നിങ്ങൾക്കു കൂടുതൽ വിവേകം നട്ടുവളർത്താനാവുമോ?
“ഒരു സംഗതിയെ മറ്റൊന്നിൽനിന്നു വേർതിരിച്ചറിയുന്നതിനുള്ള മനസ്സിന്റെ ശക്തിയോ പ്രാപ്തിയോ” ആണു വിവേകം. “തീരുമാനം കൈക്കൊള്ളുന്നതിലെ അതിസൂക്ഷ്മത” അഥവാ “സംഗതികളുടെയോ ആശയങ്ങളുടെയോ വ്യത്യാസങ്ങൾ ഗ്രഹിക്കുന്നതിനുള്ള ശക്തി”യുമാകാം അത്. അങ്ങനെയാണ് വെബ്സ്റ്റേഴ്സ് യൂണിവേഴ്സൽ ഡിക്ഷനറി പറയുന്നത്. വ്യക്തമായും, അഭിലഷണീയമായ ഒരു ഗുണമാണു വിവേകം. അതിന്റെ മൂല്യം ശലോമോന്റെ ഈ വാക്കുകളിൽ കാണാവുന്നതാണ്: “ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും. . . . വിവേകം നിന്നെ സൂക്ഷിക്കും. അതു നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നു [“മോശമായ വഴിയിൽനിന്നു, NW] . . . വിടുവിക്കും.”—സദൃശവാക്യങ്ങൾ 2:10-12.
അതേ, ഇന്നു വിപുലമായ തോതിൽ കാണുന്ന “മോശമായ വഴി”യെ ചെറുത്തുനിൽക്കാൻ വിവേകം നമ്മെ സഹായിക്കും. അതു മറ്റുപല പ്രയോജനങ്ങളും കൈവരുത്തും. ഉദാഹരണത്തിന്, ‘നിങ്ങൾക്കതു മനസ്സിലാവില്ല!’ എന്നു കുട്ടികൾ മാതാപിതാക്കളോടു പലപ്പോഴും പറയാറുണ്ട്. ചെറുതായൊരു സൂക്ഷ്മപരിശോധനയിലൂടെ, തങ്ങളുടെ കുട്ടികളെ വിഷമിപ്പിക്കുന്ന വികാരങ്ങളെയും കുഴക്കുന്ന പ്രശ്നങ്ങളെയും പുറത്തുകൊണ്ടുവരുന്നതെങ്ങനെയെന്നു വിവേകമുള്ള മാതാപിതാക്കൾക്ക് അറിയാം. (സദൃശവാക്യങ്ങൾ 20:5) വിവേകമുള്ള ഒരു ഭർത്താവ്, എടുപിടീന്നു തീരുമാനങ്ങൾ എടുക്കുന്നതിനുപകരം, ഭാര്യയെ ശ്രദ്ധിച്ച് അവരുടെ ചിന്തയും വികാരങ്ങളും സംബന്ധിച്ച് ഉൾക്കാഴ്ച നേടും. ഭർത്താവിനോടുള്ള ബന്ധത്തിൽ ഭാര്യയും അതുപോലെ പ്രവർത്തിക്കും. അങ്ങനെ, “ജ്ഞാനംകൊണ്ടു ഭവനം പണിയുന്നു; വിവേകംകൊണ്ടു അതു സ്ഥിരമായിവരുന്നു.”—സദൃശവാക്യങ്ങൾ 24:3.
സ്ഥിതിവിശേഷങ്ങളെ വിജയകരമായി കൈകാര്യം ചെയ്യാൻ വിവേകം ഒരു വ്യക്തിയെ സഹായിക്കുന്നു. “വാക്കു അടക്കിവെക്കുന്നവൻ പരിജ്ഞാനമുള്ളവൻ; ശാന്തമാനസൻ ബുദ്ധിമാൻ തന്നേ,” സദൃശവാക്യങ്ങൾ 17:27 പറയുന്നു. വിവേകമുള്ള ഒരു വ്യക്തിക്കു പൊട്ടിത്തെറിക്കുന്ന സ്വഭാവമില്ല, ഏതു സാഹചര്യത്തിലേക്കും ചിന്താശൂന്യമായി എടുത്തുചാടുകയുമില്ല. ഒരു സംഗതിയിൽ സ്വയം ഉൾപ്പെടുന്നതിനുമുമ്പ്, സാധ്യമായ അനന്തരഫലങ്ങളെക്കുറിച്ച് അയാൾ ശ്രദ്ധാപൂർവം വിചിന്തനം ചെയ്യും. (ലൂക്കൊസ് 14:28, 29) “വിവേകമുള്ള വായ്” നിമിത്തം ശ്രദ്ധാപൂർവം വാക്കുകൾ തിരഞ്ഞെടുക്കുന്നതുകൊണ്ട്, അയാൾ മറ്റുള്ളവരുമായി കൂടുതൽ സമാധാനപരമായ ബന്ധങ്ങൾ ആസ്വദിക്കുന്നു. (സദൃശവാക്യങ്ങൾ 10:19; 12:8, NW) എന്നാൽ ഏറ്റവും പ്രധാനമായി, വിവേകമതിയായ ഒരു വ്യക്തി സ്വന്തം പരിമിതികൾ താഴ്മയോടെ തിരിച്ചറിയുകയും മാർഗനിർദേശത്തിനായി മനുഷ്യരിലേക്കു നോക്കുന്നതിനുപകരം ദൈവത്തിലേക്കു നോക്കുകയും ചെയ്യും. ഇതു യഹോവയ്ക്കു പ്രീതികരമാണ്. വിവേകം നട്ടുവളർത്തുന്നതിനുള്ള മറ്റൊരു കാരണവും ഇതുതന്നെ.—സദൃശവാക്യങ്ങൾ 2:1-9; യാക്കോബ് 4:6.
ഇസ്രായേലിന്റെ വിവേകമില്ലായ്മ
വിവേകം പ്രകടമാക്കാൻ പരാജയപ്പെട്ടതിന്റെ അപകടം ഇസ്രായേലിന്റെ ആദ്യകാല ചരിത്രത്തിലെ ഒരു സംഭവത്തിൽനിന്നു കാണാം. ആ കാലഘട്ടത്തെക്കുറിച്ച് അനുസ്മരിച്ചുകൊണ്ട് സങ്കീർത്തനക്കാരൻ പറഞ്ഞു: “ഞങ്ങളുടെ പിതാക്കന്മാർ മിസ്രയീമിൽവെച്ചു നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും [“അവർ യാതൊരു ഉൾക്കാഴ്ചയും പ്രകടമാക്കിയില്ല,” NW] നിന്റെ മഹാദയയെ ഓർക്കാതെയും കടല്ക്കരയിൽ, ചെങ്കടല്ക്കരയിൽവെച്ചു തന്നേ മത്സരിച്ചു.”—സങ്കീർത്തനം 106:7.
മോശ ഇസ്രായേല്യരെ ഈജിപ്തിൽനിന്നു പുറത്തുകൊണ്ടുവരുന്നതിനു മുമ്പുതന്നെ, യഹോവ തന്റെ ശക്തിയും ആ വൻലോകശക്തിയുടെമേൽ പത്തു ബാധകൾ വരുത്തി തന്റെ ജനത്തെ സ്വതന്ത്രമാക്കാനുള്ള തന്റെ ദൃഢനിശ്ചയവും പ്രകടമാക്കിയിരുന്നു. ഫറവോൻ ഇസ്രായേല്യരെ പോകാൻ അനുവദിച്ചശേഷം, മോശ അവരെ ചെങ്കടൽ തീരത്തേക്കു നയിച്ചു. എന്നാൽ ഈജിപ്തിന്റെ സൈന്യം അവരെ പിന്തുടർന്നുവന്നു. ഇസ്രായേല്യർ കെണിയിലായി പുതുതായി കിട്ടിയ സ്വാതന്ത്ര്യം പെട്ടെന്നു പൊയ്പോകുകയാണെന്നു തോന്നി. അതുകൊണ്ട് ബൈബിൾ വിവരണം പറയുന്നു: “യിസ്രായേൽമക്കൾ . . . ഏറ്റവും ഭയപ്പെട്ടു . . . യഹോവയോടു നിലവിളിച്ചു.” അവർ മോശയുടെ നേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: “നീ ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചതിനാൽ ഞങ്ങളോടു ഈ ചെയ്തതു എന്തു? . . . മരുഭൂമിയിൽ മരിക്കുന്നതിനെക്കാൾ മിസ്രയീമ്യർക്കു വേല ചെയ്യുന്നതായിരുന്നു ഞങ്ങൾക്കു നല്ലതു.”—പുറപ്പാടു 14:10-12.
യഹോവയുടെ ശക്തിയുടെ പത്തു മികച്ച പ്രകടനങ്ങൾ അവർ അതിനോടകംതന്നെ കണ്ടിട്ടുണ്ടായിരുന്നുവെന്നു നാം ഓർക്കുമ്പോൾ, അവരുടെ ഭയം അസ്ഥാനത്തായിരുന്നുവെന്നു നമുക്കു മനസ്സിലാകും. ഏതാണ്ടു 40 വർഷത്തിനുശേഷം മോശ അവരെ ഇങ്ങനെ ഓർപ്പിച്ച സംഗതി അവർ നേരിട്ടു കണ്ടറിഞ്ഞിട്ടുള്ളതായിരുന്നു: “യഹോവ ബലമുള്ള കയ്യാലും നീട്ടിയ ഭുജത്താലും മഹാഭയങ്കരപ്രവൃത്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടുംകൂടെ ഞങ്ങളെ മിസ്രയീമിൽനിന്നു പുറപ്പെടുവിച്ചു.” (ആവർത്തനപുസ്തകം 26:8) അതുകൊണ്ട്, ഇസ്രായേല്യർ മോശയുടെ വഴിനടത്തിപ്പിനെതിരെ തിരിഞ്ഞപ്പോൾ, സങ്കീർത്തനക്കാരൻ എഴുതിയതുപോലെ, “അവർ യാതൊരു ഉൾക്കാഴ്ചയും പ്രകടമാക്കിയില്ല.” എന്നിരുന്നാലും, തന്റെ വാഗ്ദാനം നിറവേറ്റിക്കൊണ്ട്, യഹോവ ഈജിപ്തിന്റെ സേനകൾക്ക് ഒരു തകർപ്പൻ പരാജയംതന്നെ വരുത്തി.—പുറപ്പാടു 14:19-31.
പരിശോധനകളെ നാം നേരിടുന്നതു സംശയത്തോടെയാണെങ്കിൽ, സമാനമായി നമ്മുടെ വിശ്വാസവും പതറിയേക്കാം. നമ്മെ എതിർക്കുന്നവരെക്കാൾ എത്രയോ വലിയവനാണു യഹോവ എന്ന് അനുസ്മരിച്ചുകൊണ്ട് സംഗതികളെ എല്ലായ്പോഴും ഒരു ദൂരക്കാഴ്ചയിൽ കാണാൻ വിവേകം നമ്മെ സഹായിക്കും. യഹോവ നമുക്കുവേണ്ടി ഇതിനോടകംതന്നെ ചെയ്തിരിക്കുന്നത് ഓർക്കാനും വിവേകം നമ്മെ സഹായിക്കും. അവൻ “തന്നെ സ്നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്ന”വനാണ് എന്ന വസ്തുത നാം ഒരിക്കലും വിസ്മരിക്കാതിരിക്കാൻ അതു നമ്മെ സഹായിക്കും.—സങ്കീർത്തനം 145:18-20.
ആത്മീയ വിവേകം നേടൽ
പ്രായത്തോടൊപ്പം സ്വതവേ വരുന്നതല്ല വിവേകം. അതിനെ നട്ടുവളർത്തിയെടുക്കണം. വിവേകംനിമിത്തം സാർവദേശീയ പ്രശസ്തി നേടിയ ശലോമോൻ രാജാവ് ഇങ്ങനെ പറഞ്ഞു: “ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ. അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു.” (സദൃശവാക്യങ്ങൾ 3:13, 14) എവിടെനിന്നായിരുന്നു ശലോമോനു വിവേകം ലഭിച്ചത്? യഹോവയിൽനിന്ന്. എന്ത് അനുഗ്രഹമാണു വേണ്ടത് എന്നു യഹോവ ശലോമോനോടു ചോദിച്ചപ്പോൾ, ശലോമോൻ ഇങ്ങനെ ഉത്തരം കൊടുത്തു: “ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ.” (1 രാജാക്കന്മാർ 3:9) അതേ, ശലോമോൻ തന്റെ സഹായകൻ എന്നനിലയിൽ യഹോവയിലേക്കു നോക്കി. അവൻ വിവേകം ആവശ്യപ്പെട്ടു. യഹോവ അത് അവന് അസാധാരണമായ അളവിൽ കൊടുത്തു. ഫലമോ? “സകലപൂർവ്വദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും മിസ്രയീമ്യരുടെ സകലജ്ഞാനത്തെക്കാളും ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു.”—1 രാജാക്കന്മാർ 4:30.
വിവേകം അന്വേഷിച്ചു നാം പോകേണ്ടതെവിടെ എന്നു പ്രകടമാക്കുന്നതാണു ശലോമോന്റെ അനുഭവം. ശലോമോനെപ്പോലെ, നാം യഹോവയിലേക്കു നോക്കണം. എങ്ങനെ? കൊള്ളാം, യഹോവയുടെ ചിന്തയിലേക്ക് ഉൾക്കാഴ്ച നൽകുന്ന അവന്റെ വചനമായ ബൈബിൾ അവൻ നമുക്കു തന്നിരിക്കുന്നു. നാം ബൈബിൾ വായിക്കുമ്പോൾ, ആത്മീയ വിവേകത്തിന് അടിത്തറ പ്രദാനംചെയ്യുന്ന പരിജ്ഞാനത്തിന്റെ അമൂല്യമായ ഉറവിടത്തിലേക്കാണു നാം കുഴിക്കുന്നത്. ബൈബിൾവായനയിൽനിന്നു നാം ശേഖരിക്കുന്ന വിവരങ്ങളെക്കുറിച്ചു ധ്യാനിക്കണം. അപ്പോൾ, ശരിയായ തീരുമാനങ്ങൾ എടുക്കാൻ അവയെ ഉപയോഗപ്പെടുത്താനാവും. കാലക്രമേണ, “ശരിയും തെറ്റും വേർതിരിച്ചറിയാൻ [അഥവാ, ശരിയും തെറ്റും തമ്മിൽ വിവേചിച്ചറിയാൻ] കഴിയേണ്ടതിനു നാം “വിവേകപ്രാപ്തികളിൽ മുഴുവളർച്ച”യുള്ളവരായിത്തീരുന്ന ഘട്ടത്തോളം നമ്മുടെ ഗ്രഹണപ്രാപ്തികൾ വികാസം പ്രാപിക്കുന്നു.—1 കൊരിന്ത്യർ 14:20; എബ്രായർ 5:14; 1 കൊരിന്ത്യർ 2:10 താരതമ്യം ചെയ്യുക.
രസകരമെന്നു പറയട്ടെ, യഹോവ ശലോമോനു കൊടുത്ത വിവേകത്തിൽനിന്നു നമുക്കിപ്പോഴും പ്രയോജനം നേടാൻ സാധിക്കും. എങ്ങനെ? സദൃശവാക്യങ്ങളുടെ രൂപത്തിൽ ജ്ഞാനം പ്രകടിപ്പിക്കുന്നതിൽ ശലോമോൻ നിപുണനായിത്തീർന്നു. ഫലത്തിൽ, അവ ദിവ്യനിശ്വസ്ത ജ്ഞാനത്തിന്റെ ഏറ്റവും സംക്ഷിപ്തരൂപമായിരുന്നു. ഈ പ്രസ്താവങ്ങളിൽ അനേകവും ബൈബിൾ പുസ്തകമായ സദൃശവാക്യങ്ങളിലുണ്ട്. ആ പുസ്തകം പഠിക്കുന്നതുവഴി ശലോമോന്റെ വിവേകത്തിൽനിന്നു പ്രയോജനം നേടാനും നമുക്കുതന്നെ വിവേകം വികസിപ്പിച്ചെടുക്കാനും കഴിയും.
നമ്മുടെ ബൈബിൾപഠനത്തിനു നമ്മെ സഹായിക്കുന്നതിനു വീക്ഷാഗോപുരം, ഉണരുക! എന്നിങ്ങനെയുള്ള ബൈബിൾപഠന സഹായികളായ മാസികകൾ നമുക്ക് ഉപയോഗിക്കാവുന്നതാണ്. കഴിഞ്ഞ 116-ലധികം വർഷമായി വീക്ഷാഗോപുരം പരമാർഥഹൃദയരെ യഹോവയുടെ രാജ്യത്തെക്കുറിച്ച് അറിയിച്ചുകൊണ്ടിരിക്കുകയാണ്. ഉണരുക!യും മുമ്പ് അതിന്റെ സ്ഥാനത്തു മറ്റുപേരുകളിലുണ്ടായിരുന്ന മാസികകളും 1919 മുതൽ ലോകാവസ്ഥകൾ വിശകലനം ചെയ്തുകൊണ്ടിരിക്കുന്നു. ബൈബിൾസത്യങ്ങൾ പരിശോധിക്കുന്ന ഈ രണ്ടു മാസികകളും ക്രമാനുഗതമായ ആത്മീയ പ്രബുദ്ധത കൈവരുത്തുന്നു. ക്രൈസ്തവലോകം പഠിപ്പിക്കുന്നതോ നമ്മുടെ സ്വന്തം ചിന്താരീതികളിൽ കാണുന്നതോ എന്തുതന്നെയായാലും തെറ്റുകൾ വിവേചിക്കാൻ അതു നമ്മെ സഹായിക്കുന്നു.—സദൃശവാക്യങ്ങൾ 4:18.
വിവേകം വികസിപ്പിച്ചെടുക്കുന്നതിൽ മറ്റൊരു സഹായമാണു ശരിയായ സഹവാസം. “ജ്ഞാനികളോടുകൂടെ നടക്ക; നീയും ജ്ഞാനിയാകും; ഭോഷന്മാർക്കു കൂട്ടാളിയായവനോ വ്യസനിക്കേണ്ടിവരും” എന്നു ശലോമോന്റെ ഒരു സദൃശവാക്യം പറയുന്നു. (സദൃശവാക്യങ്ങൾ 13:20) ശലോമോന്റെ പുത്രനായ രഹോബയാം അവന്റെ ജീവിതത്തിലെ ഒരു നിർണായകഘട്ടത്തിൽ ഈ സദൃശവാക്യം ഓർക്കാതെ പോയതു ലജ്ജാകരംതന്നെ. പിതാവിന്റെ മരണത്തിനുശേഷം, ഇസ്രായേലിലെ ഗോത്രങ്ങൾ അദ്ദേഹത്തിന്റെ അടുക്കലെത്തി തങ്ങളുടെ ഭാരം ലഘൂകരിച്ചുതരേണമേ എന്ന് അപേക്ഷിച്ചു. ആദ്യം, രഹോബയാം പ്രായമേറിയ പുരുഷന്മാരുമായി കൂടിയാലോചന നടത്തി. പ്രജകളെ ശ്രദ്ധിക്കാൻ അവനെ പ്രോത്സാഹിപ്പിച്ച അവർ വിവേകം കാട്ടി. പിന്നെ, അവൻ യുവപ്രായക്കാരുടെ അടുക്കൽ പോയി. ഇസ്രായേല്യരെ ഭീഷണികൊണ്ടു നേരിടാൻ രഹോബയാമിനെ പ്രോത്സാഹിപ്പിച്ച ഇക്കൂട്ടർ പ്രകടമാക്കിയതോ അനുഭവമില്ലായ്മയും വിവേകമില്ലായ്മയും ആയിരുന്നു. രഹോബയാം ശ്രദ്ധിച്ചതു യുവപ്രായക്കാരെ ആയിരുന്നു. ഫലമോ? ഇസ്രായേല്യർ മത്സരിച്ചു, തന്റെ രാജ്യത്തിന്റെ വലിയൊരു ഭാഗം രഹോബയാമിനു നഷ്ടമായി.—1 രാജാക്കന്മാർ 12:1-17.
വിവേകം വികസിപ്പിച്ചെടുക്കുന്നതിലെ ഒരു മർമപ്രധാന ഭാഗമാണു പരിശുദ്ധാത്മാവിന്റെ സഹായം തേടൽ. ഈജിപ്തിലെ അടിമത്തത്തിൽനിന്നുള്ള ഇസ്രായേലിന്റെ വിടുതലിനുശേഷം, അവരുമായുള്ള യഹോവയുടെ ഇടപെടലുകളെ പുനരവലോകനം നടത്തവേ, ബൈബിളെഴുത്തുകാരനായ നെഹെമ്യാവ് പറഞ്ഞു: “അവരെ വിവേകമതികളാക്കാൻ നീ നിന്റെ നല്ല ആത്മാവിനെ കൊടുത്തു.” (നെഹെമ്യാവ് 9:20, NW) നമ്മെ വിവേകമതികളാക്കാൻ യഹോവയുടെ ആത്മാവിനും സഹായിക്കാൻ സാധിക്കും. വിവേകം തരേണമേ എന്നു നിങ്ങൾ യഹോവയോടു പ്രാർഥിക്കുമ്പോൾ, ആത്മവിശ്വാസത്തോടെ പ്രാർഥിക്കുക. കാരണം യഹോവ “ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനാ”ണ്.—യാക്കോബ് 1:5; മത്തായി 7:7-11; 21:22.
വിവേചനയും ഉൾക്കാഴ്ചയും
ജാതികളിൽപ്പെട്ട ആളുകളോടു സത്യം പ്രസംഗിച്ചപ്പോൾ പൗലോസ് അപ്പോസ്തലൻ വിവേകം പ്രകടമാക്കി. ഉദാഹരണത്തിന്, ഒരിക്കൽ അവൻ അഥേനയിലായിരുന്നപ്പോൾ, അവരുടെ ആരാധനാവസ്തുക്കളെ “ശ്രദ്ധാപൂർവം നിരീക്ഷിച്ചു കടന്നുപോകുക”യായിരുന്നു. അവിടംമുഴുവൻ വിഗ്രഹങ്ങൾകൊണ്ടു നിറഞ്ഞിരിക്കുന്നതു കണ്ട് അവന്റെ മനസ്സിൽ വലിയ ക്ഷോഭമുണ്ടായി. അപ്പോൾ അവനൊരു തീരുമാനമെടുക്കണമായിരുന്നു. സുരക്ഷിതഗതി പിൻപറ്റി താൻ മിണ്ടാതിരുന്നാൽ മതിയോ? അതോ, തന്നെ അങ്ങേയറ്റം പ്രകോപിപ്പിക്കുന്ന, വ്യാപകമായ തോതിൽ നടക്കുന്ന വിഗ്രഹാരാധനയെക്കുറിച്ച്, അപകടമാണെങ്കിൽക്കൂടി, തുറന്നു സംസാരിക്കണമോ?
പൗലോസ് വിവേകത്തോടെ പ്രവർത്തിച്ചു. “അജ്ഞാതദേവന്നു” എന്ന് എഴുതിയിരിക്കുന്ന ഒരു ബലിപീഠം അവൻ കാണാനിടയായി. നയപൂർവം, വിഗ്രഹങ്ങളോടുള്ള അവരുടെ ഭക്തിയെ അംഗീകരിച്ചിട്ട് “ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവ”ത്തെക്കുറിച്ചുള്ള വിഷയം അവതരിപ്പിക്കാൻ പൗലോസ് ആ ബലിപീഠത്തെ ഒരു ഉപാധിയാക്കി. അതേ, അവർക്ക് അറിഞ്ഞുകൂടാത്ത ദൈവമായിരുന്നു യഹോവ! അങ്ങനെ വിഷയത്തിലുള്ള അവരുടെ അതീവതാത്പര്യത്തെ കണക്കിലെടുത്ത പൗലോസിന് അത്ഭുതകരമായ ഒരു സാക്ഷ്യം കൊടുക്കാൻ സാധിച്ചു. ഫലമെന്തായിരുന്നു? “അരയോപഗസ്ഥാനിയായ ദിയൊനുസ്യോസും ദമരിസ് എന്നു പേരുള്ളോരു സ്ത്രീയും മറ്റുചിലരും” ഉൾപ്പെടെ അനേകമാളുകൾ സത്യം സ്വീകരിച്ചു. (പ്രവൃത്തികൾ 17:16-34) വിവേകം കാട്ടുന്നതിൽ എന്തൊരു മാതൃകയായിരുന്നു പൗലോസ്!
വിവേകം സുഗമമായോ സ്വാഭാവികമായോ വരുന്നില്ല, സംശയമില്ല. എന്നാൽ ക്ഷമയും പ്രാർഥനയും ആത്മാർഥമായ ശ്രമവും ജ്ഞാനപൂർവകമായ സഹവാസവും ബൈബിൾപഠനവും അതേക്കുറിച്ചുള്ള ധ്യാനവും യഹോവയുടെ പരിശുദ്ധാത്മാവിലുള്ള ആശ്രയവും ഉണ്ടെങ്കിൽ, നിങ്ങൾക്കും അതു നട്ടുവളർത്താനാവും.