ദൈവത്തിന്റെ നൻമയുടെ അത്ഭുതകരമായ വ്യാപ്തി
ദൈവം നല്ലവൻ! നിങ്ങൾ എത്ര പ്രാവശ്യം ആ പദപ്രയോഗം കേട്ടിട്ടുണ്ട് അല്ലെങ്കിൽ നിങ്ങൾ അത് ഉപയോഗിക്കതന്നെ ചെയ്തിട്ടുണ്ട്? എന്നാൽ നിങ്ങൾക്കുവേണ്ടിയുള്ള ദൈവത്തിന്റെ നൻമയുടെ പൂർണ്ണവ്യാപ്തിയെക്കുറിച്ച് നിങ്ങൾ എന്നെങ്കിലും വിചിന്തനംചെയ്തിട്ടുണ്ടോ? അങ്ങനെയുള്ള ധ്യാനം നാം ആരാധിക്കുന്ന ദൈവത്തെക്കുറിച്ചുള്ള നമ്മുടെ വിലമതിപ്പിനെ ആഴമേറിയതാക്കുന്നു.
ഏതായാലും, നാം ആദ്യമായി നൻമയെന്നാലെന്താണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. തീർച്ചയായും, നൻമ ദുഷ്ടനായിരിക്കുന്നതിനു വിപരീതമായി നല്ലവനായിരിക്കുന്ന ഗുണമാണ്. എന്നാൽ നൻമ അതിലും കവിഞ്ഞതാണ്. അത് കർമ്മനിരതമായ ഒരു ഗുണമാണ്. ഒരു നല്ല ആൾ നൻമ ചെയ്യുന്നു. ദൈവം തന്റെ നൻമയിൽ വളരെയധികം കാര്യങ്ങൾ നമുക്കുവേണ്ടി ചെയ്യുന്നതുകൊണ്ട് നമ്മുടെ ഹൃദയങ്ങളിൽ അവൻ പ്രിയങ്കരനായിത്തീരുന്നു.
ദൈവത്തിന്റെ നൻമയുടെ വിപുലമായ വ്യാപ്തി സീനായി മരുഭൂമിയിൽവെച്ച് അവൻ മോശയോടു പറഞ്ഞ വാക്കുകളിൽ കാണപ്പെടുന്നു. അവിടെ, അവൻ തന്റെ വിശസ്തദാസനോട് ഇങ്ങനെ വാഗ്ദാനംചെയ്തു: “എന്റെ സകല നൻമയും നിന്റെ മുഖത്തിൻമുമ്പാകെ കടന്നുപോകാൻ ഞാൻതന്നെ ഇടയാക്കും.” ആ വാഗ്ദാനം നിവർത്തിച്ചുകൊണ്ടും തന്റെ സ്വന്തം നാമം ഉപയോഗിച്ചുകൊണ്ടും ദൈവം കൂടുതലായി പറയുന്നു: “യഹോവ, യഹോവ, കരുണയും കൃപയുമുള്ള ഒരു ദൈവം, കോപത്തിനു താമസമുള്ളവനും സ്നേഹദയയിലും സത്യത്തിലും സമൃദ്ധനും ആയിരങ്ങൾക്കു സ്നേഹദയ കാത്തുസൂക്ഷിക്കുന്നവനും തെററും ലംഘനവും പാപവും ക്ഷമിക്കുന്നവനുമായവൻ, എന്നാൽ യാതൊരു പ്രകാരത്തിലും അവൻ ശിക്ഷയിൽനിന്ന് ഒഴിവുകൊടുക്കുകയില്ല.”—പുറപ്പാട് 33:19; 34:6, 7.
അതുകൊണ്ട്, ദൈവത്തിന്റെ നൻമയിൽ അവന്റെ കരുണയും അവന്റെ കൃപയും അവന്റെ സ്നേഹദയയും അവന്റെ സത്യവും ഉൾപ്പെടുന്നു. അതിനു പുറമേ, അവൻ “കോപത്തിനു താമസമുള്ളവൻ,” ദീർഘക്ഷമയുള്ളവൻ, ആയിരിക്കുന്നതിൽ അവന്റെ നൻമ കാണപ്പെടുന്നു. എന്നാൽ അതിന് അവൻ അമിതസ്വാതന്ത്ര്യമനുവദിക്കുന്ന ഒരു പിതാവിനെപ്പോലെയാണെന്ന്, പാപത്തെ അനിയന്ത്രിതമായി എന്നേക്കും തുടരാൻ അനുവദിക്കുന്നവനാണെന്ന് അർത്ഥമില്ല. അനുതാപമില്ലാത്ത പാപികൾക്ക് “അവൻ യാതൊരു പ്രകാരത്തിലും ശിക്ഷയിൽനിന്ന് ഒഴിവു കൊടുക്കുകയില്ല.” ഒരു നല്ലവനായ ദൈവത്തിന് ദുഷ്ടത നിർവിഘ്നം തുടരാൻ അനുവദിക്കാൻ കഴികയില്ല.
ദൈവത്തിന്റെ നൻമയുടെ സമൃദ്ധി
ഇപ്പോൾ, ദൈവം നൻമ പ്രകടമാക്കിയിരിക്കുന്ന വിധങ്ങളിൽ ചിലത് പരിചിന്തിക്കുക. തുടക്കത്തിൽത്തന്നെ, ദൈവം ആദ്യമായി ഭൂമിയെ സൃഷ്ടിച്ചപ്പോൾ, അവൻ മനുഷ്യരോടു നല്ലവനായിരുന്നു. അവൻ കേവലം മനുഷ്യജീവിതത്തിന് അത്യന്താപേക്ഷിതമായതു മാത്രം പ്രദാനം ചെയ്യുകയായിരുന്നില്ല. എന്നാൽ അവൻ നമ്മുടെ ഭൂഗോളത്തിലെ ജീവിതത്തെ ഒരു യഥാർത്ഥ ഉല്ലാസമാക്കിത്തീർക്കാൻ വേണ്ടതെല്ലാം സമൃദ്ധമായി നൽകി. അവൻ വൈവിദ്ധ്യമാർന്ന ഒട്ടേറെ ഭക്ഷ്യപാനീയങ്ങൾ നൽകി. അവൻ ആകർഷകത്വമുള്ള വിവിധ പക്ഷിമൃഗാദികളെ നിർമ്മിച്ചു. അവൻ നമ്മുടെ ചുററുപാടുകൾക്ക് വർണ്ണവും ഭംഗിയും പകരുന്ന പുഷ്പങ്ങൾ സൃഷ്ടിച്ചു. കൂടാതെ, അവൻ നയനാനന്ദകരങ്ങളായ വ്യത്യസ്ത ദൃശ്യങ്ങൾ ഒട്ടനവധി നിർമ്മിച്ചു. എന്തിന്, നാം ഒരു പ്രശോഭനമായ സൂര്യാസ്തമയം അല്ലെങ്കിൽ ഗംഭീരമായ മേഘങ്ങൾ കാണുന്ന ഓരോ പ്രാവശ്യവും നാം ദൈവത്തിന്റെ നൻമയുടെ തെളിവാണ് കാണുന്നത്!
ദൈവം മനുഷ്യനെയും സ്ത്രീയെയും സൃഷ്ടിച്ചപ്പോൾ വീണ്ടും അവന്റെ നൻമ കാണപ്പെട്ടു. അവൻ ആദാമിനും ഹവ്വായിക്കും പൂർണ്ണതയും ആരോഗ്യവുമുള്ള ശരീരങ്ങൾ കൊടുക്കുകയും അവരെ ഏദൻതോട്ടത്തിൽ ആക്കിവെക്കുകയും ചെയ്തു. അനന്തരം അവൻ അവർക്ക് ആവേശകരവും വെല്ലുവിളിയുയർത്തുന്നതുമായ ഒരു നിയോഗം കൊടുത്തു: “ഭൂമിയിൽ നിറഞ്ഞ് അതിനെ കീഴടക്കുക.” അങ്ങനെ, തങ്ങളുടെ അനേകം സന്തതികളോടുകൂടെ ഒരു പറുദീസാഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുന്നതിനുള്ള പ്രത്യാശ അവരുടെ മുമ്പാകെ വെച്ചു. (ഉല്പത്തി 1:26-28; 2:7-9) ഒന്നാമത്തെ മാനുഷജോടിക്ക് എന്തു വിശിഷ്ടമായ വിവാഹസമ്മാനം!
ആദാമും ഹവ്വായും മത്സരിച്ചപ്പോൾ പോലും ദൈവം അവരെ മുഴുവനായി ഉപേക്ഷിച്ചില്ല. ആ ഘട്ടത്തിൽ അവൻ അവരെ തൽക്ഷണമരണത്താൽ ശിക്ഷിച്ചിരുന്നെങ്കിൽ, അവൻ ചെയ്യുന്നതു നീതിമാത്രമായിരിക്കുമായിരുന്നു. എന്നിരുന്നാലും, അവൻ ഇപ്പോൾ പാപികളായിത്തീർന്ന മാനുഷജോടിയോട് നല്ലവനായിരുന്നു. കുറേ കാലത്തേക്കു തുടർന്നുജീവിക്കാനും മക്കളെ ജനിപ്പിക്കാനും അവൻ അവരെ അനുവദിച്ചു.—ഉല്പത്തി 5:1-5.
തന്നെയുമല്ല, ദൈവത്തിന്റെ നൻമ വീഴ്ചഭവിച്ച മനുഷ്യവർഗ്ഗത്തിനുവേണ്ടി അതിനു ശേഷം തുടർന്നിരിക്കുന്നു. ദാവിദുരാജാവു പറഞ്ഞതുപോലെ, “യഹോവ എല്ലാവർക്കും നല്ലവൻ, അവന്റെ കരുണകൾ അവന്റെ സകല പ്രവൃത്തികളിൻമേലുമുണ്ട്.” (സങ്കീർത്തനം 145:9) തന്റെ സ്വത്തായ ഭൂമിയിൽ മനുഷ്യജീവൻ തുടരേണ്ടതിന് അവൻ സമൃദ്ധമായി കരുതുന്നു. യേശു തന്റെ നാളിലെ യഹൂദൻമാരോട് ഇങ്ങനെ പറഞ്ഞു: “സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് . . . ദുഷ്ടരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കുകയും നീതിമാൻമാരുടെമേലും നീതികെട്ടവരുടെമേലും മഴപെയ്യിക്കുകയും ചെയ്യുന്നു.” (മത്തായി 5:45) സ്ഥിതിചെയ്യുന്ന ഏതു പട്ടിണിയും ദാരിദ്ര്യവും ദൈവം മനുഷ്യവർഗ്ഗത്തിനുവേണ്ടി കരുതാത്തതുകൊണ്ടല്ല. അതു മനുഷ്യരുടെ അഴിമതിയും ക്രൂരതയും കാര്യക്ഷമതയില്ലായ്മയും നിമിത്തമാണ്.
ഭൂമിയിലെ ധാതുസമ്പത്തിനെ പ്രയോജനപ്പെടുത്താനും ദൈവം മനുഷ്യവർഗ്ഗത്തെ അനുവദിക്കുന്നു. നക്ഷത്രനിബിഡമായ ആകാശങ്ങളെയും വസ്തുക്കളുടെ ഭൗതികനിർമ്മാണത്തെയും സംബന്ധിച്ച ഒരളവിലുള്ള ഗ്രാഹ്യം അവൻ അവരിൽനിന്ന് മറച്ചുവെച്ചിട്ടുമില്ല. സത്യമായി, അനേകർ അഹങ്കാരപൂർവം ദൈവമില്ലെന്നു പറയുകയും സമസൃഷ്ടികളെ ഞെരുക്കത്തക്ക അളവോളം മററു ചിലർ തന്റെ നൻമയെ സ്വാർത്ഥലക്ഷ്യത്തിൽ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നുവെങ്കിലും യഹോവ മനുഷ്യവർഗ്ഗത്തിനു നല്ലവനാണ്.—സങ്കീർത്തനം 14:1.
വിശ്വാസികൾ ക്കായുള്ള ദൈവത്തിന്റെ നൻമ
ദൈവം പൊതുവെ മനുഷ്യവർഗ്ഗത്തോടു നല്ലവനായിരിക്കുന്നെങ്കിലും വിശ്വാസികളോടുള്ള അവന്റെ ഇടപെടലുകൾ സത്യമായി ഹൃദയത്തെ ഊഷ്മളമാക്കുന്നു. തുടക്കത്തിൽത്തന്നെ, ആദാമും ഹവ്വായും ആദ്യം മത്സരിച്ചപ്പോൾ അവരുടെ പാപത്തിന്റെ ദുഷ്ഫലങ്ങളെ ഒടുവിൽ കീഴടക്കുന്ന ഒരു “സന്തതി” പ്രത്യക്ഷപ്പെടുമെന്ന് ദൈവം പ്രവചിച്ചു. (ഉല്പത്തി 3:15) സമയം കടന്നുപോയതോടെ, ആദാമിന്റെ സന്തതികളിലനേകർ തങ്ങളുടെ അപൂർണ്ണത ഗണ്യമാക്കാതെ ദൈവത്തെ വിശ്വസ്തമായി ആരാധിച്ചു. ഈ നേരത്തെയുള്ള പ്രവചനം ഒരു മെച്ചപ്പെട്ട ഭാവിയുടെ പ്രത്യാശ കൊടുത്തു. ഈ വിശ്വസ്ത ആരാധകരിലൊരാളായിരുന്ന അബ്രാഹാം “യഹോവയുടെ സ്നേഹിതൻ” എന്നുപോലും വിളിക്കപ്പെട്ടു.—യാക്കോബ് 2:23.
അബ്രാഹാമിന്റെ സന്തതികൾ അനേകം ജനതകളായിത്തീരുമെന്നും അവന്റെ സന്തതികളുടെ മുഖ്യവംശം കനാൻ ദേശം അവകാശപ്പെടുത്തുമെന്നും ദൈവം അവനോടു വാഗ്ദാനംചെയ്തു. ഇതിന്റെ നിവൃത്തിയായി, അബ്രാഹാമിന്റെ സന്തതികളായ ഇസ്രായേല്യർ പിന്നീട് ഒരു ജനതയായി സംഘടിപ്പിക്കപ്പെട്ടു. (ഉല്പത്തി 17:3-8; പുറപ്പാട് 19:6) വീണ്ടും, ദൈവം ഈ പുതിയ ജനതയോടു നല്ലവനായി പെരുമാറുകയും അവരെ ഈജിപ്ററിലെ അടിമത്തത്തിൽനിന്ന് വിടുവിക്കുകയും അവരെ മരുഭൂമിയിൽ സംരക്ഷിക്കുകയും അവർക്ക് ഒരു നിയമസംഹിതയും പൗരോഹിത്യവും കൊടുക്കുകയും ഒടുവിൽ അവർക്ക് ഫലപുഷ്ടിയുള്ള കനാൻദേശം അവകാശമായി കൊടുക്കുകയുംചെയ്തു.
ഒടുവിൽ, ഇസ്രായേൽ ഒരു രാജ്യമായിത്തീർന്നു. തന്റെ ആരാധനക്കുവേണ്ടിയുള്ള ഒരു ലോകകേന്ദ്രമെന്നനിലയിൽ യരുശലേമിൽ ഒരു ആലയം പണിയാൻ അതിന്റെ മൂന്നാമത്തെ മാനുഷരാജാവായ ശലോമോനെ യഹോവ നിയോഗിച്ചു. ആലയംപണി പൂർത്തിയായപ്പോൾ ഒരു മഹനീയമായ സമർപ്പണപരിപാടിയും ഒരു സന്തോഷകരമായ ഉത്സവവും നടന്നു. പിന്നീട്, ഇസ്രായേല്യർ “യഹോവ ചെയ്തിരുന്ന സകല നൻമകളും നിമിത്തം സന്തോഷിച്ചുകൊണ്ടും ഹൃദയാനന്ദം അനുഭവിച്ചുകൊണ്ടും രാജാവിനെ വാഴ്ത്താനും വീട്ടിലേക്കു മടങ്ങാനും തുടങ്ങി”യെന്നു രേഖ പറയുന്നു. (1 രാജാക്കൻമാർ 8:66) തങ്ങളോടുള്ള ദൈവത്തിന്റെ നൻമ നിമിത്തം ഇസ്രായേല്യരുടെ ഹൃദയം നിറഞ്ഞുകവിഞ്ഞ മററു സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്.
എന്നിരുന്നാലും, ഏകസത്യദൈവത്തിന്റെ ആരാധകരായിരിക്കുന്ന തങ്ങളുടെ പദവിയെ അവർ എല്ലായ്പ്പോഴും വിലമതിച്ചില്ലെന്നുള്ളത് സന്തോഷം കെടുത്തിക്കളയുന്നു. ഒടുവിൽ, ഇസ്രായേല്യർ മൊത്തത്തിൽ അവിശ്വസ്തരായിത്തീരുകയും ക്രി.മു. 607-ൽ അവർ ബാബിലോനിലേക്ക് അടിമകളായി പിടിച്ചുകൊണ്ടുപോകപ്പെടാൻ യഹോവ അനുവദിക്കുകയും ചെയ്തു. ദൈവം മോശയോടു പറഞ്ഞിരുന്നതുപോലെ, അവന്റെ നൻമ നിമിത്തംതന്നെ “അവൻ യാതൊരു പ്രകാരത്തിലും ശിക്ഷയിൽനിന്ന് ഒഴിവുകൊടുക്കുകയില്ല.”—പുറപ്പാട് 34:7.
എന്നിരുന്നാലും, 70 വർഷം കഴിഞ്ഞ്, ദൈവം ദയാപൂർവം ഇസ്രായേല്യരുടെ ഒരു വിശ്വസ്തശേഷിപ്പിനെ അവരുടെ സ്വദേശത്തേക്കു മടക്കിവരുത്തി. അങ്ങനെ ചെയ്യാൻ അവനെ പ്രേരിപ്പിച്ചതെന്തായിരുന്നു? അവന്റെ നൻമ. ബാബിലോനിൽനിന്നുള്ള ഇസ്രായേല്യരുടെ മടങ്ങിവരവിനെക്കുറിച്ച് യിരെമ്യാവ് പ്രാവചനികമായി ഇങ്ങനെ എഴുതി: “അവർ തീർച്ചയായും സീയോന്റെ ഉന്നതിയിൽ വന്ന് സന്തോഷപൂർവം ഉദ്ഘോഷിക്കുകയും യഹോവയുടെ നൻമ നിമിത്തം ഉജ്ജ്വലരാകുകയും ചെയ്യും.” പ്രവാചകൻ ഇങ്ങനെ തുടർന്നു: “‘എന്റെ നൻമയാൽ എന്റെ സ്വന്ത ജനം തൃപ്തരാകും’ എന്നാകുന്നു യഹോവയുടെ അരുളപ്പാട്.”—യിരെമ്യാവ് 31:12, 14.
ഒടുവിൽ യേശു ഭൂമിയിൽ വന്നു. അവൻ പണ്ട് ഏദനിൽ ഉച്ചരിക്കപ്പെട്ട പ്രവചനത്തിൽ മുൻകൂട്ടിപ്പറഞ്ഞിരുന്ന “സന്തതി”യാണെന്നു തെളിഞ്ഞു. (ഉല്പത്തി 3:15) ബൈബിൾ പറയുന്നു: “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിപ്പിക്കപ്പെടാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് അവനെ നൽകുവാന്തക്കവണ്ണം ദൈവം ലോകത്തെ സ്നേഹിച്ചു.” (യോഹന്നാൻ 3:16) യേശുവിന്റെ മരണം മനുഷ്യരെ പാപത്തിൽനിന്നു വിലക്കുവാങ്ങാനും അവരെ പൂർണ്ണതയിൽ പുനഃസ്ഥിതീകരിക്കാനുമുള്ള ഒരു മോചനദ്രവ്യം പ്രദാനംചെയ്തു. അങ്ങനെ, ആദാമിന്റെ പാപത്തിന്റെ ദുഷ്ഫലങ്ങൾ ഒടുവിൽ തരണംചെയ്യപ്പെടും. പൗലോസ് റോമർക്ക് എഴുതിയതുപോലെ, “ഒരു മമനുഷ്യന്റെ അനുസരണക്കേടിലൂടെ അനേകർ പാപികളായിത്തീർന്നു, അതുപോലെ, ഒരാളുടെ അനുസരണത്തിലൂടെ അനേകർ നീതിമാൻമാരായിത്തീരും.” (റോമർ 5:19) ദൈവത്തിന്റെ നൻമയാൽ നീതിഹൃദയമുള്ള മനുഷ്യർക്ക് ഇപ്പോൾ നിത്യജീവൻ ലഭിക്കാനുള്ള പ്രത്യാശ ലഭിച്ചു. അബ്രാഹാമിനെപ്പോലെ അവർക്ക് ദൈവത്തിന്റെ സ്നേഹിതർപോലുമായിത്തീരാൻ കഴിയും.
തന്നെ ആരാധിക്കുന്നവരോട് ഇന്നുപോലും ദൈവം നൻമ കാട്ടുന്നതിൽ തുടരുന്നു. തങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യംചെയ്യാൻ അവരെ സഹായിക്കുന്നതിന് അവൻ അവർക്ക് ബൈബിളിലൂടെ ബുദ്ധിയുപദേശം കൊടുക്കുന്നു. (സങ്കീർത്തനം 119:105) തന്റെ നീതിയുള്ള നിലവാരങ്ങൾക്കൊപ്പമെത്താൻ അവരെ സഹായിക്കുന്നതിന് അവൻ തന്റെ ആത്മാവിന്റെ സൗജന്യദാനം അവർക്കു വാഗ്ദാനംചെയ്യുന്നു. അവൻ തന്റെ ഉദ്ദേശ്യങ്ങൾ വെളിപ്പെടുത്തുന്നു, തന്നിമിത്തം ഈ പഴയലോകം നീങ്ങിപ്പോയ ശേഷം ആനയിക്കപ്പെടുന്ന നീതിയുള്ള ഒരു പുതിയ ലോകത്തിനുവേണ്ടി സത്യക്രിസ്ത്യാനികൾ നോക്കിപ്പാർത്തിരിക്കുന്നു. (സദൃശവാക്യങ്ങൾ 4:18; 2 പത്രോസ് 3:13) ദൈവം തന്റെ നൻമയാൽ അങ്ങനെയുള്ള കാര്യങ്ങൾ തന്റെ തെററാത്ത വചനത്തിൽ വെളിപ്പെടുത്തിയിട്ടുള്ളതുകൊണ്ട് അവയെക്കുറിച്ച് ക്രിസ്ത്യാനികൾക്ക് ഉറപ്പുണ്ട്.—2 തിമൊഥെയോസ് 3:16.
അതെ, ദൈവത്തിന്റെ നൻമയെക്കുറിച്ചുള്ള ഒരു പരിചിന്തനം അവനോടു നമ്മുടെ ഹൃദയത്തെ ഊഷ്മളമാക്കുന്നു. എന്നാൽ അത് ഒരു ചോദ്യവും ഉദിപ്പിക്കുന്നു:
ദൈവത്തിന്റെ നൻമയിൽനിന്ന നിങ്ങൾ എത്രത്തോളം പ്രയോജനമനുഭവിക്കും?
യഥാർത്ഥത്തിൽ, നിങ്ങൾ ആരായിരുന്നാലും, നിങ്ങൾക്ക് ഇപ്പോൾത്തന്നെ ദൈവത്തിന്റെ നൻമയിൽനിന്ന് പ്രയോജനംകിട്ടുന്നുണ്ട്. നിങ്ങൾ ശ്വാസോച്ഛ്വാസം ചെയ്യുന്നു, നിങ്ങൾ ഭക്ഷിക്കുന്നു, നിങ്ങൾ കുടിക്കുന്നു, നിങ്ങൾ ജീവിതം ആസ്വദിക്കുന്നു—എല്ലാം ദൈവത്തിൽനിന്നുള്ള ദാനങ്ങൾതന്നെ. എന്നാൽ നിങ്ങൾ സാദ്ധ്യമാകുന്നിടത്തോളം പൂർണ്ണമായി പ്രയോജനമനുഭവിക്കുന്നുണ്ടോ? ആദാമും ഹവ്വായും പാപംചെയ്ത ശേഷം ദൈവത്തിന്റെ നൻമ പരിമിതമായിരുന്നുവെന്നോർക്കുക. അതുപോലെതന്നെ, നാം അവന്റെ ദയകളോട് ശരിയായി പ്രതികരിക്കുന്നില്ലെങ്കിൽ അവൻ നമുക്കുള്ള അനുഗ്രഹങ്ങൾ പരിമിതപ്പെടുത്തും. നമുക്ക് എങ്ങനെ ശരിയായി പ്രതികരിക്കാൻ കഴിയും?
സങ്കീർത്തനക്കാരൻ ഇങ്ങനെ പ്രാർത്ഥിച്ചു: “എന്നെ നൻമയും വിവേകവും പരിജ്ഞാനവുംതന്നെ പഠിപ്പിക്കേണമേ, എന്തെന്നാൽ ഞാൻ നിന്റെ കല്പനകളിൽ വിശ്വാസം പ്രകടമാക്കിയിരിക്കുന്നു.” (സങ്കീർത്തനം 119:66) അതായിരിക്കണം നമ്മുടെയും പ്രാർത്ഥന. ദൈവം നല്ലവനായതുകൊണ്ട് നാം അവനെപ്പോലെ നല്ലവരാകാൻ പഠിക്കണം. പൗലോസ് ഇങ്ങനെ പ്രോൽസാഹിപ്പിച്ചു: “പ്രിയമക്കൾ എന്നപോലെ, ദൈവത്തിന്റെ അനുകാരികളായിത്തീരുക.”—എഫേസ്യർ 5:1.
ആദ്യമായി നൻമ എന്തെന്നു മനസ്സിലാക്കാൻ ബൈബിൾ പഠിക്കുന്നതിനാലാണ് നാം ഇതു ചെയ്യുന്നത്. പിന്നീട് ഈ ഗുണം വികസിപ്പിക്കുന്നതിൽ നാം ദൈവസഹായം തേടുന്നു. നൻമയെന്നത് “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, . . . വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം” എന്നിവയോടൊപ്പം ആത്മാവിന്റെ ഒരു ഫലമാണ്. (ഗലാത്യർ 5:22,23) ദൈവാത്മാവിൽ ആശ്രയിച്ചുകൊണ്ടും ദൈവനിശ്വസ്തമായ ബൈബിൾ പഠിച്ചുകൊണ്ടും സഹായത്തിനായി ദൈവത്തോടു പ്രാർത്ഥിച്ചുകൊണ്ടും സമാനമനസ്ക്കരായ ക്രിസ്ത്യാനികളോടു സഹവസിച്ചുകൊണ്ടും നമുക്ക് ഈ ഗുണങ്ങളെല്ലാം നട്ടുവളർത്താൻ കഴിയും.—സങ്കീർത്തനം 1:1-3; 1 തെസ്സലോനീക്യർ 5:17; എബ്രായർ 10:24, 25.
ബൈബിൾ ഇങ്ങനെയും പറയുന്നു: “നിന്റെ നൻമയുടെ സമൃദ്ധിയെക്കുറിച്ചു പറഞ്ഞുകൊണ്ട് അവർ തിളച്ചുമറിയും, നിന്റെ നീതിനിമിത്തം അവർ സന്തോഷിച്ചാർക്കും.” (സങ്കീർത്തനം 145:7) അതെ, നാം ദൈവത്തിന്റെ നൻമയെക്കുറിച്ചു മററുള്ളവരോടു പറയാൻ അവൻ പ്രതീക്ഷിക്കുന്നു. നാം നമ്മുടെ സ്വർഗ്ഗീയപിതാവിനെക്കുറിച്ച് യഥേഷ്ടം സംസാരിക്കണം.
ഒടുവിൽ, നാം ദൈവത്തിന്റെ നൻമ വെറുതെ കിട്ടുമെന്ന് സങ്കൽപ്പിക്കരുത്. യഹോവ പാപികളോടു ക്ഷമിക്കുന്നുവെന്നത് സത്യംതന്നെ. “എന്റെ യൗവനത്തിലെ പാപങ്ങളും എന്റെ എതിർപ്പുകളും ഓർക്കരുതേ. നിന്റെ സ്നേഹദയക്കൊത്തവണ്ണം നീതന്നെ എന്നെ ഓർക്കേണമേ, യഹോവേ നിന്റെ നൻമയ്ക്കുവേണ്ടിത്തന്നെ” എന്നു പ്രാർത്ഥിച്ചപ്പോൾ ദാവീദുരാജാവിനു അനുകൂലമായ ഉത്തരം ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. (സങ്കീർത്തനം 25:7) ആത്മവിശ്വാസത്തോടെ ദൈവത്തിന്റെ ക്ഷമ പ്രതീക്ഷിച്ചുകൊണ്ട് പാപം ചെയ്യാൻ നമുക്കു നമ്മേത്തന്നെ അനുവദിക്കാമെന്ന് അതിനർത്ഥമുണ്ടോ? യാതൊരു പ്രകാരത്തിലുമില്ല. ദൈവത്തിന്റെ നൻമയുടെ അർത്ഥം അനുതാപമില്ലാത്ത പാപികൾക്ക് “യാതൊരു പ്രകാരത്തിലും അവൻ ശിക്ഷയിൽനിന്ന് ഒഴിവുകൊടുക്കുകയില്ല” എന്നാണെന്നോർക്കുക.
ദൈവത്തിന്റെ നൻമ അനുഭവിക്കൽ
നാം ദൈവത്തിന്റെ നൻമ പൂർണ്ണമായി അനുഭവിക്കുമ്പോൾ, നമ്മുടെ ഹൃദയങ്ങൾ അവനോട് എത്ര ഊഷ്മളമായിത്തീരുന്നു! നാം അപ്പോസ്തലനായ പൗലോസിന്റെ നല്ല ബുദ്ധിയുപദേശം അനുസരിക്കാൻ പ്രോൽസാഹിതരാകുന്നു: “വെളിച്ചത്തിന്റെ മക്കളായി തുടർന്നു നടക്കുക, എന്തെന്നാൽ വെളിച്ചത്തിന്റെ ഫലം സകലതരം നൻമയും നീതിയും സത്യവുമാകുന്നു.”—എഫേസ്യർ 5:8, 9.
നാം എല്ലാ ദിവസവും നമ്മോടുള്ള ദൈവത്തിന്റെ സ്നേഹപുരസ്സരമായ താത്പര്യത്തെക്കുറിച്ചു ബോധമുള്ളവരാണ്. ഏററവും പ്രയാസമുള്ള സാഹചര്യങ്ങളിൽപോലും തന്നെ സ്നേഹിക്കുന്നവരെ അവൻ ഉപേക്ഷിക്കുന്നില്ലെന്ന് നമുക്കറിയാം. അതെ, നാം സങ്കീർത്തനക്കാരന്റെ ഉദാത്തമായ മനഃസമാധാനം അനുഭവിക്കുന്നു: “എന്റെ ജീവിതനാളുകളിലെല്ലാം തീർച്ചയായും നൻമയും സ്നേഹദയയുംതന്നെ എന്നെ പിന്തുടരും; എന്റെ ആയുഷ്ക്കാലമെല്ലാം ഞാൻ യഹോവയുടെ ഭവനത്തിൽ വസിക്കും.”—സങ്കീർത്തനം 23:6. (w89 12⁄1)