താഴ്മയുള്ളവർ സന്തുഷ്ടർ
“ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നൽകുന്നു.”—1 പത്രൊസ് 5:5.
1, 2. തന്റെ ഗിരിപ്രഭാഷണത്തിൽ യേശു സന്തുഷ്ടരായിരിക്കുന്നതും താഴ്മയുള്ളവരായിരിക്കുന്നതും തമ്മിൽ ബന്ധപ്പെടുത്തിയത് എങ്ങനെയായിരുന്നു?
“സന്തുഷ്ടിയുണ്ടായിരിക്കുന്നതും താഴ്മയുണ്ടായിരിക്കുന്നതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യനായ യേശുക്രിസ്തു തന്റെ പ്രശസ്തിയാർജിച്ച പ്രസംഗത്തിൽ ഒൻപത് സന്തുഷ്ടികളെപ്പററി, അഥവാ, അനുഗ്രഹങ്ങളെപ്പററി വർണിക്കുന്നു. (മത്തായി 5:1-12) സന്തുഷ്ടിയുണ്ടായിരിക്കുന്നതിനെ താഴ്മയുണ്ടായിരിക്കുന്നതുമായി യേശു ബന്ധപ്പെടുത്തിയോ? ഉവ്വ്, അവിടുന്നു ബന്ധപ്പെടുത്തുകതന്നെ ചെയ്തു. അവിടുന്നു സൂചിപ്പിച്ച അനേകം സന്തുഷ്ടികളിൽ താഴ്മയുണ്ടായിരിക്കുന്നത് ഉൾപ്പെടുന്നു. ഉദാഹരണത്തിന്, തന്റെ ആത്മീയ ആവശ്യങ്ങളെക്കുറിച്ചു ബോധവാനായിരിക്കാൻ ഒരു വ്യക്തി താഴ്മയുള്ളവനായിരിക്കേണ്ടതുണ്ട്. താഴ്യുള്ളവർ മാത്രമേ നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നുള്ളൂ. അഹങ്കാരികൾ ശാന്തശീലരോ കരുണാസമ്പന്നരോ സമാധാനമുണ്ടാക്കുന്നവരോ അല്ല.
2 താഴ്മയുള്ളവർ സന്തുഷ്ടരാണ്, കാരണം താഴ്മയുള്ളവരായിരിക്കുക എന്നത് ശരിയും സത്യസന്ധവുമായ ഒരു സംഗതിയാണ്. കൂടാതെ, താഴ്മയുള്ളവരായിരിക്കുന്നതു ജ്ഞാനപൂർവകമായ കാര്യമായതുകൊണ്ടും താഴ്മയുള്ളവർ സന്തുഷ്ടരാണ്; അത് യഹോവയോടും സഹക്രിസ്ത്യാനികളോടും നല്ല ബന്ധം ഊട്ടിവളർത്തുന്നു. അതിലുപരി, താഴ്മയുള്ളവരായിരിക്കുന്നത് അവരുടെ ഭാഗത്തെ ഒരു സ്നേഹപ്രകടനമായിരിക്കുന്നതിനാലും താഴ്മയുള്ളയാളുകൾ സന്തുഷ്ടരാണ്.
3. സത്യസന്ധത നമ്മെ താഴ്മയുള്ളവരാകാൻ ബാധ്യസ്ഥരാക്കുന്നതെന്തുകൊണ്ട്?
3 സത്യസന്ധരായിരിക്കാൻ നാം താഴ്മയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്? നാമെല്ലാം അപൂർണത അവകാശപ്പെടുത്തി തെററുകൾ ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ് അതിനുള്ള ഒരു കാരണം. “എന്റെ ജഡത്തിൽ നൻമ വസിക്കുന്നില്ല എന്നു ഞാൻ അറിയുന്നു; നൻമ ചെയ്വാനുള്ള താല്പര്യം എനിക്കുണ്ട്; പ്രവർത്തിക്കുന്നതോ ഇല്ല” എന്നു തന്നേപ്പററിത്തന്നെ അപ്പോസ്തലനായ പൗലോസ് പറഞ്ഞു. (റോമർ 7:18) അതെ, നാമെല്ലാവരും പാപം ചെയ്തു ദൈവമഹത്ത്വത്തിനു നിരക്കാത്തവരായി. (റോമർ 3:23) പരമാർഥത നമ്മെ അഹങ്കാരികളാകുന്നതിൽനിന്നു തടയും. തെററു സമ്മതിക്കണമെങ്കിൽ താഴ്മ ആവശ്യമാണ്, നാം എപ്പോൾ തെററുചെയ്താലും സത്യസന്ധതയുണ്ടെങ്കിൽ അതു നമ്മെ കുററമേല്ക്കാൻ സഹായിക്കും. നാം എത്തിപ്പിടിക്കാൻ ശ്രമിക്കുന്നിടത്ത് നാം എത്തിച്ചേരാൻ പരാജയപ്പെടുന്നതിനാൽ താഴ്മയുള്ളവരായിരിക്കാൻ നമുക്ക് ഈടുററ കാരണമുണ്ട്.
4. നാം താഴ്മയുള്ളവരായിരിക്കാൻ 1 കൊരിന്ത്യർ 4:7-ൽ ഏതു നിർബന്ധിത കാരണം നൽകപ്പെട്ടിരിക്കുന്നു?
4 സത്യസന്ധത നമ്മെ താഴ്മയുള്ളവരാക്കുന്നത് എന്തുകൊണ്ടെന്നതിന് അപ്പോസ്തലനായ പൗലോസ് നമുക്കു മറെറാരു കാരണവും തരുന്നുണ്ട്. “നിന്നെ വിശേഷിപ്പിക്കുന്നത് ആർ? ലഭിച്ചതല്ലാതെ നിനക്കു എന്തുള്ളു? ലഭിച്ചതെങ്കിലോ ലഭിച്ചതല്ല എന്നപോലെ പ്രശംസിക്കുന്നത് എന്ത്?” എന്ന് അദ്ദേഹം ചോദിക്കുന്നു. (1 കൊരിന്ത്യർ 4:7) നാം നമുക്കായിത്തന്നെ മഹത്ത്വമെടുക്കുന്നെങ്കിൽ, നമ്മുടെ സ്വത്തുക്കളെയോ പ്രാപ്തികളെയോ നേട്ടങ്ങളെയോ സംബന്ധിച്ച് നാം മേനി വിചാരിക്കുന്നെങ്കിൽ അതു സത്യസന്ധമായിരിക്കില്ല എന്നതിന് ഒരു സംശയവും വേണ്ട. “സകലത്തിലും നല്ലവരായി [“സത്യസന്ധരായി,” NW] നടപ്പാൻ” നമുക്കു കഴിയുമാറു സത്യസന്ധത ദൈവമുമ്പാകെ നമുക്കുള്ള നല്ലൊരു മനസ്സാക്ഷിയെ ഊട്ടിവളർത്തും.—എബ്രായർ 13:18.
5. നാം ഒരു തെററു ചെയ്തിട്ടുള്ളപ്പോൾ സത്യസന്ധതയും നമ്മെ എങ്ങനെ സഹായിക്കും?
5 നമുക്കു പിഴവുകൾ സംഭവിക്കുമ്പോൾ താഴ്മയുള്ളവരായിരിക്കാൻ സത്യസന്ധത നമ്മെ സഹായിക്കുന്നു. സ്വയം ന്യായീകരിക്കാൻ ശ്രമിക്കുന്നതിനോ മററാരുടെയെങ്കിലും പുറത്തു പഴിചാരുന്നതിനോ പകരം കുററമേൽക്കാൻ അതു നമ്മെത്തന്നെ മനസ്സൊരുക്കമുള്ളവരാക്കുന്നു. ആദാം ഹവ്വായെ പഴിചാരിയെങ്കിലും ദാവീദ് ബത്ത്-ശേബയെ പഴിചാരിയില്ല, ‘മററുള്ളവർ കാണത്തക്കവിധം അവൾ കുളിച്ചുകൊണ്ടിരിക്കരുതായിരുന്നു, പ്രലോഭനം ഒഴിവാക്കാൻ എനിക്കു കഴിയുമായിരുന്നില്ല’ എന്ന് അദ്ദേഹം പറഞ്ഞില്ല. (ഉല്പത്തി 3:12; 2 ശമൂവേൽ 11:2-4) വാസ്തവത്തിൽ, സത്യസന്ധമായിരിക്കുന്നതു നമ്മെ താഴ്മയുള്ളവരാകാനും അതുപോലെതന്നെ താഴ്മയുള്ളവരായിരിക്കുന്നതു നമ്മെ സത്യസന്ധരാകാനും സഹായിക്കും എന്നു പറയാം.
യഹോവയിലുള്ള വിശ്വാസം നമ്മെ താഴ്മയുള്ളവരാകാൻ സഹായിക്കുന്നു
6, 7. താഴ്മയുള്ളവരായിരിക്കാൻ ദൈവത്തിലുള്ള വിശ്വാസം നമ്മെ എങ്ങനെ സഹായിക്കുന്നു?
6 താഴ്മയുള്ളവരാകാൻ യഹോവയിലുള്ള വിശ്വാസവും നമ്മെ സഹായിക്കും. അഖിലാണ്ഡ പരമാധികാരിയായ സ്രഷ്ടാവ് എത്ര വലിയവനെന്നു മനസ്സിലാക്കുന്നതു നമ്മെത്തന്നെ പ്രാധാന്യമുള്ള വ്യക്തികളായി വീക്ഷിക്കുന്നതിൽനിന്നും നമ്മെ തടയും. ഇക്കാര്യം എത്ര നന്നായി യെശയ്യാ പ്രവാചകൻ നമ്മെ ഓർമിപ്പിക്കുന്നു! യെശയ്യാവു 40:15, 22-ൽ നാം ഇപ്രകാരം വായിക്കുന്നു: “ഇതാ ജാതികൾ തുലാക്കൊട്ടയിലെ ഒരു തുള്ളിപോലെയും, തുലാസിലെ ഒരു പൊടിപോലെയും അവന്നു തോന്നുന്നു; . . . അവൻ ഭൂമണ്ഡലത്തിൻമീതെ അധിവസിക്കുന്നു; അതിലെ നിവാസികൾ വെട്ടുക്കിളികളെപ്പോലെ ഇരിക്കുന്നു.”
7 നാം അനീതിക്ക് ഇരയായി എന്നു തോന്നുമ്പോഴും യഹോവയിലുള്ള വിശ്വാസം നമ്മെ സഹായിക്കും. അതിൽ പ്രകോപിതരാകുന്നതിനു പകരം സങ്കീർത്തനം 37:1-3, 8, 9-ൽ സങ്കീർത്തനക്കാരൻ നമ്മെ ഓർമിപ്പിക്കുന്നതുപോലെ നാം താഴ്മയോടെ യഹോവയ്ക്കായി കാത്തിരിക്കും. അതേ ആശയംതന്നെ അപ്പോസ്തലനായ പൗലോസും അവതരിപ്പിക്കുന്നുണ്ട്: “നിങ്ങൾ തന്നേ പ്രതികാരം ചെയ്യാതെ ദൈവകോപത്തിന്നു ഇടംകൊടുപ്പിൻ; പ്രതികാരം എനിക്കുള്ളത്; ഞാൻ പകരം ചെയ്യും എന്നു കർത്താവു അരുളിചെയ്യുന്നു . . . എന്നു എഴുതിയിരിക്കുന്നുവല്ലോ.”—റോമർ 12:19, 20.
താഴ്മ—ജ്ഞാനമാർഗം
8. താഴ്മ യഹോവയുമായി ഒരു നല്ല ബന്ധമുളവാക്കുന്നതെന്തുകൊണ്ട്?
8 താഴ്മയുള്ളവരായിരിക്കുന്നതു ജ്ഞാനമാർഗമാണെന്നതിന് അനേകം കാരണങ്ങളുണ്ട്. നേരത്തെ സൂചിപ്പിച്ചപ്രകാരം നമ്മുടെ സ്രഷ്ടാവുമായി അതു നമ്മെ നല്ല ബന്ധത്തിലാക്കുന്നു. “ഗർവ്വമുള്ള ഏവനും യഹോവെക്കു വെറുപ്പ്” ആകുന്നുവെന്ന് ദൈവവചനം വളച്ചുകെട്ടില്ലാത്ത വിധം സദൃശവാക്യങ്ങൾ 16:5-ൽ പ്രസ്താവിക്കുന്നു. “നാശത്തിന്നു മുമ്പെ ഗർവ്വം; വീഴ്ച്ചക്കു മുമ്പെ ഉന്നതഭാവം” എന്നു സദൃശവാക്യങ്ങൾ 16:18-ലും നാം വായിക്കുന്നു. ഇപ്പോഴല്ലെങ്കിൽ പിന്നൊരിക്കൽ അഹങ്കാരി ദുഃഖത്തിലാഴും. അത് അങ്ങനെ ആകാനേ നിർവാഹമുള്ളൂ, കാരണം 1 പത്രൊസ് 5:5-ൽ നാം ഇങ്ങനെ വായിക്കുന്നു: “എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ. ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നൽകുന്നു.” (ചരിച്ചെഴുത്ത് ഞങ്ങളുടേത്.) ഇതേ ആശയം യേശു പറഞ്ഞ—പ്രാർഥിക്കുകയായിരുന്ന പരീശന്റെയും നികുതി പിരിവുകാരന്റെയും—ഉപമയിലും കാണാം. നീതിമാനായി കണക്കിട്ടതു താഴ്മയുള്ള നികുതി പിരിവുകാരനെയാണ്.—ലൂക്കൊസ് 18:9-14.
9. അനർഥങ്ങൾ സംഭവിക്കുമ്പോൾ താഴ്മ നമുക്കേകുന്ന സഹായമെന്ത്?
9 താഴ്മ ജ്ഞാനമാർഗമാണ്, കാരണം “നിങ്ങൾ ദൈവത്തിന്നു കീഴടങ്ങുവിൻ” എന്ന യാക്കോബ് 4:7-ലെ ബുദ്ധ്യുപദേശത്തിന് എളുപ്പം ചെവി കൊടുക്കാൻ താഴ്മ നമ്മെ പ്രാപ്തരാക്കുന്നു. അനർഥങ്ങൾക്കിരയാകാൻ യഹോവ നമ്മെ അനുവദിക്കുമ്പോൾ താഴ്മയുള്ളവരെങ്കിൽ നാം മത്സരപൂർവം പെരുമാറില്ല. നമ്മുടെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാനും സഹിച്ചുനിൽക്കാനും താഴ്മ നമ്മെ സഹായിക്കും. അഹങ്കാരിയായ ഒരു വ്യക്തി അതൃപ്തനായിരിക്കും, എല്ലാഴ്പോഴും കൂടുതൽ ആവശ്യപ്പെടും, ശോകാതുരമായ സന്ദർഭങ്ങളിൽ മത്സരപൂർവം ഇടപെടുകയും ചെയ്യും. നേരെമറിച്ച് താഴ്മയുള്ള വ്യക്തിയാണെങ്കിലോ, ഇയ്യോബിനെപ്പോലെ പ്രയാസങ്ങളും പീഡനങ്ങളും സഹിച്ചുനിൽക്കും. ഇയ്യോബിനു തന്റെ സകല സമ്പത്തും നഷ്ടമാകുകയും വേദനാകരമായ വ്യാധിയുടെ പിടിയിലമരുകയും ചെയ്തു. “ദൈവത്തെ ത്യജിച്ചുപറഞ്ഞു [“ശപിച്ചിട്ടു,” NW] മരിച്ചുകളക” എന്നു പറഞ്ഞുകൊണ്ട് അഹങ്കാരത്തിന്റേതായ ഒരു ജീവിതഗതി പിൻപററാൻ ഭാര്യ അദ്ദേഹത്തെ ബുദ്ധ്യുപദേശിക്കുകപോലും ചെയ്തു. എങ്ങനെയായിരുന്നു അദ്ദേഹം പ്രതികരിച്ചത്? “അവൻ അവളോടു: ഒരു പൊട്ടി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്റെ കയ്യിൽനിന്നു നൻമ കൈക്കൊള്ളുന്നു; തിൻമയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല.” (ഇയ്യോബ് 2:9, 10) കാരണം ഇയ്യോബ് താഴ്മയുള്ളവനായിരുന്നു, അദ്ദേഹം മത്സരപൂർവം പെരുമാറാതെ താൻ അനുഭവിക്കാൻ യഹോവ അനുവദിച്ച ഏതൊരു സാഹചര്യത്തിനും ബുദ്ധിപൂർവം കീഴടങ്ങിക്കൊടുത്തു. എന്നാൽ അവസാനം അദ്ദേഹത്തിനു സമൃദ്ധമായിത്തന്നെ പ്രതിഫലം ലഭിച്ചു.—ഇയ്യോബ് 42:10-16; യാക്കോബ് 5:11.
താഴ്മ നമ്മെ മററുള്ളവരുമായി നല്ല ബന്ധത്തിലാക്കുന്നു
10. സഹക്രിസ്ത്യാനികളുമായുള്ള നമ്മുടെ ബന്ധത്തെ താഴ്മ എങ്ങനെ അഭിവൃദ്ധിപ്പെടുത്തുന്നു?
10 താഴ്മയുണ്ടായിരിക്കുന്നതു ബുദ്ധിപൂർവകമായ ഗതിയാണ്, കാരണം അതു നമ്മെ സഹക്രിസ്ത്യാനികളുമായി നല്ല ബന്ധത്തിലാക്കുന്നു. “ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ താഴ്മയോടെ ഓരോരുത്തൻ മററുള്ളവനെ തന്നെക്കാൾ ശ്രേഷ്ഠൻ എന്നു എണ്ണിക്കൊൾവിൻ. ഓരോരുത്തൻ സ്വന്തഗുണമല്ല മററുള്ളവന്റെ ഗുണവും കൂടെ നോക്കേണം” എന്നു പൗലോസ് അപ്പോസ്തലൻ നമ്മെ ഉചിതമായി ബുദ്ധ്യുപദേശിക്കുന്നു. (ഫിലിപ്പിയർ 2:3, 4) മററുള്ളവരോടു മത്സരിക്കുന്നതിൽനിന്നോ അവരെ കടത്തിവെട്ടുന്നതിൽനിന്നോ ഒഴിഞ്ഞുനിൽക്കാൻ താഴ്മ നമ്മെ സഹായിക്കും. അത്തരം മത്സരമനോഭാവം നമുക്കും നമ്മുടെ സഹക്രിസ്ത്യാനികൾക്കും പ്രശ്നങ്ങൾ സൃഷ്ടിക്കും.
11. അബദ്ധങ്ങൾ പിണയാതിരിക്കാൻ താഴ്മ നമ്മെ എങ്ങനെ സഹായിക്കും?
11 പലപ്പോഴും, അബദ്ധങ്ങളിൽ ചാടുന്നതിൽനിന്നു താഴ്മ നമ്മെ പിന്തിരിപ്പിക്കും. അതെങ്ങനെ? കാരണം താഴ്മ നമ്മെ അമിത ആത്മവിശ്വാസിയാകാതെ കാക്കുന്നു. പകരം, “താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ” എന്ന 1 കൊരിന്ത്യർ 10:12-ൽ കാണുന്ന പൗലോസിന്റെ ബുദ്ധ്യുപദേശം നാം വിലമതിക്കും. അഹങ്കാരി അങ്ങേയററം അമിത ആത്മവിശ്വാസിയാണ്, അതുകൊണ്ടുതന്നെ പുറമേനിന്നുള്ള സ്വാധീനങ്ങൾ നിമിത്തമോ അയാളുടെതന്നെ ബലഹീനതകൾ നിമിത്തമോ അയാൾക്ക് അബദ്ധങ്ങൾ പിണയാൻ സാധ്യതയുണ്ട്.
12. തിരുവെഴുത്തുപരമായ ഏതു കടമ നിർവഹിക്കാൻ താഴ്മ നമ്മെ സഹായിക്കും?
12 കീഴ്പെടൽ നിബന്ധനയോടു പൊരുത്തപ്പെടാൻ താഴ്മ നമ്മെ സഹായിക്കും. “ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ” എന്ന് എഫെസ്യർ 5:21 നമ്മെ ബുദ്ധ്യുപദേശിക്കുന്നു. വാസ്തവത്തിൽ, നാമെല്ലാം കീഴ്പെടേണ്ടയാവശ്യമുള്ളവരല്ലേ? കുട്ടികൾ തങ്ങളുടെ മാതാപിതാക്കൾക്കും ഭാര്യമാർ തങ്ങളുടെ ഭർത്താക്കൻമാർക്കും ഭർത്താക്കൻമാർ ക്രിസ്തുവിനും കീഴ്പെട്ടിരിക്കണം. (1 കൊരിന്ത്യർ 11:3; എഫെസ്യർ 5:22; 6:1) ഇനി, ഏതൊരു ക്രിസ്തീയ സഭയിലും ശുശ്രൂഷാദാസൻമാർ ഉൾപ്പെടെ സകലരും മൂപ്പൻമാരോടു കീഴ്പെടൽ പ്രകടമാക്കേണ്ടതുണ്ട്. മൂപ്പൻമാർ വിശേഷിച്ചു സർക്കിട്ട് മേൽവിചാരകനാൽ പ്രതിനിധാനം ചെയ്യപ്പെടുന്ന വിശ്വസ്ത അടിമവർഗത്തോടു സത്യത്തിൽ കീഴ്പെട്ടിരിക്കുന്നില്ലേ? അടുത്തതായി, സർക്കിട്ട് മേൽവിചാരകൻ ഡിസ്ട്രിക്ററ് മേൽവിചാരകനു കീഴ്പെട്ടിരിക്കേണ്ടയാവശ്യമുണ്ട്. ഡിസ്ട്രിക്ററ് മേൽവിചാരകൻ എവിടെ സേവിക്കുന്നുവോ അവിടത്തെ ബ്രാഞ്ച് കമ്മിററിക്കു കീഴ്പെട്ടിരിക്കും. ബ്രാഞ്ച് കമ്മിററിയംഗങ്ങളോ? അവർ “അന്യോന്യ”വും കൂടാതെ “വിശ്വസ്തനും വിവേകിയുമായ അടിമ”വർഗത്തെ പ്രതിനിധാനം ചെയ്യുന്ന ഭരണസംഘത്തിനും “കീഴ്പെട്ടിരി”ക്കണം. അടിമവർഗമാണെങ്കിലോ, അവർ രാജാവായി വാഴ്ച നടത്തുന്ന യേശുവിനോടും കണക്കു ബോധിപ്പിക്കേണ്ടവരാണ്. (മത്തായി 24:45-47, NW) മൂപ്പൻമാരുടെ ഏതൊരു സംഘത്തിലെയും പോലെതന്നെ ഭരണസംഘത്തിലെ അംഗങ്ങളും മററുള്ളവരുടെ വീക്ഷണഗതികൾ ആദരിക്കേണ്ടതുണ്ട്. ഉദാഹരണത്തിന്, തനിക്കു നല്ല ഒരു ആശയം പറയാനുണ്ടെന്ന് ഒരു വ്യക്തിക്കു തോന്നിയേക്കാം. എന്നാൽ മററംഗങ്ങളിൽ ഏറിയകൂറും അദ്ദേഹത്തിന്റെ നിർദേശത്തോടു യോജിക്കുന്നില്ലെങ്കിൽ അദ്ദേഹം അതു വിട്ടുകളഞ്ഞേ തീരൂ. സത്യമായും നമുക്കെല്ലാം താഴ്മ ആവശ്യമാണ്, കാരണം നാമെല്ലാം കീഴ്പെടൽ ക്രമീകരണത്തിൻ കീഴിലുള്ളവരാണ്.
13, 14. (എ) ഏതു പ്രത്യേക സാഹചര്യത്തിൽ താഴ്മ നമ്മെ സഹായിക്കും? (ബി) ബുദ്ധ്യുപദേശം സ്വീകരിക്കുന്നതിനോടുള്ള ബന്ധത്തിൽ അപ്പോസ്തലനായ പത്രോസ് എന്തു മാതൃക വെച്ചു?
13 താഴ്മയുണ്ടെങ്കിൽ നാം ബുദ്ധ്യുപദേശവും ശിക്ഷണവും എളുപ്പം സ്വീകരിക്കുന്നു എന്നതിനാൽ താഴ്മ വിശേഷിച്ചും ജ്ഞാനമാർഗമായി കാണപ്പെടുന്നു. ചിലപ്പോൾ നമുക്കു ശിക്ഷണനടപടി ആവശ്യമായിവരുന്നു. “നിന്റെ ഭാവിയിൽ നീ ജ്ഞാനിയായിത്തീരേണ്ടതിന് ആലോചന കേട്ടു ശിക്ഷണം കൈക്കൊൾക” എന്ന സദൃശവാക്യങ്ങൾ 19:20-ലെ (NW) ബുദ്ധ്യുപദേശം നാം ചെവിക്കൊള്ളണം. താഴ്മയുള്ളവർക്കു ശിക്ഷണം ലഭിക്കുമ്പോൾ അവർ വ്രണിതരാകുകയോ അസന്തുഷ്ടരാകുകയോ ചെയ്യുകയില്ലെന്നു പറഞ്ഞിരിക്കുന്നത് എത്രയോ ശരിയാണ്. കൂടാതെ, എബ്രായർ 12:4-11-ൽ ശിക്ഷണം താഴ്മയോടെ സ്വീകരിക്കുന്നതിലെ ജ്ഞാനത്തെ സംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് നമ്മെ ബുദ്ധ്യുപദേശിക്കുന്നു. നമ്മുടെ ഭാവിജീവിതഗതിയെ ബുദ്ധിപൂർവം നയിച്ച് പ്രതിഫലമായി നിത്യജീവൻ എന്ന സമ്മാനം ലഭിക്കുമെന്ന് ഈ വിധത്തിൽ മാത്രമേ നമുക്കു പ്രത്യാശിക്കാൻ കഴിയൂ. അതിന്റെ അനന്തരഫലം എത്ര സന്തുഷ്ടമായിരിക്കും!
14 ഇതിനോടുള്ള ബന്ധത്തിൽ നമുക്കു ദൃഷ്ടാന്തമായി പത്രോസിന്റെ കാര്യമെടുക്കാവുന്നതാണ്. അപ്പോസ്തലനായ പൗലോസിൽനിന്ന് അദ്ദേഹത്തിനു കടുത്ത ഭാഷയിലുള്ള ബുദ്ധ്യുപദേശം ലഭിക്കുകയുണ്ടായി. ഗലാത്യർ 2:14-ൽ ആ വിവരണം നാം ഇങ്ങനെ വായിക്കുന്നു: “അവർ സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാൻ എല്ലാവരും കേൾക്കെ കേഫാവിനോടു പറഞ്ഞതു: യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാൻ നിർബ്ബന്ധിക്കുന്നതു എന്തു?” അപ്പോസ്തലനായ പത്രോസ് അതിൽ വ്രണിതനായോ? വ്രണിതനായെങ്കിൽത്തന്നെ അതൊട്ടും നീണ്ടുനിന്നില്ല, കാരണം പിന്നീട്, 2 പത്രൊസ് 3:15, 16-ൽ പൗലോസിനെ പരാമർശിക്കേണ്ടിവന്നപ്പോൾ അദ്ദേഹം “നമ്മുടെ പ്രിയ സഹോദരനായ പൌലോസ്” എന്നാണ് പറഞ്ഞത്.
15. നാം താഴ്മയുള്ളവരായിരിക്കുന്നതും സന്തുഷ്ടരായിരിക്കുന്നതും തമ്മിലുള്ള ബന്ധമെന്ത്?
15 സ്വയംപര്യാപ്തതയുടെ, ആത്മസംതൃപ്തിയുടെ കാര്യവുമുണ്ട്. നമ്മുടെ ഭാഗധേയങ്ങൾ, പദവികൾ, അനുഗ്രഹങ്ങൾ എന്നിവകൊണ്ടു നാം തൃപ്തിയടയുന്നില്ലെങ്കിൽ നമുക്കു സന്തുഷ്ടരായിരിക്കാനേ കഴിയില്ല. “ദൈവം അനുവദിക്കുന്നെങ്കിൽ അതെടുക്കാം” എന്നതായിരിക്കും താഴ്മയുള്ള ക്രിസ്ത്യാനികളുടെ മനോഭാവം. 1 കൊരിന്ത്യർ 10:13-ൽ അപ്പോസ്തലനായ പൗലോസ് പറയുന്നത് അതാണ്: “മനുഷ്യർക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.” അതിനാൽ താഴ്മ എങ്ങനെ ബുദ്ധിപൂർവകമായ ഗതിയായിരിക്കുന്നു എന്നുതന്നെയാണ് ഇവയെല്ലാം ആവർത്തിച്ചു പ്രകടമാക്കുന്നത്, കാരണം നമ്മുടെ അവസ്ഥ എന്തായിരിക്കുന്നു എന്നു നോക്കാതെതന്നെ സന്തുഷ്ടരായിരിക്കാൻ അതു നമ്മെ സഹായിക്കുന്നു.
താഴ്മയുള്ളവരാകാൻ സ്നേഹം നമ്മെ സഹായിക്കും
16, 17. (എ) താഴ്മയുള്ളവരായിരിക്കാൻ നമ്മെ സഹായിക്കുന്ന ഏററവും വലിയ ഗുണത്തെ ഏതു തിരുവെഴുത്തു ദൃഷ്ടാന്തം എടുത്തുകാണിക്കുന്നു? (ബി) ഈ ആശയത്തെ ചിത്രീകരിക്കുന്ന ലൗകിക ദൃഷ്ടാന്തമേത്?
16 മറെറന്തിനെക്കാളും അധികമായി അഗാപെ എന്ന നിസ്വാർഥ സ്നേഹം താഴ്മയുള്ളവരായിരിക്കാൻ നമ്മെ സഹായിക്കും. ദണ്ഡനസ്തംഭത്തിലെ തിക്താനുഭവം യേശു താഴ്മയോടെ സഹിച്ചുവെന്നു പൗലോസ് ഫിലിപ്പിയരോടു വർണിക്കുന്നു. യേശുവിന് അതു സാധിച്ചത് എന്തുകൊണ്ടായിരുന്നു? (ഫിലിപ്പിയർ 2:5-8) താൻ ദൈവത്തോടു തുല്യനായിത്തീരണമെന്ന ചിന്തയ്ക്ക് അവിടുന്ന് എന്തുകൊണ്ട് ഇടം കൊടുത്തില്ല? അതിനു കാരണം അവിടുന്നുതന്നെ പറഞ്ഞു: “ഞാൻ പിതാവിനെ സ്നേഹിക്കുന്നു.” (യോഹന്നാൻ 14:31) അതുകൊണ്ടാണ് അവിടുന്ന് എല്ലായ്പോഴും മഹത്ത്വവും ബഹുമാനവും തന്റെ സ്വർഗീയ പിതാവായ യഹോവയാം ദൈവത്തിലേക്കു തിരിച്ചുവിട്ടത്. അങ്ങനെ, മറെറാരിക്കൽ തന്റെ സ്വർഗീയ പിതാവു മാത്രമേ നല്ലവനായിട്ടുള്ളൂവെന്ന് അവിടുന്ന് ഊന്നിപ്പറയുകയും ചെയ്തു.—ലൂക്കോസ് 18:18, 19.
17 അമേരിക്കയുടെ ആദ്യകാല കവികളിൽ ഒരാളായ ജോൺ ഗ്രീൻലീഫ് വൈട്ട്യറിന്റെ ജീവിതത്തിൽനിന്നുള്ള ഒരു സംഭവം ഈ ആശയം ദൃഷ്ടാന്തീകരിക്കുന്നുണ്ട്. ഇദ്ദേഹത്തിന് ഒരു ബാല്യകാല സഖിയുണ്ടായിരുന്നു. കേട്ടെഴുത്തുമത്സരത്തിൽ ഒരു വാക്ക് അവൾ ശരിയായും അയാൾ തെററായും എഴുതി. ഇത് അവൾക്കു വല്ലാത്ത വിഷമമുണ്ടാക്കി. എന്തുകൊണ്ട്? അവൾ ഇങ്ങനെ പറഞ്ഞതായി കവി അനുസ്മരിക്കുന്നു: “ആ വാക്ക് എഴുതിയതിൽ എനിക്കു വിഷമമുണ്ട്. നിങ്ങളെക്കാൾ ഞാൻ ഉയരുന്നത് എനിക്കു വെറുപ്പാണ് . . . കാരണം ഞാൻ നിങ്ങളെ സ്നേഹിക്കുന്നു.” അതെ, നാം ഒരു വ്യക്തിയെ സ്നേഹിക്കുന്നെങ്കിൽ അയാൾ നമ്മെക്കാൾ ഉന്നതത്തിൽ ആയിരിക്കാനാണു നാം ആഗ്രഹിക്കുക, അല്ലാതെ നമുക്കു താഴെ ആയിരിക്കാനല്ല, കാരണം സ്നേഹം താഴ്മയുള്ളതാണ്.
18. താഴ്മ ഏതു തിരുവെഴുത്തു ബുദ്ധ്യുപദേശത്തിനു ചെവി കൊടുക്കാൻ നമ്മെ സഹായിക്കും?
18 ഇതു ക്രിസ്ത്യാനികൾക്ക്, വിശിഷ്യാ സഹോദരൻമാർക്ക്, ഒരു നല്ല പാഠമാണ്. ഒരു പ്രത്യേക സേവനപദവിയുടെ കാര്യംതന്നെ എടുക്കുക. അതു നമുക്കു ലഭിക്കുന്നതിനു പകരം നമ്മുടെ ഒരു സഹോദരനു ലഭിച്ചാൽ നാം സന്തോഷിക്കുമോ? അതോ അസൂയയും പകയും പ്രകടിപ്പിക്കുമോ? നമ്മുടെ സഹോദരനെ നാം വാസ്തവത്തിൽ സ്നേഹിക്കുന്നെങ്കിൽ ആ പ്രത്യേക നിയമനമോ അംഗീകാരമോ സേവനപദവിയോ അദ്ദേഹത്തിനു ലഭിച്ചതിൽ നാം സന്തോഷിക്കും. അതെ, താഴ്മയുണ്ടെങ്കിൽ “ബഹുമാനിക്കുന്നതിൽ അന്യോന്യം മുന്നിട്ടുകൊൾവിൻ” എന്ന ബുദ്ധ്യുപദേശത്തിനു ചെവികൊടുക്കാൻ എളുപ്പമാകും. (റോമർ 12:10) “നിങ്ങളെക്കാളുപരിയായി പരസ്പരം ബഹുമാനിക്കുവിൻ” എന്നാണ് ഇതേ വാക്യം മറെറാരു തർജമയിൽ നാം വായിക്കുന്നത്. (ന്യൂ ഇൻറർനാഷണൽ വേർഷൻ) ഇനി, വീണ്ടും അപ്പോസ്തലനായ പൗലോസ് നമ്മെ ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “സ്നേഹത്തോടുകൂടെ ദാസരെപ്പോലെ പരസ്പരം സേവിക്കുവിൻ.” (ഗലാത്തിയാ 5:13, പി.ഒ.സി. ബൈ.) അതെ, നമുക്കു സ്നേഹമുണ്ടെങ്കിൽ നമ്മുടെ സഹോദരൻമാരെ സേവിക്കുന്നതിൽ, അവരുടെ താത്പര്യവും ക്ഷേമവും നമ്മുടേതിനു മേലായി കരുതിക്കൊണ്ട് അവരുടെ ദാസരെന്നോണം ഇടപെടുന്നതിൽ നാം സന്തോഷിക്കും. ഇതിന് ആവശ്യമായിരിക്കുന്നതു താഴ്മയാണ്. താഴ്മ നാം പൊങ്ങച്ചം പറയുന്നതിൽനിന്നും അങ്ങനെ അതു മററുള്ളവരിൽ അസൂയ ജനിപ്പിക്കുന്നതിൽനിന്നും നമ്മെ കാത്തുകൊള്ളും. സ്നേഹം “പൊങ്ങച്ചം പറയുന്നില്ല, നിഗളിക്കുന്നില്ല” എന്നു പൗലോസ് എഴുതുകയുണ്ടായി. എന്തുകൊണ്ടാണത്? കാരണം ആത്മപ്രശംസയുടെയും അഹങ്കാരത്തിന്റെയും പിന്നിൽ പ്രവർത്തിക്കുന്ന പ്രേരകഘടകം ഞാൻ-ഭാവമാണ്. എന്നാൽ അതേസമയം നിസ്വാർഥതയുടെ സത്തതന്നെ സ്നേഹമാണ്.—1 കൊരിന്ത്യർ 13:4, NW.
19. അഹങ്കാരവും സ്വാർഥതയും പോലെതന്നെ താഴ്മയും സ്നേഹവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഏതു ബൈബിൾ മാതൃകകൾ ദൃഷ്ടാന്തീകരിക്കുന്നു?
19 സ്നേഹവും താഴ്മയും എങ്ങനെ കൈകോർത്തുപോകുന്നു എന്നതിനും അഹങ്കാരവും സ്വാർഥതയും എങ്ങനെ കെട്ടുപിണഞ്ഞിരിക്കുന്നു എന്നതിനും ഒരു ശ്രദ്ധേയമായ ദൃഷ്ടാന്തമാണ് ശൗൽ രാജാവിനോടും അദ്ദേഹത്തിന്റെ പുത്രൻ യോനാഥാനോടും ദാവീദിനുണ്ടായിരുന്ന ബന്ധം. യുദ്ധത്തിൽ ദാവീദിനുണ്ടായ വിജയങ്ങൾ ഹേതുവായി “ശൌൽ ആയിരത്തെ കൊന്നു ദാവീദോ പതിനായിരത്തെ” എന്ന് ഇസ്രയേൽ സ്ത്രീകൾ പാടി. (1 ശമൂവേൽ 18:7) അതിൽ താഴ്മ വിചാരിക്കുന്നതിനു പകരം അഹങ്കാരത്താൽ ചീർത്ത ശൗലിന് അന്നു മുതൽ ദാവീദിനെ കൊന്നുകളയാൻതക്ക വെറുപ്പായി. എന്നാൽ അദ്ദേഹത്തിന്റെ പുത്രനായ യോനാഥാൻ പ്രകടമാക്കിയ മനോഭാവത്തിൽനിന്ന് എത്രയോ വ്യത്യസ്തമാണിത്! യോനാഥാൻ തന്റെ സ്വന്തം പ്രാണനെപ്പോലെ ദാവീദിനെ സ്നേഹിച്ചുവെന്നു നാം വായിക്കുന്നു. (1 ശമൂവേൽ 18:1) അങ്ങനെ യഹോവ ദാവീദിനെയാണ് അനുഗ്രഹിക്കുന്നതെന്നും ശൗലിന്റെ പിൻഗാമിയായി ഇസ്രയേലിന്റെ രാജാവാകുന്നതു യോനാഥാനു പകരം ദാവീദാണെന്നും കാലക്രമത്തിൽ വ്യക്തമായപ്പോൾ യോനാഥാൻ എങ്ങനെയാണു പ്രതികരിച്ചത്? യോനാഥാൻ അതിൽ അസൂയപ്പെട്ടോ? അശേഷമില്ല! ദാവീദിനോടുള്ള ഉത്കൃഷ്ട സ്നേഹം നിമിത്തം 1 ശമൂവേൽ 23:17-ൽ നാം വായിക്കുന്നതുപോലെ അദ്ദേഹത്തിന് ഇങ്ങനെ പറയാൻ കഴിഞ്ഞു: “ഭയപ്പെടേണ്ടാ, എന്റെ അപ്പനായ ശൌലിന്നു നിന്നെ പിടികിട്ടുകയില്ല; നീ യിസ്രായേലിന്നു രാജാവാകും; അന്നു ഞാൻ നിനക്കു രണ്ടാമനും ആയിരിക്കും; അതു എന്റെ അപ്പനായ ശൌലും അറിയുന്നു.” തന്റെ പിതാവിന്റെ പിൻഗാമിയായി ഇസ്രയേലിന്റെ രാജാവ് ആരായിരിക്കണമെന്ന കാര്യത്തിൽ ദൈവഹിതമെന്തെന്നു മനസ്സിലാക്കിയ യോനാഥാൻ താഴ്മയോടെ ആ വസ്തുത അംഗീകരിച്ചുകൊടുത്തു, അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചതു ദാവീദിനോടുണ്ടായിരുന്ന ഉത്കൃഷ്ട സ്നേഹമായിരുന്നു.
20. സ്നേഹവും താഴ്മയും തമ്മിലുള്ള അടുത്ത ബന്ധം യേശു എങ്ങനെയാണു പ്രകടമാക്കിയത്?
20 യേശുവിന്റെ മരണത്തിന്റെ തലേരാത്രിയിൽ അവിടുന്നു തന്റെ അപ്പോസ്തലൻമാരോടൊത്തായിരിക്കുമ്പോൾ സംഭവിച്ചത് സ്നേഹവും താഴ്മയും തമ്മിലുള്ള ബന്ധത്തിനു കൂടുതലായി അടിവരയിടുന്നു. “ലോകത്തിൽ തനിക്കുള്ളവരെ സ്നേഹിച്ചതുപോലെ അവസാനത്തോളം അവരെ സ്നേഹിച്ചു” എന്നു യോഹന്നാൻ 13:1-ൽ നാം വായിക്കുന്നു. അതേത്തുടർന്ന്, യേശു ദാസവൃത്തി ചെയ്യുന്നവനെപ്പോലെ തന്റെ അപ്പോസ്തലൻമാരുടെ പാദങ്ങൾ കഴുകിയെന്നു നാം വായിക്കുന്നു. താഴ്മയുടെ കാര്യത്തിൽ എന്തൊരു ശക്തമായ പാഠം!—യോഹന്നാൻ 13:1-11.
21. ചുരുക്കിപ്പറഞ്ഞാൽ, നാം താഴ്മയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ടാണ്?
21 സത്യമായും താഴ്മയുള്ളവരായിരിക്കാൻ അനേകം കാരണങ്ങളുണ്ട്. താഴ്മയുള്ളവരായിരിക്കുന്നതു ശരിയും സത്യസന്ധവുമായ സംഗതിയാണ്. വിശ്വാസത്തിന്റെ ഗതിയാണ്. അതു യഹോവയാം ദൈവവും നമ്മുടെ സഹവിശ്വാസികളുമായും നമ്മെ നല്ല ബന്ധത്തിലാക്കുന്നു. അതു ജ്ഞാനമാർഗമാണ്. സർവോപരി, അതു സ്നേഹത്തിന്റെ ഗതിയാണ്, അതു യഥാർഥ സന്തുഷ്ടി കൈവരുത്തുകയും ചെയ്യുന്നു.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ താഴ്മയുള്ളവരായിരിക്കുന്നതിൽ സത്യസന്ധത ഒരു സഹായമാകുന്നത് ഏതെല്ലാം വിധങ്ങളിലാണ്?
◻ യഹോവയിലുള്ള വിശ്വാസത്തിനു നമ്മെ താഴ്മയുള്ളവരായിരിക്കാൻ സഹായിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
◻ താഴ്മയുണ്ടായിരിക്കുന്നതു ജ്ഞാനമാർഗമാണെന്ന് എന്തു പ്രകടമാക്കുന്നു?
◻ നാം താഴ്മയുള്ളവരായിരിക്കുന്നതിൽ സ്നേഹം വിശേഷാൽ സഹായകരമായിരിക്കുന്നതെന്തുകൊണ്ട്?
[21-ാം പേജിലെ ചിത്രം]
ഇയ്യോബ് തന്നേത്തന്നെ താഴ്മയോടെ യഹോവക്കു കീഴ്പെടുത്തി. അദ്ദേഹം “ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചി”ല്ല
[23-ാം പേജിലെ ചിത്രം]
പൗലോസിനാൽ പരസ്യമായി ബുദ്ധ്യുപദേശിക്കപ്പെട്ടപ്പോൾ പത്രോസ് താഴ്മയോടെ അതിനു കീഴ്പെട്ടു