യേശുക്രിസ്തു മോശെയെപ്പോലുള്ള ഒരു പ്രവാചകനായിരുന്നത് എങ്ങനെ?
യഹോവയായ ദൈവം വ്യാജം പറയുന്നില്ല. (തീത്തോസ് 1:2; എബ്രായർ 6:18) അതുകൊണ്ട്, അവന്റെ വചനമാകുന്ന ബൈബിളിലെ പ്രവചനങ്ങൾ വിശ്വസനീയവും സത്യവുമാണ്. അവ നിവൃത്തിയാകുമെന്ന് തീർച്ചയാണ്.
ഈ ദിവ്യനിശ്വസ്തപ്രവചനങ്ങളിൽപെട്ടതാണ് മശിഹായെസംബന്ധിച്ച് എബ്രായ പ്രവാചകനായിരുന്ന മോശെ രേഖപ്പെടുത്തിയ ഒന്ന്. യഹോവയെ ഉദ്ധരിച്ചുകൊണ്ട് മോശെ ഇങ്ങനെ പ്രസ്താവിച്ചു: “ഞാൻ അവർക്കുവേണ്ടി (ഇസ്രായേല്യർക്ക്) അവരുടെ സഹോദരൻമാരുടെ ഇടയിൽനിന്ന് നിന്നെപ്പോലെ (മോശെ) ഒരു പ്രവാചകനെ എഴുന്നേൽപ്പിക്കും; ഞാൻ തീർച്ചയായും എന്റെ വചനങ്ങൾ അവന്റെ വായിൽ വെക്കും, അവൻ തീർച്ചയായും ഞാൻ അവനോടു കല്പിക്കുന്നതെല്ലാം അവരോടു പ്രസ്താവിക്കും.”—ആവർത്തനം 18:17, 18, NW.
അപ്പോസ്തലനായ പത്രോസ് പിൻവരുന്നപ്രകാരം എഴുതിയപ്പോൾ ഈ പ്രവചനം യേശുക്രിസ്തുവിനു ബാധകമാക്കി: “‘യഹോവയായ ദൈവം നിങ്ങളുടെ ഇടയിൽനിന്ന് എന്നെപ്പോലെ ഒരു പ്രവാചകനെ നിങ്ങൾക്കുവേണ്ടി എഴുന്നേൽപ്പിക്കും. അവൻ നിങ്ങളോടു പ്രസ്താവിക്കുന്ന സകല കാര്യങ്ങളുമനുസരിച്ച് നിങ്ങൾ അവനെ ശ്രദ്ധിക്കണം’ എന്നു മോശെ പറഞ്ഞു.” (പ്രവൃത്തികൾ 3:22, NW) യഥാർത്ഥത്തിൽ യേശുതന്നെ ഇങ്ങനെ പ്രസ്താവിച്ചിരുന്നു: “നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നു.” (യോഹന്നാൻ 5:46) യേശുവും മോശെയും ഏതു വിധങ്ങളിലാണ് ഒരുപോലെയായിരുന്നത്?
അവരുടെ ജീവിതവൃത്തികളുടെ ആദ്യകാലത്ത് ഒരുപോലെ
മോശെയും യേശുവും വളരെ ചെറിയ ആൺകുട്ടികളുടെ സംഹാരത്തിൽനിന്ന് രക്ഷപ്പെട്ടു. മോശെ എന്ന ശിശു നൈൽനദിയുടെ തീരങ്ങളിലെ ഞാങ്ങണയുടെ ഇടയിൽ ഒളിച്ചുവെക്കപ്പെട്ടു, അങ്ങനെ ഈജിപ്ററിലെ ഫറവോൻ ആജ്ഞാപിച്ചപ്രകാരമുള്ള ഇസ്രായേല്യ ആൺകുഞ്ഞുങ്ങളുടെ സംഹാരത്തിൽനിന്ന് രക്ഷപ്പെട്ടു. ഒരു കൊച്ചുകുട്ടിയായിരുന്നപ്പോൾ യേശുവും ബേത്ലഹേമിലും അതിന്റെ ഡിസ്ട്രിക്ററുകളിലും രണ്ടുവയസ്സുവരെ പ്രായമുണ്ടായിരുന്ന ആൺകുട്ടികളുടെ സംഹാരത്തിൽനിന്ന് രക്ഷപ്പെട്ടു. ഇത് മഹാനായ ഹെരോദാവ് ആജ്ഞാപിച്ച കൂട്ടക്കൊലയായിരുന്നു, അയാളും ഫറവോനെപ്പോലെ ദൈവത്തിന്റെയും അവന്റെ ജനത്തിന്റെയും ശത്രുവായിരുന്നു.—പുറപ്പാട് 1:22-2:10; മത്തായി 2:13-18.
മോശെയും യേശുവും സൗമ്യപ്രകൃതത്തോടുകൂടിയ അല്ലെങ്കിൽ സൗമ്യമായ ഒരു ആത്മാവ് പ്രകടമാക്കി. മോശെ ഈജിപ്ററിലെ ശക്തനായ ഒരു രാജാവിന്റെ കുടുംബത്തിൽ ഒരു പുത്രനായി വളർത്തപ്പെട്ടുവെങ്കിലും അവൻ “ഭൂതലത്തിൽ ഉള്ള സകല മനുഷ്യരിലും അതിസൗമ്യനായി”ത്തീരാനിടയായി. (സംഖ്യാപുസ്തകം 12:3) സമാനമായി, യേശു സ്വർഗ്ഗത്തിൽ ശക്തനാം പ്രഭുവായ മീഖായേലായി സേവിച്ചിരുന്നുവെങ്കിലും താഴ്മയോടെ ഭൂമിയിലേക്കു വന്നു. (ദാനിയേൽ 10:13; ഫിലിപ്പിയർ 2:5-8) തന്നെയുമല്ല, യേശുവിന് ആളുകളോട് സഹതാപമുണ്ടായിരുന്നു, “ഞാൻ സൗമ്യതയും താഴ്മയുമുള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്ക് ആശ്വാസം കണ്ടെത്തും” എന്നു പറയാനും അവനു കഴിഞ്ഞു.—മത്തായി 11:29; 14:14.
യഹോവയുടെ സേവനത്തിനുവേണ്ടി, മോശെയും യേശുവും പ്രമുഖസ്ഥാനങ്ങളും വലിയ ധനവും പിമ്പിൽ വിട്ടുകളഞ്ഞു. യഹോവയെയും അവന്റെ ജനത്തെയും സേവിക്കുന്നതിന് മോശെ ധനവും ഈജിപ്ററിലെ പ്രശസ്തസ്ഥാനവും ഉപേക്ഷിച്ചു. (എബ്രായർ 11:24-26) അതുപോലെതന്നെ, യേശു യഹോവയെയും ഭൂമിയിലെ അവന്റെ ജനത്തെയും സേവിക്കാൻതക്കവണ്ണം സ്വർഗ്ഗത്തിലെ വളരെ അനുഗൃഹീതമായ ഒരു സ്ഥാനവും ധനവും ഉപേക്ഷിച്ചു.—2 കൊരിന്ത്യർ 8:9.
മോശെയും യേശുവും ദൈവത്തിന്റെ അഭിഷിക്തർ ആയിത്തീർന്നു. പ്രവാചകനായിരുന്ന മോശെ ഇസ്രായേൽ ജനതക്കുവേണ്ടി യഹോവയുടെ അഭിഷിക്തനായി സേവിച്ചു. അപ്പോസ്തലനായ പൗലോസ് പറഞ്ഞതുപോലെ മോശെ “ക്രിസ്തുവിന്റെ [അഭിഷിക്തൻ അങ്ങനെയായിരിക്കുന്നതിന്റെ] നിന്ദ ഈജിപ്ററിലെ നിക്ഷേപങ്ങളെക്കാൾ വലിയ ധനമെന്ന് വിലമതിച്ചു.” (എബ്രായർ 11:26; പുറപ്പാട് 3:1-4:17) യേശു എപ്പോഴാണ് ക്രിസ്തു അഥവാ അഭിഷിക്തൻ ആയിത്തീർന്നത്? അത് സ്നാപനമേററ ശേഷം ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ അഥവാ പ്രവർത്തനനിരതമായ ശക്തിയാൽ അവൻ അഭിഷേകംചെയ്യപ്പെട്ടപ്പോഴാണ് സംഭവിച്ചത്. സുഖാറിലെ യാക്കോബിന്റെ ഉറവിങ്കൽ നിന്ന ശമര്യക്കാരിത്തിസ്ത്രീയോടും വിസ്തരിക്കപ്പെട്ടുകൊണ്ടിരുന്നപ്പോൾ ഇസ്രായേലിലെ മഹാപുരോഹിതന്റെ മുമ്പാകെയും താൻ മശിഹാ അഥവാ ക്രിസ്തു ആണെന്ന് യേശു പ്രഖ്യാപിച്ചു.—മർക്കോസ് 14:61, 62; യോഹന്നാൻ 4:25, 26.
മോശെയും യേശുവും 40 ദിവസം ഉപവസിച്ചു. ദൈവത്തിന്റെ വക്താവെന്ന നിലയിലുള്ള തന്റെ ജീവിതവൃത്തിയുടെ പ്രാരംഭത്തിൽ മോശെ സീനായി പർവതത്തിലായിരുന്നപ്പോൾ 40 ദിവസം ഉപവസിച്ചു. (പുറപ്പാട് 34:28) യേശു വാഗ്ദത്ത മശിഹാ എന്ന നിലയിലുള്ള തന്റെ ജീവിതവൃത്തിയുടെ പ്രാരംഭകാലത്ത് വിജനപ്രദേശത്ത് 40 ദിവസം ഉപവസിക്കുകയും അനന്തരം സാത്താന്യമായ പ്രലോഭനത്തെ ചെറുത്തുനിൽക്കുകയും ചെയ്തു.—മത്തായി 4:1-11.
രണ്ടുപേരും യഹോവയെ മഹത്വപ്പെടുത്തി
തന്റെ വിശുദ്ധനാമത്ത മഹിമപ്പെടുത്തുന്നതിന് യഹോവ മോശെയെയും യേശുവിനെയും ഉപയോഗിച്ചു. ഇസ്രായേല്യരുടെ ‘പൂർവപിതാക്കൻമാരുടെ ദൈവമായ യഹോവയുടെ’ നാമത്തിൽ അവരുടെ അടുക്കലേക്കു പോകാൻ ദൈവം മോശെയോടു പറഞ്ഞു. (പുറപ്പാട് 3:13-16) യഹോവയുടെ ശക്തി പ്രകടമാക്കാനും അവന്റെ നാമം സർവഭൂമിയിലും ഘോഷിക്കപ്പെടാനും കഴിയേണ്ടതിന് അസ്തിത്വത്തിൽ നിർത്തപ്പെട്ട ഫറവോന്റെ മുമ്പാകെ മോശെ ദൈവത്തെ പ്രതിനിധാനംചെയ്തു. (പുറപ്പാട് 9:16) അതുപോലെതന്നെ യേശു യഹോവയുടെ നാമത്തിൽ വന്നു. ഉദാഹരണത്തിന്, “ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല” എന്ന് ക്രിസ്തു പറഞ്ഞു. (യോഹന്നാൻ 5:43) യേശു തന്റെ പിതാവിനെ മഹത്വപ്പെടുത്തുകയും ദൈവം തനിക്കു നൽകിയ ആളുകൾക്ക് യഹോവയുടെ നാമം വെളിപ്പെടുത്തുകയും ഭൂമിയിൽ അതിനെ സുപ്രസിദ്ധമാക്കുകയും ചെയ്തു.—യോഹന്നാൻ 17:4, 6, 26.
ദിവ്യശക്തിയാൽ മോശെയും യേശുവും ദൈവത്തെ മഹത്വീകരിച്ച അത്ഭുതങ്ങൾ ചെയ്തു. താൻ യഹോവയാൽ നിയോഗിക്കപ്പെട്ടവനാണെന്ന് തെളിയിക്കാനാണ് മോശെ അത്ഭുതങ്ങൾ ചെയ്തത്. (പുറപ്പാട് 4:1-31) ചെങ്കടലിനെ വിഭാഗിക്കാൻ ദൈവത്താൽ ഉപയോഗിക്കപ്പെട്ട മോശെ തന്റെ ജീവിതവൃത്തിയിലുടനീളം യഹോവയെ മഹത്വീകരിച്ച അത്ഭുതങ്ങൾ ചെയ്യുന്നതിൽ തുടർന്നു. (പുറപ്പാട് 5:1–12:36; 14:21-31; 16:11-18; 17:5-7; സങ്കീർത്തനം 78:12-54) സമാനമായി, യേശു അനേകം അത്ഭുതങ്ങൾ ചെയ്തുകൊണ്ട് ദൈവത്തിനു മഹത്വം കരേററി. “ഞാൻ പിതാവിലും പിതാവ് എന്നിലും എന്ന് എന്നെ വിശ്വസിപ്പിൻ; അല്ലെങ്കിൽ പ്രവൃത്തിനിമിത്തം എന്നെ വിശ്വസിപ്പിൻ” എന്ന് യേശുവിനു പറയാൻ കഴിയത്തക്കവണ്ണമായിരുന്നു വാസ്തവസ്ഥിതി. (യോഹന്നാൻ 14:11) ഗലീലക്കടൽ ശാന്തമാകത്തക്കവണ്ണം ഉഗ്രമായ കൊടുങ്കാററ് ശമിപ്പിച്ചത് അവന്റെ അത്ഭുതങ്ങളിൽപെട്ടതായിരുന്നു.—മർക്കോസ് 4:35-41; ലൂക്കോസ് 7:18-23.
മററു പ്രധാനപ്പെട്ട സമാനതകൾ
മോശെയും യേശുവും അത്ഭുതകരമായ ഒരു ആഹാരപ്രദാനത്തോടു ബന്ധപ്പെട്ടിരുന്നു. ഇസ്രായേല്യർക്കുവേണ്ടി അത്ഭുതകരമായി ആഹാരം പ്രദാനംചെയ്യപ്പെട്ടപ്പോൾ മോശെ യഹോവയുടെ പ്രവാചകനായിരുന്നു. (പുറപ്പാട് 16:11-36) സമാനമായി ബൈബിൾരേഖയിലുള്ള രണ്ടു സന്ദർഭങ്ങളിൽ യേശു അത്ഭുതകരമായി ഭൗതികാഹാരത്താൽ പുരുഷാരങ്ങളെ പോഷിപ്പിച്ചു.—മത്തായി 14:14-21; 15:32-38.
സ്വർഗ്ഗത്തിൽനിന്നുള്ള മന്നാ മോശെയുടെയും യേശുവിന്റെയും സേവനത്തിന്റെ കണ്ണിയായിരുന്നു. മോശെ ഇസ്രായേല്യരെ നയിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നു ആകാശത്തുനിന്ന് അവർക്ക് മന്നാ പ്രദാനംചെയ്യപ്പെട്ടത്. (പുറപ്പാട് 16:11-27; സംഖ്യാപുസ്തകം 11:4-9; സങ്കീർത്തനം 78:25) സമാനമെങ്കിലും അത്യന്തം പ്രധാനപ്പെട്ട വിധത്തിൽ യേശു അനുസരണമുള്ള മനുഷ്യവർഗ്ഗത്തിനുവേണ്ടി സ്വർഗ്ഗത്തിൽനിന്നുള്ള മന്നാ എന്ന നിലയിൽ തന്റെ സ്വന്തം മാംസം പ്രദാനംചെയ്തു.—യോഹന്നാൻ 6:48-51.
മോശെയും യേശുവും ആളുകളെ അടിമത്വത്തിൽനിന്ന് സ്വാതന്ത്ര്യത്തിലേക്കു നയിച്ചു. ഇസ്രായേല്യരെ ഈജിപ്ററുകാരുടെ അടിമത്വത്തിൽനിന്നും തന്റെ ജനമെന്ന നിലയിലുള്ള സ്വാതന്ത്ര്യത്തിലേക്കും നയിക്കാൻ മോശെ ദൈവത്താൽ ഉപയോഗിക്കപ്പെട്ടു. (പുറപ്പാട് 12:37-42) സമാനമായി, യേശുക്രിസ്തു തന്റെ അനുഗാമികളെ സ്വാതന്ത്ര്യത്തിലേക്കു നയിച്ചുകൊണ്ടാണിരിക്കുന്നത്. ക്രിസ്തു അനുസരണമുള്ള മനുഷ്യവർഗ്ഗത്തെ പിശാചായ സാത്താന്റെ സ്ഥാപനത്തിന്റെ അടിമത്വത്തിൽനിന്നും അതുപോലെതന്നെ പാപത്തിൽനിന്നും മരണത്തിൽനിന്നുമുള്ള സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതായിരിക്കും.—1 കൊരിന്ത്യർ 15:24-26; കൊലൊസ്സ്യർ 1:13; 1 യോഹന്നാൻ 5:19.
മോശെയും യേശുവും ഉടമ്പടികൾക്ക് മാദ്ധ്യസ്ഥം വഹിച്ചു. മോശെ യഹോവയാം ദൈവവും ഇസ്രായേല്യരും തമ്മിലുള്ള ന്യായപ്രമാണ ഉടമ്പടിയുടെ മദ്ധ്യസ്ഥനായിരുന്നു. (പുറപ്പാട് 19:3-9) യേശു ദൈവവും ആത്മീയ ഇസ്രായേല്യരും തമ്മിലുള്ള പുതിയ ഉടമ്പടിയുടെ മദ്ധ്യസ്ഥനാണ്.—യിരെമ്യാവ് 31:31-34; ലൂക്കോസ് 22:20; എബ്രായർ 8:6-13.
മോശെയെയും യേശുക്രിസ്തുവിനെയും ന്യായവിധി ഭരമേല്പിച്ചു. മോശെ ജഡിക ഇസ്രായേലിന്റെ ന്യായാധിപതിയും നിയമദാതാവുമായി സേവിച്ചു. (പുറപ്പാട് 18:13 മലാഖി 4:4) യേശു ന്യായാധിപതിയായി സേവിക്കുന്നു, ‘ദൈവത്തിന്റെ ആത്മീയ ഇസ്രായേലിന്’ അതിന്റെ നിയമങ്ങളും കല്പനകളും കൊടുക്കുകയും ചെയ്തിരിക്കുന്നു. (ഗലാത്യർ 6:16; യോഹന്നാൻ 15:10) ക്രിസ്തുതന്നെ ഇങ്ങനെ പറഞ്ഞു: “എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന് പിതാവ് ആരെയും ന്യായം വിധിക്കാതെ ന്യായവിധിയെല്ലാം പുത്രന്നു കൊടുത്തിരിക്കുന്നു. പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.”—യോഹന്നാൻ 5:22, 23.
മോശെയെയും യേശുവിനെയും ദൈവഭവനത്തിൻമേലുള്ള ശിരഃസ്ഥാനം ഭരമേൽപ്പിച്ചിരുന്നു. മോശെ പുരാതന ഇസ്രായേലിൽ ദൈവഭവനത്തിൻമേൽ ശിരസ്സെന്ന നിലയിൽ വിശ്വസ്തനായിരുന്നു. (സംഖ്യാപുസ്തകം 12:7) സമാനമായി, യേശു യഹോവയുടെ ആത്മീയപുത്രൻമാരുടെ ഭവനത്തിന്റെ ശിരസ്സാക്കപ്പെട്ടു. തീർച്ചയായും “മോശെ ദൈവഭവനത്തിൽ ഒക്കെയും വിശ്വസ്തനായിരുന്നതുപോലെ യേശുവും തന്നെ നിയമിച്ചാക്കിയവന്ന് വിശ്വസ്തൻ ആകുന്നു. ഭവനത്തെക്കാളും ഭവനം ചമച്ചവന്നു അധികം മാനമുള്ളതുപോലെ, യേശുവും മോശെയെക്കാൾ അധികം മഹത്വത്തിന്നു യോഗ്യൻ എന്നു എണ്ണിയിരിക്കുന്നു. . . . അവന്റെ ഭവനത്തിലൊക്കെയും മോശെ വിശ്വസ്തനായിരുന്നതു അരുളിച്ചെയ്വാനിരുന്നതിനു സാക്ഷ്യം പറയുന്ന ഭൃത്യനായിട്ടത്രെ. ക്രിസ്തുവോ അവന്റെ ഭവനത്തിന് അധികാരിയായ പുത്രനായിട്ടു തന്നേ. പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെ പിടിച്ചുകൊണ്ടാൽ നാംതന്നെ അവന്റെ ഭവനമാകുന്നു.”—എബ്രായർ 3:2-6.
മരണത്തിന്റെ കാര്യത്തിൽപോലും, മോശെയും യേശുവും ഒരുപോലെയായിരുന്നു. എങ്ങനെ? ശരി, മോശെയുടെ ശരീരത്തെ അശുദ്ധമാക്കുകയോ വിഗ്രഹവൽക്കരിക്കുകയോ ചെയ്യുന്നതിനെ തടയാൻ യഹോവ അവന്റെ ശരീരം നീക്കംചെയ്തു. (ആവർത്തനം 34:5, 6; യൂദാ 9) സമാനമായി, യേശുവിന്റെ ശരീരം ദ്രവത്വം കാണാൻ അനുവദിക്കാതെയും അങ്ങനെ അത് വിശ്വാസത്തിന് ഒരു വിലങ്ങുതടിയായിരിക്കുന്നതിൽനിന്ന് തടഞ്ഞുകൊണ്ടും ദൈവം അതു കൈകാര്യംചെയ്തു.—സങ്കീർത്തനം 16:10; പ്രവൃത്തികൾ 2:29-31; 1 കൊരിന്ത്യർ 15:50.
പ്രവചനത്തിനു ശ്രദ്ധ കൊടുക്കുക
യേശുക്രിസ്തു മോശെയെപ്പോലുള്ള ഒരു പ്രവാചകനാണെന്നു തെളിഞ്ഞത് ഈ വിധങ്ങളിലായിരുന്നു. ആ പ്രവാചകന്റെ വരവിനെക്കുറിച്ച് ദൈവം മോശെയോടു പറഞ്ഞ വാക്കുകൾ എത്ര അത്ഭുതകരമായി നിറവേറി!
മോശെയെപ്പോലുള്ള ഒരു പ്രവാചകനെ എഴുന്നേൽപ്പിക്കുമെന്നുള്ള യഹോവയുടെ പ്രാവചനികവാഗ്ദത്തം അവൻ നിറവേററിയെന്നുള്ളതിൽ സംശയമില്ല. ആവർത്തനം 18:18-ലെ വാക്കുകൾ യേശുക്രിസ്തുവിന്റെ ജീവിതത്തിലും അനുഭവങ്ങളിലും നിറവേറി. അങ്ങനെയുള്ള നിവൃത്തി ദൈവവചനത്തിലെ മററു പ്രാവചനികവശങ്ങളിൽ വിശ്വാസമർപ്പിക്കുന്നതിന് നമുക്കു കാരണം നൽകുന്നു. അതുകൊണ്ട്, നമുക്ക് എല്ലായ്പ്പോഴും ബൈബിൾപ്രവചനങ്ങൾക്ക് ശ്രദ്ധ കൊടുക്കാം. (w91 11/15)