരിച്ച ഏതു ദുഷ്ട സ്വാധീനം ഇന്ന് എന്നെത്തേതിലും ശക്തമാണ്? (ബി) യേശുവും ശിഷ്യൻമാരും ഒന്നാം നൂററാണ്ടിൽ ഭൂതബാധയെ എങ്ങനെ കൈകാര്യം ചെയ്തു, ഇപ്പോൾ അത് എങ്ങനെ കൈകാര്യം ചെയ്യപ്പെടുന്നു?
17 യഹൂദൻമാരിലെ ഭൂതബാധ യേശുവും അവന്റെ ശിഷ്യൻമാരും തുടർച്ചയായി അഭിമുഖീകരിച്ച ഒരു പ്രശ്നമായിരുന്നു. അതേ ദുഷ്ടസ്വാധീനങ്ങൾ ഇന്നും പ്രവർത്തിക്കുന്നുണ്ട്, വിശേഷിച്ച്, സാത്താനും അവന്റെ ഭൂതസൈന്യങ്ങളും സ്വർഗ്ഗത്തിൽനിന്ന് ഈ ഭൂമിയിലേക്ക് തള്ളിയിടപ്പെട്ടിരിക്കുമ്പോൾ. (വെളിപ്പാട് 12:7-9, 12, 17) ക്രിസ്ത്യാനിത്വത്തിന്റെ ശൈശവ ദശയിൽനിന്നു വ്യത്യസ്തമായി യഹോവ ഇക്കാലത്ത് തന്റെ ജനത്തിന് ഭൂതങ്ങളെ പുറത്താക്കാനുള്ള അത്ഭുതശക്തികൾ കൊടുത്തിട്ടില്ല. എന്നിരുന്നാലും, ക്രിസ്ത്യാനികൾക്ക് അവൻ പ്രദാനം ചെയ്തിരിക്കുന്ന ആത്മീയ പടച്ചട്ടക്ക് ഭൂതസ്വാധീനത്തിനെതിരെ സംരക്ഷണമായി ഉപകരിക്കാൻ കഴിയും. മററുള്ളവരെ ഭൂതനിയന്ത്രണത്തിൽനിന്ന് സ്വതന്ത്രരാക്കാനും അത് ഉപയോഗിക്കാൻ കഴിയും. (എഫേസ്യർ 6:10-18) ഘാനയിൽനിന്ന് ഈ റിപ്പോർട്ട് ലഭിച്ചിരിക്കുന്നു: “സഹോദരൻമാരുടെ ദൃഢനിശ്ചയത്തോടുകൂടിയ ശ്രമങ്ങളുടെ ഫലമായി അനേകർ ഭൂതങ്ങളുടെ പിടിയിൽനിന്ന് വിമുക്തരാക്കപ്പെടുന്നുണ്ട്.” ഒരു സാക്ഷി ശുശ്രൂഷയിലേർപ്പെട്ടിരുന്നപ്പോൾ ഒരു സ്ത്രീയെ കണ്ടെത്തി. ഒരു ബൈബിൾ ചർച്ച തുടങ്ങിയ ഉടനെ “സ്ത്രീ കരയാൻ തുടങ്ങി.” പ്രശ്നമെന്തായിരുന്നു? സാക്ഷി ഇങ്ങനെ വിവരിച്ചു: ‘ഒരു ആത്മാവ് അവളെ ബാധിച്ചു, അപ്പോഴെല്ലാം അത് അവൾ കരയാനിടയാക്കി, അവളുടെ കൈവശമുള്ള പണവും അപ്രത്യക്ഷമായി.’ ഒരു ക്രമമായ ബൈബിളദ്ധ്യയനം ഈ ഭൂതശല്യത്തിൽനിന്ന് സ്വതന്ത്രയാകാൻ അവളെ സഹായിച്ചു, അവളെത്തന്നെ യഹോവയ്ക്കു സമർപ്പിക്കാൻ അത് അവളെ പ്രാപ്തയാക്കി.—യോഹന്നാൻ 8:32.
18. ദൂതൻമാർ സജീവമായി പ്രസംഗവേലയെ നയിക്കുന്നുണ്ടെന്ന് ഏത് അനുഭവം ചിത്രീകരിക്കുന്നു?
18 മുകളിൽ വിവരിച്ചതുപോലെയുള്ള പ്രശ്നങ്ങൾ ഒരു വ്യക്തിയുടെ മനസ്സിൽ വളരെ വലുതായിത്തീരുന്നതുകൊണ്ട് ആത്മഹത്യായെക്കുറിച്ച് ചിന്തിച്ചേക്കാം. ന്യൂസിലണ്ടിലെ ഒരു ചെറുപ്പക്കാരിയുടെ ദൃഷ്ടാന്തമെടുക്കുക. അവളെ ആദ്യം സന്ദർശിച്ച സാക്ഷി “അവൾ വൈകാരികമായി പിരിമുറുക്കമുള്ളവളാണെന്നും എന്തോ കരുതിക്കൂട്ടിയിരിക്കുകയാണെന്നും” കണ്ടു. ഈ സ്ത്രീ “താൻ ആത്മഹത്യ ചെയ്യാൻ പോകുകയായിരുന്നുവെന്നും തന്നെ സഹായിക്കുന്നതിന് ആദ്യം ദൈവത്തോടു പ്രാർത്ഥിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നുവെന്നും” പിന്നീടു സമ്മതിച്ചു. ആ ഘട്ടത്തിലായിരുന്നു സാക്ഷി അവളുടെ കതകിൽ മുട്ടിയത്. അങ്ങനെ, അവൾ “തന്റെ പ്രാർത്ഥനക്ക് ഉത്തരം നൽകിയതുകൊണ്ട് ദൈവത്തിന് യഥാർത്ഥമായി നന്ദി കൊടുത്തു.” ഇത് ആകസ്മികമായി ഒരുമിച്ചു സംഭവിച്ചതായിരുന്നോ? എങ്കിൽ പലപ്പോഴും സമാനമായ കാര്യങ്ങൾ സംഭവിക്കുന്നതെന്തുകൊണ്ട്? യേശു എന്തു പറഞ്ഞു? “മനുഷ്യപുത്രൻ തന്റെ മഹത്വത്തിൽ സകല ദൂതൻമാരുമായി വന്നെത്തുമ്പോൾ . . . അവൻ ജനത്തെ തമ്മിൽതമ്മിൽ വേർതിരിക്കും, ഒരു ഇടയൻ ചെമ്മരിയാടുകളെ കോലാടുകളിൽനിന്ന് വേർതിരിക്കുന്നതുപോലെതന്നെ.” (മത്തായി 25:31, 32; വെളിപ്പാട് 14:6-ഉം കൂടെ കാണുക.) ദൂതൻമാർ ഇടയവേലയിൽ യേശുവിനെ സഹായിക്കുന്നുണ്ട്, അവർ യജമാനന്റെ “സഹപ്രവർത്തകരെ” തന്നോട് സഹായത്തിനായി അപേക്ഷിക്കുന്നവരുടെ അടുക്കലേക്ക് നയിക്കുന്നു.—1 കൊരിന്ത്യർ 3:6, 9; പ്രവൃത്തികൾ 8:26-39; 16:9, 10 കൂടെ കാണുക.
19. നമ്മുടെ ഭാഗത്ത് ഏതു പ്രവർത്തനം ആവശ്യമാക്കിത്തീർക്കുന്ന ഏതു ലോകവ്യാപക സാഹചര്യം ഇന്നു സ്ഥിതിചെയ്യുന്നു?
19 ഇന്ന് നാം എവിടെ ജീവിച്ചാലും യഹോവയുടെ ജനത്തിൽ പെട്ട അനേകർ ഇപ്പോൾത്തന്നെ തരണം ചെയ്തു കഴിഞ്ഞ അതേ പ്രശ്നങ്ങളാൽ ഭാരപ്പെടുന്നവരും ദുഃഖിതരുമായ ആയിരങ്ങളുണ്ട്. അവരിൽ ചിലർ നിങ്ങളുടെ അടുത്ത വീട്ടിലായിരിക്കാം വസിക്കുന്നത്! അവർക്ക് അടിയന്തിരമായി സഹായമാവശ്യമുണ്ട്. സത്യമായി, യേശു പറഞ്ഞതുപോലെ, “കൊയ്ത്തു വലുതാണ്.” 1986 എന്ന ഈ വർഷത്തിൽ തന്റെ കൊയ്ത്തിനു കൂടുതൽ വേലക്കാരെ അയയ്ക്കാൻ നാം കൊയ്ത്തിന്റെ യജമാനനോട് അപേക്ഷിക്കുകയാണ്. “കൂടുതൽ കൊയ്ത്തു വേലക്കാരെ അടിയന്തിരമായി ആവശ്യമുണ്ട്” എന്ന ആഹ്വാനത്തിനു ചെവികൊടുക്കാൻ നിങ്ങളുടെ ഹൃദയം നിങ്ങളെ പ്രേരിപ്പിക്കട്ടെ! (w85 12⁄15)
പനരവലോകന ചോദ്യങ്ങൾ
▫ കൊയ്ത്തിന്റെ യജമാനൻ ആരാണ്
▫ ഏതു രണ്ടു കൊയ്ത്തുകൾ നടന്നുകൊണ്ടാണിരിക്കുന്നത്?
▫ തന്റെ അനുഗാമികൾ ചെയ്യുമെന്ന് യേശു പറഞ്ഞ വലിപ്പമേറിയ പ്രവൃത്തികൾ ഏവ?
▫ എല്ലാ കൊയ്ത്തുവേലക്കാർക്കും വിശ്വാസമാവശ്യമായിരിക്കുന്നതെന്തുകൊണ്ട്?