അവിവാഹിതാവസ്ഥ പ്രതിഫലദായകമായ ഒരു ജീവിതരീതി
“കർത്താവിൽ മാത്രം തനിക്ക് ആഗ്രഹമുള്ളയാളെ വിവാഹം കഴിക്കാൻ അവൾ സ്വതന്ത്രയാണ്. എന്നാൽ . . . അവൾ അങ്ങനെതന്നെ കഴിയുന്നുവെങ്കിൽ അവൾ ഏറെ സന്തുഷ്ടയാണ്.”
1. അവിവാഹിതരായാലും വിവാഹിതരായാലും നാം യഹോവക്ക് എന്തു കടപ്പെട്ടിരിക്കുന്നു?
യഹോവ തനിക്കായി സമർപ്പിക്കപ്പെട്ടിരിക്കുന്ന എല്ലാവരുടെയും ആരാധനക്ക് അർഹനാണ്. വിവാഹിതരായാലും അവിവാഹിതരായാലും, നാം ദൈവത്തെ നമ്മുടെ മുഴുഹൃദയത്തോടും ദേഹിയോടും മനസ്സോടും ശക്തിയോടുംകൂടെ സ്നേഹിക്കണം. (മർക്കോസ് 12:30) അവിവാഹിത ക്രിസ്ത്യാനിക്ക് ദാമ്പത്യബന്ധത്തിൽ ഒന്നിക്കപ്പെട്ടവരെക്കാൾ കുറച്ചു ശല്യങ്ങളേയുള്ളുവെന്നതു സത്യംതന്നെ. എന്നാൽ യഹോവയുടെ അവിവാഹിത ദാസന് യഥാർത്ഥത്തിൽ സന്തുഷ്ടനായിരിക്കാൻ കഴിയുമോ?
2, 3. (എ) ഫലത്തിൽ, പൗലോസ് 1 കൊരിന്ത്യർ 7:39, 40-ൽ എന്തു പറഞ്ഞു? (ബി) ഏതു ചോദ്യങ്ങൾ പരിചിന്തനം അർഹിക്കുന്നു?
2 ഉവ്വ് എന്ന് അപ്പോസ്തലനായ പൗലോസ് ഉത്തരം പറയുന്നു. ഒരിക്കൽ വിവാഹിതരായിരുന്നിട്ട് സാഹചര്യങ്ങൾക്കു മാററമുണ്ടായവരെക്കുറിച്ച് അവൻ എഴുതി: “ഒരു ഭാര്യ തന്റെ ഭർത്താവ് ജീവിച്ചിരിക്കുന്ന എല്ലാ കാലത്തും ബന്ധിതയാണ്. എന്നാൽ അവളുടെ ഭർത്താവ് മരണത്തിൽ നിദ്രപ്രാപിക്കുന്നുവെങ്കിൽ, കർത്താവിൽ മാത്രം, തനിക്ക് ആഗ്രഹമുള്ളയാളെ വിവാഹം കഴിക്കാൻ അവൾ സ്വതന്ത്രയാണ്. എന്നാൽ, എന്റെ അഭിപ്രായപ്രകാരം, അവൾ അങ്ങനെതന്നെ കഴിയുന്നുവെങ്കിൽ അവൾ ഏറെ സന്തുഷ്ടയാണ്. എനിക്കും ദൈവാത്മാവുണ്ടെന്ന് ഞാൻ തീർച്ചയായും വിചാരിക്കുന്നു.”—1 കൊരിന്ത്യർ 7:39, 40.
3 അവിവാഹിതർക്ക് സന്തുഷ്ടരായിരിക്കാൻ കഴിയുമെന്ന് പൗലോസ് സൂചിപ്പിക്കുന്നതുകൊണ്ട്, കുറഞ്ഞപക്ഷം കുറേ കാലത്തേക്ക് അവിവാഹിതരായി കഴിയുന്നതിനെക്കുറിച്ച് ആർക്ക് പരിചിന്തിക്കാവുന്നതാണ്? അവിവാഹിത ക്രിസ്ത്യാനികളുടെ സന്തുഷ്ടിക്ക് സംഭാവ ചെയ്യുന്നതെന്താണ്? തീർച്ചയായും, അവിവാഹിതാവസ്ഥക്ക് എങ്ങനെ ഒരു പ്രതിഫലദായകമായ ജീവിതരീതി ആയിരിക്കാൻ കഴിയും?
പ്രതിഫലദായകമായ അവിവാഹിതത്വത്തിന്റെ വർഷങ്ങൾ
4. യുവതീയുവാക്കളുടെ യൗവനവർഷങ്ങളെ സംബന്ധിച്ചു എന്തു സത്യമാണ്?
4 ജ്ഞാനിയായ ശലോമോൻ ഇങ്ങനെ പ്രോത്സാഹിപ്പിച്ചു: “[വാർദ്ധക്യത്തിന്റെ] അനർത്ഥനാളുകൾ വന്നുതുടങ്ങുന്നതിനു മുമ്പ് അല്ലെങ്കിൽ ‘എനിക്ക് അവയിൽ ഉല്ലാസമില്ല’ എന്നു നിങ്ങൾ പറയുന്ന സംവത്സരങ്ങൾ വന്നെത്തുന്നതിനു മുമ്പ്, ഇപ്പോൾ, നിന്റെ യൗവനനാളുകളിൽ നിന്റെ മഹാസ്രഷ്ടാവിനെ ഓർക്കുക.” (സഭാപ്രസംഗി 12:1) യൗവനവർഷങ്ങൾ കുറഞ്ഞപക്ഷം താരതമ്യേനയുള്ള ഓജസ്സിന്റെയും നല്ല ആരോഗ്യത്തിന്റെയും കാലമാണ്. അപ്പോൾ, ഈ ആസ്തികൾ ശ്രദ്ധാശൈഥില്യം കൂടാതെ യഹോവയുടെ സേവനത്തിൽ ഉപയോഗിക്കുന്നത് എത്ര ഉചിതമാണ്! മാത്രവുമല്ല, ഈ പൂർവ്വ വർഷങ്ങൾ ജീവിതത്തിൽ അനുഭവപരിചയം നേടുന്നതിന്, സ്ഥിരത വളർത്തിയെടുക്കുന്നതിന്, ഉള്ള സമയമാണ്. എന്നാൽ ഇത് ലോകത്തിലെ യുവജനങ്ങൾക്ക് മതിമോഹം അനുഭവപ്പെടുന്ന സമയഘട്ടം കൂടെയാണ്. ദൃഷ്ടാന്തത്തിന്, 18-നും 24-നും ഇടക്ക് വയസ്സുണ്ടായിരുന്ന 1079 പേർ ഉൾപ്പെട്ട ഒരു സർവ്വേയുടെ ഫലങ്ങൾ പരിചിന്തിക്കുക. അവർക്ക് ശരാശരി ഏഴ് “പ്രേമാനുഭവങ്ങൾ” ഓരോരുത്തർക്കും ഉണ്ടായിരുന്നു. അവരുടെ ഇപ്പോഴത്തെ അനുഭവം മതിമോഹമല്ല, പിന്നെയോ യഥാർത്ഥസ്നേഹമാണെന്ന് തീർച്ചയായും പറയുകയും ചെയ്തു.
5. വിവാഹത്തെ സംബന്ധിച്ച് ഒരു യുവ വ്യക്തി ഏതു വ്യക്തിപരമായ ചോദ്യങ്ങൾ പരിചിന്തിക്കുന്നത് ഉചിതമാണ്?
5 വേർപാടിന്റെയും വിവാഹമോചനത്തിന്റെയും മററുപ്രകാരത്തിൽ തകർന്ന കുടുംബങ്ങളുടെയും സ്ഥിതിവിവരക്കണക്കുകൾ നേരത്തെയുള്ള വിവാഹത്തിന്റെ ബുദ്ധിശൂന്യത വെളിപ്പെടുത്തുന്നു. പ്രേമാഭ്യർത്ഥനയിലേക്കും പ്രേമത്തിലേക്കും വിവാഹത്തിലേക്കും തിടുക്കത്തിൽ പ്രവേശിക്കുന്നതിനു പകരം തങ്ങളുടെ പൂർവ്വ വർഷങ്ങളെങ്കിലും യഹോവക്കായുള്ള ശല്യരഹിതമായ സേവനത്തിന് എങ്ങനെ ഉപയോഗിക്കാൻ കഴിയുമെന്ന് യുവ ക്രിസ്ത്യാനികൾ വസ്തുനിഷ്ഠമായി ചിന്തിക്കുന്നത് ബുദ്ധിയാണ്. ഒരു യുവ വ്യക്തിയെന്നനിലയിൽ നിങ്ങളുടെ സാഹചര്യങ്ങളെ വിലയിരുത്തുമ്പോൾ നിങ്ങൾ ഇങ്ങനെയുള്ള ചോദ്യങ്ങൾ നിങ്ങളോടുതന്നെ ചോദിക്കുന്നതു കൊള്ളാം: എനിക്ക് വിവാഹത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാൻ തക്ക വൈകാരിക പക്വതയും ഒരുക്കവും ഉണ്ടോ? ഒരു നല്ല വിവാഹഇണയായിരിക്കുന്നതിന് എനിക്ക് വേണ്ടത്ര ജീവിതപരിചയമുണ്ടോ? ഉചിതമായി വിവാഹജീവിതത്തിന്റെ, സാദ്ധ്യതയനുസരിച്ച് മക്കളോടുകൂടിയ ഒരു കുടുംബത്തിന്റെ, ഉത്തരവാദിത്തങ്ങൾ വഹിക്കാൻ എനിക്കു കഴിയുമോ? യഹോവയ്ക്കായുള്ള എന്റെ സമർപ്പണത്തിന്റെ വീക്ഷണത്തിൽ, ഞാൻ വിവാഹത്തോടു ബന്ധപ്പെട്ട ശല്യങ്ങൾ കൂടാതെ യൗവനത്തിന്റെ ഊർജ്ജവും ശക്തിയും അവനു കൊടുക്കേണ്ടതല്ലയോ?
നിർമ്മലമായ അവിവാഹിതാവസ്ഥയുടെ പ്രതിഫലങ്ങൾ
6, 7. (എ) അവിവാഹിത ക്രിസ്ത്യാനികൾ പൊതുവേ അനുഭവിക്കുന്ന ചില പ്രയോജനങ്ങളേവ? (ബി) ഈ കാര്യത്തിൽ ആഫ്രിക്കയിലെ ഒരു അവിവാഹിത മിഷനറി എന്തു പറഞ്ഞു?
6 അവിവാഹിതരായ ക്രിസ്ത്യാനികൾ ശ്രദ്ധാശൈഥില്യത്തിൽ നിന്നുള്ള വിമുക്തി ആസ്വദിക്കുന്നു, “കർത്താവിന്റെ വേലയിൽ ധാരാളം ചെയ്യാൻ” അവർക്കു കഴിയും. (1 കൊരിന്ത്യർ 7:32-34; 15:58) വിപരീത ലിംഗവർഗ്ഗത്തിൽപെട്ട ഒരു വ്യക്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം, സ്നേഹപുരസ്സരമായ സഹായം ആവശ്യമുള്ള പ്രായമുള്ളവരും മററുള്ളവരും ഉൾപ്പെടെ, സഭയിലെ അനേകരോട് ക്രിസ്തീയ സ്നേഹത്തിൽ വിശാലരാകാൻ അവിവാഹിത വ്യക്തിക്ക് കൂടുതലവസരങ്ങളുണ്ട്. (സങ്കീർത്തനം 41:1) പൊതുവേ, അവിവാഹിതർക്ക് ദൈവവചനത്തിന്റെ പഠനത്തിനും ധ്യാനത്തിനും കൂടുതൽ സമയമുണ്ട്. (സദൃശവാക്യങ്ങൾ 15:28) യഹോവയോട് അടുത്ത ബന്ധം നട്ടുവളർത്തുന്നതിനും, അവനെ കാര്യമായി ആശ്രയിക്കാനും അവന്റെ മാർഗ്ഗനിർദ്ദേശം തേടാനും പഠിക്കുന്നതിനും, അവർക്ക് വർദ്ധിച്ച അവസരമുണ്ട്. (സങ്കീർത്തനം 37:5; ഫിലിപ്യർ 4:6, 7; യാക്കോബ് 4:8) ആഫ്രിക്കയിൽ വർഷങ്ങളോളം ഒരു മിഷനറിയായി യഹോവയെ സേവിച്ചിരിക്കുന്ന ഒരു അവിവാഹിതൻ ഇങ്ങനെ പറഞ്ഞു:
7 “ആഫ്രിക്കൻ ഗ്രാമങ്ങളിലെ ജീവിതം ഈ വർഷങ്ങളിലെല്ലാം ലളിതമായിരുന്നു, ആധുനിക നാഗരികത്വത്തിന്റെ ശല്യങ്ങൾ ഒട്ടേറെയില്ലായിരുന്നു. ഈ ശല്യങ്ങൾ ഇല്ലാഞ്ഞതിനാൽ ദൈവവചനം പഠിക്കുന്നതിനും ധ്യാനിക്കുന്നതിനും എനിക്ക് വേണ്ടത്ര അവസരമുണ്ടായിരുന്നു. ഇത് എന്നെ ശക്തനാക്കിനിർത്തിയിരിക്കുന്നു. അതെ, മിഷനറി ജീവിതം ഭൗതികത്വത്തിനെതിരെ ഒരു യഥാർത്ഥ അനുഗ്രഹവും സംരക്ഷണവുമായിരിക്കുന്നു. ഉല്ലാസപ്രദമായ ഉഷ്ണമേഖലാ സായാഹ്നങ്ങളിൽ യഹോവയുടെ സൃഷ്ടിയെക്കുറിച്ച് ധ്യാനിക്കുന്നതിനും വിചിന്തനം ചെയ്യുന്നതിനും അവനോട് അടുക്കുന്നതിനും വേണ്ടത്ര സമയമുണ്ടായിരുന്നു. എനിക്ക് ഏററവും വലിയ സന്തുഷ്ടി ലഭിക്കുന്നത് എന്റെ മനസ്സ് ഉണർന്നിരിക്കുന്ന ഓരോ സായാഹ്നത്തിലുമാണ്, നക്ഷത്രനിബിഡമായ ആകാശത്തിൻ കീഴിൽ യഹോവയോടുകൂടെ നടക്കുകയും സംസാരിക്കുകയും ചെയ്തുകൊണ്ട് എനിക്ക് കുറേ സമയം ഒററക്കു ചെലവഴിക്കാൻ കഴിയുമ്പോഴാണ്. ഇത് എന്നെ യഹോവയോടു കൂടുതൽ അടുപ്പിച്ചിരിക്കുന്നു.”
8. ഏകാകിത്വം സംബന്ധിച്ച്, സൊസൈററിയുടെ ഹെഡ്ക്വാർട്ടേഴ്സിൽ അനേകം വർഷങ്ങൾ സേവിച്ച ഒരു അവിവാഹിത സഹോദരി എന്തു പറഞ്ഞു?
8 വാച്ച്ടവർ സൊസൈററിയുടെ ഹെഡ്ക്വാർട്ടേഴ്സിൽ അനേകം വർഷങ്ങൾ സേവിച്ചിട്ടുള്ള ഒരു അവിവാഹിതയായ സഹോദരിയുടെ ഈ പ്രസ്താവനയും ശ്രദ്ധാർഹമാണ്: “യഹോവക്കായുള്ള എന്റെ സേവനത്തിൽ ഒരു അവിവാഹിതജീവിതം നയിക്കാൻ ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു. എനിക്ക് എന്നെങ്കിലും ഏകാന്തത തോന്നിയിട്ടുണ്ടോ? അശേഷമില്ല. യഥാർത്ഥത്തിൽ, ഒററയ്ക്കായിരിക്കുന്ന എന്റെ നിമിഷങ്ങളാണ് ഏററവും വിലപ്പെട്ടതിൽ ചിലത്. എനിക്ക് പ്രാർത്ഥനയിൽ യഹോവയോട് ആശയവിനിയമം ചെയ്യാൻ കഴിയുന്നു. എനിക്ക് ശല്യം കൂടാതെ ധ്യാനവും വ്യക്തിപരമായ പഠനവും ആസ്വദിക്കാൻ കഴിയും. . . . അവിവാഹിതാവസ്ഥ എനിക്ക് ഏറെ സന്തുഷ്ടി കൈവരുത്തിയിട്ടുണ്ട്.”
9. ഒരു അവിവാഹിത ക്രിസ്ത്യാനിക്ക് ആസ്വദിക്കാൻ കഴിഞ്ഞേക്കാവുന്ന ചില സേവനപദവികളേവ?
9 ഒരു അവിവാഹിതന് കുടുംബഉത്തരവാദിത്തങ്ങളുള്ള വിവാഹിതർക്കു ലഭ്യമല്ലാത്തതായിരിക്കാവുന്ന പദവികളും സ്വീകരിക്കാൻ കഴിയും. ഉദാഹരണത്തിന്, രാജ്യപ്രഘോഷകരുടെ ആവശ്യം വലുതായിരിക്കുന്ന ഒരു പ്രദേശത്ത് മുഴുസമയശുശ്രൂഷയിലേർപ്പെടാനുള്ള അവസരങ്ങളുണ്ടായിരിക്കാം. അല്ലെങ്കിൽ വാച്ച്ടവർ സൊസൈററിയുടെ ഹെഡ്ക്വാർട്ടേഴ്സിലോ ഒരു ബ്രാഞ്ചാഫീസിലോ ഒരു ബഥേൽ കുടുംബാംഗമായി സേവിക്കാൻ ഒരു അവിവാഹിത യുവാവിന് പദവി ലഭിച്ചേക്കാം. ഒരു അവിവാഹിത യുവതിക്ക് സ്വന്തസഭയിലോ പ്രവർത്തിച്ചു തീർക്കേണ്ട പ്രദേശമുള്ള മറെറാരു സഭയിലോ ഏറെക്കുറെ പ്രായമുള്ള ഒരു അവിവാഹിത സഹോദരിയുമായി പയനിയർ സേവനത്തിൽ ചേരാൻ കഴിഞ്ഞേക്കും. അങ്ങനെയുള്ള സാദ്ധ്യതകളെക്കുറിച്ച് സർക്കിട്ട് മേൽവിചാരകനുമായി ചർച്ചചെയ്യാൻ പാടില്ലേ? ഒരു അവിവാഹിത ക്രിസ്ത്യാനിയെന്ന നിലയിൽ യഹോവയുടെ സ്തുതിക്കായുള്ള വർദ്ധിച്ച സേവനത്തിന് നിങ്ങളേത്തന്നെ ലഭ്യമാക്കുക, അവൻ നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും.—മലാഖി 3:10.
കഴിഞ്ഞ കാലത്തെ ദൃഷ്ടാന്തങ്ങൾ
10. യഹോവയുടെ ഒരു അവിവാഹിത ദാസന്റെ മുഖ്യ ദൃഷ്ടാന്തം വെച്ചതാരാണ്, അവന്റെ ഏകാകിത്വം പ്രയോജനകരമായിരുന്നുവെന്ന് നിങ്ങൾ വിചാരിക്കുന്നതെന്തുകൊണ്ട്?
10 യഹോവയുടെ അവിവാഹിതനായ ഒരു ദാസന്റെ മുഖ്യ ദൃഷ്ടാന്തം യേശുക്രിസ്തു ആയിരുന്നു. അവൻ ദൈവേഷ്ടം ചെയ്യുന്നതിൽ മുഴുവനായി മുഴുകിയിരുന്നു. “എന്റെ ആഹാരം എന്നെ അയച്ചവന്റെ ഇഷ്ടം ഞാൻ ചെയ്യുന്നതും അവന്റെ വേല പൂർത്തിയാക്കുന്നതുമാകുന്നു”വെന്ന് യേശു പറഞ്ഞു. (യോഹന്നാൻ 4:34) പ്രസംഗിക്കുന്നതിലും രോഗികളെ സൗഖ്യമാക്കുന്നതിലും മററും അവൻ എത്ര തിരക്കുള്ളവനായിരുന്നു! (മത്തായി 14:14) യേശുവിന് ആളുകളിൽ യഥാർത്ഥ താൽപര്യമുണ്ടായിരുന്നു. അവന് പുരുഷൻമാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിദ്ധ്യത്തിൽ സുഖം തോന്നിയിരുന്നു. തീർച്ചയായും, അവൻ തന്റെ ശുശ്രൂഷയിൽ പലേടത്തും സഞ്ചരിച്ചു, ചില സന്ദർഭങ്ങളിൽ മററുള്ളവർ അവനെ അനുഗമിക്കുകയും ചെയ്തിരുന്നു. (ലൂക്കോസ് 8:1-3) എന്നാൽ അവനോടുകൂടെ ഒരു ഭാര്യയും കൊച്ചുകുട്ടികളുമുണ്ടായിരുന്നെങ്കിൽ ആ പ്രവർത്തനം എത്ര പ്രയാസമായിരിക്കുമായിരുന്നു! നിസ്സംശയമായി, യേശുവിന്റെ കാര്യത്തിൽ അവിവാഹിതാവസ്ഥക്ക് പ്രയോജനമുണ്ടായിരുന്നു. ഇന്ന്, അവിവാഹിത ക്രിസ്ത്യാനിക്ക് സമാനമായ പ്രയോജനങ്ങൾ ആസ്വദിക്കാവുന്നതാണ്, വിശേഷിച്ച് വിദൂരമോ അപകടകരമോ ആയ പ്രദേശങ്ങളിൽ രാജ്യസന്ദേശം പ്രഖ്യാപിക്കാൻ വിളിക്കപ്പെടുന്നുവെങ്കിൽ.
11, 12. ഇന്ന് യഹോവയെ സേവിക്കുന്ന അവിവാഹിത സ്ത്രീകൾക്കുവേണ്ടി ഏതു നല്ല ദൃഷ്ടാന്തങ്ങൾ എടുത്തു പറയപ്പെടുന്നു?
11 എന്നാൽ മററു ചിലരും ഏകാകിത്വം പ്രായോഗികവും പ്രതിഫലദായകവുമാണെന്നു കണ്ടെത്തി. യിപ്താഹിന്റെ പുത്രി, വിവാഹത്തിനും കുട്ടികൾക്കും വലിയ ഊന്നൽ കൊടുത്തിരുന്ന ഒരു സമൂഹത്തിൽ അവിവാഹിതയായി കഴിഞ്ഞുകൊണ്ട് തന്റെ പിതാവിന്റെ പ്രതിജ്ഞയെ സ്വമേധയാ നിറവേററി. യഹോവയുടെ സേവനത്തിൽ അവൾ സന്തോഷം കണ്ടെത്തി. മററുള്ളവർ അവളെ ക്രമമായി പ്രോത്സാഹിപ്പിച്ചുവെന്നത് ശ്രദ്ധാർഹമാണ്. എന്തിന് “ആണ്ടുതോറും യിസ്രായേലിലെ പുത്രിമാർ വർഷത്തിൽ നാലുപ്രാവശ്യം ഗിലയാദ്യനായ യിപ്താഹിന്റെ പുത്രിയെ പ്രകീർത്തിക്കുന്നതിന് പോകുമായിരുന്നു!“ (ന്യായാധിപൻമാർ 11:34-40) സമാനമായി, വിവാഹിതരായ ക്രിസ്ത്യാനികളും മററുള്ളവരും ഇന്ന് യഹോവയെ സധൈര്യം സേവിക്കുന്ന അവിവാഹിത സ്ത്രീകളെ അനുമോദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്.
12 ഫിലിപ്പോസിന്റെ കന്യകമാരായിരുന്ന നാലു പുത്രിമാർ “പ്രവചിച്ചു.” (പ്രവൃത്തികൾ 21:8, 9) ഈ അവിവാഹിതരായിരുന്ന സ്ത്രീകൾ യഹോവയുടെ സ്തുതിക്കായുള്ള അവരുടെ സജീവ സേവനത്തിൽനിന്ന് വളരെയികം സംതൃപ്തി അനുഭവിച്ചിരുന്നിരിക്കണം. സമാനമായി, ഇന്ന് അനേകം അവിവാഹിത യുവതികൾക്ക് പയനിയർമാർ അഥവാ മുഴുസമയ രാജ്യപ്രഘോഷകരായി സേവിക്കുന്നതിന്റെ പ്രതിഫലദായകമായ പദവിയുണ്ട്. തീർച്ചയായും, ‘സുവാർത്തഘോഷിക്കുന്ന സ്ത്രീകളുടെ വലിയ സൈന്യ’ത്തിന്റെ ഭാഗമെന്നനിലയിൽ അവൻ അഭിനന്ദനമർഹിക്കുന്നു.—സങ്കീർത്തനം 68:11.
13. ഏകാകിത്വത്തിന് പ്രതിഫലദായകമായ ഒരു ജീവിതരീതി ആയിരിക്കാൻ കഴിയുമെന്ന് പൗലോസിന്റെ ദൃഷ്ടാന്തം ചിത്രീകരിക്കുന്നതെങ്ങനെ?
13 അപ്പോസ്തലനായ പൗലോസ് ഏകാകിത്വം പ്രയോജനപ്രദമാണെന്നു കണ്ടെത്തി. അവൻ തന്റെ ശുശ്രൂഷയിൽ ആയിരക്കണക്കിനു മൈൽ സഞ്ചരിക്കുകയും വലിയ പ്രയാസങ്ങളെയും അപകടങ്ങളെയും നിദ്രാരഹിതരാത്രികളെയും കാർന്നുതിന്നുന്ന വിശപ്പിനെയും അഭിമുഖീകരിക്കുകയും ചെയ്തു. (2 കൊരിന്ത്യർ 11:23-27) നിസ്സംശയമായി, പൗലോസ് വിവാഹിതനായിരുന്നെങ്കിൽ ഇതെല്ലാം വളരെയേറെ പ്രയാസകരവും ക്ലേശകരവുമായിരിക്കുമായിരുന്നു. മാത്രവുമല്ല, അവൻ ഒരു കുടുംബത്തെ വളർത്തുകയായിരുന്നെങ്കിൽ “ജനതകൾക്കായുള്ള ഒരു അപ്പോസ്തലൻ” എന്ന അവന്റെ പദവികൾ ഒരിക്കലും അവനു കിട്ടാൻ സാദ്ധ്യത ഉണ്ടായിരിക്കുമായിരുന്നില്ല. (റോമർ 11:13) അവൻ അഭിമുഖീകരിച്ച പീഡാനുഭവങ്ങൾ ഗണ്യമാക്കാതെ ഏകാകിത്വം പ്രതിഫലദായകമായ ഒരു ജീവിതരീതി ആയിരിക്കാൻ കഴിയുമെന്നുള്ളതിന് അവന് നേരിട്ടുള്ള തെളിവുണ്ടായിരുന്നു.
ആധുനികനാളിലെ ദൃഷ്ടാന്തങ്ങൾ
14. അവിവാഹിതരായിരുന്ന മിക്ക കോൽപോർട്ടർമാർക്കും എന്ത് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്?
14 പൗലോസിനെയും അവിവാഹിതരായിരുന്ന മററ് ആദിമക്രിസ്ത്യാനികളെയും പോലെ, (1881 മുതൽ) കോൽപോർട്ടർ വേലയിൽ പങ്കെടുത്ത നിരവധി ദൈവജനങ്ങൾ ആശ്രിതകുടുംബങ്ങളില്ലാഞ്ഞ അവിവാഹിതരായിരുന്നു. അവർ മനസ്സോടെ അപരിചിത നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും ഗ്രാമപ്രദേശങ്ങളിലേക്കും പോകുകയും നല്ല ഹൃദയമുള്ളവരെ അന്വേഷിക്കുകയും അവർക്കു ബൈബിൾ സാഹിത്യങ്ങൾ സമർപ്പിക്കുകയും ചെയ്തു. സഞ്ചാരം തീവണ്ടിയിലോ സൈക്കിളിലോ കുതിരവണ്ടിയിലോ കാറിലോ ആയിരുന്നേക്കാം. മിക്കപ്പോഴും അവർ സസന്തോഷം വീടുതോറും നടന്നു. (പ്രവൃത്തികൾ 20:20, 21) “ചിലപ്പോൾ അവർ ബൈബിൾ സാഹിത്യം കാർഷികോൽപ്പന്നങ്ങൾക്കും കോഴികൾക്കും സോപ്പിനും മറെറന്തിനും കൈമാററം ചെയ്യുമായിരുന്നു, അവർ അവ ഉപയോഗിക്കുകയോ വിൽക്കുകയോ ചെയ്യും” എന്ന് യഹോവയുടെ ഒരു സാക്ഷി അനുസ്മരിച്ചു. “ചില സമയങ്ങളിൽ അപൂർവ്വമായി ജനപാർപ്പുള്ള ഒരു പ്രദേശത്ത് അവർ കൃഷിക്കാരോടും കാലിമേയ്പുകാരോടുംകൂടെ രാപാർക്കുമായിരുന്നു, ചിലപ്പോൾ വൈക്കോൽ കെട്ടുകൾക്കു മീതെ കിടന്നുപോലുമായിരിക്കും ഉറക്കം . . . ഈ വിശ്വസ്തർ [അവരിലനേകരും അവിവാഹിതരായിരുന്നു] വാർദ്ധക്യം പിടിപെടുന്നതുവരെ വർഷങ്ങളോളം തുടർന്നു”വെന്ന് അയാൾ കൂട്ടിച്ചേർത്തു. തീർച്ചയായും, അവരിലൊരുവൾ “യാഹിനെ സേവിക്കുന്നതിൽ ഞങ്ങളുടെ ശക്തി ചെലവഴിക്കാൻ സന്തോഷമുള്ളവരായി സേവനത്തിൽ സന്തുഷ്ടരായ ചെറുപ്പക്കാരായിരുന്നു ഞങ്ങൾ” എന്നു എഴുതിപ്പോൾ പൊതുവേ ആ പഴയകാല കോൽപോർട്ടർമാർക്കുവേണ്ടി സംസാരിക്കുകയായിരുന്നു.
15. അവിവാഹിതരായിരുന്ന അനേകം പയനിർമാർക്ക് ഏതാണ്ട് 45 വർഷം മുമ്പ് വർദ്ധിച്ച പ്രവർത്തനത്തിലേക്കു നയിക്കുന്ന ഏതു വാതിൽ തുറക്കപ്പെട്ടു?
15 പിൽക്കാലങ്ങളിലെ അനേകം പയനിയർമാരും അഥവാ മുഴുസമയ രാജ്യപ്രഘോഷകരും അവിവാഹിതരായിരുന്നു. അവർ മിക്കപ്പോഴും ഒററപ്പെട്ട പ്രദേശങ്ങളിൽ സാക്ഷീകരിക്കുകയും പുതിയസഭകൾ സ്ഥാപിക്കാൻ സഹായിക്കുകയും യഹോവയുടെ സേവനത്തിൽ മററനുഗ്രഹങ്ങൾ ആസ്വദിക്കുകയും ചെയ്തു. രണ്ടാം ലോകമഹായുദ്ധം ഉഗ്രമായി നടന്നുകൊണ്ടിരിക്കെ, വാച്ച്ടവർ ഗിലയാദ് ബൈബിൾ സ്കൂൾ 1943-ൽ പ്രവർത്തനം തുടങ്ങിയപ്പോൾ വർദ്ധിച്ച പ്രവർത്തനത്തിലേക്കു നയിക്കുന്ന ഒരു ആവേശജനകമായ വാതിൽ അവരിൽ ചിലർക്കായി തുറക്കപ്പെട്ടു. (1 കൊരിന്ത്യർ 16:9) അതെ, ആ അവിവാഹിത പയനിയർമാരിലനേകർക്ക് ഗിലയാദ് സ്കൂളിൽ മിഷനറി പരിശീലനം ലഭിച്ചു. പെട്ടെന്ന് അവർ പുതിയ പ്രദേശങ്ങളിൽ രാജ്യസന്ദേശം പ്രചരിപ്പിച്ചുതുടങ്ങി. വൈവാഹിക ഉത്തരവാദിത്തങ്ങളാലുള്ള ബുദ്ധിമുട്ടില്ലാഞ്ഞതിനാൽ അവർ യഹോവയുടെ സേവനത്തിന് തങ്ങളേത്തന്നെ ലഭ്യമാക്കി. ആ ആദിമ ബിരുദധാരികളിൽ ചിലർ ഇപ്പോഴും അവിവാഹിതരും മിഷനറി വയലിലോ മുഴുസമയസേവനത്തിന്റെ മറേറതെങ്കിലും വഴിയിലോ പ്രവർത്തനനിരതരുമാണ്.
16. ബെഥേൽ കുടുംബത്തിലെ അവിവാഹിതാംഗങ്ങൾ ഏകാകിത്വത്തെ പ്രതിഫലദായകമായ ഒരു ജീവിതരീതിയെന്നു കണ്ടെത്തിയെന്നുള്ളതിന് എന്തു തെളിവുണ്ട്?
16 അവിവാഹിതരായ അനേകം ക്രിസ്ത്യാനികൾ വാച്ച്ടവർ സൊസൈററിയുടെ ഹെഡ്ക്വാർട്ടേഴ്സിലോ ലോകത്തിൽ മറെറവിടെയെങ്കിലും അതിന്റെ ബ്രാഞ്ചുകളിലോ ബെഥേൽ കുടുംബാംഗങ്ങളെന്ന നിലയിൽ വർഷങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. അവർ ഏകാകിത്വം പ്രതിഫലദായകമായ ഒരു ജീവിതരീതിയാണെന്ന് കണ്ടെത്തിയിട്ടുണ്ടോ? ഉവ്വ്, തീർച്ചയായും. ദൃഷ്ടാന്തമായി, ബ്രൂക്ക്ളിൻ ബെഥേലിൽ അനേകവർഷം സേവിച്ചിരുന്ന ഒരു അവിവാഹിത സഹോദരൻ ഇങ്ങനെ പ്രസ്താവിച്ചു: “ദൈവവചനത്തിന്റെ സന്ദേശം വഹിക്കുന്ന ദശലക്ഷക്കണക്കിനു മാസികകളും മററു പ്രസിദ്ധീകരണങ്ങളും ഭൂമിയുടെ അറുതികളിലേക്ക് വ്യാപിക്കുന്നതു കാണുന്നതിന്റെ സന്തോഷം അതിൽത്തന്നെ അത്ഭുതകരമായ ഒരു പ്രതിഫലം ആയിരുന്നിട്ടുണ്ട്.” 45 വർഷത്തെ ബെഥേൽ സേവനത്തിനുശേഷം അവിവാഹിതനായ മറെറാരു സഹോദരൻ ഇങ്ങനെ പറഞ്ഞു: “എനിക്ക് നമ്മുടെ പ്രിയപ്പെട്ട സ്വർഗ്ഗീയപിതാവിന്റെ വിശുദ്ധ ഇഷ്ടം തുടർന്നു ചെയ്യാൻ കഴിയേണ്ടതിന് ആത്മീയമായും ശാരീരികമായും എന്നേത്തന്നെ ആരോഗ്യവാനും ശക്തനുമായി നിലനിർത്താൻ ജ്ഞാനത്തിനും സഹായത്തിനുമായി ഞാൻ അവനോട് ഓരോ ദിവസവും അപേക്ഷിക്കുന്നു . . . ഞാൻ തീർച്ചയായും സന്തുഷ്ടവും പ്രതിഫലദായകവും അനുഗ്രഹീതവുമായ ഒരു ജീവിതരീതി ആസ്വദിച്ചിരിക്കുന്നു.”
നിർമ്മലമായ ഏകാകിത്വം നിലനിർത്തൽ
17. നിർമ്മലമായ ഏകാകിത്വം നിലനിർത്തുന്നതിനുള്ള രണ്ടു സഹായങ്ങളേവ?
17 ഒരു അവിവാഹിത ജീവിതത്തിന് പ്രതിഫലദായകമായിരിക്കാൻ കഴിയുമെന്ന് ബൈബിളിലെയും ആധുനികനാളിലെയും ദൃഷ്ടാന്തങ്ങളിൽ നിന്നു വ്യക്തമാണ്. തീർച്ചയായും, നിങ്ങളുടെ ജീവിതത്തിലെ ഏതുഘട്ടം അവിവാഹിതാവസ്ഥയിൽ ചെലവഴിച്ചാലും, നിങ്ങൾ ‘നിങ്ങളുടെ ഹൃദയത്തിൽ ഉറച്ചുനിൽക്കേണ്ട’ ആവശ്യമുണ്ട്. (1 കൊരിന്ത്യർ 7:37) എന്നാൽ അവിവാഹിതരായിരിക്കുമ്പോൾ നിർമ്മലത പാലിക്കാൻ നിങ്ങളെ സഹായിക്കാൻ എന്തിനു കഴിയും? സഹായത്തിന്റെ ഏററവും വലിയ ഉറവ് “പ്രാർത്ഥന കേൾക്കുന്നവനായ” യഹോവയാണ്. (സങ്കീർത്തനം 65:2) തന്നിമിത്തം മിക്കപ്പോഴും അവനോട് അപേക്ഷിക്കുന്നത് ഒരു ശീലമാക്കുക. ദൈവാത്മാവിനും അതിന്റെ ഫലം പ്രകടമാക്കുന്നതിനുള്ള അവന്റെ സഹായത്തിനും വേണ്ടി യാചിച്ചുകൊണ്ട് “പ്രാർത്ഥനയിൽ ഉററിരിക്കുക.” സമാധാനവും ആത്മനിയന്ത്രണവും ആത്മാവിന്റെ ഫലങ്ങളിൽ ഉൾപ്പെടുന്നു. (റോമർ 12:12; ലൂക്കോസ് 11:13; ഗലാത്യർ 5:22, 23) കൂടാതെ, പ്രാർത്ഥനാപൂർവ്വകമായ ഒരു മനോഭാവത്തോടെ ദൈവവചനത്തിലെ ബുദ്ധിയുപദേശത്തെക്കുറിച്ചു വിചിന്തനം ചെയ്യുകയും അത് എല്ലായ്പ്പോഴും ബാധകമാക്കുകയും ചെയ്യുക.
18. 1 കൊരിന്ത്യർ 14:20 ഒരാൾ ഒരു അവിവാഹിത വ്യക്തിയായി കഴിയുന്നതിനോടു ബന്ധപ്പെടുന്നതെങ്ങനെ?
18 നിർമ്മലമായ ഏകാകിത്വം നിലനിർത്തുന്നതിനുള്ള മറെറാരു സഹായം ലൈംഗിക വികാരത്തെ ഉണർത്തുന്ന എന്തിനെയും ഒഴിവാക്കുന്നതാണ്. ഇതിൽ അശ്ലീലവും അധാർമ്മിക വിനോദവും ഉൾപ്പെടുന്നുവെന്നു സ്പഷ്ടമാണ്. പൗലോസ് പറഞ്ഞു: “ചീത്തത്വം സംബന്ധിച്ച് ശിശുക്കളായിരിക്കുക; എന്നിരുന്നാലും ഗ്രഹണശക്തികളിൽ പൂർണ്ണവളർച്ച പ്രാപിച്ചവരായിത്തീരുക.” (1 കൊരിന്ത്യർ 14:20) തിൻമ സംബന്ധിച്ച അറിവോ പരിചയമോ തേടരുത്, എന്നാൽ ദൈവസഹായത്താൽ ഈ കാര്യത്തിൽ ഒരു ശിശുവിനെപ്പോലെ ജ്ഞാനപൂർവ്വം പരിചയഹീനനും നിർദ്ദോഷിയുമായിരിക്കുക. അതേസമയം, യഹോവയുടെ ദൃഷ്ടിയിൽ ലൈംഗിക ദുർമ്മാർഗ്ഗവും ദുഷ്പ്രവൃത്തിയും അനുചിതമാണെന്നോർക്കുക.
19. ഒരു ഏകാകിയെന്ന നിലയിൽ നിർമ്മലതപാലിക്കുന്നതിനുള്ള മററു മാർഗ്ഗങ്ങളിലേക്ക് ഏത് തിരുവെഴുത്തുകൾ വിരൽ ചൂണ്ടുന്നു?
19 നിങ്ങളുടെ സഹവാസങ്ങൾ സൂക്ഷിക്കുന്നതിനാലും ഒരു അവിവാഹിത വ്യക്തിയെന്നനിലയിൽ നിർമ്മലരായി നിലകൊള്ളാൻ നിങ്ങൾ സഹായിക്കപ്പെടും. (1 കൊരിന്ത്യർ 15:33) ലൈംഗികതയെയും വിവാഹത്തെയും തങ്ങളുടെ ജീവിതത്തിലെയും സംഭാഷണങ്ങളിലെയും വലിയ സവിശേഷതകളാക്കുന്നവരുമായുള്ള സഹവാസം ഒഴിവാക്കുക. തീർച്ചയായും അസഭ്യതമാശ ഒഴിവാക്കുക! പൗലോസ് ഇങ്ങനെ ബുദ്ധിയുപദേശിച്ചു: “വിശുദ്ധജനത്തിന് യോഗ്യമായിരിക്കുന്ന പ്രകാരം ദുർവൃത്തിയും ഏതുതരം അശുദ്ധിയും അല്ലെങ്കിൽ അത്യാഗ്രഹവും നിങ്ങളുടെയിടയിൽ പറയപ്പെടുകപോലുമരുത്; ലജ്ജാവഹമായ നടത്തയോ മൂഢസംസാരമോ അസഭ്യതമാശയോ കൂടെയും പാടില്ല, അയോഗ്യമായ കാര്യങ്ങളായിരിക്കാതെ, നന്ദിപ്രകടനമായിരിക്കട്ടെ.”—എഫേസ്യർ 5:3, 4.
പ്രതിഫലദായകമായ ഒരു ഭാവി
20. ഒരുവന്റെ അവിവാഹിത വർഷങ്ങളെ യഹോവയുടെ സേവനത്തിൽ അത്യുത്തമമായി ഉപയോഗിക്കുന്നത് എന്തിൽ കലാശിക്കും?
20 ഒരു അവിവാഹിത ക്രിസ്ത്യാനിയെന്ന നിലയിൽ നിങ്ങളുടെ സംവത്സരങ്ങളെ യഹോവയുടെ സേവനത്തിൽ അത്യുത്തമമായി ഉപയോഗിക്കുന്നത് ഇക്കാലത്ത് സംതൃപ്തിയും മനഃസമാധാനവും കൈവരുത്തും. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ആത്മീയ പക്വതക്കും സ്ഥിരതക്കും സംഭാവന ചെയ്യും. നിങ്ങൾ ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനം വരെ രാജ്യത്തിനുവേണ്ടി ഏകാകിയായി നിലകൊള്ളുന്നുവെങ്കിൽ യഹോവ അവന്റെ വിശുദ്ധ സേവനത്തിൽ നിങ്ങളുടെ ആത്മത്യാഗപരമായ ശ്രമങ്ങളെ മറക്കുകയില്ല.
21. നിർമ്മലവും പ്രതിഫലദായകവുമായ ഏകാകിത്വത്തിന്റെ ഒരു കാലഘട്ടത്തിനുശേഷം നിങ്ങൾ വിവാഹം കഴിക്കേണ്ടതുണ്ടെങ്കിൽ, നിങ്ങൾ എന്തോടെ ദാമ്പത്യത്തിൽ പ്രവേശിക്കാനിടയുണ്ട്?
21 ഒരു അവിവാഹിതനോ അവിവാഹിതയോ എന്ന നിലയിൽ നിങ്ങൾ ഉത്സുകമായി രാജ്യത്തെ അന്വേഷിക്കുന്നുവെങ്കിൽ നിങ്ങൾ അനേകം അനുഗ്രഹങ്ങൾ ആസ്വദിക്കും. (സദൃശവാക്യങ്ങൾ 10:22) പിന്നീട്, പിൽക്കാല ജീവിതത്തിൽ നിങ്ങൾ വിവാഹം കഴിക്കേണ്ടതുണ്ടെങ്കിൽ, നിങ്ങൾ ഏറിയ അനുഭവ ജ്ഞാനത്തോടെയും ഒരു സമൃദ്ധമായ ആത്മീയ പശ്ചാത്തലത്തോടെയുമായിരിക്കും ദാമ്പത്യബന്ധത്തിൽ പ്രവേശിക്കുന്നത്. തന്നെയുമല്ല, തിരുവെഴുത്തുകളിലെ ബുദ്ധിയുപദേശം അനുസരിക്കുന്നതിനാൽ, നിങ്ങൾ ദൈവത്തെ വിശ്വസ്തമായി സേവിക്കാൻ നിങ്ങളെ സഹായിക്കുന്ന, നിർമ്മലത പാലിക്കുന്ന ഒരു സമർപ്പിത ഇണയെ തെരഞ്ഞെടുക്കും. അതിനിടയിൽ, ഏകാകിത്വം നമ്മുടെ സ്നേഹനിധിയായ ദൈവമായ യഹോവയുടെ സേവനത്തിൽ പ്രതിഫലദായകമായ ഒരു ജീവിതരീതിയാണെന്ന് കണ്ടെത്താൻ നിങ്ങൾക്കു കഴിയും. (w87 11/15)
നിങ്ങൾ എങ്ങനെ പ്രതിവചിക്കും?
◻ യഹോവയുടെ ദാസൻമാരുടെ ഇടയിൽ, നിർമ്മലമായ ഏകാകിത്വത്തിന്റെ ചില പ്രതിഫലങ്ങളേവ?
◻ ഏകാകിത്വത്തിനു പ്രതിഫലദായകമായിരിക്കാൻ കഴിയുമെന്നു പ്രകടമാക്കാൻ തിരുവെഴുത്തുപരമായ എന്തു ദൃഷ്ടാന്തങ്ങളുണ്ട്?
◻ ആധുനിക കാലങ്ങളിൽ, പ്രതിഫലദായകമായ ഏകാകിത്വത്തിന്റെ ഏതു ദൃഷ്ടാന്തങ്ങൾ നമുക്കുണ്ട്?
◻ ഏകാകിയായിരിക്കുമ്പോൾ നിർമ്മലതപാലിക്കാൻ ഒരു ക്രിസ്ത്യാനിയെ എന്തിനു സഹായിക്കാൻ കഴിയും?
[19-ാം പേജിലെ ചതുരം]
നിർമ്മലമായ ഏകാകിത്വം നിലനിർത്താനുള്ള സഹായങ്ങൾ
◆ദൈവാത്മാവിനുവേണ്ടിയും അതിന്റെ ഫലങ്ങൾ പ്രകടമാക്കുന്നതിൽ അവന്റെ സഹായത്തിനുവേണ്ടിയും ക്രമമായി പ്രാർത്ഥിക്കുക
◆ദൈവവചനത്തിലെ ബുദ്ധിയുപദേശത്തെക്കുറിച്ച് വിചിന്തനം ചെയ്യുകയും എല്ലായ്പ്പോഴും അതു ബാധകമാക്കുകയും ചെയ്യുക
◆അശ്ലീലവും അധാർമ്മിക വിനോദവും ഒഴിവാക്കുക
◆നിങ്ങളുടെ സഹവാസങ്ങൾ സൂക്ഷിക്കുക
◆അശുദ്ധ സംസാരവും അസഭ്യതമാശയും വർജ്ജിക്കുക
[18-ാം പേജിലെ ചതുരം]
യിപ്താഹിന്റെ മകളും അപ്പോസ്തലനായ പൗലോസും യഹോവയുടെ മററു ദാസൻമാരും ഏകാകിത്വം പ്രതിഫലദായകമായ ഒരു ജീവിതരീതിയാണെന്നു കണ്ടെത്തുകയുണ്ടായി. നിങ്ങൾക്ക് സാധിക്കുമോ?