ദിവ്യ പരമാധികാരത്തിനുവേണ്ടിയുള്ള ക്രിസ്തീയ സാക്ഷികൾ
“അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സദ്ഗുണങ്ങളെ നിങ്ങൾ ഘോഷിക്കണം.”—1 പത്രോസ് 2:9, NW.
1. ക്രിസ്തീയ-പൂർവ കാലത്തു യഹോവയെക്കുറിച്ച് ഏതു ഫലപ്രദമായ സാക്ഷ്യം നൽകപ്പെട്ടു?
ക്രിസ്തീയ-പൂർവ കാലത്ത്, യഹോവയാണ് ഏകസത്യദൈവമെന്നു ധൈര്യപൂർവം സാക്ഷീകരിച്ച സാക്ഷികളുടെ ഒരു നീണ്ട നിരതന്നെയുണ്ടായിരുന്നു. (എബ്രായർ 11:4–12:1) വിശ്വാസത്തിൽ ശക്തരായിരുന്ന അവർ യഹോവയുടെ നിയമങ്ങൾ നിർഭയം അനുസരിക്കുകയും ആരാധനയുടെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുകയും ചെയ്തു. യഹോവയുടെ പരമാധികാരത്തിന് അവർ ഒരു ശക്തമായ സാക്ഷ്യം കൊടുത്തു.—സങ്കീർത്തനം 18:21-23; 47:1, 2.
2. (എ) യഹോവയുടെ ഏറ്റവും മഹാനായ സാക്ഷി ആരാണ്? (ബി) യഹോവയുടെ സാക്ഷി എന്നനിലയിൽ ഇസ്രായേൽ ജനതയുടെ സ്ഥാനത്തു വേറെ ആർ വന്നു? അതു നമുക്ക് എങ്ങനെ അറിയാം?
2 അവസാനത്തെയും ഏറ്റവും മഹാനുമായ ക്രിസ്തീയ-പൂർവ സാക്ഷി സ്നാപക യോഹന്നാനായിരുന്നു. (മത്തായി 11:11) തിരഞ്ഞെടുക്കപ്പെട്ടവന്റെ വരവു പ്രഖ്യാപിക്കാനുള്ള പദവി ലഭിച്ചത് അവനായിരുന്നു. അവൻ യേശുവിനെ വാഗ്ദത്തം ചെയ്യപ്പെട്ട മിശിഹായായി പരിചയപ്പെടുത്തി. (യോഹന്നാൻ 1:29-34) യഹോവയുടെ “വിശ്വസ്തനും സത്യവാനുമായ” ഏറ്റവും മഹാനായ സാക്ഷി യേശുവാണ്. (വെളിപ്പാടു 3:14) ജഡിക ഇസ്രായേൽ യേശുവിനെ തള്ളിയതിനാൽ, യഹോവയും അവരെ തള്ളി, എന്നിട്ട് ഒരു പുതിയ ജനതയെ, ദൈവത്തിന്റെ ആത്മീയ ഇസ്രായേലിനെ, തന്റെ സാക്ഷിയായി നിയമിച്ചു. (യെശയ്യാവു 42:8-12; യോഹന്നാൻ 1:11, 12; ഗലാത്യർ 6:16) ഇസ്രായേലിനെക്കുറിച്ചുള്ള ഒരു പ്രവചനം ഉദ്ധരിച്ചിട്ട് അതു ബാധകമാകുന്നതു ക്രിസ്തീയ സഭയായ “ദൈവത്തിന്റെ യിസ്രായേലി”നാണെന്നു പത്രോസ് പ്രകടമാക്കി. അവൻ പറഞ്ഞു: “നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സദ്ഗുണങ്ങളെ ‘ഘോഷിക്കേണ്ടതിനു തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിത വർഗവും വിശുദ്ധ ജനതയും ഒരു പ്രത്യേക സമ്പത്തായ ജനവുമാകുന്നു.’”—1 പത്രോസ് 2:9, NW; പുറപ്പാടു 19:5, 6; യെശയ്യാവു 43:21; 60:2.
3. ദൈവത്തിന്റെ ഇസ്രായേലിന്റെയും “മഹാപുരുഷാര”ത്തിന്റെയും പ്രാഥമിക ഉത്തരവാദിത്വം എന്താണ്?
3 യഹോവയുടെ മഹത്ത്വത്തെക്കുറിച്ചു പരസ്യമായ സാക്ഷ്യം കൊടുക്കുകയെന്നതാണു ദൈവത്തിന്റെ ഇസ്രായേലിന്റെ പ്രാഥമിക ഉത്തരവാദിത്വമെന്നു പത്രോസിന്റെ വാക്കുകൾ പ്രകടമാക്കുന്നു. നമ്മുടെ നാളിൽ, ഈ ആത്മീയ ജനതയോടൊപ്പം സാക്ഷികളുടെ ഒരു “മഹാപുരുഷാര”വും ചേർന്നിരിക്കുന്നു. അവരും ദൈവത്തെ പരസ്യമായി മഹത്ത്വപ്പെടുത്തുന്നവർ തന്നെ. അവർ എല്ലാവരും കേൾക്കെ ഇങ്ങനെ ഉച്ചത്തിൽ വിളിച്ചുപറയുന്നു: “രക്ഷ എന്നുള്ളതു സിംഹാസനത്തിൽ ഇരിക്കുന്നവനായ നമ്മുടെ ദൈവത്തിന്റെയും കുഞ്ഞാടിന്റെയും ദാനം.” (വെളിപ്പാടു 7:9, 10; യെശയ്യാവു 60:8-10) ദൈവത്തിന്റെ ഇസ്രായേലിനും അതിന്റെ സഹകാരികൾക്കും തങ്ങളുടെ സാക്ഷീകരണം നിർവഹിക്കാൻ സാധിക്കുന്നതെങ്ങനെ? അവരുടെ വിശ്വാസത്താലും അനുസരണത്താലും.
വ്യാജ സാക്ഷികൾ
4. യേശുവിന്റെ നാളിലെ യഹൂദന്മാർ വ്യാജ സാക്ഷികൾ ആയിരുന്നതെന്തുകൊണ്ട്?
4 വിശ്വാസവും അനുസരണവും എന്നതിൽ ദൈവിക തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നത് ഉൾപ്പെടുന്നു. തന്റെ നാളിലെ യഹൂദ മതനേതാക്കന്മാരെക്കുറിച്ചു യേശു പറഞ്ഞതിൽനിന്ന് ഇതിന്റെ പ്രാധാന്യം കാണാവുന്നതാണ്. ന്യായപ്രമാണത്തിന്റെ ഉപദേഷ്ടാക്കന്മാർ എന്നനിലയിൽ ഇവർ ‘മോശെയുടെ പീഠത്തിൽ ഇരുന്നു.’ അവിശ്വാസികളെ മതപരിവർത്തനം ചെയ്യാൻ അവർ മിഷനറിമാരെ അയയ്ക്കുകപോലും ചെയ്തു. എന്നിട്ടും യേശു അവരോടു പറഞ്ഞു: “ഒരുവനെ നിങ്ങളുടെ മതത്തിൽ ചേർക്കാൻ നിങ്ങൾ കടലും കരയും ചുറ്റിസഞ്ചരിക്കുന്നു, അവൻ അങ്ങനെ ആയിത്തീരുമ്പോൾ നിങ്ങൾ അവനെ നിങ്ങളെക്കാൾ ഇരട്ടി ഗീഹെന്നയ്ക്ക് ഇരയാക്കുന്നു.” ഈ മതസ്ഥർ ഗർവിഷ്ഠരും കപടഭക്തരും സ്നേഹമില്ലാത്തവരുമായ വ്യാജ സാക്ഷികളായിരുന്നു. (മത്തായി 23:1-12, 15, NW) ഒരവസരത്തിൽ, യേശു ചില യഹൂദന്മാരോടു പറഞ്ഞു: “നിങ്ങൾ പിശാചെന്ന പിതാവിന്റെ മക്കൾ; നിങ്ങളുടെ പിതാവിന്റെ മോഹങ്ങളെ ചെയ്വാനും ഇച്ഛിക്കുന്നു.” അവൻ അത്തരമൊരു സംഗതി ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനതയിലെ അംഗങ്ങളോടു പറയേണ്ടിവന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ യഹോവയുടെ ഏറ്റവും മഹാനായ സാക്ഷിയുടെ വാക്കുകൾ അവർ ശ്രദ്ധിക്കുകയില്ലായിരുന്നു.—യോഹന്നാൻ 8:41, 44, 47.
5. ക്രൈസ്തവലോകം ദൈവത്തെക്കുറിച്ചു കൊടുത്തിരിക്കുന്നതു വ്യാജ സാക്ഷ്യമാണെന്നു നമുക്കെങ്ങനെ അറിയാം?
5 സമാനമായ വിധത്തിൽ, യേശുവിന്റെ നാളുകൾമുതലുള്ള നൂറ്റാണ്ടുകളിൽ ക്രൈസ്തവലോകത്തിലുള്ള കോടാനുകോടിയാളുകൾ അവന്റെ ശിഷ്യന്മാരാണെന്ന് അവകാശപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, അവർ ദൈവേഷ്ടം ചെയ്തിട്ടില്ല, അതുകൊണ്ടുതന്നെ അവർക്കു യേശുവിന്റെ അംഗീകാരവുമില്ല. (മത്തായി 7:21-23; 1 കൊരിന്ത്യർ 13:1-3) ക്രൈസ്തവലോകം മിഷനറിമാരെ അയച്ചിട്ടുണ്ട്. നിസ്സംശയമായും അവരിൽ അനേകരും ആത്മാർഥതയുള്ളവരായിരുന്നു. എങ്കിലും, പാപികളെ അഗ്നിനരകത്തിൽ ദണ്ഡിപ്പിക്കുന്ന ഒരു ത്രിത്വദൈവത്തെ ആരാധിക്കാനാണ് അവർ ആളുകളെ പഠിപ്പിച്ചത്. അവർ മതത്തിൽ ചേർത്ത മിക്കയാളുകളും ക്രിസ്ത്യാനികളാണെന്നതിനുള്ള തെളിവു നൽകുന്നില്ല. ഉദാഹരണത്തിന്, ആഫ്രിക്കൻ രാജ്യമായ റുവാണ്ട, റോമൻ കത്തോലിക്കാ മിഷനറിമാർക്ക് വളക്കൂറുള്ള ഒരു വയലായിരുന്നു. എന്നിട്ടും, ആ രാജ്യത്ത് ഈയിടെ നടന്ന വംശീയ യുദ്ധത്തിൽ റുവാണ്ടൻ കത്തോലിക്കർ സർവാത്മനാ പങ്കെടുത്തു. ആ മിഷനറി വയലിലെ ഫലങ്ങൾ പ്രകടമാക്കുന്നത് ക്രൈസ്തവലോകത്തിൽനിന്ന് ഒരു യഥാർഥ ക്രിസ്തീയ സാക്ഷ്യം അതിനു ലഭിച്ചില്ലെന്നാണ്.—മത്തായി 7:15-20.
ദൈവിക തത്ത്വങ്ങൾക്കുചേർച്ചയിൽ ജീവിക്കൽ
6. ശരിയായ നടത്ത സാക്ഷ്യം കൊടുക്കുന്നതിന്റെ ഒരു മർമപ്രധാന ഭാഗമായിരിക്കുന്നത് ഏതെല്ലാം വിധങ്ങളിലാണ്?
6 ക്രിസ്ത്യാനികൾ എന്ന് അവകാശപ്പെടുന്നവരുടെ തെറ്റായ നടത്ത “സത്യമാർഗ്ഗ”ത്തിന്മേൽ നിന്ദ കൈവരുത്തുന്നു. (2 പത്രൊസ് 2:2) ഒരു യഥാർഥ ക്രിസ്ത്യാനി ദൈവിക തത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുന്നു. അയാൾ മോഷ്ടിക്കുകയോ വ്യാജം പറയുകയോ ചതിക്കുകയോ അധാർമികതയിൽ ഏർപ്പെടുകയോ ചെയ്യുന്നില്ല. (റോമർ 2:22) അയാൾ തന്റെ അയൽക്കാരനെ തീർച്ചയായും കൊല്ലുന്നില്ല. ക്രിസ്തീയ ഭർത്താക്കന്മാർ തങ്ങളുടെ കുടുംബങ്ങളുടെ കാര്യത്തിൽ സ്നേഹപുരസ്സരമായ മേൽനോട്ടം വഹിക്കുന്നു. ഭാര്യമാർ ആ മേൽനോട്ടത്തെ ആദരവോടെ പിന്തുണയ്ക്കുന്നു. മാതാപിതാക്കൾ കുട്ടികൾക്കു പരിശീലനം നൽകുന്നു, അങ്ങനെ അവരെ ഉത്തരവാദിത്വമുള്ള മുതിർന്ന ക്രിസ്ത്യാനികളാകുന്നതിനു സജ്ജരാക്കുന്നു. (എഫെസ്യർ 5:21–6:4) നാമെല്ലാവരും അപൂർണരും തെറ്റുകൾ വരുത്തുന്നവരുമാണെന്നതു ശരിതന്നെ. എന്നാൽ ഒരു യഥാർഥ ക്രിസ്ത്യാനി ബൈബിൾ നിലവാരങ്ങളെ ആദരിക്കുകയും അവ ബാധകമാക്കാൻ ആത്മാർഥമായി ശ്രമിക്കുകയും ചെയ്യുന്നു. മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുന്നതുകൊണ്ട് ഇത് ഒരു നല്ല സാക്ഷ്യമായി ഉതകുന്നു. സത്യത്തെ എതിർത്തിരുന്നവർ ഏതെങ്കിലും ക്രിസ്ത്യാനിയുടെ ശരിയായ നടത്ത കണ്ട് ചിലപ്പോൾ അനുകൂല മനോഭാവം കൈക്കൊണ്ടിട്ടുണ്ട്.—1 പത്രൊസ് 2:12, 15; 3:1.
7. ക്രിസ്ത്യാനികൾ പരസ്പരം സ്നേഹിക്കുന്നത് എത്ര പ്രധാനമാണ്?
7 “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ എന്ന് എല്ലാവരും അറിയും” എന്നു പറഞ്ഞുകൊണ്ട് ക്രിസ്തീയ നടത്തയുടെ ഒരു മർമപ്രധാന വശം യേശു പ്രകടമാക്കി. (യോഹന്നാൻ 13:35) “അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കുല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവർ, കുരളക്കാർ, ഏഷണിക്കാർ, ദൈവദ്വേഷികൾ, നിഷ്ഠൂരന്മാർ, ഗർവ്വിഷ്ഠന്മാർ, ആത്മപ്രശംസക്കാർ, പുതുദോഷം സങ്കല്പിക്കുന്നവർ, മാതാപിതാക്കന്മാരെ അനുസരിക്കാത്തവർ” എന്നിവ സാത്താന്റെ ലോകത്തിന്റെ പ്രത്യേകതകളാണ്. (റോമർ 1:29, 30) അത്തരമൊരു പരിസ്ഥിതിയിൽ, സ്നേഹം മുഖമുദ്രയായുള്ള ഒരു ലോകവ്യാപക സംഘടന ദൈവത്തിന്റെ ആത്മാവു പ്രവർത്തിക്കുന്നുവെന്നതിനുള്ള ശക്തമായ തെളിവ്—ഒരു ഫലപ്രദമായ സാക്ഷ്യം—ആയിരിക്കും. അത്തരമൊരു സംഘടനയാണു യഹോവയുടെ സാക്ഷികളുടേത്.—1 പത്രൊസ് 2:17.
സാക്ഷികൾ ബൈബിളിന്റെ പഠിതാക്കളാണ്
8, 9. (എ) ദൈവത്തിന്റെ ന്യായപ്രമാണം പഠിച്ചതിലൂടെയും അതിനെക്കുറിച്ചു ധ്യാനിച്ചതിലൂടെയും സങ്കീർത്തനക്കാരന് എങ്ങനെയാണു ശക്തിലഭിച്ചത്? (ബി) സാക്ഷ്യം കൊടുത്തുകൊണ്ടേയിരിക്കാൻ ബൈബിൾ പഠനവും ധ്യാനവും നമ്മെ ഏതെല്ലാം വിധങ്ങളിൽ ശക്തരാക്കും?
8 ഒരു നല്ല സാക്ഷ്യം കൊടുക്കുന്നതിൽ വിജയിക്കാൻ ഒരു ക്രിസ്ത്യാനി യഹോവയുടെ നീതിനിഷ്ഠമായ തത്ത്വങ്ങൾ അറിയുകയും അവയെ സ്നേഹിക്കുകയും ലോകത്തിന്റെ ദുഷിപ്പിനെ സത്യമായും വെറുക്കുകയും വേണം. (സങ്കീർത്തനം 97:10) ലോകം അതിന്റെ സ്വന്തം ചിന്താഗതി ഉന്നമിപ്പിക്കുന്നതിനു തുടർച്ചയായി പ്രേരിപ്പിക്കുന്നു. അതിന്റെ ആത്മാവിനെ ചെറുത്തുനിൽക്കുക ബുദ്ധിമുട്ടുള്ളതായിരുന്നേക്കാം. (എഫെസ്യർ 2:1-3; 1 യോഹന്നാൻ 2:15, 16) ശരിയായ മാനസിക ഭാവം നിലനിർത്താൻ നമ്മെ എന്തിനു സഹായിക്കാൻ കഴിയും? ബൈബിളിന്റെ ക്രമമായ, അർഥവത്തായ പഠനത്തിനു കഴിയും. സങ്കീർത്തനം 119-ന്റെ എഴുത്തുകാരൻ യഹോവയുടെ ന്യായപ്രമാണത്തോടുള്ള തന്റെ പ്രിയം പലവട്ടം ആവർത്തിച്ചു. അത് അവൻ വായിക്കുകയും അതുസംബന്ധിച്ചു നിരന്തരം “ദിവസംമുഴുവനും” ധ്യാനിക്കുകയും ചെയ്തു. (സങ്കീർത്തനം 119:92, 93, 97-105, പി.ഒ.സി. ബൈബിൾ) അതിന്റെ ഫലമായി അവന് ഇപ്രകാരം എഴുതാൻ സാധിച്ചു: “അസത്യത്തെ ഞാൻ വെറുക്കുന്നു, അതിനോട് എനിക്ക് അറപ്പാണ്; എന്നാൽ അങ്ങയുടെ നിയമത്തെ ഞാൻ സ്നേഹിക്കുന്നു.” മാത്രമല്ല, അഗാധ സ്നേഹം അവനു പ്രവർത്തനത്തിനു പ്രേരണയായി. അവൻ പറയുന്നു: “അങ്ങയുടെ നീതിയുക്തമായ കല്പനകളെപ്രതി ദിവസം ഏഴുപ്രാവശ്യം ഞാൻ അങ്ങയെ സ്തുതിക്കുന്നു.”—സങ്കീർത്തനം 119:163, 164, പി.ഒ.സി. ബൈ.
9 സമാനമായ ഒരു വിധത്തിൽ, നാം ദൈവവചനം നിരന്തരം പഠിക്കുന്നതും അതേക്കുറിച്ചു ധ്യാനിക്കുന്നതും നമ്മുടെ ഹൃദയത്തെ സ്പർശിക്കുകയും കൂടെക്കൂടെ, “ദിവസം ഏഴുപ്രാവശ്യം”പോലും ‘അവനെ സ്തുതി’ക്കാൻ—യഹോവയെക്കുറിച്ചു സാക്ഷ്യം പറയാൻ—നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും. (റോമർ 10:10) ഇതിനോടുള്ള യോജിപ്പിൽ, ഒന്നാമത്തെ സങ്കീർത്തനത്തിന്റെ എഴുത്തുകാരൻ ഇങ്ങനെ പറയുന്നു: യഹോവയുടെ വചനത്തെക്കുറിച്ചു നിരന്തരം ധ്യാനിക്കുന്നവൻ “ആറ്റരികത്തു നട്ടിരിക്കുന്നതും തക്ക കാലത്തു ഫലം കായ്ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.” (സങ്കീർത്തനം 1:3) അപ്പോസ്തലനായ പൗലോസും പിൻവരുന്നപ്രകാരം എഴുതിയപ്പോൾ ദൈവവചനത്തിന്റെ ശക്തി പ്രകടമാക്കി: “എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിനും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.”—2 തിമൊഥെയൊസ് 3:16, 17.
10. ഈ അവസാന നാളുകളിൽ യഹോവയുടെ ജനത്തെക്കുറിച്ച് എന്തു വ്യക്തമാണ്?
10 ഇരുപതാം നൂറ്റാണ്ടിൽ സത്യാരാധകരുടെ എണ്ണത്തിലെ ദ്രുതഗതിയിലുള്ള വർധനവു യഹോവയുടെ അനുഗ്രഹത്തിന്റെ സൂചനയാണ്. ദിവ്യ പരമാധികാരത്തിനുവേണ്ടി നിലകൊള്ളുന്ന ഈ ആധുനികകാല സാക്ഷികൾ ഒരു കൂട്ടമെന്ന നിലയിൽ തങ്ങളുടെ ഹൃദയങ്ങളിൽ യഹോവയുടെ നിയമത്തോടു പ്രിയം നട്ടുവളർത്തിയിരിക്കുന്നുവെന്നതിനു യാതൊരു സംശയവുമില്ല. സങ്കീർത്തനക്കാരനെപ്പോലെ, അവന്റെ നിയമങ്ങൾ അനുസരിക്കാനും യഹോവയുടെ മാഹാത്മ്യത്തെക്കുറിച്ചു “രാപ്പകൽ” വിശ്വസ്തതയോടെ സാക്ഷീകരിക്കാനും അവർ പ്രചോദിതരാവുകയാണ്.—വെളിപ്പാടു 7:15.
യഹോവയുടെ വീര്യപ്രവൃത്തികൾ
11, 12. യേശുവും അവന്റെ അനുഗാമികളും പ്രവർത്തിച്ച അത്ഭുതങ്ങളിലൂടെ എന്തുനേടി?
11 ഒന്നാം നൂറ്റാണ്ടിൽ, പരിശുദ്ധാത്മാവ് വിശ്വസ്ത ക്രിസ്തീയ സാക്ഷികൾക്ക് അത്ഭുതങ്ങൾ പ്രവർത്തിക്കാനുള്ള ശക്തിനൽകി. അവരുടെ സാക്ഷ്യം സത്യമായിരുന്നുവെന്നതിനുള്ള ശക്തമായ തെളിവായിരുന്നു അത്. യോഹന്നാൻ സ്നാപകൻ തടവിലായിരുന്നപ്പോൾ, അവൻ ശിഷ്യന്മാരെ യേശുവിന്റെ അടുക്കൽ അയച്ചു ചോദിച്ചു: “വരുവാനുള്ളവൻ നീയോ, ഞങ്ങൾ മറ്റൊരുവനെ കാത്തിരിക്കയോ.” യേശു അതിന് അതേ എന്നോ അല്ല എന്നോ ഉത്തരം പറഞ്ഞില്ല. അതിനുപകരം അവൻ പറഞ്ഞു: “കുരുടർ കാണുന്നു; മുടന്തർ നടക്കുന്നു; കുഷ്ഠരോഗികൾ ശുദ്ധരായിത്തീരുന്നു; ചെകിടർ കേൾക്കുന്നു; മരിച്ചവർ ഉയിർക്കുന്നു; ദരിദ്രരോടു സുവിശേഷം അറിയിക്കുന്നു എന്നിങ്ങനെ നിങ്ങൾ കേൾക്കയും കാണുകയും ചെയ്യുന്നതു യോഹന്നാനെ ചെന്നു അറിയിപ്പിൻ. എന്നാൽ എങ്കൽ ഇടറിപ്പോകാത്തവൻ എല്ലാം ഭാഗ്യവാൻ.” (മത്തായി 11:3-6) ഈ വീര്യപ്രവൃത്തികൾ “വരുവാനിരുന്നവൻ” തീർച്ചയായും യേശുതന്നേ എന്നതിനു യോഹന്നാനുള്ള ഒരു സാക്ഷ്യമായി ഉതകി.—പ്രവൃത്തികൾ 2:22.
12 സമാനമായ ഒരു വിധത്തിൽ, യേശുവിന്റെ അനുഗാമികളിൽ ചിലർ രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിർപ്പിക്കുകയുംപോലും ചെയ്തു. (പ്രവൃത്തികൾ 5:15, 16; 20:9-12) അവർക്കുവേണ്ടി ദൈവത്തിൽനിന്നുള്ള ഒരു സാക്ഷ്യംപോലെയായിരുന്നു ഈ അത്ഭുതങ്ങൾ. (എബ്രായർ 2:4) അത്തരം പ്രവൃത്തികൾ യഹോവയുടെ സർവശക്തിയെ പ്രകടമാക്കി. ഉദാഹരണത്തിന്, “ലോകത്തിന്റെ ഭരണാധിപ”നായ സാത്താനു മരണം കൈവരുത്താനുള്ള ഉപാധികളുണ്ടെന്നതു സത്യംതന്നെ. (യോഹന്നാൻ 14:30; എബ്രായർ 2:14) ഡോർക്കാസ് എന്നൊരു വിശ്വസ്ത സ്ത്രീയെ പത്രോസ് മരിച്ചവരിൽനിന്ന് ഉയിർപ്പിച്ചപ്പോൾ, അവന് അതു യഹോവയുടെ ശക്തിയാൽമാത്രമേ ചെയ്യുവാൻ സാധിക്കുമായിരുന്നുള്ളൂ, കാരണം യഹോവക്കുമാത്രമേ ജീവൻ വീണ്ടും കൊടുക്കാൻ കഴിയുകയുള്ളൂ.—സങ്കീർത്തനം 16:10; 36:9; പ്രവൃത്തികൾ 2:25-27; 9:36-43.
13. (എ) ബൈബിളിലെ അത്ഭുതങ്ങൾ യഹോവയുടെ ശക്തി സംബന്ധിച്ച് ഇപ്പോഴും ഏതെല്ലാം വിധങ്ങളിൽ സാക്ഷ്യപ്പെടുത്തുന്നു? (ബി) യഹോവയുടെ ദൈവത്വം തെളിയിക്കുന്നതിനു പ്രവചന നിവൃത്തി ഒരു നിർണായക പങ്കുവഹിക്കുന്നതെങ്ങനെ?
13 ഇന്ന്, ആ അത്ഭുതപ്രവൃത്തികൾ മേലാൽ സംഭവിക്കുന്നില്ല. അവയുടെ ഉദ്ദേശ്യം നിവർത്തിച്ചിരിക്കുന്നു. (1 കൊരിന്ത്യർ 13:8) എന്നിരുന്നാലും, നിരീക്ഷകർ സാക്ഷ്യപ്പെടുത്തിയിട്ടുള്ള, അവയെക്കുറിച്ചുള്ള വിവരണം ഇപ്പോഴും ബൈബിളിലുണ്ട്. ക്രിസ്ത്യാനികൾ ഇന്ന് ഈ ചരിത്ര വിവരണങ്ങളിലേക്കു ശ്രദ്ധ ചെലുത്തുമ്പോൾ, ആ പ്രവൃത്തികൾ ഇപ്പോഴും യഹോവയുടെ ശക്തി സംബന്ധിച്ച് ഒരു ഫലപ്രദമായ സാക്ഷ്യം തരികയാണ്. (1 കൊരിന്ത്യർ 15:3-6) മാത്രമല്ല, പണ്ട് യെശയ്യാവിന്റെ നാളിൽ, താൻ സത്യദൈവമാണെന്നതിനുള്ള ഒരു മികച്ച തെളിവായി യഹോവ ചൂണ്ടിക്കാട്ടിയതു കൃത്യതയുള്ള പ്രവചനത്തിലേക്കായിരുന്നു. (യെശയ്യാവു 46:8-11) ദിവ്യ നിശ്വസ്തമായ അനേകം പ്രവചനങ്ങൾ ഇന്നു നിവൃത്തിയേറിക്കൊണ്ടിരിക്കുകയാണ്—അവയിൽ പലതും ക്രിസ്തീയ സഭയെ സംബന്ധിച്ചുള്ളതാണ്. (യെശയ്യാവു 60:8-10; ദാനീയേൽ 12:6-12; മലാഖി 3:17, 18; മത്തായി 24:9; വെളിപ്പാടു 11:1-13) ഈ പ്രവചനങ്ങളുടെ നിവൃത്തി നാം “അവസാന നാളുകളി”ലാണു ജീവിക്കുന്നത് എന്ന് അതിസൂക്ഷ്മതയോടെ സൂചിപ്പിക്കുകമാത്രമല്ല, യഹോവയെ ഏകസത്യദൈവമായി സംസ്ഥാപിക്കുകയും ചെയ്യുന്നു.—2 തിമോത്തി 3:1, NW.
14. യഹോവയാണു പരമാധികാരിയാം കർത്താവ് എന്നതിനു യഹോവയുടെ സാക്ഷികളുടെ ആധുനികകാല ചരിത്രം ശക്തമായൊരു സാക്ഷ്യമായിരിക്കുന്നത് ഏതെല്ലാം വിധങ്ങളിലാണ്?
14 അവസാനമായി, തന്റെ ജനത്തിനുവേണ്ടി യഹോവ ഇപ്പോഴും വൻകാര്യങ്ങൾ, അത്ഭുതകരമായ കാര്യങ്ങൾ, ചെയ്യുന്നുണ്ട്. ബൈബിൾ സത്യത്തിന്മേൽ വർധിച്ച അളവിൽ ലഭിക്കുന്ന പ്രകാശം യഹോവയുടെ ആത്മാവിനാലുള്ള നടത്തിപ്പിനാലാണ്. (സങ്കീർത്തനം 86:10; വെളിപ്പാടു 4:5, 6) യഹോവ ‘തക്ക സമയത്തു അതിനെ ശീഘ്രമായി നിവർത്തിക്കുകയാണ്’ എന്നതിനുള്ള തെളിവാണു ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും റിപ്പോർട്ടുചെയ്യപ്പെടുന്ന മികച്ച വർധനവുകൾ. (യെശയ്യാവു 60:22) ഈ അവസാന നാളുകളിലുടനീളം ഓരോരോ രാജ്യങ്ങളിൽ കടുത്ത പീഡനം പൊട്ടിപ്പുറപ്പെട്ടപ്പോൾ, യഹോവയുടെ ജനത്തിനു സധൈര്യം സഹിച്ചുനിൽക്കാനായത് പരിശുദ്ധാത്മാവു ശക്തിനൽകി പിന്തുണച്ചതുകൊണ്ടായിരുന്നു. (സങ്കീർത്തനം 18:1, 2, 17, 18; 2 കൊരിന്ത്യർ 1:8-10) അതേ, യഹോവയുടെ സാക്ഷികളുടെ ആധുനികകാല ചരിത്രംതന്നെ യഹോവയാണു പരമാധികാരിയാം കർത്താവ് എന്നതിനുള്ള ശക്തമായൊരു സാക്ഷ്യമാണ്.—സെഖര്യാവു 4:6.
പ്രസംഗിക്കേണ്ടതായ സുവാർത്ത
15. ക്രിസ്തീയ സഭ ഏതു വിപുലമായ സാക്ഷ്യം കൊടുക്കണമായിരുന്നു?
15 യഹോവ ഇസ്രായേലിനെ ജനതകൾക്കുള്ള തന്റെ സാക്ഷിയാക്കിവെച്ചു. (യെശയ്യാവു 43:10) എന്നിരുന്നാലും, ഇസ്രായേല്യരല്ലാത്തവരോടു പോയി പ്രസംഗിക്കാനുള്ള ദിവ്യ കൽപ്പന ലഭിച്ചിരുന്നത് ഏതാനും ഇസ്രായേല്യർക്കുമാത്രമായിരുന്നു. ഇതാകട്ടെ, പലപ്പോഴും യഹോവയുടെ ന്യായവിധികൾ പ്രഖ്യാപിക്കാൻവേണ്ടിയായിരുന്നു. (യിരെമ്യാവു 1:5; യോനാ 1:1, 2) എന്നിരുന്നാലും, ഒരുനാൾ യഹോവ ജാതികളുടെ നേർക്കു വളരെ വിപുലമായ തോതിൽ തന്റെ ശ്രദ്ധതിരിക്കുമെന്ന് എബ്രായ തിരുവെഴുത്തുകളിലെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നു. ഈ ശ്രദ്ധതിരിക്കൽ ദൈവം തന്റെ ആത്മീയ ഇസ്രായേലിലൂടെ നിവർത്തിച്ചിരിക്കുന്നു. (യെശയ്യാവു 2:2-4; 62:2) സ്വർഗാരോഹണത്തിനുമുമ്പു യേശു തന്റെ അനുഗാമികളോടു കൽപ്പിച്ചു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു . . . സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ.” (മത്തായി 28:19, 20) യേശു ശ്രദ്ധകേന്ദ്രീകരിച്ചത് “യിസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളു”ടെ കാര്യത്തിലായിരുന്നു. അതേസമയം, അവന്റെ അനുഗാമികൾ “സകലജാതികളു”ടെ അടുക്കലേക്കും “ഭൂമിയുടെ അറ്റത്തോളവും”പോലും അയയ്ക്കപ്പെട്ടു. (മത്തായി 15:24; പ്രവൃത്തികൾ 1:8) സകല മനുഷ്യവർഗവും ക്രിസ്തീയ സാക്ഷ്യം കേൾക്കണമായിരുന്നു.
16. ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയ സഭ എന്തു നിയോഗം നിറവേറ്റി, ഏത് അളവോളം?
16 ഇതു പൗലോസ് നന്നായി മനസ്സിലാക്കിയെന്ന് അവൻ പ്രകടമാക്കി. സുവാർത്ത “സർവ്വലോകത്തിലും ഫലം കായിച്ചും വർദ്ധിച്ചും വരുന്നു”വെന്നു പൊ.യു. 61 ആയപ്പോഴേക്കും അവനു പറയാൻ സാധിച്ചു. ‘ദൂതന്മാരുടെ ആരാധന’യിൽ ഏർപ്പെട്ടിരുന്നതുപോലുള്ള ഏതെങ്കിലും ഒരു ജനതയ്ക്കോ ഒരു മതവിഭാഗത്തിനോ വേണ്ടിമാത്രമായി സുവാർത്താഘോഷണം പരിമിതപ്പെടുത്തിയിരുന്നില്ല. മറിച്ച്, “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ” അത് പരസ്യമായി “ഘോഷി”ക്കപ്പെട്ടു. (കൊലൊസ്സ്യർ 1:6, 23; 2:13, 14, 16-18) അങ്ങനെ, ഒന്നാം നൂറ്റാണ്ടിലെ ദൈവത്തിന്റെ ഇസ്രായേൽ ‘അന്ധകാരത്തിൽനിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്കു തങ്ങളെ വിളിച്ചവന്റെ സദ്ഗുണങ്ങളെ ഘോഷിക്കാനു’ള്ള അവരുടെ നിയോഗം നിറവേറ്റി.
17. മത്തായി 24:14 എങ്ങനെ ഒരു വലിയ അളവിൽ നിവൃത്തിയേറുന്നതിൽ തുടരുന്നു?
17 എന്നിരുന്നാലും, അവസാന നാളിൽ നിർവഹിക്കപ്പെടാനിരുന്നതിന്റെ കേവലമൊരു രുചിനോക്കലേ ആയിരുന്നുള്ളൂ ഒന്നാം നൂറ്റാണ്ടിലെ പ്രസംഗവേല. വിശേഷിച്ചും നമ്മുടെ നാൾ മനസ്സിൽ കണ്ടുകൊണ്ട്, യേശു പറഞ്ഞു: “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.” (മത്തായി 24:14; മർക്കൊസ് 13:10) ഈ പ്രവചനം നിവൃത്തിയേറിയിട്ടുണ്ടോ? തീർച്ചയായും ഉണ്ട്. 1919-ലെ ചെറിയൊരു തുടക്കത്തിൽനിന്നു സുവാർത്താപ്രസംഗം ഇപ്പോൾ 230-ലധികം രാജ്യങ്ങളിലേക്കു വ്യാപിച്ചിരിക്കുന്നു. തണുത്തു മരവിച്ച ഉത്തരമേഖലയിലും വെന്തുരുകുന്ന ഉഷ്ണമേഖലയിലും സുവാർത്താപ്രസംഗം നടക്കുകയാണ്. വൻകരകളിലെല്ലാം സാക്ഷീകരിക്കപ്പെട്ടിരിക്കുന്നു, വിദൂര ദ്വീപുകളിൽ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു, അങ്ങനെ ദ്വീപുനിവാസികൾക്കും ഒരു സാക്ഷ്യം ലഭ്യമാണ്. ബോസ്നിയയിലെയും ഹെർട്സെഗോവിനയിലെയും യുദ്ധംപോലുള്ള വലിയ കലങ്ങിമറിഞ്ഞ അവസ്ഥയിൽപ്പോലും സുവാർത്താപ്രസംഗം തുടരുകയാണ്. ഒന്നാം നൂറ്റാണ്ടിലേതുപോലെ, “സർവ്വലോകത്തിലും” സാക്ഷീകരണം ഫലം കായ്ക്കുകയാണ്. “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ” അത് പരസ്യമായി ഘോഷിക്കപ്പെടുകയാണ്. ഫലമോ? ഒന്നാമതായി, ദൈവത്തിന്റെ ഇസ്രായേലിൽ ശേഷിക്കുന്നവർ “സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും”നിന്നുമായി കൂട്ടിവരുത്തപ്പെട്ടിരിക്കുന്നു. രണ്ടാമതായി, “സകല ജാതികളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും”നിന്നുള്ള ലക്ഷക്കണക്കിനാളുകൾ “മഹാപുരുഷാര”ത്തിലേക്കു കൂട്ടിവരുത്തപ്പെടാൻ തുടങ്ങി. (വെളിപ്പാടു 5:9; 7:9) മത്തായി 24:14 ഒരു വലിയ അളവിൽ നിവൃത്തിയേറുന്നതിൽ തുടരുകയാണ്.
18. ലോകവ്യാപകമായുള്ള സുവാർത്താപ്രസംഗത്താൽ സാധ്യമായിക്കൊണ്ടിരിക്കുന്ന ചില സംഗതികൾ എന്തെല്ലാം?
18 യേശുവിന്റെ രാജകീയ സാന്നിധ്യം തുടങ്ങിയെന്നു തെളിയിക്കാൻ ലോകവ്യാപകമായുള്ള സുവാർത്താപ്രസംഗം സഹായിക്കുന്നു. (മത്തായി 24:3) കൂടാതെ, “ഭൂമിയിൽ കൊയ്ത്തുനട”ത്തുന്നതിനുള്ള പ്രധാന ഉപാധിയാണ് അത്. കാരണം, അതു മനുഷ്യവർഗത്തിന്റെ ഏകപ്രത്യാശയായ യഹോവയുടെ രാജ്യത്തിലേക്ക് ആളുകളെ തിരിച്ചുവിടുന്നു. (വെളിപ്പാടു 14:15, 16) സുവാർത്ത പ്രസംഗിക്കുന്നതിൽ യഥാർഥ ക്രിസ്ത്യാനികൾ മാത്രം പങ്കെടുക്കുന്നതുകൊണ്ട്, വ്യാജക്രിസ്ത്യാനികളിൽനിന്നു സത്യക്രിസ്ത്യാനികളെ തിരിച്ചറിയാൻ ഈ പ്രധാന വേല സഹായിക്കുന്നു. (മലാഖി 3:18) ഈ വിധത്തിൽ, അതു പ്രസംഗിക്കുന്നവരുടെയും അതിനോടു പ്രതികരിക്കുന്നവരുടെയും രക്ഷ സാധ്യമാക്കുന്നു. (1 തിമൊഥെയൊസ് 4:16) ഏറ്റവും പ്രധാനമായി, സുവാർത്താപ്രസംഗം അതു നിർവഹിക്കണമെന്നു കൽപ്പിച്ച, അതു നിർവഹിക്കുന്നവരെ പിന്തുണക്കുന്ന, അതിനെ ഫലകരമാക്കുന്ന യഹോവയാം ദൈവത്തിനു സ്തുതിയും മഹത്ത്വവും കരേറ്റുന്നു.—2 കൊരിന്ത്യർ 4:7.
19. പുതിയ സേവനവർഷത്തിലേക്കു പ്രവേശിക്കുമ്പോൾ, എന്തു ദൃഢനിശ്ചയമുണ്ടായിരിക്കാനാണു സകല ക്രിസ്ത്യാനികളും പ്രോത്സാഹിപ്പിക്കപ്പെടുന്നത്?
19 “ഞാൻ സുവിശേഷം അറിയിക്കുന്നില്ല എങ്കിൽ എനിക്കു അയ്യോ കഷ്ടം!” എന്നു പറയാൻ പൗലോസ് അപ്പോസ്തലൻ പ്രചോദിതനായതിൽ അതിശയിക്കാനില്ല. (1 കൊരിന്ത്യർ 9:16) ഇന്നത്തെ ക്രിസ്ത്യാനികൾക്കും അങ്ങനെതന്നെ തോന്നുന്നു. ഈ അന്ധകാര ലോകത്തു സത്യത്തിന്റെ പ്രകാശം പരത്തിക്കൊണ്ട് “ദൈവത്തിന്റെ കൂട്ടുവേലക്കാർ” ആയിരിക്കുന്നത് ഒരു മഹത്തായ പദവിയും ഒരു വലിയ ഉത്തരവാദിത്വവുമാണ്. (1 കൊരിന്ത്യർ 3:9; യെശയ്യാവു 60:2, 3) 1919-ൽ ചെറുതായി തുടങ്ങിയ വേല ഇന്നു വിസ്മയാവഹമായ വ്യാപ്തി കൈവരിച്ചിരിക്കുന്നു. മറ്റുള്ളവർക്കു രക്ഷയുടെ സന്ദേശം എത്തിച്ചുകൊടുക്കാൻ ഒരു ശതകോടിയിലധികം മണിക്കൂർ ചെലവഴിച്ചുകൊണ്ട് ഏതാണ്ട് 50 ലക്ഷത്തോളം ക്രിസ്ത്യാനികൾ ദിവ്യ പരമാധികാരത്തിനുവേണ്ടി സാക്ഷീകരിക്കുകയാണ്. യഹോവയുടെ നാമം വിശുദ്ധീകരിക്കുന്ന ഈ വേലയിൽ ഒരു പങ്ക് ഉണ്ടായിരിക്കുന്നത് എന്തൊരു സന്തോഷമാണ്! 1996 എന്ന സേവനവർഷത്തിലേക്കു പ്രവേശിക്കവേ, നാം മന്ദഗതിയിലായിപ്പോകാതിരിക്കാൻ നമുക്കു ദൃഢചിത്തരായിരിക്കാം. നേരേമറിച്ച്, തിമോത്തിക്കുള്ള പൗലോസിന്റെ ഈ വാക്കുകൾക്കു നാം മുമ്പെന്നത്തെക്കാളുമധികം ശ്രദ്ധകൊടുക്കുന്നതായിരിക്കും: “വചനം പ്രസംഗിക്കുക, അതിൽ അടിയന്തിരതയോടെ ഏർപ്പെടുക.” (2 തിമോത്തി 4:2, NW) നമ്മൾ അങ്ങനെ ചെയ്യുമ്പോൾ, യഹോവ നമ്മുടെ ശ്രമങ്ങളെ തുടർന്നും അനുഗ്രഹിക്കട്ടെയെന്നു നമ്മൾ മുഴുഹൃദയത്തോടെ പ്രാർഥിക്കുകയാണ്.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ ജാതികൾക്കുള്ള യഹോവയുടെ “സാക്ഷി” എന്നനിലയിൽ ഇസ്രായേലിന്റെ സ്ഥാനത്തു വേറെ ആർ വന്നു?
◻ സാക്ഷ്യം കൊടുക്കാൻ ക്രിസ്തീയ നടത്ത സഹായിക്കുന്നതെങ്ങനെ?
◻ ബൈബിൾ പഠനവും അതിനെക്കുറിച്ചുള്ള ധ്യാനവും ക്രിസ്തീയ സാക്ഷ്യത്തിന് അത്യന്താപേക്ഷിതമായിരിക്കുന്നത് എന്തുകൊണ്ട്?
◻ യഹോവയാണു പരമാധികാരിയാം കർത്താവ് എന്നതിനു യഹോവയുടെ സാക്ഷികളുടെ ആധുനികകാല ചരിത്രം തെളിവായിരിക്കുന്നത് ഏതെല്ലാം വിധങ്ങളിലാണ്?
◻ സുവാർത്താപ്രസംഗത്തിലൂടെ എന്താണു നിർവഹിച്ചുകൊണ്ടിരിക്കുന്നത്?
[15-ാം പേജിലെ ചിത്രം]
ഏതാനും പ്രദേശത്തുമാത്രമായി പരിമിതപ്പെടാതെ, “ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ” സുവാർത്ത പ്രസംഗിക്കപ്പെടുകയാണ്