“സമാധാന പ്രഭു”വിൻ കീഴിൽ ലോകവ്യാപക സുരക്ഷിതത്വം
“രാജകീയഭരണത്തിന്റെ സമൃദ്ധിക്കും സമാധാനത്തിനും അവസാനമുണ്ടായിരിക്കയില്ല, ഇന്നു മുതലും അനിശ്ചിതകാലത്തോളവും ന്യായത്താലും നീതിയാലും ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും അത് ഉറപ്പായി സ്ഥാപിക്കുന്നതിനും നിലനിർത്തുന്നതിനും തന്നെ. സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണതതന്നെ ഇതു ചെയ്യും.”—യെശയ്യാവ് 9:7.
1, 2. (എ) ദൈവരാജ്യത്തിന്റെ ജനനം എന്തിനുള്ള ഒരു അവസരമായിരിക്കും, ഈ ജനനം എപ്പോൾ നടന്നു? (ബി) ഐക്യരാഷ്ട്രങ്ങളുടെ ചാർട്ടർ ആ സ്ഥാപനത്തിന് എന്തു നിയോഗം കൊടുക്കുന്നു, എന്നാൽ രാജ്യ ഉടമ്പടി യേശുക്രിസ്തുവിന് എന്തു നിയോഗം കൊടുത്തിരിക്കുന്നു? (സി) യഹോവ കണിശമായും ആ രാജ്യ ഉടമ്പടിയോട് പററിനിൽക്കുമെന്ന് നാം എങ്ങനെ അറിയുന്നു?
പൂർണ്ണ മാനുഷശിശുവായുള്ള ഈ യേശുവിന്റെ ജനനം അസാധാരണ സന്തോഷത്തിനുള്ള ഒരു അവസരമായിരുന്നതുപോലെ, ദീർഘനാളായി വാഗ്ദത്തം ചെയ്തിരുന്ന അവന്റെ രാജ്യത്തിന്റെ ജനനവും വമ്പിച്ച സന്തോഷത്തിന്റെ ഒരു അവസരമായിരിക്കും. (സങ്കീർത്തനം 96:10-12) ആധുനിക ചരിത്ര വസ്തുതകളനുസരിച്ച് ആ ഗവൺമെൻറ് 1914-ൽ അവന്റെ തോളിൽ വെക്കപ്പെട്ടു. ഐക്യരാഷ്ട്രസംഘടനയുടെ ഇന്നത്തെ അസ്തിത്വം ആ വസ്തുതയെ വ്യാജമാക്കുന്നില്ല. യു. എന്നിലെ 159 അംഗരാഷ്ട്രങ്ങളിലെ ഭരണാധികാരികളിൽ ആരും ദാവീദിന്റെ ഗൃഹത്തിൽപെട്ടവരല്ല. എന്നിരുന്നാലും, ആ ലോക ഗൂഢാലോചനയുടെ ചാർട്ടർ മനുഷ്യവർഗ്ഗത്തിനുവേണ്ടി ലോകവ്യാപകസമാധാനവും സുരക്ഷിതത്വവും നേടുകയെന്ന ജോലി അവർക്കു നിയോഗിച്ചുകൊടുക്കുന്നു.
2 എന്നാൽ രാജ്യത്തിനുവേണ്ടിയുള്ള യഹോവയുടെ ഉടമ്പടി ഒരിക്കലും റദ്ദാക്കപ്പെട്ടിട്ടില്ല. യെശയ്യാവ് 9:7-ലെ “ദാവീദിന്റെ സിംഹാസനത്തിൽ” എന്ന പ്രയോഗം ദൈവം ഒരു അനന്തരാജ്യത്തിനുവേണ്ടി ദാവീദിനോടു ചെയ്ത ഉടമ്പടിയെ സ്ഥിരീകരിക്കുന്നു. തന്നെയുമല്ല, അതു വിജയകരമായി പൂർത്തീകരിക്കുമെന്ന് ദൈവം ആണയിട്ടിട്ടുണ്ട്. യഹോവ ഈ ഉടമ്പടിയോടു പററിനിൽക്കുമെന്ന് സങ്കീർത്തനം 89:3, 4, 35, 36-ൽ വ്യക്തമാക്കപ്പെട്ടിരിക്കുന്നു: “ഞാൻ എന്റെ തെരഞ്ഞെടുക്കപ്പെട്ടവനോട് ഒരു ഉടമ്പടി ചെയ്തിരിക്കുന്നു; എന്റെ ദാസനായ ദാവീദിനോട് ഞാൻ ആണയിട്ടിരിക്കുന്നു, ഞാൻ നിന്റെ സന്തതിയെ അനിശ്ചിത കാലത്തോളംതന്നെ ഉറപ്പായി സ്ഥാപിക്കും, തലമുറതലമുറയോളം ഞാൻ നിന്റെ സിംഹാസനത്തെ പണിയും. ഒരിക്കൽ ഞാൻ എന്റെ വിശുദ്ധിയെകൊണ്ട് ആണയിട്ടിരിക്കുന്നു, ദാവീദിനോടു ഞാൻ ഭോഷ്ക്കുകൾ പറയുകയില്ല. അവന്റെ സന്തതിതന്നെ അനിശ്ചിതകാലത്തോളമെന്നും അവന്റെ സിംഹാസനം എന്റെ മുമ്പാകെ സൂര്യനെപ്പോലെയെന്നും തെളിയും.” ആ ഉടമ്പടിയും “സമാധാന പ്രഭു” എന്ന സ്ഥാനപ്പേരും ലോകവ്യാപക സുരക്ഷിതത്വം കൈവരുത്തുന്ന ജോലി യേശുക്രിസ്തുവിനു നിയോഗിച്ചുകൊടുക്കുന്നു.
3. “സമാധാന പ്രഭു” തന്റെ ഭരണം തുടങ്ങാനുള്ള സമയം സ്വർഗ്ഗത്തിനോ ഭൂമിക്കോ സമാധാന കാലമല്ലാഞ്ഞതെന്തുകൊണ്ട്?
3 എന്നിരുന്നാലും തന്റെ രാജകീയ പ്രഭുവിൻമേൽ യഹോവയാം ദൈവം തന്റെ ഗവൺമെൻറ് വെക്കാനുള്ള സമയം മീതെ സ്വർഗ്ഗത്തിലോ താഴെ ഭൂമിയിലോ ഒരു സമാധാന വർഷമായിരിക്കേണ്ടിയിരുന്നില്ല. വെളിപ്പാട് 12-ാം അദ്ധ്യായമനുസരിച്ച് അവന്റെ രാജ്യത്തിന്റെ ജനനത്തെ തുടർന്ന് സ്വർഗ്ഗത്തിൽ യുദ്ധമുണ്ടാകും. പിശാചായ സാത്താനും അവന്റെ ഭൂതങ്ങളും പുതുതായി സ്ഥാപിക്കപ്പെട്ട ഗവൺമെൻറിനെതിരെ യുദ്ധം ചെയ്തു. പുതുതായി സിംഹാസനസ്ഥനായ രാജാവ് തന്റെ വിശുദ്ധദൂതൻമാരോടൊത്ത് ഭൂത സൈന്യങ്ങളോടു യുദ്ധം ചെയ്തു. ഫലമോ, സാത്താനും അവന്റെ ഭൂതങ്ങളും സ്വർഗ്ഗത്തിൽനിന്ന് നമ്മുടെ ഭൂമിയുടെ പരിസരത്തിലേക്കു വലിച്ചെറിയപ്പെട്ടു. തത്ഫലമായി, ഈ ഉദ്ഘോഷം മുഴങ്ങി: “ഭൂമിക്കും സമുദ്രത്തിനും മഹാകഷ്ടം, എന്തുകൊണ്ടെന്നാൽ പിശാച് തനിക്ക് അല്പകാലഘട്ടമാണുള്ളതെന്നറിഞ്ഞുകൊണ്ട് മഹാകോപത്തോടെ നിങ്ങളുടെ അടുക്കലേക്ക് ഇറങ്ങിവന്നിരിക്കുന്നു.” (വെളിപ്പാട് 12:12) പിശാചിന്റെ വീഴ്ചക്കുശേഷം നമ്മുടെ ഭൂമി സങ്കടകരമായി മുമ്പുണ്ടായിട്ടില്ലാത്തതരം അക്രമത്തിന്റെയും യുദ്ധത്തിന്റെയും രംഗമായിത്തീർന്നിരിക്കുന്നു. സമാധാന പ്രഭുവിന്റെ ഭരണം മനുഷ്യവർഗ്ഗത്തിന് എത്ര ആവശ്യമാണ്, എന്തുകൊണ്ടെന്നാൽ അത് ലോകവ്യാപക സുരക്ഷിതത്വത്തിൽ കലാശിക്കും.
4. “ശക്തനാം ദൈവം” എന്ന സ്ഥാനപ്പേരിനെ സർവ്വശക്തനായ ദൈവമായി കൂട്ടിക്കുഴയ്ക്കരുതാത്തതെന്തുകൊണ്ട്?
4 യെശയ്യാവ് 9:6 അനുസരിച്ച് യേശുക്രിസ്തുവിന്റെ മഹത്തായ നാമത്തോട് “സമാധാന പ്രഭു” എന്നതിനു പുറമേ, മററു സ്ഥാനപ്പേരുകളും കൂട്ടപ്പെടണമായിരുന്നു. അവയിലൊന്ന് “ശക്തനാം ദൈവം” എന്നതായിരിക്കേണ്ടിയിരുന്നു. അവൻ ഒരു ദൈവത്രിത്വത്തിലെ തുല്യാംഗമെന്നപോലെ “സർവ്വശക്തനായ ദൈവം” എന്നു വിളിക്കപ്പെടേണ്ടതല്ലായിരുന്നു. തന്റെ പുനരുത്ഥാന ദിവസം പോലും, താൻ അപ്പോഴും യഹോവയെക്കാൾ താണവനാണെന്ന് അവൻ അറിയിച്ചു. അവൻ മഗ്ദലന മറിയക്ക് പ്രത്യക്ഷപ്പെടുകയും താൻ അവരുടെ പിതാവും തന്റെ പിതാവും അവരുടെ ദൈവവും തന്റെ ദൈവവുമായവന്റെ അടുക്കലേക്ക് മടങ്ങിപ്പോകുകയാണെന്ന് ആകാംക്ഷാഭരിതരായ തന്റെ ശിഷ്യൻമാരെ അറിയിക്കാൻ അവളെ അയയ്ക്കുകയും ചെയ്തു. (യോഹന്നാൻ 20:17) ഇന്നോളം അവൻ സകല സൃഷ്ടികളെയും “ദൈവാധിദൈവ”മായ യഹോവയുടെ ആരാധനയിൽ തുടർന്നു നയിച്ചുകൊണ്ടിരിക്കുന്നു. (ദാനിയേൽ 11:36) ഹാ, ഉവ്വ്, യേശുക്രിസ്തുവിന് ഒരു ദൈവമുണ്ട്. ആ ദൈവം യേശു തന്നെയല്ല, പിന്നെയോ സ്വർഗ്ഗീയ പിതാവായ യഹോവയാണ്. “സമാധാനപ്രഭു” എത്രമഹത്തായി നിലനിൽക്കുന്ന സാർവ്വദേശിയ സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും മുന്നോടിയായി സേവിക്കുന്നു!
5. ജീവനുള്ള സത്യദൈവമായ യഹോവയുടെ ആരാധനയിൽ ബുദ്ധിശക്തിയുള്ള സകല ജീവികളെയും നയിക്കാൻ യേശുക്രിസ്തു ഏററവും യോഗ്യനായിരിക്കുന്നതെന്തുകൊണ്ട്?
5 ദൈവത്തിന്റെ മഹത്വീകരിക്കപ്പെട്ട പുത്രൻ സകല നിത്യതയിലും ബുദ്ധിശക്തിയുള്ള സകല ജീവികളെയും ജീവനുള്ള ഈ ഏകസത്യദൈവമായ യഹോവയുടെ ആരാധനയിൽ നയിക്കുന്നതിൽ തുടരും. ഉയർത്തപ്പെട്ട ദൈവപുത്രൻ ഇതിന് അത്യന്തം യോഗ്യനാണ്. സ്വർഗ്ഗത്തിലെയും ഭൂമിയിലെയും സകല സൃഷ്ടികളിലും വച്ച് ദൈവത്തിന്റെ മഹത്വികരിക്കപ്പെട്ട പുത്രനാണ് ഏററവും ദീർഘമായും ഏററവും അടുത്തും യഹോവയെ അറിഞ്ഞിട്ടുള്ളത്. 1 കൊരിന്ത്യർ 2:11-ൽ അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറയുന്നു: “മനുഷ്യരുടെ ഇടയിൽ ഒരു മമനുഷ്യന്റെ കാര്യങ്ങൾ അറിയുന്നത് അയാളിലുള്ള മനുഷ്യാത്മാവ് അല്ലാതെ ആരാണ്?” യേശുക്രിസ്തുവിന്റെ കാര്യത്തിലും അങ്ങനെതന്നെയാണ്. മമനുഷ്യന്റെ സൃഷ്ടിപ്പിൽ അവൻ യഹോവയാം ദൈവത്താൽ ഉപയോഗിക്കപ്പെട്ടിരുന്നെങ്കിലും അവൻതന്നെ യഥാർത്ഥത്തിൽ ഒരു മനുഷ്യനായിത്തീരുന്നതും സകല ഭൗമിക സാഹചര്യങ്ങളാലും ചുററപ്പെടുന്നതും നേരിട്ട് വ്യക്തിപരമായി ഒരു മമനുഷ്യന്റെ വികാരങ്ങൾ അനുഭവിച്ചറിയുന്നതും മറെറാരു സംഗതിയായിരുന്നു. അതുകൊണ്ട്, “അവൻ ഒരു പുത്രനായിരുന്നിട്ടും താൻ അനുഭവിച്ച കാര്യങ്ങളാൽ അവൻ അനുസരണം പഠിച്ചു”വെന്ന് എഴുതപ്പെട്ടിരിക്കുന്നു, ഭൂമിയിൽ ഇവിടെ ഒരു മനുഷ്യനായിട്ടുതന്നെ. (എബ്രായർ 5:8) ‘സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല അധികാരവും’ സുരക്ഷിതമായി ഭരമേൽപ്പിക്കപ്പെടാൻ യോഗ്യനെന്നും” ശക്തനായ ദൈവം” എന്ന സ്ഥാനപ്പേർ വഹിക്കാൻ യോഗ്യനെന്നും അവൻ തീർച്ചയായും തെളിയിച്ചു.—മത്തായി 28:18; ഫിലിപ്യർ 2:5-11.
“വിശിഷ്ട ഉപദേഷ്ടാവും” “നിത്യപിതാവും”
6. യേശുക്രിസ്തു “വിശിഷ്ട ഉപദേഷ്ടാവ്” ആയി എങ്ങനെ സേവിച്ചുകൊണ്ടിരിക്കുന്നു, “മഹാപുരുഷാരം” അവന്റെ വിശിഷ്ട ഉപദേശത്തിൽനിന്ന് പ്രയോജനം നേടിയിരിക്കുന്നതെങ്ങനെ?
6 ഈ ശക്തമായ കാരണങ്ങളാലെല്ലാം ദൈവത്തിന്റെ സ്വർഗ്ഗീയ പ്രഭു “വിശിഷ്ട ഉപദേഷ്ടാവ്” ആയി സേവിക്കാൻ തികച്ചും പ്രാപ്തനാണ്. (യെശയ്യാവ് 9:6) അവന്റെ ഉപദേശം എല്ലായ്പ്പോഴും ജ്ഞാനപൂർവ്വകവും പൂർണ്ണവും തെററില്ലാത്തതുമാകുന്നു. യഹോവയാം ദൈവവും പുതിയ ഉടമ്പടിയിലേക്ക് എടുക്കപ്പെട്ടിരിക്കുന്നവരും തമ്മിലുള്ള മദ്ധ്യസ്ഥൻ എന്ന നിലയ്ക്ക് അവൻ തീർച്ചയായും ഒരു വിശിഷ്ട ഉപദേഷ്ടാവ് ആയി ഈ കഴിഞ്ഞ 19 നൂററാണ്ടുകളിലും സേവിക്കുകയായിരുന്നു. ഇപ്പോൾ 1935 മുതൽ അവന്റെ “വേറെ ആടുകളുടെ” ഒരു “മഹാപുരുഷാര”വും അവന്റെ വിശിഷ്ട ഉപദേശം സ്വീകരിച്ചുകൊണ്ടാണിരിക്കുന്നത്. അവർക്ക് ഏററവും നല്ല പ്രബോധനവും മാർഗ്ഗനിർദ്ദേശവും ലഭിച്ചുകൊണ്ടിരിക്കുകയാണ്. (വെളിപ്പാട് 7:9-17; യോഹന്നാൻ 10:16) ഈ ഉപദേശകവേലയുടെ ഒരു ഏജൻസി എന്ന നിലയിൽ അവൻ “ഈ വ്യവസ്ഥിതിയുടെ സമാപന” കാലത്ത് വാഗ്ദത്തം ചെയ്യപ്പെട്ട “വിശ്വസ്തനും വിവേകിയുമായ അടിമ” വർഗ്ഗത്തെ എഴുന്നേൽപ്പിക്കുകയും അതിനെ തന്റെ ഭൗമിക വസ്തുക്കളുടെമേൽ അഥവാ രാജകീയ താത്പര്യങ്ങളുടെമേൽ ആക്കിവെക്കുകയും ചെയ്തിരിക്കുന്നു. (മത്തായി 24:45-47) ഇപ്പോൾ മഹാപുരുഷാരത്തിന് തീർച്ചയായും വിശിഷ്ടവും വിശ്വാസയോഗ്യവുമായ ആത്മീയ ഉപദേശം കിട്ടിക്കൊണ്ടിരിക്കുകയാണ്, കാരണം അത് ദൈവത്തിന്റെ വെളിപ്പെടുത്തപ്പെട്ട വചനത്തിൽ അധിഷ്ഠിതമാണ്.
7. പിശാചായ സാത്താൻ യഹോവയുടെ ജനത്തിന് മേലാൽ ഒരു ശക്തനാം ദൈവമല്ലാത്തതെന്തുകൊണ്ട്?
7 ആ ഉപദേശത്തിന് ചെവി കൊടുത്തതിന്റെ ഫലമായി യഹോവയുടെ ജനമെന്നനിലയിൽ നമുക്ക് “ഈ വ്യവസ്ഥിതിയുടെ ദൈവമായ” പിശാചായ സാത്താൻ മേലാൽ ‘ശക്തനായ ഒരു ദൈവ’മായിരിക്കുന്നില്ല. (2 കൊരിന്ത്യർ 4:4) നാം അനുസരണപൂർവ്വം വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോനിൽനിന്ന് പുറത്തുവന്നിരിക്കുന്നു. നാം മേലാൽ അവളുടെ ദുഷ്ട പാപങ്ങളിൽ പങ്കുപററുന്നില്ല. യഹോവയാം ദൈവം ആരുടെ തോളിൽ തന്റെ ഭരണം വെച്ചിരിക്കുന്നുവോ ആ ഒരുവന്റെ പക്ഷത്ത് നാം അചഞ്ചലരായി നിലയുറപ്പിച്ചിരിക്കുകയാണ്.
8. (എ) “നിത്യപിതാവ്” എന്ന സ്ഥാനപ്പേർ “മഹാപുരുഷാര”ത്തിന് വിശേഷാൽ ഇഷ്ടപ്പെടുന്നതെന്തുകൊണ്ട്? (ബി) പിശാചായ സാത്താനെ തങ്ങളുടെ ആത്മീയ പിതാവായിരിക്കാൻ അനുവദിക്കുന്നവർക്ക് എന്തു സംഭവിക്കും?
8 “നിത്യപിതാവ്” എന്ന സ്ഥാനപ്പേർ പ്രിയങ്കരമായ ഒന്നാണ്. “വേറെ ആടുകളുടെ” “മഹാപുരുഷാരം” വിശേഷാൽ ഈ പേർ വിലമതിക്കുന്നു. പിശാചായ സാത്താന്റെ പിതൃത്വം അവർക്ക് ആകർഷകമായിരുന്നിട്ടില്ല. യേശുവിനെ എതിർത്ത യഹൂദ മതനേതാക്കളെ ഓർക്കുമ്പോൾ അവർ വിറച്ചു പോകുകയാണ്, അവരോട് അവൻ ഇങ്ങനെ പറയുകയുണ്ടായി: “നിങ്ങൾ നിങ്ങളുടെ പിതാവായ പിശാചിൽനിന്നുള്ളവരാണ്; നിങ്ങൾ നിങ്ങളുടെ പിതാവിന്റെ മോഹങ്ങൾ ചെയ്യാൻ ഇച്ഛിക്കുന്നു. ആ ഒരുവൻ, അവൻ തുടക്കമിട്ടപ്പോൾ മുതൽ, ഒരു ഘാതകനാണ്. അവൻ സത്യത്തിൽ ഉറച്ചുനിന്നില്ല, എന്തുകൊണ്ടെന്നാൽ അവനിൽ സത്യമില്ല. അവൻ വ്യാജം പറയുമ്പോൾ അവൻ തന്റെ സ്വന്തം സ്വഭാവമനുസരിച്ചു പറയുന്നു, എന്തുകൊണ്ടെന്നാൽ അവൻ വ്യാജം പറയുന്നവനും വ്യാജത്തിന്റെ പിതാവുമാകുന്നു.” (യോഹന്നാൻ 8:44) “മഹാപുരുഷാരം” പിശാചായ സാത്താന്റെ ആ ആത്മീയ മക്കളിൽനിന്ന് പുറത്തുവന്നിരിക്കുന്നു, വീഴ്ച ഭവിച്ച മനുഷ്യവർഗ്ഗത്തിന്റെമേലുള്ള അവന്റെ പിതൃത്വം നിത്യമായിരിക്കുകയില്ല. അവനെ തങ്ങളുടെ ആത്മീയ പിതാവായിരിക്കാൻ അനുവദിക്കുന്നവർ അവനോടുകൂടെ നാശമടയും. മത്തായി 25:41-ലെ “നിത്യാഗ്നി”യാൽ പ്രതീകവൽക്കരിക്കപ്പെട്ട സമ്പൂർണ്ണനാശമാണ് പിശാചിനും അവന്റെ പിതൃത്വത്തിൽനിന്ന് ഒഴിഞ്ഞുമാറാത്ത സകല മനുഷ്യർക്കും വരാനിരിക്കുന്നത്.—മത്തായി 25:41-46.
9. “മഹാപുരുഷാര”ത്തിന് “നിത്യപിതാവി”ന്റെ പിതൃത്വത്തിന്റെ ഒരു പൂർവ്വാസ്വാദനം ലഭിക്കുന്നതെങ്ങനെ?
9 മറിച്ച്, “മഹാപുരുഷാര”ത്തിന് “നിത്യപിതാവി”aന്റെ പിതൃത്വത്തിന്റെ ഒരു പൂർവ്വാസ്വാദനം ലഭിക്കുന്നുണ്ട്. എങ്ങനെ? അവന്റെ ശബ്ദം കേട്ടനുസരിക്കുന്നതിനാലും അവന്റെ “വേറെ ആടുകളാ”യിത്തീരുന്നതിനാലും ആത്മീയ യിസ്രായേലിന്റെ ശേഷിപ്പിനോടു സഹവസിക്കുന്നതിനാലുംതന്നെ. ഈ സ്നേഹോഷ്മളമായ കുടുംബബന്ധം സമാധാനം കൈവരുത്തുന്നു. അപ്പോസ്തലനായ പൗലോസ് നിശ്വസ്തതയിൽ എഴുതിയപ്പോൾ യഹോവയെ റോമർ 16:20-ൽ “സമാധാനം നൽകുന്ന ദൈവം” എന്നു പരാമർശിച്ചു. അപ്പോൾ അവന്റെ ഏകജാതനായ പുത്രൻ “സമാധാനപ്രഭു” എന്നു വിളിക്കപ്പെടുന്നത് എത്ര സമുചിതമാണ്! “സമാധാനപ്രഭു” മുഴു അഖിലാണ്ഡത്തിലും സമാധാനം പുനഃസ്ഥാപിച്ചുകൊണ്ട് കണിശമായും തന്റെ വലിയ സ്ഥാനപ്പേരിന്റെ പ്രാധാന്യത്തിന് അനുയോജ്യമായി ജീവിക്കും!
“സമാധാനപ്രഭു”വിന്റെ രാജകീയ ഗവൺമെൻറ്
10, 11. ഏതു കാലത്തെയും ഏററവും മഹത്തായ ജനനത്തെ മൂൻകൂട്ടിപ്പറഞ്ഞശേഷം യെശയ്യാവ് എന്തു തുടർന്നു പറഞ്ഞു, അവന്റെ വാക്കുകൾ എന്തർത്ഥമാക്കുന്നു?
10 നടന്നിട്ടുള്ളതിലേക്കും അതിമഹത്തായ ജനനത്തെക്കുറിച്ച്—അതെ, “സമാധാനപ്രഭു” എന്ന സ്ഥാനപ്പേരിനാൽ ബഹുമാനിതനാകുന്ന ദൈവപുത്രന്റെ ജനനത്തെക്കുറിച്ച്—മുൻകൂട്ടിപ്പറഞ്ഞശേഷം “രാജകീയ ഭരണത്തിന്റെ സമൃദ്ധിക്കും സമാധാനത്തിനും അവസാനമുണ്ടായിരിക്കയില്ല . . . സൈന്യങ്ങളുടെ യഹോവയുടെ തീക്ഷ്ണതതന്നെ ഇതു ചെയ്യും” എന്നു പറയാൻ യെശയ്യാ പ്രവാചകൻ യഹോവയുടെ ആത്മാവിനാൽ നയിക്കപ്പെട്ടു.—യെശയ്യാവ് 9:7.
11 “രാജകീയ ഭരണത്തിന്റെ സമൃദ്ധി” എന്നു പറഞ്ഞതിനാൽ “സമാധാനപ്രഭു”വിന്റെ ഭരണമണ്ഡലത്തിൽ മുഴുഭൂമിയും ഉൾപ്പെടാതിരിക്കുകയില്ലെന്ന് പ്രവചനം പ്രകടമാക്കുന്നു. അവന്റെ ഭരണ പ്രദേശത്തെ പരിമിതപ്പെടുത്തുന്ന അതിർത്തികൾ ഭൂമിയിൽ ഉണ്ടായിരിക്കുകയില്ല. അത് ഭൂഗോളത്തെ മുഴുവൻ ഉൾപ്പെടുത്തും. തന്നെയുമല്ല, വരാനിരിക്കുന്ന പരദീസാഭൂമിയിൽ സമാധാനത്തിന് അവസാനമുണ്ടായിരിക്കയില്ല. ഒരിടത്തും കലാപം ഉണ്ടായിരിക്കയില്ല. സമാധാനം എല്ലായിടത്തും വ്യാപിക്കുകയും എല്ലായ്പ്പോഴും വർദ്ധിക്കുകയും ചെയ്യും. (സങ്കീർത്തനം 72:7) ഈ സംഗതിയിൽ സമാധാനം അക്രമത്തിന്റെയും യുദ്ധത്തിന്റെയും അഭാവത്തെക്കാളധികം അർത്ഥമാക്കുന്നു. അതിൽ നീതിയും ന്യായവും ഉൾപ്പെടുന്നു, എന്തുകൊണ്ടെന്നാൽ രാജകീയ ഭരണം “ന്യായത്താലും നീതിയാലും ഇന്നുമുതലും എന്നെന്നേക്കും” നിലനിർത്തപ്പെടുമെന്ന് യെശയ്യാവു പറഞ്ഞു. മനുഷ്യവർഗ്ഗത്തിന്റെ അനുഗ്രഹം ധാരാളമായിരിക്കും. യഹോവയാം ദൈവത്തിന്റെ അക്ഷീണ തീക്ഷ്ണത നമ്മുടെ കാലത്തുതന്നെ അതു നിറവേററും.
12. “സമാധാന പ്രഭു”വിന്റെ തോളിലെ ഗവൺമെൻറ് ഭൂമിയിലെങ്ങും പ്രതിനിധാനം ചെയ്യപ്പെടുന്നതെങ്ങനെ?
12 ഇപ്പോൾപോലും, “സമാധാനപ്രഭു”വിന്റെ തോളിലെ ഈ ഗവൺമെൻറ് ഭൂമിയിലാസകലം പ്രതിനിധാനം ചെയ്യപ്പെടുന്നുണ്ട്. അവന്റെ രാജകീയ സ്വർഗ്ഗീയ ഗവൺമെൻറിന്റെ അംഗീകരണം സത്വരം വ്യാപിക്കുകയാണ്. യേശുക്രിസ്തുവിന്റെ ആത്മജനനം പ്രാപിച്ച ശിഷ്യൻമാരുടെ ശേഷിപ്പ് ജനതകളുടെ ഇടയിൽനിന്ന് പൂർണ്ണമായി കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നു. അതിനു പുറമേ, “മഹാപുരുഷാരം” 200-ൽ പരം വ്യത്യസ്ത രാജ്യങ്ങളിൽനിന്ന് കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ 32,29,022-ൽ പരം യഹോവയുടെ സാക്ഷികളുണ്ട്. സന്തോഷകരമായ കൂട്ടിച്ചേർപ്പിൻവേല ഇതുവരെ പൂർത്തിയായിട്ടില്ല. ഈ “മഹാപുരുഷാരം” “സമാധാനപ്രഭു”വിന്റെ തോളിലെ ഗവൺമെൻറിനെ സ്വാഗതം ചെയ്യുന്നു. അതിലെ അംഗങ്ങൾ ആ ഗവൺമെൻറിന്റെ പ്രജകളായിരിക്കുന്നതിലും “ക്രിസ്തുവിനുപകരമുള്ള സ്ഥാനപതികളായ” അഭിഷിക്ത ശേഷിപ്പിനോടുള്ള ബന്ധത്തിൽ മുഴുഭൂമിയിലും അതിന്റെ സന്ദേശവാഹകരായിരിക്കുന്നതിലും അത്യന്തം നന്ദിയുള്ളവരാണ്.—2 കൊരിന്ത്യർ 5:20.
ആധുനികനാളിലെ ഗൂഢാലോചന തകർക്കപ്പെടും
13. (എ) രാജ്യ സന്ദേശവാഹകർ തങ്ങളുടെ ഇടയിൽ തന്നെ എന്തു ചെയ്യാൻ ശ്രമിക്കുന്നു? (ബി) ദൈവം ഐക്യരാഷ്ട്രങ്ങളെ എങ്ങനെ വീക്ഷിക്കുന്നു?
13 ഈ സന്ദേശവാഹകർ തങ്ങളുടെ ഇടയിലും സമാധാനം പാലിക്കുന്നു. അവർ ‘ഐക്യപ്പെടുത്തുന്ന സമാധാന ബന്ധത്തിൽ ആത്മാവിന്റെ ഒരുമ പാലിക്കാൻ ആത്മാർത്ഥമായി ശ്രമിക്കുന്നു.’ (എഫേസ്യർ 4:3) ഭൂമിയിലാസകലം അലതല്ലുന്ന പ്രക്ഷുബ്ധത ഗണ്യമാക്കാതെ അവർ ഇതു ചെയ്യുന്നു. ഐക്യരാഷ്ട്ര സംഘടനയ്ക്കകത്തും പുറത്തുമുള്ള ദേശീയ ഭരണകൂടങ്ങൾ യഥാർത്ഥത്തിൽ “സമാധാനപ്രഭു”വിന്റെ ഗവൺമെൻറിനെതിരെ അണിനിരന്നിരിക്കുകയാണ്. ദൈവം വീക്ഷിക്കുന്നപ്രകാരം, ഐക്യരാഷ്ട്രസംഘടന ഒരു വമ്പിച്ച ലോക ഗൂഢാലോചനയാണ്. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അത് ദൈവം സമാധാനപ്രഭു മാത്രം നേടാൻ വെച്ചിരിക്കുന്ന ലക്ഷ്യങ്ങൾ നേടാൻ ഉറച്ചിരിക്കുന്നതായി സ്വയം പ്രഖ്യാപിക്കുന്നു. മാനുഷശ്രമങ്ങളാൽ ലോകവ്യാപകസുരക്ഷിതത്വം സ്ഥാപിക്കുന്നതിന് അതിനെ പിന്താങ്ങാൻ അതു സകല ജനതകളിലെയും ആളുകളെ ആഹ്വാനം ചെയ്യുന്നു. അത് 1986-നെ അന്താരാഷ്ട്ര സമാധാന വർഷമായി പ്രഖ്യാപിക്കുകപോലും ചെയ്തു. അങ്ങനെ അത് “സമാധാനപ്രഭു”വിനെതിരായും ഒരു നിത്യരാജ്യത്തിനുവേണ്ടി യഹോവ അവനുമായി ചെയ്ത ഉടമ്പടിക്കെതിരായുമുള്ള ഒരു ഗൂഢാലോചനയാണെന്ന് സ്വയം തെളിയിക്കുകയാണ്.
14. യഹോവയോടും അവന്റെ രാജ്യ ഉടമ്പടിയോടും എതിർക്കുന്ന എല്ലാവർക്കും യെശയ്യാ പ്രവാചകൻ എങ്ങനെ മുന്നറിയിപ്പുകൊടുത്തു?
14 അതുപോലെയുള്ള ഒരു കാരണത്തിന്, അശൂർ ലോകശക്തിയുമായി സഖ്യത്തിലേർപ്പെട്ടുകൊണ്ട് സമാധാനവും സുരക്ഷിതത്വവും തേടുന്നതിനെതിരെ ആഹാസ് രാജാവിനും അവന്റെ പ്രജകൾക്കും യെശയ്യാ പ്രവാചകൻ മുന്നറിയിപ്പു കൊടുത്തു. ഈ മുന്നറിയിപ്പു യെശയ്യാവ് 8:9, 10-ലാണ് കാണുന്നത്. പ്രവാചകൻ യഹോവക്കും അവന്റെ രാജ്യ ഉടമ്പടിക്കുമെതിരായ എല്ലാവർക്കും കാവ്യഭംഗിയോടെ ഇങ്ങനെ മുന്നറിയിപ്പു കൊടുക്കുന്നു: “ജനങ്ങളേ, പീഡകരാകുവിൻ, തകർന്നുപോകുവിൻ; ഭൂമിയുടെ വിദൂരഭാഗങ്ങളേ, ചെവിതരുവിൻ! അര കെട്ടിക്കൊൾവിൻ, തകർന്നുപോകുവിൻ; അരകെട്ടിക്കൊൾവിൻ, തകർന്നുപോകുവിൻ! ഒരു പദ്ധതി ആസൂത്രണം ചെയ്തുകൊൾവിൻ, അതു തകർക്കപ്പെടും! ഏതു വാക്കും പറഞ്ഞുകൊള്ളുക, അതു നിലനിൽക്കയില്ല, എന്തെന്നാൽ ദൈവം ഞങ്ങളോടു കൂടെയുണ്ട്!”
15. ആഹാസ് രാജാവിന്റെ നാളുകളിലെ ഗൂഢാലോചനയാൽ പ്രകടമാക്കപ്പെട്ടതുപോലെ, രാജ്യ ഉടമ്പടിക്കെതിരായി ഇന്നുള്ള ഗൂഢാലോചനക്ക് എന്തു സംഭവിക്കും?
15 അതുകൊണ്ട്, ഈ ലോകത്തിന്റെ പ്രഭുവായ പിശാചായ സാത്താന്റെ കീഴിലെ ജനതകൾ രാജ്യ ഉടമ്പടിക്കും അതിന്റെ രാജകീയാവകാശിക്കും ഭരണാധിപനുമെതിരെ ഗൂഢാലോചന നടത്തിക്കൊള്ളട്ടെ. ഗൂഢാലോചന തകർക്കപ്പെടും, ആഹാസ് രാജാവിന്റെ നാളിലെ ഗൂഢാലോചന പോലെതന്നെ. സിറിയയിലെ രെസീൻ രാജാവും യിസ്രായേലിലെ പേക്കഹ് രാജാവും സൈന്യങ്ങളുടെ യഹോവയെ ഭയപ്പെടാതെ രാജ്യ ഉടമ്പടിക്കെതിരായി ഗൂഢാലോചനയിലേർപ്പെട്ടു. അവരുടെ ഗൂഢാലോചന തകർക്കപ്പെട്ടു. അതുപോലെതന്നെ, യഹൂദയിലെ ആഹാസ് രാജാവ് യഹോവയെ ഭയപ്പെടാതെ അശൂർ ലോകശക്തിയുമായി ഗൂഢാലോചനയിലേർപ്പെട്ടു. ഇത് യഥാർത്ഥത്തിൽ ആഹാസ് രാജാവിനെ സഹായിക്കുകയും സമാധാനവും സുരക്ഷിതത്വവും കൈവരുത്തുകയും ചെയ്തില്ല. അത് അരിഷ്ടതയും അടിമത്തവും വരുത്തിക്കൂട്ടി. എല്ലാററിലും മോശമായി, അത് ആഹാസിനെ യഹോവയുടെ അപ്രീതിയിലാക്കി.
16. യഹോവ രാജ്യ ഉടമ്പടിക്കെതിരായ അസ്സീറിയൻ ഗൂഢാലോചനയെ തകർത്തത് എങ്ങനെ, ഇത് നമ്മുടെ നാളിലേക്ക് എന്തു മുൻനിഴലാക്കി?
16 ആഹാസിന്റെ മരണശേഷം അവന്റെ പുത്രനായിരുന്ന ഹിസ്ക്കീയാവിന്റെ നാളുകളിൽ സൈന്യങ്ങളുടെ യഹോവ രാജ്യ ഉടമ്പടിക്കെതിരായ അസീറിയൻ ഗൂഢാലോചനയെ തകർത്തു. യഹോവയുടെ ദൂതൻ അശൂർ രാജാവിന്റെ 1,85,000 പടയാളികളെ സംഹരിച്ചശേഷം അവർ യഹൂദാദേശത്തുനിന്നു പിൻമാറാൻ നിർബ്ബന്ധിതനായി. ശത്രുവിന് യെരൂശലേം നഗരത്തിനെതിരെ ഒരൊററ അമ്പുപോലും പായിക്കാൻ കഴിഞ്ഞില്ല. (യെശയ്യാവ് 37:33-36) യഹോവയുടെ രാജ്യ ഉടമ്പടിക്കും “സമാധാന പ്രഭു”വിനുമെതിരായ ഏതൽക്കാല ലോക ഗൂഢാലോചനയുടെ ഒരു സമാന പരാജയം സുനിശ്ചിതമാണ്, എന്തുകൊണ്ടെന്നാൽ ദൈവം തന്റെ പ്രഭുവായ ഇമ്മാനുവേലിനോടും അവനെ സ്വാഗതം ചെയ്യുന്ന എല്ലാവരോടും കൂടെയുണ്ട്!
യഹോവയുടെ സാർവ്വത്രിക പരമാധികാരത്തിനുവേണ്ടി നിർഭയം നിലകൊള്ളുന്നു
17. (എ) രാഷ്ട്രീയ ഘടകങ്ങൾ താമസിയാതെ മഹാബാബിലോനോട് എന്തു ചെയ്യും, യഹോവയുടെ ജനത്തിന് എന്താവശ്യമായിരിക്കും, അവർക്ക് എന്തു ലഭിക്കും? (ബി) മഹാബാബിലോനെ നശിപ്പിച്ചശേഷം നിരീശ്വര ഭരണാധികാരികൾ എന്തു ചെയ്യും, ഇത് എന്തു നടപടി സ്വീകരിക്കാൻ യഹോവയെ പ്രേരിപ്പിക്കും?
17 രാഷ്ട്രീയ ഘടകങ്ങൾ ക്രൈസ്തവലോകത്തിനെതിരായി മാത്രമല്ല, പിന്നെയോ വ്യാജമതത്തിന്റെ മുഴു ലോക സാമ്രാജ്യവുമായ മഹാബാബിലോനെതിരായും അവയുടെ ശ്രമങ്ങൾ പെട്ടെന്നുതന്നെ തിരിച്ചുവിടും, അതിനെ ആസ്തിക്യത്തിൽനിന്ന് തുടച്ചുനീക്കാൻ തന്നെ. ആ നിർണ്ണായക ഘട്ടത്തിൽ യഹോവയുടെ ജനത്തിന്റെ ദിവ്യസംരക്ഷണം ഒരു അസാധാരണ അളവിൽ പ്രകടമാകേണ്ടിവരും. മഹാബാബിലോന്റെമേൽ ലഭിച്ച രക്തരൂക്ഷിത വിജയത്താൽ പ്രേരിതരായി നിരീശ്വര ഭരണാധികാരികൾ യേശുക്രിസ്തു മൂലമുള്ള ദൈവത്തിന്റെ ഗവൺമെൻറിന്റെ പക്ഷത്തുള്ളവർക്കെതിരെ തിരിയും. അപ്പോൾ “സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധം” നടത്താൻ യഹോവ തന്റെ സമാധാന പ്രഭുവിനെ ഉപയോഗിക്കും. (വെളിപ്പാട് 16:14) യേശുക്രിസ്തു അജയ്യനായ ഒരു യോദ്ധാവെന്നു തെളിയും, അവന്റെ ഗവൺമെൻറിന് കുറവ് അനുഭവപ്പെടുന്നതല്ല. അവൻ ജയഭേരിമുഴക്കുന്ന സർവ്വശക്തനാം ദൈവമായ യഹോവയുടെ കീഴിൽ “ശക്തനായ ദൈവ”മാണെന്നു തെളിയും. ഈ “ശക്തനായ ദൈവം” തന്റെ ശോഭനമായ ജീവിതവൃത്തിക്ക് അർമ്മഗെദ്ദോനിലെ വിജയത്താൽ മകുടം ചാർത്തും, അത് നിത്യകാലത്തോളം അശേഷം മങ്ങലേൽക്കാതെ മാറെറാലിക്കൊള്ളും. ആ കിടയററ വിജയത്തെ എല്ലാവരും വാഴ്ത്തട്ടെ!
18. രാജ്യഉടമ്പടിക്കെതിരായ ആധുനികനാളിലെ ഗൂഢാലോചന ഗണ്യമാക്കാതെ, യഹോവയുടെ സാക്ഷികൾ എന്തു ചെയ്യാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു? പരിണിതഫലം എന്തായിരിക്കും?
18 അതുകൊണ്ട്, യഹോവയുടെ സകല സാക്ഷികളുമേ, നിങ്ങളുടെ ദൈവത്തിലും അവന്റെ വാഴുന്ന രാജാവായ “സമാധാന പ്രഭു”വിലുമുള്ള പൂർണ്ണമായ വിശ്വാസത്തോടെ, കഴിഞ്ഞ ഏതു കാലത്തേതിലുമധികമായ ലോക പ്രാമുഖ്യതയിലേക്ക് മുന്നേറുക! ഇപ്പോഴത്തെ ലോക ഗൂഢാലോചനയിൽ തികഞ്ഞ ഭയരാഹിത്യം പ്രകടമാക്കുക. രാജ്യത്തെയും അർമ്മഗെദ്ദോനിൽ ലോക ഗൂഢാലോചനയുടെമേൽ അതിനു ലഭിക്കുന്ന വിജയത്തെയും കുറിച്ചുള്ള സന്ദേശം എല്ലായിടത്തും ഘോഷിച്ചുകൊണ്ട് നിങ്ങളെല്ലാവരും യഹോവയുടെ ബഹുമാനത്തിനായി അടയാളങ്ങളും അത്ഭുതങ്ങളുമായിരിക്കട്ടെ. പിശാച് ലോകഭരണാധികാരികളെ നമുക്കെതിരെ തിരിക്കുമ്പോൾ “സമാധാന പ്രഭു”വായ ഇമ്മാനുവേലിന്റെ രാജ്യത്തോട് സത്യമായും വിശ്വസ്തമായും പററിനിൽക്കുന്നവർക്കായിരിക്കും വിജയമെന്ന് ഓർക്കുക, എന്തെന്നാൽ “ദൈവം നമ്മോടുകൂടെയുണ്ട്!” (യെശയ്യാവ് 8:10) സ്വർഗ്ഗത്തിലെ സകല ദൂതൻമാരും ഭൂമിയിലെ നിർമ്മലതാപാലകരായ സകല മനുഷ്യവർഗ്ഗവും സ്വർഗ്ഗത്തിലെയും ഭൂമിയിലെയും സകല സൃഷ്ടികൾക്കും മീതെയുള്ള യഹോവയുടെ പരമാധികാരത്തിന്റെ സംസ്ഥാപനത്തിന് അനന്തമായ സുരക്ഷിതത്വത്തോടെ ആമേൻ പറയട്ടെ! (w87 4/1)
[അടിക്കുറിപ്പുകൾ]
a “നിത്യപിതാവെ”ന്നനിലയിൽ യേശുക്രിസ്തുവിന്റെ പങ്കിനെക്കുറിച്ചുള്ള വിശദമായ ഒരു ചർച്ചക്ക് വാച്ച്ടവ്വർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ന്യൂയോർക്ക് പ്രസിദ്ധീകരിച്ച “സമാധാന പ്രഭു”വിൻ കീഴിൽ ലോകവ്യാപക സുരക്ഷിതത്വം എന്ന പുസ്തകത്തിന്റെ 20-ാം അദ്ധ്യായം കാണുക.
സംഗ്രഹ ചോദ്യങ്ങൾ
◻ “ശക്തനാം ദൈവം” എന്ന സ്ഥാനപ്പേർ യേശുക്രിസ്തുവിനു ബാധകമാകുന്നതെങ്ങനെ?
◻ യേശുക്രിസ്തു “വിശിഷ്ട ഉപദേഷ്ടാവ്” എന്ന നിലയിൽ എങ്ങനെ സേവിച്ചുകൊണ്ടിരിക്കുന്നു?
◻ നാം ആരുടെ പിതൃത്വം നേടണം, ആരുടേത് തള്ളിക്കളയണം?
◻ യഥാർത്ഥത്തിൽ ഐക്യരാഷ്ട്രങ്ങൾ എന്താണ്?
◻ രാജ്യ ഉടമ്പടിക്കും അതിന്റെ അവകാശിയായ “സമാധാന പ്രഭു”വിനുമെതിരായ ഗൂഢാലോചനയ്ക്ക് എന്തു സംഭവിക്കും?
സാർവ്വത്രിക പരമാധികാരിയുടെ സമാധാനപരമായ ആരാധനയിൽ മുഴു അഖിലാണ്ഡവും ഏകീകരിക്കപ്പെടും