യഹോവയുടെ സ്വർഗ്ഗീയരഥം സഞ്ചാരത്തിൽ
“ചക്രങ്ങളെസംബന്ധിച്ചാണെങ്കിൽ, എന്റെ കാതുകളിൽ ‘ഹാ, ചക്രവേല’ എന്ന് അവയോട് വിളിച്ചുപറയപ്പെട്ടു!”—യെഹെസ്ക്കേൽ 10:13.
1. യഹോവക്ക് ഏത് ഗതാഗത രീതിയാണുള്ളത്?
മോടിയുള്ള ജററ്വിമാനങ്ങളുടെ ഈ നാളുകളിൽ യാത്രാകാര്യക്ഷമതയിൽ തങ്ങൾ ആത്യന്തികമായത് തങ്ങൾ ആസ്വദിക്കുന്നുണ്ടെന്ന് ലോകനേതാക്കൾ വിചാരിച്ചേക്കാം. എന്നിരുന്നാലും, 2,600 വർഷം മുമ്പ് തനിക്ക് അതിവിശിഷ്ടമായ ഒരു ഗതാഗത രീതിയുണ്ടെന്ന് യഹോവയാം ദൈവം വെളിപ്പെടുത്തി. അതിനോടു സമാനമായവ യാതൊരു എൻജിനിയറും ഒരിക്കലും കണ്ടിട്ടില്ല. അത് വിസ്തൃതമായ ഒരു ഭയജനക രഥമാണ്! അഖിലാണ്ഡത്തിന്റെ സ്രഷ്ടാവ് ഒരു രഥസമാനമായ വാഹനത്തിൽ സവാരിചെയ്യുന്നത് വിചിത്രമായി തോന്നുന്നുവോ? ഇല്ല, എന്തുകൊണ്ടെന്നാൽ യഹോവയുടെ സ്വർഗ്ഗീയ വാഹനം മനുഷ്യർ സങ്കൽപ്പിച്ചിട്ടുള്ള ഏതിനെക്കാളും അതിയായി വ്യത്യസ്തമാണ്.
2. യെഹെസ്ക്കേൽ 1-ാം അദ്ധ്യായം യഹോവയുടെ സ്വർഗ്ഗീയ രഥത്തെ ചിത്രീകരിക്കുന്നതെങ്ങനെ, പ്രവാചകൻ ആദ്യമായി ആരിലേക്ക് നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നു?
2 യെഹെസ്ക്കേലിന്റെ പ്രവചനത്തിന്റെ ഒന്നാം അദ്ധ്യായത്തിൽ യഹോവ ബൃഹത്തായ ഒരു സ്വർഗ്ഗീയ രഥത്തിൽ സഞ്ചരിക്കുന്നതായി ചിത്രീകരിക്കപ്പെട്ടിരിക്കുന്നു. നാലു ചക്രങ്ങളോടുകൂടിയ ഈ ഭയജനകമായ വാഹനം സ്വയം മുന്നോട്ടുതള്ളിനീക്കപ്പെടുന്നതും അത്ഭുതകാര്യങ്ങൾ ചെയ്യുന്നതുമാണ്. ക്രി.മു. 613-ൽ ആണ് യെഹെസ്ക്കേൽ ഈ സ്വർഗ്ഗീയ രഥത്തെ ദർശനത്തിൽ കണ്ടത്, അപ്പോൾ അവൻ പുരാതന ബാബിലോണിലെ തോടുകളിലൊന്നിന്റെ തീരത്തായിരുന്നു. പ്രവാചകൻ ആദ്യമായി യഹോവയുടെ സ്വർഗ്ഗീയ രഥത്തെ അകമ്പടി സേവിക്കുന്നവരിലേക്ക് നമ്മുടെ ശ്രദ്ധ ആകർഷിക്കുന്നു. നാം അത് വായിക്കുമ്പോൾ നമുക്ക് യെഹെസ്ക്കേൽ കണ്ടതിനെ വിഭാവനചെയ്യാൻ ശ്രമിക്കാം.
നാലു ജീവികൾ
3. നാലു കെരൂബുകളിലോരോന്നിന്റെയും നാലു മുഖങ്ങളാൽ എന്ത് സൂചിപ്പിക്കപ്പെടുന്നു?
3 യെഹെസ്ക്കേൽ റിപ്പോർട്ടുചെയ്യുന്നു: “ഞാൻ കാണാൻ തുടങ്ങി, നോക്കൂ! വടക്കുനിന്ന് ഒരു കൊടുങ്കാററും ഒരു വലിയ മേഘപിണ്ഡവും പാളിക്കത്തുന്ന തീയും വരുന്നതു കണ്ടു, അതിനു ചുററുമെല്ലാം ഒരു ശോഭയുണ്ടായിരുന്നു . . . അതിന്റെ മദ്ധ്യത്തിൽനിന്ന് നാലു ജീവികളുടെ സാദൃശ്യമുണ്ടായിരുന്നു.” (യെഹെസ്ക്കേൽ 1:4, 5) ഈ നാലു ജീവികളിൽ അല്ലെങ്കിൽ കെരൂബുകളിൽ ഓരോന്നിനും നാലു ചിറകുകളും നാലു മുഖങ്ങളുമുണ്ടായിരുന്നു. അവക്ക് യഹോവയുടെ നീതിയെ സൂചിപ്പിക്കുന്ന ഒരു സിംഹത്തിന്റെ മുഖവും ദൈവത്തിന്റെ ശക്തിയെ പ്രതിനിധാനംചെയ്യുന്ന ഒരു കാളയുടെ മുഖവും അവന്റെ ജ്ഞാനത്തെ അർത്ഥമാക്കുന്ന ഒരു കഴുകന്റെ മുഖവും ഉണ്ടായിരുന്നു. അവക്ക് യഹോവയുടെ സ്നേഹത്തെ കുറിക്കുന്ന ഒരു മമനുഷ്യന്റെ മുഖവുമുണ്ടായിരുന്നു.—ആവർത്തനം 32:4; ഇയ്യോബ് 12:13; യെശയ്യാവ് 40:26; യെഹെസ്ക്കേൽ 1:10; 1 യോഹന്നാൻ 4:8.
4. കെരൂബുകൾക്ക് നാല് മുഖങ്ങൾ ഉണ്ടായിരുന്നതെന്തുകൊണ്ട്, വേഗതയുടെ കാര്യത്തിൽ കെരൂബുകൾ എന്തുപോലെയായിരുന്നു?
4 ഓരോ കെരൂബിനും നാലു ദിശകളിലൊന്നിലേക്കു നോക്കുന്ന ഒരു മുഖമുണ്ടായിരുന്നു. അതുകൊണ്ട് കെരൂബുകൾക്ക് ക്ഷണത്തിൽ ഗതി മാററുന്നതിനും അഭിലഷിക്കപ്പെടുന്ന ദിശയിലേക്ക് നോക്കിയ മുഖത്തെ അനുഗമിക്കുന്നതിനും കഴിയുമായിരുന്നു. എന്നാൽ ആ കെരൂബുകൾ വേഗതയിൽ എന്തുപോലെയായിരുന്നു? എന്തിന്, അവക്ക് മിന്നലിന്റെ വേഗത്തിൽ ചലിക്കാൻ കഴിയുമായിരുന്നു! (യെഹെസ്ക്കേൽ 1:14) മനുഷ്യനിർമ്മിതമായ യാതൊരു വാഹനവും ഒരിക്കലും ആ വേഗത നേടിയിട്ടില്ല.
5. യെഹെസ്ക്കേൽ രഥങ്ങളുടെ ചക്രങ്ങളെയും അവയുടെ പട്ടകളെയും വർണ്ണിച്ചതെങ്ങനെ?
5 പെട്ടെന്ന് രഥത്തിന്റെ ചക്രങ്ങൾ കാഴ്ചയിൽ പെടുന്നു. അവ എത്ര അസാധാരണമാണ്! 16-ഉം 18-ഉം വാക്യങ്ങൾ ഇങ്ങനെ പറയുന്നു: “അവയുടെ കാഴ്ചയും അവയുടെ ഘടനയും ഒരു ചക്രം ഒരു ചക്രത്തിനു മദ്ധ്യേ ആയിരിക്കുമ്പോഴെന്നപോലെയായിരുന്നു. അവയുടെ പട്ടകളെ സംബന്ധിച്ചാണെങ്കിൽ അവക്ക് ഭയത്തിനിടയാക്കത്തക്കവണ്ണമുള്ള ഉയരമുണ്ടായിരുന്നു; അവയുടെ പട്ടകൾ കണ്ണുകൾ നിറഞ്ഞതായിരുന്നു, ആ നാലിനും ചുററുംതന്നെ.” ഓരോ കെരൂബിനോടുംകൂടെയുള്ള ഒരു ചക്രം ബന്ധപ്പെട്ട നാലു സ്ഥലങ്ങളിലെ നാലു ചക്രങ്ങളിൽ കലാശിക്കും. ചക്രങ്ങൾ സുതാര്യമോ അർദ്ധ താര്യമോ ആയ മഞ്ഞയോ പച്ചയോ നിറമുള്ള ചന്ദ്രകാന്തം പോലെ ജ്വലിച്ചു. ഇത് ഈ മഹത്തായ ദർശനത്തിന് വെളിച്ചവും മനോഹാരിതയും കൂട്ടുന്നു. ചക്രങ്ങളുടെ പട്ടകൾക്ക് “ചുററും കണ്ണുകൾ നിറഞ്ഞി”രുന്നതിനാൽ അവ അന്ധമായി ഏതെങ്കിലും ദിശയിൽ പോകുകയായിരുന്നില്ല. ചക്രങ്ങൾ അത്യധികം ഉയർന്നതായിരുന്നു, അച്ചുതണ്ടിലെ ഒററ കറക്കംകൊണ്ട് വലിയ ദൂരം പിന്നിടാൻ കഴിയുന്നത്. നാലു കെരൂബുകളെയും പോലെ അവക്ക് മിന്നൽപോലെ വേഗത്തിൽ നീങ്ങാൻ കഴിഞ്ഞു.
ചക്രങ്ങൾക്കുള്ളിൽ ചക്രങ്ങൾ
6. (എ) രഥത്തിന് ചക്രത്തിനുള്ളിൽ ചക്രങ്ങൾ ഉണ്ടായിരുന്നതെങ്ങനെ? (ബി) ചക്രങ്ങൾ അവയുടെ നീക്കത്തിന്റെ ദിശ എന്തിനോട് അനുരൂപപ്പെടുത്തി?
6 മറെറാരു സംഗതി അസാധാരണമായിരുന്നു. ഓരോ ചക്രത്തിനും അതിനുള്ളിൽ ഒരു ചക്രമുണ്ടായിരുന്നു—അടിസ്ഥാനചക്രത്തിൽ കുറുകെ യോജിക്കുമാറ് അതേ വ്യാസമുള്ള ഒന്നുതന്നെ. ഈ വിധത്തിൽ മാത്രമേ ചക്രങ്ങൾക്ക് “അവയുടെ നാല് യഥാക്രമ വശങ്ങളിലേക്ക് പോകാൻ” കഴിയുന്നതായി പറയാൻ കഴിയുമായിരുന്നുള്ളു. (വാക്യം 17) ഓരോ ദിശയെയും അഭിമുഖീകരിച്ച് ചക്രത്തിന്റെ ഒരു വശം ഉണ്ടായിരുന്നതുകൊണ്ട് ചക്രങ്ങൾക്ക് ദിശ മാറാൻ കഴിയുമായിരുന്നു. ചക്രങ്ങൾ അവയുടെ ചലനദിശ നാലു കെരൂബുകളുടേതിനോടു പൊരുത്തപ്പെടുത്തി. വെള്ളത്തിൻമീതെ തെന്നിനീങ്ങുമ്പോൾ ഒരു വായൂമെത്തയാൽ താങ്ങിനിർത്തപ്പെടുന്ന ശക്തമായ ഒരു ജലവാഹനത്തിനു സമാനമായി ദൈവത്തിന്റെ രഥത്തിന്റെ ചട്ടക്കൂടിന് നാല് ചക്രങ്ങളിൽ സവാരിചെയ്യാൻ കഴിയുമായിരുന്നു.
7. ചക്രങ്ങളുടെ ശക്തിയുടെ ഉറവ് എന്തായിരുന്നു?
7 നാലു ജീവികളുടെ ചലനങ്ങളോടെല്ലാം അനുരൂപപ്പെടുന്നതിന് ചക്രങ്ങൾക്ക് ഈ ശക്തി കിട്ടിയതെവിടെനിന്നാണ്? സർവശക്തനായ ദൈവത്തിന്റെ പരിശുദ്ധാത്മാവിൽനിന്ന്. 20-ാം വാക്യം പറയുന്നു: “ആത്മാവ് പോകാൻ ചായ്വ് കാണിച്ചടത്തെല്ലാം അവ പോകും . . . ജീവികളുടെ ആത്മാവ് ചക്രങ്ങളിലായിരുന്നു.” കെരൂബുകൾക്കുള്ളിലെ ദൈവത്തിന്റെ അതേ അദൃശ്യ പ്രവർത്തനനിരത ശക്തി ആ ചക്രങ്ങളിലുണ്ടായിരുന്നു.
8. ചക്രങ്ങൾക്ക് ഏതു പേർ കൊടുക്കപ്പെട്ടു, എന്തുകൊണ്ട്?
8 ചക്രങ്ങൾ “ചക്രവേല ” എന്ന പദത്താൽ പരാമർശിക്കപ്പെട്ടിരിക്കുന്നു. (യെഹെസ്ക്കേൽ 10:13) പ്രസ്പഷ്ടമായി ഇത് ഓരോ ചക്രവും ചെയ്യുന്ന വേല ഹേതുവായിട്ടായിരുന്നു. അത് കറങ്ങുകയോ ചുററിത്തിരിയുകയോ ചെയ്യുന്നു. സ്വർഗ്ഗീയ രഥത്തിന്റെ ഈ ഭാഗത്തിന്റെ ഈ വിധത്തിലുള്ള നാമകരണം സ്വർഗ്ഗീയരഥം ചരിക്കുന്ന വേഗതയിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നു. അതിന്റെ ചക്രങ്ങൾ വളരെ വേഗത്തിൽ തിരിഞ്ഞുവെങ്കിലും അവ നിറയെ ഉണ്ടായിരുന്ന കണ്ണുകൾ നിമിത്തം അവക്ക് എപ്പോഴും അവയുടെ വഴി കാണാൻ കഴിയുമായിരുന്നു.
9. രഥത്തിന്റെ ത്വരിതഗമനം ചെയ്യുന്ന നാലു ചക്രങ്ങൾക്കു മീതെ ഉണ്ടായിരുന്നതിനെ യെഹെസ്ക്കേൽ വർണ്ണിച്ചതെങ്ങനെ?
9 എന്നാൽ ഇപ്പോൾ നമുക്ക് ഭയജനകമായി ഉയരമുള്ള, ത്വരിതഗമനം ചെയ്യുന്ന, നാലു ചക്രങ്ങൾക്കു മീതെ എന്താണുള്ളതെന്ന് നോക്കിക്കാണാം. യെഹെസ്ക്കേൽ 1-ാം അദ്ധ്യായത്തിന്റെ 22-ാം വാക്യം പറയുന്നു: “ജീവികളുടെ തലകൾക്കു മീതെ ഭയാവഹമായ ഹിമത്തിന്റെ തിളക്കംപോലെ തലകൾക്കുമീതെ ഉയരത്തിൽ നീണ്ടുകിടക്കുന്ന ഒരു വിരിവിന്റെ സാദൃശ്യമുണ്ടായിരുന്നു.” വിരിവ് കട്ടിയുള്ളതായിരുന്നെങ്കിലും അർദ്ധതാര്യമായിരുന്നു, “ഭയാവഹമായ ഹിമത്തിന്റെ തിളക്കംപോലെ.” അത് സൂര്യപ്രകാശം തട്ടുമ്പോൾ ആയിരക്കണക്കിന് വജ്രങ്ങളെപ്പോലെ വെട്ടിത്തിളങ്ങുകയായിരുന്നു. തീർച്ചയായും ഭയജനകംതന്നെ!
തേജസ്വിയായ രഥസഞ്ചാരി
10. (എ) സിംഹാസനവും സിംഹാസനത്തിലിരിക്കുന്നവനും എങ്ങനെ വർണ്ണിക്കപ്പെട്ടു? (ബി) രഥസഞ്ചാരി തേജസ്സിനാൽ ചുററപ്പെട്ടിരിക്കുന്നുവെന്ന വസ്തുതയാൽ സൂചിപ്പിക്കപ്പെടുന്നതെന്ത്?
10 പ്രസ്പഷ്ടമായി, രഥസഞ്ചാരിക്ക് യെഹെസ്ക്കേലിനോട് സംസാരിക്കാൻ കഴിയേണ്ടതിന് രഥം നിൽക്കുന്നു. വിരിവിനു മീതെ ഒരു സിംഹാസനത്തിന്റെ സാദൃശ്യമുണ്ട്, കാഴ്ചയിൽ ഇന്ദ്രനീലം അഥവാ കടുംനീല. സിംഹാസനത്തിൽ ഒരു ഭൗമമനുഷ്യനെപ്പോലെയുള്ള ഒരുവനുണ്ടായിരുന്നു. മനുഷ്യരൂപത്തിന് ഈ ദിവ്യ പ്രത്യക്ഷതയെ വിലമതിക്കാൻ യെഹെസ്ക്കേലിനെ ഏററവും നന്നായി സഹായിക്കാൻ കഴിഞ്ഞു. എന്നാൽ ആ മനുഷ്യരൂപത്തെ തേജസ്സ് ആവരണം ചെയ്തിരിക്കുകയാണ്, തന്നിമിത്തം അത് വെള്ളിയുടെയും സ്വർണ്ണത്തിന്റെയും ഒരു തിളക്കമുള്ള സങ്കരമായ ഇലക്ട്രം പോലെ ജ്വലിക്കുന്നു. എന്തോരു ഉജ്ജ്വലഭംഗി! ഈ മനുഷ്യസമാന രൂപത്തിന്റെ അര മുതൽ ഈ ശ്രേഷ്ഠമായ മഹത്വം മേൽപ്പോട്ടും കീഴ്പോട്ടും വ്യാപിച്ചിരിക്കുന്നു. അങ്ങനെ മുഴുരൂപവും തേജസ്സിനാൽ ചുററപ്പെട്ടിരിക്കുന്നു. ഇത് യഹോവ അവർണ്ണനീയമായി തേജസ്സുള്ളവനാണെന്ന് സൂചിപ്പിക്കുന്നു. തന്നെയുമല്ല രഥസഞ്ചാരിയോടുകൂടെ മനോഹരമായ ഒരു മഴവില്ലും നീങ്ങുന്നു. ഒരു കൊടുങ്കാററിനുശേഷമുള്ള ഒരു മഴവില്ല് എന്തോരു ശാന്തതയെയും സ്വൈരതയെയുമാണ് വിളിച്ചോതുന്നത്! ആ ശാന്തമായ മനോഭാവമുള്ളതിനാൽ യഹോവ തന്റെ ഗുണവിശേഷങ്ങളായ ജ്ഞാനത്തെയും നീതിയെയും ശക്തിയെയും സ്നേഹത്തെയും പൂർണ്ണമായ സമനിലയിൽ നിർത്തുന്നു.
11. യഹോവയുടെ രഥത്തിന്റെയും സിംഹാസനത്തിന്റെയും ദർശനത്താൽ യെഹെസ്ക്കേൽ ബാധിക്കപ്പെട്ടതെങ്ങനെ?
11 യഹോവയുടെ രഥവും സിംഹാസനവും പ്രകാശത്താലും മനോഹരമായ നിറങ്ങളാലും ചുററപ്പെട്ടിരിക്കുന്നു. ഇരുട്ടിന്റെയും നിഗൂഢതയുടെയും പ്രഭുവായ സാത്താനിൽ നിന്ന് എത്ര വ്യത്യസ്തം! ഇതിനാലെല്ലാം യെഹെസ്ക്കേൽ എങ്ങനെ ബാധിക്കപ്പെട്ടു? “ഞാൻ അതു കണ്ടപ്പോൾ ഞാൻ കവിണ്ണുവീണു, സംസാരിക്കുന്ന ഒരുവന്റെ ശബ്ദവും ഞാൻ കേട്ടു.”—യെഹെസ്ക്കേൽ 1:28.
രഥം ചിത്രീകരിച്ചത്
12. യഹോവയുടെ സ്വർഗ്ഗീയ രഥത്താൽ ചിത്രീകരിക്കപ്പെടുന്നതെന്ത്?
12 ഈ അത്ഭുതകരമായ രഥം എന്തിനെയാണ് ചിത്രീകരിക്കുന്നത്? യഹോവയാം ദൈവത്തിന്റെ ആത്മീയ സ്ഥാപനത്തെ. അത് അദൃശ്യമണ്ഡലത്തിലെ സകല വിശുദ്ധ ആത്മജീവികളും ചേർന്നുണ്ടായിരിക്കുന്നതാണ്—സെറാഫുകളും കെരൂബുകളും ദൂതൻമാരും. യഹോവ അത്യുന്നത ദൈവമായതിനാൽ അവന്റെ ആത്മജീവികളെല്ലാം അവന് കീഴ്പെട്ടിരിക്കുന്നു. അവൻ കരുണാപൂർവം അവരെ ഭരിക്കുന്നുവെന്നും തന്റെ ഉദ്ദേശ്യപ്രകാരം അവയെ ഉപയോഗിക്കുന്നുവെന്നുമുള്ള അർത്ഥത്തിലാണ് അവയുടെമേൽ സഞ്ചരിക്കുന്നത്.—സങ്കീർത്തനം 103:20.
13. (എ) യഹോവ തന്റെ സ്ഥാപനത്തിൻമേൽ സവാരിചെയ്യുന്നുവെന്ന് പറയാൻ കഴിയുന്നതെന്തുകൊണ്ട്? (ബി) സഞ്ചാരത്തിലായിരിക്കുന്ന നാലു ചക്രങ്ങളുള്ള യഹോവയുടെ രഥത്തിന്റെ ദർശനം നിങ്ങളെ ബാധിക്കുന്നതെങ്ങനെ?
13 യഹോവ ഒരു രഥത്തിൻമേൽ എന്നപോലെ ഈ സ്ഥാപനത്തിൻമേൽ സവാരിചെയ്യുകയും തന്റെ ആത്മാവ് നീങ്ങാൻ പ്രേരിപ്പിക്കുന്നടത്തേക്കെല്ലാം അത് നീങ്ങാനിടയാക്കുകയും ചെയ്യുന്നു. അത് നിയന്ത്രണമോ ബുദ്ധിപൂർവകമായ മേൽനോട്ടമോ കൂടാതെ വന്യമായി ഓടുകയല്ല. ഈ സ്ഥാപനത്തിന് പോകാൻ ചായ്വുണ്ടായിരിക്കാവുന്ന എതു ദിശയിലേക്കും പോകാൻ യഹോവ അതിനെ അനുവദിക്കുന്നില്ല. പകരം അത് അവന്റെ മാർഗ്ഗനിർദ്ദേശം അനുസരിക്കുന്നു. ഒത്തുചേർന്ന് സകലരും ദൈവത്തിന്റെ ലക്ഷ്യങ്ങളുടെ പൂർണ്ണസാക്ഷാത്ക്കാരത്തിലേക്ക് മുമ്പോട്ടു നീങ്ങുകയാണ്. നാലു ചക്രങ്ങളിൽ സഞ്ചാരത്തിലായിരിക്കുന്ന യഹോവയുടെ സ്വർഗ്ഗീയ രഥത്തിന്റെ ഈ ദർശനത്താൽ എന്തോരത്ഭുതകരമായ സ്വർഗ്ഗീയ സ്ഥാപനമാണ് വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്! ഇതിനു ചേർച്ചയിൽ യഹോവയുടെ സ്ഥാപനം ചതുരത്തിലായിരിക്കുന്നതായി, പൂർണ്ണ സമനിലയിലായിരിക്കുന്നതായി പ്രതിനിധാനംചെയ്യപ്പെട്ടിരിക്കുന്നു.
ഒരു കാവൽക്കാരനായി നിയമിക്കപ്പെടുന്നു
14. യെഹെസ്ക്കേൽ പ്രവാചകനാൽ ചിത്രീകരിക്കപ്പെടുന്നതാർ?
14 എന്നാൽ പ്രവാചകനായ യെഹെസ്ക്കേൽ ചിത്രീകരിക്കുന്നതാരെയാണ്? ചരിത്രവസ്തുതകളനുസരിച്ച്, യഹോവയുടെ ആത്മാഭിഷിക്ത സാക്ഷികളുടെ സമൂഹം ഈ സ്വർഗ്ഗീയ രഥത്തോട് ബന്ധപ്പെട്ടിരിക്കുന്നതായി സ്പഷ്ടമാണ്. അങ്ങനെ യെഹെസ്ക്കേൽ യഹോവയുടെ സാക്ഷികളുടെ 1919 മുതലുള്ള അഭിഷിക്ത ശേഷിപ്പിനെ നന്നായി ചിത്രീകരിക്കുന്നു. ആത്മീയമായി, ദൈവത്തിന്റെ സ്വർഗ്ഗീയ സ്ഥാപനം അഭിഷിക്ത ശേഷിപ്പുമായി സമ്പർക്കത്തിൽവന്നത് ആ വർഷത്തിലായിരുന്നു, സർവ ലോകത്തിനും യഹോവയുടെ സാക്ഷികളെന്ന നിലയിൽ അവരെ പുനരുജ്ജീവിപ്പിക്കാൻതന്നെ. (വെളിപ്പാട് 11:1-12 താരതമ്യപ്പെടുത്തുക.) ആ രഥസമാന സ്ഥാപനം അന്ന് സഞ്ചാരത്തിലായിരുന്നു, ഇന്ന് അത് സഞ്ചരിക്കുന്നതുപോലെതന്നെ. യഥാർത്ഥത്തിൽ അതിന്റെ പുരോഗമനത്തിന്റെ ചക്രങ്ങൾ എന്നെത്തേതിലും വേഗത്തിൽ തിരിഞ്ഞുകൊണ്ടിരിക്കുകയാണ്. യഹോവ ശീഘ്രമായി മുന്നോട്ട് സവാരിചെയ്യുകയാണ്!
15. സ്വർഗ്ഗീയ രഥസഞ്ചാരിയുടെ ശബ്ദം എന്തു പറയുന്നു, യെഹെസ്ക്കേലിന് എന്ത് നിയോഗം ലഭിക്കുന്നു?
15 യഹോവയുടെ സ്വർഗ്ഗീയ രഥം തന്നോട് അടുത്തുവന്നതും നിന്നതും എന്തുകൊണ്ടാണെന്നറിയാൻ യെഹെസ്ക്കേൽ ആഗ്രഹിച്ചു. രഥത്തിൽ ഇരിക്കുന്നവനിൽനിന്ന് ഒരു ശബ്ദം കേട്ടപ്പോൾ അവൻ മനസ്സിലാക്കി. ഈ ഭയജനകമായ കാഴ്ചയിൽ അന്തംവിട്ട് യെഹെസ്ക്കേൽ സാഷ്ടാംഗപ്രണാമംചെയ്തു. സ്വർഗ്ഗീയ രഥസഞ്ചാരിയുടെ ശബ്ദം പറയുമ്പോൾ ശ്രദ്ധിക്കുക: “മനുഷ്യപുത്രാ, ഞാൻ നീയുമായി സംസാരിക്കേണ്ടതിന് കാലൂന്നിനിൽക്കുക.” (യെഹെസ്ക്കേൽ 2:1) യഹോവ അപ്പോൾ ഒരു കാവൽക്കാരനായിരിക്കാനും മത്സരഗൃഹമായ ഇസ്രായേലിന് മുന്നറിയിപ്പുകൊടുക്കാനും യെഹെസ്ക്കേലിനെ നിയോഗിക്കുന്നു. ദിവ്യനാമത്തിൽ സംസാരിക്കാൻപോലും അവൻ നിയോഗിക്കപ്പെടുന്നു. യെഹെസ്ക്കേലിന്റെ പേരിന്റെ അർത്ഥം “ദൈവം ശക്തീകരിക്കുന്നു” എന്നാണ്. അങ്ങനെയാണ് ദൈവം യെഹെസ്ക്കേൽവർഗ്ഗത്തെ ശക്തീകരിച്ചിരിക്കുന്നതും ക്രൈസ്തവലോകത്തിന് ഒരു കാവൽക്കാരനായി അവരെ നിയമിച്ചുകൊണ്ട് അവരെ അയച്ചിരിക്കുന്നതും.
16, 17. (എ) സ്വർഗ്ഗീയ രഥത്തിന്റെ ദർശനം യെഹെസ്ക്കേലിന് പ്രയോജനം ചെയ്തതെങ്ങനെ? (ബി) നമ്മുടെ നാളിൽ സ്വർഗ്ഗീയ രഥത്തിന്റെ ദർശനത്തെക്കുറിച്ചുള്ള ഗ്രാഹ്യം യെഹെസ്ക്കേൽ വർഗ്ഗത്തെയും മഹാപുരുഷാരത്തെയും എങ്ങനെ ബാധിച്ചിരിക്കുന്നു?
16 സ്വർഗ്ഗീയ രഥത്തിന്റെ ദർശനം ഗൗരവാവഹവും യെഹെസ്ക്കേലിനെ ഞെട്ടിക്കുന്നതുമായിരുന്നു, എന്നാൽ യെരുശലേമിന്റെ വരാനിരുന്ന നാശത്തെക്കുറിച്ചുള്ള മുന്നറിയിപ്പു മുഴക്കുന്നതിനുള്ള ഒരു കാവൽക്കാരനായുള്ള അവന്റെ നിയോഗത്തിന് അവനെ അത് ഒരുക്കുകയുംചെയ്തു. ഇന്നത്തെ കാവൽക്കാരൻവർഗ്ഗത്തെ സംബന്ധിച്ചും ഇതു സത്യമാണ്. സഞ്ചാരത്തിലായിരിക്കുന്ന യഹോവയുടെ സ്വർഗ്ഗീയ രഥത്തിന്റെ ദർശനത്തെക്കുറിച്ചുള്ള തങ്ങളുടെ ഗ്രാഹ്യത്തിന് അഭിഷിക്ത ശേഷിപ്പിൻമേൽ ഒരു വലിയ സ്വാധീനമുണ്ടായിരുന്നിട്ടുണ്ട്. 1931-ൽ അവർ യെഹെസ്ക്കേലിന്റെ ദർശനത്തെക്കുറിച്ച് കൂടുതൽ പഠിച്ചു, സംസ്ഥാപനം ഒന്നാം പുസ്തകത്തിൽ അതാണ് വെളിപ്പെടുന്നത്. അവരിൽ അപ്പോൾ വളരെ ഗൗരവാവഹമായ വിലമതിപ്പു നിറഞ്ഞതിനാൽ 1931 ഒക്ടോബർ 15-ലെ ലക്കം മുതൽ 1950 ഓഗസ്ററ് 1 വരെയുള്ള വീക്ഷാഗോപുര ലക്കങ്ങളുടെ മുൻപേജിലെ കവർഡിസൈനിന്റെ വലത്തുവശത്ത് മുകളിലായി യെഹെസ്ക്കേലിന്റെ സ്വർഗ്ഗീയ രഥദർശനത്തെക്കുറിച്ചുള്ള ഒരു കലാകാരന്റെ സങ്കൽപ്പം വരച്ചുകാട്ടിയിരുന്നു. അങ്ങനെ, യെഹെസ്ക്കേൽവർഗ്ഗം തങ്ങൾക്ക് നൽകപ്പെട്ട നിർദ്ദേശമനുസരിച്ച് പ്രവർത്തിച്ചിരിക്കുന്നു. അവർ ദിവ്യമുന്നറിയിപ്പു മുഴക്കിക്കൊണ്ട് ഒരു കാവൽക്കാരനായി സേവിച്ചുകൊണ്ടാണിരിക്കുന്നത്. തന്റെ സ്വർഗ്ഗീയരഥത്തിൽ സിംഹാസനസ്ഥനായിരിക്കുന്ന യഹോവയിൽനിന്ന് ക്രൈസ്തവലോകത്തിന് വരാനിരിക്കുന്ന അഗ്നിനാശത്തിന്റെ സമയം ഒരിക്കലും ഇതിനെക്കാൾ കൂടുതൽ അടുത്തിരുന്നിട്ടില്ല!
17 ഇന്ന് ചെമ്മരിയാടുതുല്യരായ ആളുകളുടെ “ഒരു മഹാപുരുഷാരം” അഭിഷിക്ത ശേഷിപ്പിനോട് സഹവസിക്കുന്നു. (വെളിപ്പാട് 7:9) അവർ ഒരുമിച്ചുചേർന്ന് ക്രൈസ്തവലോകത്തിൻമേലും മുഴു പൈശാചിക വ്യവസ്ഥിതിയുടെമേലും വരാനിരിക്കുന്ന നാശത്തെക്കുറിച്ചുള്ള മുന്നറിയിപ്പു മുഴക്കിക്കൊണ്ടിരിക്കുകയാണ്. ആ മുന്നറിയിപ്പിൻവേല സത്വരം നടന്നുകൊണ്ടിരിക്കുകയാണ്. വെളിപ്പാട് 14:6, 7ൽ സൂചിപ്പിക്കപ്പെട്ടിരിക്കുന്ന പ്രകാരം ദൂതൻമാർ അതിനെ പിന്താങ്ങുന്നുണ്ട്.
സ്വർഗ്ഗീയ രഥത്തോടൊത്ത് നീങ്ങുക
18. ദൂതൻമാരുടെ തുടർന്നുള്ള പിന്തുണ ലഭിക്കുന്നതിന് എന്ത് ചെയ്യപ്പെടണം, നാം എന്തിന് സംവേദനമുള്ളവരായിരിക്കണം?
18 കീഴ്വഴക്കമുള്ള ദൂതൻമാർ ദിവ്യ ന്യായവിധിമുന്നറിയിപ്പുകൾ ഘോഷിക്കാൻ യഹോവയുടെ ഭൗമിക ദാസൻമാരെ സഹായിക്കവേ ദൈവത്തിന്റെ സ്വർഗ്ഗീയ സ്ഥാപനത്തിന്റെ ഭാഗമെന്ന നിലയിൽ സംഘടിതമായി നീങ്ങിക്കൊണ്ടിരിക്കുന്നു. ദൈവത്തിന്റെ ഈ ശക്തരായ ദൂത ദാസൻമാരുടെ തുടർന്നുള്ള സംരക്ഷണവും മാർഗ്ഗനിർദ്ദേശവും നാം ആഗ്രഹിക്കുന്നുവെങ്കിൽ നാമും സംഘടിതമായി നീങ്ങുകയും പ്രതീകാത്മക ചക്രവേലക്കൊപ്പം ചുവടുവെക്കുകയും ചെയ്യണം. മാത്രവുമല്ല, യഹോവയുടെ ദൃശ്യസ്ഥാപനത്തിന്റെ ഭാഗമെന്ന നിലയിൽ യഹോവയുടെ സ്വർഗ്ഗീയ രഥത്തിന് സമാന്തരമായി നീങ്ങിക്കൊണ്ട് നാം ദൈവാത്മാവിന്റെ നടത്തിപ്പിനോട് സംവേദനമുള്ളവരായിരിക്കണം. (ഫിലിപ്പിയർ 2:13 താരതമ്യംചെയ്യുക.) നാം യഹോവയുടെ സാക്ഷികളാണെങ്കിൽ നാം സ്വർഗ്ഗീയ രഥത്തിന്റെ അതേ ദിശയിൽ നീങ്ങേണ്ടതാണ്. നാം തീർച്ചയായും അതിന്റെ ഉദ്ദേശ്യങ്ങൾക്ക് വിപരീതമായി പ്രവർത്തിക്കരുത്. നാം പോകേണ്ട മാർഗ്ഗത്തിൽ നിർദ്ദേശം ലഭിക്കുമ്പോൾ നാം അത് അനുസരിക്കണം. അങ്ങനെ സഭ ഭിന്നിക്കാതിരിക്കുന്നു.—1 കൊരിന്ത്യർ 1:10.
19. (എ) സ്വർഗ്ഗീയ രഥത്തിന്റെ ചക്രങ്ങളിൽ ആസകലം കണ്ണുകളുള്ളതുപോലെ, യഹോവയുടെ ജനം എന്തിന് ജാഗ്രതയുള്ളവരായിരിക്കണം? (ബി) ഈ പ്രക്ഷുബ്ധകാലങ്ങളിൽ നമ്മുടെ പ്രവർത്തനഗതി എന്തായിരിക്കണം?
19 ദൈവത്തിന്റെ രഥത്തിന്റെ ചക്രങ്ങൾക്ക് ചുററും ആസകലമുള്ള കണ്ണുകൾ ജാഗ്രതയെ സൂചിപ്പിക്കുന്നു. യഹോവയുടെ സ്വർഗ്ഗീയസ്ഥാപനം ജാഗ്രതയുള്ളതായിരിക്കുന്നതുപോലെ, യഹോവയുടെ ഭൗമികസ്ഥാപനത്തെ പിന്താങ്ങാൻ നാം ജാഗ്രതയുള്ളവരായിരിക്കണം. സഭാപരമായ ഒരു തലത്തിൽ സ്ഥലത്തെ മൂപ്പൻമാരോടു സഹകരിക്കുന്നതിനാൽ നമുക്ക് ആ പിന്തുണ പ്രകടമാക്കാൻ കഴിയും. (എബ്രായർ 13:17) ഈ പ്രക്ഷുബ്ധകാലങ്ങളിൽ ക്രിസ്ത്യാനികൾ യഹോവയുടെ സ്ഥാപനത്തോട് വളരെ അടുത്തു പററനിൽക്കേണ്ടയാവശ്യമുണ്ട്. സംഭവങ്ങൾ സംബന്ധിച്ച് നമ്മുടെ സ്വന്തം വ്യാഖ്യാനങ്ങൾ നൽകാൻ ആഗ്രഹിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ അപ്പോൾ നാം യഹോവയുടെ സ്വർഗ്ഗീയ രഥത്തോടൊത്ത് നീങ്ങുകയായിരിക്കുകയില്ല. നമുക്ക് എപ്പോഴും നമ്മോടുതന്നെ ചോദിക്കാം, ‘സ്വർഗ്ഗീയ സ്ഥാപനം ഏതു വഴിക്കാണ് നീങ്ങുന്നത്?’ നാം ദൈവത്തിന്റെ ദൃശ്യ സ്ഥാപനത്തോടൊത്ത് മുന്നേറുന്നുവെങ്കിൽ നാം അദൃശ്യ സ്ഥാപനത്തോടൊത്തും മുന്നേറുന്നതായിരിക്കും.
20. ഫിലിപ്പിയർ 3:13-16-ൽ അപ്പോസ്തലനായ പൗലോസ് ഏതു നല്ല ബുദ്ധിയുപദേശം നൽകുന്നു?
20 ഈ കാര്യത്തിൽ, പൗലോസ് ഇങ്ങനെ എഴുതി: “സഹോദരൻമാരേ, ഞാൻ ഇപ്പോഴും അതിനെ പിടിച്ചിരിക്കുന്നതായി പരിഗണിക്കുന്നില്ല; പിമ്പിലുള്ള കാര്യങ്ങൾ മറന്നുകൊണ്ടും മുമ്പിലുള്ള കാര്യങ്ങളിലേക്ക് ആഞ്ഞുകൊണ്ടും ക്രിസ്തുയേശു മുഖേനയുള്ള ദൈവത്തിന്റെ മേല്പ്പോട്ടുള്ള വിളിയാകുന്ന സമ്മാനത്തിനായുള്ള ലാക്കിലേക്ക് ഞാൻ ഓടുകയാകുന്നു. അപ്പോൾ നമ്മിൽ പക്വതയുള്ളടത്തോളംപേർക്ക് ഈ മാനസികഭാവമുള്ളവരായിരിക്കാം; നിങ്ങൾ ഏതെങ്കിലും കാര്യത്തിൽ മററു പ്രകാരത്തിൽ മാനസികചായ്വുള്ളവരാണെങ്കിൽ മേൽപ്പറഞ്ഞ മനോഭാവം നിങ്ങൾക്ക് വെളിപ്പെടുത്തും. എങ്ങനെയായാലും, നാം എത്രത്തോളം പുരോഗതി വരുത്തിയിരിക്കുന്നുവോ അതേ നടപടിക്രമത്തിൽ നമുക്ക് തുടർന്ന് ക്രമമായി നടക്കാം.”—ഫിലിപ്പിയർ 3:13-16.
21. ഏതു നടപടിക്രമം അനുസരിക്കുന്നതിനാൽ ദൈവത്തിന്റെ സ്ഥാപനത്തിൽ ആത്മീയ പുരോഗതി പ്രാപിക്കുക സാദ്ധ്യമാണ്?
21 ഇവിടെ “നടപടിക്രമം” എന്ന പദത്തിന് നമുക്ക് നമ്മേത്തന്നെ വേർപെടുത്താൻ കഴിയാത്ത ഒരു ദുഷിച്ച ചാൽ എന്ന് അർത്ഥമില്ല. യഹോവയുടെ ദാസൻമാർക്ക് തങ്ങൾ പുരോഗതി വരുത്തുന്ന മുഖാന്തരമായ ഒരു നല്ല നടപടിക്രമമുണ്ട്. അത് വ്യക്തിപരമായ ബൈബിൾപഠനത്തിൽ ഏർപ്പെടുന്നതിന്റെയും സഭാമീററിംഗുകൾക്കു ഹാജരാകുന്നതിന്റെയും രാജ്യത്തിന്റെ സുവാർത്ത ക്രമമായി പ്രസംഗിക്കുന്നതിന്റെയും ദൈവത്തിന്റെ സ്വർഗ്ഗീയ സ്ഥാപനത്തിന്റെ ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്നതിന്റെയും നടപടിക്രമമാണ്. അങ്ങനെയുള്ള ഒരു നടപടിക്രമം യഹോവയുടെ രഥസമാന സ്വർഗ്ഗീയ സ്ഥാപനത്തിന്റെ നടത്തിപ്പ് അനുസരിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നു. ഈ രീതിയിൽ സ്ഥിരനിഷ്ഠ പാലിക്കുന്നതിനാൽ നാം നമ്മുടെ ലാക്ക് സ്വർഗ്ഗങ്ങളിലെ അമർത്ത്യജീവനായാലും ഒരു പറുദീസാഭൂമിയിലെ നിത്യജീവനായാലും അതു നാം പ്രാപിക്കുന്നതായിരിക്കും.
22. (എ) അഭിഷിക്തശേഷിപ്പിനും വേറെ ആടുകളുടെ മഹാപുരുഷാരത്തിനും ഒററക്കെട്ടായി സംഘടിതരായിരിക്കുന്നതിന് എന്തു ചെയ്യപ്പെടണം? (ബി) എന്ത് യഹോവയുടെ നോട്ടത്തിൽപെടാതിരിക്കുന്നില്ല?
22 യോഹന്നാൻ 10:16 സൂചിപ്പിക്കുന്നതുപോലെ, “വേറെ ആടുകളും” യെഹെസ്ക്കേൽ വർഗ്ഗവും ഐക്യത്തിൽ സംഘടിതരായിരിക്കും. അതുകൊണ്ട്, നാം ദൈവത്തിന്റെ സ്വർഗ്ഗീയ രഥത്തോടൊത്ത് സംഘടിതമായി സഞ്ചരിക്കണമെങ്കിൽ യഹോവയുടെ സ്ഥാപനത്തിലുള്ള എല്ലാവരും യെഹെസ്ക്കേൽ ഒന്നാമദ്ധ്യായത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ദർശനത്തിൻറ പൂർണ്ണമായ അർത്ഥവും സാർത്ഥകതയും ഗ്രഹിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ ദർശനം നാം ദൃശ്യവും അദൃശ്യവുമായ ദൈവസ്ഥാപനത്തോടൊത്ത് സഞ്ചരിക്കേണ്ടതാണെന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. യഹോവയുടെ കണ്ണുകൾ “തങ്ങളുടെ ഹൃദയം തന്നിൽ ഏകാഗ്രമായിരിക്കുന്നവർക്കുംവണ്ടി തന്റെ ശക്തി പ്രകടമാക്കേണ്ടതിന് സർവഭൂമിയിലും ചുററിത്തിരിയുന്നു”വെന്നും ഓർത്തിരിക്കുക. (2 ദിനവൃത്താന്തം 16:9) യാതൊന്നും, വിശേഷാൽ സാർവത്രിക പരമാധികാരിയായി തന്നേത്തന്നെ സംസ്ഥാപിക്കുന്നതിനുള്ള തന്റെ ഉദ്ദേശ്യംസംബന്ധിച്ച യാതൊന്നും, യഹോവയുടെ നോട്ടത്തിൽപെടാതിരിക്കുന്നില്ല.
23. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന യഹോവയുടെ രഥത്തോടൊത്ത് നാം എന്തു ചെയ്യേണ്ടതാണ്?
23 തീർച്ചയായും യഹോവയുടെ സ്വർഗ്ഗീയരഥം ഇന്ന് സഞ്ചാരത്തിലാണ്. പെട്ടെന്നുതന്നെ സകലവും ആ രഥസഞ്ചാരിയായ തേജസ്വിയോടുള്ള ചേർച്ചയിൽ മഹത്വത്തിലേക്കു വരുത്തപ്പെടും—എല്ലാം അഖിലാണ്ഡ കർത്താവെന്ന നിലയിൽ അവന്റെ സംസ്ഥാപനത്തിനുതന്നെ. അവന്റെ സെറാഫുകളും കെരൂബുകളും ദൂതൻമാരും നമ്മുടെ വലിയ ലോകവ്യാപക പ്രസംഗവേലയിൽ നമ്മെ പിന്താങ്ങുന്നുണ്ട്. ആ സ്ഥിതിക്ക് നമുക്ക് യഹോവയുടെ സ്ഥാപനത്തോടൊത്ത് മുന്നേറാം. ഈ മാസികയുടെ അടുത്ത ലക്കം ഇതു ചർച്ചചെയ്യും. (w91 3/15)
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ യെഹെസ്ക്കേലിനാൽ കാണപ്പെട്ട നാല് ജീവികളാൽ ഏതു ഗുണങ്ങൾ പ്രതിനിധാനംചെയ്യപ്പെടുന്നു?
◻ യഹോവയുടെ സ്വർഗ്ഗീയ രഥം എന്തിനെ ചിത്രീകരിക്കുന്നു?
◻ ദൈവത്തിന്റെ പ്രവാചകനായ യെഹെസ്ക്കേൽ ആരെ ചിത്രീകരിക്കുന്നു?
◻ യഹോവയുടെ സ്വർഗ്ഗീയ രഥത്തിന്റെ ദർശനത്തെക്കുറിച്ചുള്ള ഗ്രാഹ്യം യെഹെസ്ക്കേൽ വർഗ്ഗത്തെയും മഹാപുരുഷാരത്തെയും ബാധിച്ചിരിക്കുന്നതെങ്ങനെ?