വിമോചനം അടുത്തുവരവെ ധൈര്യപ്പെടുക
“നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.”—യിരെമ്യാവു 1:19.
1, 2. മാനവ കുടുംബത്തിനു വിമോചനം ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
വിമോചനം! എത്ര ആശ്വാസപ്രദമായ വാക്ക്! വിമോചിതനാകുക എന്നതിന് രക്ഷിക്കപ്പെടുക, മോശവും അസന്തുഷ്ടവുമായ ഒരു അവസ്ഥയിൽനിന്നു സ്വതന്ത്രമാക്കപ്പെടുക എന്നാണർഥം. മെച്ചമായ, സന്തുഷ്ടമായ അവസ്ഥയിലേക്ക് ആനയിക്കപ്പെടുന്നതിന്റെ ആശയവും ഇതിനുണ്ട്.
2 മാനവ കുടുംബത്തിന് അത്തരം വിമോചനം അങ്ങേയറ്റം ആവശ്യമായിരിക്കുന്ന സമയമാണിത്! സാമ്പത്തികവും സാമൂഹികവും ശാരീരികവും മാനസികവും വൈകാരികവുമായി പ്രയാസകരമായ പ്രശ്നങ്ങളാൽ എല്ലായിടത്തുമുള്ള ആളുകൾ ഭാരപ്പെടുകയും നിരുത്സാഹിതരായിത്തീരുകയുമാണ്. ലോകത്തിന്റെ പോക്കിൽ ബഹുഭൂരിപക്ഷവും അസംതൃപ്തരും നിരാശിതരുമാണ്. നല്ലൊരു മാറ്റത്തിനായി ആഗ്രഹിക്കുകയാണ് അവർ.—യെശയ്യാവു 60:2; മത്തായി 9:36.
“ഇടപെടാൻ പ്രയാസമായ സമയങ്ങൾ”
3, 4. ഇപ്പോൾ വിമോചനത്തിനു കൂടുതലായ ആവശ്യമുള്ളത് എന്തുകൊണ്ട്?
3 മറ്റേതൊരു നൂറ്റാണ്ടിനെക്കാളുമധികം കഷ്ടപ്പാടുകൾ 20-ാം നൂറ്റാണ്ടിൽ അനുഭവപ്പെട്ടിരിക്കുന്നതുകൊണ്ട്, വിമോചനത്തിന്റെ ആവശ്യം മുമ്പെന്നത്തെക്കാളുമധികം ഇപ്പോഴുണ്ട്. ഇന്ന്, നൂറു കോടിയിലധികം ആളുകൾ കടുത്ത ദാരിദ്ര്യത്തിലാണ്, കൂടാതെ ആ സംഖ്യ ഏതാണ്ട് രണ്ടര കോടിവെച്ച് വർഷംതോറും വർധിക്കുന്നുമുണ്ട്. വികലപോഷണമോ ദാരിദ്ര്യവുമായി ബന്ധപ്പെട്ട മറ്റു കാരണങ്ങളോ നിമിത്തം ഓരോ വർഷവും 1 കോടി 30 ലക്ഷം കുട്ടികൾ മരിക്കുന്നുണ്ട്—ദിവസേന 35,000-ത്തിലധികം പേർ! പലവിധ രോഗങ്ങളാൽ അകാലചരമമടയുന്ന പ്രായംചെന്നവരാകട്ടെ ലക്ഷക്കണക്കിനും.—ലൂക്കൊസ് 21:11; വെളിപ്പാടു 6:8.
4 യുദ്ധങ്ങളും ആഭ്യന്തര കലഹങ്ങളും അവർണനീയമായ കഷ്ടപ്പാടുകൾ വരുത്തിക്കൂട്ടിയിരിക്കുന്നു. യുദ്ധങ്ങളും വംശീയവും മതപരവുമായ കലാപങ്ങളും കൂടാതെ പൗരന്മാർക്കുനേരേ സ്വന്തം ഗവൺമെൻറുകൾ നടത്തിയിരിക്കുന്ന കൂട്ടക്കുരുതികളും “ഈ നൂറ്റാണ്ടിൽ 20 കോടി 30 ലക്ഷത്തിലധികം ആളുകളെ കൊന്നി”ട്ടുണ്ടെന്ന് ഗവൺമെൻറിനാലുള്ള മരണം (ഇംഗ്ലീഷ്) എന്ന പുസ്തകം പറയുന്നു. അതു കൂടുതലായി ഇങ്ങനെ പറയുന്നു: “കൊല്ലപ്പെട്ടവരുടെ യഥാർഥ എണ്ണം 36 കോടിയോളമുണ്ടാകാം. നമ്മുടെ മനുഷ്യവർഗം മുഴുവൻ ഒരു ആധുനികകാല മഹാമാരിയാൽ നശിപ്പിക്കപ്പെട്ടതുപോലെയാണ്. തീർച്ചയായും നശിപ്പിക്കപ്പെടുകതന്നെ ചെയ്തു. എന്നാൽ അതു രോഗാണുക്കളാലുള്ള ഒരു ബാധയാലായിരുന്നില്ല, അധികാരഭ്രാന്തിനാലായിരുന്നു.” റിച്ചാർഡ് ഹാർവൂഡ് എന്ന എഴുത്തുകാരൻ ഇങ്ങനെ പ്രസ്താവിച്ചു: “കഴിഞ്ഞ നൂറ്റാണ്ടുകളിലെ കിരാത യുദ്ധങ്ങൾ താരതമ്യേന അപ്രധാനമായിരുന്നു.”—മത്തായി 24:6, 7; വെളിപ്പാടു 6:4.
5, 6. നമ്മുടെ സമയത്തെ വളരെ ക്ലേശപൂർണമാക്കുന്നതെന്ത്?
5 സമീപകാല വർഷങ്ങളിലെ അരിഷ്ടാവസ്ഥകൾക്കു പുറമേയാണ് അക്രമാസക്ത കുറ്റകൃത്യങ്ങളിലും അധാർമികതയിലും കുടുംബത്തകർച്ചയിലും ഉണ്ടായിരിക്കുന്ന വമ്പിച്ച വർധനവ്. 30 വർഷത്തിൽ ഐക്യനാടുകളിലെ ജനസംഖ്യ ഉയർന്നത് 41 ശതമാനമാണെങ്കിലും അക്രമാസക്ത കുറ്റകൃത്യം 560 ശതമാനവും അവിഹിത ബന്ധത്തിലൂടെയുള്ള ജനനങ്ങൾ 400 ശതമാനവും വിവാഹമോചനങ്ങൾ 300 ശതമാനവും കൗമാരപ്രായക്കാരുടെ ആത്മഹത്യാനിരക്ക് 200 ശതമാനവും ഉയർന്നുവെന്ന് ഐക്യനാടുകളിലെ മുൻ വിദ്യാഭ്യാസ സെക്രട്ടറി വില്യം ബെന്നറ്റ് നിരീക്ഷിക്കുകയുണ്ടായി. “കൊല്ലും കൊള്ളയും അക്രമവും ബലാൽസംഗവും ഭവനഭേദനവും നടത്തുകയും ഗുരുതരമായ സാമുദായിക കലഹങ്ങൾ ഇളക്കിവിടുകയും” ചെയ്യുന്ന “അതിഭീകര ഇരപിടിയന്മാ”രായ യുവജനങ്ങളുടെ എണ്ണം പെരുകുകയാണെന്ന് പ്രിൻസ്റ്റൻ സർവകലാശാല പ്രൊഫസർ ജോൺ ഡ്യൂലിയോ ജൂനിയർ മുന്നറിയിപ്പു നൽകി. അറസ്റ്റു ചെയ്യപ്പെടുന്നതിന്റെ അപമാനമോ തടങ്കലിലാകുന്നതിന്റെ വേദനയോ മനസ്സാക്ഷിക്കുത്തോ ഒന്നും അവർക്കു പ്രശ്നമല്ല.” ആ രാജ്യത്ത്, 15 മുതൽ 19 വരെയുള്ള പ്രായക്കാർക്കിടയിലെ മരണത്തിനുള്ള പ്രമുഖ കാരണങ്ങളിൽ രണ്ടാമത്തേത് ഇപ്പോൾ നരഹത്യയാണ്. ദുഷ്പെരുമാറ്റത്തിനു വിധേയരായി മരിക്കുന്ന നാലു വയസ്സിൽ താഴെയുള്ള കുട്ടികളുടെ എണ്ണം രോഗത്താൽ മരണമടയുന്നവരെക്കാൾ കൂടുതലാണ്.
6 അത്തരം കുറ്റകൃത്യവും അക്രമവും ഒരു രാഷ്ട്രത്തിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നില്ല. മിക്ക രാജ്യങ്ങളിൽനിന്നും സമാനമായ പ്രവണതകളെക്കുറിച്ചുള്ള റിപ്പോർട്ടുണ്ട്. ലക്ഷങ്ങളെ ദുഷിപ്പിക്കുന്ന, നിയമവിരുദ്ധ മയക്കുമരുന്നുപയോഗം ഉയർന്നുകൊണ്ടിരിക്കുന്നത് ഇതിന് അനുകൂല കാലാവസ്ഥ സൃഷ്ടിക്കുന്നു. ഓസ്ട്രേലിയയിലെ സിഡ്നി മോർണിങ് ഹെറാൾഡ് പ്രസ്താവിച്ചു: “രാജ്യാന്തര മയക്കുമരുന്നു വ്യാപാരം, ആയുധവ്യാപാരം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ആദായകരമായ രണ്ടാമത്തെ ബിസിനസ് ആയിത്തീർന്നിരിക്കുന്നു.” മറ്റൊരു ഘടകം ഇപ്പോൾ ടെലിവിഷൻ പരിപാടികളിൽ നിറഞ്ഞുനിൽക്കുന്ന അക്രമവും അധാർമികതയും ആണ്. അനേകം രാജ്യങ്ങളിൽ, ഒരു കുട്ടി 18 വയസ്സാകുമ്പോഴേക്ക്, ടിവിയിൽ പതിനായിരക്കണക്കിന് അക്രമപ്രവർത്തനങ്ങളും എണ്ണമറ്റ അധാർമികപ്രവൃത്തികളും കണ്ടിരിക്കും. ഇത് ഒരു പ്രധാന ദുഷിപ്പിക്കൽ സ്വാധീനംതന്നെ, കാരണം നാം നമ്മുടെ മനസ്സിലേക്ക് നിരന്തരം എന്തു കടത്തിവിടുന്നുവോ അത് നമ്മുടെ വ്യക്തിത്വത്തെ കരുപ്പിടിപ്പിക്കുന്നു.—റോമർ 12:2; എഫെസ്യർ 5:3, 4.
7. ബൈബിൾ പ്രവചനം ഇപ്പോഴത്തെ മോശമായ അവസ്ഥകൾ മുൻകൂട്ടിപ്പറഞ്ഞതെങ്ങനെ?
7 നമ്മുടെ നൂറ്റാണ്ടിലെ സംഭവഗതികളുടെ ഈ ഭയാനക പ്രവണതയെക്കുറിച്ചു ബൈബിൾ പ്രവചനം കൃത്യമായി മുൻകൂട്ടിപ്പറഞ്ഞിരുന്നു. ആഗോള യുദ്ധങ്ങളും മഹാവ്യാധികളും ഭക്ഷ്യക്ഷാമങ്ങളും പെരുകുന്ന നിയമരാഹിത്യവും ഉണ്ടായിരിക്കുമെന്ന് അതു പറഞ്ഞു. (മത്തായി 24:7-12; ലൂക്കൊസ് 21:10, 11) 2 തിമൊഥെയൊസ് 3:1-5-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനം നാം പരിചിന്തിക്കുമ്പോൾ, ദിവസേനയുള്ള വാർത്താ റിപ്പോർട്ട് കേൾക്കുന്നതുപോലെ തോന്നും. അതു നമ്മുടെ കാലഘട്ടത്തെ “അന്ത്യനാളുകളാ”യും ആളുകളെ ‘സ്വസ്നേഹികളായും പണസ്നേഹികളായും മാതാപിതാക്കളെ അനുസരിക്കാത്തവരായും അവിശ്വസ്തരായും സ്വാഭാവിക പ്രിയമില്ലാത്തവരായും ആത്മനിയന്ത്രണമില്ലാത്തവരായും ഉഗ്രന്മാരായും അഹങ്കാരത്താൽ ചീർത്തവരായും ദൈവപ്രിയരായിരിക്കുന്നതിനുപകരം ഉല്ലാസപ്രിയരായും’ [NW] തിരിച്ചറിയിക്കുന്നു. കൃത്യമായും ലോകം ഇന്ന് അങ്ങനെതന്നെയാണ്. വില്യം ബെന്നറ്റ് അംഗീകരിച്ചുപറഞ്ഞതുപോലെ: “സംസ്കാരം ചീഞ്ഞുനാറിയതിന് . . . ആവശ്യത്തിലധികം തെളിവുകളുണ്ട്.” ഒന്നാം ലോകമഹായുദ്ധത്തോടെ സംസ്കാരം മൺമറഞ്ഞെന്നുപോലും പറയപ്പെട്ടിരിക്കുന്നു.
8. നോഹയുടെ നാളിൽ ദൈവം പ്രളയം വരുത്തിയതെന്തുകൊണ്ട്, ഇതിനു നമ്മുടെ നാളുമായി ബന്ധമുള്ളതെങ്ങനെ?
8 ഇപ്പോഴത്തെ സ്ഥിതിവിശേഷം “ഭൂമി അക്രമംകൊണ്ടു നിറഞ്ഞിരുന്ന” നോഹയുടെ നാളിലെ പ്രളയത്തിനുമുമ്പത്തെ അവസ്ഥയെക്കാളും വഷളാണ്. അന്ന്, ആളുകൾ പൊതുവേ തങ്ങളുടെ മോശമായ വഴികളെക്കുറിച്ച് അനുതപിക്കാൻ വിസമ്മതിച്ചു. അതുകൊണ്ട്, ദൈവം പറഞ്ഞു: “ഭൂമി അവർ നിമിത്തം അക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാൻ അവരെ നശിപ്പിക്കാൻ പോകുകയാണ്.” പ്രളയം ആ അക്രമാസക്ത ലോകത്തിന് അന്തംവരുത്തി.—ഉല്പത്തി 6:11, 13; 7:17-24, NW.
മനുഷ്യരാൽ വിമോചനമില്ല
9, 10. വിമോചനം പ്രദാനം ചെയ്യുന്നതിനായി നാം മനുഷ്യരിലേക്കു നോക്കരുതാത്തത് എന്തുകൊണ്ട്?
9 ഈ മോശമായ അവസ്ഥകളിൽനിന്നു നമ്മെ വിടുവിക്കാൻ മമനുഷ്യന്റെ ശ്രമങ്ങൾക്കു കഴിയുമോ? ദൈവവചനം ഉത്തരം നൽകുന്നു: “നീ പ്രഭുക്കന്മാരിൽ ആശ്രയിക്കരുതു, സഹായിപ്പാൻ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.” “മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല.” (സങ്കീർത്തനം 146:3; യിരെമ്യാവു 10:23) ആയിരക്കണക്കിനു വർഷങ്ങളിലെ ചരിത്രം ആ സത്യം സ്ഥിരീകരിച്ചിരിക്കുന്നു. മനുഷ്യർക്കു സങ്കൽപ്പിക്കാവുന്ന രാഷ്ട്രീയവും സാമ്പത്തികവും സാമൂഹികവുമായ എല്ലാ സമ്പ്രദായങ്ങളും അവർ പരീക്ഷിച്ചുനോക്കിയിട്ടുണ്ടെങ്കിലും സ്ഥിതിഗതികൾ വഷളാകുന്നേയുള്ളൂ. മാനുഷികമായ ഒരു പരിഹാരം ഉണ്ടായിരുന്നെങ്കിൽ, ഇതിനോടകംതന്നെ അതു തെളിയുമായിരുന്നു. പകരം, “മനുഷ്യൻ അവന്റെ ദോഷത്തിനായി മനുഷ്യന്റെമേൽ അധികാരം നടത്തിയിരിക്കുന്നു” എന്നതാണ് യാഥാർഥ്യം.—സഭാപ്രസംഗി 8:9; NW, സദൃശവാക്യങ്ങൾ 29:2; യിരെമ്യാവു 17:5, 6.
10 ഏതാനും വർഷംമുമ്പ്, മുൻ യു.എസ്. ദേശീയ സുരക്ഷിതത്വ ഉപദേഷ്ടാവ് സ്ബീഗ്നീവ് ബ്രെയ്സ്സിൻസ്കീ പ്രസ്താവിച്ചു: “ആഗോള പ്രവണതകളെക്കുറിച്ചുള്ള നിഷ്പക്ഷമായ ഏതൊരു അപഗ്രഥനത്തിന്റെയും അനിവാര്യ നിഗമനം സാമൂഹിക കുഴപ്പങ്ങളും രാഷ്ട്രീയ അസ്വസ്ഥതയും സാമ്പത്തിക പ്രതിസന്ധിയും അന്താരാഷ്ട്ര സംഘർഷങ്ങളും കൂടുതൽ വ്യാപകമായിത്തീരാനിടയുണ്ട് എന്നതാണ്.” അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർത്തു: “ആഗോള അരാജകത്വത്തെ[യാണ്] മനുഷ്യവർഗം അഭിമുഖീകരിക്കുന്നത്.” ലോകാവസ്ഥകളെക്കുറിച്ചുള്ള ആ വിലയിരുത്തൽ ഇന്ന് എന്നത്തെക്കാളുമുപരി ശരിയാണ്. അക്രമം വർധിച്ചിരിക്കുന്ന ഈ കാലഘട്ടത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞുകൊണ്ട്, കണക്റ്റിക്കട്ടിലെ ന്യൂ ഹാവനിൽനിന്നുള്ള രജിസ്റ്ററിലെ ഒരു മുഖപ്രസംഗം പ്രസ്താവിച്ചു: “പിടിച്ചുനിർത്താനാകാത്തവിധം നാം പോയിരിക്കുന്നതായി തോന്നുന്നു.” ഇല്ല, ഈ ലോകത്തിന്റെ അധഃപതനത്തിന് അറുതിയില്ല, കാരണം ഈ അന്ത്യനാളുകളെക്കുറിച്ചുള്ള പ്രവചനം ഇതും പറഞ്ഞിട്ടുണ്ട്: “ദുഷ്ടരും കപടനാട്യക്കാരും വഞ്ചിച്ചും വഞ്ചിക്കപ്പെട്ടും അടിക്കടി അധഃപതിക്കും.”—2 തിമൊഥെയൊസ് 3:13, പി.ഒ.സി. ബൈബിൾ.
11. വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥ തുടച്ചുനീക്കാൻ മനുഷ്യ ശ്രമങ്ങൾക്കു കഴിയുകയില്ലാത്തത് എന്തുകൊണ്ട്?
11 ഈ പ്രവണതകളെ പിമ്പോട്ടടിക്കാൻ മനുഷ്യർക്കു കഴിയുകയില്ല, എന്തെന്നാൽ “ഈ വ്യവസ്ഥിതിയുടെ ദൈവം” സാത്താനാണ്. (2 കൊരിന്ത്യർ 4:4, NW) അതേ, “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19; യോഹന്നാൻ 14:30 കൂടെ കാണുക.) നമ്മുടെ നാളുകളെക്കുറിച്ചു ബൈബിൾ ശരിയായിത്തന്നെ പറയുന്നു: “ഭൂമിക്കും സമുദ്രത്തിന്നും അയ്യോ കഷ്ടം; പിശാചു തനിക്കു അല്പകാലമേയുള്ളു എന്നു അറിഞ്ഞു മഹാക്രോധത്തോടെ നിങ്ങളുടെ അടുക്കൽ ഇറങ്ങിവന്നിരിക്കുന്നു.” (വെളിപ്പാടു 12:12) തന്റെ ഭരണവും തന്റെ ലോകവും അവസാനിക്കാറായിരിക്കുകയാണെന്നു സാത്താന് അറിയാം, അതുകൊണ്ട് അവൻ ‘ആരെയെങ്കിലും വിഴുങ്ങാൻ തിരഞ്ഞുനടക്കുന്ന അലറുന്ന സിംഹ’ത്തെപ്പോലെയാണ്.—1 പത്രൊസ് 5:8.
വിമോചനം സമീപിച്ചിരിക്കുന്നു—ആർക്ക്?
12. വിമോചനം സമീപിച്ചിരിക്കുന്നത് ആർക്ക്?
12 ഭൂമിയിലെ പൂർവാധികം ദുഷ്കരമായിക്കൊണ്ടിരിക്കുന്ന അവസ്ഥകൾ ഒരു വൻ മാറ്റം—തീർച്ചയായും ഒരു മഹനീയ വിമോചനം—സമീപിച്ചിരിക്കുകയാണെന്നതിനുള്ള ശ്രദ്ധേയമായ തെളിവാണ്! ആർക്ക്? മുന്നറിയിപ്പിൻ അടയാളങ്ങൾക്കു ശ്രദ്ധകൊടുത്ത് ഉചിതമായ നടപടി സ്വീകരിക്കുന്നവർക്കു വിമോചനം അടുത്തുവരുകയാണ്. എന്തു ചെയ്യണമെന്ന് ഒന്നു യോഹന്നാൻ 2:17 പ്രകടമാക്കുന്നുണ്ട്: “ലോകവും [സാത്താന്റെ വ്യവസ്ഥിതിയും] അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—2 പത്രൊസ് 3:10-13 കൂടെ കാണുക.
13, 14. ഉണർന്നിരിക്കേണ്ടതിന്റെ ആവശ്യം യേശു ഊന്നിപ്പറഞ്ഞതെങ്ങനെ?
13 “ലോകാരംഭംമുതൽ ഇന്നുവരെയും സംഭവിച്ചിട്ടില്ലാത്തതും ഇനിമേൽ സംഭവിക്കാത്തതു”മായ ഒരു കഷ്ടസമയത്ത് ഇന്നത്തെ ദുഷിച്ച സമൂഹം താമസിയാതെ തുടച്ചുനീക്കപ്പെടുമെന്നു യേശു മുൻകൂട്ടിപ്പറയുകയുണ്ടായി. (മത്തായി 24:21) അതുകൊണ്ടാണ് അവൻ ഇങ്ങനെ മുന്നറിയിപ്പു നൽകിയത്: ‘നിങ്ങളുടെ ഹൃദയം അതിഭക്ഷണത്താലും മദ്യപാനത്താലും ഉപജീവനചിന്തകളാലും ഭാരപ്പെട്ടിട്ടു ആ ദിവസം നിങ്ങൾക്കു പെട്ടെന്നു കെണിപോലെ വരാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ. അതു സർവ്വഭൂതലത്തിലും വസിക്കുന്ന ഏവർക്കും വരും. ആകയാൽ ഈ സംഭവിപ്പാനുള്ള എല്ലാററിന്നും ഒഴിഞ്ഞുപോകുവാൻ നിങ്ങൾ പ്രാപ്തരാകേണ്ടതിന്നു സദാകാലവും ഉണർന്നും പ്രാർത്ഥിച്ചുംകൊണ്ടിരിപ്പിൻ.’—ലൂക്കൊസ് 21:34-36.
14 ‘സൂക്ഷിച്ചുകൊള്ളുകയും ഉണർന്നിരിക്കുകയും’ ചെയ്യുന്നവർ ദൈവേഷ്ടം അന്വേഷിച്ചുകണ്ടെത്തി അതു ചെയ്യും. (സദൃശവാക്യങ്ങൾ 2:1-5; റോമർ 12:2) ഉടനടി സാത്താന്റെ വ്യവസ്ഥിതിക്കുമേൽ വരുത്തുന്ന നാശത്തിൽനിന്ന് ‘ഒഴിഞ്ഞുപോകാൻ പ്രാപ്തിയുള്ളവ’ർ ഇവരായിരിക്കും. തങ്ങൾക്കു വിമോചനം ലഭിക്കുമെന്ന് അവർക്കു പൂർണ ഉറപ്പ് ഉണ്ടായിരിക്കാവുന്നതാണ്.—സങ്കീർത്തനം 34:15; സദൃശവാക്യങ്ങൾ 10:28-30.
മുഖ്യ വിമോചകൻ
15, 16. മുഖ്യ വിമോചകൻ ആർ, അവന്റെ ന്യായവിധികൾ നീതിനിഷ്ഠമായിരിക്കുമെന്നു നമുക്ക് ഉറപ്പുള്ളതെന്തുകൊണ്ട്?
15 ദൈവദാസന്മാർക്കു വിമോചനം ലഭിക്കണമെങ്കിൽ, സാത്താനെയും അവന്റെ ലോകവ്യാപകമായ മുഴു വ്യവസ്ഥിതിയെയും നീക്കണം. ഇതിനു മനുഷ്യരെക്കാൾ വളരെ വളരെ ശക്തിയുള്ള ഒരു വിമോചകൻ ആവശ്യമാണ്. അവൻ ഭയഗംഭീരമായ പ്രപഞ്ചത്തിന്റെ സർവശക്തനായ സ്രഷ്ടാവ്, പരമാധികാരിയായ യഹോവയാം ദൈവമാണ്. അവനാണ് മുഖ്യ വിമോചകൻ: “ഞാൻ, ഞാൻ തന്നേ, യഹോവ; ഞാനല്ലാതെ ഒരു രക്ഷിതാവുമില്ല.”—യെശയ്യാവു 43:11, 12ബി; സദൃശവാക്യങ്ങൾ 18:10.
16 യഹോവയിൽ ശക്തി, ജ്ഞാനം, നീതി, സ്നേഹം എന്നിവ അവയുടെ പരമാവധി അളവിൽത്തന്നെ ഉണ്ട്. (സങ്കീർത്തനം 147:5; സദൃശവാക്യങ്ങൾ 2:6; യെശയ്യാവു 61:8; 1 യോഹന്നാൻ 4:8) അതുകൊണ്ട് അവൻ തന്റെ ന്യായവിധികൾ നടപ്പാക്കുമ്പോൾ, അവന്റെ പ്രവൃത്തികൾ നീതിനിഷ്ഠമായിരിക്കുമെന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാവുന്നതാണ്. അബ്രാഹാം ചോദിച്ചു: “സർവ്വഭൂമിക്കും ന്യായാധിപതിയായവൻ നീതി പ്രവൃത്തിക്കാതിരിക്കുമോ?” (ഉല്പത്തി 18:24-33) പൗലൊസ് ഉദ്ഘോഷിച്ചു: “ദൈവത്തിന്റെ പക്കൽ അനീതി ഉണ്ടോ? ഒരുനാളും ഇല്ല.” (റോമർ 9:14) യോഹന്നാൻ എഴുതി: “അതേ, സർവ്വശക്തിയുള്ള ദൈവമായ കർത്താവേ [“യഹോവേ,” NW], നിന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ.”—വെളിപ്പാടു 16:7.
17. കഴിഞ്ഞ കാലത്ത് യഹോവയുടെ ദാസർ അവന്റെ വാഗ്ദാനത്തിൽ ഉറപ്പു പ്രകടമാക്കിയതെങ്ങനെ?
17 യഹോവ വിമോചനം വാഗ്ദാനം ചെയ്യുമ്പോൾ, അവൻ അതു കണിശമായും നിവർത്തിക്കും. യോശുവ പറഞ്ഞു: “യഹോവ . . . അരുളിച്ചെയ്ത വാഗ്ദാനങ്ങളിൽ ഒന്നും വൃഥാവാകാതെ സകലവും നിവൃത്തിയായി.” (യോശുവ 21:45) ശലോമോൻ പ്രസ്താവിച്ചു: “അവൻ . . . അരുളിച്ചെയ്ത അവന്റെ നല്ല വാഗ്ദാനങ്ങളെല്ലാററിലും വെച്ചു ഒന്നെങ്കിലും നിഷ്ഫലമായിട്ടില്ലല്ലോ.” (1 രാജാക്കന്മാർ 8:56) അബ്രാഹാം “ദൈവത്തിന്റെ വാഗ്ദത്തത്തിങ്കൽ അവിശ്വാസത്താൽ സംശയിക്കാതെ . . . [ദൈവം] വാഗ്ദത്തം ചെയ്തതു പ്രവർത്തിപ്പാനും ശക്തൻ എന്നു പൂർണ്ണമായി ഉറെച്ചു” എന്നു പൗലൊസ് എഴുതി. അതുപോലെതന്നെ സാറയും ‘വാഗ്ദത്തം ചെയ്ത ദൈവത്തെ വിശ്വസ്തൻ എന്നു എണ്ണി.’—റോമർ 4:20, 21; എബ്രായർ 11:11.
18. തങ്ങൾക്കു വിമോചനമുണ്ടാകുമെന്ന് യഹോവയുടെ ഇന്നത്തെ ദാസർക്ക് ഉറപ്പുണ്ടായിരിക്കാവുന്നതെങ്ങനെ?
18 മനുഷ്യരിൽനിന്നു വ്യത്യസ്തമായി, യഹോവ പൂർണമായും ആശ്രയയോഗ്യനാണ്, വാക്കു പാലിക്കുന്നവനാണ്. “സൈന്യങ്ങളുടെ യഹോവ ആണയിട്ടു അരുളിച്ചെയ്യുന്നതു: ഞാൻ വിചാരിച്ചതുപോലെ സംഭവിക്കും; ഞാൻ നിർണ്ണയിച്ചതുപോലെ നിവൃത്തിയാകും.” (യെശയ്യാവു 14:24) അതുകൊണ്ട്, “ദൈവഭക്തിയുള്ള ആളുകളെ പീഡാനുഭവത്തിൽനിന്ന് എങ്ങനെ വിടുവിക്കാമെന്നും എന്നാൽ ഛേദിക്കപ്പെടുന്നതിനുള്ള ന്യായവിധി ദിവസത്തിനായി നീതികെട്ടവരായ ആളുകളെ എങ്ങനെ സൂക്ഷിക്കാമെന്നും യഹോവയ്ക്ക് അറിയാ”മെന്നു ബൈബിൾ പറയുമ്പോൾ, അതു സംഭവിക്കുമെന്നു നമുക്കു പൂർണ ഉറപ്പുണ്ടായിരിക്കാവുന്നതാണ്. (2 പത്രൊസ് 2:9, NW) തന്റെ പ്രവാചകന്മാരിൽ ഒരാൾക്കു കൊടുത്ത പിൻവരുന്ന വാഗ്ദാനത്തിൽ പ്രതിഫലിച്ചിരിക്കുന്ന അവന്റെ മനോഭാവം നിമിത്തം, ശക്തരായ ശത്രുക്കളാൽ നശിപ്പിക്കപ്പെടുമെന്ന ഭീഷണിയുള്ളപ്പോൾപ്പോലും യഹോവയുടെ ദാസന്മാർ ധൈര്യപ്പെടുന്നു: “അവർ നിന്നോടു യുദ്ധം ചെയ്യും; നിന്നെ ജയിക്കയില്ലതാനും; നിന്നെ രക്ഷിപ്പാൻ ഞാൻ നിന്നോടുകൂടെ ഉണ്ടു എന്നു യഹോവയുടെ അരുളപ്പാടു.”—യിരെമ്യാവു 1:19; സങ്കീർത്തനം 33:18, 19; തീത്തൊസ് 1:2.
കഴിഞ്ഞകാല വിമോചനങ്ങൾ
19. യഹോവ ലോത്തിനെ വിടുവിച്ചതെങ്ങനെ, നമ്മുടെ നാളിൽ അതിന് എന്തു സമാന്തരമുണ്ട്?
19 യഹോവ മുമ്പു നടത്തിയ വിമോചന പ്രവൃത്തികളിൽ ചിലതു വിവരിക്കുന്നതിൽനിന്നു നമുക്കു വലിയ പ്രോത്സാഹനം ലഭിക്കും. ഉദാഹരണത്തിന്, സൊദോം, ഗൊമോറ എന്നീ പട്ടണങ്ങളിലെ ദുഷ്ടതനിമിത്തം ലോത്തിന്റെ ‘മനസ്സ് നൊന്തു.’ എന്നാൽ യഹോവ ആ നഗരങ്ങൾക്കെതിരെയുള്ള “നിലവിളി” ശ്രദ്ധിച്ചു. കൃത്യ സമയത്ത് ലോത്തിനെയും കുടുംബത്തെയും ആ മേഖല വിട്ടു പുറത്തുവരാൻ ഉത്സാഹിപ്പിക്കുന്നതിന് അവൻ സന്ദേശകരെ അയച്ചു. ഫലമോ? യഹോവ “നീതിമാനായ ലോത്തിനെ വിടുവിക്കയും” “സൊദോം ഗൊമോറ എന്ന പട്ടണങ്ങളെ ഭസ്മീകരി”ക്കുകയും ചെയ്തു. (2 പത്രൊസ് 2:6-8; ഉല്പത്തി 18:20, 21) ഇന്നും യഹോവ ഈ ലോകത്തിന്റെ കൊടും ദുഷ്ടതയ്ക്കെതിരെയുള്ള നിലവിളിക്കു ശ്രദ്ധ കൊടുക്കുന്നുണ്ട്. താൻ ആഗ്രഹിക്കുന്ന അളവോളം തന്റെ ആധുനികകാല സന്ദേശവാഹകർ അടിയന്തിര സാക്ഷീകരണവേല നിവർത്തിച്ചുകഴിയുമ്പോൾ, അവൻ ഈ ലോകത്തിനെതിരെ പ്രവർത്തിക്കുകയും ലോത്തിനെ മോചിപ്പിച്ചതുപോലെ തന്റെ ദാസന്മാരെ മോചിപ്പിക്കുകയും ചെയ്യും.—മത്തായി 24:14.
20. യഹോവ പുരാതന ഇസ്രായേലിനെ ഈജിപ്തിൽനിന്നു വിടുവിച്ചത് വർണിക്കുക.
20 പുരാതന ഈജിപ്തിൽ ലക്ഷക്കണക്കിനുവരുന്ന ദൈവജനത അടിമത്തത്തിലായിരുന്നു. അവരെക്കുറിച്ചു യഹോവ പറഞ്ഞു: ‘ഞാൻ അവരുടെ നിലവിളി കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു. അവരെ വിടുവിപ്പാൻ ഞാൻ ഇറങ്ങിവന്നിരിക്കുന്നു.’ (പുറപ്പാടു 3:7, 8) എന്നാൽ ദൈവജനതയെ പോകാൻ അനുവദിച്ചതിനുശേഷം, ഫറവോൻ മനസ്സു മാറ്റി തന്റെ ശക്തമായ സൈന്യവുമായി അവരെ പിന്തുടർന്നു. ഇസ്രായേല്യർ ചെങ്കടലിൽ കുടുങ്ങിയതുപോലെയായി. എങ്കിലും മോശ പറഞ്ഞു: “ഭയപ്പെടേണ്ടാ; ഉറച്ചുനില്പിൻ; യഹോവ ഇന്നു നിങ്ങൾക്കു ചെയ്വാനിരിക്കുന്ന രക്ഷ കണ്ടുകൊൾവിൻ.” (പുറപ്പാടു 14:8-14) യഹോവ ചെങ്കടലിനെ വിഭജിച്ചു. ഇസ്രായേല്യർ രക്ഷപ്പെടുകയും ചെയ്തു. ഫറവോന്റെ സൈന്യം അവർക്കു തൊട്ടു പിന്നിലെത്തിയെങ്കിലും അവർക്കെതിരെ യഹോവ തന്റെ ശക്തി ഉപയോഗിച്ചു. “ആഴി അവരെ മൂടി; അവർ കല്ലുപോലെ ആഴത്തിൽ താണു.” അതിനുശേഷം മോശ യഹോവയ്ക്ക് ആഹ്ലാദഗീതം ആലപിച്ചു: “വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ?”—പുറപ്പാടു 15:4-12, 19.
21. അമ്മോന്യർ, മോവാബ്യർ, സെയിർ എന്നിവരിൽനിന്ന് യഹോവയുടെ ജനത്തിനു വിമോചനം ലഭിച്ചതെങ്ങനെ?
21 മറ്റൊരവസരത്തിൽ, അമ്മോന്യർ, മോവാബ്യർ, സെയിർ (ഏദോമ്യർ) എന്നീ ശത്രുജനതകൾ യഹോവയുടെ ജനത്തെ നശിപ്പിക്കുമെന്ന ഭീഷണി ഉയർത്തി. യഹോവ പറഞ്ഞു: “ഈ വലിയ [ശത്രു]സമൂഹം നിമിത്തം ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റെതത്രേ. . . . ഈ പടയിൽ പൊരുതുവാൻ നിങ്ങൾക്കു ആവശ്യം ഇല്ല; . . . നിങ്ങൾ സ്ഥിരമായി നിന്നു യഹോവ നിങ്ങൾക്കു വരുത്തുന്ന രക്ഷ കണ്ടുകൊൾവിൻ.” യഹോവ ശത്രു സൈന്യത്തിനിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് അവരെ പരസ്പരം കൊല്ലിച്ച് തന്റെ ജനത്തെ രക്ഷിച്ചു.—2 ദിനവൃത്താന്തം 20:15-23.
22. യഹോവ ഇസ്രായേലിന് അസ്സീറിയക്കാരിൽനിന്ന് എന്ത് അത്ഭുതകരമായ വിമോചനം കൊടുത്തു?
22 അസ്സീറിയൻ ലോകശക്തി യെരൂശലേമിനെതിരെ വന്നപ്പോൾ, സൻഹേരീബ് രാജാവ് മതിലിന്മേലുള്ള ജനത്തോട് ഇങ്ങനെ പറഞ്ഞുകൊണ്ട് യഹോവയെ നിന്ദിച്ചു: “യഹോവ യെരൂശലേമിനെ എന്റെ കയ്യിൽനിന്നു വിടുവിപ്പാൻ [ഞാൻ കയ്യടക്കിയിട്ടുള്ള] ആ ദേശങ്ങളിലെ സകല ദേവന്മാരിലും വെച്ചു ഒരുത്തൻ തന്റെ ദേശത്തെ എന്റെ കയ്യിൽനിന്നു വിടുവിച്ചുവോ?” അവൻ ദൈവദാസന്മാരോടു പറഞ്ഞു: “യഹോവ നമ്മെ നിശ്ചയമായി വിടുവിക്കും . . . എന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ യഹോവയിൽ ആശ്രയിക്കുമാറാക്കുകയും അരുതു.” പിന്നെ “നീ ഒരുത്തൻ മാത്രം യഹോവ എന്നു ഭൂമിയിലെ സകലരാജ്യങ്ങളും അറിയേണ്ടതിന്നു” തങ്ങളെ മോചിപ്പിക്കണമെന്നു പറഞ്ഞ് ഹിസ്കീയാവു മനംനൊന്തു പ്രാർഥിച്ചു. യഹോവ 1,85,000 അസ്സീറിയൻ പടയാളികളെ വകവരുത്തി. ദൈവജനത്തിനു വിമോചനം ലഭിച്ചു. പിന്നീട്, സൻഹേരീബ് വ്യാജ ദൈവത്തെ ആരാധിച്ചുകൊണ്ടിരുന്നപ്പോൾ, അവന്റെ പുത്രന്മാർ അവനെ വധിച്ചു.—യെശയ്യാവു 36, 37 അധ്യായങ്ങൾ.
23. ഇന്നത്തെ വിമോചനം സംബന്ധിച്ച് ഏതെല്ലാം ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കണം?
23 കഴിഞ്ഞ കാലത്ത് യഹോവ തന്റെ ജനത്തെ അത്ഭുതകരമായി വിടുവിച്ചതെങ്ങനെയെന്നു മനസ്സിലാക്കുമ്പോൾ തീർച്ചയായും നമുക്കു ധൈര്യപ്പെടാൻ സാധിക്കും. ഇന്നത്തെ കാര്യമോ? അവന്റെ അത്ഭുതകരമായ വിമോചനം ആവശ്യമാക്കിത്തീർക്കുന്ന ഏത് അപകടാവസ്ഥയിലാണ് അവന്റെ വിശ്വസ്ത ദാസന്മാർ ഉടൻ അകപ്പെടുക? അവരുടെ വിമോചനം സാധ്യമാക്കാൻ അവൻ ഇത്രയും നാൾ കാത്തിരുന്നത് എന്തുകൊണ്ടാണ്? “ഇതു സംഭവിച്ചുതുടങ്ങുമ്പോൾ നിങ്ങളുടെ വീണ്ടെടുപ്പു അടുത്തുവരുന്നതുകൊണ്ടു നിവർന്നു തല പൊക്കുവിൻ” എന്ന യേശുവിന്റെ വാക്കുകൾക്ക് എന്തു നിവൃത്തിയുണ്ടാകും? (ലൂക്കൊസ് 21:28) ഇതിനോടകംതന്നെ മരിച്ചുപോയ ദൈവദാസന്മാർക്ക് എങ്ങനെ വിമോചനം ലഭിക്കും? പിൻവരുന്ന ലേഖനം ഈ ചോദ്യങ്ങൾ ചർച്ചചെയ്യുന്നതായിരിക്കും.
പുനരവലോകന ചോദ്യങ്ങൾ
□ വിമോചനത്തിന്റെ വലിയ ആവശ്യമുള്ളതെന്തുകൊണ്ട്?
□ വിമോചനത്തിനായി നാം മനുഷ്യരിലേക്കു നോക്കരുതാത്തതെന്തുകൊണ്ട്?
□ വിമോചനം സമീപിച്ചിരിക്കുന്നത് ആർക്ക്?
□ യഹോവയുടെ വിമോചനത്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നതെന്തുകൊണ്ട്?
□ കഴിഞ്ഞകാല വിമോചനങ്ങളുടെ ഏതു ദൃഷ്ടാന്തങ്ങൾ പ്രോത്സാഹജനകമാണ്?
[10-ാം പേജിലെ ചിത്രം]
യഹോവയിൽ പൂർണ വിശ്വാസമുണ്ടായിരുന്നവർക്കിടയിൽ അബ്രാഹാമും ഉണ്ട്