യഹോവയുടെ വഴികൾ ആരാഞ്ഞറിയുക
“നിന്റെ വഴി എന്നെ അറിയിക്കേണമേ. . . . ഞാൻ നിന്നെ അറിയുമാറാകട്ടെ.”—പുറപ്പാടു 33:13.
1, 2. (എ) ഒരു ഈജിപ്തുകാരൻ എബ്രായരിൽ ഒരുവനോടു മോശമായി പെരുമാറിയപ്പോൾ മോശെ, മേൽപ്പറഞ്ഞവിധം പ്രതികരിച്ചത് എന്തുകൊണ്ട്? (ബി) യഹോവയെ സേവിക്കാൻ യോഗ്യനായിരിക്കുന്നതിന് മോശെ എന്തു പഠിക്കണമായിരുന്നു?
മോശെ ഫറവോന്റെ കൊട്ടാരത്തിലാണു വളർന്നത്. ഈജിപ്തിലെ ഭരണവർഗം വിലമതിച്ചിരുന്ന വിദ്യാഭ്യാസം അവനു ലഭിച്ചിരുന്നു. എന്നിരുന്നാലും താൻ ഈജിപ്തുകാരനല്ലെന്ന കാര്യം മോശെ തിരിച്ചറിഞ്ഞു. അവന്റെ മാതാപിതാക്കൾ എബ്രായർ ആയിരുന്നു. 40-ാമത്തെ വയസ്സിൽ മോശെ, തന്റെ സഹോദരങ്ങളായ ഇസ്രായേൽമക്കളുടെ അവസ്ഥ മനസ്സിലാക്കാൻ ഇറങ്ങിത്തിരിച്ചു. ഒരു ഈജിപ്തുകാരൻ എബ്രായരിൽ ഒരുവനെ ഉപദ്രവിക്കുന്നതു കണ്ടപ്പോൾ മോശെക്ക് അതു നോക്കിനിൽക്കാനായില്ല, അവൻ ഈജിപ്തുകാരനെ അടിച്ചുവീഴ്ത്തി. യഹോവയുടെ ജനത്തോടൊപ്പം നിൽക്കാനായിരുന്നു അവന്റെ തീരുമാനം. തന്റെ സഹോദരന്മാരെ വിടുവിക്കാൻ ദൈവം തന്നെ ഉപയോഗിക്കുകയാണെന്നായിരുന്നു മോശെ വിചാരിച്ചത്. (പ്രവൃത്തികൾ 7:21-25; എബ്രായർ 11:24, 25) ഈ സംഭവം പരസ്യമായപ്പോൾ, ഈജിപ്തിലെ ഭരണവർഗം മോശെയെ ഒരു എതിരാളിയായി വീക്ഷിച്ചു, ജീവരക്ഷാർഥം മോശെക്കു പലായനം ചെയ്യേണ്ടിവന്നു. (പുറപ്പാടു 2:11-15) മോശെയെ, ദൈവം ഉപയോഗിക്കണമായിരുന്നെങ്കിൽ യഹോവയുടെ നിയമങ്ങളുമായി അവൻ നന്നായി പരിചിതനാകേണ്ടിയിരുന്നു. മോശെ പഠിപ്പിക്കപ്പെടാവുന്നവൻ ആയിരിക്കുമോ?—സങ്കീർത്തനം 25:9.
2 അടുത്ത 40 വർഷം മോശെ, ഒരു ആട്ടിടയനെന്ന നിലയിൽ പ്രവാസിയായി ജീവിച്ചു. തന്നെ അംഗീകരിക്കാതിരുന്ന എബ്രായ സഹോദരന്മാരോടു കടുത്ത വിദ്വേഷം പുലർത്തുന്നതിനു പകരം, ദൈവം അനുവദിച്ച സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ അവൻ മനസ്സൊരുക്കം കാണിച്ചു. വ്യക്തമായ യാതൊരു അംഗീകാരവും ലഭിക്കാതെ നിരവധി വർഷങ്ങൾ കടന്നുപോയെങ്കിലും തന്നെ രൂപപ്പെടുത്താൻ മോശെ യഹോവയെ അനുവദിച്ചു. സ്വന്തം വിലയിരുത്തലെന്ന നിലയിലല്ല, മറിച്ച് ദൈവത്തിന്റെ പരിശുദ്ധാത്മാവിന്റെ സ്വാധീനത്തിൽ അവൻ പിൽക്കാലത്ത് ഇങ്ങനെ എഴുതി: “മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു.” (സംഖ്യാപുസ്തകം 12:3) യഹോവ മോശെയെ അസാധാരണമായ വിധങ്ങളിൽ ഉപയോഗിച്ചു. സൗമ്യത അന്വേഷിക്കുന്നെങ്കിൽ അവൻ നമ്മെയും അനുഗ്രഹിക്കും.—സെഫന്യാവു 2:3.
ഒരു നിയോഗം നൽകപ്പെടുന്നു
3, 4. (എ) യഹോവ മോശെക്ക് എന്തു നിയമനമാണു നൽകിയത്? (ബി) മോശെക്ക് എന്തു സഹായം നൽകപ്പെട്ടു?
3 യഹോവയെ പ്രതിനിധാനം ചെയ്തുകൊണ്ട് ഒരു ദൂതൻ, ഒരു ദിവസം സീനായ് വൻകരയിലെ ഹോരേബ് പർവതത്തിനടുത്തുവെച്ച് മോശെയോട് ഇങ്ങനെ പറഞ്ഞു: “മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ . . . കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു. അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു . . . അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു.” (പുറപ്പാടു 3:2, 7, 8) ഇതിനോടുള്ള ബന്ധത്തിൽ ചില കാര്യങ്ങൾ ചെയ്യാൻ ദൈവം മോശെയെ ഏൽപ്പിച്ചു, എന്നാൽ അത് യഹോവ നിർദേശിക്കുന്ന വിധത്തിൽ ചെയ്യണമായിരുന്നു.
4 യഹോവയുടെ ദൂതൻ തുടർന്നു: “ആകയാൽ വരിക; നീ എന്റെ ജനമായ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാൻ നിന്നെ ഫറവോന്റെ അടുക്കൽ അയക്കും.” മോശെ മടിച്ചുനിന്നു. ആ നിയമനം നിർവഹിക്കാൻ താൻ യോഗ്യനല്ലെന്ന് അവനു തോന്നി. അവന്റെ സ്വന്ത പ്രാപ്തിയാൽ അതു സാധിക്കുമായിരുന്നില്ലതാനും. എന്നിരുന്നാലും യഹോവ ഇങ്ങനെ പറഞ്ഞുകൊണ്ട് മോശെയെ ശക്തിപ്പെടുത്തി: “ഞാൻ നിന്നോടുകൂടെ ഇരിക്കും.” (പുറപ്പാടു 3:10-12) മോശെ യഥാർഥമായും ദൈവത്താൽ അയയ്ക്കപ്പെട്ടവനാണെന്നതിനു തെളിവു നൽകേണ്ടതിന് യഹോവ അവന് അത്ഭുതങ്ങൾ പ്രവർത്തിക്കുന്നതിനുള്ള ശക്തി നൽകി. സഹോദരനായ അഹരോൻ, മോശെയുടെ വക്താവെന്ന നിലയിൽ അവനെ അനുഗമിക്കുമായിരുന്നു. പറയേണ്ടതും ചെയ്യേണ്ടതും ആയ കാര്യങ്ങൾ യഹോവ അവരെ പഠിപ്പിക്കുമായിരുന്നു. (പുറപ്പാടു 4:1-17) മോശെ ആ നിയമനം വിശ്വസ്തമായി നിറവേറ്റുമോ?
5. ഇസ്രായേല്യരുടെ മനോഭാവം മോശെക്ക് ഒരു വെല്ലുവിളി ഉയർത്തിയത് എങ്ങനെ?
5 ഇസ്രായേലിലെ പ്രായമേറിയ പുരുഷന്മാർ ആദ്യമൊക്കെ മോശെയെയും അഹരോനെയും വിശ്വസിച്ചു. (പുറപ്പാടു 4:29-31) എന്നിരുന്നാലും താമസിയാതെതന്നെ, ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ തങ്ങളെ ‘നാറ്റിച്ചതിന്’ ‘ഇസ്രായേൽമക്കളുടെ പ്രമാണികൾ’ അവരെ കുറ്റപ്പെടുത്തി. (പുറപ്പാടു 5:19-21; 6:9) ഇസ്രായേല്യർ ഈജിപ്തിൽനിന്നു പോരുമ്പോൾ, ഈജിപ്തുകാരുടെ യുദ്ധരഥങ്ങൾ തങ്ങളെ പിന്തുടരുന്നതുകണ്ട് അവർ ഭയവിഹ്വലരായി. മുമ്പിൽ ചെങ്കടൽ, പിമ്പിൽ യുദ്ധരഥങ്ങൾ. കെണിയിലകപ്പെട്ടതുപോലെ ഇസ്രായേല്യർക്കു തോന്നി. അവർ മോശെയെ കുറ്റപ്പെടുത്താൻ തുടങ്ങി. നിങ്ങൾ അവിടെയുണ്ടായിരുന്നെങ്കിൽ എങ്ങനെ പ്രതികരിക്കുമായിരുന്നു? കടൽ കടക്കാൻ അവർക്കു ജലവാഹനങ്ങളൊന്നും ഇല്ലായിരുന്നെങ്കിലും യഹോവയുടെ നിർദേശാനുസരണം, യാത്രയ്ക്കു തയ്യാറാകാൻ മോശെ അവരെ ആഹ്വാനംചെയ്തു. അനന്തരം ദൈവം ചെങ്കടൽ വിഭജിച്ചു, ഇസ്രായേല്യർ ഉണങ്ങിയ നിലത്തുകൂടി കടന്നുപോയി.—പുറപ്പാടു 14:1-22.
വിടുതലിനെക്കാൾ പ്രാധാന്യമുള്ള ഒരു പ്രശ്നം
6. മോശെക്കു നിയമനം നൽകിയപ്പോൾ യഹോവ എന്താണ് ഊന്നിപ്പറഞ്ഞത്?
6 മോശെക്കു നിയമനം നൽകിയപ്പോൾ, ദിവ്യനാമത്തിന്റെ പ്രാധാന്യം യഹോവ ഊന്നിപ്പറഞ്ഞു. ആ നാമത്തോടും അതു പ്രതിനിധാനം ചെയ്യുന്നവനോടും ഉള്ള ആദരവ് മർമപ്രധാനമായിരുന്നു. ദൈവത്തിന്റെ നാമത്തെക്കുറിച്ചു മോശെ ചോദിച്ചപ്പോൾ യഹോവ മോശെയോട് ഇങ്ങനെ പറഞ്ഞു: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു.” കൂടുതലായി, ഇസ്രായേൽമക്കളോട് ഇങ്ങനെ പറയാൻ മോശെക്കു നിർദേശം ലഭിച്ചു: “അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവുമായി നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു.” എന്നിട്ട്, യഹോവ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഇതു എന്നേക്കും എന്റെ നാമവും തലമുറ തലമുറയായി എന്റെ ജ്ഞാപകവും ആകുന്നു.” (പുറപ്പാടു 3:13-15) യഹോവ എന്ന ആ നാമത്തിൽത്തന്നെയാണ് ഭൂമിയിലെമ്പാടുമുള്ള ഇന്നത്തെ ദൈവദാസന്മാരും ദൈവത്തെ അറിയുന്നത്.—യെശയ്യാവു 12:4, 5; 43:10-12.
7. ഫറവോൻ ഗർവിയായിരുന്നെങ്കിലും എന്തു ചെയ്യാനാണ് ദൈവം മോശെയോടു കൽപ്പിച്ചത്?
7 മോശെയും അഹരോനും ഫറവോനെ സമീപിച്ച് യഹോവയുടെ നാമത്തിൽ സന്ദേശം അറിയിച്ചു. എന്നാൽ ഫറവോൻ ഗർവോടെ ഇങ്ങനെ പ്രതികരിച്ചു: ‘ഇസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ ഇസ്രായേലിനെ വിട്ടയയ്ക്കയുമില്ല.’ (പുറപ്പാടു 5:1, 2) ഫറവോൻ കഠിനഹൃദയനും വഞ്ചകനും ആണെന്നു തെളിഞ്ഞു. എന്നിട്ടും, വീണ്ടും വീണ്ടും അവനു മുന്നറിയിപ്പു കൊടുക്കാൻ യഹോവ മോശെയെ ഉദ്ബോധിപ്പിച്ചു. (പുറപ്പാടു 7:14-16, 20-23; 8:1, 2, 20) ഫറവോന് അത് അസഹ്യമായിത്തുടങ്ങിയെന്ന് മോശെക്കു മനസ്സിലായി. വീണ്ടും അവനോടു സംസാരിക്കുന്നതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ? ഇസ്രായേല്യർ വിടുതലിനായി വെമ്പൽകൊള്ളുകയാണ്. ഫറവോനാകട്ടെ തന്റെ നിലപാടിനു മാറ്റംവരുത്താൻ ഒട്ടും തയ്യാറല്ലതാനും. മോശെയുടെ സ്ഥാനത്തു നിങ്ങളാണെങ്കിൽ എന്തു ചെയ്യുമായിരുന്നു?
8. ഫറവോൻ ഉൾപ്പെട്ട സാഹചര്യം യഹോവ കൈകാര്യംചെയ്ത വിധത്തിൽനിന്ന് എന്തു പ്രയോജനം ഉണ്ടായി, ആ സംഭവങ്ങൾ നമ്മെ എങ്ങനെ സ്വാധീനിക്കണം?
8 മോശെ ദൈവത്തിൽനിന്നുള്ള മറ്റൊരു സന്ദേശം നൽകി: “എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക.” ദൈവം കൂട്ടിച്ചേർത്തു: “ഇപ്പോൾ തന്നേ ഞാൻ എന്റെ കൈ നീട്ടി നിന്നെയും നിന്റെ ജനത്തെയും മഹാമാരിയാൽ ദണ്ഡിപ്പിച്ചു നിന്നെ ഭൂമിയിൽനിന്നു ഛേദിച്ചുകളയുമായിരുന്നു. എങ്കിലും എന്റെ ശക്തി നിന്നെ കാണിക്കേണ്ടതിന്നും എന്റെ നാമം സർവ്വഭൂമിയിലും പ്രസ്താവിക്കപ്പെടേണ്ടതിന്നും ഞാൻ നിന്നെ നിർത്തിയിരിക്കുന്നു.” (പുറപ്പാടു 9:13-16) കഠിനഹൃദയനായ ഫറവോനെതിരെ ന്യായവിധി നിർവഹിക്കുന്നതിലൂടെ, തന്നെ ധിക്കാരപൂർവം എതിർക്കുന്ന എല്ലാവർക്കും ഒരു മുന്നറിയിപ്പു നൽകത്തക്കവണ്ണം തന്റെ ശക്തി പ്രകടിപ്പിക്കാനാണ് യഹോവ ഉദ്ദേശിച്ചത്. പിൽക്കാലത്ത് യേശുക്രിസ്തു “ലോകത്തിന്റെ പ്രഭു” എന്നു വിളിച്ച പിശാചായ സാത്താനും ഇതിൽപ്പെടും. (യോഹന്നാൻ 14:30; റോമർ 9:17-24) മുൻകൂട്ടി പറയപ്പെട്ടതുപോലെതന്നെ, യഹോവയുടെ നാമം ലോകമെമ്പാടും പ്രസിദ്ധമാക്കപ്പെട്ടു. യഹോവയുടെ ദീർഘക്ഷമ, ഇസ്രായേല്യരും ദൈവത്തെ ആരാധിക്കുന്നതിൽ അവരോടു ചേർന്ന ഒരു വലിയ സമ്മിശ്രപുരുഷാരവും സംരക്ഷിക്കപ്പെടുന്നതിലേക്കു നയിച്ചു. (പുറപ്പാടു 9:20, 21; 12:37, 38) പിന്നീടിങ്ങോട്ട്, സത്യാരാധകരായിത്തീർന്ന വേറെ ദശലക്ഷക്കണക്കിന് ആളുകളും യഹോവയുടെ നാമത്തിന്റെ ഘോഷണത്തിൽനിന്നു പ്രയോജനം നേടിയിട്ടുള്ളവരാണ്.
ദുശ്ശാഠ്യമുള്ള ഒരു ജനതയുമായി ഇടപെടുന്നു
9. മോശെയുടെ സ്വന്തജനം യഹോവയോട് അനാദരവു കാണിച്ചത് എങ്ങനെ?
9 എബ്രായർക്ക് ദിവ്യനാമം അറിയാമായിരുന്നു. അവരോടു സംസാരിച്ചപ്പോൾ മോശെ ആ നാമം ഉപയോഗിച്ചു. എന്നാൽ ആ നാമം വഹിക്കുന്നവനോട് അവർ എല്ലായ്പോഴും ഉചിതമായ ആദരവു കാണിച്ചില്ല. യഹോവ ഇസ്രായേല്യരെ ഈജിപ്തിൽനിന്നു വിടുവിച്ചതിനുശേഷം ഏറെത്താമസിയാതെ, കുടിവെള്ളം പെട്ടെന്നു കണ്ടെത്താൻ കഴിയാതിരുന്ന ഒരു സാഹചര്യം വന്നപ്പോൾ എന്താണു സംഭവിച്ചത്? അവർ മോശെക്കെതിരെ പിറുപിറുത്തു. അടുത്തതായി അവർ ഭക്ഷണത്തെക്കുറിച്ചു പരാതിപ്പെട്ടു. കേവലം തനിക്കും അഹരോനും എതിരെയല്ല, യഹോവയ്ക്ക് എതിരെയാണ് അവർ പിറുപിറുക്കുന്നതെന്ന് മോശെ അവർക്കു മുന്നറിയിപ്പു നൽകി. (പുറപ്പാടു 15:22-24; 16:2-12) സീനായ് പർവതത്തിൽവെച്ച് യഹോവ ഇസ്രായേല്യർക്ക് ന്യായപ്രമാണം നൽകി, ഈ അവസരത്തിൽ പ്രകൃത്യതീത പ്രതിഭാസങ്ങൾ ഉണ്ടായി. ഈ സംഭവങ്ങൾക്കെല്ലാം സാക്ഷ്യംവഹിച്ചിട്ടും ജനം അനുസരണക്കേടു കാണിച്ചു, ആരാധനയ്ക്കായി അവർ ഒരു കാളക്കുട്ടിയെ ഉണ്ടാക്കുകയും തങ്ങൾ “യഹോവെക്കു ഒരു ഉത്സവം” ആചരിക്കുകയാണെന്ന് അവകാശപ്പെടുകയും ചെയ്തു.—പുറപ്പാടു 32:1-9.
10. പുറപ്പാടു 33:13-ൽ രേഖപ്പെടുത്തിയിരിക്കുന്ന അപേക്ഷയിൽ ഇന്നത്തെ ക്രിസ്തീയ മേൽവിചാരകന്മാർക്കു സവിശേഷ താത്പര്യമുള്ളത് എന്തുകൊണ്ട്?
10 ദുശ്ശാഠ്യമുള്ളവരെന്നു യഹോവതന്നെ വിശേഷിപ്പിച്ച ഒരു ജനത്തോട് ഇടപെടാൻ മോശെക്ക് എങ്ങനെ സാധിക്കുമായിരുന്നു? മോശെ യഹോവയോട് അപേക്ഷിച്ചു: “എന്നോടു കൃപയുണ്ടെങ്കിൽ നിന്റെ വഴി എന്നെ അറിയിക്കേണമേ; നിനക്കു എന്നോടു കൃപയുണ്ടാകുവാന്തക്കവണ്ണം ഞാൻ നിന്നെ അറിയുമാറാകട്ടെ.” (പുറപ്പാടു 33:13) യഹോവയുടെ ആധുനികകാല സാക്ഷികളെ പരിപാലിക്കുന്ന ക്രിസ്തീയ മേൽവിചാരകന്മാർക്ക് ഇസ്രായേൽ ജനതയെ അപേക്ഷിച്ച് ഏറെ താഴ്മയുള്ള ഒരു ആട്ടിൻകൂട്ടത്തെയാണ് മേയ്ക്കാനുള്ളത്. എന്നിരുന്നാലും ആ മേൽവിചാരകന്മാർ ഇങ്ങനെ പ്രാർഥിക്കുന്നു: “യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചുതരേണമേ!” (സങ്കീർത്തനം 25:4) യഹോവയുടെ വഴികളെക്കുറിച്ചുള്ള പരിജ്ഞാനം, ദൈവവചനത്തിനും ദൈവത്തിന്റെ വ്യക്തിത്വത്തിനും ചേർച്ചയിൽ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ മേൽവിചാരകന്മാരെ പ്രാപ്തരാക്കുന്നു.
തന്റെ ജനത്തിൽനിന്നു യഹോവ പ്രതീക്ഷിക്കുന്നത്
11. യഹോവ മോശെക്ക് എന്തു മാർഗനിർദേശം നൽകി, നമുക്ക് അവയിൽ താത്പര്യമുള്ളത് എന്തുകൊണ്ട്?
11 യഹോവ തന്റെ ജനത്തിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നതെന്ന് സീനായ് പർവതത്തിൽവെച്ച് അവൻ വാമൊഴിയായി അറിയിച്ചു. പിന്നീട് പത്തു കൽപ്പനകൾ രണ്ടു കൽപ്പലകകളിലായി ലിഖിതരൂപത്തിൽ മോശെക്കു ലഭിച്ചു. പർവതത്തിൽനിന്ന് ഇറങ്ങിവരവേ, ഇസ്രായേല്യർ കാളക്കുട്ടിയെ ആരാധിക്കുന്നതുകണ്ട് കോപാകുലനായ മോശെ, ആ കൽപ്പലകകൾ എറിഞ്ഞുടച്ചു. മോശെ ചെത്തിയുണ്ടാക്കിയ കൽപ്പലകകളിൽ യഹോവ വീണ്ടും പത്തു കൽപ്പനകൾ എഴുതിക്കൊടുത്തു. (പുറപ്പാടു 32:19; 34:1) ആദ്യം കൊടുത്ത കൽപ്പനകളിൽനിന്ന് അവയ്ക്കു യാതൊരു വ്യത്യാസവും ഇല്ലായിരുന്നു. മോശെ അവയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കണമായിരുന്നു. താൻ ഏതുതരം വ്യക്തിയാണെന്നും ദൈവം മോശെക്കു വ്യക്തമാക്കിക്കൊടുത്തു. അതുവഴി, യഹോവയുടെ പ്രതിനിധിയെന്ന നിലയിൽ എങ്ങനെ പെരുമാറണമെന്ന് അവനു മനസ്സിലാക്കാൻ കഴിഞ്ഞു. ക്രിസ്ത്യാനികൾ ന്യായപ്രമാണത്തിൻ കീഴിലല്ല. എന്നാൽ യഹോവ മോശെയോട് അരുളിച്ചെയ്ത കാര്യങ്ങളിൽ, ഇന്നും മാറ്റംവന്നിട്ടില്ലാത്തതും യഹോവയെ ആരാധിക്കുന്ന എല്ലാവർക്കും ബാധകമാകുന്നതും ആയ ധാരാളം അടിസ്ഥാന തത്ത്വങ്ങൾ അടങ്ങിയിട്ടുണ്ട്. (റോമർ 6:14; 13:8-10) അവയിൽ ചിലത് നമുക്കു പരിചിന്തിക്കാം.
12. യഹോവ അനന്യഭക്തി ആവശ്യപ്പെടുന്നുവെന്ന സംഗതി ഇസ്രായേല്യരെ എങ്ങനെ ബാധിക്കണമായിരുന്നു?
12 യഹോവയ്ക്ക് അനന്യഭക്തി നൽകുക. താൻ അനന്യഭക്തി നിഷ്കർഷിക്കുന്നുവെന്ന് യഹോവ പ്രഖ്യാപിച്ചപ്പോൾ മുഴു ഇസ്രായേലും അവിടെ ഉണ്ടായിരുന്നു. (പുറപ്പാടു 20:2-5) യഹോവയാണു സത്യദൈവമെന്നതിനുള്ള ധാരാളം തെളിവുകൾ ഇസ്രായേല്യർ കണ്ടിട്ടുണ്ടായിരുന്നു. (ആവർത്തനപുസ്തകം 4:33-35) മറ്റു ജനതകൾ എന്തുതന്നെ ചെയ്താലും, തന്റെ ജനത്തിനിടയിൽ ഒരു തരത്തിലുള്ള വിഗ്രഹാരാധനയും ആത്മവിദ്യയും താൻ അനുവദിക്കില്ലെന്ന് യഹോവ വ്യക്തമാക്കി. അവനോടുള്ള അവരുടെ ഭക്തി കേവലം ആചാരപരം ആയിരിക്കാൻ പാടില്ലായിരുന്നു. അവരെല്ലാം യഹോവയെ പൂർണ ഹൃദയത്തോടും പൂർണ മനസ്സോടും പൂർണ ശക്തിയോടും കൂടെ സ്നേഹിക്കണമായിരുന്നു. (ആവർത്തനപുസ്തകം 6:5, 6) അതിൽ അവരുടെ സംസാരം, പെരുമാറ്റം എന്തിന്, ജീവിതത്തിന്റെ എല്ലാ മേഖലകളും ഉൾപ്പെടുമായിരുന്നു. (ലേവ്യപുസ്തകം 20:27; 24:15, 16; 26:1) യഹോവ അനന്യഭക്തി നിഷ്കർഷിക്കുന്നുവെന്ന് യേശുക്രിസ്തുവും വ്യക്തമാക്കി.—മർക്കൊസ് 12:28-30; ലൂക്കൊസ് 4:8.
13. യഹോവയെ പൂർണമായി അനുസരിക്കാൻ ഇസ്രായേല്യർ കടപ്പെട്ടിരുന്നത് എന്തുകൊണ്ട്, അവനെ അനുസരിക്കാൻ നമ്മെ എന്തു പ്രേരിപ്പിക്കണം? (സഭാപ്രസംഗി 12:13)
13 യഹോവയുടെ കൽപ്പനകൾ പൂർണമായി അനുസരിക്കുക. ഇസ്രായേല്യർ യഹോവയുമായി ഒരു ഉടമ്പടി ബന്ധത്തിൽ ഏർപ്പെട്ടപ്പോൾ തങ്ങൾ അവനെ പൂർണമായി അനുസരിച്ചുകൊള്ളാമെന്ന് അവർ പ്രതിജ്ഞ ചെയ്തിരുന്നുവെന്ന സംഗതി അവരെ ഓർമിപ്പിക്കേണ്ടതുണ്ടായിരുന്നു. അവർക്കു വ്യക്തിപരമായി വളരെയധികം സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാൽ യഹോവ കൽപ്പിച്ചിരുന്ന കാര്യങ്ങളിൽ അവർ അങ്ങേയറ്റം അനുസരണം കാണിക്കേണ്ടിയിരുന്നു. അങ്ങനെ ചെയ്യുന്നത് അവർക്കു ദൈവത്തോടുള്ള സ്നേഹത്തിനു തെളിവു നൽകുകയും അവരുടെയും സന്തതികളുടെയും പ്രയോജനത്തിൽ കലാശിക്കുകയും ചെയ്യുമായിരുന്നു, കാരണം യഹോവ വെച്ച നിബന്ധനകളെല്ലാം അവരുടെ നന്മയ്ക്കുവേണ്ടി ആയിരുന്നു.—പുറപ്പാടു 19:5-8; ആവർത്തനപുസ്തകം 5:27-33; 11:22, 23.
14. ആത്മീയ കാര്യങ്ങൾക്കു മുൻഗണന കൊടുക്കേണ്ടതിന്റെ പ്രാധാന്യം ദൈവം ഇസ്രായേല്യരോട് ഊന്നിപ്പറഞ്ഞത് എങ്ങനെ?
14 ആത്മീയ കാര്യങ്ങൾക്കു മുൻഗണന നൽകുക. ആത്മീയ കാര്യങ്ങൾക്കു സമയമോ ശ്രദ്ധയോ ലഭിക്കാതിരിക്കുന്ന അളവോളം ഇസ്രായേല്യർ ഭൗതികകാര്യങ്ങളിൽ മുഴുകാൻ പാടില്ലായിരുന്നു. അവർ അനുദിന കാര്യങ്ങളിൽമാത്രം വ്യാപൃതരായി ജീവിക്കരുതായിരുന്നു. ഓരോ വാരത്തിലും വിശുദ്ധ കാര്യങ്ങൾക്കായി, സത്യദൈവത്തിന്റെ ആരാധനയ്ക്കായി മാത്രം ഉപയോഗിക്കുന്നതിന് യഹോവ സമയം ക്രമീകരിച്ചു. (പുറപ്പാടു 35:1-3; സംഖ്യാപുസ്തകം 15:32-36) ഓരോ വർഷവും പ്രത്യേക വിശുദ്ധ കൂടിവരവുകൾക്കുവേണ്ടി കൂടുതൽ സമയം നീക്കിവെക്കണമായിരുന്നു. (ലേവ്യപുസ്തകം 23:4-44) ഈ കൂടിവരവുകൾ, യഹോവയുടെ വീര്യപ്രവൃത്തികളെക്കുറിച്ചു ചർച്ച ചെയ്യുന്നതിനും അവന്റെ വഴികളെക്കുറിച്ച് ഓർമിപ്പിക്കപ്പെടുന്നതിനും അവന്റെ സകല നന്മയ്ക്കും നന്ദി കരേറ്റുന്നതിനും ഉള്ള അവസരം പ്രദാനംചെയ്യുമായിരുന്നു. യഹോവയോടുള്ള ഭക്തി പ്രകടിപ്പിക്കവേ, അവർ ദൈവഭയത്തിലും ദൈവസ്നേഹത്തിലും വളരുകയും അവന്റെ വഴികളിൽ നടക്കാൻ സഹായിക്കപ്പെടുകയും ചെയ്യുമായിരുന്നു. (ആവർത്തനപുസ്തകം 10:12, 13) ആ പ്രബോധനങ്ങളിൽ അടങ്ങിയിരിക്കുന്ന ആരോഗ്യാവഹമായ തത്ത്വങ്ങളിൽനിന്ന് യഹോവയുടെ ഇന്നത്തെ ദാസർ പ്രയോജനം നേടുന്നു.—എബ്രായർ 10:24, 25.
യഹോവയുടെ ഗുണങ്ങളെ വിലമതിക്കൽ
15. (എ) ദൈവത്തിന്റെ ഗുണങ്ങൾ സംബന്ധിച്ച വിലമതിപ്പ് മോശെക്കു പ്രയോജനകരമായിരുന്നത് എന്തുകൊണ്ട്? (ബി) യഹോവയുടെ ഓരോ ഗുണത്തെക്കുറിച്ചും ആഴത്തിൽ ചിന്തിക്കാൻ ഏതു ചോദ്യങ്ങൾ നമ്മെ സഹായിച്ചേക്കാം?
15 യഹോവയുടെ ഗുണങ്ങൾ സംബന്ധിച്ച വിലമതിപ്പും ജനത്തോട് ഇടപെടുന്നതിൽ മോശെയെ സഹായിക്കുമായിരുന്നു. പുറപ്പാടു 34:5-7-ൽ, മോശെയുടെ മുമ്പാകെ കടന്നുപോകവേ ദൈവം ഇങ്ങനെ പ്രഖ്യാപിച്ചതായി പറഞ്ഞിരിക്കുന്നു: “യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ. ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുറ്റമുള്ളവനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദർശിക്കുന്നവൻ.” ആ വാക്കുകളെക്കുറിച്ചു ധ്യാനിക്കാൻ കുറച്ചു സമയം ചെലവഴിക്കുക. നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘ഇവിടെ പ്രതിപാദിച്ചിരിക്കുന്ന ഓരോ ഗുണവും എന്താണ് അർഥമാക്കുന്നത്? യഹോവ എങ്ങനെയാണ് അതു പ്രകടിപ്പിച്ചത്? ക്രിസ്തീയ മേൽവിചാരകന്മാർക്ക് ഇവ എങ്ങനെ പ്രകടിപ്പിക്കാൻ സാധിക്കും? നമ്മുടെ ഓരോരുത്തരുടെയും പ്രവൃത്തികളെ ഈ ഗുണങ്ങൾ എങ്ങനെ സ്വാധീനിക്കണം?’ ഏതാനും ഉദാഹരണങ്ങൾ പരിചിന്തിക്കുക.
16. ദൈവത്തിന്റെ കരുണയോടുള്ള നമ്മുടെ വിലമതിപ്പ് ആഴമുള്ളതാക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും, അങ്ങനെ ചെയ്യുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
16 യഹോവ “കരുണയും കൃപയുമുള്ള” ദൈവമാണ്. തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്) എന്ന പരാമർശ ഗ്രന്ഥം നിങ്ങളുടെ പക്കൽ ഉണ്ടെങ്കിൽ, “കരുണ” (mercy) എന്നതിനു കീഴിൽ എന്താണു പറഞ്ഞിരിക്കുന്നതെന്നു നോക്കാൻ കഴിയും. അല്ലെങ്കിൽ വീക്ഷാഗോപുര പ്രസിദ്ധീകരണ സൂചികയോ വാച്ച്ടവർ ലൈബ്രറിയോ (സിഡി റോം) ഉപയോഗിച്ചുകൊണ്ട് ഗവേഷണം നടത്തുക.a കരുണയെക്കുറിച്ചു പറയുന്ന വാക്യങ്ങൾ കണ്ടുപിടിക്കുന്നതിന് ഒരു കൺകോർഡൻസ് ഉപയോഗിക്കുക. ശിക്ഷയിൽ ചിലപ്പോഴൊക്കെ ഇളവു വരുത്തുന്നതിനു പുറമേ, യഹോവയുടെ കരുണയിൽ ആർദ്രാനുകമ്പ ഉൾപ്പെട്ടിട്ടുണ്ടെന്നു നിങ്ങൾ കണ്ടെത്തും. ആ ഗുണം, തന്റെ ജനത്തിന് ആശ്വാസം കൈവരുത്തുന്നതിനു നടപടിയെടുക്കാൻ ദൈവത്തെ പ്രേരിപ്പിക്കുന്നു. ഇതിനുള്ള തെളിവെന്നവണ്ണം, വാഗ്ദത്ത ദേശത്തേക്കുള്ള പ്രയാണകാലത്ത് ഇസ്രായേല്യർക്കുവേണ്ടി ദൈവം ഭൗതികമായും ആത്മീയമായും കരുതി. (ആവർത്തനപുസ്തകം 1:30-33; 8:4, 5എ) തെറ്റു ചെയ്തവരോട് യഹോവ കരുണാപൂർവം ക്ഷമിച്ചിട്ടുണ്ട്. തന്റെ പുരാതന ജനത്തോട് അവൻ കരുണ കാണിച്ചു. അവന്റെ ഇന്നത്തെ ദാസന്മാർ പരസ്പരം എത്രയധികം അനുകമ്പ പ്രകടമാക്കേണ്ടിയിരിക്കുന്നു!—മത്തായി 9:13; 18:21-35.
17. യഹോവയുടെ കൃപ സംബന്ധിച്ച നമ്മുടെ ഗ്രാഹ്യത്തിന് സത്യാരാധനയെ ഉന്നമിപ്പിക്കാൻ കഴിയുന്നത് എങ്ങനെ?
17 യഹോവയുടെ കരുണ കൃപയോടു ചേർന്നിരിക്കുന്നു. നിങ്ങൾക്ക് ഒരു നിഘണ്ടു ഉണ്ടെങ്കിൽ “കൃപ” എന്നതിനു കീഴിൽ എന്താണു പറയുന്നതെന്നു നോക്കുക. യഹോവ കൃപാലുവാണെന്നു പറയുന്ന വാക്യങ്ങളുമായി ഇതു താരതമ്യപ്പെടുത്തുക. യഹോവയുടെ കൃപയിൽ തന്റെ ജനത്തിനിടയിലെ അഗതികളോടുള്ള സ്നേഹപുരസ്സരമായ കരുതൽ ഉൾപ്പെടുന്നു. (പുറപ്പാടു 22:26, 27) ഏതു രാജ്യത്തായാലും, പരദേശികളും മറ്റുള്ളവരും ദുഷ്കരമായ സാഹചര്യങ്ങളിൽ അകപ്പെട്ടേക്കാം. അത്തരക്കാരോടു ദയ കാണിക്കാനും മുഖപക്ഷമില്ലാത്തവരായിരിക്കാനും തന്റെ ജനത്തെ പഠിപ്പിക്കവേ, അവരും ഒരിക്കൽ ഈജിപ്തിൽ പരദേശികൾ ആയിരുന്നെന്ന് യഹോവ അവരെ ഓർമിപ്പിച്ചു. (ആവർത്തനപുസ്തകം 24:17-22) ദൈവജനമെന്ന നിലയിൽ ഇന്ന് നമ്മെ സംബന്ധിച്ചെന്ത്? നമ്മുടെ ഭാഗത്തെ കൃപ നമ്മെ ഒരുമിപ്പിച്ചു നിറുത്തുകയും മറ്റുള്ളവരെ യഹോവയുടെ ആരാധനയിലേക്ക് ആകർഷിക്കുകയും ചെയ്യുന്നു.—പ്രവൃത്തികൾ 10:34, 35; വെളിപ്പാടു 7:9, 10.
18. മറ്റു ജനതകളുടെ വഴികളോടുള്ള ബന്ധത്തിൽ ഇസ്രായേല്യരോട് ഒഴിവാക്കാൻ യഹോവ ആവശ്യപ്പെട്ട കാര്യങ്ങളിൽനിന്നു നാം എന്തു പഠിക്കുന്നു?
18 എന്നിരുന്നാലും ഇസ്രായേല്യർക്ക് മറ്റു ജനതകളോടുള്ള ദയാപൂർവകമായ പരിഗണന, യഹോവയോടും അവന്റെ ധാർമിക നിലവാരങ്ങളോടും ഉള്ള സ്നേഹത്തെ മറികടക്കാൻ പാടില്ലായിരുന്നു. അതുകൊണ്ട് ചുറ്റുപാടുമുള്ള ജനതകളുടെ വഴികൾ സ്വീകരിക്കുകയോ അവരുടെ മതപരമായ ആചാരങ്ങളും അധാർമിക ജീവിതശൈലിയും പകർത്തുകയോ ചെയ്യരുതെന്ന് ഇസ്രായേല്യരോടു കൽപ്പിക്കപ്പെട്ടിരുന്നു. (പുറപ്പാടു 34:11-16; ആവർത്തനപുസ്തകം 7:1-4) അത് ഇന്ന് നമുക്കും ബാധകമാണ്. നമ്മുടെ ദൈവമായ യഹോവ വിശുദ്ധനായിരിക്കുന്നതുപോലെ നാമും വിശുദ്ധരായിരിക്കേണ്ടതാണ്.—1 പത്രൊസ് 1:15, 16.
19. ദുഷ്പ്രവൃത്തി സംബന്ധിച്ച യഹോവയുടെ വീക്ഷണം ഗ്രഹിക്കുന്നത് അവന്റെ ജനത്തെ സംരക്ഷിക്കുന്നത് എങ്ങനെ?
19 തന്റെ വഴികൾ മോശെ മനസ്സിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിന്, താൻ പാപപ്രവൃത്തി അംഗീകരിക്കുന്നില്ലെങ്കിലും കോപത്തിനു താമസമുള്ളവനാണെന്ന് യഹോവ വ്യക്തമാക്കി. തന്റെ നിബന്ധനകൾ മനസ്സിലാക്കാനും തദനുസരണം പ്രവർത്തിക്കാനും യഹോവ ആളുകൾക്കു സമയം അനുവദിക്കുന്നു. അനുതാപം പ്രകടമാക്കുന്നെങ്കിൽ അവൻ പാപം ക്ഷമിക്കുന്നു, എന്നാൽ ഗൗരവസ്വഭാവമുള്ള ദുഷ്പ്രവൃത്തികൾക്ക് അവൻ അർഹമായ ശിക്ഷ നൽകാതിരിക്കുകയില്ല. ഇസ്രായേല്യർ ചെയ്യുന്ന കാര്യങ്ങൾ, ഗുണത്തിനായാലും ദോഷത്തിനായാലും, ഭാവി തലമുറകളെ ബാധിക്കുമെന്ന് യഹോവ മോശെക്കു മുന്നറിയിപ്പു നൽകുകയുണ്ടായി. യഹോവയുടെ വഴികളെക്കുറിച്ചു വിലമതിപ്പുണ്ടായിരിക്കുന്നത്, സ്വയം വരുത്തിവെക്കുന്ന വിനകൾക്കു ദൈവത്തെ പഴിക്കുന്നത് ഒഴിവാക്കാനും അവൻ താമസമുള്ളവനാണെന്നു നിഗമനം ചെയ്യാതിരിക്കാനും ദൈവജനത്തെ സഹായിക്കും.
20. സഹവിശ്വാസികളോടും ശുശ്രൂഷയിൽ നാം കണ്ടുമുട്ടുന്നവരോടും ഉചിതമായി ഇടപെടാൻ എന്തിനു നമ്മെ സഹായിക്കാനാകും? (സങ്കീർത്തനം 86:11)
20 യഹോവയെയും അവന്റെ വഴികളെയും കുറിച്ചുള്ള പരിജ്ഞാനം വർധിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ബൈബിൾ വായിക്കുമ്പോൾ ഗവേഷണം നടത്തുകയും ധ്യാനിക്കുകയും ചെയ്യുന്നതിൽ തുടരുക. യഹോവയുടെ വ്യക്തിത്വത്തിന്റെ ഹൃദയഹാരിയായ വശങ്ങൾ ശ്രദ്ധാപൂർവം പരിശോധിക്കുക. ദൈവത്തെ എങ്ങനെ അനുകരിക്കാമെന്നും നിങ്ങളുടെ ജീവിതം അവന്റെ ഉദ്ദേശ്യങ്ങൾക്കു കൂടുതൽ ചേർച്ചയിൽ എങ്ങനെ കൊണ്ടുവരാമെന്നും പ്രാർഥനാപൂർവം പരിചിന്തിക്കുക. അങ്ങനെ ചെയ്യുന്നത് ചതിക്കുഴികൾ ഒഴിവാക്കാനും സഹവിശ്വാസികളോട് ഉചിതമായി ഇടപെടാനും നമ്മുടെ മഹത്ത്വപൂർണനായ ദൈവത്തെ അറിയുകയും സ്നേഹിക്കുകയും ചെയ്യാൻ മറ്റുള്ളവരെ സഹായിക്കാനും നിങ്ങളെ പ്രാപ്തരാക്കും.
[അടിക്കുറിപ്പ്]
a എല്ലാം യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.
നിങ്ങൾ എന്തു പഠിച്ചു?
• മോശെയുടെ കാര്യത്തിൽ സൗമ്യത പ്രധാനമായിരുന്നത് എന്തുകൊണ്ട്, നമ്മുടെ കാര്യത്തിൽ അതു മർമപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
• യഹോവയുടെ സന്ദേശവുമായി ഫറവോനെ വീണ്ടും വീണ്ടും സമീപിച്ചതുകൊണ്ട് എന്തു പ്രയോജനമാണുണ്ടായത്?
• മോശെ പഠിച്ചതും നമുക്കു ബാധമാകുന്നതും ആയ ശ്രദ്ധേയമായ ചില തത്ത്വങ്ങൾ ഏതെല്ലാം?
• യഹോവയുടെ ഗുണങ്ങളെക്കുറിച്ചുള്ള ഗ്രാഹ്യം വർധിപ്പിക്കാൻ നമുക്ക് എങ്ങനെ കഴിയും?
[21-ാം പേജിലെ ചിത്രം]
മോശെ വിശ്വസ്തതയോടെ യഹോവയുടെ വാക്കുകൾ ഫറവോനെ അറിയിച്ചു
[23-ാം പേജിലെ ചിത്രം]
യഹോവ തന്റെ നിബന്ധനകൾ മോശെയെ അറിയിച്ചു
[24, 25 പേജുകളിലെ ചിത്രം]
യഹോവയുടെ ഗുണങ്ങളെക്കുറിച്ചു ധ്യാനിക്കുക