യഹോവയുടെ സ്വർഗ്ഗീയരഥത്തോടൊപ്പം നീങ്ങുക
“അവർ കേട്ടാലും അവർ കേട്ടില്ലെങ്കിലും നീ എന്റെ വചനങ്ങൾ അവരോടു പ്രസ്താവിക്കണം.”—യെഹെസ്ക്കേൽ 2:7.
1, 2. യെഹെസ്ക്കേൽ ഏത് രാജകീയ രഥം കണ്ടു, അവനോട് എന്തു പറയപ്പെട്ടു?
യഹോവയുടെ സ്വർഗ്ഗീയരഥം ഇപ്പോൾ തന്റെ ദാസൻമാരുടെ മുമ്പിൽ നിൽക്കുന്നുണ്ട്. വിശ്വാസനേത്രങ്ങളാൽ അവർ തങ്ങളുടെ പരമാധികാര കർത്താവിന്റെ ആ രാജകീയ വാഹനം കാണുന്നുണ്ട്. അത് മഹത്തും ഭയാവഹവും ഗംഭീരവുമാണ്.
2 ഇതേ രാജകീയ രഥം ഏതാണ്ട് 2,600 വർഷം മുമ്പത്തെ ദർശനത്തിൽ ദൈവത്തിന്റെ പ്രവാചകനായ യെഹെസ്ക്കേലിന്റെ മുമ്പാകെ എത്തിനിന്നു. സിംഹാസനമിരിക്കുന്ന ഈ രഥത്തിൽ—ആത്മീയ ജീവികളടങ്ങുന്ന ദൈവത്തിന്റെ സ്വർഗ്ഗീയസ്ഥാപനത്തിൽ—നിന്നുകൊണ്ട് യഹോവ യെഹെസ്ക്കേലിന് ഈ നാടകീയ കല്പന കൊടുത്തു: “മുഖഗർവും മുഖകാഠിന്യവുമുള്ള പുത്രൻമാർ—അവരുടെ അടുക്കലേക്ക് ഞാൻ നിന്നെ അയയ്ക്കുകയാണ്, ‘പരമാധികാര കർത്താവാം യഹോവ പറഞ്ഞിരിക്കുന്നത് ഇതാണ്’ എന്ന് നീ അവരോട് പറയണം. അവരെ സംബന്ധിച്ചാണെങ്കിൽ, അവർ കേട്ടാലും കേട്ടില്ലെങ്കിലും—അവർ മത്സരഗൃഹമല്ലോ—തങ്ങളുടെ ഇടയിൽ ഒരു പ്രവാചകൻതന്നെ ഉണ്ടായിരിക്കാൻ ഇടയായി എന്നും അവർ തീർച്ചയായും അറിയും.”—യെഹെസ്ക്കേൽ 2:4, 5.
3. യെഹെസ്ക്കേലിന് ഏത് ആധുനിക മറുഘടകമുണ്ട്?
3 യെഹെസ്ക്കേൽ ദിവ്യഹസ്തത്തിൽ ഒരൊററ ഉപകരണമായി സേവിച്ചുകൊണ്ട് ആ ദൗത്യം നിശ്ചയദാർഢ്യത്തോടെ നിറവേററി. സമാനമായി, ദൈവത്തിന് ഇപ്പോൾ തന്റെ നിയന്ത്രണത്തിൽ ഒരൊററ സംഘടനാപരമായ ഉപകരണമുണ്ട്. യെഹെസ്ക്കേൽവർഗ്ഗം, അഭിഷിക്തശേഷിപ്പ്, ഒരു അന്തിമ സാക്ഷ്യം കൊടുക്കുന്ന വേലയിൽ മുൻപന്തിയിൽ ഉണ്ട്, “വേറെ ആടുകളുടെ” ഒരു “മഹാപുരുഷാരം” പിന്തുണനൽകിക്കൊണ്ട് ചുററും കൂടിവന്നിട്ടുണ്ട്. (വെളിപ്പാട് 7:9, 10; യോഹന്നാൻ 10:16) അവർ ഒരുമിച്ച് മഹാനായ രഥസഞ്ചാരിയായ യഹോവയാം ദൈവത്തിന്റെ പരമാധികാരത്തിൻ കീഴിൽ അവരെ നയിക്കുന്ന നല്ല ഇടയനായ യേശുക്രിസ്തുവിനോടുകൂടെ “ഏക ആട്ടിൻകൂട്ട”മാണ്.
4, 5. ദൈവത്തിന്റെ ദൃശ്യസ്ഥാപനം അസ്തിത്വത്തിൽവന്നതെങ്ങനെ, യെശയ്യാവ് 60:22ന് ചേർച്ചയായി അതിന് എന്ത് അനുഭവപ്പെട്ടിരിക്കുന്നു?
4 യഹോവയുടെ മാർഗ്ഗനിർദ്ദേശത്തിൽ, ഈ ലോകവ്യാപക സ്ഥാപനം ചെറിയ തുടക്കങ്ങളിൽനിന്ന്, “ദൈവത്തെ ഭയപ്പെട്ട് അവന് മഹത്വം കൊടുക്കുക, എന്തുകൊണ്ടെന്നാൽ അവനാലുള്ള ന്യായവിധിയുടെ നാഴിക വന്നെത്തിയിരിക്കുന്നു” എന്ന ആജ്ഞ ഘോഷിക്കുന്നതിനുള്ള ഒരു ശക്തമായ ഏജൻസിയായിത്തീരത്തക്കവണ്ണം വളർന്നിരിക്കുന്നു. (വെളിപ്പാട് 14:7) യെഹെസ്ക്കേൽ ഒരു പ്രവാചകനായി സ്വയം എഴുന്നേൽക്കുകയും നിയമിക്കുകയും ചെയ്യാഞ്ഞതുപോലെ, ദൈവത്തിന്റെ ദൃശ്യസ്ഥാപനം അതിനെത്തന്നെ സൃഷ്ടിക്കുകയോ നിയമിക്കുകയോ ചെയ്തില്ല. അത് മനുഷ്യ ഇഷ്ടത്തിൽനിന്ന് അല്ലെങ്കിൽ ശ്രമത്തിൽനിന്ന് ഉത്ഭവിച്ചതല്ല. ദിവ്യ രഥസഞ്ചാരിയാണ് ഈ സ്ഥാപനം അസ്തിത്വത്തിലേക്കു വരാൻ ഇടയാക്കിയത്. ദൈവാത്മാവിനാൽ ശക്തീകരിക്കപ്പെടുകയും വിശുദ്ധ ദൂതൻമാരാൽ പിന്തുണക്കപ്പെടുകയും ചെയ്ത് യഹോവയുടെ ജനത്തിന് ‘ചെറിയവൻ ഒരു ശക്തമായ ജനതയായിത്തീരത്തക്കവണ്ണം’ വളരെ നാടകീയമായ വികസനം അനുഭവപ്പെട്ടിരിക്കുന്നു.—യെശയ്യാവ് 60:22.
5 യഹോവയുടെ 40,00,000ത്തിൽപരം സാക്ഷികൾ 212 രാജ്യങ്ങളിൽ രാജ്യസന്ദേശം ഘോഷിച്ചുകൊണ്ടിരിക്കുന്നു. അവർ സർക്കിട്ടുകളും ഡിസ്ട്രിക്ററുകളുമായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന 63,000ത്തിൽപരം സഭകളിൽ കൂട്ടംകൂട്ടമായി ചേർന്നിരിക്കുന്നു. മുഖ്യ ആസ്ഥാന സ്ഥാപനത്തിന്റെ കേന്ദ്രമായുള്ള ഭരണസംഘത്തിന്റെ നടത്തിപ്പിൽ വിപുലമായ ബ്രാഞ്ചാഫീസ്, അച്ചടി, സൗകര്യങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അവ ഒററ വ്യക്തിയായിരിക്കുന്നതുപോലെ, എല്ലാവരും സുവാർത്ത പ്രസംഗിച്ചുകൊണ്ടും പ്രതികരിക്കുന്നവരെ പഠിപ്പിച്ചുകൊണ്ടും യോഗസ്ഥലങ്ങൾ നിർമ്മിച്ചുകൊണ്ടും മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതെ, യഹോവയുടെ ദൃശ്യസ്ഥാപനം സ്വർഗ്ഗീയ സ്ഥാപനത്തോടും അതിലെ സഞ്ചാരിയോടുമൊപ്പം നീങ്ങുകയാണ്.
6. യഹോവയുടെ ദൃശ്യസ്ഥാപനത്തോടൊപ്പം നീങ്ങുന്നതിൽ എന്താണുൾപ്പെട്ടിരിക്കുന്നത്?
6 നിങ്ങൾ യഹോവയുടെ സാക്ഷികളിലൊരാളാണെങ്കിൽ, നിങ്ങൾ യഹോവയുടെ സ്ഥാപനത്തോടൊപ്പം നീങ്ങുന്നുണ്ടോ? അത് ചെയ്യുന്നത് കേവലം ക്രിസ്തീയ യോഗങ്ങൾക്ക് ഹാജരാകുന്നതിന്റെയും ശുശ്രൂഷയിൽ സമയം ചെലവഴിക്കുന്നതിന്റെയും സംഗതിയല്ല. മുഖ്യമായി നീക്കത്തിന് പുരോഗതിയോടും ആത്മീയ വളർച്ചയോടും ബന്ധമുണ്ട്. അതിൽ ശുഭാപ്തിവിശ്വാസത്തോടുകൂടിയ ഒരു വീക്ഷണം ഉണ്ടായിരിക്കുന്നതും ഉചിതമായ മുൻഗണനകൾ വെക്കുന്നതും നാളിതുവരെയുള്ള വിവരങ്ങളുടെ ഗ്രാഹ്യമുണ്ടായിരിക്കുന്നതും ഉൾപ്പെടുന്നു. നാം യഹോവയുടെ സ്വർഗ്ഗീയ സ്ഥാപനത്തോടൊത്ത് നീങ്ങുന്നുവെങ്കിൽ, നമ്മുടെ ജീവിതം നാം ഘോഷിക്കുന്ന സന്ദേശത്തോട് പൂർവാപരയോജിപ്പിലായിരിക്കും.
7. ദൈവത്തിന്റെ പ്രവാചകനായുള്ള യെഹെസ്ക്കേലിന്റെ നടത്ത പരിഗണിക്കുന്നതെന്തുകൊണ്ട്?
7 ഒപ്പം നീങ്ങുന്നതിന്റെ സംഗതിയിൽ, യഹോവയുടെ ആധുനികനാളിലെ ദാസൻമാർക്ക് യെഹെസ്ക്കേലിന്റെ ദൃഷ്ടാന്തത്തിൽനിന്ന് വളരെയധികം പഠിക്കാൻ കഴിയും. ഒരു പ്രവാചകനായി യഹോവയാൽ പ്രത്യേകം നിയമിക്കപ്പെട്ടിരുന്നുവെങ്കിലും യെഹെസ്ക്കേലിന് അപ്പോഴും വിചാരങ്ങളും ഉത്ക്കണ്ഠകളും ആവശ്യങ്ങളും ഉണ്ടായിരുന്നു. ഉദാഹരണത്തിന്, താരതമ്യേന ചെറുപ്പമായിരുന്ന ഒരു വിവാഹിത മനുഷ്യനെന്ന നിലയിൽ അവന് തന്റെ ഭാര്യ മരണത്തിൽ നഷ്ടപ്പെടുന്നതിന്റെ ദുഃഖം അനുഭവപ്പെട്ടു. എന്നിരുന്നാലും, അവന് ഒരിക്കലും യഹോവയുടെ ഒരു പ്രവാചകനായുള്ള നിയോഗത്തിന്റെ കാഴ്ചപ്പാട് നഷ്ടപ്പെട്ടില്ല. മററു കാര്യങ്ങളിലും യെഹെസ്ക്കേൽ എങ്ങനെ പെരുമാറിയെന്ന് പരിഗണിച്ചുകൊണ്ട് നമുക്ക് ദൈവത്തിന്റെ ദൃശ്യസ്ഥാപനത്തോടൊപ്പം നീങ്ങാൻ നമ്മേത്തന്നെ ബലപ്പെടുത്താൻ കഴിയും. ഇത് അവന്റെ അദൃശ്യ സ്ഥാപനത്തോടൊപ്പം നീങ്ങാൻ നമ്മെ പ്രാപ്തരാക്കും.
നിയോഗം സ്വീകരിക്കുകയും നിവർത്തിക്കുകയും ചെയ്യുന്നു
8. തന്റെ നിയോഗം സംബന്ധിച്ച്, യെഹെസ്ക്കേൽ എന്ത് മാതൃക വെച്ചു?
8 തന്റെ നിയോഗം സ്വീകരിച്ചുകൊണ്ടും നിറവേററിക്കൊണ്ടും യെഹെസ്ക്കേൽ നല്ല മാതൃകവെച്ചു. എന്നിരുന്നാലും, അത് നിറവേററുന്നതിന് അനുസരണവും ധൈര്യവും ആവശ്യമായിരുന്നു, എന്തുകൊണ്ടെന്നാൽ നാം വായിക്കുന്നു: “മനുഷ്യപുത്രാ, അവരെ ഭയപ്പെടരുത്; അവരുടെ വാക്കുകളെ ഭയപ്പെടരുത്, എന്തുകൊണ്ടെന്നാൽ അവർ ശാഠ്യമുള്ളവരും നിന്നെ കുത്തുന്ന വസ്തുക്കളുമാകുന്നു, തേളുകളുടെ ഇടയിലാണ് നീ വസിക്കുന്നത്. അവരുടെ വാക്കുകളെ നീ ഭയപ്പെടരുത്. അവരുടെ മുഖങ്ങൾ കണ്ട് നീ പേടിക്കരുത്, അവർ ഒരു മത്സരഗൃഹമല്ലോ. അവർ കേട്ടാലും അവർ കേട്ടില്ലെങ്കിലും നീ എന്റെ വചനങ്ങൾ അവരോടു പ്രസ്താവിക്കണം, അവർ മത്സരത്തിന്റെ ഒരു വിഷയമല്ലോ. മനുഷ്യപുത്രാ, ഞാൻ നിന്നോട് പ്രസ്താവിക്കുന്നത് നീ കേൾക്കുക. മത്സരഗൃഹത്തെപ്പോലെ മത്സരിയായിത്തീരരുത്.”—യെഹെസ്ക്കേൽ 2:6-8.
9. എന്തു ചെയ്യുന്നതിനാൽ മാത്രമേ യെഹെസ്ക്കേൽ രക്തപാതകത്തിൽനിന്ന് വിമുക്തനാകുമായിരുന്നുള്ളു?
9 യെഹെസ്ക്കേൽ തന്റെ നിയോഗം നിറവേററുന്നതിന് നിരന്തരം തള്ളിവിടേണ്ട ആവശ്യത്തോടെ വിരക്തിയോ ഭയമോ ഉള്ളവനായിരുന്നില്ല. അവൻ മനസ്സോടെ സധൈര്യം യഹോവയുടെ വചനങ്ങൾ സംസാരിച്ചെങ്കിൽ മാത്രമേ രക്തപാതകത്തിൽനിന്ന് അവൻ വിമുക്തനായിരിക്കുമായിരുന്നുള്ളു. യെഹെസ്ക്കേലിനോട് ഇങ്ങനെ പറയപ്പെട്ടു: “ദുഷ്ടനായ ആർക്കെങ്കിലും നീ മുന്നറിയിപ്പുകൊടുത്തിട്ടും അവൻ യഥാർത്ഥമായി തന്റെ ദുഷ്ടതയിൽനിന്നും തന്റെ ദുഷ്ടമാർഗ്ഗത്തിൽനിന്നും പിന്തിരിയുന്നില്ലെങ്കിൽ അവൻതന്നെ തന്റെ അകൃത്യം നിമിത്തം മരിക്കും; എന്നാൽ നിന്നേസംബന്ധിച്ചാണെങ്കിൽ, നീ നിന്റെ സ്വന്തം ദേഹിയെ വിടുവിച്ചിരിക്കും.—യെഹെസ്ക്കേൽ 3:19.
10. യെഹെസ്ക്കേൽവർഗ്ഗം ആ പ്രവാചകനേപ്പോലെയെന്ന് തെളിഞ്ഞിരിക്കുന്നതെങ്ങനെ?
10 യെഹെസ്ക്കേലിന്റെ സംഗതിയിലെന്നപോലെ, അഭിഷിക്ത യെഹെസ്ക്കേൽവർഗ്ഗം തങ്ങളുടെ ദൈവദത്ത നിയോഗം സ്വീകരിച്ച് നിവർത്തിച്ചുകൊണ്ടിരിക്കുന്നു. നാം യഹോവയുടെ സാക്ഷികളാണെങ്കിൽ നമ്മുടെ ജീവനും മററുള്ളവരുടെ ജീവനും നമ്മുടെ അനുസരണത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് നാം ഓർക്കണം. (1 തിമൊഥെയോസ് 4:15, 16) ഓരോ സാക്ഷിയും യഹോവയുടെ സ്ഥാപനത്തോടൊപ്പം നീങ്ങേണ്ട ആവശ്യമുണ്ട്. ദൈവം നമ്മെ അവന്റെ രഥത്തോട് ചേർത്ത് കെട്ടി നമ്മെ വലിച്ചുകൊണ്ടുപോകുകയില്ല. വിരക്തിയും വിഭജിതമായ ഒരു ഹൃദയവും രഥസഞ്ചാരിയെ നിസ്സാരനാക്കുന്നു. അതുകൊണ്ട് ദിവ്യതാത്പര്യങ്ങളെ നമ്മുടെ ജീവിതത്തിന്റെ കേന്ദ്രത്തിൽത്തന്നെ വെക്കാൻ യഹോവയുടെ ദൃശ്യ സ്ഥാപനം നമ്മെ പ്രബോധിപ്പിക്കുന്നു. അങ്ങനെയുള്ള പ്രബോധനത്തോടുള്ള സ്ഥിരമായ പ്രതികരണം നമ്മെ യഹോവയുടെ സ്ഥാപനത്തോട് ചുവടൊപ്പിച്ചു നിർത്തുകയും നമ്മുടെ പാവനമായ ശുശ്രൂഷയെ പതിവിൻപടിയൊ യാന്ത്രികമൊ ആയതിനുപരിയായി ഉയർത്തുകയുംചെയ്യുന്നു. തീർച്ചയായും, മൊത്തത്തിൽ യഹോവയുടെ ജനം ശ്രദ്ധേയമായ അർപ്പണം പ്രകടമാക്കുന്നു. നമ്മുടെ വ്യക്തിപരമായ പങ്ക് ഗതിവേഗം നിലനിർത്തുകയെന്നതാണ്.
ദൈവവചനങ്ങൾ ഹൃദയത്തിൽ കൈക്കൊണ്ടു
11. ദൈവത്തിന്റെ വചനങ്ങൾ സംബന്ധിച്ച് യെഹെസ്ക്കേൽ എന്തു മാതൃക വെച്ചു?
11 യെഹെസ്ക്കേൽ ദൈവവചനങ്ങളെ ഹൃദയത്തിൽ കൈക്കൊണ്ടും നല്ല മാതൃക വെച്ചു. കല്പിക്കപ്പെട്ടപ്പോൾ അവൻ ദൈവദത്തമായ ഒരു ചുരുൾ തിന്നു. “അത് എന്റെ വായിൽ തേൻപോലെ മധുരമായിത്തീർന്നു,” യെഹെസ്ക്കേൽ പറഞ്ഞു. ചുരുളിൽ “ശോകഗാനങ്ങളും ആർത്തനാദവും വിലാപവും” നിറഞ്ഞിരുന്നെങ്കിലും യഹോവയെ പ്രതിനിധാനം ചെയ്യുന്നതിന്റെ ബഹുമതിയെ വിലമതിച്ചതുകൊണ്ട് യെഹെസ്ക്കേലിന് അത് മധുരമായിരുന്നു. തന്റെ ദൈവദത്ത നിയോഗം നിറവേററുന്നത് പ്രവാചകന് മധുരമോഹനമായ ഒരു അനുഭവമായിരുന്നു. ദൈവം അവനോടു പറഞ്ഞു: “മനുഷ്യപുത്രാ, ഞാൻ നിന്നോടു സംസാരിക്കുന്ന സകല വചനങ്ങളും നിന്റെ ഹൃദയത്തിൽ കൈക്കൊള്ളുകയും നിന്റെ സ്വന്തം ചെവികൾകൊണ്ട് കേൾക്കുകയും ചെയ്യുക.” (യെഹെസ്ക്കേൽ 2:9–3:3, 10) ആ ദർശനങ്ങൾ പങ്കുപററാൻ ദൈവം യെഹെസ്ക്കേലിനെ അനുവദിച്ച സംഗതി സംബന്ധിച്ച് അവന് സൂക്ഷ്മബോധമുളവാക്കുകയും യഹോവയുമായുള്ള അവന്റെ ബന്ധത്തെ ബലിഷ്ഠമാക്കുകയും ചെയ്തു.
12. രണ്ടു ദശാബ്ദത്തിലധികംവരുന്ന പ്രവാചക സേവനക്കാലത്ത് യെഹെസ്ക്കേൽ എന്തു ചെയ്തു?
12 വിവിധ ഉദ്ദേശ്യങ്ങൾക്കും സദസ്സുകൾക്കും വേണ്ടി ദർശനങ്ങളും സന്ദേശങ്ങളും യെഹെസ്ക്കേലിനു കൊടുക്കപ്പെട്ടു. അവൻ ശ്രദ്ധാപൂർവം കേൾക്കുകയും അനന്തരം സംസാരിക്കുകയും നിർദ്ദേശിക്കപ്പെട്ടതുപോലെ പ്രവർത്തിക്കുകയും ചെയ്യണമായിരുന്നു. ഏതാണ്ട് 22 വർഷത്തെ പ്രാവചനിക സേവനകാലത്ത് അവന് പുതിയ വിവരങ്ങളും നടപടിക്രമങ്ങളും പടിപടിയായി വെളിപ്പെടുത്തപ്പെട്ടു. ചില സമയങ്ങളിൽ യെഹെസ്ക്കേൽ പ്രത്യേക വാചകങ്ങളിലുള്ള സന്ദേശം സംസാരിച്ചു. മററു സമയങ്ങളിൽ, യെരൂശലേമിനെ പ്രതീകപ്പെടുത്തുന്ന ഒരു ഇഷ്ടികയുടെ മുമ്പിൽ കിടക്കുന്നതുപോലെ, മൂകപ്രകടനങ്ങളെ അവൻ ആശ്രയിച്ചു. (യെഹെസ്ക്കേൽ 4:1-8) അവന്റെ ഭാര്യയുടെ മരണത്തോടുള്ള അവന്റെ പ്രതികരണംപോലെയുള്ള വ്യക്തിപരമായ കാര്യങ്ങളിലെ അവന്റെ മാതൃകയും ഒരു സന്ദേശം വഹിച്ചു. (യെഹെസ്ക്കേൽ 24:15-19) അവൻ എല്ലായ്പ്പോഴും ശരിയായ സന്ദേശം അവതരിപ്പിച്ചുകൊണ്ടും തക്ക സമയത്ത് തക്ക നടപടി സ്വീകരിച്ചുകൊണ്ടും കാലാനുസരണഗ്രാഹ്യത്തോടെ വർത്തിക്കണമായിരുന്നു. യെഹെസ്ക്കേൽ വളരെ അടുത്ത, പുരോഗമാനാത്മകമായ, പ്രവർത്തനബന്ധത്തിൽ യഹോവയുമായി ബന്ധിക്കപ്പെട്ടു.
13. നമുക്ക് യഹോവയുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കാൻ എങ്ങനെ കഴിയും?
13 സമാനമായി, യഹോവയുടെ സഹപ്രവർത്തകരെന്ന നിലയിൽ അവനുമായി ഒരു അടുത്ത ബന്ധം കെട്ടുപണിചെയ്യാനും നിലനിർത്താനും നാം ദൈവവചനം നമ്മുടെ ഹൃദയങ്ങളിൽ കൈക്കൊള്ളണം. (1 കൊരിന്ത്യർ 3:9) ഈ കാര്യത്തിൽ ദൈവ സ്ഥാപനത്തോടൊത്തു നീങ്ങുന്നതിന് നാം തക്കസമയത്ത് ആത്മീയാഹാരം പ്രദാനംചെയ്യപ്പെടുമ്പോഴത്തെ അതിന്റെ ഒഴുക്കിനൊപ്പം പോകേണ്ടതാവശ്യമാക്കിത്തീർക്കുന്നു. (മത്തായി 24:45-47) “നിർമ്മലഭാഷ” നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയാണ്. (സെഫന്യാവ് 3:9) നാം കാലാനുസൃതമായ അറിവുള്ളവരാണെങ്കിൽ മാത്രമേ നമുക്ക് രഥസഞ്ചാരിയുടെ മാർഗ്ഗനിർദ്ദേശത്തോട് അനുസരണപൂർവം പ്രതികരിക്കാൻ കഴികയുള്ളു.
14, 15. ദൈവത്തിന്റെ സ്ഥാപനം വെക്കുന്ന ഗതിവേഗം നിലനിർത്തുന്നതിന് ഏതു ദിനചര്യ ആവശ്യമാണ്?
14 ആ ലക്ഷ്യത്തിൽ നമുക്ക് വ്യക്തിപരമായ പ്രാർത്ഥനയുടെയും സ്വകാര്യമായ പഠനത്തിന്റെയും സുവാർത്തയുടെ വിശുദ്ധ ശുശ്രൂഷയിലെ പങ്കുപററലിന്റെയും ഒരു നല്ല ദിനചര്യ ആവശ്യമാണ്. (റോമർ 15:16) ദൈവത്തിന്റെ സന്ദേശമടങ്ങിയ ചുരുൾ തിന്നുന്നതിലെ യെഹെസ്ക്കേലിന്റെ മാതൃക ഓർമ്മിക്കുക. യെഹെസ്ക്കേൽ മുഴു ചുരുളും തിന്നു, അതിന്റെ ഭാഗമല്ല. അവന് വ്യക്തിപരമായി കൂടുതൽ രുചിച്ചേക്കാമായിരുന്ന ശകലങ്ങൾ അവൻ തെരഞ്ഞെടുത്തില്ല. അതുപോലെ, നമ്മുടെ ബൈബിളിന്റെയും ക്രിസ്തീയ പ്രസിദ്ധീകരണങ്ങളുടെയും വ്യക്തിപരമായ പഠനം ആത്മീയാഹാരത്തിന്റെ പ്രവാഹത്തോടൊത്തു പോകുന്നതിന് ക്രമവൽക്കരിക്കപ്പെടണം. നാം ആഴമേറിയ സത്യങ്ങൾ ഉൾപ്പെടെ ആത്മീയമേശയിൽ വെക്കപ്പെടുന്ന സകലവും പങ്കുപററണം.
15 നാം കട്ടിയായ ആഹാരത്തിന്റെ അർത്ഥം ഗ്രഹിക്കുന്നതിന് പ്രാർത്ഥനാപൂർവമായ ശ്രമംചെയ്യുന്നുവോ? ഒപ്പം നീങ്ങുന്നതിന് നമ്മുടെ അറിവും ഗ്രാഹ്യവും പ്രാഥമികമായതിനതീതമായി പുരോഗമിക്കേണ്ടതാവശ്യമാണ്, എന്തെന്നാൽ നാം ഇങ്ങനെ വായിക്കുന്നു: “പാൽ കുടിക്കുന്ന ഏവനും നീതിയുടെ വചനത്തിൽ പരിചയരഹിതനാണ്, എന്തെന്നാൽ അവൻ ഒരു ശിശുവാകുന്നു. എന്തെന്നാൽ കട്ടിയായ ആഹാരം പക്വതയുള്ള ആളുകൾക്കുള്ളതാണ്, തങ്ങളുടെ ഗ്രഹണശക്തികൾ ഉപയോഗത്താൽ തെററും ശരിയും തിരിച്ചറിയാൻ പരിശീലിപ്പിക്കപ്പെട്ടവർക്കുതന്നെ.” (എബ്രായർ 5:13, 14) അതെ, ആത്മീയ പുരോഗതി വരുത്തുന്നത് ദൈവസ്ഥാപനം വെക്കുന്ന ഗതിവേഗം കാക്കുന്നതിന് മർമ്മപ്രധാനമാണ്.
ഉദാസീനതയാൽ പിൻമാററപ്പെടുന്നില്ല
16, 17. യെഹെസ്ക്കേൽ ഉദാസീനതയെയും പരിഹാസത്തെയും പ്രതികരണത്തിന്റെ അഭാവത്തെയും കൈകാര്യംചെയ്തതെങ്ങനെ?
16 യെഹെസ്ക്കേൽ അനുസരണമുള്ളവനായിരുന്നുകൊണ്ടും ഉദാസീനതയാലോ പരിഹാസത്താലോ പിൻമാററപ്പെടാതെയും നല്ല ദൃഷ്ടാന്തം വെച്ചു. സമാനമായി, നിർമ്മലഭാഷയുടെ വളർച്ചയോടൊപ്പം നിൽക്കുന്നതിനാൽ നാം രാജകീയരഥസഞ്ചാരി സ്വീകരിച്ചിരിക്കുന്ന ദിശയോട് ഇണങ്ങിച്ചേരുന്നു. അങ്ങനെ നാം അവന്റെ കല്പനകളോടു പ്രതികരിക്കുന്നതിന് സജ്ജരായിത്തീരുകയും നാം യഹോവയുടെ ന്യായവിധിദൂതുകൾ ആരോടു സംസാരിക്കുന്നുവോ അവരുടെ ഉദാസീനതയാലും പരിഹാസത്താലും പിൻമാററപ്പെടാതിരിക്കാൻ ശക്തീകരിക്കപ്പെടുകയും ചെയ്യുന്നു. യെഹെസ്ക്കേലിന്റെ കാര്യത്തിലെന്നപോലെ, ചിലയാളുകൾ കഠിനമാനസരും കഠിനഹൃദയരുമായി സജീവമായി എതിർക്കുമെന്ന് ദൈവം നമുക്ക് മുന്നറിയിപ്പു നൽകിയിട്ടുണ്ട്. മററു ചിലർ യഹോവയെ ശ്രദ്ധിക്കാനാഗ്രഹിക്കാത്തതുകൊണ്ട് കേൾക്കുകയില്ല. (യെഹെസ്ക്കേൽ 3:7-9) ഇനിയും വേറെ ചിലർ കപടഭക്തരായിരിക്കും, യെഹെസ്ക്കേൽ 33:31, 32 പ്രസ്താവിക്കുന്നതുപോലെ: “ജനത്തിന്റെ വരവുപോലെ അവർ നിന്റെ അടുക്കലേക്കു വരും, എന്റെ ജനമായി നിന്റെ മുമ്പിൽ ഇരിക്കുകയും ചെയ്യും; അവർ തീർച്ചയായും നിന്റെ വാക്കുകൾ കേൾക്കും, എന്നാൽ അവർ അവ ചെയ്യുകയില്ല, എന്തെന്നാൽ അവർ തങ്ങളുടെ വായ്കൊണ്ട് ദുരാശയോടുകൂടിയ മോഹങ്ങൾ പ്രകടിപ്പിക്കുന്നു, അവരുടെ ഹൃദയം അന്യായമായ ആദായത്തിന്റെ പിന്നാലെയാണ് പോകുന്നത്. നോക്കൂ! നീ അവർക്ക് ഒരു പ്രേമഗീതംപോലെയാണ്, ഇമ്പകരമായ ശബ്ദമുള്ളവനും കമ്പിവാദ്യം നന്നായി വായിക്കുന്നവനുമായ ഒരുവനെപ്പോലെ. അവർ തീർച്ചയായും നിന്റെ വാക്കുകൾ കേൾക്കും, എന്നാൽ അവ ചെയ്യുന്ന ഒരുവനുമില്ല.”
17 പരിണതഫലം എന്തായിരിക്കും? 33-ാം വാക്യം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “അതു സത്യമായി ഭവിക്കുമ്പോൾ—നോക്കൂ! അത് സത്യമായി ഭവിക്കണം—ഒരു പ്രവാചകൻതന്നെ തങ്ങളുടെ മദ്ധ്യേ ഉണ്ടെന്ന് തെളിഞ്ഞിരുന്നുവെന്ന് അവർ അറിയേണ്ടിവരികയും ചെയ്യും.” പ്രതികരണക്കുറവുനിമിത്തം യെഹെസ്ക്കേൽ പിൻമാറിയില്ലെന്ന് ആ വാക്കുകൾ വെളിപ്പെടുത്തുന്നു. മററുള്ളവരുടെ വിരക്തി അവനെ വിരക്തനാക്കിയില്ല. ആളുകൾ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും അവൻ ദൈവത്തെ അനുസരിക്കുകയും അവന്റെ നിയോഗം നിറവേററുകയും ചെയ്തു.
18. നിങ്ങൾക്ക് നിങ്ങളോടുതന്നെ എന്തു ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്?
18 ഇപ്പോൾ യഹോവയുടെ ദൃശ്യ സ്ഥാപനം എല്ലാവരും ദൈവത്തെ ഭയപ്പെട്ട് അവന് മഹത്വം കൊടുക്കണമെന്നുള്ള ഘോഷണം ശക്തിപ്പെടുത്തുകയാണ്. രാജ്യസാക്ഷ്യം കൊടുക്കുന്നതിൽ ധീരമായ നില സ്വീകരിക്കുന്നതുകൊണ്ടും നിങ്ങളുടെ ജീവിത ശൈലിയിൽ ധാർമ്മികനിഷ്ഠ പാലിക്കുന്നതുകൊണ്ടും വിമർശിക്കപ്പെടുമ്പോൾ നിങ്ങൾ പിടിച്ചുനിൽക്കുന്നുവോ? രക്തം സ്വീകരിക്കാത്തതുകൊണ്ടും ദേശീയചിഹ്നങ്ങളെ ആരാധിക്കാത്തതുകൊണ്ടും ലോക വിശേഷദിനങ്ങൾ ആഘോഷിക്കാത്തതുകൊണ്ടും നിങ്ങൾ സമ്മർദ്ദലക്ഷ്യമായിരിക്കുമ്പോൾ നിങ്ങൾ ഉറച്ചുനിൽക്കുന്നുവോ?—മത്തായി 5:11, 12; 1 പത്രോസ് 4:4, 5.
19. നാം യഹോവയുടെ സ്വർഗ്ഗീയസ്ഥാപനത്തോടൊപ്പം നീങ്ങുന്നുവെങ്കിൽ ദിശ സംബന്ധിച്ച് നാം എന്തു ചെയ്യും?
19 ഈ ഗതി അനായാസമായ ഒന്നല്ല, എന്നാൽ അവസാനത്തോളം സഹിച്ചുനിൽക്കുന്നവർ രക്ഷിക്കപ്പെടും. (മത്തായി 24:13) യഹോവയുടെ സഹായത്തോടെ, നാം ലോകത്തിലെ ആളുകൾ നമ്മെ അവരെപ്പോലെയാക്കാനും അങ്ങനെ യഹോവയുടെ സ്വർഗ്ഗീയരഥത്തോടൊത്തുള്ള ചുവടു തെററിക്കാനും അനുവദിക്കുകയില്ല. (യെഹെസ്ക്കേൽ 2:8; റോമർ 12:21) നാം രഥസമാനമായ ദൂതസ്ഥാപനത്തോടൊപ്പം നീങ്ങുന്നുവെങ്കിൽ നാം ദൈവത്തിന്റെ ദൃശ്യസ്ഥാപനത്തിലൂടെ ലഭിക്കുന്ന മാർഗ്ഗനിർദ്ദേശവും ഉദ്ബോധനങ്ങളും കൃത്യമായി അനുസരിക്കും. നമ്മുടെ വിശ്വാസത്തിൻമേലുള്ള ആക്രമണങ്ങളെ നേരിടുന്നതിനും ജീവന്റെ വചനത്തിൻമേലുള്ള നമ്മുടെ പിടി നിലനിർത്തുന്നതിനും സ്വർഗ്ഗീയ രഥത്തിന്റെ രാജകീയ രഥസഞ്ചാരിയെ കേന്ദ്രീകരിക്കുന്ന ആത്മീയ യാഥാർത്ഥ്യങ്ങളിൽ ദൃഢമായി ശ്രദ്ധ പതിപ്പിക്കുന്നതിനും നമുക്കാവശ്യമുള്ളത് യഹോവ പ്രദാനംചെയ്യുന്നു.
ഗതിവേഗം നിലനിർത്തുന്നതിന് പ്രേരിപ്പിക്കപ്പെടുന്നു
20. ഗതിവേഗം നിലനിർത്തുന്നതിന് നമ്മേ പ്രേരിപ്പിക്കേണ്ടതായി യെഹെസ്ക്കേൽ രേഖപ്പെടുത്തിയ ചില കാര്യങ്ങളേവ?
20 യെഹെസ്ക്കേലിന്റെ ദർശനങ്ങൾ ഗതിവേഗം നിലനിർത്താൻ നമ്മെ പ്രേരിപ്പിക്കണം. അവൻ ഇസ്രായേലിൻമേലുള്ള ദൈവത്തിന്റെ ന്യായവിധികൾ ഘോഷിച്ചുവെന്നുമാത്രമല്ല, പുനഃസ്ഥാപനത്തിന്റെ പ്രവചനങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. യെഹെസ്ക്കേൽ യഹോവയുടെ സിംഹാസനത്തിൽ ഭരിക്കാൻ നിയമപരമായ അവകാശമുള്ളവനിലേക്ക് വിരൽചൂണ്ടി. (യെഹെസ്ക്കേൽ 21:27) ആ രാജകീയ ദാസനായ “ദാവീദ്” ദൈവജനത്തെ വീണ്ടും കൂട്ടിച്ചേർക്കുകയും അവരെ മേയിക്കുകയും ചെയ്യും. (യെഹെസ്ക്കേൽ 34:23, 24) അവർ മാഗോഗിലെ ഗോഗിനാൽ ആക്രമിക്കപ്പെടുമെങ്കിലും ദൈവം അവരെ വിടുവിക്കും, അവന്റെ ശത്രുക്കൾ നാശത്തിലേക്കുപോകുമ്പോൾത്തന്നെ ‘യഹോവയെ അറിയാൻ’ നിർബന്ധിതരാക്കപ്പെടും. (യെഹെസ്ക്കേൽ 38:8-12; 39:4, 7) അപ്പോൾ ദൈവത്തിന്റെ ദാസൻമാർ ഒരു ആത്മീയ ആലയം ഉൾപ്പെടുന്ന നിർമ്മലാരാധനയുടെ ഒരു വ്യവസ്ഥിതിയിൽ അനന്ത ജീവൻ ആസ്വദിക്കും. വിശുദ്ധമന്ദിരത്തിൽനിന്ന് ഒഴുകുന്ന ജീവജലം പോഷണത്തിന്റെയും രോഗശാന്തിയുടെയും ഉറവായിരിക്കും, അവരുടെ അനുഗ്രഹത്തിനുവേണ്ടി ഒരു ദേശത്തിന്റെ അവകാശം അവർക്ക് വീതിച്ചുകൊടുക്കപ്പെടും.—യെഹെസ്ക്കേൽ 40:2; 47:9, 12, 21.
21. യഹോവയുടെ ആധുനികനാളിലെ സാക്ഷികളുടെ റോൾ യെഹെസ്ക്കേലിന്റേതിനെക്കാൾ മഹത്തരമായിരിക്കുന്നതെന്തുകൊണ്ട്?
21 ആ പ്രവചനങ്ങൾ രേഖപ്പെടുത്തിയതിൽ യെഹെസ്ക്കേൽ എത്ര പുളകിതനായിരുന്നിരിക്കണം. എന്നിരുന്നാലും, യഹോവയുടെ ആധുനികനാളിലെ സാക്ഷികളുടെ റോൾ മഹത്തരമാണ്. ആ പ്രവചനങ്ങളിൽ ചിലത് നിവർത്തിക്കപ്പെടുന്ന കാലത്താണ് നാം ജീവിക്കുന്നത്. യഥാർത്ഥത്തിൽ, നാം ചില നിവൃത്തികളിൽ സജീവമായ പങ്കാളികളാണ്. യേശു നിയമപരമായ അവകാശമുള്ളവനെന്ന നിലയിൽ ഇപ്പോൾ ഭരിക്കുന്നുവെന്നുള്ള നമ്മുടെ ബോധ്യം നാം ജീവിക്കുന്ന വിധത്താൽ നാം വ്യക്തിപരമായി പ്രകടമാക്കുന്നുണ്ടോ? യഹോവ പെട്ടെന്നുതന്നെ തന്നേത്തന്നെ വിശുദ്ധീകരിക്കുമെന്നും തന്റെ സ്ഥാപനത്തോടൊത്തു നീങ്ങുന്നവരെ തന്റെ പുതിയ ലോകത്തിലേക്ക് വിടുവിക്കുമെന്നും നമുക്ക് വ്യക്തിപരമായി ബോധ്യമുണ്ടോ? (2 പത്രോസ് 3:13) വിശ്വാസത്തിന്റെ പ്രവൃത്തികൾ സഹിതമുള്ള അത്തരം ബോധ്യം നാം തീർച്ചയായും യഹോവയുടെ സ്വർഗ്ഗീയ രഥത്തോടൊത്ത് നീങ്ങുന്നുവെന്ന് പ്രകടമാക്കുന്നു.
ഒപ്പം നീങ്ങുന്നതിൽ തുടരുക
22. വ്യക്തമായ ഒരു ആത്മീയവീക്ഷണം നിലനിർത്തുന്നതിന് ശ്രദ്ധാശൈഥില്യങ്ങൾ ഒഴിവാക്കാൻ എന്തു ചെയ്യാൻ കഴിയും?
22 ‘കലപ്പക്കു കൈ വെച്ച ശേഷം’ നാം ലോകത്തിന് സമർപ്പിക്കാനുള്ള യാതൊന്നിലേക്കും ആകാംക്ഷാപൂർവം പിന്തിരിഞ്ഞുനോക്കരുത്. (ലൂക്കോസ് 9:62; 17:32; തീത്തോസ് 2:11-13) അതുകൊണ്ട് ഭൂമിയിൽ നിക്ഷേപം സ്വരൂപിക്കുന്നതിനുള്ള ഏതൊരു ചായ്വിനെയും നമുക്ക് നീക്കംചെയ്യാം. നമുക്ക് രാജ്യത്തിൽ ദൃഷ്ടി കേന്ദ്രീകരിച്ചുകൊണ്ട് നമ്മുടെ കണ്ണിനെ ലഘുവാക്കിനിർത്താം. (മത്തായി 6:19-22, 33) നമ്മുടെ ജീവിതത്തെ ലഘൂകരിക്കുന്നതും സാദ്ധ്യമാകുന്നടത്തെല്ലാം ലൗകികഭാരങ്ങൾ വിട്ടുകളയുന്നതും യഹോവയുടെ സ്ഥാപനത്തോടൊപ്പം നീങ്ങുന്നതിന് നമ്മെ സഹായിക്കും. (എബ്രായർ 12:1-3) ശ്രദ്ധാശൈഥില്യങ്ങൾക്ക് സ്വർഗ്ഗീയ രഥത്തെയും അതിലെ സഞ്ചാരിയെയുംകുറിച്ചുള്ള ദർശനത്തിന് മങ്ങലേൽപ്പിക്കാൻ കഴിയും. എന്നാൽ അവന്റെ സഹായത്താൽ, നമുക്ക് യെഹെസ്ക്കേൽ ചെയ്തതുപോലെ വ്യക്തമായ ഒരു ആത്മീയ വീക്ഷണം പുലർത്താൻ കഴിയും.
23. വിശ്വസ്ത സാക്ഷികൾ പുതിയവർക്കുവേണ്ടി എന്തു ചെയ്യേണ്ടയാവശ്യമുണ്ട്?
23 യഹോവയുടെ സാക്ഷികളെന്ന നിലയിലുള്ള നമ്മുടെ ഉത്തരവാദിത്വത്തിന്റെ ഒരു ഭാഗത്തിൽ യഹോവയുടെ സ്വർഗ്ഗീയ രഥത്തോടൊപ്പം നീങ്ങാൻ പുതിയവരെ സഹായിക്കുന്നത് ഉൾപ്പെടുന്നു. 1990-ൽ 1,00,00,000യോടടുത്ത് ആളുകൾ യേശുക്രിസ്തുവിന്റെ മരണത്തിന്റെ സസ്മാരകത്തിന് ഹാജരായി. ഈ വ്യക്തികളിലനേകരും ചുരുക്കം ചില ക്രിസ്തീയ യോഗങ്ങൾക്ക് ഹാജരാകുന്നുണ്ടായിരിക്കാമെങ്കിലും അവർ യഹോവയുടെ ദൃശ്യസ്ഥാപനത്തോടൊത്ത് പുരോഗമിക്കേണ്ടതിന്റെ പ്രാധാന്യം കാണേണ്ടതുണ്ടായിരിക്കാം. വിശ്വസ്ത സാക്ഷികളെന്ന നിലയിൽ നാം പ്രകടമാക്കുന്ന ആത്മാവിനാലും നാം കൊടുക്കുന്ന പ്രോൽസാഹനത്താലും നമുക്ക് അവരെ സഹായിക്കാൻ കഴിയും.
24. ഈ പരമകാഷ്ഠയിലെത്തിയ കാലങ്ങളിൽ നാം എന്തു ചെയ്യണം?
24 ഇവ പരമകാഷ്ഠയിലെത്തിയ കാലങ്ങളാണ്. സ്വർഗ്ഗീയ രഥം നമ്മുടെ മുമ്പാകെ എത്തിനിൽക്കുന്നത് വിശ്വാസനേത്രങ്ങളാൽ നാം കണ്ടിരിക്കുന്നു. മഹത്തായ പാരമ്യത്തിൽ ജനതകൾ യഹോവ ആരെന്നറിയത്തക്കവണ്ണം അവരോട് പ്രസംഗിക്കാനുള്ള ഒരു നിയോഗം രാജകീയ രഥസഞ്ചാരി തന്റെ ദൃശ്യസ്ഥാപനത്തിന് കൊടുത്തിട്ടുണ്ട്. (യെഹെസ്ക്കേൽ 39:7) യഹോവയുടെ സ്വർഗ്ഗീയ രഥത്തോടൊപ്പം നീങ്ങിക്കൊണ്ട് ദൈവത്തിന്റെ പരമാധികാരത്തിന്റെ സംസ്ഥാപനത്തിലും അവന്റെ വിശുദ്ധനാമത്തിന്റെ വിശുദ്ധീകരണത്തിലും പങ്കെടുക്കുന്നതിന് ഈ മഹത്തായ അവസരത്തെ പരമാവധി പ്രയോജനപ്പെടുത്തുക. (w91 3/15)
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻യെഹെസ്ക്കേലിന്റെ നിയോഗത്തെ സംബന്ധിച്ചടത്തോളം അവൻ എന്തു ദൃഷ്ടാന്തം വെച്ചു?
◻ദൈവസ്ഥാപനത്തോടൊപ്പം നീങ്ങുകയെന്നതിന്റെ അർഥമെന്ത്?
◻യെഹെസ്ക്കേൽ യഹോവയുടെ വചനങ്ങളെ എങ്ങനെ വീക്ഷിച്ചു?
◻ഉദാസീനതയെ കൈകാര്യംചെയ്യുന്നതിൽ നമുക്ക് എങ്ങനെ യെഹെസ്ക്കേലിന്റെ മാതൃക പിന്തുടരാൻ കഴിയും?
◻യഹോവയുടെ സ്വർഗ്ഗീയ രഥത്തോടൊപ്പം നീങ്ങാൻ അവന്റെ ദാസൻമാരെ എന്തു പ്രേരിപ്പിക്കണം?
[25-ാം പേജിലെ ചിത്രം]
യഹോവയുടെ സ്വർഗ്ഗീയരഥത്തോടൊപ്പം നീങ്ങുന്നതിന് എന്താണാവശ്യമായിരിക്കുന്നത്?
[26-ാം പേജിലെ ചിത്രം]
യെഹെസ്ക്കേൽ തന്റെ ദൈവദത്ത പദവികളെ വിലമതിച്ചു. നിങ്ങളോ?