മർക്കൊസ് എഴുതിയത്
4 യേശു പിന്നെയും കടൽത്തീരത്ത് ചെന്ന് പഠിപ്പിക്കാൻതുടങ്ങി. വലിയ ഒരു ജനക്കൂട്ടം യേശുവിന്റെ അടുത്ത് വന്നുകൂടിയതുകൊണ്ട് യേശു ഒരു വള്ളത്തിൽ കയറി ഇരുന്നു. വള്ളം തീരത്തുനിന്ന് അൽപ്പം അകലെയായിരുന്നു, ജനക്കൂട്ടമാകട്ടെ കടൽത്തീരത്തും.+ 2 ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് യേശു അവരെ പലതും പഠിപ്പിക്കാൻതുടങ്ങി.+ അങ്ങനെ പഠിപ്പിക്കുന്നതിനിടെ യേശു പറഞ്ഞു:+ 3 “കേൾക്കൂ! ഒരു വിതക്കാരൻ വിത്തു വിതയ്ക്കാൻ പോയി.+ 4 വിതയ്ക്കുമ്പോൾ വിത്തുകളിൽ കുറെ വഴിയരികെ വീണു. പക്ഷികൾ വന്ന് അവ തിന്നുകളഞ്ഞു.+ 5 ചിലത്, അധികം മണ്ണില്ലാത്ത പാറസ്ഥലത്ത് വീണു. മണ്ണിന് ആഴമില്ലായിരുന്നതുകൊണ്ട് അവ പെട്ടെന്നു മുളച്ചുപൊങ്ങിയെങ്കിലും+ 6 സൂര്യൻ ഉദിച്ചപ്പോൾ വെയിലേറ്റ് വാടി; വേരില്ലാത്തതുകൊണ്ട് അവ ഉണങ്ങിപ്പോയി. 7 മറ്റു ചില വിത്തുകൾ മുൾച്ചെടികൾക്കിടയിൽ വീണു. മുൾച്ചെടികൾ വളർന്ന് അവയെ ഞെരുക്കിക്കളഞ്ഞതുകൊണ്ട് അവ ഫലം കായ്ച്ചില്ല.+ 8 വേറെ ചിലതു നല്ല മണ്ണിൽ വീണു. അവ മുളച്ച് വളർന്ന് 30-ഉം 60-ഉം 100-ഉം മേനി വിളവ് നൽകി.”+ 9 എന്നിട്ട് യേശു കൂട്ടിച്ചേർത്തു: “കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.”+
10 യേശു തനിച്ചായപ്പോൾ ചുറ്റുമുണ്ടായിരുന്നവരും പന്ത്രണ്ടു പേരും* ദൃഷ്ടാന്തങ്ങളെക്കുറിച്ച് യേശുവിനോടു ചോദ്യങ്ങൾ ചോദിക്കാൻതുടങ്ങി. 11 യേശു അവരോടു പറഞ്ഞു: “ദൈവരാജ്യത്തെക്കുറിച്ചുള്ള പാവനരഹസ്യം+ മനസ്സിലാക്കാൻ അനുഗ്രഹം ലഭിച്ചതു നിങ്ങൾക്കാണ്. എന്നാൽ പുറത്തുള്ളവർക്ക് അതെല്ലാം ദൃഷ്ടാന്തങ്ങളായിത്തന്നെ ഇരിക്കുന്നു.+ 12 അവർ നോക്കുന്നുണ്ട്. പക്ഷേ നോക്കിയിട്ടും അവർ കാണുന്നില്ല. അവർ കേൾക്കുന്നുണ്ട്. പക്ഷേ കേട്ടിട്ടും അവർ സാരം മനസ്സിലാക്കുന്നില്ല. ഒരിക്കലും മനംതിരിഞ്ഞുവരാത്ത അവർക്കു ക്ഷമയും കിട്ടില്ല.”+ 13 പിന്നെ യേശു അവരോടു പറഞ്ഞു: “നിങ്ങൾക്ക് ഈ ദൃഷ്ടാന്തം മനസ്സിലാകുന്നില്ലെങ്കിൽ,* പിന്നെ മറ്റു ദൃഷ്ടാന്തങ്ങൾ എങ്ങനെ മനസ്സിലാകും?
14 “വിതക്കാരൻ വിതയ്ക്കുന്നതു ദൈവവചനമാണ്.+ 15 ചിലർ ആ വചനം കേൾക്കുന്നു. എന്നാൽ അവർ അതു കേൾക്കുന്ന ഉടനെ സാത്താൻ വന്ന്,+ അവരിൽ വിതച്ച വചനം എടുത്തുകളയുന്നു. വഴിയരികെ വിതച്ചത് എന്നു പറഞ്ഞത് ഇവരെക്കുറിച്ചാണ്.+ 16 വേറെ ചിലർ പാറസ്ഥലത്ത് വിതച്ച വിത്തുപോലെയാണ്. അവർ ദൈവവചനം കേൾക്കുന്ന ഉടൻതന്നെ അതു സന്തോഷത്തോടെ സ്വീകരിക്കും.+ 17 വേര് ഇറങ്ങിയിട്ടില്ലെങ്കിലും അവർ കുറച്ച് കാലം നിൽക്കും. പക്ഷേ ദൈവവചനത്തിന്റെ പേരിൽ കഷ്ടതയോ ഉപദ്രവമോ ഉണ്ടാകുമ്പോൾ പെട്ടെന്നു വിശ്വാസത്തിൽനിന്ന് വീണുപോകും. 18 ചിലർ മുൾച്ചെടികൾക്കിടയിൽ വിതച്ച വിത്തുപോലെയാണ്.+ 19 അവർ ദൈവവചനം കേൾക്കുന്നെങ്കിലും ഈ വ്യവസ്ഥിതിയിലെ ഉത്കണ്ഠകളും+ ധനത്തിന്റെ വഞ്ചകശക്തിയും*+ മറ്റ് എല്ലാ തരം മോഹങ്ങളും+ കടന്നുകൂടി ദൈവവചനത്തെ ഞെരുക്കി അതിനെ ഫലശൂന്യമാക്കുന്നു. 20 എന്നാൽ നല്ല മണ്ണിൽ വിതച്ചതായി പറഞ്ഞിരിക്കുന്നത്, ദൈവവചനം കേട്ട് അതു സ്വീകരിക്കുന്നവരെക്കുറിച്ചാണ്. അവർ 30-ഉം 60-ഉം 100-ഉം മേനി വിളവ് തരുന്നു.”+
21 വീണ്ടും യേശു അവരോടു പറഞ്ഞു: “വിളക്കു കത്തിച്ച് ആരെങ്കിലും കൊട്ടയുടെ കീഴെയോ കട്ടിലിന്റെ അടിയിലോ വെക്കാറുണ്ടോ? വിളക്കുതണ്ടിലല്ലേ വെക്കുക?+ 22 മറച്ചുവെച്ചിരിക്കുന്നതൊന്നും എന്നെന്നും മറഞ്ഞിരിക്കില്ല. ഒളിപ്പിച്ചുവെച്ചിരിക്കുന്നതൊന്നും വെളിച്ചത്ത് വരാതിരിക്കുകയുമില്ല.+ 23 കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ.”+
24 പിന്നെ യേശു അവരോടു പറഞ്ഞു: “കേൾക്കുന്ന കാര്യങ്ങൾക്കു ശ്രദ്ധ കൊടുക്കുക.+ നിങ്ങൾ അളന്നുകൊടുക്കുന്ന പാത്രംകൊണ്ടുതന്നെ നിങ്ങൾക്കും അളന്നുകിട്ടും; അതിൽ അധികവും കിട്ടും. 25 ഉള്ളവനു കൂടുതൽ കൊടുക്കും.+ പക്ഷേ ഇല്ലാത്തവന്റെ കൈയിൽനിന്ന് ഉള്ളതുംകൂടെ എടുത്തുകളയും.”+
26 യേശു തുടർന്നു: “ഒരു മനുഷ്യൻ മണ്ണിൽ വിത്തു വിതറുമ്പോൾ സംഭവിക്കുന്നതുപോലെയാണു ദൈവരാജ്യം. 27 അയാൾ രാത്രിയിൽ ഉറങ്ങുന്നു, രാവിലെ ഉണരുന്നു. പക്ഷേ വിത്തു മുളച്ച് വളരുന്നത് എങ്ങനെയെന്ന് അയാൾ അറിയുന്നില്ല. 28 ആദ്യം നാമ്പ്, പിന്നെ കതിർ, ഒടുവിൽ കതിർ നിറയെ ധാന്യമണികൾ. ഇങ്ങനെ, പടിപടിയായി മണ്ണു സ്വയം ഫലം വിളയിക്കുന്നു. 29 ധാന്യം വിളഞ്ഞാൽ ഉടനെ, കൊയ്ത്തിനു സമയമായതുകൊണ്ട് അയാൾ അതു കൊയ്യുന്നു.”
30 യേശു ഇങ്ങനെയും പറഞ്ഞു: “ദൈവരാജ്യത്തെ എന്തിനോട് ഉപമിക്കാം? ഏതു ദൃഷ്ടാന്തം ഉപയോഗിച്ച് വിശദീകരിക്കാം? 31 അത് ഒരു കടുകുമണിപോലെയാണ്. മണ്ണിൽ വിതയ്ക്കുമ്പോൾ അതു ഭൂമിയിലെ എല്ലാ വിത്തുകളിലുംവെച്ച് ഏറ്റവും ചെറുതാണ്.+ 32 എന്നാൽ അതു മുളച്ചുപൊങ്ങി തോട്ടത്തിലെ മറ്റെല്ലാ ചെടികളെക്കാളും വലുതാകുന്നു. അതിനു വലിയ ശിഖരങ്ങൾ ഉണ്ടാകുന്നു. ആകാശത്തിലെ പക്ഷികൾ അതിന്റെ തണലിൽ ചേക്കേറുന്നു.”
33 അങ്ങനെ അവരുടെ ഗ്രഹണപ്രാപ്തിക്കനുസരിച്ച് ഇതുപോലുള്ള പല ദൃഷ്ടാന്തങ്ങൾ+ ഉപയോഗിച്ച് യേശു അവർക്കു ദൈവവചനം പറഞ്ഞുകൊടുത്തു. 34 ദൃഷ്ടാന്തങ്ങൾ കൂടാതെ യേശു അവരോട് ഒന്നും പറയാറില്ലായിരുന്നു. എന്നാൽ ശിഷ്യന്മാരുടെകൂടെ തനിച്ചായിരിക്കുമ്പോൾ യേശു അവർക്ക് എല്ലാം വിശദീകരിച്ചുകൊടുക്കുമായിരുന്നു.+
35 അന്നു വൈകുന്നേരമായപ്പോൾ യേശു അവരോട്, “നമുക്ക് അക്കരയ്ക്കു പോകാം”+ എന്നു പറഞ്ഞു. 36 അങ്ങനെ, ജനക്കൂട്ടത്തെ പറഞ്ഞയച്ചശേഷം അതേ വള്ളത്തിൽത്തന്നെ അവർ യേശുവിനെ അക്കരയ്ക്കു കൊണ്ടുപോയി. മറ്റു വള്ളങ്ങളും ഒപ്പമുണ്ടായിരുന്നു.+ 37 അപ്പോൾ ഒരു വലിയ കൊടുങ്കാറ്റ് ഉണ്ടായി. തിരമാലകൾ വള്ളത്തിൽ ആഞ്ഞടിച്ചുകൊണ്ടിരുന്നു. വെള്ളം കയറി വള്ളം മുങ്ങാറായി.+ 38 യേശു അമരത്ത്* ഒരു തലയണയിൽ തലവെച്ച് ഉറങ്ങുകയായിരുന്നു. അവർ യേശുവിനെ വിളിച്ചുണർത്തിയിട്ട് പറഞ്ഞു: “ഗുരുവേ, നമ്മൾ ഇപ്പോൾ മരിക്കും. അങ്ങ് ഇതൊന്നും കാണുന്നില്ലേ?” 39 അതു കേട്ടപ്പോൾ യേശു എഴുന്നേറ്റ് കാറ്റിനെ ശാസിച്ച് കടലിനോട്, “അടങ്ങൂ! ശാന്തമാകൂ!”+ എന്നു പറഞ്ഞു. അപ്പോൾ കാറ്റ് അടങ്ങി. എല്ലാം ശാന്തമായി.+ 40 യേശു അവരോട്, “നിങ്ങൾ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്? നിങ്ങൾക്ക് ഇപ്പോഴും ഒട്ടും വിശ്വാസമില്ലേ” എന്നു ചോദിച്ചു. 41 പക്ഷേ അസാധാരണമായ ഒരു ഭയം അവരെ പിടികൂടി. അവർ തമ്മിൽത്തമ്മിൽ ഇങ്ങനെ ചോദിച്ചു: “ശരിക്കും ഇത് ആരാണ്? കാറ്റും കടലും പോലും ഇദ്ദേഹത്തെ അനുസരിക്കുന്നല്ലോ.”+