മൂപ്പൻമാരേ—നിങ്ങളുടെ സൂക്ഷിപ്പുധനം കാക്കുക
“നിങ്ങൾക്കുതന്നെയും ദൈവം തന്റെ സ്വന്തം പുത്രന്റെ രക്തത്താൽ വിലക്കുവാങ്ങിയ തന്റെ സഭയെ മേയിക്കാൻ പരിശുദ്ധാത്മാവ് ആരുടെയിടയിൽ നിങ്ങളെ മേൽവിചാരകൻമാരാക്കിവെച്ചുവോ ആ ആട്ടിൻകൂട്ടം മുഴുവനും ശ്രദ്ധകൊടുക്കുക.”—പ്രവൃത്തികൾ 20:28.
1. ക്രിസ്തീയസൂക്ഷിപ്പുധനത്തിൽ എന്താണുൾപ്പെടുന്നത്?
യഹോവയാം ദൈവം തന്റെ ഭൗമികസ്ഥാപനത്തിലുള്ളവരെ ഒരു വിശിഷ്ടമായ സൂക്ഷിപ്പുധനം ഭരമേൽപ്പിച്ചിട്ടുണ്ട്. എന്നാൽ ഒരു സൂക്ഷിപ്പുധനം എന്നാലെന്താണ്? അത് കണക്കുബോധിപ്പിക്കാൻ ചുമതലപ്പെട്ട ഒരു വ്യക്തിയെ ഏല്പ്പിച്ചിരിക്കുന്ന വിലയുള്ള എന്തെങ്കിലുമാണ്. ക്രിസ്തീയ സൂക്ഷിപ്പുധനത്തിൽ “ആരോഗ്യാവഹമായ വചനങ്ങളുടെ മാതൃക,” തിരുവെഴുത്തുകളിലൂടെ പ്രദാനംചെയ്തിരിക്കുന്നതും “തക്ക സമയത്തെ ആഹാര”മെന്ന നിലയിൽ “വിശ്വസ്തനും വിവേകിയുമായ അടിമ”യാൽ വിതരണംചെയ്യപ്പെടുന്നതുമായ സത്യം, ഉൾപ്പെടുന്നു. (2 തിമൊഥെയോസ് 1:13, 14; മത്തായി 24:45-47) ഈ സൂക്ഷിപ്പുധനത്തിൽ സഭയ്ക്കകത്തും പുറത്തും പ്രസംഗിക്കപ്പെടേണ്ട സത്യത്തോട് ബന്ധപ്പെട്ടിരിക്കുന്ന ശുശ്രൂഷ ഉൾപ്പെട്ടിരിക്കുന്നു. (2 തിമൊഥെയോസ് 4:1-5) ആത്മാവിനാൽ നിയമിതരായിരിക്കുന്ന മൂപ്പൻമാരുൾപ്പെടെയുള്ള രാജ്യപ്രഘോഷകർ ഏററവുമധികം മൂല്യമുള്ളതായി ഈ സൂക്ഷിപ്പുധനത്തെ വിലയിരുത്തേണ്ടതാണ്.
2. മൂപ്പൻമാർക്ക് കൂടുതലായ ഏതു സൂക്ഷിപ്പുധനമുണ്ട്, അതുസംബന്ധിച്ച് പത്രോസ് എന്തു പറഞ്ഞു?
2 ക്രിസ്തീയമൂപ്പൻമാർക്ക് കൂടുതലായ ഒരു സൂക്ഷിപ്പുധനമുണ്ട്—ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കാനുള്ള ഉത്തരവാദിത്തം. ഈ കാര്യത്തിൽ, അപ്പോസ്തലനായ പത്രോസ് ഇങ്ങനെ എഴുതി: “നിങ്ങളുടെ ഇടയിലെ പ്രായമേറിയ പുരുഷൻമാർക്ക് ഞാൻ ഈ ഉദ്ബോധനം നൽകുന്നു, എന്തെന്നാൽ ഞാനും അവരോടുകൂടെ പ്രായമേറിയ ഒരു പുരുഷനും ക്രിസ്തുവിന്റെ കഷ്ടപ്പാടുകളുടെ ഒരു സാക്ഷിയുമാകുന്നു, വെളിപ്പെടുത്തപ്പെടേണ്ടതായ മഹത്വത്തിന്റെപോലും ഒരു പങ്കാളിതന്നെ: നിങ്ങളുടെ സംരക്ഷണയിലുള്ള ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിക്കുക, നിർബന്ധത്താലല്ല, മനസ്സോടെ; സത്യസന്ധമല്ലാത്ത ആദായപ്രിയംനിമിത്തവുമല്ല, പിന്നെയോ ആകാംക്ഷയോടെ; ദൈവത്തിന്റെ അവകാശമായിരിക്കുന്നവരുടെമേൽ കർതൃത്വംനടത്തുന്നതുപോലെയുമല്ല, പിന്നെയോ ആട്ടിൻകൂട്ടത്തിന് മാതൃകകളായിത്തീർന്നുകൊണ്ടുതന്നെ. മുഖ്യ ഇടയൻ പ്രത്യക്ഷനാക്കപ്പെട്ടിരിക്കുമ്പോൾ നിങ്ങൾക്ക് മഹത്വത്തിന്റെ വാടാത്ത കിരീടം ലഭിക്കും.”—1 പത്രോസ് 5:1-4.
3. ക്രിസ്തീയമൂപ്പൻമാർ എന്തിന്റെ ഉറവുകളായിരിക്കണം?
3 ക്രിസ്തീയമൂപ്പൻമാർ “കാററിൽനിന്നുള്ള ഒരു മറവിടവും പിശറിൽനിന്നുള്ള ഒരു ഒളിപ്പിടവും പോലെയെന്ന്, വെള്ളമില്ലാത്ത ഒരു രാജ്യത്തെ നീരൊഴുക്കുകൾ പോലെയെന്ന്, ക്ഷീണമുള്ള ഒരു ദേശത്തെ ഒരു വൻപാറയുടെ തണൽപോലെയെന്ന്, തെളിയണം.” (യെശയ്യാവ് 32:1, 2) ഇതിന്റെ അർത്ഥം മൂപ്പൻമാർ ദൈവത്തിന്റെ ചെമ്മരിയാടുതുല്യരായ ദാസൻമാരാകുന്ന ആട്ടിൻകൂട്ടത്തിന് സുരക്ഷിതത്വത്തിന്റെയും സമാധാനത്തിന്റെയും സ്ഥിരതയുടെയും ഉറവുകളായിരിക്കണമെന്നാണ്. മൂപ്പൻമാരിൽനിന്ന്, അഥവാ ആട്ടിൻകൂട്ടത്തിന്റെ ഉപ ഇടയൻമാരിൽനിന്ന് “സാധാരണയിൽ കൂടുതൽ” ആവശ്യപ്പെട്ടിരിക്കുന്നു, എന്തുകൊണ്ടെന്നാൽ അവർ “അധികം ഭരമേൽപ്പിക്കപ്പെട്ടിരിക്കുന്നു.” (ലൂക്കോസ് 12:48) തീർച്ചയായും അവർക്ക് കാത്തുസൂക്ഷിക്കേണ്ട വിലയേറിയ ഒരു സൂക്ഷിപ്പുധനമുണ്ട്.
നിങ്ങളെ ഭരമേൽപ്പിച്ചിരിക്കുന്നതെന്തുകൊണ്ട്?
4. വളരെയധികം മൂപ്പൻമാർ ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
4 ലോകവ്യാപകമായുള്ള യഹോവയുടെ സാക്ഷികളുടെ 63,000ത്തിലധികം സഭകളുടെ അസ്തിത്വം ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ പരിപാലിക്കാൻ ആത്മീയമായി യോഗ്യതയുള്ള പതിനായിരക്കണക്കിന് പുരുഷൻമാരുണ്ടായിരിക്കേണ്ടതാവശ്യമാക്കിത്തീർക്കുന്നു. ഓരോ രാജ്യത്തും അനേകം മൂപ്പൻമാരുണ്ട്. ഇത് സന്തോഷത്തിന് കാരണമാണ്. ലോകവ്യാപകമായുള്ള ഓരോ സഭയിലും ശരാശരി 60 രാജ്യ പ്രഘോഷകരുണ്ട്. അതുകൊണ്ട് മൂപ്പൻമാർക്ക് വളരെയധികം ജോലി ചെയ്യാനുണ്ട്.—1 കൊരിന്ത്യർ 15:58.
5. ഒരു മൂപ്പനായി സേവിക്കുന്നതിനുള്ള പദവി ഒരു പുരുഷന് എന്തിന്റെ അടിസ്ഥാനത്തിൽ നീട്ടിക്കൊടുക്കപ്പെടുന്നു?
5 നിങ്ങൾ ഒരു മൂപ്പനാണെങ്കിൽ, ഈ അനുഗൃഹീത പദവി നിങ്ങൾക്ക് നീട്ടിത്തന്നിരിക്കുന്നതെന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാൽ നിങ്ങൾ ചില കാര്യങ്ങൾ ചെയ്തിരിക്കുന്നു, നിങ്ങൾക്ക് ആത്മീയ യോഗ്യതകളുണ്ട്. ഉദാഹരണത്തിന്, നിങ്ങൾ ഉത്സാഹപൂർവം ദൈവവചനം പഠിച്ചിരിക്കണം. (യോശുവ 1:7, 8) നിങ്ങൾ തീക്ഷ്ണതയോടെ വയൽശുശ്രൂഷയിലേർപ്പെട്ടിരിക്കണം, രാജ്യപ്രഘോഷകരായിത്തീരാൻ മററുള്ളവരെ സഹായിച്ചിട്ടുമുണ്ടായിരിക്കണം. “ആദ്യം യോഗ്യതസംബന്ധിച്ച് പരീക്ഷിക്ക”പ്പെട്ട ശേഷം നിങ്ങൾ വിശ്വസ്തമായി ഒരു ശുശ്രൂഷാദാസനായി സേവിച്ചു. നിങ്ങൾ ‘എത്തിപ്പിടിച്ചു’ അല്ലെങ്കിൽ ഒരു മേൽവിചാരകനായിരിക്കുന്നത് “നല്ല ഒരു വേല”യാണെന്ന് വിലമതിച്ചുകൊണ്ട് ഒരു മൂപ്പനായിരിക്കാൻ യോഗ്യതപ്രാപിക്കുന്നതിന് ശ്രമിച്ചു. (1 തിമൊഥെയോസ് 3:1, 10) തിമൊഥെയോസിനെപ്പോലെ, നിങ്ങൾ “സഹോദരൻമാരാൽ നല്ല സാക്ഷ്യംലഭിച്ചവൻ” ആയിരുന്നു. (പ്രവൃത്തികൾ 16:2) ഒരു മൂപ്പനായി ശുപാർശചെയ്യപ്പെട്ടപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ 20കളുടെ ഒടുവിലോ അതിൽ കൂടുതലോ പ്രായമുണ്ടായിരിക്കാനിടയുണ്ട്. ജീവിതത്തിൽ അനുഭവപരിചയവുമുണ്ടായിരുന്നു. ആത്മീയപക്വതയുള്ളവനും സമീപിക്കാവുന്നവനും ഫലകരമായ തിരുവെഴുത്തുബുദ്ധിയുപദേശം കൊടുക്കാനും രഹസ്യം സൂക്ഷിക്കാനും പ്രാപ്തനുമായ ഒരു സഹോദരനെന്ന നിലയിൽ നിങ്ങളെ സഭ ആദരിക്കാനിടയായിരുന്നു.—സദൃശവാക്യങ്ങൾ 25:9, 10.
നിങ്ങളുടെ സൂക്ഷിപ്പുധനം കാക്കേണ്ട വിധം
6, 7. ഒരു മൂപ്പനെന്ന നിലയിലുള്ള തന്റെ സൂക്ഷിപ്പുധനം കാത്തുസൂക്ഷിക്കുന്നതിന് ഒരു മനുഷ്യനെ സഹായിക്കാൻ ഒന്നു തിമൊഥെയോസ് 4:13-15 എന്തു ബുദ്ധിയുപദേശം പ്രദാനംചെയ്യുന്നു?
6 അതെ, നിങ്ങൾ ഒരു മൂപ്പനാണെങ്കിൽ, നിങ്ങളെ ക്രിസ്തീയ മേൽവിചാരണ ഭരമേൽപ്പിച്ചത് നല്ല കാരണങ്ങളാലായിരുന്നു. നിങ്ങൾ എത്ര പദവിയുള്ളയാളാണെന്ന് നിങ്ങൾ വിചാരിച്ചു! എന്നാൽ നിങ്ങൾക്ക് എങ്ങനെ നിങ്ങളുടെ സൂക്ഷിപ്പുധനം കാക്കാൻ കഴിയും?
7 ഒരു മൂപ്പനെന്ന നിലയിൽ നിങ്ങളുടെ സൂക്ഷിപ്പുധനം കാക്കുന്നതിനുള്ള ഒരു മാർഗ്ഗം നിങ്ങളുടെ ചുമതലകൾ നോക്കുന്നതിൽ ശുഭാപ്തിവിശ്വാസവും ഉത്സാഹവുമുണ്ടായിരിക്കുകയെന്നതാണ്. യഹോവയുടെ സ്ഥാപനത്തിൽ നമുക്കെല്ലാം വ്യത്യസ്ത ഉത്തരവാദിത്തങ്ങളോടുകൂടിയ നിയമനങ്ങളുണ്ട്. അതുകൊണ്ട് നിങ്ങളുടെ സ്ഥാനത്തു നിലകൊള്ളുക. ‘ചെറിയ ഒരുവനായി നടക്കുന്നതിൽ’ സംതൃപ്തനായിരിക്കുക. (ലൂക്കോസ് 9:46-48; ന്യായാധിപൻമാർ 7:21 താരതമ്യപ്പെടുത്തുക.) നിങ്ങളുടെ പദവികളെ വിലമതിക്കുക. ഒരിക്കലും ‘അലസമായ കൈകൊണ്ട് ജോലിചെയ്യരുത്.’ (സദൃശവാക്യങ്ങൾ 10:4) നിശ്ചലമായി നിൽക്കരുത്. എന്നാൽ യഹോവയുടെ സഹായത്തോടെ, ശുശ്രൂഷയുടെ എല്ലാ വശങ്ങളിലും പുരോഗമിക്കുക. തീർച്ചയായും, പൗലോസ് തിമൊഥെയോസിനു കൊടുത്ത ഈ ബുദ്ധിയുപദേശം അനുസരിക്കുക: “പരസ്യവായനയിലും പ്രബോധനത്തിലും പഠിപ്പിക്കലിലും ശ്രദ്ധചെലുത്തുന്നതിൽ തുടരുക. ഒരു പ്രവചനത്തിലൂടെയും പ്രായമേറിയ പുരുഷൻമാരുടെ സംഘം നിന്റെമേൽ അവരുടെ കൈകൾ വെച്ചപ്പോഴും നിനക്ക് നൽകപ്പെട്ട നിന്നിലെ വരം അവഗണിക്കരുത്. ഈ കാര്യങ്ങൾ വിചിന്തനംചെയ്യുക; അവയിൽ ലയിച്ചിരിക്കുക, നിന്റെ പുരോഗതി സകല ആളുകൾക്കും പ്രത്യക്ഷമാകേണ്ടതിനുതന്നെ.”—1 തിമൊഥെയോസ് 4:13-15.
8. ആരോഗ്യപ്രദമായ ബുദ്ധിയുപദേശം കൊടുക്കുന്നതിനും യോഗങ്ങളിൽ ആത്മീയമായി സമ്പന്നമാക്കുന്ന എന്തെങ്കിലും പ്രദാനംചെയ്യുന്നതിനും ഒരു മൂപ്പനെ എന്തു സഹായിക്കും?
8 നിങ്ങൾ വ്യക്തിപരമായ പഠനത്തിന്റെ നല്ല ഉല്പാദകമായ ഒരു പട്ടിക നിലനിർത്തുന്നുവെന്ന് ഉറപ്പുവരുത്തുക. ഒരു മൂപ്പൻ എന്ന നിലയിൽ നിങ്ങൾ അവികലമായ തിരുവെഴുത്തുബുദ്ധിയുപദേശം കൊടുക്കാൻ ഉചിതമായി പ്രതീക്ഷിക്കപ്പെടുന്നു. നിങ്ങളെ ഈ ഉത്തരവാദിത്തത്തിന് സജ്ജനാക്കാൻ നിങ്ങൾ മുഴുബൈബിളും ധ്യാനനിരതനായി വായിച്ചിട്ടുണ്ടോ, ഒരുപക്ഷേ പല പ്രാവശ്യം? (സദൃശവാക്യങ്ങൾ 15:28) നിങ്ങളുടെ പ്രസംഗപീഠ നിയമനങ്ങളെ സംബന്ധിച്ചെന്ത്? അവ നന്നായി തയ്യാർചെയ്യുക, നമ്മുടെ മീററിംഗുകളിൽ സന്നിഹിതരാകുന്നവർക്ക് ആത്മീയമായി സമ്പന്നമാക്കുന്ന എന്തെങ്കിലും കൊടുക്കേണ്ടതിന് യഹോവയുടെ സഹായം പ്രാർത്ഥനാപൂർവം തേടിക്കൊണ്ടുതന്നെ. വിശേഷിച്ച് മൂപ്പൻമാർ ‘കേൾവിക്കാർക്ക് അനുകൂലമായത് കൊടുക്കേണ്ടതിന് പരിപുഷ്ടിപ്പെടുത്താൻ പ്രയോജനകരമായത് പറയണം.’—എഫേസ്യർ 4:29; റോമർ 1:11.
9. രണ്ടു തിമൊഥെയോസ് 4:2 അനുസരിച്ച് ഒരു മൂപ്പൻ എന്തു ചെയ്യണം?
9 ഒരു മൂപ്പനെന്ന നിലയിൽ പൗലോസിന്റെ ബുദ്ധിയുപദേശം അനുസരിക്കുക: “വചനം പ്രസംഗിക്കുക, അനുകൂലകാലത്തും പ്രതികൂലകാലത്തും അതിൽ ഏർപ്പെട്ടിരിക്കുക, സകല ദീർഘക്ഷമയോടും പഠിപ്പിക്കൽവൈദഗ്ദ്ധ്യത്തോടുംകൂടെ ശാസിക്കുക, താക്കീതുചെയ്യുക, പ്രബോധിപ്പിക്കുക.” (2 തിമൊഥെയോസ് 4:2) സഭയിലെ ചിലർ ‘പദങ്ങളെക്കുറിച്ച് വഴക്കടിക്കുകയും’ ‘വിമൂഢമായ ചോദ്യംചെയ്യലുകളിൽ ഏർപ്പെടുകയും’ ‘സത്യത്തോട് അനുകൂലപ്രകൃതമില്ലാതിരിക്കുകയും’ ചെയ്തതുകൊണ്ട് പൗലോസ് വിശ്വാസത്യാഗം സംബന്ധിച്ച് ഉത്ക്കണ്ഠപ്പെട്ടു. (2 തിമൊഥെയോസ് 2:14-18, 23-25; 3:8-13; 4:3, 4) ഏതായാലും, സഭക്ക് ഉപദ്രവകാലം അനുഭവപ്പെട്ടാലും അനുകൂലകാലം അനുഭവപ്പെട്ടാലും, തിമൊഥെയോസ് “വചനം പ്രസംഗിക്ക”ണമായിരുന്നു. ഇത് വിശ്വാസത്യാഗത്തെ ചെറുത്തുനിൽക്കാൻ സഹവിശ്വാസികളെ ശക്തീകരിക്കുമായിരുന്നു. അതുപോലെതന്നെ ഇന്ന് മൂപ്പൻമാർ തുളച്ചുകയറുന്ന ദൈവവചനം അഥവാ സന്ദേശം പ്രസംഗിക്കണം, അത് ഹൃദയത്തിലേക്ക് ആണ്ടിറങ്ങുകയും യഹോവയുടെ പ്രമാണങ്ങളോടുള്ള പററിനിൽപ്പിനെ പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്നു.—എബ്രായർ 4:12.
10. ഒരു മൂപ്പൻ തന്റെ കുടുംബാംഗങ്ങളോടും മററുള്ളവരോടും കൂടെ വയൽശുശ്രൂഷയിൽ ക്രമമായി പ്രവർത്തിക്കേണ്ടതെന്തുകൊണ്ട്?
10 ഒരു മൂപ്പൻ അധികാരത്തോടെ സംസാരിക്കുന്നതിന് ദൈവവചനത്തിന് ചേർച്ചയായി ജീവിക്കേണ്ടതാണ്. എന്നാൽ അയാൾ സഭക്കുള്ളിൽ പ്രസംഗപീഠത്തിൽനിന്നുമാത്രമേ ‘വചനം പ്രസംഗിക്കു’ന്നുള്ളുവെങ്കിൽ അയാൾ പൂർണ്ണമായി തന്റെ സൂക്ഷിപ്പുധനം കാക്കുന്നില്ല. അതേ സന്ദർഭത്തിൽത്തന്നെ പൗലോസ് “ഒരു സുവിശേഷകന്റെ വേല ചെയ്യാൻ” തിമൊഥെയോസിനെ പ്രോൽസാഹിപ്പിച്ചു. ഒരു മൂപ്പനെന്ന നിലയിൽ ‘നിങ്ങളുടെ ശുശ്രൂഷ പൂർണ്ണമായി നിർവഹിക്കാൻ’ നിങ്ങൾ ദൈവവചനം “പരസ്യമായും വീടുതോറും” പ്രസംഗിക്കണം. (2 തിമൊഥെയോസ് 4:5; പ്രവൃത്തികൾ 20:20, 21) അതുകൊണ്ട്, നിങ്ങളുടെ കുടുംബാംഗങ്ങളോടുകൂടെ വയൽശുശ്രൂഷയിൽ ഏർപ്പെടുക. ഇതിന് നിങ്ങളും നിങ്ങളുടെ ഭാര്യയുമായുള്ള ആത്മീയ ബന്ധത്തിന് സംഭാവനചെയ്യാനും നിങ്ങളുടെ മക്കൾക്ക് അതിയായി പ്രയോജനംചെയ്യാനും കഴിയും. സഭയിലെ മററംഗങ്ങളോടുകൂടെയും പ്രസംഗവേലയിൽ പങ്കെടുത്തുകൊണ്ട് കുറെ സമയം ചെലവഴിക്കുക. ഇത് ആത്മീയബന്ധങ്ങളെ ശക്തീകരിക്കുകയും സഹോദരസ്നേഹത്തെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. (യോഹന്നാൻ 13:34, 35) തീർച്ചയായും, ഒരു മൂപ്പൻ തന്റെ കുടുംബത്തിനും സഭക്കും വേണ്ടി വിലയേറിയ സമയം പങ്കുവെക്കുന്നതിൽ സമനില പാലിക്കാൻ കഠിനശ്രമം ചെയ്യണം. വിവേചനയുടെ ഉപയോഗം ഒന്നിന് വളരെയധികം സമയം വിനിയോഗിച്ചുകൊണ്ട് മറേറതിനെ അവഗണിക്കുന്നതിൽനിന്നും അതിനു ചേതംവരുത്തുന്നതിൽനിന്നും അയാളെ തടയും.
11. ഒരു ഉപദേഷ്ടാവെന്ന നിലയിലുള്ള തന്റെ പ്രാപ്തി വർദ്ധിപ്പിക്കാൻ ഒരു മൂപ്പൻ കഠിനമായി പ്രവർത്തിക്കേണ്ടതെന്തുകൊണ്ട്?
11 ഒരു മൂപ്പനെന്ന നിലയിൽ നിങ്ങളുടെ സൂക്ഷിപ്പുധനം കാത്തുസൂക്ഷിക്കുന്നതിന് ഒരു ഉപദേഷ്ടാവെന്ന നിലയിലുള്ള നിങ്ങളുടെ പ്രാപ്തി വർദ്ധിപ്പിക്കാനും കഠിനമായി പ്രവർത്തിക്കുക. “പഠിപ്പിക്കുന്നവൻ തന്റെ പഠിപ്പിക്കലിൽ ശ്രദ്ധിക്കട്ടെ” എന്ന് പൗലോസ് പറഞ്ഞു. “അല്ലെങ്കിൽ പ്രബോധിപ്പിക്കുന്നവൻ തന്റെ പ്രബോധനത്തിൽ ശ്രദ്ധിക്കട്ടെ.” (റോമർ 12:7, 8) ഒരു ഉപദേഷ്ടാവ് മററുള്ളവരുടെ മുമ്പാകെ ഒരു പ്രബോധകനായി നിൽക്കുന്നതിനാൽ അയാളിൽനിന്ന് അധികം പ്രതീക്ഷിക്കാൻ അവർക്ക് ഒരു അവകാശമുണ്ട്. ഒരു മൂപ്പന് തന്റെ പഠിപ്പിക്കലിൽ ഗുരുതരമായി തെററുപററുകയും അത് സഹവിശ്വാസികൾക്ക് പ്രശ്നങ്ങൾ വരുത്തിക്കൂട്ടുകയുമാണെങ്കിൽ അയാൾ ദൈവത്താലുള്ള ന്യായവിധിക്കു പാത്രമാകുന്നു. അതെ, ഉപദേഷ്ടാക്കൾ “ഗുരുതരമായ ന്യായവിധി പ്രാപിക്കും.” (യാക്കോബ് 3:1, 2; മത്തായി 12:36, 37) അതുകൊണ്ട് മൂപ്പൻമാർ ദൈവവചനത്തിന്റെ ഗൗരവമുള്ള പഠിതാക്കളായിരിക്കുകയും അത് ജീവിതത്തിൽ ബാധകമാക്കുകയും വേണം. അപ്പോൾ അവരുടെ തിരുവെഴുത്തുപഠിപ്പിക്കൽ വ്യക്തിപരമായ ബാധകമാക്കലിന്റെ പിൻബലത്തോടെ സഹവിശ്വാസികളാൽ അതിയായി വിലമതിക്കപ്പെടും. അത് വിശ്വാസത്യാഗം ഉൾപ്പെടെയുള്ള അനാരോഗ്യകരമായ സ്വാധീനങ്ങളിൽനിന്ന് സഭയെ സംരക്ഷിക്കുകയും ചെയ്യും.
ഇടർച്ചകൾ ഒഴിവാക്കുക
12. ഈ പത്രികയിൽ ഒരു കാലത്ത് പ്രസിദ്ധപ്പെടുത്തിയ ഏതു ബുദ്ധിയുപദേശം നാവിന്റെ ദുർവിനിയോഗത്തെ ഒഴിവാക്കുന്നതിന് ഒരു മൂപ്പനെ സഹായിക്കും?
12 ഇടർച്ചകൾ ഒഴിവാക്കിക്കൊണ്ടും ഒരു മൂപ്പനെന്ന നിലയിൽ നിങ്ങളുടെ സൂക്ഷിപ്പുധനം കാത്തുസൂക്ഷിക്കുക. ഇവയിലൊന്ന് ഒരു ഉപദേഷ്ടാവെന്ന നിലയിലുള്ള നാവിന്റെ ദുരുപയോഗമാണ്. ഈ കാര്യത്തിലുള്ള ജാഗ്രതയുടെ ആവശ്യം യഹോവയുടെ സ്ഥാപനം ദീർഘകാലം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ദൃഷ്ടാന്തത്തിന് ഈ പത്രിക അതിന്റെ 1897 മെയ് 15-ലെ ലക്കത്തിൽ യാക്കോബ് 3:1-13 ചർച്ചചെയ്യുകയും വിശേഷിച്ച് മൂപ്പൻമാരേക്കുറിച്ച് ഇങ്ങനെ പറയുകയുംചെയ്തു: “അവർക്ക് വാക്ചാതുരി ഉണ്ടെങ്കിൽ അത് സത്യത്തിലേക്കും കർത്താവിലേക്കും നീതിമാർഗ്ഗത്തിലേക്കും വലിയ സമൂഹങ്ങളെ സ്വാധീനിച്ചുകൊണ്ട് വലിയ അനുഗ്രഹത്തിനുള്ള ഒരു സരണിയായിരിക്കാൻ കഴിയും. മറിച്ച്, തെററിനാൽ മലിനമായതാണെങ്കിൽ നാവിന് പറയാവതല്ലാത്ത ഉപദ്രവംചെയ്യാൻ കഴിയും—വിശ്വാസത്തിനും ധാർമ്മികനിഷ്ഠകൾക്കും സൽപ്രവൃത്തികൾക്കുമുള്ള ദ്രോഹംതന്നെ. പഠിപ്പിക്കലിന്റെ വരം ഉപയോഗിക്കുന്ന ഏതൊരുവനും ദൈവത്തിന്റെയും മനുഷ്യരുടെയും മുമ്പാകെ വർദ്ധിച്ച ഉത്തരവാദിത്തത്തിന് തന്നേത്തന്നെ വിധേയനാക്കുന്നുവെന്നത് തീർച്ചയായും സത്യമാണ്. . . .അനുഗ്രഹവും നവോൻമേഷവും ശക്തിയും വഹിച്ചുകൊണ്ട് ദിവ്യവചനം പുറപ്പെടുന്ന ഒരു ഉറവായിരിക്കുന്നത് ആരുതന്നെയായിരുന്നാലും, ദൈവത്തെ അപമാനിക്കുന്നതും അവന്റെ വചനത്തെ വളച്ചൊടിക്കുന്നതുമായ കയ്പുജലത്തിനുള്ള, ശാപത്തിനും ദ്രോഹത്തിനുമിടയാക്കുന്ന വ്യാജോപദേശങ്ങൾക്കുള്ള, സരണിയാകാതിരിക്കാൻ അവർ ശ്രദ്ധിക്കണം. യോഗങ്ങളുടെ നടത്തിപ്പുകാരുടെ തെരഞ്ഞെടുപ്പിൽ ഇവിടെ വെക്കപ്പെട്ടിരിക്കുന്ന ‘നാവിന്റെ’ യോഗ്യത അവഗണിക്കപ്പെടരുത്. അഗ്നിസമാന നാവുകാർ തെരഞ്ഞെടുക്കപ്പെടരുത്. എന്നാൽ തങ്ങളുടെ നാവിന് ‘കടിഞ്ഞാണി’ട്ട് ‘ദൈവത്തിന്റെ അരുളപ്പാടുകൾ എന്നപോലെ’ സംസാരിക്കാൻ ശ്രദ്ധാപൂർവം ശ്രമിക്കുന്നവരായി ഏറെ സൗമ്യതയുള്ളവർ, മിതശീലമുള്ളവർ, മാത്രം തെരഞ്ഞെടുക്കപ്പെടണം.” ഒരു മൂപ്പൻ തന്റെ നാവ് ശരിയായി ഉപയോഗിക്കുന്നത് എത്ര പ്രധാനമാണ്!
13. മൂപ്പൻമാർ വിനോദം സംബന്ധിച്ച് എന്തു ജാഗ്രത പുലർത്തേണ്ടതുണ്ട്?
13 അമിതമായ വിനോദവും ഒഴിവാക്കേണ്ട ഒരു കെണിയാണ്. വിനോദം ഒരു ക്രിസ്ത്യാനിയെ ക്ഷീണിപ്പിക്കുകയും പതറിക്കുകയുംചെയ്യാതെ നവോൻമേഷവാനാക്കുകയും കെട്ടുപണിചെയ്യുകയുംചെയ്യണം. കൂടാതെ, മേൽവിചാരകൻമാർ “മിതശീലമുള്ളവർ” ആയിരിക്കണം. (1 തിമൊഥെയോസ് 3:2) വിനോദംസംബന്ധിച്ചു നിങ്ങൾ ചെയ്യുന്നതിനെ ഭരിക്കുന്നത് മിതശീലമാണെങ്കിൽ, അത് നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും കാത്തുസൂക്ഷിക്കുകയും സഭക്ക് നല്ല മാതൃക പ്രദാനംചെയ്യുകയുംചെയ്യും. നിങ്ങളുടെ സഹവിശ്വാസികൾ ഉത്സാഹപൂർവം വയൽശുശ്രൂഷയിലേർപ്പെട്ടിരിക്കെ നിങ്ങൾ കൂടെക്കൂടെ വാരാന്തങ്ങളിൽ വിനോദപരമായ ഉദ്ദേശ്യങ്ങൾക്കായി പോയാൽ നിങ്ങൾ അശേഷം നല്ല മാതൃക വെക്കുകയായിരിക്കയില്ല. സുവാർത്ത പ്രസംഗിക്കപ്പെടണം. തീക്ഷ്ണതയുള്ള രാജ്യപ്രഘോഷകരെന്ന നിലയിൽ മൂപ്പൻമാർ ഈ വേലയിൽ നേതൃത്വം വഹിക്കണം.—മർക്കോസ് 13:10; തീത്തോസ് 2:14.
14. (എ) ഏതു തിരുവെഴുത്തുദൃഷ്ടാന്തങ്ങൾ മൂപ്പൻമാർ ലൈംഗികദുർമ്മാർഗ്ഗത്തിനെതിരെ ജാഗരിക്കേണ്ടതിന്റെ ആവശ്യകതയെ പ്രദീപ്തമാക്കുന്നു? (ബി) മൂപ്പൻമാർ ആത്മീയസഹോദരിമാരെ സഹായിക്കുന്നതുസംബന്ധിച്ച് ആവർത്തിച്ചുള്ള ഏത് ബുദ്ധിയുപദേശം അവഗണിക്കരുത്?
14 ഒഴിവാക്കേണ്ട മറെറാരു കെണിയാണ് ലൈംഗികദുർമ്മാർഗ്ഗം. ദൈവജനത്തിന്റെ നിർമ്മലതയെ തകർക്കാനുള്ള ശ്രമത്തിൽ സാത്താൻ ഉപയോഗിക്കുന്ന പ്രലോഭനങ്ങളെ ചെറുത്തുനിൽക്കുന്നില്ലെങ്കിൽ ലോകത്തിലെ ധാർമ്മികാധഃപതനത്തിന് ഒരു മൂപ്പനെ പോലും സ്വാധീനിക്കാൻ കഴിയും. (മത്തായി 4:1-11; 6:9, 13 താരതമ്യപ്പെടുത്തുക.) ഇസ്രയേല്യരെ ശപിക്കാനുള്ള തന്റെ ശ്രമങ്ങൾ പാളിപ്പോയപ്പോൾ, ലൈംഗികാരാധനയിൽ ഏർപ്പെടാൻ അവരെ പ്രേരിപ്പിക്കാൻ കഴിയുമെങ്കിൽ യഹോവതന്നെ അവരെ ശപിക്കുമെന്ന് ബിലെയാം പ്രവാചകൻ ന്യായവാദംചെയ്തു. അതുകൊണ്ട് “വിഗ്രഹങ്ങൾക്ക് അർപ്പിക്കപ്പെട്ട വസ്തുക്കൾ ഭക്ഷിക്കാനും ദുർവൃത്തി നടത്താനും യിസ്രായേൽപുത്രൻമാരുടെ മുമ്പാകെ ഒരു വിലങ്ങുതടി വെക്കാൻ” ബിലെയാം മോവാബ്യരാജാവായ ബാലാക്കിനെ ഉപദേശിച്ചു. അവർ ആ ഇടർച്ചയെ ഒഴിവാക്കിയോ? ഇല്ല, എന്തുകൊണ്ടെന്നാൽ മോവാബ്യസ്ത്രീകളുമായി അസാൻമാർഗ്ഗിക ബന്ധങ്ങളിലേർപ്പെട്ടതുകൊണ്ടും അവരുടെ ദൈവങ്ങളുടെ മുമ്പാകെ കുമ്പിട്ടതുകൊണ്ടും 24,000 ഇസ്രയേല്യർ യഹോവയിൽനിന്നുള്ള ഒരു ബാധയാൽ മരിച്ചു. (വെളിപ്പാട് 2:14; സംഖ്യാപുസ്തകം 25:1-9) ‘ദൈവത്തിന്റെ ഹൃദയത്തിന് യോജിച്ച ഒരു മനുഷ്യൻ’ ആയിരുന്ന ദാവീദുപോലും ലൈംഗികദുർമ്മാർഗ്ഗത്തിന്റെ കെണിയിൽ ഇറടിവീണുവെന്നോർക്കുക. (1 ശമുവേൽ 13:14; 2 ശമുവേൽ 11:2-4) അപ്പോൾ ഒരു മൂപ്പനെന്ന നിലയിൽ, ഒരു ആത്മീയ സഹോദരിയെ ഒരിക്കലും സ്വകാര്യമായി സഹായിക്കാതെ ഈ ഉത്തരവാദിത്തം വഹിക്കുമ്പോൾ മറെറാരു മൂപ്പനും ഉണ്ടായിരിക്കണമെന്നുള്ള “വിശ്വസ്ത ഗൃഹവിചാരകന്റെ” ആവർത്തിച്ചുള്ള ബുദ്ധിയുപദേശം അനുസരിക്കുക.—ലൂക്കോസ് 12:42.
15. ഒരു മൂപ്പന്റെ കുടുംബത്തിന് ധനാസക്തിയുടെ കെണി ഒഴിവാക്കാൻ അയാളെ എങ്ങനെ സഹായിക്കാൻകഴിയും?
15 ഒരു മൂപ്പൻ ഒഴിവാക്കേണ്ട മറെറാരു കെണിയാണ് ധനാസക്തി. യഹോവ വേണ്ട കരുതൽ ചെയ്യുമെന്നറിഞ്ഞുകൊണ്ട് അവശ്യകാര്യങ്ങൾകൊണ്ടു തൃപ്തിപ്പെടുക. (മത്തായി 6:25-33; എബ്രായർ 13:5) മിതവ്യയം പാലിക്കാൻ നിങ്ങളുടെ കുടുംബത്തെ പരിശീലിപ്പിക്കുക, എന്തെന്നാൽ ധാരാളിത്തം കുടുംബത്തെ സഹായിക്കാനും അതുപോലെതന്നെ വയൽശുശ്രൂഷയിലേർപ്പെടാനും സഭയെ ബലപ്പെടുത്താനും രാജ്യതാത്പര്യങ്ങളെ ഉന്നമിപ്പിക്കാനും ഉപയോഗിക്കാൻകഴിയുന്ന സമയത്തിന്റെയും വിഭവങ്ങളുടെയും ഒരു മോഷ്ടാവാണ്. ഈ കാര്യത്തിലുള്ള കുടുംബ സഹകരണത്തിൽനിന്ന് ഒരു മൂപ്പന് പ്രയോജനംകിട്ടുന്നു, യഥാർത്ഥത്തിൽ ആവശ്യമില്ലാത്ത വസ്തുക്കൾക്കുവേണ്ടി അവർ അയാളുടെമേൽ സമ്മർദ്ദംചെലുത്താത്തതിൽ നന്ദിയുള്ളവനുമാണ്. യഥാർത്ഥത്തിൽ, “സമൃദ്ധിയും അതോടൊപ്പം കുഴപ്പവുമുള്ളതിനെക്കാൾ മെച്ചമാണ് യഹോവാഭയത്തിൽ ഒരു അല്പം ഉള്ളത്.”—സദൃശവാക്യങ്ങൾ 15:16.
“നിങ്ങൾക്കുതന്നെ ശ്രദ്ധകൊടുക്കുക”
16. പൗലോസ് എഫേസൂസിലെ മേൽവിചാരകൻമാർക്ക് എന്തു ബുദ്ധിയുപദേം കൊടുത്തു?
16 മൂപ്പൻമാർ തങ്ങളുടെ സൂക്ഷിപ്പുധനം കാത്തുസൂക്ഷിക്കണമെങ്കിൽ അവർ എഫേസൂസിലെ മൂപ്പൻമാരോടുള്ള പൗലോസിന്റെ ബുദ്ധിയുപദേശം അനുസരിക്കണം. അവൻ അവരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾക്കുതന്നെയും ദൈവം തന്റെ സ്വന്തം പുത്രന്റെ രക്തത്താൽ വിലക്കുവാങ്ങിയ തന്റെ സഭയെ മേയിക്കാൻ പരിശുദ്ധാത്മാവ് ആരുടെയിടയിൽ നിങ്ങളെ മേൽവിചാരകൻമാരാക്കിവെച്ചുവോ ആ ആട്ടിൻകൂട്ടം മുഴുവനും ശ്രദ്ധകൊടുക്കുക. എന്റെ പോക്കിനുശേഷം മർദ്ദകചെന്നായ്ക്കൾ നിങ്ങളുടെയിടയിൽ പ്രവേശിക്കുകയും ആട്ടിൻകൂട്ടത്തോട് ആദരവോടെ പെരുമാറാതിരിക്കുകയും ചെയ്യും, നിങ്ങളുടെ ഇടയിൽനിന്നുതന്നെ പുരുഷൻമാർ എഴുന്നേൽക്കുകയും ശിഷ്യൻമാരെ തങ്ങളുടെ പിന്നാലെ വലിച്ചുകളയാൻ വളച്ചൊടിച്ച കാര്യങ്ങൾ സംസാരിക്കുകയുംചെയ്യും. അതുകൊണ്ട് ഉണർന്നിരിക്കുക, മൂന്നു വർഷം ഞാൻ രാവും പകലും നിങ്ങളിൽ ഓരോരുത്തനും ബുദ്ധിയുപദേശം നൽകുന്നതിൽനിന്ന് വിട്ടുപോയില്ലെന്ന് ഓർക്കുക.”—പ്രവൃത്തികൾ 20:28-31.
17, 18. ഏതാണ്ട് 82 വർഷംമുമ്പ് ഈ മാസികയിൽ പ്രസിദ്ധപ്പെടുത്തിയ ഏതു ബുദ്ധിയുപദേശം ക്രിസ്തീയമൂപ്പൻമാർക്ക് ഇപ്പോഴും ബാധകമാകുന്നു?
17 വീക്ഷാഗോപുരം (1909 മാർച്ച് 1) 82-ൽപരം വർഷംമുമ്പ് സഹമൂപ്പൻമാരോടായുള്ള പൗലോസിന്റെ മേൽപ്രസ്താവിച്ച ബുദ്ധിയുപദേശം ഉദ്ധരിക്കുകയും ഇങ്ങനെ അഭിപ്രായപ്പെടുകയുംചെയ്തു: “എല്ലായിടത്തുമുള്ള മൂപ്പൻമാർ പ്രത്യേകശ്രദ്ധ ചെലുത്തേണ്ടതുണ്ട്; എന്തുകൊണ്ടെന്നാൽ ഏതു പീഡാനുഭവത്തിലും ഏററവും ആനുകൂല്യമുള്ളവരും ഏററവും പ്രമുഖരുമായവർക്ക് ഏററം കഠിനമായ അപകടങ്ങളും പരിശോധനകളുമുണ്ട്. അതുകൊണ്ട്, യാക്കോബ് ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: ‘സഹോദരൻമാരേ, ഒരു പുരുഷന് കാഠിന്യമേറിയ പരിശോധന ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് നിങ്ങളിലനേകർ ഉപദേഷ്ടാക്കളാകരുത്.’ അതുപോലെതന്നെ ഹൃദയത്തിൽ നിർമ്മലരും നിസ്വാർത്ഥരുമായ സകല മൂപ്പൻമാർക്കും സകല മനുഷ്യവർഗ്ഗത്തോടും സ്നേഹവും ശുഭാശംസകളുമാണുണ്ടായിരിക്കേണ്ടതെന്നും അവർ പരിശുദ്ധാത്മാവിന്റെ ഫലങ്ങളും കൃപകളുംകൊണ്ട് അധികമധികം നിറഞ്ഞുവരണമെന്നും ഞങ്ങൾ പ്രബോധിപ്പിക്കുന്നു, ആട്ടിൻകൂട്ടത്തെയും ശ്രദ്ധിച്ചുകൊണ്ടുതന്നെ. ആട്ടിൻകൂട്ടം കർത്താവിന്റേതാണെന്നും നിങ്ങൾക്ക് കർത്താവിനോടും അതുപോലെതന്നെ അവയോടും ഉത്തരവാദിത്തമുണ്ടെന്നും ഓർക്കുക. നിങ്ങൾ വലിയ, മുഖ്യ, ഇടയനോട് കണക്കു ബോധിപ്പിക്കേണ്ടവരെന്ന നിലയിൽ അവരുടെ ദേഹികളെ (താത്പര്യങ്ങളെ) കാവൽചെയ്യേണ്ടതാണെന്ന് ഓർക്കുക. എല്ലാററിലും മുഖ്യസംഗതി സ്നേഹമാണെന്നോർക്കുക; ഉപദേശങ്ങളെ അവഗണിക്കാതിരിക്കെ, കർത്താവിന്റെ ശരീരത്തിലെ അംഗങ്ങൾ ‘വെളിച്ചത്തിൽ വിശുദ്ധൻമാരുടെ അവകാശത്തിന് യോഗ്യർ’ ആകേണ്ടതിനും ദിവ്യേഷ്ടപ്രകാരം ഈ ദുഷ്ടദിവസത്തിൽ ഇടറിപ്പോകാതെ സകലവും ചെയ്തശേഷം ക്രിസ്തുവിൽ, അവന്റെ ശരീരത്തിൽ, അവന്റെ അംഗങ്ങളായി, അവന്റെ കൂട്ടുബലിക്കാരായി, അവന്റെ കൂട്ടവകാശികളായി നിലകൊള്ളേണ്ടതിനും കർത്താവിന്റെ ആത്മാവിന്റെ വളർച്ചക്ക് പ്രത്യേകശ്രദ്ധ കൊടുക്കണമെന്നും ഓർക്കുക.”
18 ആ വാക്കുകൾ ആ ആദിമനാളുകളിലെ യഹോവയുടെ സ്ഥാപനത്തിന്റെ ഗ്രാഹ്യത്തിനും സാഹചര്യത്തിനും ചേർച്ചയായി ആത്മാഭിഷിക്ത മൂപ്പൻമാർക്കും സഹവിശ്വാസികൾക്കുംവേണ്ടി നയിക്കപ്പെട്ടവയായിരുന്നു. എന്നിരുന്നാലും, ആ ബുദ്ധിയുപദേശം ഇന്ന് എത്ര നന്നായി ബാധകമാകുന്നു! തങ്ങളുടെ പ്രത്യാശ സ്വർഗ്ഗീയമായാലും ഭൗമികമായാലും, ക്രിസ്തീയമൂപ്പൻമാർ തങ്ങൾക്കുതന്നെ ശ്രദ്ധകൊടുക്കുകയും തങ്ങളുടെ സൂക്ഷിപ്പുധനം കാത്തുസൂക്ഷിക്കുകയും ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിന്റെ താത്പര്യങ്ങൾ സ്നേഹപൂർവം പരിരക്ഷിക്കുകയും ചെയ്യണം.
നിങ്ങളുടെ സൂക്ഷിപ്പുധനം കാത്തുസൂക്ഷിക്കുന്നതിൽനിന്ന് സന്തോഷം കൈവരുന്നു
19, 20. മൂപ്പൻമാർ തങ്ങളുടെ സൂക്ഷിപ്പുധനം കാത്തുസൂക്ഷിക്കുമ്പോൾ സന്തോഷം കൈവരുന്നുവെന്ന് പറയാൻകഴിയുന്നതെന്തുകൊണ്ട്?
19 ഒരു ക്രിസ്തീയമൂപ്പനെന്ന നിലയിൽ നിങ്ങളുടെ സൂക്ഷിപ്പുധനം കാത്തുസൂക്ഷിക്കുന്നതിൽനിന്ന് സന്തുഷ്ടി—ഹൃദയംഗമമായ സന്തോഷം—കൈവരുന്നു. ഗൗരവമുള്ള ഒരു ഉത്തരവാദിത്തം നന്നായി നോക്കുന്നതിൽ ഉല്ലാസമുണ്ട്. അതുകൊണ്ട്, ജാഗ്രതയുള്ളവനും പ്രാർത്ഥനാനിരതനും ഉത്സാഹമുള്ളവനുമായിരിക്കുക. ഒരു മൂപ്പനെന്ന നിലയിൽ നിങ്ങളുടെ സൂക്ഷിപ്പുധനം കാത്തുസൂക്ഷിക്കുകയും സെക്രട്ടറിയുടെ മഷിക്കുപ്പിയോടുകൂടിയ മനുഷ്യൻ പറഞ്ഞതുപോലെ “നീ എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്തിരിക്കുന്നു”വെന്ന് നിങ്ങൾക്കു പറയാൻ കഴിയുന്ന കാലത്തിനുവേണ്ടി നോക്കിപ്പാർത്തിരിക്കുകയും ചെയ്യുക.—യെഹെസ്ക്കേൽ 9:3, 4, 11.
20 അതെ, ഒരു മൂപ്പനെന്ന നിലയിൽ വിശ്വസ്തതയോടെ പ്രവർത്തിക്കുക, തന്നിമിത്തം നോഹയെക്കുറിച്ചു പറഞ്ഞതുപോലെ “അവൻ അങ്ങനെതന്നെ ചെയ്തു”വെന്ന് നിങ്ങളെക്കുറിച്ച് പറയാൻ കഴിയട്ടെ. (ഉല്പത്തി 6:22) അങ്ങനെയുള്ള ഉത്സുകമായ സേവനത്തിൽനിന്ന് സഭക്ക് അനേകം വിധങ്ങളിൽ പ്രയോജനംകിട്ടുന്നു. എല്ലാററിലുമധികമായി, തങ്ങളുടെ സൂക്ഷിപ്പുധനം കാത്തുസൂക്ഷിക്കുന്ന വിശ്വസ്തമൂപ്പൻമാരാൽ സേവിക്കപ്പെടുന്ന ശക്തവും സജീവവുമായ സഭകളാൽ യഹോവ ബഹുമാനിക്കപ്പെടുന്നു. “കൊള്ളാം, നല്ല അടിമ!” എന്ന് നിങ്ങളെക്കുറിച്ച് ഫലത്തിൽ പറയപ്പെടണമെങ്കിൽ കൂടുതൽ ആവശ്യമാണ്. (ലൂക്കോസ് 19:17) ഒരു മൂപ്പനെന്ന നിലയിൽ, നിങ്ങൾ ദൈവത്തിന്റെ ആട്ടിൻകൂട്ടത്തോട് ആർദ്രതയോടെ പെരുമാറുകയുംവേണം. (w89 9⁄15)
നിങ്ങൾ എന്ത് പറയും?
◻ ക്രിസ്തീയമൂപ്പൻമാർക്ക് കൂടുതലായ വേറെ ഏതു സൂക്ഷിപ്പുധനമുണ്ട്?
◻ ഒരു മൂപ്പന് തന്റെ സൂക്ഷിപ്പുധനം കാക്കുന്നതിന് ഏതു ക്രിയാത്മകനടപടികൾ സ്വീകരിക്കാൻ കഴിയും?
◻ തന്റെ സൂക്ഷിപ്പുധനം കാക്കുന്നതിന് ഒരു മൂപ്പൻ ഏത് കെണികൾ ഒഴിവാക്കണം?
◻ മൂപ്പൻമാർ തങ്ങളുടെ സൂക്ഷിപ്പുധനം കാക്കുമ്പോൾ സന്തോഷം കൈവരുന്നതെന്തുകൊണ്ട്?
[12-ാം പേജിലെ ചിത്രം]
ക്രിസ്തീയ മൂപ്പൻമാർ “പിശറിൽനിന്നുള്ള ഒരു ഒളിപ്പിടം”പോലെയായിരിക്കണം
[14-ാം പേജിലെ ചിത്രം]
ഒരു മൂപ്പനെന്ന നിലയിൽ നിങ്ങളുടെ കുടുംബാംഗങ്ങളോടും മററുള്ളവരോടുംകൂടെ ക്രമമായി വയൽശുശ്രൂഷയിൽ പങ്കെടുക്കുക
[15-ാം പേജിലെ ചിത്രം]
ഒരു മൂപ്പനെന്ന നിലയിൽ നിങ്ങൾ നിങ്ങളുടെ സൂക്ഷിപ്പുധനം കാത്തുസൂക്ഷിക്കുന്നുവെങ്കിൽ സഭക്ക് അനേകം വിധങ്ങളിൽ പ്രയോജനം കിട്ടും