നിങ്ങൾ യേശുവിനോടു പ്രാർഥിക്കണമോ?
യേശുവിനോടു പ്രാർഥിക്കുന്നത് ഉചിതമാണെന്നു ചിലയാളുകൾ കരുതുന്നു. ഭക്ഷണം കഴിക്കുന്നതിനുമുമ്പു കൈകൾ കൂപ്പി യേശുക്രിസ്തുവിനോടു നന്ദി പറയണമെന്നു ജർമനിയിൽ അനേകരെയും കുഞ്ഞിലേതന്നെ പഠിപ്പിക്കുന്നു.
യേശുവിനു സ്വർഗത്തിൽ ഉന്നതമായ ഒരു സ്ഥാനമുണ്ടെന്നു വാസ്തവത്തിൽ ബൈബിൾ പറയുന്നു. എന്നുവരികിലും, നാം അവനോടു പ്രാർഥിക്കണമെന്ന് അതിനർഥമുണ്ടോ? യേശുവിനോടുള്ള സ്നേഹത്തെപ്രതി അവനോടു പ്രാർഥിക്കുന്നവരിൽപ്പെട്ട ഒരുവനായിരിക്കാം നിങ്ങൾ. എന്നാൽ അത്തരം പ്രാർഥനകളെക്കുറിച്ച് യേശുപോലും എന്താണു വിചാരിക്കുന്നത്?
ആദ്യമായി, ഈ ചോദ്യങ്ങൾ ഉയർന്നുവരാൻതന്നെ കാരണമെന്താണ്? എന്തുകൊണ്ടെന്നാൽ, “പ്രാർത്ഥന കേൾക്കുന്നവ”ൻ യഹോവയാം ദൈവമാണെന്നാണു ബൈബിൾ പറയുന്നത്. അതുകൊണ്ട്, പുരാതനനാളിലെ ഇസ്രായേല്യരെപ്പോലെയുള്ള ദൈവദാസൻമാർ സർവശക്തനായ യഹോവയാം ദൈവത്തോടു മാത്രമാണു പ്രാർഥിച്ചത് എന്നതിൽ അതിശയിക്കാനില്ല.—സങ്കീർത്തനം 5:1, 2; 65:2.
എന്നാൽ, ദൈവപുത്രനായ യേശു മനുഷ്യവർഗത്തെ പാപത്തിൽനിന്നും മരണത്തിൽനിന്നും രക്ഷിക്കുന്നതിനുവേണ്ടി ഭൂമിയിലേക്കു വന്നപ്പോൾ സ്ഥിതിഗതികൾക്കു മാററം വന്നോ? ഇല്ല. അപ്പോഴും യഹോവയിലേക്കാണു പ്രാർഥനകൾ തിരിച്ചുവിട്ടത്. ഭൂമിയിലായിരുന്നപ്പോൾ യേശുതന്നെയും തന്റെ പിതാവായ ദൈവത്തോടു പതിവായി പ്രാർഥിച്ചിരുന്നു. അപ്രകാരം ചെയ്യുന്നതിന് അവൻ മററുള്ളവരെ പഠിപ്പിക്കുകയും ചെയ്തു. ലോകമാസകലം ഏററവുമധികം അറിയപ്പെടുന്ന പ്രാർഥനകളിലൊന്നായ, ചിലപ്പോഴെല്ലാം കർത്താവിന്റെ പ്രാർഥന അഥവാ സ്വർഗസ്ഥനായ പിതാവേ എന്നു പറയാറുള്ള മാതൃകാ പ്രാർഥനയെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ. തന്നോടു പ്രാർഥിക്കാൻ യേശു നമ്മെ പഠിപ്പിച്ചില്ല; മറിച്ച്, “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്ന ഈ മാതൃകാ പ്രാർഥന അവൻ നമുക്കു നൽകുകയാണു ചെയ്തത്.—മത്തായി 6:6, 9; 26:39, 42.
പ്രാർഥന എന്നു പറഞ്ഞാൽ യഥാർഥത്തിൽ എന്താണെന്നു പരിശോധിച്ചുകൊണ്ടു നമുക്ക് ഈ വിഷയത്തിലേക്ക് ആഴ്ന്നിറങ്ങാം.
പ്രാർഥന എന്നാൽ എന്ത്?
ഓരോ പ്രാർഥനയും ഒരുതരം ആരാധനയാണ്. “പ്രാർഥന എന്നത് ഒരു വ്യക്തി ദൈവത്തിനു ഭക്തി, നന്ദി, കുററസമ്മതം, അപേക്ഷ എന്നിവ അർപ്പിക്കുന്ന ഒരു തരം ആരാധനയാണ്” എന്ന് ദ വേൾഡ്ബുക്ക് എൻസൈക്ലോപീഡിയ ഉറപ്പോടെ പ്രസ്താവിക്കുന്നു.
ഒരു സന്ദർഭത്തിൽ യേശു ഇങ്ങനെ പറഞ്ഞു: “നിന്റെ ദൈവമായ കർത്താവിനെ [“യഹോവയെ,” NW] നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു എന്നു എഴുതിയിരിക്കുന്നു.” ആരാധന—ആ സ്ഥിതിക്ക് പ്രാർഥനയും—തന്റെ പിതാവായ യഹോവയാം ദൈവത്തിനു മാത്രമേ അർപ്പിക്കാവൂ എന്ന അടിസ്ഥാന സത്യത്തിൽ യേശു അടിയുറച്ചു നിന്നു.—ലൂക്കൊസ് 4:8; 6:12.
നമ്മുടെ പ്രാർഥനയിൽ യേശുവിനെ തിരിച്ചറിയൽ
യേശു മനുഷ്യവർഗത്തിനുവേണ്ടി ഒരു മറുവിലയാഗമായി മരിച്ചു. ദൈവം അവനെ ഉയിർപ്പിക്കുകയും ഒരു ഉന്നത സ്ഥാനം അവനു നൽകുകയും ചെയ്തു. നിങ്ങൾ ഊഹിക്കാനിടയുള്ളതുപോലെ ഇതെല്ലാം സ്വീകാര്യമായ പ്രാർഥനയുടെ കാര്യത്തിൽ മാററം വരുത്തുകതന്നെയുണ്ടായി. ഏതു വിധത്തിൽ?
പ്രാർഥനയിൽ യേശുവിന്റെ സ്ഥാനം ചെലുത്തുന്ന വലിയ സ്വാധീനം സംബന്ധിച്ച് അപ്പോസ്തലനായ പൗലോസ് ഇങ്ങനെ വർണിക്കുന്നു: ‘അതുകൊണ്ടു ദൈവവും അവനെ ഏററവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി; അങ്ങനെ അവന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവു” എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏററുപറകയും ചെയ്യേണ്ടിവരും.’—ഫിലിപ്പിയർ 2:9-11.
‘യേശുവിന്റെ നാമത്തിങ്കൽ മുഴങ്കാൽ ഒക്കെയും മടങ്ങു’മെന്ന വാക്കുകൾ നാം അവനോടു പ്രാർഥിക്കണമെന്ന് അർഥമാക്കുന്നുണ്ടോ? ഇല്ല. ഇവിടെ ഉൾപ്പെട്ടിരിക്കുന്ന ഗ്രീക്കു വാചകം “മുഴങ്കാൽ മടക്കുന്നവർ ഏതു നാമത്തിൽ അപ്രകാരം ചെയ്യുന്നുവോ ആ നാമത്തിൽ ഒന്നുചേരുന്നതിനെ, ആരാധനയിൽ ഏകീകൃതരായിരിക്കുന്നതിനെ (πᾶν γόνυ) അർഥമാക്കുന്നു. യേശു സ്വീകരിച്ചിരിക്കുന്ന നാമം സകലരെയും ഏകീകൃതമായ ആരാധനയ്ക്കു പ്രോത്സാഹിപ്പിക്കുന്നു.” (പുതിയ നിയമത്തിന്റെ ശൈലിയെക്കുറിച്ചുള്ള ഒരു വ്യാകരണം, ജി. ബി വൈനറിനാലുള്ളത്) ഒരു പ്രാർഥന സ്വീകാര്യമായിരിക്കുന്നതിന് അത് ‘യേശുവിന്റെ നാമത്തിൽ’ അർപ്പിച്ചേ മതിയാവൂ എന്നുവരികിലും പ്രാർഥന യഹോവയെ അഭിസംബോധന ചെയ്തുകൊണ്ടുള്ളതും അവന്റെ നാമമഹത്വത്തിൽ കലാശിക്കുന്നതുമായിരിക്കണം. അക്കാരണത്താൽ, “എല്ലാററിലും പ്രാർഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു” എന്നു പൗലോസ് പറഞ്ഞു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—ഫിലിപ്പിയർ 4:6.
ഒരു ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നതിന് ഒരു പാതയുള്ളതുപോലെ സർവശക്തനായ ദൈവത്തിങ്കൽ എത്തിച്ചേരുന്നതിനുള്ള “വഴി” യേശുവാണ്. “ഞാൻ തന്നേ വഴിയും സത്യവും ജീവനും ആകുന്നു; ഞാൻ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല” എന്ന് യേശു തന്റെ അപ്പോസ്തലൻമാരെ പഠിപ്പിച്ചു. (യോഹന്നാൻ 14:6) തൻമൂലം, നമ്മുടെ പ്രാർഥന നാം നേരിട്ട് യേശുവിനല്ല, യേശു മുഖാന്തരം ദൈവത്തിനാണ് അർപ്പിക്കേണ്ടത്.a
‘എന്നാൽ, ശിഷ്യനായ സ്തേഫാനോസും അപ്പോസ്തലനായ യോഹന്നാനും സ്വർഗത്തിലിരിക്കുന്ന യേശുവിനോടു സംസാരിച്ചതായി ബൈബിൾ റിപ്പോർട്ടു ചെയ്യുന്നില്ലേ’ എന്നു ചിലർ ചോദിച്ചേക്കാം. അതു ശരിതന്നെ. എന്നിരുന്നാലും, സ്തേഫാനോസും യോഹന്നാനും യേശുവിനെ ദർശനത്തിൽ കാണുകയും അവനോടു നേരിട്ടു സംസാരിക്കുകയും ചെയ്തതിനാൽ ഈ സംഭവങ്ങളിൽ പ്രാർഥന ഉൾപ്പെട്ടില്ല. (പ്രവൃത്തികൾ 7:56, 59; വെളിപ്പാടു 1:17-19; 22:20) ദൈവത്തോടുപോലും കേവലം സംസാരിക്കുന്നത് അതിൽത്തന്നെ പ്രാർഥനയാകുന്നില്ല എന്നതു മനസ്സിൽ പിടിക്കുക. ഏദെൻതോട്ടത്തിൽവെച്ച് ആദാമിനെയും ഹവ്വായെയും അവരുടെ പാപത്തെത്തുടർന്നു ദൈവം ന്യായം വിധിച്ചപ്പോൾ തങ്ങളുടെ പാപത്തിന് ഒഴികഴിവു പറഞ്ഞുകൊണ്ട് അവർ അവനോടു സംസാരിച്ചു. അവർ ആ വിധത്തിൽ അവനോടു സംസാരിച്ചത് ഒരു പ്രാർഥനയായിരുന്നില്ല. (ഉല്പത്തി 3:8-19) അതുകൊണ്ട്, നാം യഥാർഥത്തിൽ യേശുവിനോടു പ്രാർഥിക്കണമെന്നതിനു തെളിവായി സ്തേഫാനോസും യോഹന്നാനും അവനോടു സംസാരിച്ച കാര്യം എടുത്തുപറയുന്നതു തെററായിരിക്കും.
യേശുവിന്റെ നാമത്തെ “വിളിച്ചപേക്ഷിക്കുന്ന”തെങ്ങനെ?
യേശുവിനോടു പ്രാർഥിക്കുന്നത് ഉചിതമാണോ എന്ന കാര്യത്തിൽ നിങ്ങളുടെ മനസ്സിൽ ഇപ്പോഴും സംശയം തളംകെട്ടി നിൽക്കുന്നുണ്ടോ? “ആദിമ ക്രിസ്ത്യാനികൾ യേശുവിനോടു പ്രാർഥിച്ചിരുന്നില്ല എന്ന കാര്യത്തിൽ എനിക്കിപ്പോഴും വിശ്വാസം വരുന്നില്ല എന്നതു ഖേദകരമാണ്” എന്ന് ഒരു സ്ത്രീ വാച്ച് ടവർ സൊസൈററിയുടെ ഒരു ബ്രാഞ്ച് ഓഫീസിലേക്ക് എഴുതി. അവളുടെ മനസ്സിലുണ്ടായിരുന്നത് 1 കൊരിന്ത്യർ 1:2-ലെ പൗലോസിന്റെ വാക്കുകളാണ്. ‘നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്ന’വരെക്കുറിച്ച് അവൻ അവിടെ സൂചിപ്പിച്ചു. “വിളിച്ചപേക്ഷിക്കുക” എന്ന പദപ്രയോഗത്തിനു മൂലഭാഷയിൽ പ്രാർഥന എന്നതിനു പുറമേ പലതും അർഥമാക്കാമെന്ന് ഒരുവൻ മനസ്സിൽ പിടിക്കേണ്ടതുണ്ട്.
ക്രിസ്തുവിന്റെ നാമം എല്ലായിടത്തും എങ്ങനെയാണ് ‘വിളിക്കപ്പെട്ടത്?’ നസറായനായ യേശുവിന്റെ അനുഗാമികൾ അവന്റെ നാമത്തിൽ അനേകം അത്ഭുതങ്ങൾ പ്രവർത്തിച്ചുകൊണ്ട് അവൻ മിശിഹായും “ലോകരക്ഷിതാ”വും ആണെന്നു പരസ്യമായി അംഗീകരിച്ചു. (1 യോഹന്നാൻ 4:14; പ്രവൃത്തികൾ 3:6; 19:5) അതുകൊണ്ട്, “നമ്മുടെ കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കുക . . . എന്നത് അവനോടു പ്രാർഥിക്കുക എന്നതിനു പകരം അവന്റെ കർത്തൃത്വം ഏററുപറയുക എന്നാണ് അർഥമാക്കുന്നത്” എന്ന് ദ ഇൻറർപ്രട്ടേഴ്സ് ബൈബിൾ പ്രസ്താവിക്കുന്നു.
യേശുവിനെ അംഗീകരിക്കുകയും പാപപരിഹാരം സാധ്യമാക്കിത്തീർക്കുന്ന അവന്റെ ചൊരിയപ്പെട്ട രക്തത്തിൽ വിശ്വാസം പ്രകടമാക്കുകയും ചെയ്യുന്നത് “നമ്മുടെ കർത്താവിന്റെ നാമത്തെ വിളിച്ചപേക്ഷിക്കു”ന്നതിനെ അർഥമാക്കും. (പ്രവൃത്തികൾ 22:16-മായി 10:43 താരതമ്യം ചെയ്യുക.) യേശു മുഖാന്തരം ദൈവത്തോടു പ്രാർഥിക്കുമ്പോഴെല്ലാം നാം അക്ഷരീയമായും അവന്റെ നാമം ഉപയോഗിക്കുന്നുമുണ്ട്. അതുകൊണ്ട്, നമുക്ക് യേശുവിന്റെ നാമത്തിൽ വിളിച്ചപേക്ഷിക്കാനാവുമെന്നു പറയുമ്പോൾ നാം അവനോടു പ്രാർഥിക്കണമെന്നു ബൈബിൾ സൂചിപ്പിക്കുന്നില്ല.—എഫെസ്യർ 5:20; കൊലൊസ്സ്യർ 3:17.
യേശുവിനു നമുക്കുവേണ്ടി ചെയ്യാൻ കഴിയുന്നത്
“നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതു ഒക്കെയും ഞാൻ ചെയ്തുതരും” എന്ന് യേശു തന്റെ ശിഷ്യൻമാരോടു സ്പഷ്ടമായി വാഗ്ദാനം ചെയ്തു. ഇത് അവനോടു പ്രാർഥിക്കണമെന്ന് അർഥമാക്കുന്നുണ്ടോ? ഇല്ല. യഹോവയാം ദൈവത്തെ അഭിസംബോധന ചെയ്തുകൊണ്ടാണു ചോദിക്കുന്നത്—പക്ഷേ യേശുവിന്റെ നാമത്തിൽ. (യോഹന്നാൻ 14:13, 14; 15:16) ദൈവപുത്രനായ യേശു നമ്മെപ്രതി തന്റെ മഹദ്ശക്തി ഉപയോഗിക്കുന്നതിനുവേണ്ടി നാം ദൈവത്തോടു പ്രാർഥിക്കുന്നു.
യേശു ഇന്ന് തന്റെ യഥാർഥ അനുഗാമികളുമായി ആശയവിനിയമം ചെയ്യുന്നത് എങ്ങനെയാണ്? അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയെക്കുറിച്ചുള്ള പൗലോസിന്റെ വിവരണം ഒരു ദൃഷ്ടാന്തമായി ഉതകിയേക്കാം. യേശു തലയായിട്ടുള്ള ഒരു ശരീരത്തോട് അവൻ അതിനെ തുലനം ചെയ്തു. “തല” ആത്മീയ ശരീരത്തിലെ അംഗങ്ങളുടെ ആവശ്യങ്ങൾ “സന്ധികളാലും ഞരമ്പുകളാലും” പ്രദാനം ചെയ്യുന്നു. അഥവാ തന്റെ സഭയ്ക്ക് ആത്മീയ ഭോജനവും മാർഗനിർദേശവും പ്രദാനം ചെയ്യുന്നതിനുള്ള മാധ്യമങ്ങളും ക്രമീകരണങ്ങളുമായി അവ ഉതകുന്നു. (കൊലൊസ്സ്യർ 2:19) സമാനമായ ഒരു വിധത്തിൽ യേശു ഇന്ന് “മനുഷ്യരാംദാനങ്ങ”ളെ അഥവാ ആത്മീയമായി യോഗ്യതയുള്ള പുരുഷൻമാരെ സഭയിൽ നേതൃത്വം വഹിക്കുന്നതിനും അത്യാവശ്യമെങ്കിൽ തിരുത്തൽ നൽകുന്നതിനുംവേണ്ടി ഉപയോഗിക്കുന്നു. യേശുവുമായി നേരിട്ട് ആശയവിനിയമം ചെയ്യുന്നതിനോ അവനോടു പ്രാർഥിക്കുന്നതിനോ ഉള്ള ഒരു ക്രമീകരണം സഭയിലെ അംഗങ്ങൾക്കില്ല. എങ്കിലും അവർ തീർച്ചയായും—അതേ, അവശ്യം—യേശുവിന്റെ പിതാവായ യഹോവയാം ദൈവത്തോടു പ്രാർഥിക്കേണ്ടതുണ്ട്.—എഫെസ്യർ 4:8-12.
നിങ്ങൾ യേശുവിനെ എങ്ങനെ ആദരിക്കുന്നു?
മനുഷ്യവർഗത്തിന്റെ രക്ഷയോടുള്ള ബന്ധത്തിൽ എന്തോരു മുഖ്യമായ പങ്കാണ് യേശു കരസ്ഥമാക്കിയിരിക്കുന്നത്! “മറെറാരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല” എന്ന് അപ്പോസ്തലനായ പത്രോസ് എഴുതി. (പ്രവൃത്തികൾ 4:12) നിങ്ങൾ യേശുവിന്റെ നാമത്തിന്റെ പ്രാധാന്യം സംബന്ധിച്ചു ബോധ്യമുള്ളവനാണോ?
യേശുവിനോടു നേരിട്ടു പ്രാർഥിക്കാത്തതുകൊണ്ടു നാം അവന്റെ സ്ഥാനത്തെ അവമതിക്കുകയല്ല. മറിച്ച്, യേശുവിന്റെ നാമത്തിൽ നാം പ്രാർഥിക്കുമ്പോൾ അവൻ മഹത്ത്വീകരിക്കപ്പെടുകയാണ്. കുട്ടികൾ അനുസരണയുള്ളവരായിരുന്നുകൊണ്ടു മാതാപിതാക്കളെ ആദരിക്കുന്നതുപോലെ യേശുവിന്റെ കൽപ്പനകൾ, പ്രത്യേകിച്ചും പരസ്പരം സ്നേഹിക്കുകയെന്ന പുതിയ കല്പന, അനുസരിക്കുന്നതിലൂടെ നാം അവനെ ആദരിക്കുകയാണു ചെയ്യുന്നത്.—യോഹന്നാൻ 5:23; 13:34.
സ്വീകാര്യമായ പ്രാർഥനകൾ
സ്വീകാര്യയോഗ്യമായ പ്രാർഥനകൾ അർപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? അങ്ങനെയെങ്കിൽ, അത് യേശുവിന്റെ നാമത്തിൽ യഹോവയാം ദൈവത്തിന് അർപ്പിക്കുക. ദൈവഹിതത്തെക്കുറിച്ച് അറിയാൻ ശ്രമിക്കുക, അങ്ങനെ നിങ്ങളുടെ പ്രാർഥനകളിൽ ആ അറിവു പ്രതിഫലിക്കട്ടെ. (1 യോഹന്നാൻ 3:21, 22; 5:14) സങ്കീർത്തനം 66:20-ലെ വാക്കുകളിൽനിന്നു ബലം പ്രാപിക്കുക: “എന്റെ പ്രാർത്ഥന തള്ളിക്കളയാതെയും തന്റെ ദയ എങ്കൽനിന്നു എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.”
നാം ഇതിനോടകം കണ്ടുകഴിഞ്ഞപോലെ, പ്രാർഥന എന്നത് സർവശക്തനായ ദൈവത്തിനു മാത്രമുള്ള സമ്പൂർണ ആരാധനയുടെ ഒരു വിധമാണ്. നമ്മുടെ പ്രാർഥനകൾ യഹോവയാം ദൈവത്തെ അഭിസംബോധന ചെയ്യുന്നതിലൂടെ, “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്നു പ്രാർഥിക്കുന്നതിനുള്ള യേശുവിന്റെ നിർദേശം ഹൃദയത്തിൽ ഉൾക്കൊണ്ടുവെന്നു നാം പ്രകടമാക്കുകയാണു ചെയ്യുന്നത്.—മത്തായി 6:9.
[അടിക്കുറിപ്പ്]
a ചിലയാളുകൾ യേശുവിനെ ദൈവമായി കരുതുന്നതിനാൽ അവർ അവനോടു പ്രാർഥിക്കുന്നുവെന്നുവരാം. എന്നാൽ യേശു ദൈവത്തിന്റെ പുത്രൻ ആയിരുന്നു, അവനും തന്റെ പിതാവായ യഹോവയെ ആരാധിച്ചു. (യോഹന്നാൻ 20:17) ഈ വിഷയത്തെക്കുറിച്ചുള്ള ഒരു വിശദമായ ചർച്ചയ്ക്കുവേണ്ടി വാച്ച് ടവർ ബൈബിൾ ആൻഡ് ട്രാക്ററ് സൊസൈററി ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ചിരിക്കുന്ന നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ? എന്ന ലഘുപത്രിക കാണുക.