സഹോദരപ്രീതിക്കുള്ള താക്കോൽ കണ്ടെത്തൽ
“നിങ്ങളുടെ ദൈവഭക്തിക്കു സഹോദരപ്രീതിയും . . . പ്രദാനം ചെയ്യുക.”—2 പത്രോസ് 1:7, NW.
1. യഹോവയുടെ ജനത്തിന്റെ കൂടിവരവുകൾ ഇത്ര സന്തോഷകരമായ അവസരങ്ങൾ ആയിരിക്കുന്നതിന്റെ ഒരു മുഖ്യ കാരണമെന്താണ്?
ഒരിക്കൽ യഹോവയുടെ സാക്ഷിയല്ലാത്ത ഒരു ഡോക്ടർ തന്റെ മകൾക്കു മിഷനറി പരിശീലനം ലഭിച്ച വാച്ച് ടവർ ഗിലെയാദ് ബൈബിൾ സ്കൂളിന്റെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തു. അവിടെ കണ്ട സന്തുഷ്ടരായ ജനക്കൂട്ടത്തിൽ അത്യന്തം മതിപ്പു തോന്നിയിട്ട്, ഇവർക്കിടയിൽ രോഗങ്ങൾ വളരെ കുറവായിരിക്കണം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആ കൂട്ടത്തെ അത്ര സന്തുഷ്ടരാക്കിയത് എന്താണ്? അക്കാര്യത്തിൽ, സഭകളിലും സർക്കിട്ട് സമ്മേളനങ്ങളിലും ഡിസ്ട്രിക്ററ് കൺവെൻഷനുകളിലും ഉള്ള യഹോവയുടെ ജനത്തിന്റെ എല്ലാ കൂടിവരവുകളെയും സന്തോഷാവസരങ്ങളാക്കുന്നത് എന്താണ്? അവർ പരസ്പരം പ്രകടമാക്കുന്ന സഹോദരപ്രീതിയല്ലേ? തീർച്ചയായും യഹോവയുടെ സാക്ഷികളുടേതുപോലെ ഇത്ര ആനന്ദവും സന്തോഷവും സംതൃപ്തിയും കിട്ടുന്ന വേറൊരു മതവുമില്ലെന്നു പറയപ്പെട്ടിരിക്കുന്നതിന്റെ ഒരു കാരണം സഹോദരപ്രീതി ആണെന്നുള്ളതിന് ഒരു സംശയവും വേണ്ട.
2, 3. നമുക്ക് അന്യോന്യം അനുഭവപ്പെടേണ്ടത് എങ്ങനെയെന്നു കാണിക്കുന്ന രണ്ടു ഗ്രീക്കുപദങ്ങൾ ഏവ, അവയെ വേർതിരിച്ചറിയിക്കുന്ന സ്വഭാവവിശേഷതകൾ എന്തെല്ലാം?
2 ഒന്നു പത്രൊസ് 1:22-ലെ “എന്നാൽ സത്യം അനുസരിക്കയാൽ നിങ്ങളുടെ ആത്മാക്കളെ [ദേഹികളെ, NW] നിർവ്യാജമായ സഹോദരപ്രീതിക്കായി നിർമ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂർവ്വം അന്യോന്യം ഉററു സ്നേഹിപ്പിൻ” എന്ന പത്രോസിന്റെ വാക്കുകളുടെ കാഴ്ചപ്പാടിൽ ഇത്തരം സഹോദരപ്രീതി ദൃശ്യമാകാൻ നാം പ്രതീക്ഷിക്കേണ്ടതുണ്ട്. ഇവിടെ “സഹോദരപ്രീതി” എന്നു വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്കുപദത്തിന്റെ അടിസ്ഥാന ഘടകങ്ങളിൽ ഒന്നു ഫീലിയ (പ്രീതി) ആണ്. അതിന്റെ അർഥം “സ്നേഹം” എന്നു സാധാരണമായി വിവർത്തനം ചെയ്യുന്ന അഗാപെയോടു വളരെ ബന്ധപ്പെട്ടതാണ്. (1 യോഹന്നാൻ 4:8) സഹോദരപ്രീതിയും സ്നേഹവും അർഥവ്യത്യാസം കൽപ്പിക്കാതെ മാറിമാറി ഉപയോഗിക്കുമെങ്കിലും അവയ്ക്കു പ്രത്യേക സ്വഭാവവിശേഷങ്ങളുണ്ട്. നിരവധി ബൈബിൾ വിവർത്തകർ ചെയ്യുന്നതുപോലെ നാം അവ തമ്മിൽ കൂട്ടിക്കുഴയ്ക്കരുത്. (ഈ ലേഖനത്തിലും അടുത്ത ലേഖനത്തിലും നാം ഈ വാക്കുകളിൽ ഓരോന്നും കൈകാര്യം ചെയ്യുന്നതായിരിക്കും.)
3 ഈ ഗ്രീക്കുപദങ്ങളുടെ വ്യത്യാസം വിശദമാക്കവേ, ഫീലിയ “തീർച്ചയായും ഊഷ്മളതക്കും അടുപ്പത്തിനും പ്രീതിക്കും ഉള്ള ഒരു പദമാണ്” എന്ന് ഒരു പണ്ഡിതൻ കുറിക്കൊണ്ടു. നേരെമറിച്ച്, അഗാപെക്കു മനസ്സുമായാണു കൂടുതൽ ബന്ധം. അതുകൊണ്ട്, നാം നമ്മുടെ ശത്രുക്കളെ സ്നേഹിക്കണമെന്നു (അഗാപെ) പറയുമ്പോഴും നമുക്ക് അവരോടു പ്രീതി തോന്നുന്നില്ല. എന്തുകൊണ്ടില്ല? എന്തുകൊണ്ടെന്നാൽ “മോശമായ സഹവാസങ്ങൾ പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്നു.” (1 കൊരിന്ത്യർ 15:33, NW) ഇങ്ങനെയൊരു വ്യത്യാസമുണ്ടെന്നു വീണ്ടും കാട്ടിത്തരുന്നവയാണ് അപ്പോസ്തലനായ പത്രോസിന്റെ “നിങ്ങളുടെ സഹോദരപ്രീതിക്കു സ്നേഹവും പ്രദാനം ചെയ്യുക” എന്ന വാക്കുകൾ.—2 പത്രോസ് 1:7, NW; യോഹന്നാൻ 21:15-17a താരതമ്യപ്പെടുത്തുക.
വളരെ സവിശേഷമായ സഹോദരപ്രീതിയുടെ ദൃഷ്ടാന്തങ്ങൾ
4. യേശുവിനും യോഹന്നാനും പരസ്പരം സവിശേഷമായ പ്രീതിയുണ്ടായിരുന്നത് എന്തുകൊണ്ട്?
4 ദൈവവചനം നമുക്കു വളരെ സവിശേഷമായ സഹോദരപ്രീതിയുടെ നിരവധി ദൃഷ്ടാന്തങ്ങൾ നൽകുന്നു. ഈ സവിശേഷമായ സഹോദരപ്രീതി എന്തെങ്കിലും ഭ്രമത്തിന്റെ ഫലമല്ല, മറിച്ച് വിശിഷ്ടമായ ഗുണങ്ങളോടുള്ള വിലമതിപ്പിൽ അധിഷ്ഠിതമാണ്. അറിയപ്പെടുന്ന ഏററവും നല്ല ദൃഷ്ടാന്തം യേശുക്രിസ്തുവിന് അപ്പോസ്തലനായ യോഹന്നാനോട് ഉണ്ടായിരുന്ന പ്രീതിയാണെന്നതിനു സംശയമില്ല. യേശുവിനു തന്റെ വിശ്വസ്തരായ എല്ലാ അപ്പോസ്തലൻമാരോടും സഹോദരപ്രീതി ഉണ്ടായിരുന്നുവെന്നതിനു തർക്കമില്ല, അതിനു നല്ല കാരണവുമുണ്ട്. (ലൂക്കൊസ് 22:28) അവിടുന്ന് ഇതു പ്രകടമാക്കിയ ഒരു മാർഗം അവരുടെ പാദങ്ങൾ കഴുകി, അവർക്ക് എളിമയുടെ ഒരു നല്ല പാഠം നൽകിക്കൊണ്ടാണ്. (യോഹന്നാൻ 13:3-16) എന്നാൽ യേശുവിനു യോഹന്നാനോട് ഒരു പ്രത്യേക പ്രീതിയുണ്ടായിരുന്നു, അതു യോഹന്നാൻ ആവർത്തിച്ച് സൂചിപ്പിക്കുന്നുണ്ട്. (യോഹന്നാൻ 13:23; 19:26; 20:2) യേശുവിനു തന്റെ ശിഷ്യൻമാരോടും അപ്പോസ്തലൻമാരോടും പ്രീതി കാട്ടാനുള്ള കാരണമുണ്ടായിരുന്നു എന്നിരിക്കെ, യേശുവിനോടുള്ള തന്റെ ആഴമേറിയ വിലമതിപ്പു നിമിത്തം തന്നോടു പ്രത്യേക പ്രീതി തോന്നാൻ യോഹന്നാൻ യേശുവിന് ഇടനൽകിയിരിക്കാം. ഇതു യോഹന്നാന്റെ പുസ്തകങ്ങളിൽനിന്ന്, അദ്ദേഹത്തിന്റെ സുവിശേഷത്തിൽനിന്നും നിശ്വസ്ത ലേഖനങ്ങളിൽനിന്നും നമുക്കു കാണാവുന്നതാണ്. ആ പുസ്തകങ്ങളിൽ അദ്ദേഹം എത്ര കൂടെക്കൂടെ സ്നേഹത്തെക്കുറിച്ചു പരാമർശിക്കുന്നു! യേശുവിന്റെ ആത്മീയ ഗുണങ്ങളോടുള്ള യോഹന്നാന്റെ വലിയ മതിപ്പ് അദ്ദേഹം യോഹന്നാൻ 1, 13-17 എന്നീ അധ്യായങ്ങളിൽ എഴുതിയിരിക്കുന്നതിൽനിന്നും മനുഷ്യനാകുന്നതിനു മുമ്പത്തെ യേശുവിന്റെ അസ്ഥിത്വത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആവർത്തിച്ചുള്ള പരാമർശങ്ങളിൽനിന്നും ദൃശ്യമാണ്.—യോഹന്നാൻ 1:1-3; 3:13; 6:38, 42, 58; 17:5; 18:37.
5. പൗലോസിനും തിമോഥെയോസിനും പരസ്പരമുണ്ടായിരുന്ന സവിശേഷമായ പ്രീതിയെക്കുറിച്ച് എന്തു പറയാവുന്നതാണ്?
5 സമാനമായി, അപ്പോസ്തലനായ പൗലോസിനും അദ്ദേഹത്തിന്റെ ക്രിസ്തീയ സഹകാരിയായിരുന്ന തിമോഥെയോസിനും പരസ്പരമുണ്ടായിരുന്ന വളരെ സവിശേഷമായ പ്രീതിയെ നാം അവഗണിക്കാൻ ആഗ്രഹിക്കുകയില്ല, അതു തീർച്ചയായും ഇരുവരുടെയും ഗുണങ്ങളോടുള്ള വിലമതിപ്പിൽ അധിഷ്ഠിതമായിരുന്നു. പൗലോസിന്റെ എഴുത്തുകളിൽ തിമോഥെയോസിനെക്കുറിച്ച് “നിങ്ങളെ സംബന്ധിച്ച് പരമാർത്ഥമായി കരുതുവാൻ തുല്യചിത്തനായി എനിക്കു മററാരുമില്ല. . . . അവനോ മകൻ അപ്പന്നു ചെയ്യുന്നതുപോലെ എന്നോടുകൂടെ സുവിശേഷഘോഷണത്തിൽ സേവ ചെയ്തു എന്നുള്ള അവന്റെ സിദ്ധത നിങ്ങൾ അറിയുന്നുവല്ലോ.” (ഫിലിപ്പിയർ 2:20-22) തിമോഥെയോസിനോടുള്ള പൗലോസിന്റെ പ്രീതിവാത്സല്യത്തെ വെളിപ്പെടുത്തുന്ന വ്യക്തിപരമായ പരാമർശങ്ങൾ അദ്ദേഹത്തിന്റെ ലേഖനങ്ങളിൽ അനവധിയാണ്. ഉദാഹരണത്തിന്, 1 തിമൊഥെയൊസ് 6:20 ശ്രദ്ധിക്കുക: “അല്ലയോ തിമൊഥെയൊസേ, നിന്റെ പക്കൽ ഏല്പിച്ചിരിക്കുന്ന ഉപനിധി കാത്തു”കൊള്ളുക. (1 തിമൊഥെയൊസ് 4:12-16; 5:23; 2 തിമൊഥെയൊസ് 1:5; 3:14, 15 എന്നിവകൂടെ കാണുക.) തീത്തോസിനുള്ള പൗലോസിന്റെ ലേഖനങ്ങളോടു തിമോഥെയോസിനുള്ളവ താരതമ്യം ചെയ്താൽ ഈ യുവാവിനോടുള്ള പൗലോസിന്റെ സവിശേഷമായ പ്രീതി പ്രത്യേകിച്ച് എടുത്തുകാട്ടുന്നതായി കാണാം. “എന്റെ പ്രാർഥനയിൽ . . . ഇടവിടാതെ നിന്നെ സ്മരിച്ചു നിന്റെ കണ്ണുനീർ ഓർത്തും നിന്നെ കണ്ടു സന്തോഷപൂർണ്ണനാകുവാൻ വാഞ്ഛിച്ചുംകൊണ്ടു” എന്ന തിമോഥെയോസിനോടുള്ള 2 തിമൊഥെയൊസ് 1:3, 4-ലെ പൗലോസിന്റെ വാക്കുകളിൽനിന്നു നമുക്കു കാണാവുന്നതുപോലെ, തിമോഥെയോസിനും തങ്ങൾക്കിടയിലെ സൗഹൃദത്തെക്കുറിച്ച് അതുപോലെതന്നെ തോന്നിയിരിക്കണം.
6, 7. ദാവീദിനും യോനാഥാനും പരസ്പരം എന്തു വികാരമുണ്ടായിരുന്നു, എന്തുകൊണ്ട്?
6 ദാവീദിന്റെതും യോനാഥാന്റെതും പോലുള്ള നല്ല ഉദാഹരണങ്ങൾ എബ്രായ തിരുവെഴുത്തുകളും നൽകുന്നുണ്ട്. ദാവീദ് ഗോലിയാത്തിനെ കൊന്നതിനുശേഷം, “യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സോടു പററിച്ചേർന്നു; യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു” എന്നു നാം വായിക്കുന്നു. (1 ശമൂവേൽ 18:1) യഹോവയുടെ നാമത്തോടുള്ള ദാവീദിന്റെ തീക്ഷ്ണതയുടെ ദൃഷ്ടാന്തത്തോടും മല്ലനായ ഗോലിയാത്തിനെ നേരിടാൻ പുറപ്പെട്ടുപോകുന്നതിലുള്ള അദ്ദേഹത്തിന്റെ നിർഭയത്വത്തോടും ഉള്ള വിലമതിപ്പ് യോനാഥാനു ദാവീദിനോടു സവിശേഷമായ പ്രീതിയുണ്ടാകാൻ ഇടയാക്കി.
7 ദാവീദിനെ ശൗൽ രാജാവിൽനിന്നു സംരക്ഷിക്കുന്നതിനു തന്റെ ജീവനെ അപകടത്തിലാക്കാൻ തക്കവണ്ണം യോനാഥാനു ദാവീദിനോട് അത്ര പ്രീതിയുണ്ടായിരുന്നു. ഇസ്രയേലിന്റെ അടുത്ത രാജാവായിരിക്കാൻ യഹോവ ദാവീദിനെ തിരഞ്ഞെടുത്തതിൽ യോനാഥാൻ ഒരിക്കലും നീരസപ്പെട്ടില്ല. (1 ശമൂവേൽ 23:17) ദാവീദിനു യോനാഥാനോടും തുല്യ അളവിൽ അഗാധമായ പ്രീതിയുണ്ടായിരുന്നു. ഇത് അദ്ദേഹം യോനാഥാന്റെ മരണത്തിൽ ദുഃഖിച്ചുകരഞ്ഞപ്പോൾ പറഞ്ഞ “സോദരാ, ജോനാഥാൻ, നിന്നെയോർത്തു ഞാൻ ദുഃഖിക്കുന്നു; നീ എനിക്കു അതിവത്സലനായിരുന്നു; എന്നോടുള്ള നിന്റെ സ്നേഹം സ്ത്രീകളുടെ പ്രേമത്തെക്കാൾ അഗാധമായിരുന്നു” എന്ന വാക്കുകളിൽനിന്നു വ്യക്തമാണ്.—2 സാമുവൽ 1:26, പി.ഒ.സി. ബൈ.
8. ഏതു രണ്ടു സ്ത്രീകൾ പരസ്പരം സവിശേഷമായ പ്രീതി പ്രകടമാക്കി, എന്തുകൊണ്ട്?
8 എബ്രായ തിരുവെഴുത്തുകളിൽ, നവോമി, വിധവയായ മരുമകൾ രൂത്ത്, എന്നീ രണ്ടു സ്ത്രീകളുടെ ഭാഗത്തെ സവിശേഷമായ പ്രീതിയുടെ നല്ല ദൃഷ്ടാന്തവുമുണ്ട്. നവോമിയോടുള്ള രൂത്തിന്റെ വാക്കുകൾ ഓർമിക്കുക: “നിന്നെ വിട്ടുപിരിവാനും നിന്റെ കൂടെ വരാതെ മടങ്ങിപ്പോകുവാനും എന്നോടു പറയരുതേ; നീ പോകുന്നേടത്തു ഞാനും പോരും; നീ പാർക്കുന്നേടത്തു ഞാനും പാർക്കും; നിന്റെ ജനം എന്റെ ജനം, നിന്റെ ദൈവം എന്റെ ദൈവം.” (രൂത്ത് 1:16) നവോമി, തന്റെ നടത്ത, യഹോവയെക്കുറിച്ചുള്ള തന്റെ സംസാരം എന്നിവയിലൂടെയാണ് രൂത്തിന്റെ വിലമതിപ്പോടെയുള്ള ഈ പ്രതികരണത്തിന് ഉത്തേജനമേകിയതെന്നു നാം നിഗമനം ചെയ്യേണ്ടതല്ലേ?—ലൂക്കൊസ് 6:40 താരതമ്യം ചെയ്യുക.
അപ്പോസ്തലനായ പൗലോസിന്റെ ദൃഷ്ടാന്തം
9. സഹോദരപ്രീതിയുടെ കാര്യത്തിൽ പൗലോസ് മാതൃകായോഗ്യനായിരുന്നെന്ന് എന്തു പ്രകടമാക്കുന്നു?
9 നാം കണ്ടതുപോലെ, അപ്പോസ്തലനായ പൗലോസിനു തിമോഥെയോസിനോടു വളരെ സവിശേഷമായ പ്രീതിയുണ്ടായിരുന്നു. എന്നാൽ അദ്ദേഹം തന്റെ സഹോദരൻമാരോടു മൊത്തത്തിൽ ഊഷ്മളമായ സഹോദരപ്രീതി കാണിക്കുന്നതിലും വിശിഷ്ടമായ മാതൃക വെച്ചു. “ഞാൻ മൂന്നു സംവത്സരം രാപ്പകൽ ഇടവിടാതെ കണ്ണുനീർ വാർത്തുംകൊണ്ടു ഓരോരുത്തന്നു ബുദ്ധി പറഞ്ഞുതന്നതു ഓർത്തുകൊൾവിൻ” എന്ന് അദ്ദേഹം എഫേസൂസിൽനിന്നുള്ള മൂപ്പൻമാരോടു പറഞ്ഞു. ഇത് ഊഷ്മളമായ ക്രിസ്തീയ സ്നേഹമായിരുന്നില്ലേ? യാതൊരു സംശയവുമില്ല! അവർക്കു പൗലോസിനോടും അങ്ങനെതന്നെ തോന്നി. അദ്ദേഹത്തെ തങ്ങൾ മേലാൽ കാണുകയില്ല എന്നു മനസ്സിലാക്കിയപ്പോൾ “എല്ലാവരും വളരെ കരഞ്ഞു. . . . അവർ ഏററവും ദുഃഖിച്ചു പൌലോസിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.” (പ്രവൃത്തികൾ 20:31, 37, 38) വിലമതിപ്പിൽ അധിഷ്ഠിതമായ സഹോദരപ്രീതി? അതേ! “ഞങ്ങളുടെ വായി നിങ്ങളോടു തുറന്നിരിക്കുന്നു; ഞങ്ങളുടെ ഹൃദയം വിശാലമായിരിക്കുന്നു. ഞങ്ങളുടെ ഉള്ളിൽ നിങ്ങൾക്കു ഇടുക്കമില്ല, നിങ്ങളുടെ ഹൃദയങ്ങളിൽ അത്രേ ഇടുക്കമുള്ളതു. ഇതിന്നു പ്രതിഫലമായി നിങ്ങളും വിശാലതയുള്ളവരായിരിപ്പിൻ എന്നു ഞാൻ മക്കളോടു എന്നപോലെ നിങ്ങളോടു പറയുന്നു” എന്ന് അദ്ദേഹം 2 കൊരിന്ത്യർ 6:11-13-ൽ പറഞ്ഞ വാക്കുകളിൽനിന്നും അദ്ദേഹത്തിന്റെ സഹോദരപ്രീതി മനസ്സിലാക്കാവുന്നതാണ്.
10. രണ്ടു കൊരിന്ത്യർ 11-ാമധ്യായത്തിൽ താൻ അനുഭവിച്ച പീഡാനുഭവങ്ങളെക്കുറിച്ചു പറയാൻ പൗലോസിനെ സഹോദരപ്രീതിയുടെ എന്തു കുറവാണ് ഇടയാക്കിയത്?
10 അപ്പോസ്തലനായ പൗലോസിനോടുള്ള വിലമതിപ്പോടുകൂടിയ സഹോദരപ്രീതിയുടെ കാര്യത്തിൽ കൊരിന്തിലുള്ള അനേകർ കുറവുള്ളവരായിരുന്നു എന്നതു വ്യക്തമായിരുന്നു. അതുകൊണ്ട് അവരിൽ ചിലർ ഇങ്ങനെ പരാതിപ്പെട്ടു: “അവന്റെ ലേഖനങ്ങൾ ഘനവും ഊററവും ഉള്ളവ തന്നേ. ശരീരസന്നിധിയോ ബലഹീനവും വാക്കു നിന്ദ്യവുമത്രേ.” (2 കൊരിന്ത്യർ 10:10) അതുകൊണ്ടാണു പൗലോസ് “അതിശ്രേഷ്ഠതയുള്ള അപ്പോസ്തലൻമാ”രെക്കുറിച്ചു പരാമർശിച്ചതും 2 കൊരിന്ത്യർ 11:5, 22-33-ൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രകാരം താൻ അനുഭവിച്ച പീഡാനുഭവങ്ങളെക്കുറിച്ചു പറയാൻ പ്രേരിതനായതും.
11. തെസ്സലോനിക്കയിലെ ക്രിസ്ത്യാനികളോടു പൗലോസിനു പ്രീതിയുണ്ടായിരുന്നു എന്നതിന് എന്തു തെളിവുണ്ട്?
11 താൻ ശുശ്രൂഷ ചെയ്തവരോടുള്ള പൗലോസിന്റെ പ്രീതി 1 തെസ്സലൊനീക്യർ 2:8-ലെ “ഇങ്ങനെ ഞങ്ങൾ നിങ്ങളെ ഓമനിച്ചുകൊണ്ടു നിങ്ങൾക്കു ദൈവത്തിന്റെ സുവിശേഷം പ്രസംഗിപ്പാൻ മാത്രമല്ല, നിങ്ങൾ ഞങ്ങൾക്കു പ്രിയരാകയാൽ ഞങ്ങളുടെ പ്രാണനുംകൂടെ വെച്ചുതരുവാൻ ഒരുക്കമായിരുന്നു” എന്ന തന്റെ വാക്കുകളിൽനിന്നു വ്യക്തമാണ്. വാസ്തവത്തിൽ, ഈ പുതിയ സഹോദരൻമാർ പീഡനങ്ങൾ സഹിച്ചുനിൽക്കുന്നത് എങ്ങനെയെന്ന് അറിയാനുള്ള ആകാംക്ഷ അടക്കാനാകാത്തവിധം വർധിച്ചപ്പോൾ അദ്ദേഹം തിമോഥെയോസിനെ അയച്ചു. അദ്ദേഹം നല്ല റിപ്പോർട്ടു നൽകുകയും അതു പൗലോസിന് ആശ്വാസം പകരുകയും ചെയ്തു. (1 തെസ്സലൊനീക്യർ 3:1, 2, 6, 7) തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (Insight on the Scriptures) എന്ന പുസ്തകം “പൗലോസും അദ്ദേഹം ശുശ്രൂഷ ചെയ്തവരും തമ്മിൽ സഹോദരപ്രീതിയുടെ ഒരു ഉററ ബന്ധം നിലനിന്നു” എന്ന് ഉചിതമായി കുറിക്കൊള്ളുന്നു.
വിലമതിപ്പ്—സഹോദരപ്രീതിയുടെ താക്കോൽ
12. നമ്മുടെ സഹോദരൻമാരോട് ഊഷ്മളമായ പ്രീതി കാട്ടുന്നതിന് എന്തു കാരണങ്ങളുണ്ട്?
12 നിസ്സംശയമായും, സഹോദരപ്രീതിയുടെ താക്കോൽ വിലമതിപ്പാണ്. യഹോവയുടെ സമർപ്പിത ദാസൻമാർക്കെല്ലാം നാം വിലമതിക്കുന്നതും നമ്മുടെ പ്രീതി പിടിച്ചുപററാൻ പോന്നതും അവരെ നമുക്കു പ്രിയപ്പെട്ടവരാക്കുന്നതും ആയ ഗുണങ്ങൾ ഇല്ലേ? നാമെല്ലാം ഒന്നാമതു ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിക്കുന്നു. നാമെല്ലാം നമ്മുടെ മൂന്നു പൊതു ശത്രുക്കൾക്കെതിരെ—സാത്താനും അവന്റെ ഭൂതങ്ങൾക്കും സാത്താന്റെ നിയന്ത്രണത്തിൻ കീഴിലുള്ള ദുഷ്ട ലോകത്തിനും വീഴ്ച ഭവിച്ച ജഡം അവകാശപ്പെടുത്തിയ സ്വാർഥ പ്രവണതകൾക്കും എതിരെ—ധീരമായ പോരാട്ടം നടത്തുന്നു. നമ്മുടെ സഹോദരൻമാർ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ തങ്ങളുടെ പരമാവധി ചെയ്യുന്നുവെന്ന നിലപാടു നാം എല്ലായ്പോഴും സ്വീകരിക്കേണ്ടതല്ലേ? ലോകത്തിലെ സകലരും ഒന്നുകിൽ ദൈവത്തിന്റെ പക്ഷത്ത് അല്ലെങ്കിൽ സാത്താന്റെ പക്ഷത്ത് ആയിരിക്കുന്നു. നമ്മുടെ സമർപ്പിത സഹോദരീസഹോദരൻമാർ യഹോവയുടെ ഭാഗത്താണ്, അതേ, നമ്മുടെ ഭാഗത്താണ്, അതിനാൽ അവർ നമ്മുടെ സഹോദരപ്രീതി അർഹിക്കുന്നു.
13. മൂപ്പൻമാരോടു നമുക്ക് ഊഷ്മളമായ പ്രീതിയുണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
13 നമ്മുടെ മൂപ്പൻമാരെ വിലമതിക്കുന്നതിനെക്കുറിച്ചെന്ത്? സഭയുടെ താത്പര്യങ്ങൾക്കുവേണ്ടി കഠിനമായി പ്രയത്നിക്കുന്ന അവരുടെ രീതി കണക്കിലെടുത്ത് നമ്മുടെ ഹൃദയത്തിൽ അവർക്കായി ഊഷ്മളമായ ഒരു സ്ഥാനമുണ്ടായിരിക്കേണ്ടതല്ലേ? നാമെല്ലാവരെയുംപോലെതന്നെ, അവർക്കു സ്വന്തമായും കുടുംബങ്ങൾക്കുവേണ്ടിയും കരുതേണ്ടതുണ്ട്. അവർക്ക്, ബാക്കിയുള്ള നാമെല്ലാം ചെയ്യുന്നതുപോലെ വ്യക്തിപരമായ പഠനം നടത്താനും സഭായോഗങ്ങൾക്കു ഹാജരാകാനും വയൽശുശ്രൂഷയിൽ പങ്കുപററാനും ഉള്ള അതേ ഉത്തരവാദിത്വങ്ങളുമുണ്ട്. കൂടുതലായി, അവർക്ക് യോഗങ്ങളിലെ പരിപാടികൾക്കുവേണ്ടി തയ്യാറാകാനും പരസ്യപ്രസംഗങ്ങൾ അവതരിപ്പിക്കാനും ചിലപ്പോൾ മണിക്കൂറുകളോളം വിസ്താരം നടത്തേണ്ടിവരുന്ന, സഭയിൽ പൊന്തിവരുന്ന പ്രശ്നങ്ങൾ കൈകാര്യം ചെയ്യാനും ഉള്ള ഉത്തരവാദിത്വമുണ്ട്. തീർച്ചയായും “അത്തരം പുരുഷൻമാരെ പ്രിയരായി കണക്കാ”ക്കാൻ നാം ആഗ്രഹിക്കുന്നു.—ഫിലിപ്പിയർ 2:29.
സഹോദരപ്രീതി പ്രകടമാക്കൽ
14. സഹോദരപ്രീതി കാട്ടാൻ ഏതു തിരുവെഴുത്തുകൾ നമ്മോടു കൽപ്പിക്കുന്നു?
14 യഹോവയെ പ്രസാദിപ്പിക്കുന്നതിന്, യേശുക്രിസ്തുവും പൗലോസും ചെയ്തതുപോലെ നാം നമ്മുടെ സഹവിശ്വാസികളോടു സഹോദരപ്രീതിയുടെ ഊഷ്മളമായ വികാരങ്ങൾ പ്രകടമാക്കേണ്ടതുണ്ട്. “[സഹോദരപ്രീതിയിൽ] പരസ്പരം മൃദുല വാത്സല്യമുണ്ടായിരിക്കുക” എന്നു നാം വായിക്കുന്നു. (റോമർ 12:10, കിംഗ്ഡം ഇൻറർലീനിയർ) “[സഹോദരപ്രീതിയെക്കുറിച്ചു] ഞങ്ങൾ നിങ്ങൾക്ക് എഴുതേണ്ട ആവശ്യമില്ല, കാരണം അന്യോന്യം സ്നേഹിപ്പാൻ ദൈവം നിങ്ങളെ പഠിപ്പിച്ചിരിക്കുന്നു.” (1 തെസ്സലൊനീക്യർ 4:9, ഇൻറർ.) “നിങ്ങളുടെ [സഹോദരപ്രീതി] തുടരട്ടെ.” (എബ്രായർ 13:1, ഇൻറർ.) നമ്മുടെ സ്വർഗീയ പിതാവിന്റെ ഭൗമിക മക്കളോടു നാം സഹോദരപ്രീതി കാട്ടുമ്പോൾ അവിടുന്നു തീർച്ചയായും സന്തുഷ്ടനായിത്തീരുന്നു!
15. സഹോദരപ്രീതി പ്രകടമാക്കാനുള്ള ചില മാർഗങ്ങൾ ഏവ?
15 അപ്പോസ്തലിക കാലങ്ങളിൽ ക്രിസ്ത്യാനികൾ “വിശുദ്ധ ചുംബനംകൊണ്ടു” അഥവാ “സ്നേഹചുംബനത്താൽ” പരസ്പരം അഭിവാദനം ചെയ്യുന്നതു ശീലമാക്കാൻ കല്പിക്കപ്പെട്ടിരുന്നു. (റോമർ 16:16; 1 പത്രൊസ് 5:14) തീർച്ചയായും സഹോദരപ്രീതിയുടെ ഒരു പ്രകടനംതന്നെ! ഇന്ന്, ഭൂമിയുടെ മിക്ക ഭാഗങ്ങളിലും ഏറെ അനുയോജ്യമായ പ്രകടനം ആത്മാർഥവും സൗഹൃദപരവും ആയ ഒരു പുഞ്ചിരിയും ദൃഢമായ ഒരു ഹസ്തദാനവും ആയിരിക്കും. മെക്സിക്കോപോലുള്ള ലത്തീൻ നാടുകളിൽ ആലിംഗനത്തിന്റെ രൂപത്തിലുള്ള അഭിവാദനമുണ്ട്, തീർച്ചയായും പ്രീതിയുടെ ഒരു പ്രകടനംതന്നെ. ഈ സഹോദരൻമാരുടെ പക്ഷത്തുനിന്നുള്ള ഊഷ്മളമായ പ്രീതിയായിരിക്കാം തങ്ങളുടെ രാജ്യങ്ങളിലെ വൻവർധനവിന്റെ ഒരു കാരണം.
16. നമ്മുടെ രാജ്യഹാളിൽ സഹോദരപ്രീതി കാട്ടാൻ നമുക്ക് ഏതവസരങ്ങൾ ഉണ്ട്?
16 നാം രാജ്യഹാളിൽ പ്രവേശിക്കുമ്പോൾ, സഹോദരപ്രീതി പ്രകടമാക്കാൻ ഒരു പ്രത്യേക ശ്രമം നടത്താറുണ്ടോ? അതു പ്രോത്സാഹജനകമായ വാക്കുകൾ പറയാൻ നമ്മെ ഇടയാക്കും, പ്രത്യേകിച്ചും വിഷാദമഗ്നരായി കാണപ്പെടുന്നവരോട്. “വിഷാദമുള്ള ദേഹികളോട് ആശ്വാസദായകമായി സംസാരിക്കുക” എന്നു നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നു. (1 തെസ്സലോനിക്യർ 5:14, NW) അതു തീർച്ചയായും സഹോദരപ്രീതിയുടെ ഊഷ്മളത പ്രകടമാക്കാനുള്ള ഒരു മാർഗമാണ്. മറെറാരു നല്ല മാർഗം നല്ല ഒരു പരസ്യപ്രസംഗത്തെക്കുറിച്ചോ, നന്നായി കൈകാര്യം ചെയ്ത ഒരു യോഗഭാഗത്തെക്കുറിച്ചോ, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ഒരു വിദ്യാർഥി ചെലുത്തിയ നല്ല ശ്രമത്തെക്കുറിച്ചോ മറേറാ വിലമതിപ്പു പ്രകടമാക്കുന്നതാണ്.
17. ഒരു മൂപ്പൻ സഭയുടെ പ്രീതി നേടിയത് എങ്ങനെ?
17 നമ്മുടെ ഭവനത്തിലേക്ക് ഒരു ഭക്ഷണത്തിനോ അല്ലെങ്കിൽ ഒരുപക്ഷേ അധികം വൈകുന്നില്ലെങ്കിൽ യോഗാനന്തരം ഒരു കാപ്പിസത്കാരത്തിനോ പലരെ ക്ഷണിക്കുന്നതു സംബന്ധിച്ചെന്ത്? ലൂക്കൊസ് 14:12-14 വരെയുള്ള യേശുവിന്റെ ബുദ്ധ്യുപദേശം നമ്മെ ഭരിക്കാൻ നാം അനുവദിക്കേണ്ടതല്ലേ? മറെറല്ലാവരും ഒരു വ്യത്യസ്ത വംശത്തിൽ പെട്ടവരായിരുന്ന ഒരു സഭയിൽ ഒരു മുൻ മിഷനറി അധ്യക്ഷമേൽവിചാരകനായി നിയമിക്കപ്പെട്ടു. സഹോദരപ്രീതിയുടെ അഭാവം അദ്ദേഹം മനസ്സിലാക്കി. അതുകൊണ്ട്, ആ അവസ്ഥ തിരുത്തുന്നതിന് അദ്ദേഹം ഒരു പദ്ധതി നടപ്പിലാക്കി. എങ്ങനെ? ഞായറാഴ്ചതോറും ഓരോ കുടുംബത്തെ ഭക്ഷണത്തിനു ക്ഷണിച്ചുകൊണ്ട്. ഒരു വർഷം കഴിഞ്ഞപ്പോൾ എല്ലാവരും അദ്ദേഹത്തോട് ഊഷ്മളമായ സഹോദരപ്രീതി പ്രകടമാക്കി.
18. അസുഖമുള്ള നമ്മുടെ സഹോദരീസഹോദരൻമാരോടു നമുക്ക് എങ്ങനെ സഹോദരപ്രീതി പ്രകടമാക്കാം?
18 ഒരു സഹോദരനോ സഹോദരിയോ അസുഖമായി വീട്ടിലോ ഒരാശുപത്രിയിലോ ആയിരിക്കുമ്പോൾ നാം കരുതലുള്ളവരാണെന്ന് ആ വ്യക്തിയെ അറിയിക്കാൻ സഹോദരപ്രീതി നമുക്ക് ഇടവരുത്തും. അല്ലെങ്കിൽ ആതുരാലയങ്ങളിൽ ജീവിക്കുന്നവരെക്കുറിച്ചെന്ത്? എന്തുകൊണ്ട് ഒരു വ്യക്തിപരമായ സന്ദർശനം നടത്തുകയോ, ഒന്നു ഫോൺ വിളിക്കുകയോ, ഊഷ്മളമായ വികാരങ്ങൾ പ്രകടമാക്കിക്കൊണ്ട് ഒരു കാർഡ് അയയ്ക്കുകയോ ചെയ്തുകൂടാ?
19, 20. നമ്മുടെ സഹോദരപ്രീതി വിശാലതയുള്ളതാണെന്നു നമുക്കെങ്ങനെ കാട്ടാം?
19 സഹോദരപ്രീതിയുടെ ഇത്തരം പ്രകടനങ്ങൾ നടത്തുമ്പോൾ നമുക്കു നമ്മോടുതന്നെ ഇങ്ങനെ ചോദിക്കാം, ‘എന്റെ സഹോദരപ്രീതി പക്ഷപാതപരമാണോ? എന്റെ സഹോദരപ്രീതിയുടെ പ്രകടനങ്ങളെ തൊലിയുടെ നിറമോ, വിദ്യാഭ്യാസമോ, ഭൗതിക സ്വത്തുക്കളോ സ്വാധീനിക്കാറുണ്ടോ? കൊരിന്തിലുള്ള ക്രിസ്ത്യാനികളെ പൗലോസ് ബുദ്ധ്യുപദേശിച്ചതുപോലെ എന്റെ സഹോദരപ്രീതിയിൽ ഞാൻ വിശാലതയുള്ളവനാകേണ്ടതുണ്ടോ?’ സഹോദരപ്രീതി നമ്മുടെ സഹോദരൻമാരുടെ നല്ല വശങ്ങളെ വിലമതിച്ചുകൊണ്ട് അവരെ ക്രിയാത്മകമായി വീക്ഷിക്കാൻ നമ്മെ ഇടയാക്കും. നമ്മുടെ സഹോദരൻമാരുടെ ആത്മീയ മുന്നേററങ്ങളിൽ അസൂയപ്പെടുന്നതിനു പകരം സന്തോഷിക്കാനും സഹോദരപ്രീതി നമ്മെ സഹായിക്കും.
20 ശുശ്രൂഷയിൽ നമ്മുടെ സഹോദരൻമാരെ സഹായിക്കാനും സഹോദരപ്രീതി നമ്മെ ജാഗ്രതയുള്ളവരാക്കണം. അതു നമ്മുടെ ഒരു ഗീതത്തിൽ (നമ്പർ 92) പറയുന്നതുപോലെയാണ്:
“ആർദ്രമായ് താങ്ങാം ക്ഷീണിതരെ,
അവരും ധീരം ഘോഷിക്കുവാൻ.
ബാലകരെ നാം ഓർക്കുകെന്നും;
ഭയവിഹീനം ശക്തിപ്രാപിപ്പാൻ.”
21. നാം സഹോദരപ്രീതി കാട്ടുമ്പോൾ നമുക്ക് എന്തു പ്രതികരണം പ്രതീക്ഷിക്കാം?
21 അതുകൊണ്ട്, സഹോദരപ്രീതി പ്രകടമാക്കുന്നതിൽ യേശു തന്റെ ഗിരിപ്രഭാഷണത്തിൽ പ്രസ്താവിച്ച തത്ത്വം ബാധകമാകുന്നുവെന്നതു നമുക്കു മറക്കാതിരിക്കാം: “കൊടുപ്പിൻ; എന്നാൽ നിങ്ങൾക്കു കിട്ടും; അമർത്തി കുലുക്കി കവിയുന്നൊരു നല്ല അളവു നിങ്ങളുടെ മടിയിൽ തരും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നുകിട്ടും.” (ലൂക്കൊസ് 6:38) നമ്മെപ്പോലെതന്നെ യഹോവയുടെ ദാസൻമാരായിരിക്കുന്ന മററുള്ളവരോടു മതിപ്പു പ്രകടമാക്കിക്കൊണ്ടു സഹോദരപ്രീതി കാട്ടുമ്പോൾ നാം സ്വയം പ്രയോജനം അനുഭവിക്കുന്നു. സഹോദരപ്രീതി പ്രകടമാക്കുന്നതിൽ ആനന്ദിക്കുന്നവർ തീർച്ചയായും സന്തുഷ്ടരാണ്!
[അടിക്കുറിപ്പ്]
a പിൻവരുന്ന, “സ്നേഹം (അഗാപെ)—അത് എന്തല്ല, എന്താണ്” എന്ന ലേഖനം കാണുക.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ ഏതു ഗ്രീക്കുപദങ്ങൾ നമ്മുടെ വികാരങ്ങളോടു ബന്ധപ്പെട്ടിരിക്കുന്നു, അവ തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നത് എങ്ങനെ?
◻ സഹോദരപ്രീതിയുടെ താക്കോൽ എന്താണ്?
◻ സവിശേഷമായ സഹോദരപ്രീതിക്കു നമുക്ക് ഏതു തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ ഉണ്ട്?
◻ നമ്മുടെ സഹോദരൻമാരോടും മൂപ്പൻമാരോടും നമുക്ക് ഊഷ്മളമായ പ്രീതിയുണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
[15-ാം പേജിലെ ചിത്രം]
അപ്പോസ്തലനായ പത്രോസ് തന്റെ സഹോദരൻമാരോട് അവരുടെ വിശ്വാസത്തിനും മററു ക്രിസ്തീയ ഗുണങ്ങൾക്കും സഹോദരപ്രീതി പ്രദാനം ചെയ്യാൻ പ്രോത്സാഹിപ്പിച്ചു