ദൈവത്തിന്റെ നൻമ നിങ്ങളെ ആകർഷിക്കുന്നുവോ?
നിങ്ങൾക്ക് വളരെ അടുപ്പമുള്ള ഒരു സുഹൃത്തുണ്ടോ? ഉണ്ടെങ്കിൽ, ആ ആളിലേക്കു നിങ്ങളെ ആകർഷിച്ചതെന്താണെന്ന് നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത് അയാളുടെ (അല്ലെങ്കിൽ അവളുടെ) സൗന്ദര്യമായിരുന്നോ? നിങ്ങൾ ഒരേ കാര്യങ്ങളിൽ താത്പര്യമുള്ളവരായിരുന്നുവെന്ന വസ്തുതയായിരുന്നോ അത്? അതോ, അത് ദയയോ ജ്ഞാനമോ പോലെ ആഴമേറിയ ഗുണങ്ങളായിരുന്നോ? നിങ്ങളുടെ സൗഹൃദത്തെ അരക്കിട്ടുറപ്പിച്ച ഗുണം നൻമയായിരുന്നുവെങ്കിൽ, അപ്പോൾ നിങ്ങൾക്ക് തീർച്ചയായും സമ്പന്നമായ ഒരു ബന്ധമാണുള്ളത്. യഥാർത്ഥ നൻമ ഇന്ന് വിരളമായേ കാണപ്പെടുന്നുള്ളു, കാരണം ആളുകൾ ഏറിയ കൂറും “നൻമപ്രിയം ഇല്ലാത്തവരാണ്.”—2 തിമൊഥെയോസ് 3:3.
ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം, ജീവിതത്തിലെ ഏററം പ്രധാനപ്പെട്ട ബന്ധം മറെറാരു മനുഷ്യനുമായിട്ടല്ല, പിന്നെയോ ദൈവവുമായിട്ടാണുള്ളത്. അതുകൊണ്ട് നിങ്ങൾ ഈ ബന്ധത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ, ‘ദൈവത്തിന്റെ ഗുണങ്ങളിൽ ഏതാണ് എന്നെ ദൈവത്തിലേക്ക് അടുപ്പിക്കുന്നത്?’ എന്നു നിങ്ങൾ എന്നെങ്കിലും പരിചിന്തിച്ചിട്ടുണ്ടോ?
ദൈവത്തിന്റെ മുഖ്യ ഗുണവിശേഷങ്ങൾ
യഥാർത്ഥത്തിൽ, ബൈബിൾ ദൈവത്തിന്റെ അനേകം പ്രമുഖ ഗുണങ്ങളെ വർണ്ണിക്കുന്നുണ്ട്. സാധാരണയായി പ്രദീപ്തമാക്കപ്പെടുന്ന നാലെണ്ണം അവന്റെ സ്നേഹവും നീതിയും ജ്ഞാനവും സർവശക്തിയുമാണ്. (ആവർത്തനം 32:4; ഇയ്യോബ് 12:13; സങ്കീർത്തനം 147:5; 1 യോഹന്നാൻ 4:8) ഈ മുന്തിയ ഗുണങ്ങളിലൊന്ന് നാം തെരഞ്ഞെടുക്കേണ്ടതുണ്ടെങ്കിൽ, ഒരുപക്ഷേ ദൈവത്തിന്റെ സ്നേഹമാണ് നമ്മെ ഏററവുമധികം ആകർഷിച്ചതെന്ന് നാം പറഞ്ഞേക്കാം. ഏതായാലും, അവന്റെ സ്നേഹത്തോട് അടുത്തു ബന്ധപ്പെട്ടിരിക്കുന്നതാണ് അവന്റെ മികച്ചതായ നൻമ. ബൈബിളെഴുത്തുകാർ ഇതിനെക്കുറിച്ച് വാചാലമായി എഴുതിയിട്ടുണ്ട്. അങ്ങനെയുള്ള നൻമക്ക് മനുഷ്യരെ അവരുടെ സ്രഷ്ടാവുമായുള്ള ആരോഗ്യപ്രദവും ഉല്ലാസപ്രദവുമായ ഒരു ബന്ധത്തിലേക്ക് ആകർഷിക്കാൻ കഴിയും.
ദൃഷ്ടാന്തത്തിന്, ക്രി.മു. ആറാം നൂററാണ്ടിന്റെ ഒടുവിൽ, പ്രവാചകനായ സെഖര്യാവ് യഹോവയെ സംബന്ധിച്ച് ഇങ്ങനെ ഉദ്ഘോഷിച്ചു: “അവന്റെ നൻമ എത്ര വലുതാകുന്നു, അവന്റെ സൗന്ദര്യം എത്ര വലുതാകുന്നു!” (സെഖര്യാവ് 9:17) സെഖര്യാവിന് അനേകം വർഷങ്ങൾക്കു മുമ്പ്, പിൻവരുന്നപ്രകാരം എഴുതിയപ്പോൾ യെശയ്യാവ് സമാനമായി യഹോവയെ സ്തുതിച്ചു: “ഞാൻ യഹോവയുടെ സ്നേഹദയയെക്കുറിച്ചു പറയും, . . . അവൻ ഇസ്രായേൽ ഗൃഹത്തോടു കാട്ടിയിരിക്കുന്ന സമൃദ്ധമായ നൻമയെക്കുറിച്ചുതന്നെ.—യെശയ്യാവ് 63:7.
മൂന്നു നൂററാണ്ടുകൾക്കു മുമ്പ് ദാവീദ്രാജാവ് ദൈവത്തിന്റെ നൻമയെക്കുറിച്ച് വളരെ വികാരസ്പർശിയായി എഴുതിയിരുന്നു. ദാവീദ് തന്റെ ജീവിതത്തിലുടനീളം ആസ്വദിച്ച നൻമയുടെ അനുഭവത്തിൽനിന്നാണ് എഴുതിയത്. ദൈവം ദാവീദിനോട് അങ്ങേയററം നല്ലവനായിരുന്നു, വിശേഷിച്ച് ബേത്ശേബയോടും അവളുടെ ഭർത്താവായിരുന്ന ഊരിയാവിനോടുമുള്ള ബന്ധത്തിലെ അവന്റെ ഗുരുതരമായ പാപങ്ങൾക്കുശേഷം. അന്ന് ദൈവം അവനോടു കരുണ കാണിച്ചു. (2 ശമുവേൽ 12:9, 13) സങ്കീർത്തനം 31:19-ൽ ദാവീദ് വിലമതിപ്പോടെ ഇങ്ങനെ പ്രഖ്യാപിച്ചു: “നിന്നെ ഭയപ്പെടുന്നവർക്കുവേണ്ടി നീ കരുതിയിരിക്കുന്ന നിന്റെ നൻമ എത്ര സമൃദ്ധം!”
ആ പുരാതന ആരാധകരെപ്പോലെ അത്രയധികമായി നിങ്ങൾ ദൈവത്തിന്റെ നൻമയെ വിലമതിക്കുന്നുവോ? എങ്കിൽ, നിങ്ങൾ “സകല ചിന്തയേയും കവിയുന്ന” യഥാർത്ഥ “സമാധാനം” അനുഭവിക്കുകയും എല്ലാ സമയങ്ങളിലും ദൈവേഷ്ടം ചെയ്യാൻ ആഴമായി പ്രേരിതനാകുകയും ചെയ്യും. (ഫിലിപ്പിയർ 4:7) ഇപ്പോൾ ചുരുക്കം ചില നിമിഷങ്ങളിൽ ദൈവത്തിന്റെ നൻമയിൽ എന്തുൾപ്പെട്ടിരിക്കുന്നുവെന്നും അതിന്റെ വ്യാപ്തി എത്ര അത്ഭുതകരമെന്നും പരിചിന്തിക്കാം. ഇതു തീർച്ചയായും നമ്മുടെ സ്നേഹവാനായ സ്വർഗ്ഗീയപിതാവിനോടുള്ള നമ്മുടെ വിലമതിപ്പിനെ ആഴമേറിയതാക്കും.(w89 12⁄1)