ദൈവഭക്തി നട്ടുവളർത്തൽ
“യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക.”—സദൃശവാക്യങ്ങൾ 3:7.
1. സദൃശവാക്യങ്ങൾ എഴുതപ്പെട്ടത് ആർക്കുവേണ്ടിയാണ്?
ബൈബിൾ പുസ്തകമായ സദൃശവാക്യങ്ങൾ ആത്മീയ ബുദ്ധ്യുപദേശത്തിന്റെ ഒരു കലവറയാണ്. മാർഗനിർദേശത്തിനുള്ള ഈ പുസ്തകം യഹോവ ആദ്യമായി നൽകിയതു തന്റെ മാതൃകാ ഇസ്രയേൽ ജനതയെ പ്രബോധിപ്പിക്കാനായിരുന്നു. ഇന്ന് അതു “ലോകാവസാന” കാലത്തു വന്നെത്തിയിരിക്കുന്ന തന്റെ വിശുദ്ധ ക്രിസ്തീയ ജനതക്കു ജ്ഞാനമൊഴികൾ പ്രദാനം ചെയ്യുന്നു.—1 കൊരിന്ത്യർ 10:11; സദൃശവാക്യങ്ങൾ 1:1-5; 1 പത്രൊസ് 2:9.
2. സദൃശവാക്യങ്ങൾ 3:7-ലെ മുന്നറിയിപ്പ് ഇന്ന് ഏററവും സമയോചിതമായിരിക്കുന്നത് എന്തുകൊണ്ട്?
2 സദൃശവാക്യങ്ങൾ 3:7-ലേക്കു മറിച്ചാൽ നാം വായിക്കുന്നതു, “നിനക്കുതന്നേ നീ ജ്ഞാനിയായ്തോന്നരുതു. യഹോവയെ ഭയപ്പെട്ടു ദോഷം വിട്ടുമാറുക” എന്നാണ്. “നൻമതിൻമകളെ അറിയുന്നവരായി”ത്തീരും എന്നു വാഗ്ദാനം ചെയ്തുകൊണ്ടു സർപ്പം ഹവ്വായെ വശീകരിച്ചു. അങ്ങനെ, വെറും മാനുഷിക ജ്ഞാനം നമ്മുടെ ആദ്യ മാതാപിതാക്കളുടെ കാലംതൊട്ട് മനുഷ്യവർഗത്തിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. (ഉല്പത്തി 3:4, 5; 1 കൊരിന്ത്യർ 3:19, 20) ഇതു ചരിത്രത്തിലൊരിക്കലും 20-ാം നൂററാണ്ടിലേതിനോളം വ്യക്തമായിരുന്നിട്ടില്ല. കാരണം ഈ “അന്ത്യനാളു”കളിലാണല്ലോ നിരീശ്വരവാദത്തിന്റെയും പരിണാമവാദത്തിന്റെയും ഫലങ്ങൾ കൊയ്തുകൊണ്ട് വർഗീയത, അക്രമം, എല്ലാത്തരത്തിലുമുള്ള ദുർമാർഗം എന്നിവയാൽ മനുഷ്യവർഗം നട്ടം തിരിയുന്നത്. (2 തിമൊഥെയൊസ് 3:1-5, 13; 2 പത്രൊസ് 3:3, 4) ഇത് ഐക്യരാഷ്ട്രങ്ങൾക്കോ ഛിദ്രിച്ചുപോയിരിക്കുന്ന ലോകത്തിലെ മതങ്ങൾക്കോ കുരുക്കഴിക്കാൻ പററാത്ത ‘പുതിയലോക ക്രമരാഹിത്യ’മാണ്.
3. നമ്മുടെ നാളിലേക്ക് എന്തു സംഭവവികാസങ്ങൾ പ്രവചിക്കപ്പെട്ടിരുന്നു?
3 “സർവ്വഭൂതലത്തിലും ഉള്ള രാജാക്കൻമാരെ സർവ്വശക്തനായ ദൈവത്തിന്റെ മഹാദിവസത്തിലെ യുദ്ധത്തിന്നു . . . ഹർമ്മഗെദ്ദോൻ എന്നു പേരുള്ള സ്ഥലത്തിൽ കൂട്ടിച്ചേർ”ക്കുന്നതിനു ഭൂതസൈന്യങ്ങൾ പുറപ്പെട്ടിരിക്കുന്നു എന്നു ദൈവത്തിന്റെ പ്രവാചകവചനം നമ്മോടു പറയുന്നു. (വെളിപ്പാടു 16:14, 16) പെട്ടെന്നുതന്നെ യഹോവയിൽനിന്നുള്ള ആ ഉൾക്കിടിലം ആ രാജാക്കൻമാരെ അഥവാ ഭരണാധികാരികളെ ഗ്രസിക്കും. യോശുവായും ഇസ്രയേല്യരും കനാന്യരുടെമേൽ ന്യായവിധി നടപ്പിലാക്കാൻ ചെന്നപ്പോൾ അവർ അനുഭവിച്ച ഭീതിപോലെതന്നെയായിരിക്കും അത്. (യോശുവ 2:9-11) എന്നാൽ ഇന്ന്, യോശുവാ മുൻനിഴലാക്കിയ “രാജാധിരാജാവും കർത്താധികർത്താവു”മായ ക്രിസ്തുയേശുവായിരിക്കും “സർവ്വശക്തിയുള്ള ദൈവത്തിന്റെ കോപ”പ്രകടനമെന്നനിലയിൽ ‘രാഷ്ട്രങ്ങളെ പ്രഹരിക്കുകയും ഇരുമ്പുകോൽ കൊണ്ടു മേയിക്കുകയും’ ചെയ്യുന്നത്.—വെളിപ്പാടു 19:15, 16.
4, 5. ആർ രക്ഷ കണ്ടെത്തും, എന്തുകൊണ്ട്?
4 ആ സമയത്ത് ആർ രക്ഷ കണ്ടെത്തും? ഭീതിയിലാഴ്ന്നുപോകുന്നവർ അല്ല, മറിച്ച് യഹോവയോട് ഒരു ഭക്തിപൂർവകമായ ഭയം നട്ടുവളർത്തിയിട്ടുള്ളവർ ആയിരിക്കും വിടുവിക്കപ്പെടുക. ഇവർ സ്വന്ത ദൃഷ്ടിയിൽ ജ്ഞാനികളായിരിക്കാതെ “ദോഷം വിട്ടുമാറു”ന്നു. താഴ്മയോടെ അവർ നല്ല കാര്യങ്ങൾകൊണ്ടു തങ്ങളുടെ മനസ്സു നിറയ്ക്കുകയും ചീത്തക്കാര്യങ്ങൾ മനസ്സിൽനിന്നു പുറന്തള്ളുകയും ചെയ്യുന്നു. അറുവഷളരായ സോദോമ്യർക്ക് ഉൻമൂലനാശം വരുത്തിയപോലെതന്നെ ഇന്നും തിൻമയോട് ഇഴുകിച്ചേർന്നിരിക്കുന്ന സകലരെയും പെട്ടെന്നുതന്നെ നശിപ്പിക്കാനിരിക്കുന്ന “സർവ്വഭൂമിക്കും ന്യായാധിപതി”യായ പരമാധികാരിയാം കർത്താവായ യഹോവയോട് അവർ ഒരു യഥാർഥ ബഹുമാനം വെച്ചുപുലർത്തുന്നു. (ഉല്പത്തി 18:25) തീർച്ചയായും, യഹോവയുടെ സ്വന്ത ജനത്തെ സംബന്ധിച്ചാണെങ്കിൽ “മരണത്തിന്റെ കെണികളെ ഒഴിഞ്ഞുപോകു”ന്നതിന് “യഹോവാഭക്തി ജീവന്റെ ഉറവാകുന്നു.”—സദൃശവാക്യങ്ങൾ 14:27.
5 ദിവ്യന്യായവിധിയുടെ ഇക്കാലത്ത്, യഹോവയെ അപ്രീതിപ്പെടുത്താൻ സദാ ഭയപ്പെട്ടുകൊണ്ട് അവിടുത്തേക്കു തങ്ങളേത്തന്നെ പൂർണമായി സമർപ്പിക്കുന്ന സകലരും “അതു നിന്റെ നാഭിക്കു ആരോഗ്യവും അസ്ഥികൾക്കു തണുപ്പും ആയിരിക്കും” എന്നു സദൃശവാക്യങ്ങൾ 3:8-ൽ ആലങ്കാരികമായി പ്രസ്താവിച്ചിരിക്കുന്ന സത്യം മനസ്സിലാക്കാനിടയാകും.
യഹോവയെ ബഹുമാനിക്കൽ
6. സദൃശവാക്യങ്ങൾ 3:9 ചെവിക്കൊള്ളാൻ നമ്മെ എന്തു പ്രചോദിപ്പിക്കേണ്ടതാണ്?
6 വിലമതിപ്പോടെയുള്ള നമ്മുടെ യഹോവാഭയത്തോടൊപ്പം അവിടുത്തോടു തീവ്രമായ സ്നേഹവും ഉണ്ടായിരിക്കുമ്പോൾ അതു “യഹോവയെ നിന്റെ ധനംകൊണ്ടും എല്ലാ വിളവിന്റെയും ആദ്യഫലംകൊണ്ടും ബഹുമാനിക്ക” എന്ന സദൃശവാക്യങ്ങൾ 3:9-നു ചെവികൊടുക്കാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. നമ്മുടെ വഴിപാടുകൾകൊണ്ടു യഹോവയെ ബഹുമാനിക്കാൻ നമ്മെ ആരും സമ്മർദം ചെലുത്തുന്നില്ല. അവ സ്വമേധയാ ആയിരിക്കണം, കാരണം പുറപ്പാടു 35:29 മുതൽ ആവർത്തനപുസ്തകം 23:23 വരെ പുരാതന ഇസ്രയേലിലെ യാഗങ്ങളെക്കുറിച്ചു പറയുമ്പോൾ ഇക്കാര്യം ഏതാണ്ടു 12 പ്രാവശ്യം സൂചിപ്പിച്ചിട്ടുണ്ട്. യഹോവക്കുള്ള ഈ ആദ്യഫലങ്ങൾ നമുക്കു നൽകാവുന്നതിൽ വച്ചേററവും നല്ലതായിരിക്കണം, കാരണം അത്രമാത്രം നൻമയും സ്നേഹദയയുമാണു നാം അവിടുത്തെ കരങ്ങളിലൂടെ അനുഭവിച്ചിരിക്കുന്നത്. (സങ്കീർത്തനം 23:6) നമ്മുടെ വഴിപാടുകൾ ‘ഒന്നാമത് അവന്റെ രാജ്യവും നീതിയും അന്വേഷി’ക്കാനുള്ള നമ്മുടെ തീരുമാനത്തെ പ്രതിഫലിപ്പിക്കേണ്ടതാണ്. (മത്തായി 6:33) നമ്മുടെ വിലയേറിയ വസ്തുക്കൾകൊണ്ടു യഹോവയെ ബഹുമാനിക്കുമ്പോൾ ഫലമെന്തായിരിക്കും? “അങ്ങനെ നിന്റെ കളപ്പുരകൾ സമൃദ്ധിയായി നിറയും; നിന്റെ ചക്കുകളിൽ വീഞ്ഞു കവിഞ്ഞൊഴുകും.”—സദൃശവാക്യങ്ങൾ 3:10.
7. നാം യഹോവക്ക് അർപ്പിക്കേണ്ട ആദ്യഫലങ്ങൾ എന്തെല്ലാം, അതിന്റെ ഫലമെന്തായിരിക്കും?
7 യഹോവ നമ്മെ അനുഗ്രഹിക്കുന്ന പ്രാഥമിക വിധം ആത്മീയമായാണ്. (മലാഖി 3:10) അതുകൊണ്ട്, നാം അർപ്പിക്കുന്ന ആദ്യഫലങ്ങൾ പ്രാഥമികമായി ആത്മീയമായത് ആയിരിക്കണം. നാം നമ്മുടെ സമയവും ഊർജവും ആരോഗ്യവും ദൈവേഷ്ടം ചെയ്യുന്നതിന് ഉപയോഗിക്കേണ്ടതുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ യേശുവിനു ശക്തി പകർന്ന “ആഹാര”മായിത്തീർന്നതുപോലെതന്നെ അതു നമ്മെയും പോഷിപ്പിക്കും. (യോഹന്നാൻ 4:34) നമ്മുടെ ആത്മീയ കളപ്പുരകൾ നിറയുകയും പുതുവീഞ്ഞിനാൽ ചിത്രീകരിക്കപ്പെടുന്ന നമ്മുടെ സന്തോഷം നിറഞ്ഞുകവിയുകയും ചെയ്യും. അതിനുപുറമേ, ഓരോ ദിവസത്തേക്കും മതിയായ ആഹാരത്തിനുവേണ്ടി നാം വിശ്വാസപൂർവം പ്രാർഥിക്കവേ, ലോകവ്യാപകമായ രാജ്യവേലയെ പിന്തുണയ്ക്കുന്നതിനു നമുക്കുള്ളതിൽനിന്നു ക്രമമായും ഉദാരമായും സംഭാവന ചെയ്യാവുന്നതാണ്. (മത്തായി 6:11) ഭൗതിക ആസ്തികൾ ഉൾപ്പെടെ നമുക്കുള്ള സകലതും നമ്മുടെ സ്നേഹവാനായ സ്വർഗീയ പിതാവിൽ നിന്നാണു വന്നത്. നാം നമ്മുടെ വിലയേറിയ വസ്തുക്കൾ അവിടുത്തെ സ്തുതിക്കായി എത്രകണ്ട് ഉപയോഗിക്കുന്നുവോ അത്രകണ്ട് അനുഗ്രഹങ്ങൾ അവിടുന്നു നമ്മുടെമേൽ ചൊരിയും.—സദൃശവാക്യങ്ങൾ 11:4; 1 കൊരിന്ത്യർ 4:7.
സ്നേഹത്തിന്റെ ശാസനകൾ
8, 9. ശാസനയെയും ശിക്ഷണത്തെയും നാം എങ്ങനെ വീക്ഷിക്കണം?
8 സദൃശവാക്യങ്ങൾ 3-ാമധ്യായത്തിന്റെ 11-ഉം 12-ഉം വാക്യങ്ങൾ ദൈവിക കുടുംബങ്ങളിലും അതുപോലെതന്നെ യഹോവയും ഭൂമിയിലുള്ള തന്റെ പ്രിയ ആത്മീയ മക്കളും തമ്മിലും ഉള്ള സന്തോഷകരമായ പിതൃ-പുത്ര ബന്ധത്തെക്കുറിച്ചും പ്രതിപാദിക്കുന്നു. നാം അവിടെ ഇങ്ങനെ വായിക്കുന്നു: “മകനേ, യഹോവയുടെ ശിക്ഷയെ നിരസിക്കരുതു; അവന്റെ ശാസനയിങ്കൽ മുഷികയും അരുതു. അപ്പൻ ഇഷ്ടപുത്രനോടു ചെയ്യുന്നതുപോലെ യഹോവ താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.” ലോകത്തിലെ ആളുകൾ ശാസനയെ വെറുക്കുന്നു. യഹോവയുടെ ജനം അതിനെ സ്വാഗതം ചെയ്യണം. സദൃശവാക്യങ്ങളിൽനിന്നുള്ള ഈ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു: “‘മകനേ, കർത്താവിന്റെ ശിക്ഷ നിരസിക്കരുതു; അവൻ ശാസിക്കുമ്പോൾ മുഷികയുമരുതു. കർത്താവു താൻ സ്നേഹിക്കുന്നവനെ ശിക്ഷിക്കുന്നു.’ . . . ഏതു ശിക്ഷയും തല്ക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാനഫലം ലഭിക്കും.”—എബ്രായർ 12:5, 6, 11.
9 അതേ, ശാസനയും ശിക്ഷണവും നമ്മുടെ ഓരോരുത്തരുടെയും പരിശീലനത്തിന്റെ അത്യാവശ്യ ഭാഗമാണ്. അതു നമുക്കു ലഭിക്കുന്നതു മാതാപിതാക്കളിൽ നിന്നായിരിക്കാം, ക്രിസ്തീയ സഭയിലൂടെയായിരിക്കാം, അതുമല്ലെങ്കിൽ നമ്മുടെ വ്യക്തിപരമായ പഠനത്തിനിടെ തിരുവെഴുത്തുകളെക്കുറിച്ചു ധ്യാനിക്കുമ്പോഴായിരിക്കാം. ശിക്ഷണം സ്വീകരിക്കുന്നതു ജീവൻ-മരണ പ്രശ്നമാണ്. കാരണം സദൃശവാക്യങ്ങൾ 4:1, 13 പറയുന്നത് ഇങ്ങനെയാണ്: “മക്കളേ, അപ്പന്റെ പ്രബോധനം കേട്ടു വിവേകം പ്രാപിക്കേണ്ടതിന്നു ശ്രദ്ധിപ്പിൻ. പ്രബോധനം [ശിക്ഷണം, NW] മുറുകെ പിടിക്ക; വിട്ടുകളയരുതു; അതിനെ കാത്തുകൊൾക, അതു നിന്റെ ജീവനല്ലോ.”
ഏററവും വലിയ സന്തുഷ്ടി
10, 11. സദൃശവാക്യങ്ങൾ 3:13-18-ലെ ഇമ്പകരമായ വാക്കുകളിലെ ചില ആശയങ്ങൾ എന്തെല്ലാമാണ്?
10 പിൻവരുന്ന ‘ഇമ്പമായും നേരായും ഉള്ള സത്യമായ വചനങ്ങൾ’ എത്ര മനോഹരമായ ആശയങ്ങളാണ്! (സഭാപ്രസംഗി 12:10) ശലോമോന്റെ ഈ നിശ്വസ്ത വചനങ്ങൾ യഥാർഥ സന്തുഷ്ടിയെ വർണിക്കുന്നു. നമ്മുടെ ഹൃദയങ്ങളിൽ കൊത്തിവയ്ക്കേണ്ട വാക്കുകളായ അവ ഇങ്ങനെ വായിക്കുന്നു:
11 “ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ [സന്തുഷ്ടൻ, NW]. അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു. അതു മുത്തുകളിലും വിലയേറിയതു; നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന്നു തുല്യമാകയില്ല. അതിന്റെ വലങ്കയ്യിൽ ദീർഘായുസ്സും ഇടങ്കയ്യിൽ ധനവും മാനവും ഇരിക്കുന്നു. അതിന്റെ വഴികൾ ഇമ്പമുള്ള വഴികളും അതിന്റെ പാതകളെല്ലാം സമാധാനവും ആകുന്നു. അതിനെ പിടിച്ചുകൊള്ളുന്നവർക്കു അതു ജീവവൃക്ഷം; അതിനെ കരസ്ഥമാക്കുന്നവർ ഭാഗ്യവാൻമാർ [സന്തുഷ്ടർ, NW].”—സദൃശവാക്യങ്ങൾ 3:13-18.
12. ജ്ഞാനവും വിവേകവും നമുക്കു പ്രയോജനപ്പെടേണ്ടത് എങ്ങനെ?
12 ജ്ഞാനം—സദൃശവാക്യങ്ങൾ എന്ന പുസ്തകത്തിൽ ഈ പദം എത്ര കൂടെക്കൂടെയാണു പരാമർശിച്ചിരിക്കുന്നത്, മൊത്തം 46 പ്രാവശ്യം! “യഹോവാഭക്തി [യഹോവാഭയം, NW] ജ്ഞാനത്തിന്റെ ആരംഭ”മാകുന്നു. ഇതു സാത്താന്റെ ലോകത്ത് ആഞ്ഞടിക്കുന്ന അപകടകരമായ കൊടുങ്കാററിലൂടെ സുരക്ഷിതമായി ഗതി നിയന്ത്രിച്ചു മുന്നേറാൻ ദൈവജനത്തെ പ്രാപ്തമാക്കുന്ന ദൈവവചനത്തിലെ പരിജ്ഞാനത്തിലധിഷ്ഠിതവും പ്രായോഗികവുമായ ദിവ്യജ്ഞാനമാണ്. (സദൃശവാക്യങ്ങൾ 9:10) സദൃശവാക്യങ്ങളിൽ 19 പ്രാവശ്യം പരാമർശിച്ചിരിക്കുന്ന വിവേകം ജ്ഞാനത്തിന്റെ തോഴിയാണ്, അതു സാത്താന്റെ ഉപായങ്ങളോടു പോരാടാൻ നമ്മെ സഹായിക്കുന്നു. കുടില തന്ത്രങ്ങൾ ഉപയോഗിക്കുന്നതിന് ഈ മഹാ ശത്രുവിന് ആയിരക്കണക്കിനു വർഷത്തെ അനുഭവപരിചയമുണ്ട്. എന്നാൽ ഒരു ഉപദേശകനെന്നനിലയിലുള്ള അനുഭവപരിചയത്തെക്കാൾ വളരെയേറെ മൂല്യവത്തായ ഒന്നു നമുക്കുണ്ട്—ദൈവിക വിവേകം അഥവാ തെററിൽനിന്നു ശരിയെ തിരിച്ചറിയാനും പോകേണ്ട നേരായ പാത തിരഞ്ഞെടുക്കാനുമുള്ള പ്രാപ്തി. ഇതാണു യഹോവ തന്റെ വചനത്തിലൂടെ നമ്മെ പഠിപ്പിക്കുന്നത്.—സദൃശവാക്യങ്ങൾ 2:10-13; എഫെസ്യർ 6:11.
13. കഠിനമായ സാമ്പത്തിക പരാധീനതകളുടെ സമയങ്ങളിൽ എന്തിനു നമ്മെ സംരക്ഷിക്കാൻ കഴിയും, എങ്ങനെ?
13 ലോകത്തിലെ ഇന്നത്തെ സാമ്പത്തിക കുഴപ്പം യെഹെസ്കേൽ 7:19-ലെ പ്രവചനത്തിന്റെ നിവൃത്തിയുടെ മുന്നോടിയാണ്: “അവർ തങ്ങളുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും; പൊന്നു അവർക്കു മലമായി തോന്നും. അവരുടെ വെള്ളിക്കും പൊന്നിനും യഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിപ്പാൻ കഴികയില്ല.” ഭൂമിയിലെ സകല ഭൗതിക സമ്പത്തുക്കളും ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും രക്ഷാകരമായ ശക്തിയോടുള്ള താരതമ്യത്തിൽ ഒന്നുമല്ല. മറെറാരു അവസരത്തിൽ ജ്ഞാനിയായ ശലോമോൻ ഇങ്ങനെ പറഞ്ഞു: “ജ്ഞാനം ഒരു ശരണം, ദ്രവ്യവും ഒരു ശരണം; ജ്ഞാനമോ ജ്ഞാനിയുടെ ജീവനെ പാലിക്കുന്നു; ഇതത്രേ പരിജ്ഞാനത്തിന്റെ വിശേഷത.” (സഭാപ്രസംഗി 7:12) യഹോവയുടെ ഇമ്പമുള്ള വഴികളിൽ നടക്കുകയും യേശുവിന്റെ മറുവിലയാഗത്തിൽ വിശ്വാസം പ്രകടമാക്കുന്ന ഏവർക്കുമുള്ള ദൈവത്തിന്റെ ദാനമായ നിത്യജീവൻ എന്ന “ദീർഘായുസ്സ്” ജ്ഞാനപൂർവം തിരഞ്ഞെടുക്കുകയും ചെയ്യുന്ന എല്ലാവരും തീർച്ചയായും സന്തുഷ്ടർതന്നെ!—സദൃശവാക്യങ്ങൾ 3:16; യോഹന്നാൻ 3:16; 17:3.
യഥാർഥ ജ്ഞാനം നട്ടുവളർത്തൽ
14. യഹോവ ഏതു വിധങ്ങളിലാണു മാതൃകായോഗ്യമായ ജ്ഞാനം പ്രകടമാക്കിയിരിക്കുന്നത്?
14 യഹോവ തന്റെ അത്ഭുതകരമായ സൃഷ്ടിക്രിയകൾ നടത്തിയപ്പോൾ പ്രകടമാക്കിയ ഗുണങ്ങളായ ജ്ഞാനവും വിവേകവും അവിടുത്തെ ഛായയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരായ നാം നട്ടുവളർത്താൻ ഉത്സാഹിക്കുന്നത് ഉചിതമാണ്. എന്തെന്നാൽ “ജ്ഞാനത്താൽ യഹോവ ഭൂമിയെ സ്ഥാപിച്ചു; വിവേകത്താൽ അവൻ ആകാശത്തെ ഉറപ്പിച്ചു.” (സദൃശവാക്യങ്ങൾ 3:19) അവിടുന്നു ജീവനുള്ള സൃഷ്ടികളെ ഉണ്ടാക്കിയതു നിഗൂഢവും വിശദീകരിക്കാൻ പററാത്തതുമായ ഏതെങ്കിലും പരിണാമ പ്രക്രിയയിലൂടെയല്ല, മറിച്ച് ഓരോന്നും “അതതു തര”ത്തിൽ നേരിട്ടുള്ള സൃഷ്ടിക്രിയകളിലൂടെയാണ്, അതും ഒരു ജ്ഞാനമേറിയ ഉദ്ദേശ്യത്തോടെ. (ഉല്പത്തി 1:25) ഒടുവിൽ, മൃഗങ്ങളുടേതിനെക്കാൾ വളരെ മേൻമയേറിയ ബുദ്ധിശക്തിയോടും കഴിവുകളോടുംകൂടെ മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ ദൂതപുത്രൻമാരുടെ കരഘോഷം സ്വർഗത്തിലെങ്ങും മാറെറാലിക്കൊണ്ടിരുന്നിരിക്കണം. (ഇയ്യോബ് 38:1, 4, 7 താരതമ്യം ചെയ്യുക.) യഹോവയുടെ വിവേകപൂർവകമായ ദീർഘവീക്ഷണം, ജ്ഞാനം, സ്നേഹം എന്നിവയെല്ലാം ഭൂമിയിലെ അവിടുത്തെ എല്ലാ ഉത്പന്നങ്ങളിലും കാണപ്പെടുന്നു.—സങ്കീർത്തനം 104:24.
15. (എ) ജ്ഞാനം നട്ടുവളർത്തുന്നതു മാത്രം പോരാത്തത് എന്തുകൊണ്ട്? (ബി) സദൃശവാക്യങ്ങൾ 3:25, 26 നമ്മിൽ എന്ത് ആത്മവിശ്വാസം ഉണർത്തേണ്ടതുണ്ട്?
15 നാം യഹോവയുടെ ഗുണങ്ങളായ ജ്ഞാനവും വിവേകവും നട്ടുവളർത്തുക മാത്രം ചെയ്താൽ പോരാ, അവ നിലനിർത്തുകകൂടി വേണം. അതിന്, നാം അവിടുത്തെ വചനത്തിന്റെ പഠനത്തിൽ മാന്ദ്യമുള്ളവരാകാതിരിക്കേണ്ടതുണ്ട്. അവിടുന്നു നമ്മെ ഇങ്ങനെ ബുദ്ധ്യുപദേശിക്കുന്നു: “മകനേ, ജ്ഞാനവും വകതിരിവും കാത്തുകൊൾക; അവ നിന്റെ ദൃഷ്ടിയിൽനിന്നു മാറിപ്പോകരുതു. അവ നിനക്കു ജീവനും നിന്റെ കഴുത്തിന്നു അലങ്കാരവും ആയിരിക്കും.” (സദൃശവാക്യങ്ങൾ 3:21, 22) അങ്ങനെ, സാത്താന്റെ ലോകത്തിൽ പൊട്ടിപ്പുറപ്പെടാൻ പോകുന്ന “പെട്ടെന്നു”ള്ള “നാശം” കള്ളനെപ്പോലെ വരുന്ന കാലത്തുപോലും നമുക്കു സുരക്ഷിതമായും മനസ്സമാധാനത്തോടെയും ജീവിക്കാനാകും. (1 തെസ്സലൊനീക്യർ 5:2, 3) മഹോപദ്രവകാലത്തു പോലും “പെട്ടെന്നുള്ള പേടി ഹേതുവായും ദുഷ്ടൻമാർക്കു വരുന്ന നാശംനിമിത്തവും നീ ഭയപ്പെടുകയില്ല. യഹോവ നിന്റെ ആശ്രയമായിരിക്കും; അവൻ നിന്റെ കാൽ കുടുങ്ങാതവണ്ണം കാക്കും.”—സദൃശവാക്യങ്ങൾ 3:23-26.
നൻമ ചെയ്യുന്നതിനോടുള്ള സ്നേഹം
16. ശുശ്രൂഷയിലുള്ള തീക്ഷ്ണതക്കു പുറമേ ക്രിസ്ത്യാനികളിൽനിന്ന് ഏതു പ്രവൃത്തികൂടെ ആവശ്യപ്പെട്ടിരിക്കുന്നു?
16 രാജ്യത്തിന്റെ ഈ സുവിശേഷം സകല ജാതികൾക്കും സാക്ഷ്യമായി പ്രസംഗിക്കുന്നതിൽ ഉത്സാഹം കാണിക്കേണ്ട നാളുകളാണിവ. എന്നാൽ ഈ സാക്ഷ്യവേലയെ പിന്തുണയ്ക്കുന്ന മററു ക്രിസ്തീയ പ്രവർത്തനങ്ങളിലും ഏർപ്പെടേണ്ടതുണ്ട്. അക്കാര്യമാണു സദൃശവാക്യങ്ങൾ 3:27, 28-ൽ പറഞ്ഞിരിക്കുന്നത്: “നൻമ ചെയ്വാൻ നിനക്കു പ്രാപ്തിയുള്ളപ്പോൾ അതിന്നു യോഗ്യൻമാരായിരിക്കുന്നവർക്കു ചെയ്യാതിരിക്കരുതു. നിന്റെ കയ്യിൽ ഉള്ളപ്പോൾ കൂട്ടുകാരനോടു: പോയിവരിക, നാളെത്തരാം എന്നു പറയരുതു.” (യാക്കോബ് 2:14-17 താരതമ്യം ചെയ്യുക.) ലോകത്തിന്റെ അധിക ഭാഗവും ദാരിദ്ര്യത്തിലും പട്ടിണിയിലും അമർന്നിരിക്കുന്നതിനാൽ നമ്മുടെ സഹമനുഷ്യനെ, പ്രത്യേകിച്ച് നമ്മുടെ ആത്മീയ സഹോദരൻമാരെ, സഹായിക്കുന്നതിനുള്ള അടിയന്തിര ആഹ്വാനങ്ങൾ ഉണ്ടായിട്ടുണ്ട്. യഹോവയുടെ സാക്ഷികൾ എങ്ങനെയാണു പ്രതികരിച്ചിട്ടുള്ളത്?
17-19. (എ) 1993-ൽ ഏത് അടിയന്തിര ആവശ്യത്തെയാണു നേരിട്ടത്, എന്തു പ്രതികരണത്തോടെ? (ബി) ഉപരോധിക്കപ്പെട്ട നമ്മുടെ സഹോദരങ്ങൾ “പൂർണ്ണജയം പ്രാപിക്കു”ന്നെന്ന് എന്തു പ്രകടമാക്കുന്നു?
17 ഒരു ദൃഷ്ടാന്തമെടുക്കാം: “കഴിഞ്ഞ വർഷം മുൻ യൂഗോസ്ലാവ്യയിൽനിന്നു സഹായത്തിനുള്ള ഒരു അടിയന്തിര ആഹ്വാനം ഉണ്ടായപ്പോൾ അയൽരാജ്യങ്ങളിലുള്ള സഹോദരവർഗം ഗംഭീരമായി പ്രതികരിച്ചു. കഴിഞ്ഞ ശീതകാലത്തെ മരംകോച്ചുന്ന മാസങ്ങളിൽ, സഹായമാവശ്യമുള്ള സാക്ഷികൾക്ക് ആനുകാലിക പ്രസിദ്ധീകരണങ്ങളും കമ്പിളിവസ്ത്രങ്ങളും ഭക്ഷണവും മരുന്നും കയററിയ നിരവധി ദുരിതാശ്വാസ വാഹനങ്ങൾക്കു യുദ്ധമേഖലയിലൂടെ കടന്നുപോകാൻ കഴിഞ്ഞു. കൊണ്ടുപോകുന്നതിനു സഹോദരൻമാർ അനുമതി തേടിയതു 15 ടൺ ദുരിതാശ്വാസ സാധനങ്ങൾക്കായിരുന്നു. എന്നാൽ അനുമതി ലഭിച്ചപ്പോൾ അതു 30 ടണ്ണിനുള്ളതായിരുന്നു! ആസ്ട്രിയയിലെ യഹോവയുടെ സാക്ഷികൾ സത്വരം മൂന്നു ലോറി സാധനങ്ങൾകൂടി കൊടുത്തയച്ചു. മൊത്തം 25 ടൺ സാധനങ്ങളാണ് ഉദ്ദിഷ്ടസ്ഥാനത്ത് എത്തിയത്. ഉദാരമായ ഈ ആത്മീയവും ഭൗതികവുമായ കരുതലുകൾ ലഭിച്ചപ്പോൾ നമ്മുടെ സഹോദരങ്ങൾ എത്ര ആനന്ദപുളകിതരായിരുന്നെന്നോ!
18 ആ ഗുണഭോക്താക്കൾ എങ്ങനെയാണു പ്രതികരിച്ചത്? ഈ വർഷം ആദ്യം ഒരു മൂപ്പൻ എഴുതി: “സാരയിവോയിലെ സഹോദരങ്ങൾ ഇപ്പോൾ സുഖമായിരിക്കുന്നു, എന്നാൽ ഏററവും പ്രധാനമായ സംഗതി ഈ പരിഹാസ്യമായ യുദ്ധത്തിൽ സഹിച്ചുനിൽക്കാൻ തക്കവണ്ണം ഞങ്ങൾ ഇപ്പോഴും ആത്മീയമായി ശക്തരാണ് എന്നതാണ്. ആഹാരത്തിന്റെ കാര്യത്തിൽ അവസ്ഥ വളരെ മോശമായിരുന്നു. ഞങ്ങൾക്കുവേണ്ടി നടത്തിയ ശ്രമങ്ങൾക്കെല്ലാം യഹോവ പ്രതിഫലം നൽകി നിങ്ങളെ അനുഗ്രഹിക്കട്ടെ. അധികാരികളോടുള്ള ബഹുമാനവും തങ്ങളുടെ മാതൃകായോഗ്യമായ ജീവിതരീതിയും നിമിത്തം യഹോവയുടെ സാക്ഷികളോട് അധികാരികൾക്കു പ്രത്യേക ബഹുമാനമുണ്ട്. നിങ്ങൾ കൊണ്ടെത്തിച്ച ആത്മീയ ആഹാരത്തിനും ഞങ്ങൾ നന്ദിയുള്ളവരാണ്.”—സങ്കീർത്തനം 145:18 താരതമ്യം ചെയ്യുക.
19 അപകടഭീഷണിയിലായിരുന്ന ഈ സഹോദരങ്ങൾ തീക്ഷ്ണമായ വയൽശുശ്രൂഷയിലൂടെയും തങ്ങളുടെ വിലമതിപ്പു പ്രകടമാക്കുകയുണ്ടായി. ഭവന ബൈബിളധ്യയനങ്ങൾ ആവശ്യപ്പെട്ടുകൊണ്ട് അനേകം അയൽക്കാർ അവരുടെയടുത്തു വരുന്നു. അഞ്ചു ടൺ ദുരിതാശ്വാസ ഭക്ഷണം വിതരണം ചെയ്ത ടൂസ്ലാ നഗരത്തിൽ, സഭയിലെ ഒൻപതു പയനിയർമാരെ നന്നായി പിന്തുണച്ചുകൊണ്ട് ആ മാസം ശരാശരി 25 മണിക്കൂർ വീതം സേവനത്തിൽ ചെലവഴിച്ചതായി 40 പ്രസാധകർ റിപ്പോർട്ടു ചെയ്തു. യേശുവിന്റെ മരണത്തിന്റെ സ്മാരകാഘോഷത്തിന് 243 എന്ന ശ്രദ്ധേയമായ ഹാജരുണ്ടായിരുന്നു. ഈ പ്രിയ സഹോദരങ്ങൾ തീർച്ചയായും “നമ്മെ സ്നേഹിച്ചവൻമുഖാന്തരം ഇതിൽ ഒക്കെയും പൂർണ്ണജയം പ്രാപിക്കുന്നു.”—റോമർ 8:37.
20. മുൻ സോവിയററ് യൂണിയനിൽ ഏതു ‘സമത്വീ’കരണം നടന്നിരിക്കുന്നു?
20 മുൻ സോവിയററ് യൂണിയനിലേക്ക് അയച്ച ദുരിതാശ്വാസ ഭക്ഷണത്തിലൂടെയും കമ്പിളി വസ്ത്രങ്ങളിലൂടെയും പ്രകടമായ ഔദാര്യം അവിടത്തെ സഹോദരങ്ങൾ പ്രകടമാക്കിയ തീക്ഷ്ണതക്കു യോജിച്ചതായിരുന്നു. ഉദാഹരണത്തിന്, മോസ്കോയിലെ ഈ വർഷത്തെ സ്മാരകഹാജർ 7,549 ആയിരുന്നു. കഴിഞ്ഞ വർഷം അതു വെറും 3,500 ആയിരുന്നു. അതേ കാലയളവിൽ ആ നഗരത്തിലെ സഭകളുടെ എണ്ണം 12-ൽനിന്നു 16 ആയി വർധിച്ചു. മുൻ സോവിയററ് യൂണിയനിലൊട്ടുക്കു (ബാൾട്ടിക്ക് സ്റേറററുകൾ ഒഴികെ) സഭകളുടെ വർധനവു 14 ശതമാനവും രാജ്യപ്രഘോഷകരുടേത് 25 ശതമാനവും പയനിയർമാരുടേത് 74 ശതമാനവുമായിരുന്നു. തീക്ഷ്ണതയുടെയും ആത്മത്യാഗത്തിന്റെയും എന്തൊരാത്മാവ്! ഇത് ഒന്നാം നൂററാണ്ടിൽ ഒരിക്കൽ ‘ഒരു സമത്വീ’കരണം നടന്നപ്പോൾ ഉണ്ടായിരുന്ന ആത്മത്യാഗത്തിന്റെ ആത്മാവിനെ നമ്മുടെ ഓർമയിലേക്കു കൊണ്ടുവരുന്നു. ആത്മീയവും ഭൗതികവുമായ സമ്പത്തുക്കൾ ഉണ്ടായിരുന്ന ക്രിസ്ത്യാനികൾ അത്രയ്ക്കും സൗകര്യങ്ങളില്ലാഞ്ഞവർക്ക് ഔദാര്യമായി ദാനങ്ങൾ നൽകി. അതേസമയം ദുരിതമനുഭവിച്ചവരുടെ തീക്ഷ്ണത ദാതാക്കൾക്കു സന്തോഷവും പ്രോത്സാഹനവും കൈവരുത്തുകയും ചെയ്തു.—2 കൊരിന്ത്യർ 8:14.
തിൻമയെ വെറുപ്പിൻ!
21. സദൃശവാക്യങ്ങൾ 3-ാമധ്യായത്തിലെ ഉപസംഹാര വാക്കുകളിൽ ജ്ഞാനികളും ഭോഷൻമാരും തമ്മിലുള്ള വ്യത്യാസം എങ്ങനെയാണ് എടുത്തുകാട്ടിയിരിക്കുന്നത്?
21 വൈപരീത്യങ്ങളുടെ ഒരു പരമ്പരതന്നെ അവതരിപ്പിച്ചിട്ട് സദൃശവാക്യങ്ങൾ മൂന്നാം അധ്യായം ഈ ബുദ്ധ്യുപദേശത്തോടെ ഉപസംഹരിക്കുന്നു: “സാഹസക്കാരനോടു നീ അസൂയപ്പെടരുതു; അവന്റെ വഴികൾ ഒന്നും തിരഞ്ഞെടുക്കയുമരുതു. വക്രതയുള്ളവൻ യഹോവെക്കു വെറുപ്പാകുന്നു. നീതിമാൻമാർക്കോ അവന്റെ സഖ്യത ഉണ്ടു. യഹോവയുടെ ശാപം ദുഷ്ടന്റെ വീട്ടിൽ ഉണ്ടു; നീതിമാൻമാരുടെ വാസസ്ഥലത്തെയോ അവൻ അനുഗ്രഹിക്കുന്നു. പരിഹാസികളെ അവൻ പരിഹസിക്കുന്നു; എളിയവർക്കോ അവൻ കൃപ നൽകുന്നു. ജ്ഞാനികൾ ബഹുമാനത്തെ അവകാശമാക്കും; ഭോഷൻമാരുടെ ഉയർച്ചയോ അപമാനം തന്നേ.”—സദൃശവാക്യങ്ങൾ 3:29-35.
22. (എ) ഭോഷൻമാരുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നത് നമുക്ക് എങ്ങനെ ഒഴിവാക്കാം? (ബി) ജ്ഞാനികൾ എന്തു വെറുക്കുന്നു, അവർ എന്തു നട്ടുവളർത്തുന്നു, എന്തു പ്രതിഫലത്തോടെ?
22 ഭോഷൻമാരുടെ കൂട്ടത്തിൽ എണ്ണപ്പെടുന്നത് നമുക്ക് എങ്ങനെ ഒഴിവാക്കാം? ദുഷ്ടതയെ വെറുക്കാൻ, അതേ, യഹോവ വെറുക്കുന്ന കാര്യങ്ങളെ—അക്രമാസക്തവും രക്തച്ചൊരിച്ചിലുമുള്ള ഈ ലോകത്തിലെ സകല കാപട്യങ്ങളെയും—കഠിനമായി വെറുക്കാൻ നാം പഠിക്കണം. (സദൃശവാക്യങ്ങൾ 6:16-19 കൂടെ കാണുക.) അതേസമയംതന്നെ, താഴ്മയും യഹോവാഭക്തിയും മുഖേന നമുക്കു “ധനവും മാനവും ജീവനും” ആർജിക്കാൻ കഴിയേണ്ടതിന് നാം നേര്, നീതി, സൗമ്യത തുടങ്ങിയ നല്ല ഗുണങ്ങൾ നട്ടുവളർത്തുകയും വേണം. (സദൃശവാക്യങ്ങൾ 22:4) “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക” എന്ന ബുദ്ധ്യുപദേശം ബാധകമാക്കുന്ന സകലർക്കുമുള്ള പ്രതിഫലം അതായിരിക്കും.
നിങ്ങളുടെ അഭിപ്രായമെന്ത്?
◻ ഈ അധ്യയനലേഖനത്തിലെ വിഷയവാക്യം ഇന്നു ബാധകമാകുന്നത് എങ്ങനെ?
◻ നമുക്കു യഹോവയെ എങ്ങനെ ബഹുമാനിക്കാൻ കഴിയും?
◻ നാം ശിക്ഷണത്തെ തുച്ഛീകരിക്കരുതാത്തത് എന്തുകൊണ്ട്?
◻ ഏററവും വലിയ സന്തുഷ്ടി നമുക്ക് എവിടെ കണ്ടെത്താം?
◻ നമുക്കു നൻമയെ സ്നേഹിക്കാനും തിൻമയെ വെറുക്കാനും എങ്ങനെ കഴിയും?
[18-ാം പേജിലെ ചിത്രം]
തങ്ങളുടെ ഏററവും മെച്ചമായതു യഹോവക്കു യാഗമായി അർപ്പിക്കുന്നവർ സമൃദ്ധമായി അനുഗ്രഹിക്കപ്പെടും