ഒരു പുതിയലോകത്തിലേക്കുള്ള വിടുതലിനായി ഒരുങ്ങുക
“ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുക.”—ലൂക്കോസ് 17:32.
1. ഇന്നത്തെ നമ്മുടെ പാഠം ദിവ്യവിടുതലിന്റെ ഏതു ചരിത്രപ്രധാനമായ ദൃഷ്ടാന്തത്തെ പ്രദീപ്തമാക്കുന്നു, അതിനു നമുക്ക് എങ്ങനെ പ്രയോജനംചെയ്യാൻ കഴിയും?
നോഹക്കും അവന്റെ കുടുംബത്തിനുംവേണ്ടി യഹോവ കൈവരുത്തിയ അത്ഭുതകരമായ വിടുതലിനെക്കുറിച്ചു പറഞ്ഞശേഷം അപ്പോസ്തലനായ പത്രോസ് മറെറാരു ചരിത്രപരമായ ദൃഷ്ടാന്തം എടുത്തുപറഞ്ഞു. നാം 2 പത്രോസ് 2:6-8 വരെ വായിക്കുന്നപ്രകാരം സോദോമും ഗോമോറയും ചാമ്പലാക്കപ്പെട്ടപ്പോഴത്തെ നീതിമാനായ ലോത്തിന്റെ സംരക്ഷണത്തിലേക്ക് അവൻ ശ്രദ്ധക്ഷണിച്ചു. നമ്മുടെ പ്രയോജനത്തിനുവേണ്ടി വിശദാംശങ്ങൾ സൂക്ഷിക്കപ്പെട്ടു. (റോമർ 15:4) ആ വിടുതലിനോടുള്ള ബന്ധത്തിൽ സംഭവിച്ചതു നാം കാര്യമായെടുക്കുന്നുവെങ്കിൽ ദൈവത്തിന്റെ പുതിയ ലോകത്തിലേക്കുള്ള സംരക്ഷണത്തിനു യോഗ്യരായിത്തീരുന്നതിന് നമ്മെ സഹായിക്കാൻ അതിനു കഴിയും?
ലോകജീവിതരീതിയോടു നാം പ്രതികരിക്കുന്ന വിധം
2. സോദോമിലെയും ഗോമോറയിലെയും എന്തു നടത്ത ദൈവത്താലുള്ള അവരുടെ നാശത്തിലേക്കു നയിച്ചു?
2 ആ നഗരങ്ങളും അവിടത്തെ നിവാസികളും നശിപ്പിക്കപ്പെട്ടതെന്തുകൊണ്ടായിരുന്നു? അപ്പോസ്തലനായ പത്രോസ് “അഴിഞ്ഞ നടത്തയിലെ” ആസക്തിയെക്കുറിച്ചു പറയുന്നു. (2 പത്രോസ് 2:7) സോദോമിലെയും ഗോമോറയിലെയും ജനങ്ങൾ നിയമത്തോടും അധികാരത്തോടും നിർലജ്ജമായ അനാദരവും പുച്ഛവുംപോലും പ്രകടമാക്കിയ ഒരു രീതിയിൽ ദുഷ്പ്രവൃത്തിയിലേർപ്പെട്ടു, ആ പദപ്രയോഗം വിവർത്തനംചെയ്യപ്പെട്ടിരിക്കുന്ന ഗ്രീക്ക്പദത്തിന്റെ ഉപയോഗത്താൽ സൂചിപ്പിക്കപ്പെടുന്നത് അതാണ്. അവർ ‘അത്യധികമായി ദുർവൃത്തിയിലേർപ്പെടുകയും പ്രകൃതിവിരുദ്ധ ഉപയോഗത്തിനായി ജഡത്തിന്റെ പിന്നാലെ പോകുകയുംചെയ്തു’വെന്ന് യൂദാ 7 പറയുന്നു. സോദോമിലെ പുരുഷൻമാർ “ആബാലവൃദ്ധം സകലയാളുകളും ഒററ കൂട്ടമായി” ലോത്തിന്റെ വീടുവളയുകയും തങ്ങളുടെ വികടമായ തൃഷ്ണയെ തൃപ്തിപ്പെടുത്താൻ ലോത്തിന്റെ അതിഥികളെ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോൾ അവരുടെ നടത്തയുടെ സംസ്ക്കാരമില്ലായ്മ പ്രകടമായിരുന്നു. അവരുടെ ഹീനമായ ആവശ്യങ്ങളെ ലോത്തു ചെറുത്തുനിന്നതുകൊണ്ട് അവർ അവന്റെ നേരെ അപലപനങ്ങൾ ആക്രോശിച്ചു.—ഉല്പത്തി 13:13; 19:4, 5, 9.
3. (എ) സോദോം പോലെയുള്ള ഒരു ദുഷിച്ച ചുററുപാടിൽ ലോത്തും കുടുംബവും വസിക്കാനിടയായതെങ്ങനെ? (ബി) സോദോമിലെ ആളുകളുടെ അഴിഞ്ഞ നടത്തയോടുള്ള ലോത്തിന്റെ പ്രതികരണമെന്തായിരുന്നു?
3 ലോത്ത് സോദോമിനു സമീപമുള്ള പ്രദേശത്തെ സാമ്പത്തികാഭിവൃദ്ധിയുടെ സാദ്ധ്യതനിമിത്തമാണ് ആദ്യം അങ്ങോട്ടു മാറിപ്പാർത്തത്. കാലക്രമത്തിൽ അവൻ നഗരത്തിൽത്തന്നെ പാർപ്പുറപ്പിച്ചു. (ഉല്പത്തി 13:8-12; 14:12; 19:1) എന്നാൽ അവൻ ആ നഗരത്തിലെ പുരുഷൻമാരുടെ കാമാസക്തനടപടികളോടു യോജിച്ചില്ല. പ്രത്യക്ഷത്തിൽ ലോത്തും അവന്റെ കുടുംബവും അവരുടെ സാമൂഹികജീവിതത്തിൽ പങ്കുചേരാഞ്ഞതുകൊണ്ട് ആ പുരുഷൻമാർ അവനെ തങ്ങളിൽ ഒരാളായി വീക്ഷിച്ചില്ല. 2 പത്രോസ് 2:7, 8 പറയുന്നതുപോലെ, “നിയമത്തെ ധിക്കരിക്കുന്ന ആളുകളുടെ അഴിഞ്ഞ നടത്തയിലെ ആശക്തിയാൽ അതിയായി ദുഃഖിതനായ . . . ആ നീതിമാനായ മനുഷ്യൻ അവരുടെ ഇടയിൽ അനുദിനം വസിക്കവേ താൻ കാണുകയും കേൾക്കുകയും ചെയ്തവയാൽ അവരുടെ നിയമരഹിതപ്രവൃത്തികൾ ഹേതുവായി തന്റെ നീതിയുള്ള ദേഹിയെ ദണ്ഡിപ്പിക്കുകയായിരുന്നു.” ആ അവസ്ഥകൾ ലോത്തിന് ഒരു കഠിനപീഡാനുഭവമായിരുന്നു, എന്തുകൊണ്ടെന്നാൽ ഒരു നീതിമാനായ മനുഷ്യൻ എന്ന നിലയിൽ അവൻ അങ്ങനെയുള്ള നടത്തയെ വെറുത്തിരുന്നു.
4. (എ) ഏതു വിധങ്ങളിൽ ഇന്നത്തെ അവസ്ഥകൾ പുരാതന സോദോമിലേതുപോലെ ആയിരിക്കുന്നു? (ബി) നാം നീതിമാനായ ലോത്തിനെപ്പോലെയാണെങ്കിൽ, നാം ഇപ്പോഴത്തെ ദുഷിച്ച അവസ്ഥകളോട് എങ്ങനെ പ്രതികരിക്കുന്നു?
4 നമ്മുടെ നാളിലും മനുഷ്യസമുദായത്തിന്റെ ധാർമ്മികനിലവാരം അധഃപതിച്ചുപോയിരിക്കുകയാണ്. അനേകം രാജ്യങ്ങളിൽ, അനേകർ വിവാഹത്തിനു മുമ്പത്തെയും വിവാഹത്തിനു പുറത്തെയും ലൈംഗികതയിൽ ഏർപ്പെടുന്നു. സ്ക്കൂളിലെ അനേകം ചെറുപ്പക്കാർ പോലും ഈ ജീവിതരീതിയിൽ ആഴമായി ഉൾപ്പെടുന്നുണ്ട്. അവർ തങ്ങളോടു ചേരാത്തവരെ പരിഹസിക്കുകയും ചെയ്യുന്നു. സ്വവർഗ്ഗസംഭോഗികൾ തങ്ങളേത്തന്നെ പരസ്യമായി തിരിച്ചറിയിക്കുകയും അംഗീകാരത്തിനായി വലിയ നഗരങ്ങളുടെ വീഥികളിലൂടെ പരേഡ് നടത്തുകയും ചെയ്യുന്നു. ഈ ആഹ്ലാദവിഹാരത്തിൽ വൈദികർ ചേർന്നിരിക്കുന്നു. ഔദ്യോഗികമായി അനേകം സഭകൾ അറിയപ്പെടുന്ന സ്വവർഗ്ഗസംഭോഗികൾക്കും ദുർവൃത്തർക്കും പട്ടം കൊടുക്കുന്നില്ല. എന്നിരുന്നാലും, യഥാർത്ഥത്തിൽ, വാർത്താറിപ്പോർട്ടുകൾ ആവർത്തിച്ചു പ്രകടമാക്കുന്നതുപോലെ, വൈദികരുടെ അണികളിൽ സ്വവർഗ്ഗസംഭോഗികളെയും ദുർവൃത്തരെയും വ്യഭിചാരികളെയും കണ്ടെത്താൻ അശേഷം പ്രയാസമില്ല. യഥാർത്ഥത്തിൽ, ചില മതനേതാക്കൻമാർ ലൈംഗികാപവാദങ്ങൾ നിമിത്തം മററു നഗരങ്ങളിലേക്ക് സ്ഥലംമാററപ്പെട്ടിട്ടുണ്ട്, അല്ലെങ്കിൽ രാജിവെക്കാൻ നിർബദ്ധരാക്കപ്പെട്ടിട്ടുണ്ട്. നീതിസ്നേഹികൾ അങ്ങനെയുള്ള ദുഷ്ടതയോടു യോജിക്കുന്നില്ല; അവർ “ദുഷ്ടതയെ വെറുക്കുന്നു.” (റോമർ 12:9) ദൈവത്തെ സേവിക്കുന്നുവെന്നവകാശപ്പെടുന്നവരുടെ നടത്ത അവന്റെ നാമത്തിൻമേൽ നിന്ദവരുത്തുകയും അറിവില്ലാത്ത ആളുകൾ സകല മതത്തിൽനിന്നും വെറുപ്പോടെ അകന്നുമാറാൻ ഇടയാക്കുകയുംചെയ്യുമ്പോൾ അവർ വിശേഷാൽ ദുഃഖിതരാണ്.—റോമർ 2:24.
5. യഹോവയാലുള്ള സോദോമിന്റെയും ഗോമോറായുടെയും നാശം നമ്മുടെ ഏതു ചോദ്യത്തിന് ഉത്തരം നൽകുന്നു?
5 ഓരോ വർഷവും കടന്നുപോകുമ്പോൾ സാഹചര്യം കൂടുതൽ വഷളാകുകയാണ്. ഇതിന് ഒരു അറുതിവരുമോ? ഉവ്വ് വരും. യഹോവ പുരാതന സോദോമിനോടും ഗോമോറയോടും ചെയ്തത് തന്റെ നിശ്ചിതസമയത്ത് താൻ ന്യായവിധി നടത്തുമെന്ന് പ്രകടമാക്കുന്നു. അവൻ ദുഷ്ടൻമാരെ പൂർണ്ണമായി നശിപ്പിക്കും, എന്നാൽ അവൻ തന്റെ വിശ്വസ്തദാസൻമാരെ വിടുവിക്കും.
ജീവിതത്തിൽ ഒന്നാമതു വരുന്നത് ആർ അല്ലെങ്കിൽ എന്ത്?
6. (എ) ലോത്തിന്റെ പുത്രിമാരെ വിവാഹംകഴിക്കാനിരുന്ന ചെറുപ്പക്കാരെസംബന്ധിച്ച വിവരണത്തിൽ എന്തു കാലോചിതമായ പാഠമടങ്ങിയിരിക്കുന്നു? (ബി) ലോത്തിന്റെ പുത്രിമാരുടെ ഭാവി ഇണകളുടെ മനോഭാവം അവരെ പരിശോധിച്ചതെങ്ങനെ?
6 യഥാർത്ഥ ദൈവികഭക്തി പ്രകടമാക്കുന്നവർ മാത്രമേ സംരക്ഷിക്കപ്പെടുകയുള്ളു. ഈ കാര്യത്തിൽ, സോദോമും ഗോമോറയും നശിപ്പിക്കപ്പെടുന്നതിനുമുമ്പ് യഹോവയുടെ ദൂതൻമാർ ലോത്തിനോടു പറഞ്ഞതിനെക്കുറിച്ചു പരിചിന്തിക്കുക. “നിനക്കിവിടെ വേറെയാരെങ്കിലുമുണ്ടോ? മരുമകനെയും നിന്റെ പുത്രൻമാരെയും നിന്റെ പുത്രിമാരെയും നഗരത്തിൽ നിനക്കുള്ള എല്ലാവരെയും ഈ സ്ഥലത്തുനിന്നു പുറത്തുകൊണ്ടുപോകുക! എന്തെന്നാൽ ഞങ്ങൾ ഈ സ്ഥലത്തെ നശിപ്പിക്കാൻ പോകുകയാണ്.” അങ്ങനെ ലോത്ത് തന്റെ പുത്രിമാരെ വിവാഹം കഴിക്കാനിരുന്ന ചെറുപ്പക്കാരോടു സംസാരിച്ചു. “എഴുന്നേൽക്കൂ! ഈ സ്ഥലത്തുനിന്നു പുറത്തുപോകുക, എന്തുകൊണ്ടെന്നാൽ യഹോവ ഈ നഗരത്തെ നശിപ്പിക്കാൻ പോകുകയാണ്!” എന്ന് അവൻ അവരെ ആവർത്തിച്ച് പ്രോൽസാഹിപ്പിച്ചു. ലോത്തിന്റെ കുടുംബത്തോടുള്ള അവരുടെ ബന്ധം വിടുതലിനുള്ള ഒരു പ്രത്യേക അവസരം അവർക്കു പ്രദാനംചെയ്തു, എന്നാൽ അവർ വ്യക്തിപരമായി നടപടി സ്വീകരിക്കണമായിരുന്നു. യഹോവയോടുള്ള അനുസരണത്തിന്റെ സ്പർശനീയമായ തെളിവ് അവർ നൽകണമായിരുന്നു. പകരം, അവരുടെ ദൃഷ്ടികളിൽ ലോത്ത് “തമാശപറയുന്ന ഒരു മനുഷ്യനെപ്പോലെ തോന്നി.” (ഉല്പത്തി 19:12-14) സംഭവിച്ചതെന്തെന്നു മനസ്സിലാക്കിയപ്പോൾ ലോത്തിന്റെ പുത്രിമാർക്ക് എങ്ങനെയുള്ള വിചാരമുണ്ടായെന്ന് നിങ്ങൾക്കു ഊഹിക്കാൻ കഴിയും. അത് ദൈവത്തോടുള്ള അവരുടെ വിശ്വസ്തതയെ പരീക്ഷിച്ചു.
7, 8. (എ) തന്റെ കുടുംബത്തെയും കൂട്ടി ഓടിപ്പോകാൻ ദൂതൻമാർ ലോത്തിനെ പ്രോൽസാഹിപ്പിച്ചപ്പോൾ അവൻ എങ്ങനെ പ്രതികരിച്ചു, ഇത് ബുദ്ധിശൂന്യമായിരുന്നതെന്തുകൊണ്ട്? (ബി) വിടുവിക്കപ്പെടുന്നതിന്, ലോത്തിനും അവന്റെ കുടുംബത്തിനും എന്ത് ജീവൽപ്രധാനമായിരുന്നു?
7 അടുത്ത ദിവസം പ്രഭാതത്തിൽ ദൂതൻമാർ ലോത്തിനെ നിർബ്ബന്ധിച്ചു. അവർ പറഞ്ഞു: “എഴുന്നേൽക്കൂ! നഗരത്തിന്റെ അകൃത്യത്തിൽ നീ തൂത്തെറിയപ്പെടാതിരിക്കാൻ ഇവിടെ കാണപ്പെടുന്ന നിന്റെ ഭാര്യയെയും നിന്റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടുപോകുക.” എന്നാൽ “അവൻ തങ്ങിനിന്നു.” (ഉല്പത്തി 19:15, 16) എന്തുകൊണ്ട്? അവനെ പിടിച്ചുനിർത്തിയതെന്തായിരുന്നു? ആ സ്ഥലത്തേക്ക് അവനെ ആദ്യംതന്നെ ആകർഷിച്ച സംഗതിയായിരുന്ന സോദോമിലെ അവന്റെ ഭൗതികതാല്പര്യങ്ങളായിരുന്നുവോ? അവൻ അവയോടു പററിപ്പിടിച്ചുനിന്നിരുന്നെങ്കിൽ, അവൻ സോദോമിനോടുകൂടെ നശിപ്പിക്കപ്പെടുമായിരുന്നു.
8 സഹാനുഭൂതിയിൽനിന്ന് ദൂതൻമാർ അവന്റെ കുടുംബത്തിലുള്ളവരെ കൈക്കു പിടിച്ച് ധൃതിയിൽ നഗരത്തിനു പുറത്തേക്കു നയിച്ചു. നഗരപ്രാന്തത്തിൽവെച്ച് യഹോവയുടെ ദൂതൻ ഇങ്ങനെ കല്പിച്ചു: “നിങ്ങളുടെ ദേഹിക്കുവേണ്ടി ഓടി രക്ഷപ്പെടുക! നിങ്ങളുടെ പിന്നിലേക്കു നോക്കരുത്. ജില്ലയിലെങ്ങും നിശ്ചലമായി നിൽക്കുകയുമരുത്! നിങ്ങൾ തൂത്തെറിയപ്പെടാതിരിക്കാൻ പർവ്വതപ്രദേശത്തേക്ക് ഓടി രക്ഷപ്പെടുക!” ലോത്ത് പിന്നെയും മടിച്ചുനിന്നു. ഒടുവിൽ, വളരെ ദൂരെയല്ലാത്ത ഒരു സ്ഥലത്തേക്കു പോകാൻ അവനു അനുമതി ലഭിച്ച ശേഷം അവനും കുടുംബവും ഓടി. (ഉല്പത്തി 19:17-22) കൂടുതലായി താമസിക്കാൻപാടില്ലായിരുന്നു; അനുസരണം ജീവൽപ്രധാനമായിരുന്നു.
9, 10. (എ) ലോത്തിന്റെ ഭാര്യ അവളുടെ ഭർത്താവിനോടുകൂടെയായിരുന്നത് അതിജീവനത്തിന് ഉറപ്പുനൽകാൻ മതിയാകാഞ്ഞതെന്തുകൊണ്ട്? (ബി) ലോത്തിന്റെ ഭാര്യ കൊല്ലപ്പെട്ടപ്പോൾ, ലോത്തിന്റെയും അവളുടെ പുത്രിമാരുടെയുംമേൽ ഏതു കൂടുതലായ പരിശോധന വരുത്തപ്പെട്ടു?
9 എന്നിരുന്നാലും, അവർ സോദോമിൽനിന്നു പുറത്തുകടന്നപ്പോഴും വിടുതൽ പൂർണ്ണമായിരുന്നില്ല. ഉല്പത്തി 19:23-25 നമ്മോട് ഇങ്ങനെ പറയുന്നു: “ലോത്ത് സോവാറിലെത്തിയപ്പോൾ സൂര്യൻ ദേശത്തിൻമീതെ വന്നിരുന്നു. അപ്പോൾ യഹോവയിൽനിന്ന്, ആകാശങ്ങളിൽനിന്ന് സോദോമിൻമേലും ഗോമോറാമേലും ഗന്ധകവും തീയും യഹോവ വർഷിപ്പിച്ചു. അങ്ങനെ അവൻ ഈ നഗരങ്ങളെ, മുഴു ജില്ലയെത്തന്നെയും നഗരങ്ങളിലെ സകല നിവാസികളെയും നിലത്തെ ചെടികളെയും തകിടം മറിച്ചു.” എന്നാൽ ലോത്തിന്റെ ഭാര്യ എവിടെയായിരുന്നു?
10 അവൾ തന്റെ ഭർത്താവിനോടുകൂടെ ഓടിയിരുന്നു. എന്നിരുന്നാലും, അവൻ ചെയ്തുകൊണ്ടിരുന്നതിനോട് അവൾക്കു പൂർണ്ണയോജിപ്പുണ്ടായിരുന്നോ? അവൾ ഏതെങ്കിലും വിധത്തിൽ സോദോമിലെ ദുർമ്മാർഗ്ഗത്തെ അംഗീകരിച്ചുവെന്നു സൂചിപ്പിക്കുന്നതായി യാതൊന്നുമില്ല. എന്നാൽ അവളുടെ ദൈവസ്നേഹം അവളുടെ ഭവനത്തോടും അവൾക്കവിടെയുണ്ടായിരുന്ന ഭൗതികവസ്തുക്കളോടുമുള്ള അവളുടെ മമതയെക്കാൾ ശക്തമായിരുന്നോ? (ലൂക്കോസ് 17:31, 32 താരതമ്യപ്പെടുത്തുക.) സമ്മർദ്ദത്തിൻകീഴിൽ അവളുടെ ഹൃദയത്തിലുള്ളതെന്തെന്നു വ്യക്തമായി. അവർ അപ്പോഴേ സോവാറിനോടടുത്ത് എത്തി നഗരത്തിൽ പ്രവേശിക്കാറായിരുന്നുവെന്ന് തെളിവുണ്ട്, അപ്പോൾ അവൾ അനുസരണമില്ലാതെ പിന്തിരിഞ്ഞുനോക്കി. ബൈബിൾരേഖ പറയുന്നതുപോലെ, “അവൾ ഒരു ഉപ്പുതൂണായിത്തീർന്നു.” (ഉല്പത്തി 19:26) ഇപ്പോൾ ലോത്തിനെയും അവന്റെ പുത്രിമാരെയും കൂടുതലായ ഒരു പരീക്ഷ നേരിട്ടു. തന്റെ മരിച്ചുപോയ ഭാര്യയോടുള്ള ലോത്തിന്റെ മമതയും തങ്ങളുടെ മരിച്ചുപോയ മാതാവിനോടുള്ള പെൺകുട്ടികളുടെ വികാരങ്ങളും ഈ അനർത്ഥം വരുത്തിയിരുന്ന യഹോവയോടുള്ള അവരുടെ സ്നേഹത്തേക്കാൾ ശക്തമായിരുന്നുവോ? തങ്ങളോടു വളരെ അടുത്ത ഒരാൾ ദൈവത്തോടു അവിശ്വസ്തത കാട്ടിയെന്നു തെളിഞ്ഞാലും അവർ അവനെ അനുസരിക്കുന്നതിൽ തുടരുമോ? യഹോവയിലുള്ള പൂർണ്ണ വിശ്വാസത്തോടെ അവർ പിന്തിരിഞ്ഞുനോക്കിയില്ല.
11. യഹോവ പ്രദാനംചെയ്യുന്ന വിടുതലിനെക്കുറിച്ച് നാം ഇവിടെ എന്തു പഠിച്ചിരിക്കുന്നു?
11 ഉവ്വ്, ദൈവികഭക്തിയുള്ള ആളുകളെ പീഡാനുഭവത്തിൽനിന്നു വിടുവിക്കാൻ യഹോവക്കറിയാം. നിർമ്മലാരാധനയിൽ ഒററക്കെട്ടായി നിൽക്കുന്ന മുഴുകുടുംബങ്ങളെയും വിടുവിക്കാൻ അവന് അറിയാം; വ്യക്തികളെ വിടുവിക്കാനും അവന് അറിയാം. അവർ അവനെ യഥാർത്ഥമായി സ്നേഹിക്കുമ്പോൾ അവൻ അവരോട് ഇടപെടുന്നതിൽ വലിയ പരിഗണന കാണിക്കുന്നു. “അവനുതന്നെ നമ്മുടെ ഘടന നന്നായി അറിയാം, നാം പൊടിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ.” (സങ്കീർത്തനം 103:13, 14) എന്നാൽ അവന്റെ വിടുതൽ ദൈവികഭക്തിയുള്ള ആളുകൾക്ക്, യഥാർത്ഥഭക്തിയുള്ളവർക്ക്, തങ്ങളുടെ അനുസരണം വിശ്വസ്തതയുടെ ഒരു പ്രകടനമായിരിക്കുന്നവർക്ക്, മാത്രമായിരിക്കും.
വലിപ്പമേറിയ ഒരു വിടുതലിനുവേണ്ടി സനേഹപൂർവകമായ ഒരുക്കങ്ങൾ
12. നാം വളരെ ആകാംക്ഷയോടെ പ്രതീക്ഷിക്കുന്ന വിടുതൽ കൈവരുത്തുന്നതിനു മുമ്പ് യഹോവ എന്തു സ്നേഹപൂർവകമായ കരുതൽ ചെയ്യാനിരിക്കുകയായിരുന്നു?
12 യഹോവ നോഹയുടെയും ലോത്തിന്റെയും നാളുകളിൽ ചെയ്തതിലൂടെ അവൻ സകല ദുഷ്ടൻമാരെയും എന്നേക്കുമായി നീക്കംചെയ്തില്ല. തിരുവെഴുത്തു പറയുന്നപ്രകാരം അത് വരാനിരുന്ന കാര്യങ്ങളുടെ ഒരു മാതൃക വെക്കുകമാത്രമായിരുന്നു. ആ കാര്യങ്ങൾ വന്നെത്തുന്നതിനു മുമ്പ് തന്നെ സ്നേഹിക്കുന്നവരുടെ പ്രയോജനത്തിനുവേണ്ടി യഹോവ ചെയ്യാനുദ്ദേശിച്ച വളരെയധികം കാര്യങ്ങൾകൂടെ അവന്റെ മനസ്സിലുണ്ടായിരുന്നു. അവൻ തന്റെ ഏകജാതനാം പുത്രനായ യേശുക്രിസ്തുവിനെ ഭൂമിയിലേക്കയക്കാൻപോകുകയായിരുന്നു. ഇവിടെ ഒരു പൂർണ്ണമനുഷ്യനെന്ന നിലയിൽ ആദാം ദൈവത്തിന് അർപ്പിക്കേണ്ടിയിരുന്നതും അർപ്പിക്കാൻകഴിയുമായിരുന്നതുമായ തരം ഭക്തി അർപ്പിച്ചുകൊണ്ട് യേശു ഇവിടെ ഭൂമിയിൽ ദൈവനാമത്തിന്റെ നിന്ദ നീക്കുമായിരുന്നു; എന്നാൽ യേശു വളരെയധികം പ്രയാസമേറിയ സാഹചര്യങ്ങളിലായിരിക്കും അതു ചെയ്യുന്നത്. വിശ്വാസം പ്രകടമാക്കുന്ന ആദാമിന്റെ സന്തതികൾക്ക് അവൻ നഷ്ടപ്പെടുത്തിയത് ലഭിക്കത്തക്കവണ്ണം യേശു തന്റെ പൂർണ്ണമാനുഷജീവനെ ഒരു ബലിയായി വെച്ചുകൊടുക്കുമായിരുന്നു. പിന്നീട്, ക്രിസ്തുവിനോടുകൂടെ അവന്റെ സ്വർഗ്ഗീയരാജ്യത്തിൽ പങ്കുചേരാൻ വിശ്വസ്തമനുഷ്യരുടെ ഒരു “ചെറിയ ആട്ടിൻകൂട്ട”ത്തെ ദൈവം തെരഞ്ഞെടുക്കും, ഒരു പുതിയ മാനുഷസമുദായത്തിന്റെ അടിസ്ഥാനമായിരിക്കാൻ “ഒരു മഹാപുരുഷാരം” സകല ജനതകളിൽനിന്നും കൂട്ടിച്ചേർക്കപ്പെടും. (ലൂക്കോസ് 12:32; വെളിപ്പാട് 7:9) അതു നിർവഹിക്കപ്പെട്ടുകഴിയുമ്പോൾ ദൈവം പ്രളയത്തോടും സോദോമിന്റെയും ഗോമോറയുടെയും നാശത്തോടു ബന്ധപ്പെട്ട സംഭവങ്ങളാൽ മുൻനിഴലാക്കപ്പെട്ട മഹത്തായ വിടുതൽ നിർവഹിക്കും.
ഇപ്പോൾ നിർണ്ണായകപ്രവർത്തനം അടിയന്തിരമായിരിക്കുന്നതിന്റെ കാരണം
13, 14. ലോത്തിന്റെയും നോഹയുടെയും നാളുകളിലെ ഭക്തികെട്ടയാളുകളുടെ നാശത്തെ പത്രോസ് ദൃഷ്ടാന്തങ്ങളായി ഉപയോഗിച്ചുവെന്ന വസ്തുതയിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?
13 യഹോവ പല സന്ദർഭങ്ങളിൽ തന്റെ ദാസൻമാർക്കുവേണ്ടി വിടുതലിന്റെ പ്രവർത്തനങ്ങൾ നിർവഹിച്ചിട്ടുണ്ടെന്ന് ദൈവവചനത്തിന്റെ അദ്ധ്യേതാക്കൾക്കറിയാം. എന്നിരുന്നാലും, മിക്ക കേസുകളിലും ‘ആ കാലത്തെപ്പോലെ മനുഷ്യപുത്രന്റെ സാന്നിദ്ധ്യം ആകും’ എന്ന് ദൈവവചനം പറയുന്നില്ല. പരിശുദ്ധാത്മാവിനാൽ നിശ്വസ്തനാക്കപ്പെട്ട അപ്പോസ്തലനായ പത്രോസ് ഈ രണ്ടു ദൃഷ്ടാന്തങ്ങൾ മാത്രം വേർതിരിച്ചെടുത്തു പറയുന്നതെന്തുകൊണ്ട്? ലോത്തിന്റെയും നോഹയുടെയും നാളുകളിൽ സംഭവിച്ചവയുടെ വ്യത്യാസം എന്തായിരുന്നു?
14 യൂദാ 7-ൽ ഒരു സുനിശ്ചിതസൂചന കാണപ്പെടുന്നു, അവിടെ “സോദോമും ഗോമോറയും അവക്കു ചുററുമുണ്ടായിരുന്ന നഗരങ്ങളും . . . നിത്യാഗ്നിയുടെ ന്യായമായ ശിക്ഷക്കു വിധേയമായതിനാൽ ഒരു മുന്നറിയിപ്പിൻ ദൃഷ്ടാന്തമായി നമ്മുടെ മുമ്പാകെ വെക്കപ്പെട്ടിരിക്കുന്നു” എന്നു നാം വായിക്കുന്നു. അതെ, ആ നഗരങ്ങളിലെ ഘോരപാപികളുടെ നാശം നിത്യമായിരുന്നു, ഇപ്പോഴത്തെ വ്യവസ്ഥിതിയുടെ അവസാനത്തിലെ ദുഷ്ടൻമാരുടെ നാശവും അങ്ങനെതന്നെയായിരിക്കും. (മത്തായി 25:46) നിത്യന്യായവിധികളെ ചർച്ചചെയ്യുന്ന സന്ദർഭങ്ങളിൽ നോഹയുടെ നാളിലെ പ്രളയത്തെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്. (2 പത്രോസ് 2:4, 5, 9-12; 3:5-7) അതുകൊണ്ടു ലോത്തിന്റെയും നോഹയുടെയും നാളുകളിലെ ഭക്തികെട്ടയാളുകളുടെ നാശത്താൽ, അനീതി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നവരെ എന്നേക്കും നശിപ്പിക്കുന്നതിലൂടെ താൻ തന്റെ ദാസൻമാരെ വിടുവിക്കുമെന്ന് യഹോവ പ്രകടമാക്കി.—2 തെസ്സലോനീക്യർ 1:6-10.
15. (എ) ദുഷ്ടനടപടികളിലേർപ്പെടുന്നവർക്ക് ഏത് അടിയന്തിരമുന്നറിയിപ്പു നൽകപ്പെടുന്നു? (ബി) അനീതിയിൽ തുടരുന്ന സകലരുടെ മേലും നീതി നടത്തപ്പെടുന്നതെന്തുകൊണ്ട്?
15 ദുഷ്ടൻമാരുടെ നാശം യഹോവക്കു സന്തോഷം കൈവരുത്തുന്നില്ല. അത് അവന്റെ ദാസൻമാർക്കും ഉല്ലാസം കൈവരുത്തുന്നില്ല. “പിന്തിരിയുക, നിങ്ങളുടെ ദുഷിച്ച വഴികളിൽനിന്നു പിന്തിരിയുക, നിങ്ങൾ എന്തിനു മരിക്കണം?” എന്ന് തന്റെ സാക്ഷികൾ മുഖേന യഹോവ ആളുകളെ പ്രോൽസാഹിപ്പിക്കുന്നു. (യെഹെസ്ക്കേൽ 33:11) എന്നിരുന്നാലും, ഈ സ്നേഹപൂർവകമായ അഭ്യർത്ഥന ശ്രദ്ധിക്കാൻ ആഗ്രഹം പ്രകടമാക്കാതെ ആളുകൾ തങ്ങളുടെ സ്വാർത്ഥജീവിതരീതിയിൽ ശാഠ്യപൂർവം തുടരുമ്പോൾ തന്റെ സ്വന്തം വിശുദ്ധനാമത്തോടുള്ള യഹോവയുടെ ആദരവും ഭക്തികെട്ടയാളുകളുടെ കൈയാൽ ദുഷ്പെരുമാററമനുഭവിക്കുന്ന തന്റെ വിശ്വസ്ത ദാസൻമാരോടുള്ള അവന്റെ സ്നേഹവും അവൻ നീതി നടത്തേണ്ടതാവശ്യമാക്കിത്തീർക്കുന്നു.
16. (എ) മുൻകൂട്ടിപ്പറയപ്പെട്ട വിടുതൽ വളരെ അടുത്തിരിക്കുന്നുവെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്? (ബി) വിടുതൽ എന്തിൽനിന്നും എന്തിലേക്കുമായിരിക്കും?
16 വിടുതൽ കൈവരുത്താനുള്ള ദൈവത്തിന്റെ സമയം വളരെ അടുത്തിരിക്കുന്നു! തന്റെ സാന്നിദ്ധ്യത്തിന്റെയും വ്യവസ്ഥിതിയുടെ സമാപനത്തിന്റെയും അടയാളമെന്ന നിലയിൽ യേശു മുൻകൂട്ടിപ്പറഞ്ഞ മനോഭാവങ്ങളും സംഭവങ്ങളും വ്യക്തമായി പ്രകടമാണ്. ആ അടയാളത്തിന്റെ സവിശേഷതകൾ ആദ്യമായി 75 വർഷം മുമ്പ് പ്രത്യക്ഷപ്പെടാൻ തുടങ്ങി. ഈ ഭക്തികെട്ട ലോകത്തിന്റെമേലുള്ള ദൈവത്തിന്റെ ന്യായവിധിനിർവഹണത്തിനുമുമ്പ് “ഈ തലമുറ” ഒരു വിധത്തിലും നീങ്ങിപ്പോകുകയില്ലെന്ന് യേശു പറയുകയുണ്ടായി. സകല ജനതകൾക്കും സാക്ഷ്യമായി രാജ്യസന്ദേശം നിവസിതഭൂമിയിലെല്ലാം വേണ്ടത്രയളവിൽ പ്രഘോഷിക്കപ്പെട്ടതായി യഹോവ തീരുമാനിക്കുമ്പോൾ ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനം വരും. അതോടെ ദൈവികഭക്തിയുള്ള ആളുകൾക്ക് വിടുതലും ഉണ്ടാകും. (മത്തായി 24:3-34; ലൂക്കോസ് 21:28-33) എന്തിൽനിന്നുള്ള വിടുതൽ? ദുഷ്ടൻമാരുടെ കൈകളാൽ അവർ അനുഭവിക്കേണ്ടിവന്നിട്ടുള്ള പീഡാനുഭവങ്ങളിൽനിന്നും നീതിസ്നേഹികളെന്ന നിലയിൽ അവർക്ക് അനുദിനം ദുഃഖകാരണമായിരുന്നിട്ടുള്ള സാഹചര്യങ്ങളിൽനിന്നുമുള്ള വിടുതൽ. അത് രോഗവും മരണവും കഴിഞ്ഞകാല സംഗതികളായിത്തീരുന്ന ഒരു പുതിയലോകത്തിലേക്കുള്ള വിടുതലുമായിരിക്കും.
വിടുതലിന്റെ കാഴ്ചപ്പാടിൽ ദിവ്യസഹായം
17. (എ) നാം നമ്മോടുതന്നെ ഏതു ഗൗരവമുള്ള ചോദ്യം ചോദിക്കണം? (ബി) നോഹയെപ്പോലെ നാം “ദൈവികഭയത്താൽ” പ്രേരിതരാകുന്നുവെന്ന് നമുക്ക് എങ്ങനെ തെളിവു കൊടുക്കാൻ കഴിയും?
17 നാം വ്യക്തിപരമായി പരിചിന്തിക്കേണ്ടയാവശ്യമുള്ള ചോദ്യം ‘ഞാൻ ദൈവത്തിന്റെ ആ പ്രവൃത്തിക്കുവേണ്ടി ഒരുങ്ങിയിട്ടുണ്ടോ?’യെന്നതാണ്. നാം നമ്മിൽത്തന്നെയോ നീതിസംബന്ധിച്ച നമ്മുടെ സ്വന്തം ധാരണയിലോ ആശ്രയിക്കുന്നുവെങ്കിൽ നാം ഒരുങ്ങിയിട്ടില്ല. എന്നാൽ നാം നോഹയെപ്പോലെ, “ദൈവികഭയ”ത്താൽ പ്രേരിതരാകുന്നുവെങ്കിൽ, അപ്പോൾ നാം യഹോവ നമുക്കു നൽകുന്ന മാർഗ്ഗനിർദ്ദേശത്തോട് വിശ്വാസത്തോടെ പ്രതികരിക്കുകയാണ്, ഇതു നമ്മുടെ വിടുതലിലേക്കു നയിക്കും.—എബ്രായർ 11:7.
18. ദിവ്യാധിപത്യ അധികാരത്തോടുള്ള യഥാർത്ഥ ആദരവു പഠിക്കുന്നത് പുതിയ ലോകത്തിലേക്കുള്ള വിടുതലിനുവേണ്ടിയുള്ള നമ്മുടെ ഒരുക്കത്തിന്റെ ഒരു പ്രധാന ഭാഗമായിരിക്കുന്നതെന്തുകൊണ്ട്?
18 യഹോവ ഇപ്പോൾപോലും നൽകുന്ന സംരക്ഷണമാസ്വദിക്കുന്നവരെ ഭംഗ്യന്തരേണ വർണ്ണിച്ചുകൊണ്ട് സങ്കീർത്തനം 91:1, 2 ഇങ്ങനെ പറയുന്നു: “അത്യുന്നതന്റെ രഹസ്യസ്ഥലത്തു വസിക്കുന്ന ഏവനും സർവശക്തന്റെ നിഴലിൽത്തന്നെ അഭയം നേടും. ഞാൻ യഹോവയോട്: ‘നീ എന്റെ അഭയവും എന്റെ ശക്തിദുർഗ്ഗവും ഞാൻ ആശ്രയിക്കുന്ന എന്റെ ദൈവവുമാകുന്നു’ എന്നു പറയും.” ഒരു തള്ളപ്പക്ഷിയുടെ ശക്തമായ ചിറകുകളിൻ കീഴിലെ കുഞ്ഞുങ്ങളെപ്പോലെ ദൈവത്താൽ കാത്തുസൂക്ഷിക്കപ്പെടുന്ന ഒരു ജനസമൂഹമാണിവിടെയുള്ളത്. അവരുടെ പൂർണ്ണാശ്രയം യഹോവയിലാണ്. അവൻ അത്യുന്നതനും സർവശക്തനുമാണെന്ന് അവർ സമ്മതിച്ചുപറയുന്നു. തത്ഫലമായി, മാതാപിതാക്കൻമാരാൽ പ്രയോഗിക്കപ്പെടുന്നതോ “വിശ്വസ്തനും വിവേകിയുമായ അടിമ”യാൽ പ്രയോഗിക്കപ്പെടുന്നതോ ആയാലും അവർ ദിവ്യാധിപത്യ അധികാരത്തെ ആദരിക്കുകയും തങ്ങളേത്തന്നെ അതിനു കീഴ്പ്പെടുത്തുകയും ചെയ്യുന്നു. (മത്തായി 24:45-47) അതു നമ്മേസംബന്ധിച്ച് വ്യക്തിപരമായി സത്യമാണോ? നോഹയെപ്പോലെ, ‘യഹോവ കല്പിക്കുന്നതെല്ലാം’ ചെയ്യാനും അവന്റെ വിധത്തിൽ കാര്യങ്ങൾ ചെയ്യാനും നാം പഠിക്കുന്നുണ്ടോ? (ഉല്പത്തി 6:22) അങ്ങനെയെങ്കിൽ, തന്റെ നീതിയുള്ള പുതിയ ലോകത്തിലേക്കുള്ള വിടുതലിന് യഹോവ നൽകുന്ന ഒരുക്കത്തോട് നാം പ്രതികരിക്കുകയാണ് ചെയ്യുന്നത്.
19. (എ) നമ്മുടെ ആലങ്കാരിക ഹൃദയമെന്താണ്, നാം അതിനു ശ്രദ്ധകൊടുക്കുന്നത് ജീവൽപ്രധാനമായിരിക്കുന്നതെന്തുകൊണ്ട്? (സദൃശവാക്യങ്ങൾ 4:23) (ബി) ലൗകികപ്രലോഭനങ്ങളോടുള്ള നമ്മുടെ പ്രതികരണംസംബന്ധിച്ച് നമുക്ക് ലോത്തിന്റെ ദൃഷ്ടാന്തത്തിൽനിന്ന് എങ്ങനെ പ്രയോജനമനുഭവിക്കാൻ കഴിയും?
19 ആ ഒരുക്കത്തിൽ നമ്മുടെ ആലങ്കാരിക ഹൃദയത്തിനു ശ്രദ്ധ കൊടുക്കുന്നതും ഉൾപ്പെടുന്നു. “യഹോവ ഹൃദയങ്ങളെ പരിശോധിക്കുന്നവൻ ആകുന്നു.” (സദൃശവാക്യങ്ങൾ 17:3) നാം ബാഹ്യമായി എങ്ങനെ കാണപ്പെടുന്നുവെന്നതല്ല പിന്നെയോ ആന്തരികവ്യക്തിയായ ഹൃദയമാണ് ഗണ്യമായിട്ടുള്ളതെന്ന് തിരിച്ചറിയാൻ അവൻ നമ്മെ സഹായിക്കുന്നു. നാം നമുക്കു ചുററുമുള്ള ലോകത്തെപ്പോലെ, അക്രമത്തിലോ ദുർമ്മാർഗ്ഗത്തിലോ ഏർപ്പെടുന്നില്ലെന്നിരിക്കെ, ഈ കാര്യങ്ങളാൽ വശീകരിക്കപ്പെടാതിരിക്കാൻ അല്ലെങ്കിൽ അവയിൽ വിനോദിക്കാതിരിക്കാൻ ജാഗ്രതപാലിക്കേണ്ടതുണ്ട്. ലോത്തിനെപ്പോലെ, അങ്ങനെയുള്ള അധർമ്മപ്രവൃത്തികളുടെ നിലനിൽപ്പിൽത്തന്നെ നമുക്കു ദുഃഖം തോന്നേണ്ടതുണ്ട്. ദോഷത്തെ വെറുക്കുന്നവർ അതിൽ ഏർപ്പെടാനുള്ള മാർഗ്ഗങ്ങൾ തേടുകയില്ല; എന്നിരുന്നാലും, അതിനെ വെറുക്കാത്തയാളുകൾ ശാരീരികമായി അതിൽ നിന്നു വിട്ടുനിന്നേക്കാമെങ്കിലും തങ്ങൾക്കു പങ്കെടുക്കാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് മാനസികമായി ആഗ്രഹിച്ചേക്കാം. “യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുക്കുക.”—സങ്കീർത്തനം 97:10.
20. (എ) ബൈബിൾ ഒരു ഭൗതികാസക്ത ജീവിതരീതിക്കെതിരെ നമുക്ക് മുന്നറിയിപ്പുനൽകുന്നതെങ്ങനെ? (ബി) ധനാസക്തിയെസംബന്ധിച്ച ബൈബിളിന്റെ ജീവൽപ്രധാനമായ പാഠങ്ങൾ നമ്മുടെ ഹൃദയത്തിൽ ഉറച്ചിട്ടുണ്ടെന്ന് നമുക്ക് എങ്ങനെ പറയാൻ കഴിയും?
20 ഒരു ദുർമ്മാർഗ്ഗനടത്തയെ മാത്രമല്ല, ഒരു ഭൗതികാസക്ത ജീവിതരീതിയെയും വർജ്ജിക്കാൻ യഹോവ നമ്മെ സ്നേഹപൂർവം പഠിപ്പിക്കുകയാണ്. ‘ആഹാരവും ആവരണവുംകൊണ്ട് തൃപ്തിപ്പെടുക’ എന്ന് അവന്റെ വചനം നമ്മെ ബുദ്ധിയുപദേശിക്കുന്നു. (1 തിമൊഥെയോസ് 6:8) നോഹയും അവന്റെ പുത്രൻമാരും പെട്ടകത്തിൽ കയറിയപ്പോൾ തങ്ങളുടെ ഭവനങ്ങൾ ഉപേക്ഷിക്കണമായിരുന്നു. തങ്ങളുടെ ജീവനെ രക്ഷിക്കാൻ ലോത്തും കുടുംബവും ഭവനവും സ്വത്തുക്കളും പിമ്പിൽ ഉപേക്ഷിക്കേണ്ടതുണ്ടായിരുന്നു. നാം നമ്മുടെ പ്രിയങ്ങൾ എവിടെ അർപ്പിച്ചിരിക്കുന്നു? “ലോത്തിന്റെ ഭാര്യയെ ഓർത്തുകൊൾക.” (ലൂക്കോസ് 17:32) “അപ്പോൾ, ഒന്നാമത് രാജ്യവും അവന്റെ നീതിയും അന്വേഷിച്ചുകൊണ്ടേയിരിക്കുക” എന്ന് യേശു പ്രോൽസാഹിപ്പിച്ചു. (മത്തായി 6:33) നാം അതു ചെയ്യുന്നുണ്ടോ? യഹോവയുടെ നീതിയുള്ള പ്രമാണങ്ങൾ നമ്മെ വഴിനടത്തുകയും അവന്റെ രാജ്യത്തിന്റെ സുവാർത്തയുടെ ഘോഷണം നിങ്ങളുടെ ജീവിതത്തിലെ പ്രഥമലക്ഷ്യമാക്കുകയും ചെയ്യുന്നുവെങ്കിൽ, അപ്പോൾ നാം തന്റെ പുതിയ ലോകത്തിലേക്കുള്ള ഒരു ജനത്തിന്റെ വിടുതലിനുവേണ്ടിയുള്ള അവന്റെ ഒരുക്കലിനോട് പ്രതികരിക്കുകയാണ്.
21. വിടുതൽ സംബന്ധിച്ച യഹോവയുടെ വാഗ്ദത്തം പെട്ടെന്നുതന്നെ നിവർത്തിക്കപ്പെടുമെന്ന് നമുക്ക് എങ്ങനെ ഉചിതമായി പ്രതീക്ഷിക്കാൻ കഴിയും?
21 രാജ്യാധികാരത്തിലുള്ള തന്റെ സാന്നിദ്ധ്യത്തിന്റെ അടയാളം നിവർത്തിച്ചുകാണുന്ന ദൈവികഭക്തിയുള്ള ആളുകളോട് “നിങ്ങളുടെ വിടുതൽ അടുത്തുവരുന്നതുകൊണ്ട് നിവർന്നു നിന്നു നിങ്ങളുടെ തലകളുയർത്തുക” എന്ന് യേശു പറഞ്ഞു. (ലൂക്കോസ് 21:28) സകല വിശദാംശങ്ങളിലും വികാസംപ്രാപിച്ചിരിക്കുന്ന ആ അടയാളം നിങ്ങൾ കണ്ടിരിക്കുന്നുവോ? എങ്കിൽ, വിടുതലിനെക്കുറിച്ചുള്ള യഹോവയുടെ വാഗ്ദത്തത്തിന്റെ നിവൃത്തി വളരെ അടുത്തിരിക്കുന്നുവെന്ന് ദൃഢവിശ്വാസമുണ്ടായിരിക്കുക! “ദൈവികഭക്തിയുള്ള ആളുകളെ പീഡാനുഭവത്തിൽനിന്നു വിടുവിക്കാൻ യഹോവക്കറിയാം” എന്ന് പൂർണ്ണമായി ബോദ്ധ്യപ്പെടുക.—2 പത്രോസ് 2:9. (w90 4/15)
നിങ്ങൾ എന്തു പഠിച്ചിരിക്കുന്നു?
◻ ലോത്തിനെപ്പോലെ നാം ലോക ജീവിതരീതിയോട് എങ്ങനെ പ്രതികരിക്കണം
◻ സോദോമിൽനിന്ന് ഓടിപ്പോകുമ്പോൾപോലും ലോത്തും അവന്റെ കുടുംബവും ഏതു പരിശോധനകളെ അഭിമുഖീകരിച്ചു?
◻ പത്രോസിനാൽ ഉപയോഗിക്കപ്പെട്ട ദൃഷ്ടാന്തങ്ങൾ യഹോവയുടെ പക്ഷത്ത് ഇപ്പോൾ ഒരു ഉറച്ചനില സ്വീകരിക്കേണ്ടതിന്റെ അടിയന്തിരതയെ ഊന്നിപ്പറയുന്നതെങ്ങനെ?
◻ വിടുതലിനുവേണ്ടി തന്റെ ജനത്തെ ഒരുക്കുന്നതിൽ യഹോവ ഏതു മർമ്മപ്രധാനമായ പാഠങ്ങളാണ് പഠിപ്പിക്കുന്നത്?
[20-ാം പേജിലെ ചിത്രം]
ദൈവജനം തള്ളയുടെ ശക്തമായ ചിറകുകളിൻകീഴിലെ പക്ഷിക്കുഞ്ഞുങ്ങളെപ്പോലെ ദൈവത്താൽ കാത്തുസൂക്ഷിക്കപ്പെടുന്നു