യഹോവയുടെ മഹാ പ്രവൃത്തികളെപ്രതി അവനെ സ്തുതിപ്പിൻ!
“എന്റെ ഉള്ളം യഹോവയെ മഹിമപ്പെടുത്തുന്നു . . . എന്തെന്നാൽ ശക്തനായവൻ എനിക്കായി മഹാ പ്രവൃത്തികൾ ചെയ്തിരിക്കുന്നു.” —ലൂക്കൊസ് 1:46-49, Nw.
1. ഏതു മഹാ പ്രവൃത്തികളെപ്രതി നാം യഹോവയെ ഉചിതമായി സ്തുതിക്കുന്നു?
യഹോവയുടെ മഹാ പ്രവൃത്തികളെപ്രതി അവൻ സ്തുത്യർഹനാണ്. പ്രവാചകനായ മോശെ ഈജിപ്തിൽ നിന്നുള്ള ഇസ്രായേലിന്റെ വിടുതലിനെ കുറിച്ചു പറഞ്ഞപ്പോൾ ഇങ്ങനെ പ്രസ്താവിച്ചു: “യഹോവ ചെയ്ത മഹാപ്രവൃത്തികളൊക്കെയും നിങ്ങൾ കണ്ണാലെ കണ്ടിരിക്കുന്നുവല്ലോ.” (ആവർത്തനപുസ്തകം 11:1-7) സമാനമായി, കന്യകയായ മറിയയോട് യേശുവിന്റെ ജനനത്തെ കുറിച്ച് ഗബ്രിയേൽ ദൂതൻ മുൻകൂട്ടി പറഞ്ഞപ്പോൾ അവൾ ഇങ്ങനെ പ്രതിവചിച്ചു: “എന്റെ ഉള്ളം യഹോവയെ മഹിമപ്പെടുത്തുന്നു . . . എന്തെന്നാൽ ശക്തനായവൻ എനിക്കായി മഹാ പ്രവൃത്തികൾ ചെയ്തിരിക്കുന്നു.” (ലൂക്കൊസ് 1:46-49, NW) യഹോവയുടെ സാക്ഷികളെന്ന നിലയിൽ നാം, ഇസ്രായേലിനെ ഈജിപ്തിന്റെ അടിമത്തത്തിൽനിന്നു വിടുവിച്ചതും തന്റെ പ്രിയ പുത്രൻ അതിശയകരമായ വിധത്തിൽ ജനിക്കാൻ ഇടയാക്കിയതും പോലുള്ള മഹാ പ്രവൃത്തികളെപ്രതി അവനെ വാഴ്ത്തുന്നു.
2. (എ) അനുസരണമുള്ള മനുഷ്യവർഗത്തിന് ദൈവത്തിന്റെ ‘നിത്യോദ്ദേശ്യം’ എന്ത് അർഥമാക്കുന്നു? (ബി) പത്മൊസ് ദ്വീപിൽവെച്ച് യോഹന്നാന് ഉണ്ടായ അനുഭവം എന്ത്?
2 അവന്റെ മഹാ പ്രവൃത്തികളിൽ പലതും, മിശിഹായിലൂടെയും അവന്റെ രാജ്യഭരണത്തിലൂടെയും അനുസരണമുള്ള മനുഷ്യവർഗത്തെ അനുഗ്രഹിക്കാനുള്ള ദൈവത്തിന്റെ “നിത്യോദ്ദേശ്യ”ത്തോടു ബന്ധപ്പെട്ടിരിക്കുന്നു. (എഫെസ്യർ 3:8-13, NW) ആ ഉദ്ദേശ്യം ക്രമാനുഗതം പുരോഗമിക്കവെയാണ് വൃദ്ധനായ യോഹന്നാൻ അപ്പൊസ്തലന് ഒരു ദർശനത്തിൽ, സ്വർഗത്തിലെ തുറക്കപ്പെട്ട ഒരു വാതിലിലൂടെ അകത്തേക്കു നോക്കാൻ അനുമതി ലഭിച്ചത്. കാഹളനാദം പോലുള്ള ഒരു ശബ്ദം “ഇവിടെ കയറിവരിക; മേലാൽ സംഭവിപ്പാനുള്ളതു ഞാൻ നിനക്കു കാണിച്ചുതരാം” എന്നു പറയുന്നതായി അവൻ കേട്ടു. (വെളിപ്പാടു 4:1) ‘ദൈവത്തെ കുറിച്ചു സംസാരിക്കുകയും യേശുവിനു സാക്ഷ്യം വഹിക്കുകയും’ ചെയ്തതു നിമിത്തം റോമൻ ഗവൺമെന്റ് പത്മൊസ് ദ്വീപിലേക്കു നാടുകടത്തിയ യോഹന്നാന് അവിടെവെച്ച് “യേശുക്രിസ്തുവിലൂടെ ഒരു വെളിപ്പാടു” ലഭിച്ചു. ആ അപ്പൊസ്തലൻ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങൾ, ദൈവത്തിന്റെ നിത്യോദ്ദേശ്യത്തെ കുറിച്ച് വളരെയധികം വിവരങ്ങൾ വെളിപ്പെടുത്തി. അവ സത്യക്രിസ്ത്യാനികളായ ഏവർക്കും ആത്മീയ പ്രബുദ്ധതയും സമയോചിത പ്രോത്സാഹനവും പ്രദാനം ചെയ്തു.—വെളിപ്പാടു 1:1, 9-11.
3. യോഹന്നാൻ ദർശനത്തിൽ കണ്ട 24 മൂപ്പന്മാർ ആരെ പ്രതിനിധാനം ചെയ്യുന്നു?
3 സ്വർഗത്തിലെ തുറക്കപ്പെട്ട ആ വാതിലിലൂടെ നോക്കിയപ്പോൾ, രാജാക്കന്മാരെ പോലെ കിരീടം ധരിച്ച് സിംഹാസനങ്ങളിൽ ഇരിക്കുന്ന 24 മൂപ്പന്മാരെ യോഹന്നാൻ കണ്ടു. അവർ ദൈവത്തിന്റെ മുമ്പാകെ കവിണ്ണുവീണ് ഇങ്ങനെ പറഞ്ഞു: “[യഹോവേ,] നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.” (വെളിപ്പാടു 4:11) ദൈവം വാഗ്ദാനം ചെയ്ത മഹോന്നത സ്ഥാനത്തിരിക്കുന്ന, പുനരുത്ഥാനം പ്രാപിച്ച മുഴു അഭിഷിക്ത ക്രിസ്ത്യാനികളെയും ആ മൂപ്പന്മാർ പ്രതിനിധാനം ചെയ്യുന്നു. സൃഷ്ടിയുമായി ബന്ധപ്പെട്ട യഹോവയുടെ മഹാ പ്രവൃത്തികളെപ്രതി അവനെ സ്തുതിക്കാൻ അവർ പ്രേരിതരാകുന്നു. യഹോവയുടെ ‘നിത്യശക്തിയുടെയും ദിവ്യത്വത്തിന്റെയും’ തെളിവിൽ നമ്മളും വിസ്മയഭരിതരാകുന്നു. (റോമർ 1:20) യഹോവയെ കുറിച്ചു നാം എത്രയധികം പഠിക്കുന്നുവോ, അവന്റെ മഹാ പ്രവൃത്തികളെപ്രതി അവനെ സ്തുതിക്കാൻ അത്രയധികം കാരണങ്ങളും നാം കണ്ടെത്തും.
യഹോവയുടെ സ്തുത്യർഹമായ പ്രവൃത്തികളെ ഘോഷിക്കുവിൻ!
4, 5. ദാവീദ് യഹോവയെ സ്തുതിച്ചതിന്റെ ഉദാഹരണങ്ങൾ നൽകുക.
4 ദൈവത്തിന്റെ മഹാ പ്രവൃത്തികളെപ്രതി സങ്കീർത്തനക്കാരനായ ദാവീദ് അവനെ സ്തുതിച്ചു. ഉദാഹരണത്തിന് ദാവീദ് ഇങ്ങനെ പാടി: “സീയോനിൽ വസിക്കുന്ന യഹോവെക്കു സ്തോത്രം പാടുവിൻ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ ഘോഷിപ്പിൻ; യഹോവേ, എന്നോടു കരുണയുണ്ടാകേണമേ; മരണവാതിലുകളിൽനിന്നു എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകെക്കുന്നവരാൽ എനിക്കു നേരിടുന്ന കഷ്ടം നോക്കേണമേ. ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ നിന്റെ സ്തുതിയെ [“സ്തുത്യർഹമായ പ്രവൃത്തികളെ” NW] ഒക്കെയും പ്രസ്താവിച്ചു നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിന്നു തന്നേ.” (സങ്കീർത്തനം 9:11, 13, 14) ആലയത്തിന്റെ രൂപരേഖകൾ തന്റെ പുത്രനായ ശലോമോനു നൽകിയശേഷം ദാവീദ് ദൈവത്തെ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു: “യഹോവേ, മഹത്വവും ശക്തിയും തേജസ്സും യശസ്സും മഹിമയും നിനക്കുള്ളതു . . . യഹോവേ, രാജത്വം നിനക്കുള്ളതാകുന്നു; നീ സകലത്തിന്നും മീതെ തലവനായിരിക്കുന്നു. . . . ആകയാൽ ഞങ്ങളുടെ ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്തു നിന്റെ മഹത്വമുള്ള നാമത്തെ സ്തുതിക്കുന്നു.”—1 ദിനവൃത്താന്തം 29:10-13.
5 ദാവീദ് ചെയ്തതുപോലെ ദൈവത്തെ സ്തുതിക്കാൻ തിരുവെഴുത്തുകൾ ആവർത്തിച്ചു നമ്മെ ക്ഷണിക്കുന്നു, അതേ ഉദ്ബോധിപ്പിക്കുന്നു. യഹോവയെ സ്തുതിക്കുന്ന ഒട്ടനവധി ഗീതങ്ങൾ സങ്കീർത്തന പുസ്തകത്തിൽ ഉണ്ട്. അവയിൽ ഏതാണ്ട് പകുതിയും രചിച്ചതു ദാവീദാണ്. അവൻ നിരന്തരം യഹോവയെ സ്തുതിക്കുകയും അവനു നന്ദി കരേറ്റുകയും ചെയ്തു. (സങ്കീർത്തനം 69:30, ഓശാന ബൈബിൾ) മാത്രമല്ല, പണ്ടുമുതലേ അവന്റെയും മറ്റുള്ളവരുടെയും നിശ്വസ്ത രചനകൾ യഹോവയെ സ്തുതിക്കാൻ ഉപയോഗിച്ചിരുന്നു.
6. നിശ്വസ്ത സങ്കീർത്തനങ്ങൾ നമുക്ക് ഉപയോഗപ്രദം ആയിരിക്കുന്നത് എങ്ങനെ?
6 യഹോവയുടെ ആരാധകരെ സംബന്ധിച്ചിടത്തോളം, സങ്കീർത്തനങ്ങൾ എത്ര ഉപയോഗപ്രദമാണ്! നമുക്കായുള്ള യഹോവയുടെ മഹാ പ്രവൃത്തികളെപ്രതി അവനു നന്ദി നൽകാൻ ആഗ്രഹിക്കുമ്പോൾ, സങ്കീർത്തനങ്ങളിലെ മനോഹരമായ വചനങ്ങൾ നമ്മുടെ മനസ്സിലേക്കു വന്നേക്കാം. ഉദാഹരണത്തിന്, ദിവസവും രാവിലെ ഉണരുമ്പോൾ, യഹോവയെ സ്തുതിക്കാൻ പിൻവരുന്നതു പോലുള്ള വാക്കുകൾ ഉപയോഗിക്കാൻ നാം പ്രേരിതരായേക്കാം: “യഹോവെക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീർത്തിക്കുന്നതും . . . രാവിലെ നിന്റെ ദയയേയും രാത്രിതോറും നിന്റെ വിശ്വസ്തതയേയും വർണ്ണിക്കുന്നതും നല്ലതു. യഹോവേ, നിന്റെ പ്രവൃത്തികൊണ്ടു നീ എന്നെ സന്തോഷിപ്പിക്കുന്നു; ഞാൻ നിന്റെ കൈകളുടെ പ്രവൃത്തികളെ കുറിച്ചു ഘോഷിച്ചുല്ലസിക്കുന്നു.” (സങ്കീർത്തനം 92:1-4) നമ്മുടെ ആത്മീയ പുരോഗതിക്കു വിഘാതമായിരിക്കുന്ന ഒരു സംഗതിയെ വിജയകരമായി തരണം ചെയ്തുകഴിയുമ്പോൾ, സങ്കീർത്തനക്കാരൻ പിൻവരുന്ന പ്രകാരം പാടിയതുപോലെ പ്രാർഥനയിൽ നമ്മുടെ സന്തോഷവും നന്ദിയും ദൈവത്തെ അറിയിക്കാൻ നമുക്കു തോന്നിയേക്കാം: “വരുവിൻ, നാം യഹോവെക്കു ഉല്ലസിച്ചു ഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറെക്കു ആർപ്പിടുക. നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക; സങ്കീർത്തനങ്ങളോടെ അവന്നു ഘോഷിക്ക.”—സങ്കീർത്തനം 95:1, 2.
7. (എ) ക്രിസ്ത്യാനികൾ ആലപിക്കുന്ന ഗീതങ്ങളിൽ പലതിന്റെയും പ്രത്യേകത എന്ത്? (ബി) യോഗങ്ങൾക്കു നേരത്തേ എത്തുകയും പരിപാടികൾ കഴിയുന്നതുവരെ അവിടെ ഉണ്ടായിരിക്കുകയും ചെയ്യുന്നതിനുള്ള ഒരു കാരണം എന്ത്?
7 സഭായോഗങ്ങളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും നാം മിക്കപ്പോഴും യഹോവയെ പാടി സ്തുതിക്കുന്നു. ഈ ഗീതങ്ങളിൽ പലതിന്റെയും പ്രത്യേകത, അവ സങ്കീർത്തനപുസ്തകത്തിലെ നിശ്വസ്ത വിവരങ്ങളിൽ അടിസ്ഥാനപ്പെട്ടിരിക്കുന്നു എന്നതാണ്. യഹോവയെ സ്തുതിക്കാൻ ഹൃദയോഷ്മളമായ ഗീതങ്ങളുടെ ഒരു ആധുനിക ശേഖരം ഉള്ളതിൽ നാം എത്ര സന്തുഷ്ടരാണ്! യഹോവയ്ക്കു സ്തുതി പാടുന്നത്, നമ്മുടെ കൂടിവരവുകളിൽ നാം നേരത്തേതന്നെ എത്തുകയും പാരിപാടികൾ തീരുന്നതുവരെ അവിടെ ഉണ്ടായിരിക്കുകയും ചെയ്യുന്നതിനുള്ള ഒരു പ്രധാന കാരണമാണ്. അങ്ങനെയാകുമ്പോൾ, സഹാരാധകരോടൊപ്പം ഗീതത്താലും പ്രാർഥനയാലും യഹോവയെ സ്തുതിക്കാൻ നമുക്കു കഴിയും.
“ജനങ്ങളേ, നിങ്ങൾ യാഹിനെ സ്തുതിപ്പിൻ!”
8. “ഹല്ലെലൂയ്യാ” എന്ന പദത്തിൽ എന്ത് അടങ്ങിയിരിക്കുന്നു, അതു മിക്കപ്പോഴും പരിഭാഷപ്പെടുത്താറുള്ളത് എങ്ങനെ?
8 “ഹല്ലെലൂയ്യാ” എന്ന പദത്തിൽ യഹോവയെ സ്തുതിക്കാനുള്ള ആഹ്വാനം അടങ്ങിയിരിക്കുന്നു. “ജനങ്ങളേ, നിങ്ങൾ യാഹിനെ സ്തുതിപ്പിൻ!” എന്നു മിക്കപ്പോഴും പരിഭാഷപ്പെടുത്താറുള്ള ഒരു എബ്രായ പദത്തിന്റെ ലിപ്യന്തരീകരണമാണ് അത്. ഉദാഹരണത്തിന്, ഊഷ്മളവും തീവ്രവുമായ ഈ ക്ഷണം സങ്കീർത്തനം 135:1-3-ൽ നാം കാണുന്നു: “യഹോവയെ സ്തുതിപ്പിൻ [“ജനങ്ങളേ, നിങ്ങൾ യാഹിനെ സ്തുതിപ്പിൻ!” NW]; യഹോവയുടെ നാമത്തെ സ്തുതിപ്പിൻ; യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിൻ. യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയത്തിൻ പ്രാകാരങ്ങളിലും നില്ക്കുന്നവരേ, യഹോവയെ സ്തുതിപ്പിൻ; യഹോവ നല്ലവൻ അല്ലോ; അവന്റെ നാമത്തിന്നു കീർത്തനം ചെയ്വിൻ; അതു മനോഹരമല്ലോ.”
9. യഹോവയെ സ്തുതിക്കാൻ നമ്മെ എന്തു പ്രേരിപ്പിക്കുന്നു?
9 ദൈവത്തിന്റെ വിസ്മയകരമായ സൃഷ്ടിക്രിയകളെയും നമുക്കായി അവൻ ചെയ്യുന്ന സകല കാര്യങ്ങളെയും കുറിച്ചു ചിന്തിക്കുമ്പോൾ ഹൃദയംഗമമായ വിലമതിപ്പ് അവനെ സ്തുതിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നു. കഴിഞ്ഞ കാലങ്ങളിൽ തന്റെ ജനത്തിനായി യഹോവ ചെയ്ത അത്ഭുത കാര്യങ്ങളെ കുറിച്ചു പരിചിന്തിക്കുമ്പോൾ അവനെ വാഴ്ത്താൻ നമ്മുടെ ഹൃദയങ്ങൾ പ്രേരിതമാകുന്നു. യഹോവ ഇനിയും ചെയ്യാനിരിക്കുന്ന മഹത്തായ കാര്യങ്ങൾ സംബന്ധിച്ച അവന്റെ വാഗ്ദാനങ്ങളെ കുറിച്ചു ധ്യാനിക്കവേ, അവനെ സ്തുതിക്കാനും അവനു നന്ദി കരേറ്റാനുമുള്ള വഴികൾ നാം തേടുന്നു.
10, 11. നമ്മുടെ അസ്തിത്വംതന്നെ ദൈവത്തെ സ്തുതിക്കാൻ മതിയായ കാരണമായിരിക്കുന്നത് എങ്ങനെ?
10 നമ്മുടെ അസ്തിത്വംതന്നെ യഹോവയെ സ്തുതിക്കാൻ മതിയായ കാരണമാണ്. ദാവീദ് ഇങ്ങനെ പാടി: “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു [യഹോവയ്ക്കു] സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികൾ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.” (സങ്കീർത്തനം 139:14) അതേ, നമ്മെ ‘അതിശയകരമായി സൃഷ്ടിച്ചിരിക്കുന്നു.’ കാണാനും കേൾക്കാനും ചിന്തിക്കാനുമുള്ള വിശിഷ്ടമായ പ്രാപ്തികൾ നമുക്കു നൽകിയിരിക്കുന്നു. അതിനാൽ നമ്മുടെ സ്രഷ്ടാവിനു സ്തുതി കരേറ്റുന്ന വിധത്തിൽ നാം നമ്മുടെ മുഴു ജീവിതവും നയിക്കേണ്ടതല്ലേ? പിൻവരുന്ന പ്രകാരം എഴുതിയപ്പോൾ പൗലൊസ് അപ്പൊസ്തലൻ അതുതന്നെയാണു പറഞ്ഞത്: “നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്വിൻ.”—1 കൊരിന്ത്യർ 10:31.
11 നാം യഹോവയെ വാസ്തവമായി സ്നേഹിക്കുന്നെങ്കിൽ, സകലതും അവന്റെ മഹത്ത്വത്തിനായി ചെയ്യും. എല്ലാറ്റിലും മുഖ്യ കൽപ്പന “നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം” എന്നതാണെന്ന് യേശു പറഞ്ഞു. (മർക്കൊസ് 12:30; ആവർത്തനപുസ്തകം 6:5) നമ്മുടെ സ്രഷ്ടാവും “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” നൽകുന്നവനും എന്ന നിലയിൽ നാം തീർച്ചയായും യഹോവയെ സ്നേഹിക്കുകയും സ്തുതിക്കുകയും വേണം. (യാക്കോബ് 1:17; യെശയ്യാവു 51:13; പ്രവൃത്തികൾ 17:28) ന്യായവാദം ചെയ്യാനുള്ള നമ്മുടെ കഴിവ്, ആത്മീയ പ്രാപ്തികൾ, ശാരീരിക ബലം, ഇതെല്ലാം—നമുക്കുള്ള സകല ഗുണങ്ങളും കഴിവുകളും—യഹോവയിൽനിന്നു വരുന്നതാണ്. നമ്മുടെ സ്രഷ്ടാവ് എന്ന നിലയിൽ അവൻ നമ്മുടെ സ്നേഹത്തിനും സ്തുതിക്കും അർഹനാണ്.
12. യഹോവയുടെ മഹാ പ്രവൃത്തികളെയും സങ്കീർത്തനം 40:5-ലെ വാക്കുകളെയും കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?
12 യഹോവയുടെ മഹാ പ്രവൃത്തികൾ അവനെ സ്നേഹിക്കാനും സ്തുതിക്കാനും നമുക്ക് എണ്ണമറ്റ കാരണങ്ങൾ നൽകുന്നു! “എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു,” ദാവീദ് പാടി. “നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.” (സങ്കീർത്തനം 40:5) യഹോവയുടെ അത്ഭുത പ്രവൃത്തികളെല്ലാം വിവരിക്കാൻ ദാവീദിന് കഴിയുമായിരുന്നില്ല, നമുക്കും അതു സാധിക്കില്ല. എന്നാൽ ദൈവത്തിന്റെ മഹാ പ്രവൃത്തികളിൽ ഏതെങ്കിലും നമ്മുടെ ശ്രദ്ധയിൽപ്പെടുന്ന ഏത് അവസരത്തിലും നമുക്ക് അവനെ സ്തുതിക്കാം.
ദൈവത്തിന്റെ നിത്യോദ്ദേശ്യവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ
13. ദൈവത്തിന്റെ മഹാ പ്രവൃത്തികളുമായി നമ്മുടെ പ്രത്യാശ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?
13 നമ്മുടെ ഭാവി പ്രത്യാശ ദൈവത്തിന്റെ നിത്യോദ്ദേശ്യം ഉൾപ്പെട്ട മഹത്തും സ്തുത്യർഹവുമായ പ്രവൃത്തികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏദെനിലെ മത്സരത്തെത്തുടർന്ന് പ്രത്യാശ നിറഞ്ഞ, ആദ്യത്തെ പ്രവചനം യഹോവ നൽകി. പാമ്പിന്റെമേൽ ന്യായവിധി ഉച്ചരിച്ചുകൊണ്ട് ദൈവം പറഞ്ഞു: “ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (ഉല്പത്തി 3:15) ഒരു ദുഷ്ട ലോകത്തെ തുടച്ചുനീക്കിയ ആഗോള ജലപ്രളയത്തിൽനിന്ന് നോഹയെയും കുടുംബത്തെയും രക്ഷിക്കുകവഴി യഹോവ ചെയ്ത മഹാ പ്രവൃത്തിക്കു ശേഷവും വിശ്വസ്ത മനുഷ്യരുടെ ഹൃദയങ്ങളിൽ സ്ത്രീയുടെ വാഗ്ദത്ത സന്തതിയെ കുറിച്ചുള്ള പ്രത്യാശ നിലനിന്നു. (2 പത്രൊസ് 2:5) അബ്രാഹാം, ദാവീദ് എന്നിവരെ പോലെ വിശ്വാസമുള്ള പുരുഷന്മാർക്കു നൽകിയ പ്രാവചനിക വാഗ്ദാനങ്ങൾ യഹോവ ആ സന്തതി മുഖാന്തരം ചെയ്യാനിരുന്ന കാര്യങ്ങൾ സംബന്ധിച്ച് കൂടുതലായ ഉൾക്കാഴ്ച പ്രദാനം ചെയ്തു.—ഉല്പത്തി 22:15-18; 2 ശമൂവേൽ 7:12.
14. മനുഷ്യവർഗത്തിനു വേണ്ടിയുള്ള യഹോവയുടെ മഹാ പ്രവൃത്തികളുടെ അതിശ്രേഷ്ഠ ദൃഷ്ടാന്തം ഏതാണ്?
14 തന്റെ ഏകജാത പുത്രനെ—വാഗ്ദത്ത സന്തതിയായ യേശുക്രിസ്തുവിനെ—യഹോവ ഒരു മറുവിലയാഗമായി നൽകിയപ്പോൾ മനുഷ്യവർഗത്തിനായി മഹാ പ്രവൃത്തികൾ ചെയ്യുന്നവനാണ് അവനെന്ന് അതിശ്രേഷ്ഠമായ രീതിയിൽ പ്രകടമാക്കപ്പെട്ടു. (യോഹന്നാൻ 3:16; പ്രവൃത്തികൾ 2:29-36) ദൈവവുമായി നിരപ്പിൽ ആകുന്നതിന് അഥവാ സമാധാന ബന്ധത്തിലേക്കു വരുന്നതിനുള്ള അടിസ്ഥാനം മറുവില പ്രദാനം ചെയ്തു. (മത്തായി 20:28; റോമർ 5:11) ഇങ്ങനെ സമാധാന ബന്ധത്തിലായ ആദ്യ വ്യക്തികളെ പൊ.യു. 33-ലെ പെന്തെക്കൊസ്തിൽ സ്ഥാപിതമായ ക്രിസ്തീയ സഭയിലേക്ക് ദൈവം കൂട്ടിവരുത്തി. പരിശുദ്ധാത്മാവിന്റെ സഹായത്തോടെ അവർ എല്ലായിടത്തും സുവാർത്ത ഘോഷിച്ചു. ദൈവത്തിന്റെ സ്വർഗീയ രാജ്യ ഭരണത്തിൻ കീഴിൽ അനുസരണമുള്ള മനുഷ്യവർഗത്തിനു നിത്യാനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനുള്ള മാർഗം യേശുവിന്റെ മരണവും പുനരുത്ഥാനവും തുറന്നുതരുന്നത് എങ്ങനെയെന്ന് അവർ ഘോഷിച്ചു.
15. യഹോവ നമ്മുടെ നാളിൽ അത്ഭുതകരമായി പ്രവർത്തിച്ചിരിക്കുന്നത് എങ്ങനെ?
15 അവസാനത്തെ അഭിഷിക്ത ക്രിസ്ത്യാനികളെ കൂട്ടിച്ചേർക്കുന്നതിന് യഹോവ നമ്മുടെ നാളിൽ വിസ്മയാവഹമായ ഒരു വിധത്തിൽ പ്രവർത്തിച്ചിരിക്കുന്നു. ക്രിസ്തുവിനോടു കൂടെ സ്വർഗത്തിൽ ഭരിക്കാൻ പോകുന്ന 1,44,000-ത്തിൽ ശേഷിക്കുന്നവരുടെ മുദ്രയിടീൽ സാധ്യമാക്കുന്നതിനായി നാശത്തിന്റെ കാറ്റുകളെ തടഞ്ഞുനിറുത്തിയിരിക്കുന്നു. (വെളിപ്പാടു 7:1-4; 20:6) വ്യാജമത ലോക സാമ്രാജ്യമായ ‘മഹാബാബിലോണി’ന്റെ ആത്മീയ അടിമത്തത്തിൽനിന്ന് അഭിഷിക്ത ക്രിസ്ത്യാനികൾ വിടുവിക്കപ്പെടുന്നു എന്ന് ദൈവം ഉറപ്പു വരുത്തിയിരിക്കുന്നു. (വെളിപ്പാടു 17:1-5) 1919-ൽ സംഭവിച്ച ആ വിടുതലും അതിനുശേഷം അവർ അനുഭവിച്ചിരിക്കുന്ന ദിവ്യസംരക്ഷണവും എന്തു ചെയ്യാൻ അഭിഷിക്ത ശേഷിപ്പിനെ പ്രാപ്തമാക്കിയിരിക്കുന്നു? അതിവേഗം അടുത്തുവരുന്ന “മഹോപദ്രവ”ത്തിൽ യഹോവ സാത്താന്റെ ദുഷ്ട വ്യവസ്ഥിതിക്ക് അന്തം വരുത്തുന്നതിനു മുമ്പ് അന്തിമ സാക്ഷ്യം നൽകുന്നതിൽ ഉജ്ജ്വലമായി ശോഭിക്കാൻ ഇടയാക്കിയിരിക്കുന്നു.—മത്തായി 24:21; ദാനീയേൽ 12:3; വെളിപ്പാടു 7:14, NW.
16. ഇന്നത്തെ ലോകവ്യാപക പ്രസംഗവേലയുടെ ഫലമായി എന്തു സംഭവിച്ചുകൊണ്ടിരിക്കുന്നു?
16 യഹോവയുടെ അഭിഷിക്ത സാക്ഷികൾ ലോകവ്യാപകമായുള്ള സുവാർത്താ ഘോഷണത്തിനു തീക്ഷ്ണമായ നേതൃത്വം നൽകിയിരിക്കുന്നു. അതിന്റെ ഫലമായി, “വേറെ ആടുക”ളുടെ വർധിച്ചുവരുന്ന ഒരു സംഖ്യ ഇപ്പോൾ യഹോവയുടെ ആരാധനയിലേക്കു വന്നുകൊണ്ടിരിക്കുന്നു. (യോഹന്നാൻ 10:16) യഹോവയെ സ്തുതിക്കുന്നതിൽ നമ്മോടൊപ്പം ചേരാൻ ഭൂമിയിലെ സൗമ്യർക്ക് ഇപ്പോഴും അവസരമുള്ളതിൽ നാം സന്തോഷിക്കുന്നു. “വരിക” എന്ന ക്ഷണത്തോട് അനുകൂലമായി പ്രതികരിക്കുന്നവർക്ക് മഹോപദ്രവത്തെ അതിജീവിക്കാനും തുടർന്ന് സകല നിത്യതയിലും യഹോവയെ സ്തുതിക്കാനുമുള്ള പ്രത്യാശയുണ്ട്.—വെളിപ്പാടു 22:17.
ആയിരങ്ങൾ സത്യാരാധനയിലേക്കു കൂടിവരുന്നു
17. (എ) നമ്മുടെ പ്രസംഗവേലയോടു ബന്ധപ്പെട്ട് യഹോവ മഹാ പ്രവൃത്തികൾ ചെയ്യുന്നത് എങ്ങനെ? (ബി) സെഖര്യാവു 8:23 നിവൃത്തിയേറുന്നത് എങ്ങനെ?
17 യഹോവ ഇന്ന് നമ്മുടെ പ്രസംഗപ്രവർത്തനത്തോടുള്ള ബന്ധത്തിൽ മഹത്തും സ്തുത്യർഹവുമായ പ്രവൃത്തികൾ ചെയ്യുകയാണ്. (മർക്കൊസ് 13:10) സമീപ വർഷങ്ങളിൽ അവൻ ‘പ്രവർത്തനത്തിലേക്കുള്ള വലിയ വാതിലുകൾ തുറന്നിരിക്കുന്നു.’ (1 കൊരിന്ത്യർ 16:9, NW) മുമ്പ് സത്യത്തിന്റെ ശത്രുക്കൾ പ്രതിബന്ധമായി നിലകൊണ്ടിരുന്ന വിശാലമായ പ്രദേശങ്ങളിൽ ഉടനീളം സുവാർത്ത പ്രസംഗിക്കാൻ ഇതുമൂലം സാധിച്ചിരിക്കുന്നു. ഒരിക്കൽ ആത്മീയ അന്ധകാരത്തിലായിരുന്ന പലരും യഹോവയെ ആരാധിക്കാനുള്ള ക്ഷണത്തോട് ഇപ്പോൾ അനുകൂലമായി പ്രതികരിക്കുന്നു. പിൻവരുന്ന പ്രാവചനിക വാക്കുകൾ അവരിൽ നിവൃത്തിയേറുന്നു: “സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ആ കാലത്തു ജാതികളുടെ സകലഭാഷകളിലുംനിന്നു പത്തുപേർ ഒരു യെഹൂദന്റെ വസ്ത്രാഗ്രം പിടിച്ചു: ദൈവം നിങ്ങളോടുകൂടെ ഉണ്ടെന്നു ഞങ്ങൾ കേട്ടിരിക്കയാൽ ഞങ്ങൾ നിങ്ങളോടുകൂടെ പോരുന്നു എന്നു പറയും.” (സെഖര്യാവു 8:23) ഇവിടത്തെ ‘നിങ്ങൾ’ എന്ന പ്രയോഗം അഭിഷിക്ത ക്രിസ്ത്യാനികളുടെ ഇന്നത്തെ ശേഷിപ്പായ ആത്മീയ യഹൂദന്മാരെ പരാമർശിക്കുന്നു. പത്ത് എന്ന സംഖ്യകൊണ്ട് ഭൗമിക പൂർണതയെ കുറിക്കാമെന്നുള്ളതുകൊണ്ട് “പത്തുപേർ,” ‘ദൈവത്തിന്റെ യിസ്രായേലുമായു’ള്ള സഹവാസത്തിലേക്കു കൊണ്ടുവരപ്പെട്ടിരിക്കുന്ന മഹാപുരുഷാരത്തെ സൂചിപ്പിക്കുന്നു. ഈ രണ്ടു കൂട്ടരും ‘ഒരു ആട്ടിൻകൂട്ടം’ ആയിത്തീരുന്നു. (വെളിപ്പാടു 7:9, 10; ഗലാത്യർ 6:16) യഹോവയാം ദൈവത്തിന്റെ ആരാധകർ എന്ന നിലയിൽ ഇപ്പോൾ ഒരുമിച്ചു വിശുദ്ധ സേവനം അർപ്പിക്കുന്ന ഇത്രയധികം പേരെ കാണുന്നത് എത്ര വലിയ സന്തോഷമാണ്!
18, 19. യഹോവ നമ്മുടെ പ്രസംഗപ്രവർത്തനത്തെ അനുഗ്രഹിക്കുന്നു എന്നതിന് എന്തു തെളിവുണ്ട്?
18 ഒരുകാലത്ത് വ്യാജമതങ്ങൾ ആധിപത്യം പുലർത്തിയിരുന്ന, ആളുകൾ ഒരിക്കലും രാജ്യസുവാർത്തയോടു പ്രതികരിക്കില്ലെന്നു തോന്നിയിരുന്ന സ്ഥലങ്ങളിൽ ഇന്നു പതിനായിരങ്ങൾ—അതേ, ലക്ഷങ്ങൾ തന്നെ—സത്യാരാധന സ്വീകരിക്കുന്നതു കാണുന്നതിൽ നാം പുളകിതരാണ്. യഹോവയുടെ സാക്ഷികളുടെ ഏറ്റവും പുതിയ വാർഷികപുസ്തകം എടുത്ത്, രാജ്യസന്ദേശം ഘോഷിക്കുന്ന ഒരു ലക്ഷത്തിനും പത്തു ലക്ഷത്തിനും ഇടയ്ക്ക് പ്രസാധകരുള്ള രാജ്യങ്ങൾ എത്രയുണ്ടെന്ന് നോക്കുക. രാജ്യപ്രസംഗ വേലയെ യഹോവ അനുഗ്രഹിക്കുന്നു എന്നതിന്റെ ശക്തമായ തെളിവാണ് ഇത്.—സദൃശവാക്യങ്ങൾ 10:22.
19 യഹോവയുടെ ജനം എന്ന നിലയിൽ, നമ്മുടെ ജീവിതത്തിന് യഥാർഥ അർഥവും അവന്റെ സേവനത്തിൽ പ്രതിഫലദായകമായ വേലയും ഭാവി സംബന്ധിച്ചു ശോഭനമായ പ്രത്യാശയും നൽകിയിരിക്കുന്നതിനാൽ നാം നമ്മുടെ സ്വർഗീയ പിതാവിനെ സ്തുതിക്കുന്നു, അവനു നന്ദി കരേറ്റുന്നു. എല്ലാ ദിവ്യ വാഗ്ദാനങ്ങളുടെയും നിവൃത്തിക്കായി ആകാംക്ഷാപൂർവം കാത്തിരിക്കുന്ന നാം ‘നിത്യജീവന്നായിട്ട് ദൈവസ്നേഹത്തിൽ നമ്മെത്തന്നെ സൂക്ഷിച്ചുകൊൾവാൻ’ ദൃഢചിത്തരാണ്. (യൂദാ 20, 21) യഹോവയെ സ്തുതിക്കുന്ന മഹാപുരുഷാരത്തിന്റെ എണ്ണം ഇപ്പോൾ ഏകദേശം 60 ലക്ഷം ആയിരിക്കുന്നതിൽ നാം എത്ര സന്തുഷ്ടരാണ്! യഹോവയുടെ വ്യക്തമായ അനുഗ്രഹത്തിന്റെ ഫലമായി, അഭിഷിക്ത ശേഷിപ്പും അവരുടെ കൂട്ടാളികളായ വേറെ ആടുകളും 235 ദേശങ്ങളിൽ ഏകദേശം 91,000 സഭകളിലായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്നു. “വിശ്വസ്തനും വിവേകിയുമായ അടിമ”യുടെ അക്ഷീണ പ്രയത്നത്തിന്റെ ഫലമായി നാമെല്ലാം ആത്മീയമായി നല്ലവണ്ണം പോഷിപ്പിക്കപ്പെടുന്നു. (മത്തായി 24:45, NW) പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഒരു ദിവ്യാധിപത്യ സംഘടന യഹോവയുടെ സാക്ഷികളുടെ 110 ബ്രാഞ്ച് ഓഫീസുകൾ മുഖാന്തരം രാജ്യപ്രവർത്തനത്തിനു സ്നേഹപുരസ്സരമായ മേൽനോട്ടം നൽകുന്നു. ‘തങ്ങളുടെ വിലയേറിയ വസ്തുക്കൾകൊണ്ട് തന്നെ ബഹുമാനിക്കാൻ’ യഹോവ തന്റെ ജനത്തിന്റെ ഹൃദയങ്ങളെ പ്രേരിപ്പിച്ചിരിക്കുന്നതിൽ നാം നന്ദിയുള്ളവരാണ്. (സദൃശവാക്യങ്ങൾ 3:9, 10, NW) തത്ഫലമായി, നമ്മുടെ ആഗോള പ്രസംഗവേല മുന്നേറുന്നു. മാത്രമല്ല, അച്ചടി സൗകര്യങ്ങളും ബെഥേൽ-മിഷനറി ഭവനങ്ങളും രാജ്യഹാളുകളും സമ്മേളന ഹാളുകളും ആവശ്യാനുസരണം നിർമിക്കുകയും ചെയ്യുന്നു.
20. യഹോവയുടെ മഹത്തും സ്തുത്യർഹവുമായ പ്രവൃത്തികളെ കുറിച്ചുള്ള പരിചിന്തനം നമ്മെ എങ്ങനെ ബാധിക്കേണ്ടതാണ്?
20 നമ്മുടെ സ്വർഗീയ പിതാവിന്റെ മഹത്തും സ്തുത്യർഹവുമായ എല്ലാ പ്രവൃത്തികളും വിവരിക്കുക സാധ്യമല്ല. എന്നാൽ നേരായ ഹൃദയനിലയുള്ള ആർക്കെങ്കിലും യഹോവയെ സ്തുതിക്കുന്നവരുടെ കൂട്ടത്തിൽനിന്നു വിട്ടുനിൽക്കാൻ കഴിയുമോ? തീർച്ചയായും ഇല്ല! അതുകൊണ്ട് ദൈവത്തെ സ്നേഹിക്കുന്ന സകലരുമേ, ഉച്ചത്തിൽ ഉദ്ഘോഷിക്കുവിൻ: “യഹോവയെ സ്തുതിപ്പിൻ; സ്വർഗ്ഗത്തിൽനിന്നു യഹോവയെ സ്തുതിപ്പിൻ; ഉന്നതങ്ങളിൽ അവനെ സ്തുതിപ്പിൻ. അവന്റെ സകലദൂതന്മാരുമായുള്ളോരേ, അവനെ സ്തുതിപ്പിൻ; . . . യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും, ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം ഉയർന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു.” (സങ്കീർത്തനം 148:1, 2, 12, 13) അതേ, യഹോവയുടെ മഹാ പ്രവൃത്തികളെപ്രതി നമുക്ക് അവനെ ഇന്നും എന്നേക്കും സ്തുതിക്കാം!
നിങ്ങളുടെ ഉത്തരമെന്ത്?
• യഹോവയുടെ സ്തുത്യർഹമായ ചില പ്രവൃത്തികൾ ഏവ?
• യഹോവയെ സ്തുതിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നത് എന്ത്?
• നമ്മുടെ പ്രത്യാശ ദൈവത്തിന്റെ മഹാ പ്രവൃത്തികളുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
• രാജ്യപ്രസംഗ വേലയോടുള്ള ബന്ധത്തിൽ യഹോവ സ്തുത്യർഹമായ പ്രവൃത്തികൾ ചെയ്യുന്നത് എങ്ങനെ?
[10-ാം പേജിലെ ചിത്രം]
യഹോവയെ സ്തുതിക്കുന്ന ഗീതങ്ങൾ ആലപിക്കുന്നതിൽ നിങ്ങൾ മുഴുഹൃദയാ പങ്കുചേരുന്നുവോ?
[13-ാം പേജിലെ ചിത്രങ്ങൾ]
നമ്മോടു ചേർന്ന് യഹോവയെ സ്തുതിക്കാൻ സൗമ്യർക്ക് ഇപ്പോഴും അവസരമുള്ളതിൽ നാം സന്തോഷിക്കുന്നു