ക്രിസ്ത്യാനികൾ സ്വസ്ഥതയുടെ ഒരു ദിവസം ആചരിക്കണമോ?
ജൂണിൽ പതിവിനു വിപരീതമായി മഴ കൂടുതലായിരുന്നു. ഇക്കാരണത്താൽ 1991 വിംബിൾഡൺ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ യുഗപഴക്കമുള്ള ഒരു ലൗകിക പാരമ്പര്യം ലംഘിക്കപ്പെട്ടു. ചരിത്രത്തിലാദ്യമായി, സമയനഷ്ടം പരിഹരിക്കുന്നതിന്, മത്സരക്കളികൾ ഞായറാഴ്ച നടത്തപ്പെട്ടു. ചിലപ്പോഴൊക്കെയുള്ള, നിയമങ്ങളുടെ ഇത്തരത്തിലുള്ള അവഗണന ഒഴിച്ചാൽ ഇംഗ്ലണ്ടിലും മററനേകം രാജ്യങ്ങളിലും ഞായറാഴ്ച സ്വസ്ഥതയ്ക്കുള്ള ഒരു വിശുദ്ധ ദിനമായി നിലകൊള്ളുന്നു.
ചില ആളുകൾ മറെറാരു സ്വസ്ഥതാദിവസം ആചരിക്കുന്നു. യഹൂദർ ലോകവ്യാപകമായി വെള്ളിയാഴ്ച സൂര്യാസ്തമയം മുതൽ ശനിയാഴ്ച സൂര്യാസ്തമയം വരെ കർക്കശമായി ശബ്ബത്ത് ആചരിക്കുന്നു. ശബ്ബത്തിൽ ഇസ്രയേലിന്റെ ദേശീയ വിമാനം പറക്കുന്നില്ല, ചില പട്ടണങ്ങളിൽ പൊതു ഗതാഗതം ഇല്ല. യെരൂശലേമിൽ പാരമ്പര്യവാദികൾ, ശബ്ബത്തിൽ നിയമവിരുദ്ധമെന്നു തങ്ങൾ വിചാരിക്കുന്ന എല്ലാ ഗതാഗതവും നിരോധിക്കുന്നതിനു ചില തെരുവുകൾ അടച്ചിടുന്നു.
അനേകം മതങ്ങൾ ഇപ്പോഴും ഒരു പ്രതിവാര സ്വസ്ഥതാദിവസം അഥവാ ശബ്ബത്ത് ആചരിക്കുന്നുവെന്ന വസ്തുത പല ചോദ്യങ്ങൾ ഉദിപ്പിക്കുന്നു. ശബ്ബത്താചരണം യഹൂദർക്കു മാത്രമേ ഉള്ളോ? ക്രൈസ്തവലോകത്തിലെ മിക്ക മതങ്ങളും ഒരു വ്യത്യസ്ത സ്വസ്ഥതാദിനം സ്വീകരിക്കാൻ ഇടയായതെങ്ങനെ? ഒരു പ്രതിവാര സ്വസ്ഥതാദിനാചരണം ഇന്നും ബൈബിൾപരമായ ഒരു വ്യവസ്ഥയായിരിക്കുന്നുവോ?
ശബ്ബത്ത് എല്ലായ്പോഴും സ്ഥിതി ചെയ്തിരുന്നുവോ?
ശബ്ബത്ത് സംബന്ധിച്ച ആദ്യത്തെ തിരുവെഴുത്തു സൂചന നാം പുറപ്പാടു പുസ്തകത്തിൽ കാണുന്നു. ഇസ്രയേല്യർ മരുഭൂമിയിലായിരുന്നപ്പോൾ അവർക്കു യഹോവയിൽ നിന്ന് അത്ഭുതകരമായ ഒരു ഭക്ഷണമായ മന്നാ ലഭിച്ചു. വാരത്തിലെ ഓരോ ആറാം ദിവസവും അവർ രണ്ടു പങ്കു പെറുക്കേണ്ടിയിരുന്നു, കാരണം ഏഴാമത്തെ ദിവസം എല്ലാ വേലയും വിലക്കിയിരുന്ന “യഹോവയുടെ ശബ്ബത്ത്” ആയിരിക്കണമായിരുന്നു.—പുറപ്പാടു 16:4, 5, 22-25.
കൂടാതെ, ഈജിപ്ററുദേശത്തു തങ്ങൾ അടിമകളായിരുന്നു എന്ന് ഇസ്രയേല്യരെ അനുസ്മരിപ്പിക്കുന്നതിനുംകൂടിയായിരുന്നു അവർക്കു ശബ്ബത്താചരണം നൽകിയിരുന്നത്. ഇത്തരം ഒരു നിയമം അവർ നേരത്തെ പാലിച്ചിരുന്നെങ്കിൽ ഈ ഓർമ്മിപ്പിക്കലിനു യാതൊരു പ്രസക്തിയുമുണ്ടാവില്ലായിരുന്നു. അതുകൊണ്ട്, ശബ്ബത്തിനെക്കുറിച്ചുള്ള ചട്ടങ്ങൾ ഇസ്രയേല്യർക്കു മാത്രമേ നൽകിയിരുന്നുള്ളു.—ആവർത്തനം 5:2, 3, 12-15.
അതിസൂക്ഷ്മവും ക്ലേശകരവുമായ ആചാരങ്ങൾ
മോശൈക നിയമം ശബ്ബത്ത് സംബന്ധിച്ചു വളരെ വിശദമല്ലാഞ്ഞതിനാൽ റബ്ബിമാർ നൂററാണ്ടുകളിൽ അനവധി വിലക്കുകൾ ഏർപ്പെടുത്തി, മുഖ്യമായും ശബ്ബത്തുദിവസം എല്ലാത്തരം വേലകളും നിരോധിച്ചുകൊണ്ടുതന്നെ. മിഷ്നാ പറയുന്നതനുസരിച്ച്, നിരോധിച്ചിരുന്ന വേലകളെ തയ്യൽ, എഴുത്ത്, കൃഷിപ്പണി തുടങ്ങിയ 39 മുഖ്യ വിഭാഗങ്ങളായി തരം തിരിച്ചിരുന്നു. ഈ ചട്ടങ്ങളിൽ മിക്കതും ബൈബിളധിഷ്ഠിതമല്ല. “തിരുവെഴുത്തുകളിൽ ഈ വിഷയം സംബന്ധിച്ച് അധികമൊന്നും ഇല്ലെങ്കിലും നിയമങ്ങൾ അനവധിയായതിനാൽ ചട്ടങ്ങൾ തലമുടിയിൽ തൂങ്ങിക്കിടക്കുന്ന പർവ്വതങ്ങളാ”ണെന്നു മിഷ്ന ഉദ്ധരിച്ചുകൊണ്ടു എൻസൈക്ലോപ്പീഡിയാ ജൂഡയ്ക്കാ സമ്മതിച്ചുപറയുന്നു.
“ഏഴാം ദിവസം ആരും തന്റെ സ്ഥലത്തുനിന്നു പുറപ്പെടരുതു” എന്ന കല്പന ബാധകമാക്കാൻ പരമാവധി ദൂരം നിശ്ചയിക്കുകയും അതിനെ “ശബ്ബത്തു പരിധി” എന്നു വിളിക്കുകയും ചെയ്തു. ചില ഉറവിടങ്ങളിൽനിന്നുള്ള വിവരമനുസരിച്ച് അതു രണ്ടായിരം മുഴത്തിനു അഥവാ 900 മീറററിനു തുല്യമായിരുന്നു. (പുറപ്പാടു 16:29, കിംഗ് ജയിംസ് വേർഷൻ) എന്നുവരികിലും ഈ നിയമവ്യവസ്ഥ കൗശലപൂർവ്വം ലംഘിക്കാൻ കഴിയുമായിരുന്നു: തലേ വൈകുന്നേരം ശബ്ബത്തു ദിവസത്തെ ആഹാരം ഭവനത്തിൽനിന്നു രണ്ടായിരം മുഴം ദൂരെക്കൊണ്ടുപോയി സൂക്ഷിക്കാമായിരുന്നു. ഇവിടം കുടുംബഭവനത്തിന്റെ മറെറാരു ഭാഗമായി കണക്കാക്കാമായിരുന്നു, അവിടെനിന്നു മറെറാരു രണ്ടായിരം മുഴം കണക്കാക്കാമായിരുന്നു.
ഈ മനുഷ്യനിർമ്മിത നിയന്ത്രണങ്ങളിൽ അനേകവും യേശുവിന്റെ നാളിൽ പ്രാബല്യത്തിലുണ്ടായിരുന്നു. അതുകൊണ്ടാണു വയലുകളിലൂടെ കടന്നുപോയപ്പോൾ യേശുവിന്റെ ശിഷ്യൻമാർ കതിർ പറിച്ചു തിന്നതിനു മതനേതാക്കൾ അവരെ ശകാരിച്ചത്. അവർ ശബ്ബത്തു ലംഘിച്ചതായി കുററപ്പെടുത്തി—കതിർ പറിച്ചതു കൊയ്ത്തായും അതു തിരുമ്മിയതു ധാന്യം കുത്തുന്നതായും അഥവാ അരയ്ക്കുന്നതായും കണക്കാക്കപ്പെട്ടു. യേശു പല അവസരങ്ങളിലും അവരുടെ അതിരുകടന്ന വീക്ഷണത്തെ അപലപിച്ചു, കാരണം അവർ യഹോവയുടെ നിയമത്തിന്റെ അന്തഃസത്തയെ തെററിദ്ധരിപ്പിച്ചു.—മത്തായി 12:1-8; ലൂക്കൊസ് 13:10-17; 14:1-6; യോഹന്നാൻ 5:1-16; 9:1-16.
ശനിയാഴ്ചശബ്ബത്തിൽ നിന്നു ഞായറാഴ്ച ശബ്ബത്തിലേക്ക്
“ഞായറാഴ്ചകൾ ദൈവത്തെ ഭക്തിപൂർവ്വം ആരാധിക്കുന്നതിനു നീക്കിവെക്കപ്പെടും.” ഇങ്ങനെയാണു ശബ്ബത്തിനെക്കുറിച്ചു കത്തോലിക്കാ സഭ അവതരിപ്പിക്കുന്നപ്രകാരമുള്ള നാലാമത്തെ കല്പന. അടുത്ത കാലത്തു പ്രസിദ്ധപ്പെടുത്തിയ കാറേറഷീസം ഫൂർ അഡുൾട്സ് എന്ന ഫ്രഞ്ച് പുസ്തകം ഇങ്ങനെ വിശദീകരിക്കുന്നു: “ക്രിസ്ത്യാനിയുടെ ഞായറാഴ്ച ശബ്ബത്തിന്റെ പിറേറ ദിവസം ആഘോഷിക്കപ്പെടുന്നു: എട്ടാം ദിവസം, അതായതു പുതിയ സൃഷ്ടിയുടെ ഒന്നാം ദിവസംതന്നെ. അതു ശബ്ബത്തിന്റെ മുഖ്യ ഘടകങ്ങളെ സ്വീകരിക്കുന്നുവെങ്കിലും ക്രിസ്തുവിന്റെ പെസഹായെ കേന്ദ്രീകരിക്കുന്നു.” ശനിയാഴ്ചശബ്ബത്തിൽനിന്നു ഞായറാഴ്ചശബ്ബത്തിലേക്കുള്ള ഈ മാററം ഉണ്ടായത് എങ്ങനെയാണ്?
യേശു ഉയിർത്തെഴുന്നേററ ദിവസം ഞായറാഴ്ചയായിരുന്നെങ്കിലും ആദ്യകാല ക്രിസ്ത്യാനികൾക്ക് അതു മറേറതു ദിവസവുംപോലെ ഒരു പ്രവൃത്തിദിവസമായിരുന്നു. എന്നാൽ കാലം കടന്നുപോയതോടെ യഹൂദൻമാരുടെ ശനിയാഴ്ചത്തെ ശബ്ബത്തിനു പകരമായി “ക്രിസ്തീയമായ” ഞായറാഴ്ചത്തെ ശബ്ബത്തു സ്ഥാപിക്കപ്പെട്ടു എന്ന് ഒരു ലവോദിക്ക്യാ സഭാസമിതി (പൊ.യു. നാലാം നൂററാണ്ടിന്റെ മദ്ധ്യം മുതൽ അവസാനത്തോടടുത്ത കാലം വരെ) വെളിപ്പെടുത്തുന്നു. ഈ കാനോൻനിയമം “ക്രിസ്ത്യാനികൾ യഹൂദാചാരം സ്വീകരിക്കുന്നതും [യഹൂദ]ശബ്ബത്തുനാളിൽ വെറുതെയിരിക്കുന്നതും വിലക്കി. കർത്താവിന്റെ ദിവസം [അവിടുന്ന് ഉയിർത്തെഴുന്നേററ, ആഴ്ചയിലെ ദിവസം] ഒരു ക്രിസ്തീയ രീതിയിൽ മാനിക്കപ്പെടണമായിരുന്നു.” അന്നുമുതൽ ക്രൈസ്തവലോകത്തിന്റെ അനുയായികൾ ശനിയാഴ്ചകളിൽ ജോലി ചെയ്യുകയും ഞായറാഴ്ചകളിൽ ജോലിയിൽനിന്നു ഒഴിഞ്ഞിരിക്കുകയും ചെയ്യണമായിരുന്നു. പിന്നീട്, ഞായറാഴ്ച ദിവസം കുർബാനക്കു സംബന്ധിക്കണമെന്ന് അവരോട് ആവശ്യപ്പെട്ടു.
താമസിയാതെ ലൗകിക അധികാരികളുടെ പിന്തുണയോടെ ക്രൈസ്തവലോകത്തുടനീളം ഞായറാഴ്ചകളിലെ ജോലി നിരോധിക്കപ്പെട്ടു. ആറാം നൂററാണ്ടു മുതൽ ലംഘകർക്കു പിഴയിടുകയോ അവരെ ചാട്ട കൊണ്ടടിക്കുകയോ ചെയ്തു. അവരുടെ മാടുകളെ കണ്ടുകെട്ടുകയും ചെയ്യാമായിരുന്നു. ചില അവസരങ്ങളിൽ അനുതാപമില്ലാത്ത ലംഘകരെ ദാസരാക്കുകയും ചെയ്യാമായിരുന്നു.
ഒരർത്ഥത്തിൽ, ഞായറാഴ്ചകളിൽ ചെയ്യാമായിരുന്ന വേലകൾ സംബന്ധിച്ച നിയമങ്ങൾ യഹൂദ ശബ്ബത്തിനെ ഭരിച്ചിരുന്ന പാരമ്പര്യങ്ങൾപോലെ സങ്കീർണ്ണമായിരുന്നു. സഭയുടെ ധർമ്മാധർമ്മ വിവേചനത്തിന്റെ വളർച്ച സംബന്ധിച്ചു ഡീക്സ്യോനർ ഡാ ടേയോളോഷി കേത്തോലീക് നീണ്ട വിശദീകരണങ്ങൾ നൽകുകയും വിലക്കപ്പെട്ട കാര്യങ്ങളുടെ കൂട്ടത്തിൽ ദാസ്യവേല, കൃഷിപ്പണി, നിയമ നടപടികൾ, കമ്പോളങ്ങൾ, വേട്ട എന്നിവയെക്കുറിച്ചു പറയുകയും ചെയ്യുന്നു.
വിരോധാഭാസമായി, ഈ വിലക്കുകൾക്കുള്ള ഒരു ന്യായീകരണമായി യഹൂദശബ്ബത്തിനെ പരാമർശിച്ചു. ന്യൂ കാത്തലിക്ക് എൻസൈക്ലോപ്പീഡിയ ഞായറാഴ്ചകളെക്കുറിച്ചുള്ള ഷാർലിമാൻ ചക്രവർത്തിയുടെ നിയമങ്ങളെ പരാമർശിക്കുന്നുണ്ട്: “സെൻറ് ജെറോം വ്യക്തമായി നിരാകരിച്ചതും യഹൂദ്യമെന്നും അക്രൈസ്തവമെന്നും 538-ൽ കൗൺസിൽ ഓഫ് ഓർലിയൻസ് കുററപ്പെടുത്തുകയും ചെയ്ത ശബ്ബത്തനുഷ്ഠാന ആശയത്തെക്കുറിച്ചു ഷാർലിമാന്റെ 789-ലെ കല്പനയിൽ വ്യക്തമായി പ്രസ്താവിക്കപ്പെട്ടു. അത് എല്ലാ വേലയെയും [പത്തു കല്പനകളുടെ] ലംഘനമെന്നനിലയിൽ നിരോധിക്കുകയും ചെയ്തു.” അങ്ങനെ, രാഷ്ട്രീയ അധികാരികൾ ഒരു ഞായർസ്വസ്ഥതാദിവസം ഏർപ്പെടുത്തിക്കണ്ടതു സഭയെ സന്തോഷിപ്പിച്ചെങ്കിലും സഭ തള്ളിക്കളഞ്ഞ ഒരു നിയമാടിസ്ഥാനത്തിൽ, അതായതു ശബ്ബത്തു സംബന്ധിച്ച മോശൈക ന്യായപ്രമാണത്തിൽ അധിഷ്ഠിതമായി, ഈ നിയന്ത്രണങ്ങളെ ന്യായീകരിക്കാൻ അത് ഈ ലൗകിക അധികാരത്തെ അനുവദിച്ചു.
തിരുവെഴുത്തുപരമല്ലാത്ത ഒരു നിലപാട്
ശബ്ബത്ത് യഹൂദർക്കു മാത്രമായി പരിമിതപ്പെടുത്തിയ ഒരു തൽക്കാലിക ക്രമീകരണമായിരുന്നെന്നു നൂററാണ്ടുകൾക്കു മുമ്പ്, പല സഭാ പുരോഹിതൻമാരും വിശേഷാൽ അഗസ്ററീനും ശരിയായി പ്രഖ്യാപിച്ചു. ഇങ്ങനെ ചെയ്യവെ, ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ വിശദീകരിക്കുന്നതിനെ, അതായത്, യേശുവിന്റെ ബലി നീക്കിക്കളഞ്ഞ ന്യായപ്രമാണ ഉടമ്പടിയുടെ അവിഭാജ്യഘടകമാണു ശബ്ബത്ത് എന്നതിനെ, ആ സഭാപിതാക്കൻമാർ നിർവ്യാജമായി സ്വീകരിച്ചു.—റോമർ 6:14; 7:6; 10:4; ഗലാത്യർ 3:10-14, 24, 25.
“യേശു വരികയും മരിക്കുകയും ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തതിനാൽ [പഴയ നിയമത്തിലെ] ഉത്സവങ്ങൾ ഇപ്പോൾ നിവർത്തിയേറിയിരിക്കുന്നു, അവ ഇനിയും തുടരുന്നതു ‘യേശു ഒരിക്കലും വന്നിട്ടില്ലെന്ന മട്ടിൽ പഴയ ഉടമ്പടിയിലേക്കു തിരികെ പോകുന്നതിനെ അർത്ഥമാക്കുന്നു’” എന്നു പ്രോട്ടസ്ററൻറ് വൈദികനായ ഓസ്കാർ കൾമാൻ സമ്മതിച്ചതായി സമകാലീന വൊക്കാബുലർ ബീബ്ലീക്കൽ ഉദ്ധരിക്കുന്നു. ഈ വിലപ്പെട്ട ആശയം പരിചിന്തിച്ചതിനുശേഷം നിർബന്ധിത ശബ്ബത്താചരണത്തെ ന്യായീകരിക്കാൻ സാധിക്കുമോ?
ഭക്ഷണത്തിനായി പൗലോസ് തന്റെ സുഹൃത്തുക്കളോടൊപ്പം കൂടിവന്ന “ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസ”ത്തെക്കുറിച്ചു (ഞായറാഴ്ച) പറയുന്ന പ്രവൃത്തികൾ 20:7-ൽ ഇന്ന്, കത്തോലിക്കാ ഗ്രന്ഥകാരൻമാർ പൊതുവെ തെളിവ് അന്വേഷിക്കുന്നു. എന്നാൽ, ഇതു വെറുമൊരു വിശദാംശം മാത്രമായിരുന്നു. ഈ വിവരണം ക്രിസ്ത്യാനികൾ അനുകരിക്കേണ്ട ഒരു മാതൃകയായിരിക്കാൻ ഉദ്ദേശിക്കപ്പെട്ടിരുന്നുവെന്ന് ഈ വാക്യത്തിലോ മററു വാക്യങ്ങളിലോ ഉള്ള യാതൊന്നും സൂചിപ്പിക്കുന്നില്ല, ഇതു തീർച്ചയായും ഒരു കടപ്പാടല്ല. അതേ, ഒരു ഞായർ ശബ്ബത്താചരണത്തിനു തിരുവെഴുത്തുപരമായ പിന്തുണയില്ല.
ക്രിസ്ത്യാനികൾക്ക് എന്തു സ്വസ്ഥതയാണുള്ളത്?
വാരംതോറുമുള്ള ഒരു സ്വസ്ഥതാദിവസം ആചരിക്കാൻ ക്രിസ്ത്യാനികൾക്കു കടപ്പാടില്ലെങ്കിലും അവർ മറെറാരു തരത്തിലുള്ള സ്വസ്ഥത ആചരിക്കാൻ ക്ഷണിക്കപ്പെടുന്നു. ഇതു പൗലോസ് തന്റെ സഹയഹൂദക്രിസ്ത്യാനികൾക്കു വിശദീകരിച്ചുകൊടുക്കുന്നു, ഇങ്ങനെ പറഞ്ഞുകൊണ്ട്: “ആകയാൽ ദൈവത്തിന്റെ ജനത്തിന്നു ഒരു ശബ്ബത്തനുഭവം ശേഷിച്ചിരിക്കുന്നു. . . . നാം ആ സ്വസ്ഥതയിൽ പ്രവേശിപ്പാൻ ഉത്സാഹിക്ക.” (എബ്രായർ 4:4-11) ക്രിസ്ത്യാനികളായിത്തീരുന്നതിനു മുമ്പ് ഈ യഹൂദർ പരമാവധി നിഷ്കർഷയോടെ മോശൈകന്യായപ്രമാണം അനുസരിച്ചിരുന്നു. ഇനി പ്രവൃത്തികളിലൂടെ രക്ഷ തേടാനല്ല മറിച്ച്, തങ്ങളുടെ നിർജ്ജീവ പ്രവൃത്തികളിൽനിന്നു “വിശ്രമിക്കാ”നാണു പൗലോസ് അവരെ പ്രോത്സാഹിപ്പിക്കുന്നത്. അതിനുശേഷം, ദൈവദൃഷ്ടിയിൽ നീതിമാൻമാരാകുന്നതിനുള്ള ഏക മാർഗ്ഗമായ യേശുവിന്റെ യാഗത്തിലായിരുന്നു അവർ വിശ്വാസം അർപ്പിക്കേണ്ടിയിരുന്നത്.
ഇന്ന്, ദൈവത്തിന്റെ വീക്ഷണത്തിന് അതേ പരിഗണന നൽകാൻ നമുക്ക് എങ്ങനെയാണു കഴിയുക? തങ്ങളുടെ സഹമനുഷ്യരെപ്പോലെ, ന്യായബോധമുള്ളവരെന്ന നിലയിൽ, യഹോവയുടെ സാക്ഷികൾ ഇന്ന് അനേകം രാജ്യങ്ങളിൽ പ്രാബല്യത്തിലിരിക്കുന്ന ലൗകിക ജോലിയിൽനിന്നുള്ള പ്രതിവാര സ്വസ്ഥതാദിവസത്തെ വിലമതിക്കുന്നു. ഇത് അവർക്കു കുടുംബസഹവാസത്തിനും വിശ്രമത്തിനും സമയം അനുവദിക്കുന്നു. എന്നാൽ വിശേഷതരമായി, അതു മററു ക്രിസ്തീയ പ്രവർത്തനങ്ങൾക്കുള്ള ഒരു സമയമാണെന്നു തെളിഞ്ഞിരിക്കുന്നു. (എഫെസ്യർ 5:15, 16) ഇവയിൽ യോഗങ്ങളും വിശ്വസിക്കുന്ന മനുഷ്യവർഗ്ഗം സർവ്വഭൂമിയിലും സമാധാനം ആസ്വദിക്കാൻപോകുന്ന സമയം ആഗതമായിക്കൊണ്ടിരിക്കുന്നതു സംബന്ധിച്ച ബൈബിൾവിവരങ്ങൾ പങ്കുവെക്കുന്നതിനു തങ്ങളുടെ അയൽവാസികളെ സന്ദർശിച്ചുകൊണ്ടു പരസ്യശുശ്രൂഷയിൽ ഏർപ്പെടുന്നതും ഉൾപ്പെടുന്നു. ഇതിനെക്കുറിച്ചറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമാണ്, അതു ശനിയാഴ്ചയോ ഞായറാഴ്ചയോ വാരത്തിലെ ഏതു ദിവസമോ ആയിക്കൊള്ളട്ടെ.
[28-ാം പേജിലെ ചിത്രം]
യേശു യഹൂദ പാരമ്പര്യങ്ങൾക്കുപകരം ശബ്ബത്തുനിയമം പൂർണ്ണമായി പാലിച്ചു
[29-ാം പേജിലെ ചിത്രം]
ലൗകിക ജോലിയിൽനിന്നുള്ള സ്വസ്ഥതയുടെ ദിവസങ്ങളിൽ ക്രിസ്തീയ പ്രവൃത്തികൾ ഉൻമേഷം നൽകുന്നു