കൊരിന്തിലുള്ളവർക്ക് എഴുതിയ ഒന്നാമത്തെ കത്ത്
3 അതുകൊണ്ട് സഹോദരങ്ങളേ, ആത്മീയമനുഷ്യരോട്+ എന്നപോലെ നിങ്ങളോടു സംസാരിക്കാൻ എനിക്കു കഴിഞ്ഞില്ല. ജഡികമനുഷ്യരോട്* എന്നപോലെ, ക്രിസ്തുവിൽ ശിശുക്കളായവരോട്+ എന്നപോലെ, ആണ് ഞാൻ സംസാരിച്ചത്. 2 കട്ടിയായ ആഹാരമല്ല, പാലാണു ഞാൻ നിങ്ങൾക്കു തന്നത്. കാരണം, കട്ടിയായതു കഴിക്കാനുള്ള ശേഷി നിങ്ങൾക്കില്ലായിരുന്നു. ഇപ്പോഴും അങ്ങനെതന്നെ.+ 3 നിങ്ങൾ ഇപ്പോഴും ജഡികന്മാരാണ്.+ നിങ്ങൾക്കിടയിൽ അസൂയയും കലഹവും ഉള്ളിടത്തോളം നിങ്ങൾ ജഡികന്മാരും+ മറ്റ് ആളുകളെപ്പോലെ നടക്കുന്നവരും അല്ലേ? 4 “ഞാൻ പൗലോസിന്റെ പക്ഷത്താണ്” എന്ന് ഒരാളും “ഞാൻ അപ്പൊല്ലോസിന്റെ+ പക്ഷത്താണ്” എന്നു വേറൊരാളും പറയുമ്പോൾ നിങ്ങൾ വെറും മാനുഷികമായ രീതിയിലല്ലേ പെരുമാറുന്നത്?
5 ആരാണ് അപ്പൊല്ലോസ്? അല്ല, ആരാണു പൗലോസ്? നിങ്ങൾ വിശ്വാസികളാകാൻ കാരണമായിത്തീർന്ന ശുശ്രൂഷകന്മാർ+ മാത്രം. കർത്താവാണു ഞങ്ങളെ ഇരുവരെയും ഇത് ഏൽപ്പിച്ചത്. 6 ഞാൻ നട്ടു,+ അപ്പൊല്ലോസ് നനച്ചു.+ എന്നാൽ ദൈവമാണു വളർത്തിയത്. 7 അതുകൊണ്ട് നടുന്നവനോ നനയ്ക്കുന്നവനോ അല്ല വളർത്തുന്ന ദൈവത്തിനാണു ബഹുമതി കിട്ടേണ്ടത്.+ 8 നടുന്നവനും നനയ്ക്കുന്നവനും ഒരുമയോടെ* പണിയെടുക്കുന്നു. ഇരുവർക്കും അവനവൻ ചെയ്യുന്ന പണിക്കനുസരിച്ച് പ്രതിഫലവും കിട്ടും.+ 9 ഞങ്ങൾ ദൈവത്തിന്റെ സഹപ്രവർത്തകരാണ്. നിങ്ങൾ ദൈവം കൃഷി ചെയ്യുന്ന വയലും ദൈവത്തിന്റെ കെട്ടിടവും ആണ്.+
10 ദൈവം എന്നോട് അനർഹദയ കാണിച്ചതുകൊണ്ട് ഒരു വിദഗ്ധശില്പിയെപ്പോലെ ഞാൻ അടിസ്ഥാനമിട്ടു.+ പക്ഷേ മുകളിലേക്കു പണിയുന്നതു മറ്റൊരാളാണ്. എന്നാൽ എങ്ങനെ പണിയുന്നെന്ന് ഓരോരുത്തരും ശ്രദ്ധിക്കണം. 11 കാരണം ഇപ്പോൾ ഇട്ടിരിക്കുന്ന യേശുക്രിസ്തു എന്ന അടിസ്ഥാനമല്ലാതെ+ മറ്റൊന്ന് ഇടാൻ ആർക്കും കഴിയില്ല. 12 ആ അടിസ്ഥാനത്തിനു മുകളിൽ ആരെങ്കിലും സ്വർണം, വെള്ളി, വിലയേറിയ കല്ലുകൾ, തടി, ഉണങ്ങിയ പുല്ല്, വയ്ക്കോൽ എന്നിവകൊണ്ട് പണിയുന്നെന്നിരിക്കട്ടെ. 13 ന്യായവിധിദിവസത്തിൽ ഓരോരുത്തരുടെയും പണി വെളിച്ചത്താകും. തീ അതു വെളിപ്പെടുത്തും.+ ഓരോരുത്തരുടെയും പണി എങ്ങനെയുള്ളതാണെന്നു തീ തെളിയിക്കും. 14 ഒരാൾ പണിതതു നിലനിൽക്കുന്നെങ്കിൽ അയാൾക്കു പ്രതിഫലം കിട്ടും. 15 എന്നാൽ ഒരാളുടെ പണി കത്തിപ്പോകുന്നെങ്കിൽ അയാൾക്കു നഷ്ടം സഹിക്കേണ്ടിവരും. എങ്കിലും അയാൾ രക്ഷപ്പെടും. തീയിലൂടെ എന്നപോലെയായിരിക്കും എന്നു മാത്രം.
16 നിങ്ങൾ ദൈവത്തിന്റെ ആലയമാണെന്നും+ ദൈവത്തിന്റെ ആത്മാവ് നിങ്ങളിൽ വസിക്കുന്നുണ്ടെന്നും നിങ്ങൾക്ക് അറിയില്ലേ?+ 17 ദൈവത്തിന്റെ ആലയം നശിപ്പിക്കുന്നവനെ ദൈവം നശിപ്പിക്കും. കാരണം ദൈവത്തിന്റെ ആലയം വിശുദ്ധമാണ്. ആ ആലയം നിങ്ങൾതന്നെയാണ്.+
18 ആരും തന്നെത്തന്നെ വഞ്ചിക്കാതിരിക്കട്ടെ. താൻ ഈ വ്യവസ്ഥിതിയിലെ* ജ്ഞാനിയാണെന്ന് ആർക്കെങ്കിലും തോന്നുന്നെങ്കിൽ, അയാൾ വിഡ്ഢിയായിത്തീരട്ടെ. അപ്പോൾ അയാൾ യഥാർഥത്തിൽ ജ്ഞാനിയായിത്തീരും. 19 കാരണം ഈ ലോകത്തിന്റെ ജ്ഞാനം ദൈവത്തിന്റെ കണ്ണിൽ വിഡ്ഢിത്തമാണ്. “ദൈവം ജ്ഞാനികളെ അവരുടെതന്നെ ഉപായങ്ങളിൽ കുടുക്കുന്നു”+ എന്നും 20 “ജ്ഞാനികളുടെ ചിന്തകൾ കഴമ്പില്ലാത്തതാണെന്ന് യഹോവയ്ക്ക്* അറിയാം”+ എന്നും എഴുതിയിട്ടുണ്ടല്ലോ. 21 അതുകൊണ്ട് ആരും മനുഷ്യരെക്കുറിച്ച് വീമ്പിളക്കാതിരിക്കട്ടെ. എല്ലാം നിങ്ങൾക്കുള്ളതാണല്ലോ. 22 പൗലോസോ അപ്പൊല്ലോസോ കേഫയോ*+ ലോകമോ ജീവനോ മരണമോ ഇപ്പോഴുള്ളതോ വരുവാനുള്ളതോ എന്നുവേണ്ട, എല്ലാം നിങ്ങൾക്കുള്ളതാണ്. 23 നിങ്ങളോ ക്രിസ്തുവിനുള്ളവർ,+ ക്രിസ്തു ദൈവത്തിനുള്ളവൻ.