ദിവ്യ ബോധനത്തിന്റെ പ്രയോജനങ്ങൾ അനുഭവിക്കുക
“യഹോവയായ ഞാൻ നിന്റെ ദൈവമാകുന്നു, നിനക്കുതന്നെ പ്രയോജനം നേടാൻ നിന്നെ പഠിപ്പിക്കുന്നവൻ.”—യെശയ്യാ 48:17, NW.
1. നമ്മുടെ ജീവിതത്തിൽ ദിവ്യ ബോധനം ബാധകമാക്കിയാൽ അത് എങ്ങനെയായിരിക്കും നമ്മുടെ ജീവിതത്തെ ബാധിക്കുക?
എന്തിനെക്കുറിച്ചും ഏററവും മികച്ച അറിവുള്ളതു യഹോവയാം ദൈവത്തിനാണ്. ചിന്തയിലോ വാക്കിലോ പ്രവൃത്തിയിലോ അവിടുത്തെ ആരും കടത്തിവെട്ടുന്നില്ല. നമ്മുടെ സ്രഷ്ടാവെന്ന നിലയിൽ, അവിടുന്നു നമ്മുടെ ആവശ്യങ്ങളെക്കുറിച്ചു ബോധവാനാണ്, നമുക്ക് ആവശ്യമുള്ളതൊക്കെയും അവിടുന്നു കലവറ കൂടാതെ നൽകുന്നു. നമ്മെ എങ്ങനെ പ്രബോധിപ്പിക്കണമെന്ന് അവിടുത്തേക്കു തീർച്ചയായും അറിയാം. അതിനാൽ ദിവ്യ ബോധനം ബാധകമാക്കിയാൽ നമുക്കുതന്നെ പ്രയോജനം കൈവരുത്തി നാം യഥാർഥ സന്തുഷ്ടി ആസ്വദിക്കും.
2, 3. (എ) ദൈവത്തിന്റെ പുരാതന ജനം അവിടുത്തെ കല്പനകൾ അനുസരിച്ചിരുന്നെങ്കിൽ അവർക്കുതന്നെ എങ്ങനെയുള്ള മെച്ചമുണ്ടാകുമായിരുന്നു? (ബി) ഇന്നു നമ്മുടെ ജീവിതത്തിൽ ദിവ്യ ബോധനം ബാധകമാക്കിയാൽ എന്തു സംഭവിക്കും?
2 തന്റെ നിയമങ്ങളും തത്ത്വങ്ങളും അനുസരിച്ചുകൊണ്ടു തന്റെ ദാസൻമാർ ദുരന്തങ്ങൾ ഒഴിവാക്കി ജീവിതം ആസ്വദിക്കണമെന്ന ദൈവത്തിന്റെ ആത്മാർഥമായ ആഗ്രഹമാണു ദിവ്യ ബോധനം വെളിപ്പെടുത്തുന്നത്. യഹോവയുടെ പുരാതന ജനം അവിടുത്തെ അനുസരിച്ചിരുന്നെങ്കിൽ അവർക്കു സമൃദ്ധമായ അനുഗ്രഹങ്ങൾ ആസ്വദിക്കാമായിരുന്നു. എന്തുകൊണ്ടെന്നാൽ അവിടുന്ന് അവരോട് ഇങ്ങനെ പറഞ്ഞിരുന്നു: “യഹോവയായ ഞാൻ നിന്റെ ദൈവമാകുന്നു, നിനക്കുതന്നെ പ്രയോജനം നേടാൻ നിന്നെ പഠിപ്പിക്കുന്നവനും നീ നടക്കേണ്ട വഴിയിൽ നിന്നെ നടത്തുന്നവനുംതന്നെ. ഓ, എന്റെ കല്പനകൾക്കു നീ വാസ്തവത്തിൽ ശ്രദ്ധകൊടുത്തിരുന്നെങ്കിൽ! എന്നാൽ നിന്റെ സമാധാനം നദിപോലെ ആയിത്തീരുമായിരുന്നു, നിന്റെ നീതി സമുദ്രത്തിലെ തിരമാലകൾപോലെയും.”—യശയ്യാ 48:17, 18, NW.
3 ദൈവത്തിന്റെ പുരാതന ജനം അവിടുത്തെ കല്പനകൾക്കും പ്രബോധനങ്ങൾക്കും ശ്രദ്ധകൊടുത്തിരുന്നെങ്കിൽ അവർക്കുതന്നെ മെച്ചമുണ്ടാകുമായിരുന്നു. ബാബിലോന്യരുടെ കരങ്ങളിൽനിന്നു ദുർഗതി അനുഭവിക്കുന്നതിനുപകരം നിറഞ്ഞൊഴുകുന്ന, ആഴത്തിലുള്ള, വററാത്ത നദിയെന്നപോലെ സമാധാനവും സമൃദ്ധിയും അവർക്ക് അനുഭവിക്കാമായിരുന്നു. അതിലുപരി, അവരുടെ നീതിപ്രവൃത്തികൾ സമുദ്രതിരകളെപ്പോലെ എണ്ണമററതാകുമായിരുന്നു. സമാനമായി, നമ്മുടെ ജീവിതത്തിൽ നാം ദിവ്യ ബോധനം ബാധകമാക്കുന്നെങ്കിൽ പലവിധ പ്രയോജനങ്ങൾ അനുഭവിക്കാൻ നമുക്കാവും. അവയിൽ ചിലത് എന്തൊക്കെയാണ്?
അതു ജീവിതത്തിനു മാററംവരുത്തുന്നു
4. ദിവ്യ ബോധനം അനേകമാളുകളുടെ ജീവിതത്തെ എങ്ങനെയാണു ബാധിച്ചുകൊണ്ടിരിക്കുന്നത്?
4 വ്യക്തികളുടെ ജീവിതത്തെ മെച്ചപ്പെടുത്തിക്കൊണ്ടു ദിവ്യ ബോധനം അനേകർക്കു പ്രയോജനമേകിക്കൊണ്ടാണിരിക്കുന്നത്. യഹോവയുടെ പ്രബോധനം കൈക്കൊള്ളുന്നവർ അഴിഞ്ഞ നടത്ത, വിഗ്രഹാരാധന, ആഭിചാരം, ഭിന്നത, അസൂയ എന്നിവ പോലുള്ള “ജഡത്തിന്റെ പ്രവൃത്തി”കളെ ഉപേക്ഷിക്കുന്നു. പകരം അവർ പ്രകടിപ്പിക്കുന്നതോ സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, നൻമ, വിശ്വസ്തത, സൗമ്യത, ആത്മനിയന്ത്രണം തുടങ്ങിയ ആത്മാവിന്റെ ഫലങ്ങളും. (ഗലാത്യർ 5:19-23) അവർ എഫെസ്യർ 4:17-24-ലെ പൗലോസിന്റെ വാക്കുകളും അനുസരിക്കുന്നു. അവിടെ, ജാതികൾ തങ്ങളുടെ വ്യർഥബുദ്ധി അനുസരിച്ച് അന്ധബുദ്ധികളായി ദൈവത്തിന്റെ ജീവനിൽനിന്ന് അകന്ന് നടക്കുന്നതുപോലെ നടക്കരുതെന്ന് അദ്ദേഹം സഹവിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു. വേദകത്വമില്ലാത്ത ഹൃദയങ്ങളാൽ നയിക്കപ്പെടാതെ, ക്രിസ്തുസമാന വ്യക്തികൾ തങ്ങളുടെ ‘മുൻഗതിക്ക് അനുരൂപമായ പഴയ വ്യക്തിത്വം ഉരിഞ്ഞുകളഞ്ഞിട്ടു തങ്ങളുടെ മനസ്സിനെ കർമോദ്യുക്തമാക്കുന്ന ശക്തിയിൽ പുതുക്കം പ്രാപി’ച്ചിരിക്കുന്നു. അവർ ‘യഥാർഥ നീതിയിലും വിശ്വസ്തതയിലും ദൈവേഷ്ടപ്രകാരം സൃഷ്ടിക്കപ്പെട്ട പുതിയ വ്യക്തിത്വം ധരിക്കുന്നു.’
5. ആളുകൾ ജീവിക്കുന്ന വിധത്തെ ദിവ്യ ബോധനം എങ്ങനെയാണു ബാധിക്കുന്നത്?
5 ദിവ്യ ബോധനം ബാധകമാക്കുന്നതിന്റെ ഒരു നല്ല ഫലം ദൈവത്തോടൊപ്പം എങ്ങനെ നടക്കാമെന്ന് അതു കാണിച്ചുതരുന്നു എന്നതാണ്. നോഹ ചെയ്തതുപോലെ നാം യഹോവയോടൊപ്പം നടക്കുന്നുവെങ്കിൽ, നമ്മുടെ മഹാ പ്രബോധകൻ രൂപരേഖ നൽകിയ പ്രകാരമുള്ള ജീവിതഗതിയായിരിക്കും നാം പിന്തുടരുക. (ഉല്പത്തി 6:9; യെശയ്യാവു 30:20, 21) എന്നാൽ ജാതികളിൽപ്പെട്ട ആളുകൾ പൗലോസ് പറഞ്ഞതുപോലെ “അവരുടെ വ്യർത്ഥബുദ്ധി അനുസരിച്ചു നടക്കുന്നു.” ആ മനസ്സുകളുടെ ചില എഴുത്തുകൾ എത്ര വ്യർഥമായിരുന്നേക്കാം! പോംപിയിലെ ഒരു ചുവരിലുള്ള മററുള്ളവരുടെ എഴുത്തുകൾ ശ്രദ്ധിച്ചുകൊണ്ട് ഒരു നിരീക്ഷകൻ എഴുതി: “അല്ലയോ ചുവരേ, എഴുതപ്പെട്ടിരിക്കുന്ന അസംബന്ധങ്ങളുടെ ഭാരത്താൽ നീ ഇതുവരെയും തകർന്നു വീഴാത്തത് ഒരത്ഭുതമായിരിക്കുന്നല്ലോ.” എന്നാൽ “ദിവ്യ ബോധന”ത്തിലും അതു സാധ്യമാക്കുന്ന രാജ്യപ്രസംഗ വേലയിലും അസംബന്ധമായി ഒന്നുംതന്നെയില്ല. (പ്രവൃത്തികൾ 13:12, NW) ആ വേല മുഖാന്തരം സത്യസ്നേഹികളായ ആളുകൾ സുബോധത്തോടെ പ്രവർത്തിക്കാൻ ഇടയാകുന്നു. ദൈവോദ്ദേശ്യങ്ങളെ അവഗണിച്ചുകൊണ്ടു തങ്ങളുടെ പാപപങ്കിലമായ വഴിയിൽ നടക്കുന്നത് എങ്ങനെ നിർത്താമെന്ന് അവർ പഠിപ്പിക്കപ്പെടുന്നു. അവർ മേലാൽ മാനസികമായി അന്ധകാരത്തിലല്ല, വ്യർഥമായ ലക്ഷ്യങ്ങൾ തേടാൻ പ്രേരിപ്പിക്കുന്ന വേദകത്വമില്ലാത്ത ഹൃദയമുള്ളവരുമല്ല.
6. യഹോവയുടെ പ്രബോധനം അനുസരിക്കുന്നതും നമ്മുടെ സന്തുഷ്ടിയും തമ്മിലുള്ള ബന്ധമെന്ത്?
6 യഹോവയെക്കുറിച്ചും അവിടുത്തെ ഇടപെടലുകളെക്കുറിച്ചും നമ്മെ സുപരിചിതരാക്കുന്നു എന്നതും ദിവ്യ ബോധനത്തിന്റെ ഒരു പ്രയോജനമാണ്. അത്തരം പരിജ്ഞാനം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നു, അവിടുത്തോടുള്ള നമ്മുടെ സ്നേഹത്തെ വർധിപ്പിക്കുന്നു, അവിടുത്തെ അനുസരിക്കാനുള്ള നമ്മുടെ ആഗ്രഹത്തെ വളർത്തുന്നു. 1 യോഹന്നാൻ 5:3 പറയുന്നു: “അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.” നാം യേശുവിന്റെ കല്പനകളും അനുവർത്തിക്കുന്നു, കാരണം അവിടുത്തെ പഠിപ്പിക്കലുകൾ ദൈവത്തിൽനിന്നുള്ളതാണെന്നു നമുക്കറിയാം. (യോഹന്നാൻ 7:16-18) അത്തരം അനുസരണം നമ്മെ ആത്മീയ അപകടങ്ങളിൽനിന്നു സംരക്ഷിച്ചു നമ്മുടെ സന്തുഷ്ടിയെ പരിപോഷിപ്പിക്കുന്നു.
ജീവിതത്തിന് ഒരു യഥാർഥ ഉദ്ദേശ്യം
7, 8. (എ) സങ്കീർത്തനം 90:12 നാം എങ്ങനെയാണു മനസ്സിലാക്കേണ്ടത്? (ബി) നമുക്ക് എങ്ങനെയാണു ജ്ഞാനമുള്ളൊരു ഹൃദയം പ്രാപിക്കാനാവുക?
7 ഉദ്ദേശ്യപൂർണമായ വിധത്തിൽ നമ്മുടെ ജീവിതത്തെ എങ്ങനെ വിനിയോഗിക്കാമെന്നു പ്രകടമാക്കുന്നതിലും യഹോവയുടെ പ്രബോധനം പ്രയോജനപ്രദമാണ്. വാസ്തവത്തിൽ, നമ്മുടെ ദിവസങ്ങൾ എങ്ങനെ ഒരു പ്രത്യേക വിധത്തിൽ എണ്ണണമെന്നു ദിവ്യ ബോധനം നമ്മെ കാണിച്ചുതരുന്നു. 70 വർഷത്തെ ഒരു ആയുർദൈർഘ്യം മൊത്തം 25,550 ദിവസങ്ങളുടെ വാഗ്ദാനമാണ് വെച്ചുനീട്ടുന്നത്. അമ്പതു വയസ്സുള്ള ഒരു വ്യക്തി അവയിൽ 18,250 ദിവസം ചെലവഴിച്ചിരിക്കുന്നു. ഇനിയും ബാക്കിയുണ്ടെന്നു പ്രതീക്ഷിക്കുന്ന, അയാളുടെ 7,300 ദിവസങ്ങൾ തീരെ കുറവായി തോന്നാം. അപ്പോൾ വിശേഷിച്ചും പ്രവാചകനായ മോശ സങ്കീർത്തനം 90:12-ൽ ഈ വിധം പ്രാർഥിച്ചത് എന്തുകൊണ്ടാണെന്ന് അദ്ദേഹം കൂടുതൽ വിലമതിച്ചേക്കും: “ഞങ്ങൾ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാൻ ഞങ്ങളെ ഉപദേശിക്കേണമേ.” മോശ അതിനാൽ അർഥമാക്കിയത് എന്താണ്?
8 ഓരോ ഇസ്രായേല്യന്റെയും ആയുഷ്കാലത്തിന്റെ നാളുകളുടെ കൃത്യ എണ്ണം ദൈവം വെളിപ്പെടുത്തുമെന്നു മോശ അർഥമാക്കിയില്ല. 90-ാം സങ്കീർത്തനം 9, 10 വാക്യങ്ങൾ പറയുന്നതനുസരിച്ച് ഒരു ആയുർദൈർഘ്യം തീർച്ചയായും ഏതാണ്ട് 70 അല്ലെങ്കിൽ 80 വർഷങ്ങളാണെന്ന് ആ എബ്രായ പ്രവാചകൻ തിരിച്ചറിഞ്ഞു, തീർച്ചയായും അതൊരു കുറഞ്ഞ കാലയളവുതന്നെ. അതുകൊണ്ട്, തങ്ങളുടെ ‘ആയുഷ്കാലത്തിന്റെ നാളുകളു’ടെ മൂല്യം നിർണയിച്ചു ദൈവാംഗീകാരം ഉള്ള വിധത്തിൽ അവയെ ഉപയോഗിക്കുന്നതിൽ ജ്ഞാനം പ്രകടമാക്കാനുള്ള മാർഗം തനിക്കും അവിടുത്തെ ജനത്തിനും യഹോവ കാണിച്ചുതരേണമേ അഥവാ പഠിപ്പിച്ചുതരേണമേ എന്ന മോശയുടെ പ്രാർഥനാപൂർവകമായ ആഗ്രഹത്തെ വ്യക്തമായി പ്രതിഫലിപ്പിക്കുകയാണു സങ്കീർത്തനം 90:12-ലെ വാക്കുകൾ. ആകട്ടെ, അപ്പോൾ നമ്മുടെ കാര്യമോ? അമൂല്യമായ ഓരോ ദിവസത്തെയും നാം വിലമതിക്കുന്നുവോ? നമ്മുടെ മഹാ പ്രബോധകനായ യഹോവയാം ദൈവത്തിന്റെ മഹത്ത്വത്തിനു യോഗ്യമാംവണ്ണം ഓരോ ദിവസവും ചെലവഴിക്കാൻ വഴിതേടിക്കൊണ്ടു നാം ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കുന്നുണ്ടോ? അങ്ങനെ ചെയ്യാൻ ദിവ്യ ബോധനം നമ്മെ സഹായിക്കും.
9. നാം യഹോവയുടെ മഹത്ത്വത്തിനായി നമ്മുടെ ദിവസങ്ങൾ എണ്ണാൻ പഠിക്കുന്നെങ്കിൽ നമുക്ക് എന്തു പ്രതീക്ഷിക്കാനാവും?
9 നാം യഹോവയുടെ മഹത്ത്വത്തിനായി നമ്മുടെ ദിവസങ്ങൾ എണ്ണാൻ പഠിക്കുന്നെങ്കിൽ നമുക്കു ദിവസങ്ങൾ എണ്ണുന്നതിൽ എക്കാലവും തുടരാനായേക്കാം, എന്തെന്നാൽ നിത്യജീവൻ പ്രദാനം ചെയ്യുന്ന പരിജ്ഞാനമാണു ദിവ്യ ബോധനം പകരുന്നത്. “അവർ ഏകസത്യ ദൈവമായ അങ്ങയെയും അവിടുന്ന് അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും കുറിച്ചുള്ള അറിവ് ഉൾക്കൊള്ളുന്നതിന്റെ അർഥം നിത്യജീവൻ ആകുന്നു”വെന്നു യേശു പറഞ്ഞു. (യോഹന്നാൻ 17:3, NW) തീർച്ചയായും, കിട്ടാവുന്ന മുഴു ലൗകിക അറിവും നാം നേടിയാലും അതു നമുക്കു നിത്യജീവൻ കൈവരുത്തുകയില്ല. എന്നാൽ നാം അഖിലാണ്ഡത്തിലെ പരമ പ്രധാനികളായ രണ്ടു വ്യക്തികളെക്കുറിച്ചുള്ള സൂക്ഷ്മ പരിജ്ഞാനം നേടി അതു ബാധകമാക്കി യഥാർഥ വിശ്വാസം പ്രകടമാക്കിയാൽ നമുക്കു നിത്യജീവൻ ലഭിക്കാവുന്നതാണ്.
10. വിദ്യാഭ്യാസത്തെപ്പററി ഒരു എൻസൈക്ലോപീഡിയ എന്തു പറയുന്നു, ഇതിനെ ദിവ്യ ബോധനത്തിന്റെ പ്രയോജനങ്ങളുമായി എങ്ങനെ താരതമ്യപ്പെടുത്താം?
10 നാം എത്രകാലം ജീവിച്ചുകഴിഞ്ഞിരുന്നാലും നാം ഓർക്കേണ്ടതു ദിവ്യ ബോധനത്തിന്റെ ശ്രദ്ധേയമായ ഈ മെച്ചത്തെയാണ്, അതായത്, അതിനെ കൈക്കൊള്ളുന്നവർക്ക് അത് യഥാർഥമായ ജീവിതോദ്ദേശ്യം പകർന്നുകൊടുക്കുന്നു എന്നതുതന്നെ. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ പറയുന്നു: “ആളുകൾ സമുദായത്തിലെ ഉപയോഗമുള്ള അംഗങ്ങളായിത്തീരാൻ വിദ്യാഭ്യാസം അവരെ സഹായിക്കേണ്ടതാണ്. അത് അവരുടെ സാംസ്കാരിക പൈതൃകത്തോട് ഒരു മതിപ്പു വളർത്തിയെടുക്കാനും കൂടുതൽ സംതൃപ്തിദായകമായ ജീവിതം നയിക്കാനും അവരെ സഹായിക്കേണ്ടതാണ്.” സംതൃപ്തിദായകമായ ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്നതിനു ദിവ്യ ബോധനം തീർച്ചയായും പ്രയോജനപ്രദമാണ്. അതു ദൈവജനമെന്ന നിലയിൽ നമ്മുടെ ആധ്യാത്മിക പൈതൃകത്തോടു തീക്ഷ്ണമായ വിലമതിപ്പു നമ്മിൽത്തന്നെ വികസിപ്പിക്കുന്നു. കൂടാതെ അതു നമ്മെ തീർച്ചയായും സമുദായത്തിലെ ഉപയോഗമുള്ള അംഗങ്ങളാക്കിത്തീർക്കുകയും ചെയ്യുന്നു, എന്തെന്നാൽ ഭൂമിയൊട്ടാകെയുള്ള ആളുകളുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിൽ ഒരു ജീവത്പ്രധാനമായ പങ്കുവഹിക്കാൻ അതു നമ്മെ പ്രാപ്തരാക്കുന്നു. അങ്ങനെ പറയാൻ കഴിയുന്നത് എന്തുകൊണ്ടാണ്?
ലോകവ്യാപക വിദ്യാഭ്യാസപരിപാടി
11. തോമസ് ജെഫേഴ്സൺ ശരിയായ വിദ്യാഭ്യാസത്തിന്റെ ആവശ്യം വിശേഷവിധമായി വിവരിച്ചതെങ്ങനെ?
11 മററു വിദ്യാഭ്യാസപരിപാടികളിൽനിന്നെല്ലാം വ്യത്യസ്തമായി ദിവ്യ ബോധനം ആളുകളുടെ വിദ്യാഭ്യാസത്തിനുള്ള ആവശ്യം നിവർത്തിക്കുന്നു. ഐക്യനാടുകളുടെ മൂന്നാമത്തെ പ്രസിഡണ്ടായിത്തീർന്ന തോമസ് ജെഫേഴ്സൺ ജനങ്ങളെ പഠിപ്പിക്കേണ്ടതിന്റെ ആവശ്യം തിരിച്ചറിഞ്ഞു. ഒരു സുഹൃത്തും സ്വാതന്ത്ര്യ പ്രഖ്യാപനത്തിൽ തന്നോടൊപ്പം ഒപ്പിട്ട ആളുമായ ജോർജ് വിത്തിനുള്ള ഒരു കത്തിൽ 1786 ആഗസ്ററ് 13-ന് ജെഫേഴ്സൺ എഴുതി: “നമ്മുടെ മുഴു നിയമസംഹിതയിലെയും ഏററവും പ്രധാനപ്പെട്ട നിയമം ജനങ്ങളുടെ ഇടയിലെ അറിവിന്റെ വ്യാപനത്തെ പ്രതിയുള്ള നിയമമാണ് എന്നു ഞാൻ വിചാരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെയും സന്തുഷ്ടിയുടെയും പരിരക്ഷണത്തിനു മറെറാരു ഉറപ്പായ അടിസ്ഥാനവും ആസൂത്രണം ചെയ്യാൻ കഴിയുകയില്ല. . . . എന്റെ പ്രിയ സുഹൃത്തേ, പ്രസംഗിക്കുക, അജ്ഞതയ്ക്കെതിരെ ഒരു തീവ്രപോരാട്ടം നടത്തുക; സാധാരണ ജനങ്ങൾക്കു വിദ്യാഭ്യാസം നൽകുന്നതിനുള്ള നിയമം സ്ഥാപിച്ച് അതു മെച്ചപ്പെടുത്തുക. ഈ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യത്തിൽ നൽകേണ്ടിവരുന്ന നികുതി നാം ജനങ്ങളെ അജ്ഞതയിൽ വിടുകയാണെങ്കിൽ, നമ്മുടെ ഇടയിൽനിന്ന് എഴുന്നേൽക്കുന്ന രാജാക്കൻമാർക്കും പുരോഹിതൻമാർക്കും കുലീനർക്കും നൽകേണ്ടിവരുന്ന തുകയുടെ ആയിരത്തിലൊരംശത്തെക്കാൾ അധികമല്ല എന്ന് . . . നമ്മുടെ നാട്ടുകാർ അറിയട്ടെ.”
12. ആഗോളവിദ്യാഭ്യാസത്തിന് ഏററവും വിജയപ്രദവും പ്രയോജനപ്രദവുമാണു ദിവ്യ ബോധനം എന്നു പറയാൻ കഴിയുന്നതെന്തുകൊണ്ട്?
12 നീതിപ്രിയരായ ജനത്തെ അജ്ഞതയിൽ വിട്ടുകളയുന്നതിനു പകരം അവരുടെ പ്രയോജനത്തിനുവേണ്ടിയുള്ള ഏററവും നല്ല ആഗോള വിദ്യാഭ്യാസ പരിപാടി യഹോവയുടെ പഠിപ്പിക്കൽ നൽകുന്നു. 50 വർഷം മുമ്പു രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ ഐക്യനാടുകളുടെ വിദ്യാഭ്യാസ പുനരാവിഷ്കരണ സമിതി “ആഗോള വിദ്യാഭ്യാസ”ത്തിനുള്ള ഒരു അടിയന്തിര ആവശ്യം കണ്ടു. ആ ആവശ്യം ഇപ്പോഴും ഉണ്ട്, എന്നാൽ ആഗോള വിദ്യാഭ്യാസത്തിനു വിജയപ്രദമായ ഒരേ ഒരു പദ്ധതി ദിവ്യ ബോധനം മാത്രമാണ്. അത് ആളുകളെ നിരാശയിൽനിന്നു കരകയററുന്നു, അവരെ ധാർമികമായും ആത്മികമായും ഉദ്ധരിക്കുന്നു, ലോകത്തിന്റെ അഹങ്കാരത്തിൽനിന്നും മുൻവിധിയിൽനിന്നും സംരക്ഷിക്കുന്നു, നിത്യജീവനുവേണ്ടിയുള്ള പരിജ്ഞാനം പകർന്നുകൊടുക്കുന്നു എന്നീ കാരണങ്ങളാൽ അത് ഏററവും പ്രയോജനപ്രദവുമാണ്. സർവോപരി, യഹോവയാം ദൈവത്തെ സേവിക്കാൻ പഠിപ്പിച്ചുകൊണ്ട് ഈ പരിപാടി എല്ലായിടത്തുമുള്ള ആളുകൾക്കു പ്രയോജനം കൈവരുത്തുന്നു.
13. ഇന്നു യെശയ്യാവു 2:2-4 നിവർത്തിച്ചുകൊണ്ടിരിക്കുന്നതെങ്ങനെ?
13 ഇപ്പോൾ ദൈവദാസരായിത്തീർന്നുകൊണ്ടിരിക്കുന്ന ജനസഞ്ചയങ്ങൾ ദിവ്യ ബോധനത്തിൽനിന്നുള്ള പ്രയോജനങ്ങൾ ആസ്വദിക്കുകയാണ്. അവർ തങ്ങളുടെ ആത്മീയ ആവശ്യം സംബന്ധിച്ച് ബോധമുള്ളവരായിത്തീർന്നിരിക്കുന്നു, യഹോവയുടെ ദിവസം അടുത്തിരിക്കുന്നുവെന്ന് അവർക്കറിയാം. (മത്തായി 5:3; 1 തെസ്സലൊനീക്യർ 5:1-6) ഇപ്പോൾ, “നാളുകളുടെ അന്തിമഭാഗങ്ങളിൽ” സകലജാതികളിലുംനിന്നുമുള്ള ഈ ആളുകൾ യഹോവയുടെ പർവതത്തിലേക്ക്, അവിടുത്തെ ശുദ്ധാരാധനയിലേക്ക്, ഒഴുകിയെത്തുകയാണ്. അത് ഉറപ്പായി സ്ഥാപിക്കപ്പെട്ടതും ദൈവേഷ്ടത്തിനു വിരുദ്ധമായ എല്ലാ ആരാധനക്കും മീതെ ഉന്നതവുമാണ്. (യെശയ്യാവു 2:2-4) നിങ്ങൾ യഹോവയുടെ ഒരു സമർപ്പിത സാക്ഷിയാണെങ്കിൽ അവിടുത്തെ ആരാധിക്കുകയും ദിവ്യ ബോധനത്തിൽനിന്നു പ്രയോജനം അനുഭവിക്കുകയും ചെയ്യുന്ന, എല്ലായ്പോഴും പെരുകിക്കൊണ്ടിരിക്കുന്ന കൂട്ടത്തിന്റെ ഭാഗഭാക്കായിരിക്കുന്നതിൽ നിങ്ങൾ സന്തോഷമുള്ളവനല്ലേ? “ജനങ്ങളേ യഹോവയെ സ്തുതിപ്പിൻ!” എന്ന് ആർത്തുവിളിക്കുന്നവരുടെ ഇടയിലായിരിക്കുന്നത് എത്ര അത്ഭുതാവഹമാണ്!—സങ്കീർത്തനം 150:6, NW.
നമ്മുടെ ആത്മാവിൻമേലുള്ള പ്രയോജനപ്രദമായ ഫലം
14. 1 കൊരിന്ത്യർ 14:20-ൽ കാണുന്ന പൗലോസിന്റെ ബുദ്ധ്യുപദേശം പിൻപററുന്നതുകൊണ്ടുള്ള പ്രയോജനമെന്ത്?
14 ദിവ്യ ബോധനത്തിന്റെ അനേകം പ്രയോജനങ്ങളിൽ ഒന്നു നമ്മുടെ ചിന്തയിൻമേലും ആത്മാവിൻമേലും അതിനുണ്ടാക്കാനാവുന്ന ഫലമാണ്. നീതിയായ, നിർമലമായ, രമ്യമായ, സൽക്കീർത്തിയായ കാര്യങ്ങളെക്കുറിച്ചു ചിന്തിക്കാൻ അതു നമ്മെ പ്രേരിപ്പിക്കുന്നു. (ഫിലിപ്പിയർ 4:8) “ബുദ്ധിയിൽ കുഞ്ഞുങ്ങൾ ആകരുതു; തിൻമെക്കു ശിശുക്കൾ ആയിരിപ്പിൻ” എന്ന പൗലോസിന്റെ ബുദ്ധ്യുപദേശം പിൻപററാൻ യഹോവയുടെ പ്രബോധനം നമ്മെ സഹായിക്കുന്നു. (1 കൊരിന്ത്യർ 14:20) നാം ഈ അനുശാസനം ബാധകമാക്കുന്നെങ്കിൽ ദുഷ്ട കാര്യങ്ങളിലുള്ള ജ്ഞാനം നാം തേടുകയില്ല. “എല്ലാ കൈപ്പും കോപവും ക്രോധവും കൂററാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ” എന്നും പൗലോസ് എഴുതി. (എഫെസ്യർ 4:31, ചെരിച്ചെഴുത്ത് ഞങ്ങളുടേത്) അത്തരം ബുദ്ധ്യുപദേശം ചെവിക്കൊള്ളുന്നത് അസാൻമാർഗികത, മാരക പാപങ്ങൾ എന്നിവയിൽനിന്ന് ഒഴിഞ്ഞിരിക്കാൻ നമ്മെ സഹായിക്കും. ഇതു ശാരീരികമായും മാനസികമായും പ്രയോജനപ്രദമായിരുന്നേക്കുമ്പോൾത്തന്നെ, നാം പ്രീതിപ്പെടുത്തുന്നതു ദൈവത്തെയാണ് എന്നറിയുന്നതിൽനിന്നുള്ള പ്രത്യേക സന്തോഷവും അതു നമുക്കു കൈവരുത്തും.
15. രമ്യമായവ ചിന്തിച്ചുകൊണ്ടു നിലകൊള്ളാൻ നമ്മെ സഹായിക്കാൻ എന്തിനു കഴിയും?
15 രമ്യമായവ ചിന്തിച്ചുകൊണ്ടു നിലകൊള്ളുന്നതിനുള്ള ഒരു സഹായം ‘പ്രയോജനപ്രദമായ ശീലങ്ങളെ പാഴാക്കുന്ന മോശമായ സഹവാസങ്ങ’ളിൽനിന്ന് ഒഴിഞ്ഞിരിക്കുന്നതാണ്. (1 കൊരിന്ത്യർ 15:33, NW) ക്രിസ്ത്യാനികളെന്ന നിലയിൽ നാം, പരസംഗം ചെയ്യുന്നവർ, വ്യഭിചാരം ചെയ്യുന്നവർ, മററു ദുഷ്കൃത്യങ്ങൾ ചെയ്യുന്നവർ തുടങ്ങിയവരുമായി ചങ്ങാത്തം കൂടുകയില്ല. അപ്പോൾ ന്യായമായും, ഇന്ദ്രിയസുഖത്തിനുവേണ്ടി അത്തരം ആളുകളെക്കുറിച്ചു വായിച്ചുകൊണ്ടോ അവരെ ടെലിവിഷൻ, സിനിമകൾ എന്നിവയിൽ വീക്ഷിച്ചുകൊണ്ടോ നാം അവരുമായി സഹവസിച്ചുകൂടാ. ഹൃദയം വഞ്ചനാത്മകമാണ്, അതിനു മോശമായ സംഗതികളോടുള്ള ആഗ്രഹം എളുപ്പം വളർത്തിയെടുക്കാനും അവ ചെയ്യാൻ പ്രലോഭിപ്പിക്കപ്പെടാനും കഴിയും. (യിരെമ്യാവു 17:9) അതുകൊണ്ട്, ദിവ്യ ബോധനത്തോടു പററിനിന്നുകൊണ്ടു നമുക്ക് അത്തരം പ്രലോഭനങ്ങളിൽനിന്ന് ഒഴിഞ്ഞിരിക്കാം. “ദോഷത്തെ വെറുക്കാ”നാവുംവിധം “യഹോവയെ സ്നേഹിക്കുന്നവരു”ടെ ചിന്തയെ പ്രയോജനകരമായി ബാധിക്കാൻ അതിനു കഴിയും.—സങ്കീർത്തനം 97:10.
16. നാം പ്രകടിപ്പിക്കുന്ന ആത്മാവിനെ ബാധിക്കാൻ ദൈവത്തിന്റെ പ്രബോധനത്തിനു കഴിയുന്നതെങ്ങനെ?
16 തന്റെ സഹപ്രവർത്തകനായ തിമൊഥെയോസിനോടു പൗലോസ് പറഞ്ഞു: “കർത്താവ് നീ പ്രകടമാക്കുന്ന ആത്മാവിനോടുകൂടെ ഉണ്ടായിരിക്കട്ടെ. അവിടുത്തെ അനർഹദയ നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ.” (2 തിമൊഥെയോസ് 4:22, NW) തിമൊഥെയോസിനെയും മററു ക്രിസ്ത്യാനികളെയും പ്രചോദിപ്പിക്കാനുള്ള കർമോദ്യുക്ത ശക്തി യേശുക്രിസ്തുവിലൂടെ ദൈവം പ്രദാനം ചെയ്യട്ടേയെന്ന് അപ്പോസ്തലനായ പൗലോസ് ആഗ്രഹിച്ചു. സ്നേഹപൂർവകമായ, ദയാപൂർവകമായ, സൗമ്യമായ ആത്മാവു പ്രകടമാക്കാൻ ദൈവത്തിന്റെ പ്രബോധനം നമ്മെ സഹായിക്കുന്നു. (കൊലൊസ്സ്യർ 3:9-14) ഈ അന്ത്യനാളുകളിലെ അനേകരുടെ അവസ്ഥയുമായി നോക്കുമ്പോൾ അത് എത്ര വ്യത്യസ്തം! ഗർവിഷ്ഠർ, നന്ദിയില്ലാത്തവർ, സ്വാഭാവികപ്രിയമില്ലാത്തവർ, യോജിപ്പിലെത്താൻ മനസ്സില്ലാത്തവർ, തലക്കനമുള്ളവർ, സുഖലോലുപർ, ശരിയായ ദൈവികഭക്തി കൈമോശംവന്നവർ എന്നിങ്ങനെയുള്ളവരാണവർ. (2 തിമൊഥെയൊസ് 3:1-5) എന്നിരുന്നാലും, നമ്മുടെ ജീവിതത്തിൽ ദിവ്യ ബോധനത്തിന്റെ പ്രയോജനങ്ങൾ ബാധകമാക്കുന്നതു തുടരുമ്പോൾ നമ്മെ ദൈവത്തിനും സഹമനുഷ്യർക്കും പ്രിയരാക്കിമാററുന്ന ഒരാത്മാവിനെയാണു നാം പ്രകടിപ്പിക്കുന്നത്.
മനുഷ്യ ബന്ധങ്ങളിൽ പ്രയോജനപ്രദം
17. വിനീതമായ സഹകരണം വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
17 സഹാരാധകരുമായുള്ള വിനീത സഹകരണത്തിന്റെ പ്രയോജനങ്ങൾ മനസ്സിലാക്കാൻ യഹോവയുടെ പ്രബോധനം നമ്മെ സഹായിക്കുന്നു. (സങ്കീർത്തനം 138:6) ഇന്നുള്ള അനേകരെപ്പോലെ നീതിനിഷ്ഠമായ തത്ത്വങ്ങൾ ലംഘിക്കുന്നവരല്ല നാം, മറിച്ച് യോജിപ്പിലെത്താൻ മനസ്സുള്ളവരാണു നാം. ഉദാഹരണത്തിന്, മൂപ്പൻമാരുടെ യോഗങ്ങളിൽ നിയമിത മേൽവിചാരകൻമാർ യോജിപ്പിനു തയ്യാറാകുന്നതു നിമിത്തം അനേകം മെച്ചങ്ങളുണ്ടാകുന്നു. യുക്തിയെ മറച്ചുകളയാനോ അനൈക്യം സൃഷ്ടിക്കാനോ വികാരത്തെ അനുവദിക്കാതെ ഈ മനുഷ്യർക്കു സത്യത്തെപ്രതി സൗമ്യമായി സംസാരിക്കാൻ കഴിയും. നാമെല്ലാം ദിവ്യ ബോധനം ബാധകമാക്കുന്നതിൽ തുടർന്നാൽ നാം ആസ്വദിക്കുന്ന ഐക്യത്തിന്റെ ആത്മാവിൽനിന്നു പ്രയോജനമുണ്ടാകുന്നതു സഭയിലെ സകല അംഗങ്ങൾക്കുമായിരിക്കും.—സങ്കീർത്തനം 133:1-3.
18. സഹാരാധകരെ സംബന്ധിച്ച് ഏതു വീക്ഷണം ഉണ്ടാകാനാണു ദിവ്യ ബോധനം നമ്മെ സഹായിക്കുന്നത്?
18 സഹാരാധകരെ സംബന്ധിച്ച് ഒരു ശരിയായ വീക്ഷണം ഉണ്ടാകാൻ സഹായിക്കുന്നതിലും ദിവ്യ ബോധനം പ്രയോജനപ്രദമാണ്. “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല” എന്നു യേശു പറയുകയുണ്ടായി. (യോഹന്നാൻ 6:44) വിശേഷിച്ചും, 1919 മുതൽ യഹോവ തന്റെ ദാസരെക്കൊണ്ടു തന്റെ ന്യായവിധി പ്രഖ്യാപിപ്പിച്ചിരിക്കുന്നു, ഈ ആഗോള മുന്നറിയിപ്പിൽ സാത്താന്റെ വ്യവസ്ഥിതി ഇളകി വിറകൊണ്ടിരിക്കുന്നു. അതേസമയം ദൈവഭയമുള്ള മനുഷ്യർ—“അഭികാമ്യ വസ്തുക്കൾ”—ജാതികളിൽനിന്നു തങ്ങളെത്തന്നെ വേർപെടുത്താനും മഹത്ത്വംകൊണ്ടു യഹോവയുടെ ആരാധനാലയം നിറയ്ക്കുന്നതിൽ അഭിഷിക്ത ക്രിസ്ത്യാനികളോടൊപ്പം പങ്കെടുക്കാനും ദൈവത്താൽ ആകർഷിക്കപ്പെട്ടിരിക്കുന്നു. (ഹഗ്ഗായി 2:7, NW) അത്തരം അഭികാമ്യരായവരെ നാം വീക്ഷിക്കേണ്ടതു ദൈവത്താൽ ആകർഷിക്കപ്പെട്ട പ്രിയ സഹകാരികളായിട്ടാണ്.
19. സഹക്രിസ്ത്യാനികളുമായുള്ള വ്യക്തിപരമായ ഭിന്നതകൾ പരിഹരിക്കുന്നതിനെ സംബന്ധിച്ചു ദിവ്യ ബോധനം എന്തു വെളിപ്പെടുത്തുന്നു?
19 നാമെല്ലാം അപൂർണരായതുകൊണ്ട്, തീർച്ചയായും കാര്യങ്ങൾ എല്ലായ്പോഴും സുഗമമായി പോകില്ല. അപ്പോസ്തലനായ പൗലോസ് തന്റെ രണ്ടാമത്തെ മിഷനറി യാത്രയ്ക്കു പുറപ്പെടാൻ ഒരുങ്ങുന്ന സമയം. ബർന്നബാസിനു മർക്കോസിനെ കൂടെ കൊണ്ടുപോകണം. പൗലോസ് അതു സമ്മതിച്ചില്ല, കാരണം മർക്കോസ് “പംഫുല്യയിൽനിന്നു” അവരെ “വിട്ടു പ്രവൃത്തിക്കു വരാതി”രിക്കുകയായിരുന്നു. അതേത്തുടർന്ന് അവർക്കിടയിൽ ഒരു “ഉഗ്രവാദ”മുണ്ടായി. മർക്കോസിനെയുംകൂട്ടി ബർന്നബാസ് സൈപ്രസിലേക്കു പോയി. ശീലാസിനെയും കൂട്ടി പൗലോസ് സിറിയ, കിലിക്യ എന്നിവിടങ്ങളിലേക്കും. (പ്രവൃത്തികൾ 15:36-41) പിന്നീട്, ഈ പിണക്കം മാറി എന്നതു വ്യക്തമാണ്, കാരണം റോമിൽവെച്ചു പൗലോസിനോടൊപ്പം മർക്കോസും ഉണ്ടായിരുന്നു; അദ്ദേഹത്തെക്കുറിച്ച് അപ്പോസ്തലൻ നല്ല രീതിയിലാണു പറഞ്ഞത്. (കൊലൊസ്സ്യർ 4:10) ദിവ്യ ബോധനത്തിന്റെ ഒരു മെച്ചം ഇതാണ്, മത്തായി 5:23, 24, മത്തായി 18:15-17 എന്നിവിടങ്ങളിൽ കാണുന്നതുപോലുള്ള യേശുവിന്റെ ബുദ്ധ്യുപദേശം പിൻപററിക്കൊണ്ടു ക്രിസ്ത്യാനികൾക്കിടയിലെ വ്യക്തിപരമായ ഭിന്നതകൾ എങ്ങനെ പരിഹരിക്കാമെന്ന് അതു നമുക്കു കാണിച്ചുതരുന്നു.
എന്നും പ്രയോജനപ്രദം, വിജയപ്രദം
20, 21. ദിവ്യ ബോധനത്തെക്കുറിച്ചുള്ള നമ്മുടെ പരിചിന്തനം നമ്മെ എന്തു ചെയ്യാൻ പ്രേരിപ്പിക്കണം?
20 ദിവ്യ ബോധനത്തിന്റെ ഏതാനും പ്രയോജനങ്ങളും വിജയങ്ങളും ഹ്രസ്വമായി പരിചിന്തിച്ചതിൽനിന്നുപോലും നമുക്കെല്ലാവർക്കും നമ്മുടെ ജീവിതത്തിൽ അവ ബാധകമാക്കുന്നതിൽ സ്ഥിരോത്സാഹം പ്രകടമാക്കേണ്ടതിന്റെ ആവശ്യം നിസ്സംശയം കാണാനാകും. അതിനാൽ, നമുക്കു പ്രാർഥനാപൂരിതമായ ഒരു ആത്മാവോടെ നമ്മുടെ മഹാ പ്രബോധകനിൽനിന്നു പഠിക്കുന്നതിൽ തുടരാം. പെട്ടെന്നുതന്നെ, ദിവ്യ ബോധനം മുമ്പെന്നത്തേക്കാളുമധികമായി വിജയം വരിക്കും. ഈ ലോകത്തിന്റെ ബുദ്ധിജീവികൾ അന്ത്യശ്വാസം വലിച്ചുകഴിയുമ്പോൾ അതു വിജയംവരിച്ചിരിക്കും. (1 കൊരിന്ത്യർ 1:19 താരതമ്യപ്പെടുത്തുക.) കൂടാതെ, ലക്ഷക്കണക്കിനാളുകൾ ദൈവേഷ്ടം പഠിച്ച് അതു ചെയ്യുമ്പോൾ സമുദ്രം വെള്ളംകൊണ്ടു നിറയുന്നതുപോലെ യഹോവയെക്കുറിച്ചുള്ള പരിജ്ഞാനംകൊണ്ടു ഭൂമി നിറയും. (യെശയ്യാവു 11:9) ഇത് അനുസരണയുള്ള മനുഷ്യവർഗത്തിനു പ്രയോജനം ചെയ്യുന്നതും യഹോവയെ അഖിലാണ്ഡ പരമാധികാരിയായി സംസ്ഥാപിക്കുന്നതും എത്ര ഗംഭീരമായിട്ടായിരിക്കും!
21 യഹോവയുടെ ബോധനം എന്നും പ്രയോജനപ്രദവും വിജയപ്രദവുമായിരിക്കും. ദൈവത്തിന്റെ മഹത്തായ പാഠ്യപുസ്തകത്തിന്റെ ഒരു ഉത്സുകനായ വിദ്യാർഥിയെന്ന നിലയിൽ നിങ്ങൾ അതിൽനിന്നു പ്രയോജനം അനുഭവിക്കുന്നതിൽ തുടരുമോ? ബൈബിളിനോടു ചേർച്ചയിലും അതിലെ സത്യങ്ങൾ മററുള്ളവരുമായി പങ്കുവെച്ചുകൊണ്ടുമാണോ നിങ്ങൾ ജീവിക്കുന്നത്? എങ്കിൽ, നമ്മുടെ മഹാ ഉപദേഷ്ടാവായ പരമാധികാരിയാം കർത്താവായ യഹോവക്കു മഹത്ത്വം കൈവരുത്തുമാറു ദിവ്യ ബോധനം പരിപൂർണ വിജയംനേടുന്നതു കാണാൻ നിങ്ങൾക്ക് ഉററുനോക്കാൻ കഴിയും.
നിങ്ങൾ എന്താണു പഠിച്ചത്?
◻ ദിവ്യ ബോധനത്തിനു നമ്മുടെ ജീവിതത്തിൻമേൽ എന്തു ഫലമുണ്ടായിരിക്കാൻ കഴിയും?
◻ എങ്ങനെയാണു യഹോവയുടെ ബോധനം വിദ്യാഭ്യാസപരമായ ആവശ്യങ്ങൾ നിവർത്തിക്കുന്നത്?
◻ ദിവ്യ ബോധനത്തിനു നമ്മുടെ ചിന്തയുടെയും മനോഭാവത്തിന്റെയും മേൽ പ്രയോജനപ്രദമായ എന്തു ഫലമുണ്ടാക്കാനാവും?
◻ മനുഷ്യബന്ധങ്ങളുടെ കാര്യത്തിൽ ദൈവത്തിന്റെ പ്രബോധനം പ്രയോജനപ്രദമാണെന്നു തെളിയുന്നതെങ്ങനെ?
[15-ാം പേജിലെ ചിത്രം]
നോഹ ചെയ്തതുപോലെ ദൈവത്തോടൊപ്പം എങ്ങനെ നടക്കാമെന്നു ദിവ്യ ബോധനം നമുക്കു കാണിച്ചുതരുന്നു
[17-ാം പേജിലെ ചിത്രം]
സകല ജാതികളിൽനിന്നും ആളുകൾ യഹോവയുടെ പർവതത്തിലേക്ക് ഒഴുകിയെത്തുന്നു