വയലുകൾ കൊയ്ത്തിനു പാകമായിരിക്കുന്നു
1. ഏതു സുപ്രധാന വേലയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്?
1 ശമര്യക്കാരിയായ സ്ത്രീയോട് സാക്ഷീകരിച്ചശേഷം യേശു ശിഷ്യന്മാരോടു പറഞ്ഞു: “കണ്ണുകളുയർത്തി വയലിലേക്കു നോക്കുവിൻ. അവ കൊയ്ത്തിനു പാകമായിരിക്കുന്നു.” (യോഹ. 4:35, 36) അപ്പോൾ ഒരു ആത്മീയ കൊയ്ത്ത് നടന്നുകൊണ്ടിരിക്കുകയായിരുന്നു. ഭാവിയിൽ അത് ലോകവ്യാപകമായി നിവർത്തിക്കപ്പെടുമെന്ന കാര്യം മുൻകൂട്ടിക്കാണാൻ യേശുവിനു കഴിഞ്ഞു. ഇപ്പോൾ യേശു സ്വർഗത്തിലാണെങ്കിലും ആ വേലയിൽ അവൻ സുപ്രധാനമായ ഒരു പങ്ക് വഹിക്കുന്നു. (മത്താ. 28:19, 20) പരിസമാപ്തിയിലേക്ക് അടുക്കവെ, ഈ വേല കൂടുതൽ ഊർജിതമായിക്കൊണ്ടിരിക്കുകയാണ്. പിൻവരുന്ന വസ്തുതകൾ അതിനു തെളിവാണ്.
2. കൊയ്ത്തുവേല ഊർജിതമായിക്കൊണ്ടിരിക്കുകയാണ് എന്നതിന് എന്തു തെളിവുണ്ട്?
2 ആഗോള വയൽ: സേവനവർഷം 2009-ൽ ലോകവ്യാപകമായുള്ള പ്രസാധകരുടെ എണ്ണത്തിൽ 3.2 ശതമാനം വർധനയുണ്ടായി. പ്രസംഗവേലയ്ക്ക് നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിലാകട്ടെ വർധന 14 ശതമാനമായിരുന്നു. ഗോളമെമ്പാടുമായി പ്രതിമാസം 76,19,000 ബൈബിളധ്യയനങ്ങളാണ് റിപ്പോർട്ടുചെയ്യപ്പെട്ടത്. പ്രസാധകരുടെ എണ്ണത്തെക്കാൾ കൂടുതലായിരുന്നു അത്, കഴിഞ്ഞവർഷം റിപ്പോർട്ട് ചെയ്ത അധ്യയനങ്ങളെക്കാൾ ഏതാണ്ട് 5 ലക്ഷം കൂടുതൽ. പല ദേശങ്ങളിലും പ്രസംഗവേല ത്വരിതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കവെ, പരിശീലനം സിദ്ധിച്ച പയനിയർമാർക്കുവേണ്ടിയുള്ള ആവശ്യം ഏറിവരികയാണ്. പല രാജ്യങ്ങളിലും അന്യഭാഷാ വയലുകൾ കൂടുതൽ വിളവ് ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. കൊയ്ത്തുവേല പരിസമാപ്തിയിലേക്ക് അടുക്കുന്ന ഈ സാഹചര്യത്തിൽ യഹോവ അത് ത്വരിതപ്പെടുത്തുകയാണെന്നു വ്യക്തമല്ലേ? (യെശ. 60:22) നിങ്ങളുടെ വയലുകളെ നിങ്ങൾ എങ്ങനെയാണു വീക്ഷിക്കുന്നത്?
3. പ്രാദേശിക വയലിനെ ചിലർ എങ്ങനെ വീക്ഷിച്ചേക്കാം?
3 പ്രാദേശിക വയൽ: “എന്റെ പ്രദേശത്തു പ്രവർത്തിച്ചിട്ട് അത്ര ഫലമുണ്ടാകുന്നില്ല” എന്നു ചിലർ പറഞ്ഞേക്കാം. ചില പ്രദേശങ്ങൾ മറ്റുള്ളവയെ അപേക്ഷിച്ച് ഫലം തരാത്തതായി കാണപ്പെട്ടേക്കാം. അതുമല്ലെങ്കിൽ മുൻകാലത്ത് ലഭിച്ചിരുന്നത്ര ഫലം ഇപ്പോൾ അവിടെനിന്ന് ലഭിക്കുന്നില്ലായിരിക്കാം. അതുകൊണ്ട് ആ പ്രദേശങ്ങളിലുള്ള സത്യസ്നേഹികൾ കൂട്ടിച്ചേർക്കപ്പെട്ടു കഴിഞ്ഞെന്നും ഇനി അവിടെ പ്രവർത്തിച്ചിട്ട് കാര്യമില്ലെന്നും ചിലർ വിചാരിച്ചേക്കാം. എന്നാൽ അതു ശരിയാണോ?
4. ശുശ്രൂഷയോട് നാം ഉചിതമായ ഏതു മനോഭാവം വളർത്തിയെടുക്കണം, എന്തുകൊണ്ട്?
4 ഊർജിതമായ പ്രവർത്തനത്തിന്റെ സമയമാണ് കൊയ്ത്തുകാലം. യേശുവിന്റെ വാക്കുകളിൽ പ്രതിഫലിക്കുന്ന അടിയന്തിരത കാണുക: “കൊയ്ത്തു വളരെയുണ്ട്; വേലക്കാരോ ചുരുക്കം; അതുകൊണ്ട് കൊയ്ത്തിലേക്കു വേലക്കാരെ അയയ്ക്കാൻ കൊയ്ത്തിന്റെ യജമാനനോടു യാചിക്കുവിൻ.” (മത്താ. 9:37, 38) എപ്പോൾ, എവിടെയാണ് വിളവ് പാകമാകുന്നതെന്നു നിർണയിക്കുന്നത് കൊയ്ത്തിന്റെ യജമാനനായ യഹോവയാണ്. (യോഹ. 6:44; 1 കൊരി. 3:6-8) അപ്പോൾ നമ്മുടെ ദൗത്യമെന്താണ്? ബൈബിൾ ഉത്തരം നൽകുന്നു: “രാവിലെ വിത്തുവിതയ്ക്കുക, വൈകുന്നേരവും കൈ പിൻവലിക്കരുത്.” (സഭാ. 11:4-6, പി.ഒ.സി. ബൈബിൾ) അതെ, കൊയ്ത്തുവേല പരിസമാപ്തിയോട് അടുക്കുന്ന ഈ വേളയിൽ നമുക്ക് വെറുതെ വിശ്രമിച്ചിരിക്കാനാവില്ല!
5. പ്രവർത്തിച്ചിട്ട് കാര്യമില്ലെന്നു തോന്നുന്ന പ്രദേശങ്ങളിലും നാം തീക്ഷ്ണതയോടെ പ്രസംഗിക്കേണ്ടത് എന്തുകൊണ്ട്?
5 കൊയ്ത്തുവേല തുടരുക: നമ്മുടെ പ്രദേശത്ത് നാം കൂടെക്കൂടെ പ്രവർത്തിച്ചിട്ടുണ്ടായിരിക്കാമെങ്കിലും, അവിടെനിന്ന് കാര്യമായ ഫലം ലഭിക്കുകയില്ലെന്നു തോന്നിയാലും, നാം തീക്ഷ്ണതയും അടിയന്തിരതാബോധവും കൈവിടരുത്. (2 തിമൊ. 4:2) ലോകത്തിൽ പെട്ടെന്നുണ്ടാകുന്ന ഓരോരോ മാറ്റങ്ങൾ ആളുകളുടെ വീക്ഷണത്തിലും മാറ്റങ്ങൾ വരുത്തുന്നുണ്ട്; അവർ ഭാവിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. മുതിർന്നുവരുന്ന യുവപ്രായക്കാർ സുരക്ഷിതത്വവും മനശ്ശാന്തിയും കണ്ടെത്താൻ ശ്രമിക്കുന്നുണ്ടായിരിക്കും. ശുശ്രൂഷയിൽ നാം കാണിക്കുന്ന ഉത്സാഹത്തിൽ ആകൃഷ്ടരാകുന്ന മറ്റൊരു കൂട്ടമുണ്ട്. അതെ, മുമ്പ് സുവാർത്തയ്ക്കു ചെവികൊടുക്കാതിരുന്നവർ ഇപ്പോൾ അതു ശ്രദ്ധിക്കാൻ മനസ്സുകാട്ടിയേക്കാം. ഇനി, മനപ്പൂർവം നമ്മുടെ സന്ദേശം തള്ളിക്കളയുന്നവർക്കുപോലും നാം മുന്നറിയിപ്പ് നൽകണം. എന്നാൽ ഒരു പ്രദേശത്തുള്ള പലരും സുവാർത്തയോട് കടുത്ത എതിർപ്പ് പ്രകടിപ്പിക്കുകയാണെങ്കിൽ നാം ജാഗ്രത പുലർത്തേണ്ടതുണ്ട്.—യെഹെ. 2:4, 5; 3:19.
6. നമ്മുടെ പ്രദേശത്തു പ്രവർത്തിക്കുന്നത് ദുഷ്കരമാണെങ്കിൽ, തീക്ഷ്ണത കൈവിടാതിരിക്കാൻ നമ്മെ എന്തു സഹായിക്കും?
6 നമ്മുടെ പ്രദേശത്തു പ്രവർത്തിക്കുന്നത് ദുഷ്കരമായി തോന്നുന്ന സാഹചര്യങ്ങളിലും തീക്ഷ്ണത കൈവിടാതിരിക്കാൻ നമ്മെ എന്തു സഹായിക്കും? അങ്ങനെയുള്ളപ്പോൾ വീടുതോറുമുള്ള ശുശ്രൂഷയ്ക്കുപകരം നമുക്ക് ടെലഫോൺ സാക്ഷീകരണമോ കടകൾതോറുമുള്ള സാക്ഷീകരണമോ നടത്താവുന്നതാണ്. അല്ലെങ്കിൽ നമുക്ക് ആളുകളെ സമീപിക്കുന്ന രീതിയിൽ അൽപ്പം മാറ്റം വരുത്താൻ കഴിഞ്ഞേക്കും. “നിത്യജീവനുവേണ്ട ഹൃദയനില” ഉള്ളവരെ അന്വേഷിക്കവെ, നമുക്ക് നയവും വിവേചനയും പ്രകടമാക്കാം. (പ്രവൃ. 13:48) ഇനി, മറ്റൊരു സമയത്ത്, അതായത് ആളുകൾ വീട്ടിലുണ്ടാകാൻ സാധ്യതയുള്ളപ്പോൾ അവരെ സന്ദർശിക്കാൻ ക്രമീകരണം ചെയ്യാം. കൂടുതൽ ആളുകളുടെ പക്കൽ സുവാർത്ത എത്തിക്കാൻ മറ്റൊരു ഭാഷ പഠിക്കുന്നതിനെക്കുറിച്ചെന്ത്? സാധാരണ പയനിയറിങ് ചെയ്തുകൊണ്ട് ശുശ്രൂഷ വിപുലീകരിക്കാൻ നമുക്കു സാധിക്കുമോ? ‘കൂടുതൽ വേലക്കാരെ’ ആവശ്യമുള്ളിടത്തേക്ക് മാറിത്താമസിക്കാൻ നമുക്കാകുമോ? കൊയ്ത്തുവേലയെക്കുറിച്ച് ശരിയായ മനോഭാവം ഉണ്ടെങ്കിൽ, ഈ സുപ്രധാനവേലയിൽ പൂർണപങ്കുണ്ടായിരിക്കാൻ നമ്മാലാവുന്നതെല്ലാം നാം ചെയ്യും.
7. കൊയ്ത്തുവേല നാം എത്ര നാൾ ചെയ്യേണ്ടിവരും?
7 വിളവെടുക്കാൻ ഒരു കർഷകന് പരിമിതമായ സമയമേ ലഭിക്കാറുള്ളൂ. അതുകൊണ്ട് വിളവെടുത്തു തീരുന്നതുവരെ അയാൾക്കു വെറുതെയിരിക്കാനാവില്ല. ആത്മീയ കൊത്തുവേലയുടെ കാര്യത്തിലും അതു സത്യമാണ്. ഈ വേല നാം എത്ര നാൾ ചെയ്യേണ്ടിവരും? “യുഗസമാപ്തിയോളം” അഥവാ “അന്ത്യം”വരെ. (മത്താ. 24:14; 28:20) യേശുവിനെപ്പോലെ, നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന വേല പൂർത്തിയാക്കാൻ നാം ആഗ്രഹിക്കുന്നു. (യോഹ. 4:34; 17:4) അതുകൊണ്ട് തീക്ഷ്ണതയോടും സന്തോഷത്തോടും കൂടെ നമ്മുടെ ശുശ്രൂഷ നമുക്ക് നിർവഹിക്കാം. (മത്താ. 24:13) കൊയ്ത്തുവേല ഇനിയും അവസാനിച്ചിട്ടില്ല!
[2-ാം പേജിലെ ആകർഷക വാക്യം]
ഊർജിതമായ പ്രവർത്തനത്തിന്റെ സമയമാണ് കൊയ്ത്തു കാലം