വ്യാജമതത്തിൽനിന്ന് വിട്ടുമാറുക
“‘അവരുടെ ഇടയിൽനിന്ന് പുറത്തുപോരുക, . . . ’ യഹോവ പറയുന്നു, ‘അശുദ്ധവസ്തുവിനെ തൊടുന്നതു നിർത്തുക’ . . . , ‘എന്നാൽ ഞാൻ നിങ്ങളെ കൈക്കൊള്ളും.’”—2 കൊരിന്ത്യർ 6:17, NW.
1. സാത്താൻ യേശുവുമായി എന്തു ഇടപാട് നടത്താൻ ശ്രമിച്ചു, ഈ വാഗ്ദാനം നമ്മെ ഏതു രണ്ടു കാര്യങ്ങൾ പഠിപ്പിക്കുന്നു?
“നീ എന്റെ മുമ്പാകെ കുമ്പിടുകയും ഒരു ആരാധനാക്രിയ നടത്തുകയും ചെയ്യുന്നുവെങ്കിൽ ഇവയെല്ലാം ഞാൻ നിനക്കു തരാം.” ഈ വാഗ്ദാനം വ്യാജമതത്തിന്റെ ആരംഭത്തിനുശേഷം ആയിരക്കണക്കിനു വർഷത്തിനുശേഷമാണ് കൊടുക്കപ്പെട്ടതെങ്കിലും അത് വ്യാജാരാധനയുടെ പിമ്പിൽ ആരാണുള്ളതെന്നും അതിന്റെ ഉദ്ദേശ്യമെന്താണെന്നും ഗ്രഹിക്കുന്നതിനുള്ള താക്കോൽ പ്രദാനംചെയ്യുന്നു. ക്രി.വ. 29-ാം വർഷത്തിന്റെ ഒടുവിൽ പിശാച് ഒരു ആരാധനാക്രിയക്കു പകരമായി ലോകത്തിലെ സകല രാജ്യങ്ങളും യേശുവിന് വാഗ്ദാനംചെയ്തു. ഈ ഉപകഥ നമ്മെ രണ്ടു കാര്യങ്ങൾ അറിയിക്കുന്നു: ഈ ലോകത്തിലെ രാജ്യങ്ങൾ കൊടുക്കാൻ കഴിയത്തക്കവണ്ണം അവയെല്ലാം സാത്താന്റേതാണെന്നും വ്യാജമതത്തിന്റെ ആത്യന്തികമായ ലക്ഷ്യം പിശാചാരാധനയാണെന്നും.—മത്തായി 4:8, 9, NW.
2. മത്തായി 4:10-ലെ യേശുവിന്റെ വാക്കുകളിൽനിന്ന് നാം എന്തു പഠിക്കുന്നു?
2 തന്റെ മറുപടിയിലൂടെ യേശു വ്യാജമതത്തെ തള്ളിക്കളഞ്ഞുവെന്നു മാത്രമല്ല, സത്യമതത്തിൽ എന്താണുൾപ്പെട്ടിരിക്കുന്നതെന്ന് വിശദമാക്കുകയും ചെയ്തു. അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “സാത്താനേ, ദൂരെ പോകൂ! എന്തെന്നാൽ ‘നിന്റെ ദൈവമായ യഹോവയെയാണ് നീ ആരാധിക്കേണ്ടത്, അവനു മാത്രമാണ് നീ വിശുദ്ധസേവനമർപ്പിക്കേണ്ടത്’ എന്ന് എഴുതപ്പെട്ടിരിക്കുന്നു.” (മത്തായി 4:10, NW) അതുകൊണ്ട് സത്യമതത്തിന്റെ ലക്ഷ്യം ഏക സത്യദൈവമായ യഹോവയുടെ ആരാധനയാണ്. അതിൽ ഉൾപ്പെട്ടിരിക്കുന്നത് വിശ്വാസവും അനുസരണവുമാണ്, യഹോവയുടെ ഇഷ്ടം ചെയ്യലാണ്.
വ്യാജമതത്തിന്റെ ഉത്ഭവം
3. (എ) ഭൂമിയിൽ വ്യാജമതം എപ്പോൾ, എങ്ങനെ, തുടങ്ങി? (ബി) മതപരമായ അസഹിഷ്ണുതയുടെ രേഖയിലുള്ള ആദ്യപ്രവൃത്തി എന്താണ്, അതിനുശേഷം മതപരമായ പീഡനം തുടർന്നിരിക്കുന്നതെങ്ങനെ?
3 ആദ്യത്തെ മനുഷ്യർ ദൈവത്തോട് അനുസരണക്കേടു കാണിക്കുകയും “നൻമയും തിൻമയും” തങ്ങൾക്കുവേണ്ടി തീരുമാനിക്കാനുള്ള സാത്താന്റെ നിർദ്ദേശം സ്വീകരിക്കുകയും ചെയ്തപ്പോഴാണ് ഭൂമിയിൽ വ്യാജമതം ആരംഭിച്ചത്. (ഉല്പത്തി 3:5) അങ്ങനെ ചെയ്യുകയിൽ അവർ യഹോവയുടെ നീതിയുള്ള പരമാധികാരത്തെ തള്ളിക്കളയുകയും ഉചിതമായ ആരാധനയെ, സത്യമതത്തെ, ഉപേക്ഷിക്കുകയും ചെയ്തു. അവരായിരുന്നു “ദൈവത്തിന്റെ സത്യത്തെ വ്യാജത്തിനുവേണ്ടി കൈമാറുകയും സൃഷ്ടിച്ച ഏകനു പകരം സൃഷ്ടിക്ക് പൂജയും വിശുദ്ധസേവനവും അർപ്പിക്കുകയും ചെയ്ത” ആദ്യത്തെ മനുഷ്യർ. (റോമർ 1:25, NW) അവർ അറിയാതെ ആരാധിക്കാൻ തെരഞ്ഞെടുത്ത സൃഷ്ടി “ആദ്യപാമ്പായ” പിശാചായ സാത്താനല്ലാതെ മററാരുമല്ലായിരുന്നു. (വെളിപ്പാട് 12:9, NW) അവരുടെ മൂത്ത പുത്രനായ കയീൻ യഹോവയുടെ ദയാപൂർവകമായ ബുദ്ധിയുപദേശം അനുസരിക്കുന്നതിനു വിസമ്മതിക്കുകയും അങ്ങനെ അവന്റെ പരമാധികാരത്തിനെതിരെ മത്സരിക്കുകയും ചെയ്തു. അറിഞ്ഞോ അറിയാതെയോ കയീൻ സാത്താനായിരുന്ന “ദുഷ്ടനായവന്റെ ഒരു കുട്ടി”യും ഒരു പിശാചാരാധകനുമായിത്തീർന്നു. അവൻ സത്യാരാധന, സത്യമതം, ആചരിച്ചിരുന്ന തന്റെ ഇളയ സഹോദരനായ ഹാബേലിനെ കൊന്നു. (1 യോഹന്നാൻ 3:12, റിവൈസ്ഡ് ഇംഗ്ലീഷ് ബൈബിൾ; ഉല്പത്തി 4:3-8; എബ്രായർ 11:4) മതപരമായ അസഹിഷ്ണുത നിമിത്തം ആദ്യമായി ചൊരിയപ്പെട്ട രക്തം ഹാബേലിന്റെ രക്തമായിരുന്നു. ഇക്കാലംവരെയും വ്യാജമതം നിർദ്ദോഷരക്തം ചൊരിയുന്നതിൽ തുടർന്നിരിക്കുന്നുവെന്ന് പറയാൻ സങ്കടമുണ്ട്.—മത്തായി 23:29-35; 24:3, 9 കാണുക.
4. നോഹയുടെ സംഗതിയിൽ, ഏതു തിരുവെഴുത്തുകൾ സത്യമതത്തിന്റെ സ്വഭാവത്തെ വിശദമാക്കുന്നു?
4 പ്രളയത്തിനു മുമ്പ്, സാത്താൻ സത്യമതത്തിൽനിന്ന് മനുഷ്യവർഗ്ഗത്തിൽ ഭൂരിപക്ഷത്തെയും അകററിക്കളയുന്നതിൽ വിജയിച്ചു. എന്നിരുന്നാലും, നോഹ “യഹോവയുടെ ദൃഷ്ടികളിൽ പ്രീതി കണ്ടെത്തി.” എന്തുകൊണ്ട്? എന്തുകൊകൊണ്ടെന്നാൽ അവൻ “സത്യദൈവത്തോടുകൂടെ നടന്നു.” മററു വാക്കുകളിൽ പറഞ്ഞാൽ, അവൻ സത്യാരാധന നടത്തി. സത്യമതം ചടങ്ങോ കർമ്മാനുഷ്ഠാനമോ അല്ല, പിന്നെയോ ഒരു ജീവിതരീതിയാണ്. അതിൽ ഉൾപ്പെട്ടിരിക്കുന്നത് യഹോവയിൽ വിശ്വാസമർപ്പിക്കലും അനുസരണപൂർവം അവനെ സേവിക്കലും ‘അവനോടുകൂടെ നടക്കലു’മാണ്. നോഹ ഇതു ചെയ്തു.—ഉല്പത്തി 6:8, 9, 22; 7:1, NW; എബ്രായർ 11:6, 7.
5. (എ) പ്രളയത്തിനുശേഷം എന്തു സ്ഥാപിക്കാൻ പിശാചു ശ്രമിച്ചു, എങ്ങനെ? (ബി) യഹോവ പിശാചിന്റെ പദ്ധതിയെ എങ്ങനെ തകർത്തു, ഫലമെന്തായിരുന്നു?
5 പ്രളയശേഷം അധികം താമസിയാതെ, പ്രത്യക്ഷത്തിൽ പിശാച് വീണ്ടും “യഹോവയോടുള്ള എതിർപ്പി”ൽ കുപ്രസിദ്ധനായിരുന്ന നിമ്രോദെന്ന മനുഷ്യനെ യഹോവക്ക് എതിരായിരിക്കുന്ന ഒരു ആരാധനാരീതിയിൽ സകല മനുഷ്യരെയും സംഘടിപ്പിക്കുന്നതിന് ഉപയോഗിച്ചു. (ഉല്പത്തി 10:8, 9; 11:2-4, NW) അത് പിശാചിന്റെ ആരാധകർ പണിത നഗരത്തിലും ഗോപുരത്തിലും കേന്ദ്രീകരിച്ചിരുന്ന ഏക സംഘടിത വ്യാജമതം, ഏകീകൃത പിശാചാരാധന, ആയിരിക്കുമായിരുന്നു. അന്ന് സകല മനുഷ്യവർഗ്ഗവും സംസാരിച്ചിരുന്ന “ഏകഭാഷ” കലക്കിക്കൊണ്ട് യഹോവ ഈ പദ്ധതിയെ തകർത്തുകളഞ്ഞു. (ഉല്പത്തി 11:5-9) അതുകൊണ്ട്, ആ നഗരം ബാബേൽ എന്നും പിന്നീട് ബാബിലോൻ എന്നും വിളിക്കപ്പെടാനിടയായി, രണ്ടു പേരുകളുടെയും അർത്ഥം “കുഴപ്പം” എന്നാണ്. ഈ ഭാഷാപരമായ കുഴപ്പം ഭൂമിമേലുള്ള മനുഷ്യവർഗ്ഗത്തിന്റെ ചിതറൽ കൈവരുത്തി.
6. (എ) സാത്താന്റെ ആരാധകരുടെ ചിതറിപ്പോക്കിനുമുമ്പ് അവരിൽ ഏതു മതപരമായ ആശയങ്ങൾ കടത്തപ്പെട്ടിരുന്നു? (ബി) ലോകമാസകലമുള്ള മതങ്ങൾക്ക് സമാനമായ വിശ്വാസങ്ങൾ ഉള്ളതെന്തുകൊണ്ട്? (സി) ബാബിലോൻ ഏത് സാത്താന്യമായ ഉദ്ദേശ്യത്തിന് സേവചെയ്തു, ആ പുരാതനനഗരം എന്തിന്റെ പ്രതീകമായിത്തീർന്നു?
6 ഏതായാലും, യഹോവയാലുള്ള മനുഷ്യവർഗ്ഗത്തിന്റെ ഈ ചിതറിക്കലിനു മുമ്പ് സാത്താൻ തന്റെ ആരാധകരുടെ മനസ്സുകളിൽ ചില അടിസ്ഥാന വ്യാജമതാശയങ്ങൾ കടത്തിയിരുന്നുവെന്ന് പുരാണത്തിന്റെയും ചരിത്രത്തിന്റെയും അടിസ്ഥാനത്തിൽ കാണപ്പെടുന്നു. ഇവയിൽ ദേഹിയുടെ മരണാനന്തര അതിജീവനം, മരിച്ചവരോടുള്ള ഭയം, ഒരു നാരകീയ അധോലോകത്തിന്റെ അസ്തിത്വം എന്നിവ സംബന്ധിച്ച മതസങ്കലപ്നങ്ങളും ഒപ്പം നിരവധി ദൈവങ്ങളുടെയും ദേവികളുടെയും ആരാധനയും ഉൾപ്പെട്ടിരുന്നു, ആ ദൈവങ്ങളിൽ ചിലർ ത്രയങ്ങളായി സംയോജിപ്പിക്കപ്പെട്ടിരുന്നു. അങ്ങനെയുള്ള വിശ്വാസങ്ങൾ വിവിധ ഭാഷാകൂട്ടങ്ങളാൽ ഭൂമിയുടെ അറുതികളിലേക്ക് കൊണ്ടുപോകപ്പെട്ടു. കാലം കടന്നുപോയതോടെ, ഈ അടിസ്ഥാന ആശയങ്ങൾക്ക് വ്യതിയാനങ്ങൾ ഭവിച്ചു. എന്നാൽ പൊതുവേ അവയാണ് ലോകത്തിന്റെ സകല ഭാഗങ്ങളിലെയും വ്യാജമതത്തിന്റെ ഇഴകളായിരിക്കുന്നത്. സംഘടിതമായ ഏക വ്യാജമതം സൃഷ്ടിക്കാനുള്ള തന്റെ ശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും സാത്താൻ വ്യാജാരാധനയുടെ വിവിധരൂപങ്ങൾകൊണ്ടു തൃപ്തിപ്പെട്ടു, അവ ബാബിലോന്യ പ്രചോദനത്താലുണ്ടായതും ആരാധന യഹോവയിൽനിന്ന് അവനിലേക്കുതന്നെ തിരിച്ചുവിടാൻ ഉദ്ദേശിക്കപ്പെട്ടതുമായിരുന്നു. ബാബിലോൻ വിഗ്രഹാരാധനയുടെയും മാന്ത്രികവിദ്യയുടെയും ക്ഷുദ്രപ്രയോഗത്തിന്റെയും ജ്യോതിഷത്തിന്റെയും സ്വാധീനശക്തിയുള്ള കേന്ദ്രമായിരിക്കുന്നതിൽ തുടർന്നു—എല്ലാം വ്യാജമതത്തിന്റെ അത്യന്താപേക്ഷിത ഘടകങ്ങൾതന്നെ. വെളിപ്പാടുപുസ്തകം വ്യാജമത ലോകസാമ്രാജ്യത്തെ മഹാബാബിലോൻ എന്നു പേരുള്ള ഒരു മ്ലേച്ഛ വേശ്യയായി പ്രതീകപ്പെടുത്തുന്നത് ആശ്ചര്യമല്ല.—വെളിപ്പാട് 17:1-5.
സത്യമതം
7. (എ) സത്യമതം ഭാഷകളുടെ കലക്കത്താൽ ബാധിക്കപ്പെടാഞ്ഞതെന്തുകൊണ്ട്? (ബി) ആർ “വിശ്വാസമുള്ളവരുടെയെല്ലാം പിതാവ്” എന്ന് അറിയപ്പെടാനിടയായി, എന്തുകൊണ്ട്?
7 പ്രസ്പഷ്ടമായി, സത്യമതം മനുഷ്യവർഗ്ഗത്തിന്റെ ആശയവിനിമയോപാധിയുടെ യഹോവയാലുള്ള ബാബേലിലെ കലക്കലിനാൽ ബാധിക്കപ്പെടാതെ തുടർന്നു. പ്രളയത്തിനു മുമ്പ് ഹാബേൽ, ഹാനോക്ക്, നോഹ, നോഹയുടെ ഭാര്യ, നോഹയുടെ പുത്രൻമാർ, പുത്രൻമാരുടെ ഭാര്യമാർ എന്നിങ്ങനെയുള്ള വിശ്വസ്ത സ്ത്രീപുരുഷൻമാർ സത്യാരാധന ആചരിച്ചിരുന്നു. പ്രളയത്തിനുശേഷം നോഹയുടെ പുത്രനായ ശേമിന്റെ വംശത്തിൽ സത്യാരാധന സംരക്ഷിക്കപ്പെട്ടു. ശേമിന്റെ ഒരു സന്തതിയായിരുന്ന അബ്രാഹാം സത്യമതം ആചരിക്കുകയും “വിശ്വാസമുള്ളവരുടെയെല്ലാം പിതാവ്” എന്ന് അറിയപ്പെടുകയും ചെയ്തു. (റോമർ 4:11, NW) അവന്റെ വിശ്വാസം പ്രവൃത്തികളാൽ പിന്താങ്ങപ്പെട്ടിരുന്നു. (യാക്കോബ് 2:21-23) അവന്റെ മതം ഒരു ജീവിതരീതിയായിരുന്നു.
8. (എ) ക്രി. മു. 16-ാം നൂററാണ്ടിൽ സത്യമതം വ്യാജമതത്തെ അഭിമുഖീകരിച്ചതെങ്ങനെ, ഫലമെന്തായിരുന്നു? (ബി) യഹോവ തന്റെ നിർമ്മലാരാധന സംബന്ധിച്ച് ഏതു പുതിയ ക്രമീകരണം ഉത്ഘാടനംചെയ്തു?
8 അബ്രാഹാമിന്റെ സന്തതികളായിരുന്ന ഇസ്ഹാക്കിന്റെയും യാക്കോബിന്റെയും (അല്ലെങ്കിൽ ഇസ്രായേലിന്റെയും) യാക്കോബിന്റെ 12 പുത്രൻമാരുടെയും വംശത്തിൽ സത്യാരാധന തുടർന്ന് ആചരിക്കപ്പെട്ടിരുന്നു—അവരിൽനിന്നായിരുന്നു ഇസ്രായേലിന്റെ 12 വംശങ്ങൾ ഉത്ഭവിച്ചത്. ക്രി.മു. 16-ാം നൂററാണ്ടിന്റെ അവസാനത്തിൽ, ഇസ്ഹാക്കിലൂടെയുള്ള അബ്രാഹാമിന്റെ സന്തതികൾ ഒരു പ്രതികൂല പുറജാതീയ സാഹചര്യത്തിൽ—ഈജിപ്ററിൽ—നിർമ്മല മതത്തെ കാത്തുസൂക്ഷിക്കാൻ പോരാടുകയായിരുന്നു, അവിടെ അവർ അടിമത്വത്തിലാക്കപ്പെട്ടിരുന്നു. വ്യാജമതത്തിൽ നിമഗ്നമായ ഒരു ദേശമായിരുന്ന ഈജിപ്ററിന്റെ നുകത്തിൽനിന്ന് തന്റെ ആരാധകരെ വിടുവിക്കുന്നതിന് യഹോവ ലേവിഗോത്രത്തിൽപെട്ട തന്റെ വിശ്വസ്തദാസനായ മോശയെ ഉപയോഗിച്ചു. യഹോവ മോശമുഖാന്തരം ഇസ്രായേലുമായി ഒരു ഉടമ്പടിചെയ്തുകൊണ്ട് അവരെ തന്റെ തെരഞ്ഞെടുക്കപ്പെട്ട ജനമാക്കി. ആ സമയത്ത് യഹോവ ആദ്യം വഹിച്ചുകൊണ്ടുപോകാവുന്ന സമാഗമനകൂടാരവും പിന്നീട് യെരുശലേമിലെ ആലയവുമായി ഒരു ഭൗതിക വിശുദ്ധമന്ദിരംസഹിതം ഒരു പുരോഹിതവർഗ്ഗത്താൽ നടത്തപ്പെടുന്ന ബലികളുടെ ഒരു പദ്ധതിയുടെ അതിരുകൾക്കുള്ളിൽ താത്ക്കാലികമായി തന്റെ ആരാധനയെ സ്ഥാപിച്ചുകൊണ്ട് അതിനെ സംഹിതാകരിച്ചു.
9. (എ) ന്യായപ്രമാണ ഉടമ്പടിക്കുമുമ്പ് സത്യാരാധന എങ്ങനെ ആചരിക്കപ്പെട്ടിരുന്നു? (ബി) ന്യായപ്രമാണത്തിന്റെ ഭൗതിക സവിശേഷതകൾ സ്ഥിരമല്ലായിരുന്നുവെന്ന് യേശു പ്രകടമാക്കിയതെങ്ങനെ?
9 എന്നിരുന്നാലും, ഈ ഭൗതികസവിശേഷതകൾ സത്യമതത്തിന്റെ സ്ഥിരമായ ഘടകങ്ങളായിരിക്കാൻ ഉദ്ദേശിപ്പെട്ടിരുന്നില്ല എന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. “ന്യായപ്രമാണം വരാനിരുന്ന കാര്യങ്ങളുടെ ഒരു നിഴൽ” ആയിരുന്നു. (കൊലൊസ്സ്യർ 2:17; എബ്രായർ 9:8-10; 10:1, NW) മോശൈകന്യായപ്രമാണത്തിനു മുമ്പ്, ഗോത്രപിതാക്കൻമാരുടെ കാലത്ത്, കുടുംബത്തലവൻമാർ തങ്ങൾ പണിതിരുന്ന യാഗപീഠങ്ങളിൽ യാഗങ്ങളർപ്പിക്കുന്നതിൽ തങ്ങളുടെ കുടുംബങ്ങളെ പ്രതിനിധാനംചെയ്തിരുന്നുവെന്ന് പ്രകടമാണ്. (ഉല്പത്തി 12:8; 26:25; 35:2, 3; ഇയ്യോബ് 1:5) എന്നാൽ ചടങ്ങുകളോടും കർമ്മാനുഷ്ഠാനത്തോടുംകൂടിയ സംഘടിത പൗരോഹിത്യമോ യാഗങ്ങളുടെ വ്യവസ്ഥയോ ഇല്ലായിരുന്നു. തന്നെയുമല്ല, യേശുതന്നെ ശമര്യ സ്ത്രീയോട് സംസാരിക്കുകയിൽ യരൂശലേമിൽ കേന്ദ്രീകരിച്ചിരുന്ന സംഹിതാകരിച്ച ആരാധനയുടെ താത്കാലിക സ്വഭാവം പ്രകടമാക്കി: “നിങ്ങൾ പിതാവിനെ ഈ മലയിലോ [ഒരു ശമര്യാലയത്തിന്റെ മുൻസ്ഥാനമായിരുന്ന ഗെരീസം] യരൂശലേമിലോ ആരാധിക്കുകയില്ലാത്ത നാഴിക വരുന്നു. . . . സത്യാരാധകർ പിതാവിനെ ആത്മാവോടും സത്യത്തോടുംകൂടെ ആരാധിക്കുന്ന നാഴിക വരുന്നു, അത് ഇപ്പോഴാകുന്നു.” (യോഹന്നാൻ 4:21-23, NW) ഭൗതികവസ്തുക്കൾകൊണ്ടല്ല, പിന്നെയോ ആത്മാവോടും സത്യത്തോടും കൂടെ സത്യമതം ആചരിക്കപ്പെടണമെന്ന് യേശു പ്രകടമാക്കി.
ബാബിലോന്യ അടിമത്തം
10. (എ) യഹോവ തന്റെ ജനം ബാബിലോനിലേക്ക് അടിമകളായി പിടിച്ചുകൊണ്ടുപോകപ്പെടാൻ അനുവദിച്ചതെന്തുകൊണ്ട്? (ബി) യഹോവ ക്രി. മു. 537-ൽ ഒരു വിശ്വസ്തശേഷിപ്പിനെ ഏതു രണ്ടുവിധങ്ങളിൽ വിടുവിച്ചു, അവരുടെ യഹൂദയിലേക്കുള്ള മടങ്ങിവരവിന്റെ മുഖ്യ ഉദ്ദേശ്യം എന്തായിരുന്നു?
10 ഏദനിലെ മത്സരം മുതൽ സത്യമതവും വ്യാജമതവും തമ്മിൽ നിരന്തര ശത്രുത ഉണ്ടായിരുന്നിട്ടുണ്ട്. പ്രതീകാത്മകമായി പറഞ്ഞാൽ, ചില കാലങ്ങളിൽ സത്യാരാധകർ നിമ്രോദിന്റെ കാലം മുതൽ ബാബിലോന്റെ പ്രതിരൂപത്തിലുള്ള വ്യാജമതത്താൽ അടിമകളാക്കപ്പെട്ടിട്ടുണ്ട്. ക്രി. മു. 617ലും ക്രി. മു. 607ലും തന്റെ ജനത്തെ ബാബിലോനിലേക്കു പിടിച്ചുകൊണ്ടുപോകാൻ യഹോവ അനുവദിക്കുന്നതിനു മുമ്പ് അവർ അപ്പോൾത്തന്നെ ബാബിലോന്യവ്യാജമതത്തിന് ഇരയായിക്കഴിഞ്ഞിരുന്നു. (യിരെമ്യാവ് 2:13-23; 15:2; 20:6; യെഹെസ്ക്കേൽ 12:10, 11) ക്രി. മു. 537ൽ ഒരു വിശ്വസ്തശേഷിപ്പ് യഹൂദയിലേക്കു മടങ്ങിവന്നു. (യെശയ്യാവ് 10:21) “ജനങ്ങളേ, ബാബിലോനിൽനിന്നു പുറപ്പെട്ടുപോകുക!” എന്ന പ്രാവചനികമായ ആഹ്വാനം അവർ അനുസരിച്ചു. (യെശയ്യാവ് 48:20, NW) ഇത് കേവലം ഒരു ഭൗതികവിടുതൽ ആയിരിക്കേണ്ടതല്ലായിരുന്നു. അത് അശുദ്ധവും വിഗ്രഹാരാധനാപരവുമായ ഒരു വ്യാജമത ചുററുപാടിൽനിന്നുള്ള ഒരു ആത്മീയവിടുതലുമായിരുന്നു. അതുകൊണ്ട് ഈ വിശ്വസ്ത ശേഷിപ്പിനോട് ഇങ്ങനെ ആജ്ഞാപിക്കപ്പെട്ടു: “വിട്ടുപോരുവിൻ; വിട്ടുപോരുവിൻ; അവിടെ നിന്ന് പുറപ്പെട്ടുപോരുവിൻ; അശുദ്ധമായതൊന്നും തൊടരുത്; അതിന്റെ നടുവിൽനിന്ന് പുറപ്പെട്ടുപോരുവിൻ; യഹോവയുടെ ഉപകരണങ്ങളെ ചുമക്കുന്നവരേ, നിങ്ങളേത്തന്നെ നിർമ്മലീകരിപ്പിൻ.” (യെശയ്യാവ് 52:11) യഹൂദയിലേക്കുള്ള അവരുടെ മടങ്ങിവരവിന്റെ മുഖ്യ ഉദ്ദേശ്യം നിർമ്മലാരാധന, സത്യമതം, പുനഃസ്ഥാപിക്കുകയെന്നതായിരുന്നു.
11. യഹൂദയിലെ നിർമ്മലാരാധനയുടെ പുനഃസ്ഥാപനത്തിനു പുറമേ, ക്രി. മു. ആറാം നൂററാണ്ടിൽ ഏതു മതപരമായ പുതിയ വികാസങ്ങൾ സംഭവിച്ചു?
11 കൗതുകകരമായി, അതേ ക്രി. മു. ആറാം നൂററാണ്ട് മഹാബാബിലോന്റെ ഉള്ളിൽ വ്യാജമതത്തിന്റെ പുതിയ ശാഖകൾ ഉണ്ടാകുന്നതിന് സാക്ഷിയായി. അത് ബുദ്ധമതത്തിന്റെയും കൊൺഫ്യൂഷനിസത്തിന്റെയും സൊരോഷ്ട്രിയൻമതത്തിന്റെയും ജൈനമതത്തിന്റെയും ജനനം കണ്ടു, പിന്നീട് ക്രൈസ്തവലോകത്തിലെ സഭകളെ വളരെയധികമായി സ്വാധീനിക്കാനിരുന്ന യുക്തിവാദപരമായ ഗ്രീക്ക് തത്വചിന്തയുടെ കാര്യം പറയുകയും വേണ്ട. അതുകൊണ്ട്, നിർമ്മലാരാധന യഹൂദയിൽ പുനഃസ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കെ, ദൈവത്തിന്റെ മുഖ്യ ശത്രു വ്യാജമതത്തിൽ തെരഞ്ഞെടുക്കാൻ വളരെയധികം എണ്ണം പ്രദാനംചെയ്യുകയായിരുന്നു.
12. ക്രി. വ. ഒന്നാം നൂററാണ്ടിൽ ബാബിലോന്യ അടിമത്തത്തിൽനിന്നുള്ള ഏതു വിടുതൽ നടന്നു, പൗലോസ് ഏത് മുന്നറിയിപ്പ് നൽകി?
12 യേശു ഇസ്രായേലിൽ പ്രത്യക്ഷപ്പെട്ട സമയമായപ്പോഴേക്ക്, യഹൂദൻമാരിൽ ഭൂരിപക്ഷവും അനേകം ബാബിലോന്യ മതസങ്കല്പനങ്ങൾ സ്വീകരിച്ചിരുന്ന ഒരു മതരൂപമായിരുന്ന യഹൂദമതത്തിന്റെ വിവിധരൂപങ്ങൾ ആചരിച്ചുകൊണ്ടിരുന്നു. അത് മഹാബാബിലോനോട് പററിനിന്നിരുന്നു. ക്രിസ്തു ഇതിനെ കുററം വിധിക്കുകയും തന്റെ ശിഷ്യൻമാരെ ബാബിലോന്യ അടിമത്വത്തിൽനിന്ന് വിടുവിക്കുകയും ചെയ്തു. (മത്തായി അദ്ധ്യായം 23; ലൂക്കോസ് 4:18) താൻ പ്രസംഗിച്ച പ്രദേശങ്ങളിൽ വ്യാജമതവും ഗ്രീക്ക്ചിന്തയും പ്രബലപ്പെട്ടിരുന്നതുകൊണ്ട് അപ്പോസ്തലനായ പൗലോസ് യെശയ്യാവിന്റെ പ്രവചനത്തിൽനിന്ന് ഉദ്ധരിക്കുകയും ക്രിസ്ത്യാനികൾക്കു ബാധകമാക്കുകയും ചെയ്തു, അവർ മഹാബാബിലോന്റെ അശുദ്ധ സ്വാധീനത്തിൽനിന്ന് സ്വതന്ത്രരായി നിൽക്കേണ്ടയാവശ്യമുണ്ടായിരുന്നു. അവൻ ഇങ്ങനെ എഴുതി: “ദൈവത്തിന്റെ ആലയത്തിന് [ബാബിലോന്യ] വിഗ്രഹങ്ങളുമായി എന്തു യോജിപ്പാണുള്ളത്? എന്തെന്നാൽ നാം ജീവനുള്ള ഒരു ദൈവത്തിന്റെ ഒരു ആലയമാകുന്നു; ദൈവം പറഞ്ഞതുപോലെതന്നെ: ‘ഞാൻ അവരുടെ ഇടയിൽ വസിക്കുകയും അവരുടെ ഇടയിൽ നടക്കുകയും ചെയ്യും, ഞാൻ അവരുടെ ദൈവമായിരിക്കും, അവർ എന്റെ ജനവുമായിരിക്കും.’ ‘“അതുകൊണ്ട് അവരുടെ ഇടയിൽനിന്ന് പുറത്തുപോരുകയും നിങ്ങളേത്തന്നെ വേർപെടുത്തുകയും ചെയ്യുക” എന്ന് യഹോവ പറയുന്നു, “അശുദ്ധവസ്തു തൊടുന്നതു നിർത്തുക”; “എന്നാൽ ഞാൻ നിങ്ങളെ ചേർത്തുകൊള്ളും.”’”—2 കൊരിന്ത്യർ 6:16, 17, NW.
അന്ത്യകാലത്ത് വ്യാജമതത്തിൽനിന്ന് വിട്ടുമാറുക
13. ഏഷ്യാമൈനറിലെ ഏഴു സഭകൾക്ക് ക്രിസ്തു അയച്ച സന്ദേശങ്ങളിൽ എന്തു സൂചിപ്പിക്കപ്പെടുന്നു, തത്ഫലമായി എന്ത് ഉരുത്തിരിഞ്ഞു?
13 അപ്പോസ്തലനായ യോഹന്നാന് കൊടുക്കപ്പെട്ട വെളിപ്പാടു മുഖാന്തരം ഏഷ്യാമൈനറിലെ ഏഴു സഭകൾക്ക് ക്രിസ്തു അയച്ച സന്ദേശങ്ങൾ ക്രി.വ. ഒന്നാം നൂററാണ്ടിന്റെ അവസാനമായപ്പോഴേക്ക് ബാബിലോന്യമതാചാരങ്ങളും മനോഭാവങ്ങളും ക്രിസ്തീയസഭയിലേക്ക് നുഴഞ്ഞുകടന്നുകൊണ്ടിരുന്നുവെന്ന് വ്യക്തമായി സൂചിപ്പിക്കുന്നു. (വെളിപ്പാട്, അദ്ധ്യായങ്ങൾ 2ഉം 3ഉം.) പ്രത്യേകിച്ച് ക്രി.വ. രണ്ടാം നൂററാണ്ടുമുതൽ അഞ്ചാം നൂററാണ്ടുവരെ വിശ്വാസത്യാഗം വികസിക്കുകയും നിർമ്മല ക്രിസ്തീയമതത്തിന്റെ ഒരു ദുഷിച്ച അനുകരണത്തിന്റെ ഉരുത്തിരിയലിൽ കലാശിക്കുകയും ചെയ്തു. ദേഹിയുടെ അമർത്ത്യത, ഒരു എരിയുന്ന നരകം, ത്രിത്വം എന്നിങ്ങനെയുള്ള ബാബിലോന്യ ഉപദേശങ്ങൾ വിശ്വാസത്യാഗം ഭവിച്ച ക്രിസ്ത്യാനിത്വത്തിന്റെ ഉപദേശങ്ങളോട് ചേർക്കപ്പെടുകയും ചെയ്തു. കത്തോലിക്കാസഭയും ഓർത്തഡോക്സ് സഭകളും പിന്നീട് പ്രോട്ടസ്ററൻറ് സഭകളുമെല്ലാം ഈ വ്യാജസിദ്ധാന്തങ്ങൾ സ്വീകരിക്കുകയും തന്നിമിത്തം പിശാചിന്റെ വ്യാജമതലോകസാമ്രാജ്യമായ മഹാബാബിലോനിന്റെ ഒരു ഭാഗമായിത്തീരുകയും ചെയ്തു.
14, 15. (എ) ഗോതമ്പിനെയും കളകളെയും സംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തം എന്തു പ്രകടമാക്കി? (ബി) 19-ാം നൂററാണ്ടിന്റെ അവസാനമായതോടെയും 1914 ആയതോടെയും എന്തു സംഭവിച്ചു, ഉപദേശം സംബന്ധിച്ച് സത്യക്രിസ്ത്യാനികൾ എന്തു പുരോഗതി വരുത്തിയിരുന്നു?
14 സത്യമതം ഒരിക്കലും പൂർണ്ണമായി തുടച്ചുനീക്കപ്പെട്ടിട്ടില്ല. നൂററാണ്ടുകളിലുടനീളം എല്ലായ്പ്പോഴും സത്യസ്നേഹികൾ ഉണ്ടായിരുന്നിട്ടുണ്ട്, അവരിൽ ചിലർ യഹോവയോടും അവന്റെ വചനമായ ബൈബിളിനോടുമുള്ള വിശ്വസ്തതനിമിത്തം തങ്ങളുടെ ജീവൻ വിലയായി ഒടുക്കി. എന്നാൽ ഗോതമ്പിനെയും കളകളെയും സംബന്ധിച്ച യേശുവിന്റെ ദൃഷ്ടാന്തം പ്രകടമാക്കുന്നതുപോലെ, പ്രതീകാത്മക ഗോതമ്പ് അല്ലെങ്കിൽ രാജ്യത്തിന്റെ അഭിഷിക്ത പുത്രൻമാർ “വ്യവസ്ഥിതിയുടെ സമാപനത്തിൽ” മാത്രമേ കളകളിൽനിന്ന് അല്ലെങ്കിൽ ദുഷ്ടനായവന്റെ പുത്രൻമാരിൽനിന്ന് വേർതിരിക്കപ്പെടുകയുള്ളു. (മത്തായി 13:24-30, 36-43, NW) അന്ത്യകാലം—ഈ വേർതിരിക്കൽ നടക്കാനുള്ള സമയം—അടുത്തുവന്നപ്പോൾ 19-ാം നൂററാണ്ടിന്റെ ഒടുവിൽ ആത്മാർത്ഥതയുണ്ടായിരുന്ന ബൈബിൾവിദ്യാർത്ഥികൾ വ്യാജമതത്തിന്റെ അടിമത്തത്തിൽനിന്ന് വിട്ടുമാറാൻ തുടങ്ങി.
15 ഇന്ന് യഹോവയുടെ സാക്ഷികൾ എന്നറിയപ്പെടുന്ന ഈ ക്രിസ്ത്യാനികൾ 1914 ആയപ്പോഴേക്ക് മറുവിലയിൽ ശക്തമായ വിശ്വാസം നട്ടുവളർത്തിയിരുന്നു. ക്രിസ്തുവിന്റെ സാന്നിദ്ധ്യം അദൃശ്യമായിരിക്കണമെന്ന് അവർ അറിഞ്ഞു. 1914 “ജാതികളുടെ കാലങ്ങളുടെ” അവസാനത്തെ കുറിക്കുമെന്ന് അവർ മനസ്സിലാക്കി. (ലൂക്കോസ് 21:24, കിംഗ് ജെയിംസ് വേർഷൻ) അവർക്ക് ദേഹിയുടെയും പുനരുത്ഥാനത്തിന്റെയും അർത്ഥം വ്യക്തമായി മനസ്സിലായി. നരകാഗ്നിയെയും ത്രിത്വത്തെയും സംബന്ധിച്ച സഭകളുടെ ഉപദേശങ്ങളുടെ പ്രത്യക്ഷമായ തെററുസംബന്ധിച്ചും അവർ പ്രബുദ്ധരായി. അവർ ദിവ്യനാമം മനസ്സിലാക്കുകയും ഉപയോഗിക്കാൻ തുടങ്ങുകയും പരിണാമസിദ്ധാന്തത്തിന്റെയും ആത്മവിദ്യാചാരത്തിന്റെയും തെററ് ഗ്രഹിക്കുകയും ചെയ്തു.
16. അഭിഷിക്തക്രിസ്ത്യാനികൾ 1919-ൽ ഏതു ആഹ്വാനത്തിനു ചെവികൊടുത്തു?
16 വ്യാജമതത്തിന്റെ കൂച്ചുവിലങ്ങുകൾ പൊട്ടിച്ചെറിയുന്നതിൽ ഒരു നല്ല തുടക്കമിട്ടു. 1919-ൽ മഹാബാബിലോന് ദൈവജനങ്ങളുടെമേലുള്ള സ്വാധീനം പൂർണ്ണമായും നഷ്ടപ്പെട്ടു. ക്രി.മു. 537-ൽ യഹൂദൻമാരുടെ ഒരു ശേഷിപ്പ് ബാബിലോനിൽനിന്ന് വിടുവിക്കപ്പെട്ടതുപോലെ, അഭിഷിക്തക്രിസ്ത്യാനികളുടെ വിശ്വസ്തശേഷിപ്പ് “അവളുടെ [മഹാബാബിലോന്റെ] മദ്ധ്യേനിന്ന് പുറത്തുപോരുക” എന്ന ആഹ്വാനം അനുസരിച്ചു.—യെശയ്യാവ് 52:11, NW.
17. (എ) 1922മുതൽ എന്തു വികാസം പ്രാപിച്ചു, ദൈവജനത്തിന്റെ ഇടയിൽ എന്തിന്റെ ആവശ്യം തോന്നി? (ബി) ഏത് അങ്ങേയററത്തെ നിലപാട് സ്വീകരിക്കപ്പെട്ടു, ഇത് മനസ്സിലാക്കാവുന്നത് എന്തുകൊണ്ട്?
17 ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിരണ്ടുമുതൽ ബാബിലോന്യ വ്യാജമതത്തെ, വിശേഷാൽ ക്രൈസ്തവലോകത്തിലെ സഭകളെ, തുറന്നുകാട്ടിക്കൊണ്ട് കഠിനമായ ബൈബിൾസത്യങ്ങൾ പ്രസിദ്ധീകരിക്കുകയും പരസ്യമായി പ്രചരിപ്പിക്കുകയും ചെയ്തു. സകല വ്യാജമതരൂപങ്ങളിൽനിന്നുമുള്ള വിട്ടുമാറൽ സമ്പൂർണ്ണമായിരിക്കണമെന്ന് ദൈവത്തിന്റെ ശുദ്ധീകരിക്കപ്പെട്ട ജനത്തെ ബോദ്ധ്യപ്പെടുത്തേണ്ടതിന്റെ ആവശ്യം കണ്ടു. അങ്ങനെ, വർഷങ്ങളായി, നിർമ്മലാരാധനയെക്കുറിച്ചു സംസാരിക്കുമ്പോൾ “മതം” എന്ന പദത്തിന്റെ ഉപയോഗം പോലും ഒഴിവാക്കപ്പെട്ടു. “മതം ഒരു കെണിയും ഒരു വഞ്ചനയുമാകുന്നു” എന്നതുപോലെയുള്ള മുദ്രാവാക്യങ്ങൾ വൻനഗരങ്ങളുടെ തെരുവുകളിൽ പ്രദർശിപ്പിക്കപ്പെട്ടു. ആധിപത്യം (1928), “സത്യം നിങ്ങളെ സ്വതന്ത്രരാക്കും” (1943) എന്നിങ്ങനെയുള്ള ഇംഗ്ലീഷ് പുസ്തകങ്ങൾ “ക്രിസ്ത്യാനിത്വ”വും “മതവും” തമ്മിലുള്ള വ്യക്തമായ വ്യത്യാസം കാണിച്ചു. ഈ അങ്ങേയററത്തെ നിലപാട് മനസ്സിലാക്കാവുന്നതാണ്, കാരണം മഹാബാബിലോന്റെ സർവവ്യാപകമായ മതവ്യവസ്ഥിതിയിൽനിന്ന് സമ്പൂർണ്ണമായി വിട്ടുമാറേണ്ടിയിരുന്നു.
സത്യമതവും വ്യാജമതവും
18. “മത”ത്തെസംബന്ധിച്ച് ഏത് പുതിയ ഗ്രാഹ്യം 1951-ൽ കൊടുക്കപ്പെട്ടു, ഇത് 1975-ലെ വാർഷികപ്പുസ്തകത്തിൽ വിശദീകരിക്കപ്പെട്ടിരിക്കുന്നതെങ്ങനെ?
18 പിന്നീട് 1951-ൽ സത്യമതവും വ്യാജമതവും തമ്മിലുള്ള വ്യത്യാസത്തിന്റെ സ്ഫടികംപോലെ വ്യക്തമായ ഒരു ഗ്രാഹ്യം തന്റെ ജനത്തിന് കൊടുക്കുന്നതിനുള്ള യഹോവയുടെ തക്ക സമയമായി. യഹോവയുടെ സാക്ഷികളുടെ 1975ലെ വാർഷികപ്പുസ്തകം ഇങ്ങനെ റിപ്പോർട്ടുചെയ്യുന്നു: “1951-ൽ സത്യാരാധനയുടെ വക്താക്കൾ ‘മതം’ എന്ന പദം സംബന്ധിച്ച് സാർത്ഥകമായ ചിലത് മനസ്സിലാക്കി. ചില സമയങ്ങളിൽ തങ്ങൾ ‘മതം ഒരു കെണിയും ഒരു വഞ്ചനയുമാകുന്നു’ എന്ന ചിന്തോദ്ദീപകമായ മുദ്രാവാക്യം വഹിച്ച 1938 ചിലർക്ക് നന്നായി ഓർക്കാൻ കഴിയുമായിരുന്നു. അന്നത്തെ അവരുടെ നിലപാടിൽ സകല ‘മതവും’ അക്രിസ്തീയമായിരുന്നു, പിശാചിൽനിന്നുള്ളതായിരുന്നു. എന്നാൽ 1951 മാർച്ച് 15ലെ വാച്ച്ററവർ മതത്തെസംബന്ധിച്ച് ‘സത്യ’ എന്നും ‘വ്യാജ’ എന്നുമുള്ള നാമവിശേഷണം ഉപയോഗിക്കുന്നതിന് അനുവദിച്ചു. കൂടാതെ, (1951ൽ പ്രസിദ്ധീകരിച്ചതും ഇംഗ്ലണ്ട്, ലണ്ടനിലെ വെംബ്ലി സ്റേറഡിയത്തിൽ നടന്ന ‘നിർമ്മലാരാധനാ’സമ്മേളനസമയത്ത് പ്രകാശനം ചെയ്തതുമായ) മതം മനുഷ്യവർഗ്ഗത്തിനുവേണ്ടി എന്തു ചെയ്തിരിക്കുന്നു? എന്ന രസകരമായ പുസ്തകത്തിന് ഇതു പറയാനുണ്ടായിരുന്നു: ‘“മതം” അതുപയോഗിക്കപ്പെടുന്ന രീതിയിൽ എടുക്കുമ്പോൾ അതിന്റെ അതിലളിതമായ നിർവചനപ്രകാരം അതിന്റെ അർത്ഥം സത്യാരാധനയെന്നോ വ്യാജാരാധനയെന്നോ പരിഗണിക്കാതെ ഒരു ആരാധനാ പദ്ധതി, ഒരു ആരാധനാരൂപം, എന്നാണ്. അബോദാ എന്ന അതിന്റെ എബ്രായ പദത്തിന്റെ അർത്ഥത്തോട് അത് യോജിക്കുന്നു, അതിന്റെ അക്ഷരാർത്ഥം ആർക്ക് അർപ്പിക്കപ്പെട്ടാലും “സേവനം” എന്നാണ്.’ അതുകൊണ്ട്, ‘വ്യാജമതം’ എന്നും ‘സത്യമതം’ എന്നുമുള്ള പദപ്രയോഗങ്ങൾ യഹോവയുടെ സാക്ഷികളുടെ ഇടയിൽ സാധാരണമായിത്തീർന്നു.”—പേജ് 225.
19, 20. (എ) നിർമ്മലാരാധനക്ക് ബാധകമാകുന്നതായുള്ള “മത”മെന്ന പദത്തിന്റെ ഉപയോഗത്തിൽ സത്യാരാധകർ അസ്വസ്ഥരാകരുതാഞ്ഞതെന്തുകൊണ്ട്? (ബി) ഈ പുതിയ ഗ്രാഹ്യം എന്തുചെയ്യാൻ യഹോവയുടെ ജനത്തെ പ്രാപ്തരാക്കി?
19 ഒരു വായനക്കാരന്റെ ചോദ്യത്തിനുത്തരമായി 1951 ഓഗസ്ററ് 15ലെ വാച്ച്ററവർ ലക്കം ഇങ്ങനെ പ്രസ്താവിച്ചു: “‘മതം’ എന്ന പദത്തിന്റെ ഉപയോഗത്തിൽ ആർക്കും അസ്വസ്ഥത തോന്നരുത്. നാം അതുപയോഗിക്കുന്നതുകൊണ്ട് നാം പാരമ്പര്യബദ്ധ വ്യാജമതങ്ങളുടെ വർഗ്ഗത്തിലാകുന്നില്ല, നാം ക്രിസ്ത്യാനികളെന്ന് നമ്മേത്തന്നെ വിളിക്കുന്നത് നമ്മെ ക്രൈസ്തവലോകത്തിലെ വ്യാജക്രിസ്ത്യാനികളോടുകൂടെ ആക്കുന്നില്ലാത്തതുപോലെതന്നെ.”
20 അശേഷം വിട്ടുവീഴ്ചയായിരിക്കാതെ, “മതം” എന്ന പദത്തിന്റെ ഈ പുതിയ ഗ്രാഹ്യം സത്യാരാധനയും വ്യാജാരാധനയും തമ്മിലുള്ള വിടവ് വിശാലമാക്കുന്നതിന് യഹോവയുടെ ജനത്തെ പ്രാപ്തരാക്കി, അടുത്ത ലേഖനം അതു പ്രകടമാക്കും. (w91 12/1)
നമ്മുടെ ഗ്രാഹ്യം പരിശോധിക്കുന്നതിന്
◻ ഭൂമിയിൽ എപ്പോൾ, എങ്ങനെ, വ്യാജമതം ആരംഭിച്ചു?
◻ പ്രളയത്തിനുശേഷം സാത്താൻ എന്തു സ്ഥാപിക്കാൻ ശ്രമിച്ചു, അവന്റെ പദ്ധതി എങ്ങനെ തകർക്കപ്പെട്ടു?
◻ ബാബിലോൻ എന്തിന്റെ പ്രതീകമായിത്തീർന്നു?
◻ ക്രി. മു. 537ലും ക്രി. വ. ഒന്നാം നൂററാണ്ടിലും 1919-ലും ഏതു വിടുതലുകൾ നടന്നു?
◻ “മതം” എന്ന പദം സംബന്ധിച്ച് 1951-ൽ ഏതു പുതിയ ഗ്രാഹ്യം കൊടുക്കപ്പെട്ടു, അന്ന് എന്തുകൊണ്ട്?
[11-ാം പേജിലെ ഭൂപടം⁄ചിത്രം]
ലോകമാസകലം വിശ്വസിക്കപ്പെടുന്ന വ്യാജോപദേശങ്ങളുടെ ഉത്ഭവം ബാബിലോനിലാണ്:
◻ ദൈവങ്ങളുടെ ത്രിത്വങ്ങൾ അഥവാ ത്രയങ്ങൾ
◻ മനുഷ്യദേഹി മരണത്തെ അതിജീവിക്കുന്നു
◻ ആത്മവിദ്യാചാരം—“മരിച്ചവരു”മായുള്ള സംസാരം
◻ ആരാധനയിൽ പ്രതിമകളുടെ ഉപയോഗം
◻ ഭൂതങ്ങളെ പ്രസാദിപ്പിക്കാൻ മന്ത്രങ്ങളുടെ ഉപയോഗം
◻ ശക്തരായ വൈദികരുടെ ഭരണം