“നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു?”
“ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു?”—സങ്കീർത്തനം 113:5.
1, 2. (എ) യഹോവയുടെ സാക്ഷികൾ ദൈവത്തെയും ബൈബിളിനെയും വീക്ഷിക്കുന്നതെങ്ങനെ? (ബി) ഏതു ചോദ്യങ്ങൾ നമ്മുടെ പരിചിന്തനം അർഹിക്കുന്നു?
യഹോവയുടെ സ്തുതിപാഠകർ തീർച്ചയായും അനുഗൃഹീതരാണ്. ഈ ധന്യപുരുഷാരത്തിൽ ഉൾപ്പെടുന്നത് എന്തൊരു പദവിയാണ്! അവന്റെ സാക്ഷികളെന്നനിലയിൽ നമ്മൾ അവന്റെ വചനമായ ബൈബിളിന്റെ ബുദ്ധ്യുപദേശങ്ങളും നിയമങ്ങളും പഠിപ്പിക്കലുകളും വാഗ്ദാനങ്ങളും പ്രവചനങ്ങളും സ്വീകരിക്കുന്നു. തിരുവെഴുത്തുകളിൽനിന്നു പഠിക്കുന്നതിനും “യഹോവയാൽ പഠിപ്പിക്കപ്പെടു”ന്നതിനും നമ്മൾ സന്തോഷമുള്ളവരാണ്.—യോഹന്നാൻ 6:45 NW.
2 ദൈവത്തോടുള്ള ആഴമായ ഭയാദരവു നിമിത്തം യഹോവയുടെ സാക്ഷികൾക്ക് “നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു” എന്നു ചോദിക്കാൻ കഴിയും. (സങ്കീർത്തനം 113:5) സങ്കീർത്തനക്കാരന്റെ ആ വാക്കുകൾ വിശ്വാസത്തെ സൂചിപ്പിക്കുന്നു. എന്നാൽ സാക്ഷികൾക്കു ദൈവത്തിൽ അത്തരം വിശ്വാസമുണ്ടായിരിക്കുന്നത് എന്തുകൊണ്ട്? യഹോവയെ സ്തുതിക്കുന്നതിന് എന്തു കാരണങ്ങൾ അവർക്കുണ്ട്?
വിശ്വാസവും സ്തുതിയും ഉചിതം
3. സ്തുതികീർത്തനങ്ങൾ എന്താണ്, എന്തുകൊണ്ടാണ് അവ അങ്ങനെ വിളിക്കപ്പെടുന്നത്?
3 യഹോവയിലുള്ള വിശ്വാസം അത്യാവശ്യമാണ്, കാരണം അവൻ അതുല്യ ദൈവമാണ്. ആറു സ്തുതികീർത്തനങ്ങളുടെ ഭാഗമായിരിക്കുന്ന സങ്കീർത്തനങ്ങൾ 113-ലും, 114-ലും, 115-ലും ഇത് ഊന്നിപ്പറഞ്ഞിരിക്കുന്നു. ഹില്ലേലിന്റെ റബ്ബി സ്കൂൾ പറയുന്നതനുസരിച്ച്, യഹൂദ പെസഹാഭക്ഷണ സമയത്തു രണ്ടാമത്തെ വീഞ്ഞിൻപാനപാത്രം പകർന്നതിനും ആചരണത്തിന്റെ അർത്ഥപൂർണ്ണത വിശദീകരിച്ചതിനും ശേഷം സങ്കീർത്തനങ്ങൾ 113-ഉം 114-ഉം പാടിയിരുന്നു. നാലാമത്തെ പാനപാത്രം പകർന്നതിനുശേഷം 115 മുതൽ 118 വരെയുള്ള സങ്കീർത്തനങ്ങൾ ആലപിച്ചിരുന്നു. (മത്തായി 26:30 താരതമ്യപ്പെടുത്തുക.) അവ ഹല്ലേലൂയ്യാ!—“യാഹിനെ സ്തുതിക്ക!” എന്ന ഉദ്ഘോഷം ആവർത്തിച്ചു ഉപയോഗിക്കുന്നതിനാൽ അവ “സ്തുതി കീർത്തനങ്ങൾ” എന്നു വിളിക്കപ്പെടുന്നു.
4. “ഹല്ലേലൂയ്യാ!” എന്ന പദത്തിന്റെ അർത്ഥമെന്താണ്, ബൈബിളിൽ എത്ര കൂടെക്കൂടെ അതു കാണപ്പെടുന്നു?
4 സങ്കീർത്തനങ്ങളിൽ 24 തവണ കാണപ്പെടുന്ന ഒരു എബ്രായ പദപ്രയോഗത്തിന്റെ ലിപ്യന്തരീകരണമാണ് “ഹല്ലേലൂയ്യാ!” വ്യാജമത ലോകസാമ്രാജ്യമായ മഹാബാബിലോന്റെ നാശത്തിൽ അനുഭവസിദ്ധമാകുന്ന സന്തോഷവും യഹോവയാം ദൈവം രാജാവായി ഭരിച്ചുതുടങ്ങുന്നതിനോടു ബന്ധപ്പെട്ട സന്തോഷിക്കലും സംബന്ധിച്ച് ഇതിന്റെ ഒരു ഗ്രീക്ക്രൂപം നാലുതവണ ബൈബിളിൽ മറെറാരിടത്തു കാണുന്നു. (വെളിപ്പാടു 19:1-6) സ്തുതി കീർത്തനങ്ങളിൽ മൂന്നെണ്ണം നാം ഇപ്പോൾ പരിശോധിക്കുമ്പോൾ യഹോവയുടെ സ്തുതിക്കായി നാം അവ പാടുന്നതായി സങ്കല്പിക്കുന്നതു സമുചിതമാണ്.
യാഹിനെ സ്തുതിക്കുക!
5. സങ്കീർത്തനം 113 ഏതു ചോദ്യത്തിന് ഉത്തരം നല്കുന്നു, സങ്കീർത്തനം 113:1, 2-ലെ കല്പന വിശേഷാൽ ആർക്കു ബാധകമാകുന്നു?
5 എന്തുകൊണ്ടു യഹോവയെ സ്തുതിക്കണം എന്ന ചോദ്യത്തിനു 113-ാം സങ്കീർത്തനം ഉത്തരം നല്കുന്നു. അത് ഈ കല്പനയോടെ ആരംഭിക്കുന്നു: “യഹോവയെ സ്തുതിപ്പിൻ; യഹോവയുടെ ദാസൻമാരെ, സ്തുതിപ്പിൻ; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ. യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതൽ എന്നെന്നേക്കും തന്നേ.” (സങ്കീർത്തനം 113:1, 2) “ഹല്ലേലൂയ്യാ!” അതെ, “യാഹിനെ സ്തുതിക്കുക!” ആ കല്പന ഈ “അന്ത്യകാല”ത്തുള്ള ദൈവത്തിന്റെ ജനത്തിനു വിശേഷാൽ ബാധകമാകുന്നു. (ദാനീയേൽ 12:4) ഇപ്പോൾ മുതൽ എന്നത്തേക്കും, യഹോവയുടെ നാമം ഭൂവ്യാപകമായി പുകഴ്ത്തപ്പെടും. യഹോവ ദൈവമാണെന്നും ക്രിസ്തു രാജാവാണെന്നും സ്വർഗ്ഗത്തിൽ രാജ്യം സ്ഥാപിതമായെന്നും അവന്റെ സാക്ഷികൾ ഇപ്പോൾ പ്രഖ്യാപിക്കുന്നു. പിശാചായ സാത്താനും അവന്റെ സ്ഥാപനത്തിനും ഈ യഹോവയെ സ്തുതിക്കലിനെ തടയാൻ കഴിയുകയില്ല.
6. ‘സൂര്യന്റെ ഉദയംമുതൽ അസ്തമയംവരെ’ എങ്ങനെയാണ് യഹോവ സ്തുതിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്?
6 സ്തുതികീർത്തനംകൊണ്ടു ഭൂമി നിറയാൻ യഹോവ ഇടയാക്കുന്നതുവരെ അതു പുറപ്പെട്ടുകൊണ്ടിരിക്കും. “സൂര്യന്റെ ഉദയംമുതൽ അസ്തമാനംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.” (സങ്കീർത്തനം 113:3) ഇത് ചില ഭൗമജീവികളാലുള്ള ദൈനംദിന ആരാധനയെക്കാൾ കൂടുതൽ അർത്ഥമാക്കുന്നു. സർവ്വഭൂമിയെയും ഉൾപ്പെടുത്തിക്കൊണ്ട് സൂര്യൻ കിഴക്ക് ഉദിക്കുകയും പടിഞ്ഞാറ് അസ്തമിക്കുകയും ചെയ്യുന്നു. സൂര്യൻ എല്ലായിടത്തും പ്രശോഭിക്കുന്നു, വ്യാജമതത്തിന്റെയും സാത്താന്റെ സ്ഥാപനത്തിന്റെയും കീഴിലെ അടിമത്തത്തിൽനിന്നു സ്വതന്ത്രരായ എല്ലാവരും യഹോവയുടെ നാമത്തെ പെട്ടെന്നുതന്നെ സ്തുതിക്കും. വാസ്തവത്തിൽ, ഒരിക്കലും അവസാനിക്കയില്ലാത്ത ഈ ഗീതം യഹോവയുടെ അഭിഷിക്ത സാക്ഷികളും അവന്റെ രാജാവായ യേശുക്രിസ്തുവിന്റെ ഭൗമിക മക്കളായിത്തീരാനുള്ളവരും ഇപ്പോൾ പാടുന്നുണ്ട്. യഹോവയുടെ സ്തുതിഗായകർ എന്ന നിലയിൽ എന്തൊരു പദവിയാണ് അവർക്കുള്ളത്!
യഹോവ അതുല്യനാണ്
7. യഹോവയുടെ പരമോന്നതത്വത്തിന്റെ ഏതു രണ്ടുവശങ്ങൾ സങ്കീർത്തനം 113:4-ൽ ഗൗനിക്കപ്പെടുന്നു?
7 സങ്കീർത്തനക്കാരൻ കൂട്ടിച്ചേർക്കുന്നു: “യഹോവ സകലജാതികൾക്കും മീതെയും അവന്റെ മഹത്വം ആകാശത്തിന്നു മീതെയും ഉയർന്നിരിക്കുന്നു.” (സങ്കീർത്തനം 113:4) ഇതു ദൈവത്തിന്റെ പരമോന്നതത്വത്തിന്റെ രണ്ടുവശങ്ങൾക്കു ശ്രദ്ധ കൊടുക്കുന്നു: (1) “സകല ജാതികൾക്കും മീതെയുള്ള” പരമോന്നതനായ യഹോവക്ക് അവർ തൊട്ടിയിൽനിന്നുള്ള ഒരുതുള്ളി വെള്ളംപോലെയും തുലാസ്സിലെ ഒരു പൊടിപോലെയും ആണ്; (യെശയ്യാവ് 40:15; ദാനിയേൽ 7:18, NW) (2) അവന്റെ മഹത്ത്വം ഭൗതിക ആകാശങ്ങളെക്കാൾ വളരെ ഗംഭീരമാണ്, എന്തെന്നാൽ ദൂതൻമാർ അവന്റെ പരമാധികാര ഇഷ്ടം ചെയ്യുന്നു.—സങ്കീർത്തനം 19:1, 2; 103:20, 21.
8. സ്വർഗ്ഗത്തിലെയും ഭൂമിയിലെയും കാര്യങ്ങളിൽ ശ്രദ്ധചെലുത്തുന്നതിനു യഹോവ എന്തുകൊണ്ട്, എങ്ങനെ കുനിഞ്ഞുനോക്കുന്നു?
8 ദൈവത്തിന്റെ ഔന്നത്യത്താൽ പ്രേരിതനായി സങ്കീർത്തനക്കാരൻ പറഞ്ഞു: “ഉന്നതത്തിൽ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവെക്കു സദൃശൻ ആരുള്ളു? ആകാശത്തിലും ഭൂമിയിലും ഉള്ളവ അവൻ കുനിഞ്ഞുനോക്കുന്നു.” (സങ്കീർത്തനം 113:5, 6) ദൈവം വളരെ ഉന്നതനാകയാൽ സ്വർഗ്ഗത്തിലെയും ഭൂമിയിലെയും കാര്യങ്ങളിൽ ശ്രദ്ധചെലുത്തുന്നതിന് അവൻ ഔന്നത്യത്തിൽനിന്നു സ്വമേധയാ താഴോട്ടു വരണം. യഹോവ ആരേക്കാളെങ്കിലും താഴ്ന്നവനോ മററുള്ളവർക്കു കീഴ്പ്പെട്ടിരിക്കുന്നവനോ അല്ലെങ്കിലും എളിമയുള്ള പാപികളോടു കരുണയും ആർദ്രതയും പ്രകടമാക്കുമ്പോൾ അവൻ താഴ്മ പ്രകടിപ്പിക്കുന്നു. അഭിഷിക്ത ക്രിസ്ത്യാനികൾക്കും മനുഷ്യവർഗ്ഗലോകത്തിനും വേണ്ടി തന്റെ പുത്രനെ, യേശുക്രിസ്തുവിനെ, “ഒരു പ്രായശ്ചിത്തയാഗ”മായി പ്രദാനം ചെയ്തതു യഹോവയുടെ താഴ്മയുടെ ഒരു പ്രകടനമാണ്.—1 യോഹന്നാൻ 2:1, 2.
യഹോവ കരുണാർദ്രതയുള്ളവനാണ്
9, 10. ദൈവം എങ്ങനെയാണ് ‘പ്രഭുക്കൻമാരോടുകൂടെ ഇരുത്തുവാൻ ദരിദ്രനെ ഉയർത്തുന്നത്’?
9 ദൈവത്തിന്റെ കരുണാർദ്രതയെ ഊന്നിപ്പറഞ്ഞുകൊണ്ടു സങ്കീർത്തനക്കാരൻ കൂട്ടിച്ചേർക്കുന്നു, യഹോവ “എളിയവനെ പൊടിയിൽനിന്നു എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയിൽനിന്നു ഉയർത്തുകയും ചെയ്തു; പ്രഭുക്കൻമാരോടുകൂടെ, തന്റെ ജനത്തിന്റെ പ്രഭുക്കൻമാരോടുകൂടെ തന്നേ ഇരുത്തുന്നു. അവൻ വീട്ടിൽ മച്ചിയായവളെ മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്നു. യഹോവയെ സ്തുതിപ്പിൻ!” (സങ്കീർത്തനം 113:7-9) യഹോവക്ക്, നീതിനിഷ്ഠരായവരെ വിടുവിക്കുന്നതിനും അവരുടെ അവസ്ഥ മാററുന്നതിനും അവരുടെ ഉചിതമായ ആവശ്യങ്ങളെയും ആഗ്രഹങ്ങളെയും തൃപ്തിപ്പെടുത്തുന്നതിനും കഴിയുമെന്ന് അവന്റെ ജനത്തിനു വിശ്വാസമുണ്ട്. ‘ഉന്നതനും ഉയർന്നിരിക്കുന്നവനുമായവൻ താഴ്മയുള്ളവരുടെ ആത്മാവിനെയും തകർക്കപ്പെടുന്നവരുടെ ഹൃദയത്തെയും ഉത്തേജിപ്പിക്കുന്നു’.—യെശയ്യാവ് 57:15.
10 യഹോവ എങ്ങനെയാണ് ‘പ്രഭുക്കൻമാരോടൊപ്പം ഇരിക്കാൻ ദരിദ്രനെ ഉയർത്തുന്നത്’? ദൈവത്തിന് ഇഷ്ടമായിരിക്കുമ്പോൾ, അവൻ തന്റെ ദാസൻമാരെ പ്രഭുക്കൻമാരുടേതിനു തുല്യമായ മഹത്ത്വമുള്ള സ്ഥാനങ്ങളിൽ ആക്കുന്നു. ഈജിപ്ററിലെ ഭക്ഷ്യകാര്യനിർവാഹകനായിത്തീർന്ന യോസേഫിന്റെ സംഗതിയിൽ അവൻ അങ്ങനെ ചെയ്തു. (ഉല്പത്തി 41:37-49) യിസ്രയേലിൽ, പ്രഭുക്കൻമാരോടോ യഹോവയുടെ ജനത്തിനിടയിൽ അധികാരമുള്ളവരോടോ ഒപ്പം ഇരിക്കുന്നതു വിലപ്പെട്ടതായി കരുതേണ്ട ഒരു പദവി ആയിരുന്നു. ഇന്നത്തെ ക്രിസ്തീയ മൂപ്പൻമാരെപ്പോലെ അത്തരം പുരുഷൻമാർക്കു ദൈവത്തിന്റെ സഹായവും അനുഗ്രഹവും ഉണ്ടായിരുന്നു.
11. സങ്കീർത്തനം 113:7-9-ലെ വാക്കുകൾ പ്രത്യേകിച്ച് ആധുനികകാലത്തെ യഹോവയുടെ ജനത്തിനു ബാധകമാകുന്നുവെന്നു പറയുവാൻ കഴിയുന്നതെന്തുകൊണ്ട്?
11 ‘മച്ചിയായവളെ ഒരു സന്തോഷമുള്ള അമ്മയാക്കുന്ന’തു സംബന്ധിച്ചെന്ത്? ദൈവം മച്ചിയായിരുന്ന ഹന്നായ്ക്ക് ഒരു പുത്രനെ, ശമുവേലിനെ കൊടുത്തു, അവനെ ഹന്നാ ദൈവസേവനത്തിന് അർപ്പിച്ചു. (1 ശമൂവേൽ 1:20-28) കൂടുതൽ അർത്ഥവത്തായി, യേശുവിലും, പൊതുയുഗം 33-ലെ പെന്തക്കൊസ്തിൽ അവന്റെ ശിഷ്യൻമാരുടെമേലുണ്ടായ പരിശുദ്ധാത്മാവിന്റെ പകരലിലും തുടങ്ങി ദൈവത്തിന്റെ പ്രതീകാത്മക സ്ത്രീയായ, സ്വർഗ്ഗീയ സീയോൻ ആത്മീയ മക്കളെ ജനിപ്പിക്കാൻ തുടങ്ങി. (യെശയ്യാവു 54:1-10, 13; പ്രവൃത്തികൾ 2:1-4) ബാബിലോനിലെ പ്രവാസത്തിനുശേഷം യഹൂദൻമാരെ ദൈവം അവരുടെ സ്വദേശത്തു പുനഃസ്ഥിതീകരിച്ചതുപോലെ 1919-ൽ “ദൈവത്തിന്റെ ഇസ്രയേലി”ന്റെ അഭിഷിക്ത ശേഷിപ്പിനെ അവൻ ബാബിലോന്യ അടിമത്തത്തിൽനിന്നു വിടുവിച്ച് ആത്മീയമായി വളരെയധികം മഹത്തായി അനുഗ്രഹിച്ചിരിക്കുന്നതിനാൽ സങ്കീർത്തനം 113:7-9-ലെ വാക്കുകൾ അവർക്കു ബാധകമാകുന്നു. (ഗലാത്യർ 6:16) യഹോവയുടെ വിശ്വസ്ത സാക്ഷികളെന്നനിലയിൽ ആത്മീയ ഇസ്രയേലിന്റെ ശേഷിപ്പും ഭൗമികപ്രത്യാശയുള്ള അവരുടെ സഹകാരികളും “യഹോവയെ സ്തുതിപ്പിൻ!” എന്ന സങ്കീർത്തനം 113-ന്റെ അന്തിമ വാക്കുകളോടു ഹൃദയംഗമമായി പ്രതികരിക്കുന്നു.
യഹോവയുടെ അദ്വിതീയതയുടെ തെളിവ്
12. സങ്കീർത്തനം 114 യഹോവയുടെ അദ്വിതീയതയെ പ്രകടമാക്കുന്നതെങ്ങനെ?
12 ഇസ്രയേല്യർ ഉൾപ്പെട്ട അദ്വിതീയമായ സംഭവങ്ങൾ ഉദ്ധരിച്ചുകൊണ്ടു സങ്കീർത്തനം 114 യഹോവയുടെ അദ്വിതീയതയെ പ്രകടമാക്കുന്നു. സങ്കീർത്തനക്കാരൻ പാടി: “യിസ്രായേൽ മിസ്രയീമിൽനിന്നും യാക്കോബിൻഗൃഹം അന്യഭാഷയുള്ള ജാതിയുടെ ഇടയിൽനിന്നും പുറപ്പെട്ടപ്പോൾ യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും യിസ്രായേൽ അവന്റെ ആധിപത്യവുമായി തീർന്നു.” (സങ്കീർത്തനം 114:1, 2) തങ്ങളുടെ കാതുകൾക്കു അന്യമായ ഭാഷ സംസാരിച്ചിരുന്ന ഈജിപ്ററുകാരുടെ അടിമത്തത്തിൽനിന്നു ദൈവം ഇസ്രയേല്യരെ വിടുവിച്ചു. ഒരു കാവ്യാത്മക സമാന്തരപ്രയോഗത്തിൽ യഹൂദയെന്നും ഇസ്രയേൽ എന്നും വിളിച്ചിരിക്കുന്ന യഹോവയുടെ ജനത്തിന്റെ വിടുതൽ ദൈവത്തിന് ഇന്നത്തെ തന്റെ ദാസൻമാരെയെല്ലാം വിടുവിക്കാൻ കഴിയുമെന്നു പ്രകടമാക്കുന്നു.
13. സങ്കീർത്തനം 114:3-6 യഹോവയുടെ പരമോന്നതത്വത്തെ പ്രകടമാക്കുന്നതും പുരാതന ഇസ്രയേലിന്റെ അനുഭവങ്ങൾക്കു ബാധകമാക്കുന്നതും എങ്ങനെ?
13 സകല സൃഷ്ടികൾക്കും മീതെയുള്ള യഹോവയുടെ പരമാധികാരം ഈ വാക്കുകളിൽ വ്യക്തമാണ്: “സമുദ്രം കണ്ടു ഓടി; യോർദ്ദാൻ പിൻവാങ്ങിപ്പോയി. പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകൾ കുഞ്ഞാടുകളെപ്പോലെയും തുള്ളി. സമുദ്രമേ, നീ ഓടുന്നതെന്തു? യോർദ്ദാനേ, നീ പിൻവാങ്ങുന്നതെന്തു? പർവ്വതങ്ങളേ; നിങ്ങൾ മുട്ടാടുകളെപ്പോലെയും കുന്നുകളേ നിങ്ങൾ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതു എന്തു?” (സങ്കീർത്തനം 114:3-6) ദൈവം തന്റെ ജനത്തിനുവേണ്ടി ചെങ്കടലിലൂടെ ഒരു പാത തുറന്നപ്പോൾ അത് “ഓടിപ്പോയി”. തിരിച്ചുവന്ന വെള്ളത്തിൽ മരിച്ച ഈജിപ്ററുകാർക്കെതിരെ യഹോവയുടെ മഹത്തായ ഭുജത്തിന്റെ പ്രവർത്തനം ഇസ്രയേല്യർ അന്നു കണ്ടു. (പുറപ്പാടു 14:21-31) ദിവ്യശക്തിയുടെ ഒരു സമാനമായ പ്രകടനത്തിൽ, കനാനിലേക്കു കുറുകെ കടക്കാൻ ഇസ്രയേല്യരെ അനുവദിച്ചുകൊണ്ടു യോർദ്ദാൻ നദി “പിൻവാങ്ങി.” (യോശുവ 3:14-16) ന്യായപ്രമാണ ഉടമ്പടി സ്ഥാപിക്കപ്പെട്ടപ്പോൾ, സീനായ് മല പുകകൊണ്ടു നിറയുകയും കുലുങ്ങുകയും ചെയ്യവേ ‘പർവ്വതങ്ങൾ മുട്ടാടുകളെപ്പോലെ തുള്ളിച്ചാടി.’ (പുറപ്പാടു 19:7-18) തന്റെ ഗീതത്തിന്റെ പരമകാഷ്ഠ അടുത്തപ്പോൾ സങ്കീർത്തനക്കാരൻ, ഒരുപക്ഷേ നിർജ്ജീവങ്ങളായ സമുദ്രവും നദിയും പർവ്വതങ്ങളും കുന്നുകളും യഹോവയുടെ ശക്തിയുടെ ഈ പ്രകടനങ്ങളാൽ ഭയപരവശമായി എന്ന് സൂചിപ്പിച്ചുകൊണ്ടു കാര്യങ്ങൾ ചോദ്യരൂപത്തിൽ പ്രസ്താവിച്ചു.
14. യഹോവയുടെ ശക്തിയാൽ മെരീബയിലും കാദേശിലും എന്തു ചെയ്യപ്പെട്ടു, ഇത് അവന്റെ ആധുനികകാല ദാസൻമാരെ എങ്ങനെ ബാധിക്കണം?
14 തുടർന്നും യഹോവയുടെ ശക്തിയെ പരാമർശിച്ചുകൊണ്ടു സങ്കീർത്തനക്കാരൻ പാടി: “ഭൂമിയേ, നീ കർത്താവിന്റെ സന്നിധിയിൽ, യാക്കോബിൻദൈവത്തിന്റെ സന്നിധിയിൽ വിറെക്ക. അവൻ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.” (സങ്കീർത്തനം 114:7, 8) മുഴുഭൂമിയുടെയും കർത്താവും അഖിലാണ്ഡ ഭരണാധികാരിയും എന്നനിലയിൽ യഹോവയുടെ മുമ്പാകെ മനുഷ്യവർഗ്ഗം ഭയത്തോടെ നിൽക്കണമെന്ന് ഒരു ആലങ്കാരിക രീതിയിൽ സങ്കീർത്തനക്കാരൻ അങ്ങനെ സൂചിപ്പിക്കുന്നു. യഹോവ “യാക്കോബിൻദൈവം” അഥവാ ഇസ്രയേലിന്റെ ദൈവം ആയിരുന്ന, അവൻ ആത്മീയ ഇസ്രയേല്യരുടെയും അവരുടെ ഭൗമിക സഹകാരികളുടെയും ദൈവം ആയിരിക്കുന്നതുപോലെ തന്നെ. മരുഭൂമിയിലെ മെരീബയിലും കാദേശിലും “പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കി” ഇസ്രയേൽ ജനത്തിന് അത്ഭുതകരമായി വെള്ളം കൊടുത്തുകൊണ്ട് യഹോവ തന്റെ ശക്തി കാണിച്ചു. (പുറപ്പാട് 17:1-7; സംഖ്യാപുസ്തകം 20:1-11) യഹോവയുടെ ഭയാവഹമായ ശക്തിയുടെയും വാത്സല്യപൂർവമായ പരിപാലനത്തിന്റെയും അത്തരം ഓർമ്മിപ്പിക്കലുകൾ യഹോവയുടെ സാക്ഷികൾക്കു യഹോവയിൽ അവിതർക്കിതമായ വിശ്വാസം ഉണ്ടായിരിക്കുന്നതിനു ഈടുററ കാരണങ്ങൾ നൽകുന്നു.
വിഗ്രഹദൈവങ്ങളിൽനിന്നു വ്യത്യസ്തൻ
15. സങ്കീർത്തനം 115 എങ്ങനെ പാടിയിരുന്നിരിക്കണം?
15 യഹോവയെ സ്തുതിക്കാനും ആശ്രയിക്കാനും സങ്കീർത്തനം 115 നമ്മെ പ്രോൽസാഹിപ്പിക്കുന്നു. അത് അനുഗ്രഹവും സഹായവും യഹോവയിൽനിന്നു വരുന്നതായി സമ്മതിച്ചുപറയുകയും വിഗ്രഹങ്ങൾ വ്യർത്ഥമാണെന്നു തെളിയിക്കുകയും ചെയ്യുന്നു. ഈ സങ്കീർത്തനം രണ്ടുകൂട്ടർ ചേർന്നു ഗാനപ്രതിഗാനമായി പാടിയിരുന്നിരിക്കണം. അതായത് “യഹോവാഭക്തൻമാരേ, യഹോവയിൽ ആശ്രയിപ്പിൻ” എന്ന് ഒരു ശബ്ദം പാടിയേക്കാം. സഭ, “അവൻ അവരുടെ സഹായവും പരിചയും ആകുന്നു” എന്ന് പ്രതിവചിച്ചിട്ടുണ്ടാവാം.—സങ്കീർത്തനം 115:11.
16. യഹോവയും ജനതകളുടെ വിഗ്രഹങ്ങളും തമ്മിൽ എന്തു വ്യത്യാസം കാണിക്കാൻ കഴിയും?
16 മഹത്ത്വം നമുക്കല്ല മറിച്ച് സ്നേഹദയയുടെ അല്ലെങ്കിൽ വിശ്വസ്ത സ്നേഹത്തിന്റെയും സത്യതയുടെയും ദൈവമായ യഹോവയുടെ നാമത്തിനു കൊടുക്കണം. (സങ്കീർത്തനം 115:1) ശത്രുക്കൾ പരിഹാസത്തോടെ: “അവരുടെ ദൈവം ഇപ്പോൾ എവിടെ?” എന്നു ചോദിച്ചേക്കാം. എന്നാൽ, ‘നമ്മുടെ ദൈവമോ സ്വർഗ്ഗത്തിൽ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവൻ ചെയ്യുന്നു’ എന്നു യഹോവയുടെ ജനത്തിനു മറുപടി പറയാൻ കഴിയും. (2, 3 വാക്യങ്ങൾ) ഏതായാലും ജാതികളുടെ വിഗ്രഹങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുകയില്ല, കാരണം അവ മനുഷ്യനിർമ്മിതമായ വെള്ളിയും പൊന്നും കൊണ്ടുള്ള പ്രതിമകളാണ്. അവക്ക് വായ്കളും കണ്ണുകളും ചെവികളും ഉണ്ടെങ്കിലും അവ മൂകവും അന്ധവും ബധിരവും ആണ്. അവക്ക് മൂക്കുണ്ടെങ്കിലും മണക്കാൻ കഴിയുകയില്ല, കാലുണ്ടെങ്കിലും നടക്കാൻ സാധിക്കുകയില്ല, തൊണ്ടയുണ്ടെങ്കിലും ശബ്ദം പുറപ്പെടുവിക്കാൻ കഴിയുകയില്ല. പ്രാപ്തിയില്ലാത്ത വിഗ്രഹങ്ങളെ ഉണ്ടാക്കുന്നവരും, അതുപോലെതന്നെ അവയെ ആശ്രയിക്കുന്നവരും, തുല്യമായി ജീവനില്ലാത്തവരായിത്തീരും.—4-8 വരെയുള്ള വാക്യങ്ങൾ.
17. മരിച്ചവർക്കു യഹോവയെ സ്തുതിക്കാൻ കഴിയുകയില്ലാത്തതിനാൽ നാം എന്തു ചെയ്യണം, എന്തു പ്രത്യാശകളോടെ?
17 ഇസ്രയേലിന്റെയും അഹരോന്റെ പൗരോഹിത്യഗൃഹത്തിന്റെയും ദൈവത്തെ ഭയപ്പെടുന്ന എല്ലാവരുടെയും സഹായിയും സംരക്ഷണ പരിചയും എന്നനിലയിൽ യഹോവയിൽ ആശ്രയിക്കുന്നതിനുള്ള പ്രബോധനമാണു തുടർന്നു നൽകുന്നത്. (സങ്കീർത്തനം 115:9-11) യഹോവയെ ഭയപ്പെടുന്നവരെന്നനിലയിൽ, നമുക്കു ദൈവത്തോട് അഗാധമായ ഭയഭക്തിയും അവനെ അപ്രീതിപ്പെടുത്തുന്നതിൽ ഉചിതമായ ഭയവും ഉണ്ട്. “ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയവൻ” തന്റെ വിശ്വസ്ത ആരാധകരെ അനുഗ്രഹിക്കുന്നുവെന്നും നമുക്കു വിശ്വാസമുണ്ട്. (12-15 വരെയുള്ള വാക്യങ്ങൾ) സ്വർഗ്ഗങ്ങൾ അവന്റെ സിംഹാസനത്തിന്റെ സ്ഥലമാകുന്നു, എന്നാൽ ഭൂമിയെ അവൻ വിശ്വസ്തരും അനുസരണമുള്ളവരും ആയ മനുഷ്യവർഗ്ഗത്തിന്റെ നിത്യഭവനമാക്കിയിരിക്കുന്നു. നിശ്ശബ്ദരായ അബോധാവസ്ഥയിലുള്ള മരിച്ചവർക്കു യഹോവയെ സ്തുതിക്കാൻ കഴിയാത്തതിനാൽ ജീവനുള്ള നമ്മൾ മുഴുഭക്തിയോടും വിശ്വസ്തതയോടും കൂടെ അങ്ങനെ ചെയ്യണം. (സഭാപ്രസംഗി 9:5) യഹോവയെ സ്തുതിക്കുന്നവർക്കു മാത്രമേ നിത്യജീവൻ ആസ്വദിക്കുന്നതിനും എന്നേക്കും “യാഹിനെ വാഴ്ത്തുന്നതിനും” “അനിശ്ചിതകാലത്തോളം” അവനെ പുകഴ്ത്തുന്നതിനും സാധിക്കുകയുള്ളു. അതുകൊണ്ട് “യഹോവയെ സ്തുതിപ്പിൻ!” എന്ന പ്രബോധനം അനുസരിക്കുന്നവരോടു നമുക്കു വിശ്വസ്തതയോടെ ചേരാം.—സങ്കീർത്തനം 115:16-18.
യഹോവയുടെ അത്ഭുതകരമായ ഗുണങ്ങൾ
18, 19. യഹോവയുടെ ഗുണങ്ങൾ ഏതു വിധങ്ങളിൽ അവനെ വ്യാജദൈവങ്ങളിൽനിന്നു വ്യത്യാസപ്പെടുത്തി കാണിക്കുന്നു?
18 ജീവനില്ലാത്ത വിഗ്രഹങ്ങളിൽനിന്നു വ്യത്യസ്തമായി യഹോവ അത്ഭുതകരമായ ഗുണങ്ങൾ പ്രകടിപ്പിക്കുന്ന ജീവനുള്ള ദൈവമാണ്. അവൻ സ്നേഹത്തിന്റെ മൂർത്തിമദ്ഭാവവും “കരുണയും കൃപയുമുള്ളവനും ദീർഘക്ഷമയും മഹാദയയും” ഉള്ളവനും ആണ്. (പുറപ്പാടു 34:6; 1 യോഹന്നാൻ 4:8) കുട്ടികൾ ബലിയർപ്പിക്കപ്പെട്ടിരുന്ന ക്രൂര കനാന്യദൈവമായ മോലേക്കിൽനിന്നു യഹോവ എത്ര വ്യത്യസ്തനായിരിക്കുന്നു! ഈ ദൈവത്തിന്റെ വിഗ്രഹത്തിന് ഒരു മമനുഷ്യന്റെ രൂപവും കാളയുടെ തലയും ഉണ്ടായിരുന്നുവെന്നു സൂചനയുണ്ട്. റിപ്പോർട്ടനുസരിച്ച്, വിഗ്രഹം ചുട്ടുപഴുപ്പിച്ചിരുന്നു, അതിന്റെ നീട്ടിയ കരങ്ങളിലേക്കു കുട്ടികളെ എറിഞ്ഞുകൊടുത്തിരുന്നു, അവർ താഴെ കത്തിജ്ജ്വലിക്കുന്ന ചൂളയിലേക്കു വീണിരുന്നു. എന്നാൽ യഹോവ വളരെ സ്നേഹവാനും കരുണയുള്ളവനും ആണ്. അതിനാൽ അത്തരം നരബലിയെക്കുറിച്ചുള്ള ആശയം ഒരിക്കലും “അവന്റെ മനസ്സിൽ തോന്നിയിട്ടുപോലുമില്ല.”—യിരെമ്യാവു 7:31.
19 യഹോവയുടെ മുഖ്യഗുണങ്ങളിൽ പൂർണ്ണനീതിയും അപരിമേയജ്ഞാനവും സർവ്വശക്തിയും ഉൾപ്പെടുന്നു. (ആവർത്തനം 32:4; ഇയ്യോബ് 12:13; യെശയ്യാവു 40:26) പുരാണ ദേവൻമാരെക്കുറിച്ചെന്ത്? നീതി പ്രവർത്തിക്കുന്നതിനു പകരം, ബാബിലോന്യ ദൈവങ്ങളും ദേവതകളും പകവീട്ടുന്നവർ ആയിരുന്നു. ഈജിപ്ററിലെ ദേവൻമാർ ജ്ഞാനശിരോമണികൾ ആയിരുന്നില്ല, മറിച്ച് അവരെ മാനുഷ ദൗർബല്യങ്ങൾ ഉള്ളവരായി ചിത്രീകരിച്ചിരിക്കുന്നു. വ്യാജ ദൈവങ്ങളും ദേവതകളും, ജ്ഞാനികളെന്ന് അവകാശപ്പെടുന്ന “ശൂന്യ-മസ്തിഷ്ക്ക”രുടെ ഉല്പന്നങ്ങളായിരിക്കുന്നതിനാൽ ഇത് ആശ്ചര്യമല്ല. (റോമർ 1:21-23) ഗ്രീക്കു ദൈവങ്ങൾ, സങ്കല്പപ്രകാരം അന്യോന്യം ഉപജാപം നടത്തിയിരുന്നു. ഉദാഹരണത്തിന്, പുരാണങ്ങളിൽ, സ്വന്തം പിതാവായ യൂറാനസിനെ സ്ഥാനഭ്രഷ്ടനാക്കിയ, തന്റെ പിതാവായ ക്രോണസിനെ സിംഹാസനഭ്രഷ്ടനാക്കിക്കൊണ്ടു സീയൂസ് തന്റെ ശക്തി ദുർവിനിയോഗം ചെയ്തു. പൂർണ്ണ സ്നേഹവും നീതിയും ജ്ഞാനവും ശക്തിയും പ്രകടമാക്കുന്ന, ജീവനുള്ള സത്യദൈവമായ യഹോവയെ സേവിക്കുന്നതും സ്തുതിക്കുന്നതും എന്തൊരു അനുഗ്രഹമാണ്!
യഹോവ നിത്യസ്തുതിക്കു യോഗ്യൻ
20. യഹോവയുടെ നാമത്തെ സ്തുതിക്കുന്നതിനു രാജാവായ ദാവീദ് എന്തു കാരണങ്ങൾ നല്കി?
20 സ്തുതിസങ്കീർത്തനങ്ങൾ കാണിക്കുന്നതുപോലെ യഹോവ നിത്യസ്തുതിക്ക് അർഹനാണ്. സമാനമായി, ആലയ നിർമ്മാണത്തിനുവേണ്ടി ദാവീദും സഹ ഇസ്രയേല്യരും സംഭാവനകൊടുത്തപ്പോൾ സഭയ്ക്കു മുമ്പാകെ അവൻ ഇപ്രകാരം പറഞ്ഞു: “ഞങ്ങളുടെ പിതാവായ യിസ്രായേലിൻ ദൈവമായ യഹോവേ, നീ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു; സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ളതൊക്കെയും നിനക്കുള്ളതല്ലോ. യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു. ധനവും ബഹുമാനവും നിങ്കൽ നിന്നു വരുന്നു; നീ സർവ്വവും ഭരിക്കുന്നു; ശക്തിയും ബലവും നിന്റെ കയ്യിൽ ഇരിക്കുന്നു; സകലത്തെയും വലുതാക്കുന്നതും ശക്തീകരിക്കുന്നതും നിന്റെ പ്രവൃത്തിയാകുന്നു. ആകയാൽ ഞങ്ങളുടെ ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്തു നിന്റെ മഹത്വമുള്ള നാമത്തെ സ്തുതിക്കുന്നു.”—1 ദിനവൃത്താന്തം 29:10-13.
21. സ്വർഗ്ഗീയ സംഘം യഹോവയെ സ്തുതിക്കുന്നുവെന്നതിന് എന്തു തെളിവ് വെളിപ്പാട് 19:1-6 തരുന്നു?
21 യഹോവയെ സ്വർഗ്ഗത്തിലും നിത്യമായി വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്യും. അപ്പൊസ്തലനായ യോഹന്നാൻ “സ്വർഗ്ഗത്തിൽ വലിയോരു പുരുഷാരം” ഇങ്ങനെ പറയുന്നതു കേട്ടു: “ ഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു. വേശ്യാവൃത്തികൊണ്ടു ഭൂമിയെ വഷളാക്കിയ മഹാവേശ്യക്കു [മഹാബാബിലോൻ] അവൻ ശിക്ഷ വിധിച്ചു തന്റെ ദാസൻമാരുടെ രക്തം അവളുടെ കയ്യിൽനിന്നു ചോദിച്ചു പ്രതികാരം ചെയ്കകൊണ്ടു അവന്റെ ന്യായവിധികൾ സത്യവും നീതിയുമുള്ളവ.” അവർ പിന്നെയും: “ഹല്ലെലൂയ്യാ!” എന്നു പറഞ്ഞു. “ഇരുപത്തുനാലു മൂപ്പൻമാരും നാലുജീവികളും” അങ്ങനെ ചെയ്തു. സിംഹാസനത്തിൽനിന്നു ഒരു ശബ്ദം പറഞ്ഞു: “ദൈവത്തിന്റെ സകലദാസൻമാരും ഭക്തൻമാരുമായി ചെറിയവരും വലിയവരും ആയുള്ളോരേ, അവനെ വാഴ്ത്തുവിൻ.” യോഹന്നാൻ പിന്നീട് ഇങ്ങനെ കൂട്ടിച്ചേർത്തു: “വലിയ പുരുഷാരത്തിന്റെ ഘോഷംപോലെയും പെരുവെള്ളത്തിന്റെ ഇരെച്ചൽപോലെയും തകർത്ത ഇടിമുഴക്കംപോലെയും ഞാൻ കേട്ടതു: ഹല്ലെലൂയ്യാ! സർവ്വശക്തിയുള്ള നമ്മുടെ ദൈവമായ കർത്താവു രാജത്വം ഏററിരിക്കുന്നു.”—വെളിപ്പാടു 19:1-6.
22. യഹോവയുടെ വാഗ്ദത്തം ചെയ്യപ്പെട്ട പുതിയലോകത്തിൽ അവൻ എങ്ങനെ സ്തുതിക്കപ്പെടും?
22 സ്വർഗ്ഗീയ സംഘങ്ങൾ യഹോവയെ സ്തുതിക്കുന്നത് എത്ര ഉചിതമാണ്! ഇപ്പോൾ സമീപിച്ചിരിക്കുന്ന അവന്റെ പുതിയലോകത്തിൽ പുനരുത്ഥാനം പ്രാപിച്ച വിശ്വസ്തരായവർ യഹോവയെ സ്തുതിക്കുന്നതിൽ ഈ വ്യവസ്ഥിതിയെ അതിജീവിക്കുന്നവരോടു ചേരും. ഉത്തുംഗ പർവ്വതങ്ങൾ ദൈവസ്തുതിഗീതങ്ങളിൽ അവയുടെ തലകളെ ഉയർത്തും. ഹരിതാഭമായ കുന്നുകളും ഫലവൃക്ഷങ്ങളും അവന്റെ സ്തുതികൾ പാടും. എന്തിന്, ജീവിക്കുന്നതും ശ്വസിക്കുന്നതുമായ സകല സൃഷ്ടിയും മഹത്തായ ഹല്ലേലൂയ്യാ സമൂഹഗാനത്താൽ യഹോവയുടെ നാമത്തെ വാഴ്ത്തും. (സങ്കീർത്തനം 148) ആ സന്തോഷമുള്ള കൂട്ടത്തിൽ നിങ്ങളുടെ ശബ്ദം കേൾക്കുമോ? നിങ്ങൾ യാഹിനെ അവന്റെ ജനത്തോടൊപ്പം വിശ്വസ്തമായി സേവിക്കുന്നുവെങ്കിൽ നിങ്ങളുടെ ശബ്ദവും കേൾക്കും. നിങ്ങളുടെ ജീവിതത്തിന്റെ ഉദ്ദേശ്യം അതായിരിക്കട്ടെ, എന്തുകൊണ്ടെന്നാൽ നമ്മുടെ ദൈവമായ യഹോവയ്ക്കു സദൃശൻ ആരുള്ളു?
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ യഹോവയാം ദൈവത്തെ സ്തുതിക്കേണ്ടത് എന്തുകൊണ്ട്?
◻ യഹോവ ഏതു വിധങ്ങളിൽ അതുല്യനാണ്?
◻ യഹോവ കരുണാർദ്രതയുള്ളവനാണ് എന്നതിന് എന്തു തെളിവുണ്ട്?
◻ ജീവനില്ലാത്ത വിഗ്രഹങ്ങളിൽനിന്നും വ്യാജദേവൻമാരിൽനിന്നും യഹോവ വ്യത്യസ്തനായിരിക്കുന്നതെങ്ങനെ?
◻ യഹോവക്കു സ്വർഗ്ഗത്തിലും ഭൂമിയിലും നിത്യസ്തുതികൾ ലഭിക്കുമെന്നു നമുക്കു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
[9-ാം പേജിലെ ചിത്രം]
പെസഹാഭക്ഷണ സമയത്തു സ്തുതികീർത്തനങ്ങൾ പാടിയിരുന്നു