വ്യാജദൈവങ്ങൾക്കെതിരെ സാക്ഷികൾ
“നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു.”—യെശയ്യാവു 43:10.
1. സത്യദൈവം ആരാണ്, ഇന്ന് ആരാധിച്ചുവരുന്ന അസംഖ്യം ദൈവങ്ങളെക്കാൾ അവൻ ഏതെല്ലാം വിധങ്ങളിലാണു അതിശ്രേഷ്ഠനായിരിക്കുന്നത്?
സത്യദൈവം ആരാണ്? ഇന്ന്, സകല മനുഷ്യരും ഈ സുപ്രധാന ചോദ്യത്തെ അഭിമുഖീകരിക്കുകയാണ്. മനുഷ്യർ അനേകമനേകം ദൈവങ്ങളെ ആരാധിക്കുന്നുണ്ടെങ്കിലും, നമുക്കു ജീവൻ നൽകാനും ഒരു സന്തുഷ്ട ഭാവി പ്രദാനംചെയ്യാനും ഒരുവനുമാത്രമേ സാധിക്കൂ. “അവനിൽ നാം ജീവിക്കുന്നു; ചരിക്കുന്നു; നിലനിൽക്കുന്നു” എന്ന് ഒരുവനെക്കുറിച്ചുമാത്രമേ പറയാനൊക്കുകയുള്ളൂ. (അപ്പ. പ്രവർത്തനങ്ങൾ 17:28, പി.ഒ.സി. ബൈബിൾ) നിശ്ചയമായും, ഒരേ ഒരു ദൈവത്തിനുമാത്രമേ ആരാധന ലഭിക്കാനുള്ള അവകാശമുള്ളൂ. വെളിപ്പാടു പുസ്തകത്തിൽ സ്വർഗീയ ഗായകസംഘം പറയുന്നതുപോലെ: “കർത്താവേ [“യഹോവേ,” NW], നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.”—വെളിപ്പാടു 4:11.
2, 3. (എ) ആരാധന ലഭിക്കാനുള്ള യഹോവയുടെ അവകാശത്തെ സാത്താൻ വ്യാജം പറഞ്ഞു വെല്ലുവിളിച്ചതെങ്ങനെ? (ബി) ഹവ്വായുടെ പാപം ഹവ്വായ്ക്കും അവളുടെ മക്കൾക്കും എന്തു കൈവരുത്തി, സാത്താന് എന്തു കൈവരുത്തി?
2 ആരാധന ലഭിക്കാനുള്ള യഹോവയുടെ അവകാശത്തെ സാത്താൻ ഏദെൻതോട്ടത്തിൽവെച്ചു വ്യാജം പറഞ്ഞു വെല്ലുവിളിച്ചു. ഹവ്വാ യഹോവയുടെ നിയമത്തിന് എതിരെ മത്സരിച്ച് യഹോവ വിലക്കിയിരുന്ന വൃക്ഷത്തിൽനിന്നു ഭക്ഷിച്ചാൽ അവൾ ദൈവത്തെപ്പോലെയാകുമെന്ന് അവൻ ഒരു സർപ്പത്തെ ഉപയോഗിച്ചുകൊണ്ട് അവളോടു പറഞ്ഞു. അവന്റെ വാക്കുകൾ ഇപ്രകാരമായിരുന്നു: “അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു.” (ഉല്പത്തി 3:5) ഹവ്വാ സർപ്പത്തെ വിശ്വസിച്ച് വിലക്കപ്പെട്ട കനി ഭക്ഷിച്ചു.
3 തീർച്ചയായും സാത്താൻ പറഞ്ഞതു വ്യാജമായിരുന്നു. (യോഹന്നാൻ 8:44) ഹവ്വാ പാപംചെയ്തപ്പോൾ അവൾ “ദൈവത്തെപ്പോലെ” ആയിത്തീർന്ന ഒരേ ഒരു വിധം ശരി എന്തെന്നും തെറ്റ് എന്തെന്നും തീരുമാനിക്കാനുള്ള ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തു എന്നതിലാണ്, അതാകട്ടെ അവൾ യഹോവക്കു വിട്ടുകൊടുക്കേണ്ട ഒരു സംഗതിയായിരുന്നുതാനും. സാത്താൻ പറഞ്ഞ നുണയ്ക്കു വിപരീതമായി അവസാനം അവൾ മരിച്ചു. അതുകൊണ്ട്, ഹവ്വായുടെ പാപംകൊണ്ടു യഥാർഥത്തിൽ മെച്ചമുണ്ടായതു സാത്താനുമാത്രമായിരുന്നു. നിശ്ചയമായും, സ്വയം ഒരു ദൈവമായിത്തീരുക എന്നതായിരുന്നു ഹവ്വായെ പാപംചെയ്യാൻ പ്രേരിപ്പിക്കുന്നതിലെ സാത്താന്റെ അപ്രഖ്യാപിത ലക്ഷ്യം. ഹവ്വാ പാപംചെയ്തപ്പോൾ, അവൾ അവന്റെ ആദ്യത്തെ അനുഗാമിയായിത്തീർന്നു, പെട്ടെന്നുതന്നെ ആദാമും അവളോടൊപ്പം ചേർന്നു. അവരുടെ മിക്ക മക്കളും “പാപത്തിൽ” ജനിക്കുകമാത്രമല്ല, അവർ സാത്താന്റെ സ്വാധീനത്തിലാവുകയും ചെയ്തു. ചുരുങ്ങിയകാലത്തിനുള്ളിൽ, ദൈവത്തിൽനിന്ന് അന്യപ്പെട്ട ഒരു മുഴുലോകം അസ്തിത്വത്തിൽ വരാനിടയായി.—ഉല്പത്തി 6:5; സങ്കീർത്തനം 51:5.
4. (എ) ഈ ലോകത്തിന്റെ ദൈവം ആരാണ്? (ബി) അടിയന്തിരമായി എന്തിന്റെ ആവശ്യമാണുള്ളത്?
4 ആ ലോകം പ്രളയത്തിൽ നശിപ്പിക്കപ്പെട്ടു. (2 പത്രൊസ് 3:6) പ്രളയത്തിനുശേഷം, യഹോവയിൽനിന്ന് അന്യപ്പെട്ട രണ്ടാമതൊരു ലോകം വികാസംപ്രാപിച്ചു, അതാണിപ്പോഴും നിലനിൽക്കുന്നത്. അതിനെക്കുറിച്ചു ബൈബിൾ പറയുന്നു: “സർവ്വലോകവും ദുഷ്ടന്റെ അധീനതയിൽ കിടക്കുന്നു.” (1 യോഹന്നാൻ 5:19) യഹോവയുടെ നിയമത്തിന്റെ അക്ഷരീയവും ആന്തരികവുമായ അർഥത്തിനെതിരെ പ്രവർത്തിച്ചുകൊണ്ട്, ഈ ലോകം സാത്താന്റെ ലക്ഷ്യം നിവർത്തിക്കുകയാണ്. അവനാണ് അതിന്റെ ദൈവം. (2 കൊരിന്ത്യർ 4:4) എന്നുവരികിലും, അടിസ്ഥാനപരമായി അവൻ ശക്തിയില്ലാത്ത ഒരു ദൈവമാണ്. അവന് ആളുകളെ സന്തുഷ്ടരാക്കാനോ അവർക്കു ജീവൻ കൊടുക്കാനോ സാധിക്കുകയില്ല. അതു യഹോവക്കുമാത്രമേ സാധിക്കുകയുള്ളൂ. അതുകൊണ്ട്, അർഥവത്തായ ഒരു ജീവിതവും മെച്ചപ്പെട്ട ഒരു ലോകവും ആഗ്രഹിക്കുന്നവർ ആദ്യം യഹോവ സത്യദൈവമാണെന്ന് അറിയണം, പിന്നെ അവന്റെ ഇഷ്ടം പ്രവർത്തിക്കാൻ പഠിക്കണം. (സങ്കീർത്തനം 37:18, 27, 28; സഭാപ്രസംഗി 12:13) അതിനാൽ വിശ്വാസമുള്ള സ്ത്രീപുരുഷന്മാർ യഹോവയെക്കുറിച്ചുള്ള സത്യം സാക്ഷീകരിക്കേണ്ടതിന്റെ, അഥവാ പ്രഘോഷിക്കേണ്ടതിന്റെ ഒരു അടിയന്തിര ആവശ്യമുണ്ട്.
5. “സാക്ഷികളുടെ” ഏതു “സമൂഹ”ത്തെയാണു പൗലോസ് പരാമർശിച്ചത്? അവൻ പട്ടികപ്പെടുത്തുന്ന ഏതാനും ആളുകളുടെ പേർ പറയുക.
5 ആദിമുതൽതന്നെ, അത്തരം വിശ്വസ്ത വ്യക്തികൾ ലോകവേദിയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എബ്രായർ 11-ാം അധ്യായത്തിൽ അപ്പോസ്തലനായ പൗലോസ് അവരുടെ ഒരു നീണ്ട പട്ടിക തന്നിട്ട് “സാക്ഷികളുടെ ഇത്ര വലിയോരു സമൂഹം” എന്ന് അവരെ വിളിക്കുന്നു. (എബ്രായർ 12:1) ആദാമിന്റെയും ഹവ്വായുടെയും രണ്ടാമത്തെ പുത്രനായ ഹാബേൽ ആണു പൗലോസിന്റെ പട്ടികയിലെ ആദ്യത്തെ വ്യക്തി. പ്രളയകാലഘട്ടത്തിനുമുമ്പത്തെ ഹാനോക്കിനെയും നോഹയെയുംകൂടി പരാമർശിച്ചിട്ടുണ്ട്. (എബ്രായർ 11:4, 5, 7) യഹൂദവംശത്തിന്റെ പൂർവികനായ അബ്രഹാമാണ് അതിൽ പ്രമുഖൻ. “യഹോവയുടെ സ്നേഹിതൻ” എന്നു വിളിക്കപ്പെടുന്ന അബ്രഹാം “വിശ്വസ്തനും സത്യവാനുമായ സാക്ഷിയായ” യേശുവിന്റെ പൂർവപിതാവായിത്തീർന്നു.—യാക്കോബ് 2:23; വെളിപ്പാടു 3:14.
സത്യം സംബന്ധിച്ച അബ്രഹാമിന്റെ സാക്ഷ്യം
6, 7. യഹോവ സത്യദൈവമാണ് എന്നതിന് അബ്രഹാമിന്റെ ജീവിതവും പ്രവർത്തനങ്ങളും ഏതെല്ലാം വിധങ്ങളിൽ ഒരു സാക്ഷ്യമായി?
6 അബ്രഹാം ഒരു സാക്ഷിയായി സേവിച്ചതെങ്ങനെയാണ്? യഹോവയിലുള്ള ശക്തമായ വിശ്വാസത്താലും അവനോടുള്ള വിശ്വസ്ത അനുസരണത്താലും. ഊർ നഗരത്തിന്റെ കേന്ദ്രഭാഗത്തുനിന്നു വിട്ടുപോരാനും ശേഷിച്ച ജീവിതകാലം ഒരു വിദൂര ദേശത്തു കഴിച്ചുകൂട്ടാനും ആവശ്യപ്പെട്ടപ്പോൾ, അബ്രഹാം അനുസരിച്ചു. (ഉല്പത്തി 15:7; പ്രവൃത്തികൾ 7:2-4) പലപ്പോഴും, നാടോടികളായ ഗോത്രമനുഷ്യർ തങ്ങളുടെ നാടോടിജീവിതം അവസാനിപ്പിച്ച് കൂടുതൽ സുരക്ഷിതത്വമുള്ള നഗരജീവിതം തിരഞ്ഞെടുക്കുകയാണു പതിവ്. അതുകൊണ്ട്, അബ്രഹാം കൂടാരജീവിതം നയിക്കാനായി നഗരം വിട്ടപ്പോൾ, അവൻ തനിക്കു യഹോവയാം ദൈവത്തിലുണ്ടായിരുന്ന വിശ്വാസത്തിന്റെ ശക്തമായ തെളിവു നൽകുകയായിരുന്നു. അവന്റെ അനുസരണം നിരീക്ഷകർക്ക് ഒരു സാക്ഷ്യമായിരുന്നു. അബ്രഹാമിന്റെ വിശ്വാസംനിമിത്തം യഹോവ അവനെ സമൃദ്ധമായി അനുഗ്രഹിച്ചു. കൂടാരത്തിൽ ജീവിക്കുകയായിരുന്നിട്ടും അബ്രഹാം ഭൗതികമായി അഭിവൃദ്ധി പ്രാപിച്ചു. ലോത്തും കുടുംബവും തടവുകാരായി പിടിക്കപ്പെട്ടപ്പോൾ, പിന്തുടർന്നുചെന്ന് അവരെ രക്ഷപ്പെടുത്തുന്നതിൽ യഹോവ അബ്രഹാമിനു വിജയം നൽകി. അബ്രഹാമിന്റെ ഭാര്യ വാർധക്യത്തിൽ അവന്റെ പുത്രനെ ഗർഭംധരിച്ചു, അങ്ങനെ അബ്രഹാം ഒരു സന്തതിക്കു ജന്മം നൽകുമെന്ന യഹോവയുടെ വാഗ്ദാനം സ്ഥിരീകരിക്കപ്പെട്ടു. തന്റെ വാഗ്ദാനങ്ങൾ നിറവേറ്റുന്ന ജീവനുള്ള ദൈവമാണു യഹോവ എന്ന് അബ്രഹാമിലൂടെ ജനം മനസ്സിലാക്കി.—ഉല്പത്തി 12:1-3; 14:14-16; 21:1-7.
7 ലോത്തിനെ രക്ഷപ്പെടുത്തി മടങ്ങിവരുമ്പോൾ, (പിൽക്കാലത്തു യെരുശലേം എന്നു വിളിക്കപ്പെട്ട) ശാലേമിലെ രാജാവായ മല്ക്കീസേദക്ക് അബ്രഹാമിനെ “അത്യുന്നതനായ ദൈവത്തിന്റെ അബ്രാം” എന്നു വിളിച്ചുകൊണ്ട് എതിരേറ്റു. സോദോമിലെ രാജാവും അവനെ എതിരേറ്റുചെന്ന് അവനു സമ്മാനങ്ങൾ കൊടുക്കാൻ ആഗ്രഹിച്ചു. അബ്രഹാം അതു നിരസിച്ചു. എന്തുകൊണ്ട്? തന്റെ അനുഗ്രഹങ്ങളുടെ ഉറവു സംബന്ധിച്ച് യാതൊരു സംശയവും അവശേഷിപ്പിക്കാൻ അവനിഷ്ടമില്ലായിരുന്നു. അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ അബ്രാമിനെ സമ്പന്നനാക്കിയെന്നു നീ പറയാതിരിപ്പാൻ ഞാൻ ഒരു ചരടാകട്ടെ ചെരിപ്പുവാറാകട്ടെ നിനക്കുള്ളതിൽ യാതൊന്നുമാകട്ടെ എടുക്കയില്ല എന്നു ഞാൻ സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നു.” (ഉല്പത്തി 14:17-24) എന്തൊരു സാക്ഷ്യമായിരുന്നു അബ്രഹാം!
സാക്ഷികളുടെ ഒരു ജനത
8. മോശ യഹോവയിൽ വലിയ വിശ്വാസം പ്രകടമാക്കിയതെങ്ങനെ?
8 പൗലോസ് രേഖപ്പെടുത്തുന്ന സാക്ഷികളുടെ പട്ടികയിൽ അബ്രഹാമിന്റെ ഒരു പിൻഗാമിയായ മോശയും പ്രത്യക്ഷപ്പെടുന്നുണ്ട്. മോശ ഈജിപ്തിലെ സമ്പത്ത് ഉപേക്ഷിച്ചുപോരുകയും പിന്നീട് ഇസ്രായേൽമക്കളെ സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്നതിനുവേണ്ടി ആ വൻലോകശക്തിയുടെ ഭരണാധിപനെ ധൈര്യപൂർവം അഭിമുഖീകരിക്കുകയും ചെയ്തു. അവന് എവിടെനിന്നാണു ധൈര്യം കിട്ടിയത്? അവന്റെ വിശ്വാസത്തിൽനിന്ന്. “[മോശ] അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനില്ക്കു”ന്നതിൽ തുടർന്നുവെന്നു പൗലോസ് പറയുന്നു. (എബ്രായർ 11:27) ഈജിപ്തിലെ ദൈവങ്ങളെ കാണാനും സ്പർശിക്കാനും സാധിക്കുമായിരുന്നു. ഇന്നുപോലും അവയുടെ പ്രതിമകൾ ആളുകളെ ആകർഷിക്കുന്നുണ്ട്. എന്നാൽ, അദൃശ്യനെങ്കിലും യഹോവ മോശയ്ക്ക് ആ സകല വ്യാജദൈവങ്ങളെക്കാളുമധികം യാഥാർഥ്യമായിരുന്നു. യഹോവ അസ്തിത്വത്തിലുണ്ടെന്നതിലും തന്റെ ആരാധകർക്ക് അവൻ പ്രതിഫലം നൽകുമെന്നതിലും മോശയ്ക്കു സംശയമുണ്ടായിരുന്നില്ല. (എബ്രായർ 11:6) മോശ ഒരു മികച്ച സാക്ഷിയായിത്തീർന്നു.
9. ഇസ്രായേൽ ജനത യഹോവയെ എങ്ങനെ സേവിക്കണമായിരുന്നു?
9 ഇസ്രായേല്യരെ സ്വാതന്ത്ര്യത്തിലേക്കു നയിച്ചശേഷം, യഹോവയ്ക്കും യാക്കോബിലൂടെയുള്ള അബ്രഹാമിന്റെ പിൻഗാമികൾക്കും ഇടയിൽ മോശ മധ്യസ്ഥനായിത്തീർന്നു. തത്ഫലമായി, യഹോവയുടെ പ്രത്യേക സ്വത്തായി ഇസ്രായേൽ ജനത അസ്തിത്വത്തിൽ വന്നു. (പുറപ്പാടു 19:5, 6) ആദ്യമായി ഒരു ദേശീയ സാക്ഷ്യം നൽകപ്പെടേണ്ടിയിരുന്നു. ഏതാണ്ട് 800 വർഷം കഴിഞ്ഞ്, യെശയ്യാവിലൂടെ യഹോവ അരുളിച്ചെയ്ത ഈ വാക്കുകൾ തത്ത്വത്തിൽ ആ ജനത അസ്തിത്വത്തിൽ വന്നതുമുതൽ ബാധകമായി: “നിങ്ങൾ അറിഞ്ഞു എന്നെ വിശ്വസിക്കയും ഞാൻ ആകുന്നു എന്നു ഗ്രഹിക്കയും ചെയ്യേണ്ടതിന്നു നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസനും ആകുന്നു എന്നു യഹോവയുടെ അരുളപ്പാടു.” (യെശയ്യാവു 43:10) യഹോവയുടെ സാക്ഷികൾ എന്നനിലയിൽ ഈ പുതിയ ജനത എങ്ങനെ സേവിക്കുമായിരുന്നു? അവരുടെ വിശ്വാസത്താലും അനുസരണത്താലും അവർക്കുവേണ്ടിയുള്ള യഹോവയുടെ പ്രവൃത്തികളാലും.
10. ഇസ്രായേലിനുവേണ്ടിയുള്ള യഹോവയുടെ വീര്യപ്രവൃത്തികൾ ഒരു സാക്ഷ്യം പ്രദാനംചെയ്തത് ഏതുവിധത്തിലായിരുന്നു, എന്തു ഫലങ്ങളോടെ?
10 അതു തുടങ്ങിയിട്ട് ഏതാണ്ടു 40 വർഷം കഴിഞ്ഞപ്പോൾ, ഇസ്രായേലിനു വാഗ്ദത്ത ദേശം കയ്യടക്കാനുള്ള സമയമായി. യെരീഹോ നഗരത്തെക്കുറിച്ചു വിവരം ശേഖരിക്കാൻ ഒറ്റുനോക്കുകാരെ അയച്ചു. ഒരു യെരീഹോ നിവാസിയായിരുന്ന രാഹാബ് അവർക്കു സംരക്ഷണം നൽകി. എന്തുകൊണ്ട്? അവൾ പറഞ്ഞു: “നിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടുവരുമ്പോൾ യഹോവ നിങ്ങൾക്കുവേണ്ടി ചെങ്കടലിലെ വെള്ളം വറ്റിച്ചതും യോർദ്ദാന്നക്കരെവെച്ചു നിങ്ങൾ നിർമ്മൂലമാക്കിയ സീഹോൻ, ഓഗ് എന്ന രണ്ടു അമോര്യരാജാക്കന്മാരോടു ചെയ്തതും ഞങ്ങൾ കേട്ടു. കേട്ടപ്പോൾ തന്നേ ഞങ്ങളുടെ ഹൃദയം ഉരുകി; നിങ്ങളുടെ നിമിത്തം എല്ലാവർക്കും ധൈര്യം കെട്ടുപോയി; നിങ്ങളുടെ ദൈവമായ യഹോവ തന്നേ മീതെ സ്വർഗ്ഗത്തിലും താഴെ ഭൂമിയിലും ദൈവം ആകുന്നു.” (യോശുവ 2:10, 11) യെരീഹോയെയും അതിന്റെ വ്യാജദൈവങ്ങളെയും ഉപേക്ഷിച്ച് ഇസ്രായേല്യരോടൊപ്പം യഹോവയെ ആരാധിക്കാൻ രാഹാബിനെയും അവളുടെ കുടുംബത്തെയും പ്രേരിപ്പിച്ചതു യഹോവയുടെ വീര്യപ്രവൃത്തികളെക്കുറിച്ചുള്ള റിപ്പോർട്ടായിരുന്നു. വ്യക്തമായും, യഹോവ ഇസ്രായേൽ മുഖേന ഒരു ശക്തമായ സാക്ഷ്യം കൊടുത്തിരുന്നു.—യോശുവ 6:25.
11. സാക്ഷീകരണം സംബന്ധിച്ച് എല്ലാ ഇസ്രായേല്യ മാതാപിതാക്കൾക്കും എന്ത് ഉത്തരവാദിത്വമുണ്ടായിരുന്നു?
11 ഇസ്രായേല്യർ ഈജിപ്തിലായിരുന്ന സമയത്ത്, യഹോവ മോശയെ ഫറവോന്റെ അടുക്കലേക്ക് അയച്ചുകൊണ്ട് പറഞ്ഞു: “ഫറവോന്റെ അടുക്കൽ ചെല്ലുക. ഞാൻ അവന്റെ മുമ്പിൽ എന്റെ അടയാളങ്ങളെ ചെയ്യേണ്ടതിന്നും, ഞാൻ മിസ്രയീമിൽ പ്രവർത്തിച്ച കാര്യങ്ങളും അവരുടെ മദ്ധ്യേ ചെയ്ത അടയാളങ്ങളും നീ നിന്റെ പുത്രന്മാരോടും പൌത്രന്മാരോടും വിവരിക്കേണ്ടതിന്നും ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയേണ്ടതിന്നും ഞാൻ അവന്റെയും ഭൃത്യന്മാരുടെയും ഹൃദയം കഠിനമാക്കിയിരിക്കുന്നു.” (പുറപ്പാടു 10:1, 2) അനുസരണമുള്ള ഇസ്രായേല്യർ യഹോവയുടെ വീര്യപ്രവൃത്തികളെക്കുറിച്ചു തങ്ങളുടെ മക്കളോടു പറയുമായിരുന്നു. ക്രമത്തിൽ, അവരുടെ മക്കൾ അവരുടെ മക്കളോട്, അങ്ങനെ തലമുറതലമുറയായി പറയുമായിരുന്നു. അപ്രകാരം യഹോവയുടെ വീര്യപ്രവൃത്തികൾ അനുസ്മരിക്കപ്പെടുമായിരുന്നു. അതുപോലെ ഇന്നും മാതാപിതാക്കൾക്കു മക്കളോടു സാക്ഷീകരിക്കുന്നതിനുള്ള ഉത്തരവാദിത്വമുണ്ട്.—ആവർത്തനപുസ്തകം 6:4-7; സദൃശവാക്യങ്ങൾ 22:6.
12. ശലോമോന്റെയും ഇസ്രായേലിന്റെയും മേലുണ്ടായിരുന്ന യഹോവയുടെ അനുഗ്രഹം ഒരു സാക്ഷ്യമായി ഉതകിയതെങ്ങനെ?
12 ഇസ്രായേല്യർ വിശ്വസ്തരായിരുന്നപ്പോൾ, യഹോവയിൽനിന്ന് അവർക്കു ലഭിച്ച സമൃദ്ധമായ അനുഗ്രഹങ്ങൾ ചുറ്റുമുള്ള ജനതകൾക്ക് ഒരു സാക്ഷ്യമായി ഉതകി. യഹോവയുടെ വാഗ്ദത്ത അനുഗ്രഹങ്ങൾ വിവരിച്ചശേഷം, മോശ പറഞ്ഞതുപോലെ: “യഹോവയുടെ നാമം നിന്റെമേൽ വിളിച്ചിരിക്കുന്നു എന്നു ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും.” (ആവർത്തനപുസ്തകം 28:10) ശലോമോന്റെ വിശ്വാസം നിമിത്തം അവനു ജ്ഞാനവും സമ്പത്തും നൽകപ്പെട്ടു. അവന്റെ ഭരണത്തിൻകീഴിൽ ആ ജനത അഭിവൃദ്ധി പ്രാപിക്കുകയും നീണ്ട ഒരു കാലത്തോളം സമാധാനം ആസ്വദിക്കുകയും ചെയ്തു. ആ കാലഘട്ടത്തെക്കുറിച്ചു നാം ഇങ്ങനെ വായിക്കുന്നു: “ശലോമോന്റെ ജ്ഞാനത്തെപ്പറ്റി കേട്ട സകലഭൂപാലകന്മാരുടെയും അടുക്കൽനിന്നു നാനാജാതിക്കാരായ പലരും അവന്റെ ജ്ഞാനം കേൾപ്പാൻ വന്നു.” (1 രാജാക്കന്മാർ 4:25, 29, 30, 34) ശലോമോനെ സന്ദർശിച്ച പ്രമുഖരുടെ കൂട്ടത്തിൽ ശേബാരാജ്ഞിയുമുണ്ടായിരുന്നു. ജനതയെയും അതിന്റെ രാജാവിനെയും യഹോവ അനുഗ്രഹിച്ചിരിക്കുന്നതു സ്വയം കണ്ടുമനസ്സിലാക്കിയ അവർ പറഞ്ഞു: “നിന്റെ ദൈവമായ യഹോവെക്കു വേണ്ടി രാജാവായിട്ടു തന്റെ സിംഹാസനത്തിൽ നിന്നെ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ചിരിക്കുന്ന നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ.”—2 ദിനവൃത്താന്തം 9:8.
13. ഇസ്രായേലിന്റെ ഏറ്റവും ഫലപ്രദമായ സാക്ഷ്യം എന്തായിരുന്നിരിക്കണം, അതിൽനിന്നു നാം ഇപ്പോഴും പ്രയോജനം നേടുന്നതെങ്ങനെ?
13 ഒരുപക്ഷേ ഇസ്രായേലിന്റെ ഏറ്റവും ഫലപ്രദമായ സാക്ഷ്യമെന്തായിരുന്നുവെന്ന് അപ്പോസ്തലനായ പൗലോസ് പരാമർശിച്ചു. റോമായിലെ ക്രിസ്തീയ സഭയോടു ജഡിക ഇസ്രായേലിനെക്കുറിച്ചു ചർച്ചചെയ്യവേ, അവൻ പറഞ്ഞു: “ദൈവത്തിന്റെ അരുളപ്പാടുകൾ അവരുടെ പക്കൽ സമർപ്പിച്ചി”രുന്നു. (റോമർ 3:1, 2) ഇസ്രായേലുമായുള്ള യഹോവയുടെ ഇടപെടലുകളും അവന്റെ ബുദ്ധ്യുപദേശങ്ങളും അവന്റെ നിയമങ്ങളും പ്രവചനങ്ങളും എഴുതിവെക്കാൻ മോശയും അവനെത്തുടർന്നു ചില വിശ്വസ്ത ഇസ്രായേല്യരും നിശ്വസ്തരാക്കപ്പെട്ടു. ഈ എഴുത്തുകളിലൂടെ ആ പുരാതന എഴുത്തുകാർ ഒരേ ഒരു ദൈവമേ ഉള്ളൂവെന്നും അവന്റെ നാമം യഹോവ എന്നാണെന്നും ഇന്നത്തെ നമ്മുടെ തലമുറയുൾപ്പെടെ വരുവാനുള്ള എല്ലാ തലമുറകൾക്കും സാക്ഷ്യം വഹിച്ചു.—ദാനീയേൽ 12:9; 1 പത്രൊസ് 1:10-12.
14. യഹോവക്കുവേണ്ടി സാക്ഷ്യംകൊടുത്ത ചിലർക്കു പീഡനം സഹിക്കേണ്ടിവന്നത് എന്തുകൊണ്ട്?
14 ദുഃഖകരമെന്നു പറയട്ടെ, ഇസ്രായേൽ വിശ്വാസം പ്രകടമാക്കാൻ പലപ്പോഴും പരാജയപ്പെട്ടു. അതുകൊണ്ട്, യഹോവയ്ക്കു തന്റെ സ്വന്തം ജനതയുടെ അടുക്കലേക്കു സാക്ഷികളെ അയയ്ക്കേണ്ടിവന്നു. ഇവരിൽ അനേകരും പീഡിപ്പിക്കപ്പെട്ടു. ചിലർ “പരിഹാസം, ചമ്മട്ടി, ചങ്ങല, തടവു ഇവയാലുള്ള പരീക്ഷ അനുഭവിച്ചു”വെന്നു പൗലോസ് പറഞ്ഞു. (എബ്രായർ 11:36) തീർച്ചയായും വിശ്വസ്ത സാക്ഷികൾതന്നെ! പീഡനമുണ്ടായതു യഹോവയുടെ തിരഞ്ഞെടുക്കപ്പെട്ട ജനതയിലെ അംഗങ്ങളിൽനിന്നുതന്നെയായിരുന്നു എന്നത് എത്ര സങ്കടകരമാണ്! (മത്തായി 23:31, 37) വാസ്തവത്തിൽ, പൊ.യു.മു. 607-ൽ യെരുശലേമിനെ അതിന്റെ ആലയത്തോടൊപ്പം നശിപ്പിച്ച് അതിജീവിച്ച ഭൂരിപക്ഷം ഇസ്രായേല്യരെയും പ്രവാസികളായി കൊണ്ടുപോകുവാൻ ബാബിലോന്യരെ കൊണ്ടുവരാൻമാത്രം ആ ജനതയുടെ പാപം അത്ര വലുതായിത്തീർന്നു. (യിരെമ്യാവു 20:4; 21:10) യഹോവയുടെ നാമത്തിനുള്ള ദേശീയ സാക്ഷീകരണത്തിന്റെ അന്ത്യം ആയിരുന്നോ അത്? അല്ല.
ദൈവങ്ങളെ പരീക്ഷിക്കൽ
15. ബാബിലോന്യ പ്രവാസത്തിൽപ്പോലും ഒരു സാക്ഷ്യം കൊടുക്കപ്പെട്ടതെങ്ങനെ?
15 ബാബിലോന്യ പ്രവാസത്തിലായിരുന്നപ്പോൾപ്പോലും, ആ ജനതയിലെ വിശ്വസ്ത അംഗങ്ങൾ യഹോവയുടെ ദൈവത്വത്തെയും ശക്തിയെയുംകുറിച്ചു സാക്ഷീകരിക്കാൻ മടിച്ചില്ല. ഉദാഹരണത്തിന്, നെബുഖദ്നേസറിന്റെ സ്വപ്നങ്ങൾ ദാനീയേൽ സധൈര്യം വ്യാഖ്യാനിച്ചു, ബേൽത്ത്ശസ്സരിനുവേണ്ടി ചുവരെഴുത്തു വിശദീകരിച്ചുകൊടുത്തു, പ്രാർഥനയുടെ കാര്യത്തിൽ ദാര്യാവേശിന്റെ മുമ്പാകെ വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിച്ചു. പ്രതിമയെ വണങ്ങാൻ വിസമ്മതിച്ചപ്പോൾ മൂന്നു എബ്രായരും നെബുഖദ്നേസറിനു വിസ്മയാവഹമായ ഒരു സാക്ഷ്യം കൊടുത്തു.—ദാനീയേൽ 3:13-18; 5:13-29; 6:4-27.
16. ഇസ്രായേലിന്റെ സ്വദേശത്തേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചു യഹോവ മുൻകൂട്ടിപ്പറഞ്ഞതെങ്ങനെ, ആ തിരിച്ചുവരവിന്റെ ഉദ്ദേശ്യം എന്തായിരുന്നിരിക്കണം?
16 എന്നിരുന്നാലും, ഇസ്രായേൽ ദേശത്ത് ഒരു ദേശീയ സാക്ഷ്യം വീണ്ടും കൊടുക്കപ്പെടണമെന്നു യഹോവ ഉദ്ദേശിച്ചു. ബാബിലോനിൽ പ്രവാസികളായിരുന്ന യഹൂദന്മാർക്കിടയിൽ പ്രവചിച്ച എസെക്കിയേൽ നശിപ്പിക്കപ്പെട്ട ദേശത്തെക്കുറിച്ചുള്ള യഹോവയുടെ ദൃഢനിശ്ചയം സംബന്ധിച്ച് ഇങ്ങനെ എഴുതി: “ഞാൻ നിങ്ങളിൽ മനുഷ്യരെ, യിസ്രായേൽഗൃഹം മുഴുവനെയും തന്നേ, വർദ്ധിപ്പിക്കും; പട്ടണങ്ങളിൽ നിവാസികൾ ഉണ്ടാകും; ശൂന്യപ്രദേശങ്ങളെയും പണിയും.” (യെഹെസ്കേൽ 36:10) യഹോവ ഇതു ചെയ്യുമായിരുന്നതിന്റെ കാരണമെന്തായിരുന്നു? മുഖ്യമായും, തന്റെ നാമത്തിന് ഒരു സാക്ഷ്യം എന്നനിലയിലായിരുന്നു. എസെക്കിയേലിലൂടെ അവൻ പറഞ്ഞു: “യിസ്രായേൽ ഗൃഹമേ, നിങ്ങളുടെ നിമിത്തമല്ല, നിങ്ങൾ ചെന്നുചേർന്ന ജാതികളുടെ ഇടയിൽ നിങ്ങൾ അശുദ്ധമാക്കിയിരിക്കുന്ന എന്റെ വിശുദ്ധ നാമംനിമിത്തം അത്രേ ഞാൻ അങ്ങനെ ചെയ്യുന്നതു.”—യെഹെസ്കേൽ 36:22; യിരെമ്യാവു 50:28.
17. ഇസ്രായേൽ യഹോവയുടെ സാക്ഷിയായിരുന്നുവെന്നു പറയുന്ന യെശയ്യാവു 43:10-ലെ വാക്കുകളുടെ സന്ദർഭം എന്തായിരുന്നു?
17 ഇസ്രായേൽ യഹോവയുടെ സാക്ഷി, അവന്റെ ദാസൻ, ആയിരുന്നു എന്നു പറയുന്ന യെശയ്യാവു 43:10-ലെ വാക്കുകൾ എഴുതാൻ യെശയ്യാ പ്രവാചകൻ നിശ്വസ്തനാക്കപ്പെട്ടത് ബാബിലോന്യ പ്രവാസത്തിൽനിന്നുള്ള ഇസ്രായേലിന്റെ തിരിച്ചുവരവു പ്രവചിക്കുമ്പോഴായിരുന്നു. യെശയ്യാവു 43-ലും 44-ലും യഹോവയെ ഇസ്രായേലിന്റെ സ്രഷ്ടാവും ഉരുവാക്കിയവനും ദൈവവും പരിശുദ്ധനും രക്ഷകനും വീണ്ടെടുപ്പുകാരനും രാജാവും നിർമാതാവുമായി വർണിച്ചിരിക്കുന്നു. (യെശയ്യാവു 43:3, 14, 15; 44:2) അവനെ അത്തരത്തിൽ മഹത്ത്വപ്പെടുത്താൻ ആ ജനത പലവുരു പരാജയപ്പെട്ടതായിരുന്നു ഇസ്രായേലിനെ പ്രവാസത്തിലേക്കു കൊണ്ടുപോകാൻ അനുവദിക്കാൻതന്നെ കാരണം. എന്നിരുന്നാലും, അവർ അപ്പോഴും അവന്റെ ജനമായിരുന്നു. യഹോവ അവരോട് ഇങ്ങനെ പറഞ്ഞിരുന്നു: “ഭയപ്പെടേണ്ടാ, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; ഞാൻ നിന്നെ പേർ ചൊല്ലി വിളിച്ചിരിക്കുന്നു; നീ എനിക്കുള്ളവൻ തന്നേ.” (യെശയ്യാവു 43:1) ഇസ്രായേലിന്റെ ബാബിലോന്യ പ്രവാസം അവസാനിക്കുമായിരുന്നു.
18. ബാബിലോനിൽനിന്നുള്ള ഇസ്രായേലിന്റെ വിമോചനം യഹോവയാണ് ഏകസത്യദൈവം എന്നു തെളിയിച്ചതെങ്ങനെ?
18 നിശ്ചയമായും, ബാബിലോനിൽനിന്നുള്ള ഇസ്രായേലിന്റെ വിമോചനത്തെ യഹോവ ദൈവങ്ങളുടെ ഒരു പരീക്ഷയാക്കിമാറ്റി. തങ്ങളുടെ സാക്ഷികളെ കൊണ്ടുവരാൻ അവൻ ജാതികളുടെ വ്യാജദൈവങ്ങളെ വെല്ലുവിളിച്ചു. എന്നിട്ട് അവൻ ഇസ്രായേലിനെ തന്റെ സാക്ഷി എന്നു നാമകരണം ചെയ്തു. (യെശയ്യാവു 43:9, 12) അവൻ ഇസ്രായേലിന്റെ ബന്ധനത്തിന്റെ അഴികൾ തകർത്തപ്പോൾ, ബാബിലോന്യ ദൈവങ്ങൾ ദൈവങ്ങളേ ആയിരുന്നില്ലെന്നും താനാണ് ഏക സത്യദൈവമെന്നും അവൻ തെളിയിച്ചു. (യെശയ്യാവു 43:14, 15) യഹൂദന്മാരെ സ്വതന്ത്രരാക്കുന്ന തന്റെ ദാസനായി പേർഷ്യയിലെ സൈറസിനെ [കോരശിനെ] സംഭവത്തിന് 200 വർഷംമുമ്പു പേരെടുത്തു പറഞ്ഞപ്പോൾ, അവൻ തന്റെ ദൈവത്വത്തിനുള്ള കൂടുതലായ തെളിവു നൽകി. (യെശയ്യാവു 44:28) ഇസ്രായേല്യർക്കു മോചനം ലഭിക്കാൻ പോകുകയായിരുന്നു. എന്തുകൊണ്ട്? യഹോവ ഇങ്ങനെ വിശദമാക്കുന്നു: “ജനം [ഇസ്രായേൽ] എന്റെ സ്തുതി വിവരിക്കും [“വിവരിക്കേണ്ടതാകുന്നു,” NW].” (യെശയ്യാവു 43:21) അത് ഒരു സാക്ഷ്യത്തിനുള്ള കൂടുതലായ അവസരം പ്രദാനം ചെയ്യുമായിരുന്നു.
19. യെരൂശലേമിലേക്ക് ഇസ്രായേല്യർ തിരിച്ചുചെല്ലണമെന്ന സൈറസിന്റെ ക്ഷണത്താലും തിരിച്ചെത്തിയശേഷമുള്ള വിശ്വസ്ത യഹൂദന്മാരുടെ പ്രവർത്തനത്താലും എന്തു സാക്ഷ്യം കൊടുക്കപ്പെട്ടു?
19 സമയമായപ്പോൾ, പ്രവചിച്ചിരുന്നതുപോലെതന്നെ പേർഷ്യയിലെ സൈറസ് ബാബിലോനെ കീഴടക്കി. ബാബിലോനിലെ യഹൂദന്മാർക്കുവേണ്ടി സൈറസ് ഇങ്ങനെയൊരു പ്രഖ്യാപനം പുറപ്പെടുവിച്ചപ്പോൾ, പുറജാതിക്കാരനായിരുന്നിട്ടും അവൻ യഹോവയുടെ ദൈവത്വത്തെ പ്രഘോഷിച്ചു: “നിങ്ങളിൽ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കിൽ അവന്റെ ദൈവം അവനോടുകൂടെ ഇരിക്കുമാറാകട്ടെ; അവൻ യെഹൂദയിലെ യെരൂശലേമിലേക്കു യാത്രപുറപ്പെട്ടു യിസ്രായേലിന്റെ ദൈവമായ യഹോവെക്കു ആലയം പണിയട്ടെ; അവനല്ലോ യെരൂശലേമിലെ ദൈവം.” (എസ്രാ 1:3) അനേകം യഹൂദന്മാർ അതിനോടു പ്രതികരിച്ചു. അവർ വാഗ്ദത്ത ദേശത്തേക്കു യാത്രചെയ്യുകയും പുരാതന ആലയം സ്ഥിതിചെയ്തിരുന്നിടത്ത് ഒരു യാഗപീഠം കെട്ടിപ്പടുക്കുകയും ചെയ്തു. നിരുത്സാഹപ്പെടുത്തലും ശക്തമായ എതിർപ്പും ഉണ്ടായിരുന്നിട്ടും, അവസാനം അവർക്ക് ആലയവും യെരുശലേം നഗരവും പുനർനിർമിക്കാൻ സാധിച്ചു. ഇതെല്ലാം സംഭവിച്ചത്, യഹോവതന്നേ പറഞ്ഞതുപോലെ, “സൈന്യത്താലല്ല, ശക്തിയാലുമല്ല, [അവന്റെ] ആത്മാവിനാലത്രേ.” (സെഖര്യാവു 4:6) യഹോവ സത്യദൈവമാണ് എന്നതിനുള്ള കൂടുതലായ തെളിവു നൽകുന്നതായിരുന്നു ഈ നേട്ടങ്ങൾ.
20. ഇസ്രായേല്യർ കുറവുകളുള്ളവരായിരുന്നിട്ടും, പുരാതന ലോകത്തിൽ യഹോവയുടെ നാമത്തിന് അവർ സാക്ഷ്യം കൊടുത്തതു സംബന്ധിച്ച് എന്തു പറയാനാവും?
20 അങ്ങനെ, അപൂർണരും ചിലപ്പോഴൊക്കെ മത്സരികളുമായിരുന്ന ആളുകളുടെ ഒരു ജനതയെ, ഇസ്രായേലിനെ, തന്റെ സാക്ഷിയായി യഹോവ ഉപയോഗിച്ചുകൊണ്ടേയിരുന്നു. ക്രിസ്തീയ-പൂർവ ലോകത്തിൽ, ആലയവും പൗരോഹിത്യവും ഉണ്ടായിരുന്ന ആ ജനത സത്യാരാധനയുടെ ലോകകേന്ദ്രത്തെ പ്രതിനിധാനം ചെയ്തു. ഇസ്രായേലുമായുള്ള ബന്ധത്തിൽ യഹോവ ചെയ്ത പ്രവർത്തനങ്ങളെക്കുറിച്ച് എബ്രായ തിരുവെഴുത്തുകളിൽ വായിക്കുന്ന ആർക്കും ഒരേ ഒരു സത്യദൈവമേയുള്ളൂവെന്നതും അവന്റെ നാമം യഹോവ എന്നാണെന്നതും സംബന്ധിച്ചു യാതൊരു സംശയവുമുണ്ടായിരിക്കാവുന്നതല്ല. (ആവർത്തനപുസ്തകം 6:4; സെഖര്യാവു 14:9) എന്നിരുന്നാലും, യഹോവയുടെ നാമത്തിനു വളരെ വലിയൊരു സാക്ഷ്യം ലഭിക്കണമായിരുന്നു. ഇതിനെക്കുറിച്ചു നാം അടുത്ത ലേഖനത്തിൽ ചർച്ചചെയ്യുന്നതായിരിക്കും.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ യഹോവ സത്യദൈവമാണെന്നതിന് അബ്രഹാം ഒരു സാക്ഷ്യം കൊടുത്തതെങ്ങനെ?
◻ ഒരു വിശ്വസ്ത സാക്ഷിയായിരിക്കാൻ മോശയുടെ ഏതു മികച്ച ഗുണമാണ് അവനെ പ്രാപ്തനാക്കിയത്?
◻ ഇസ്രായേൽ യഹോവയെക്കുറിച്ച് ഒരു ദേശീയ സാക്ഷ്യം കൊടുത്തത് ഏതെല്ലാം വിധങ്ങളിലായിരുന്നു?
◻ ബാബിലോനിൽനിന്നുള്ള ഇസ്രായേലിന്റെ മോചനം യഹോവയാണ് ഏകസത്യദൈവമെന്നു പ്രകടമാക്കിയതെങ്ങനെ?
[10-ാം പേജിലെ ചിത്രം]
അബ്രഹാം തന്റെ വിശ്വാസത്തിലൂടെയും അനുസരണത്തിലൂടെയും യഹോവയുടെ ദൈവത്വത്തിന് ഒരു മികച്ച സാക്ഷ്യം കൊടുത്തു