വിവേകം നിങ്ങളെ കാത്തുസൂക്ഷിക്കട്ടെ
“വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.”—സദൃശവാക്യങ്ങൾ 2:11.
1. വിവേകത്തിനു നമ്മെ എന്തിൽനിന്നു കാത്തുസൂക്ഷിക്കാൻ കഴിയും?
നിങ്ങൾ വിവേകം പ്രകടമാക്കണമെന്നു യഹോവ ആഗ്രഹിക്കുന്നു. എന്തുകൊണ്ട്? എന്തെന്നാൽ അതു നിങ്ങളെ പലവിധ അപകടങ്ങളിൽനിന്നു കാത്തുസൂക്ഷിക്കുമെന്ന് അവനറിയാം. സദൃശവാക്യങ്ങൾ 2:10-19 ആരംഭിക്കുന്നത് ഇങ്ങനെ പ്രസ്താവിച്ചുകൊണ്ടാണ്: “ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും. വകതിരിവു നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.” എന്തിൽനിന്നു കാത്തുസൂക്ഷിക്കും? “ദുഷ്ടന്റെ വഴി” പോലുള്ളവയിൽനിന്ന്, അതായത് നേർഗതി വിട്ടുപോകുന്നവരുടെ, പൊതുവേ വക്രഗതി പിൻപറ്റുന്നവരുടെ വഴിയിൽനിന്ന്.
2. വിവേകം എന്നാലെന്ത്, ക്രിസ്ത്യാനികൾ വിശേഷാൽ ആഗ്രഹിക്കുന്ന വിവേകം ഏത്?
2 ഒന്നിനെ മറ്റൊന്നിൽനിന്നു വേർതിരിച്ചറിയുന്നതിനുള്ള മനസ്സിന്റെ പ്രാപ്തിയാണു വിവേകം എന്നു നിങ്ങൾ ഓർക്കുന്നുണ്ടാകാം. വിവേകി ആശയങ്ങൾക്കോ സംഗതികൾക്കോ ഉള്ള വ്യത്യാസങ്ങൾ ഗ്രഹിക്കും, അയാൾക്കു നല്ല ന്യായനിർണയവും ഉണ്ടായിരിക്കും. ക്രിസ്ത്യാനികളെന്ന നിലയിൽ, ദൈവവചനത്തിലെ സൂക്ഷ്മ പരിജ്ഞാനത്തിൽ അധിഷ്ഠിതമായ ആത്മീയ വിവേകം നാം വിശേഷാൽ ആഗ്രഹിക്കുന്നു. നാം തിരുവെഴുത്തുകൾ പഠിക്കുമ്പോൾ, ആത്മീയ വിവേകത്തിന്റെ കല്ലുകൾ വെട്ടിയെടുക്കുന്നതുപോലെയാണ്. നാം പഠിക്കുന്ന സംഗതികൾ യഹോവയെ പ്രീതിപ്പെടുത്തുന്ന തീരുമാനങ്ങളെടുക്കാൻ നമ്മെ സഹായിക്കും.
3. നമുക്കെങ്ങനെയാണ് ആത്മീയ വിവേകം നേടാനാകുക?
3 ഇസ്രായേലിന്റെ രാജാവായിരുന്ന ശലോമോനോട് ദൈവം എന്ത് അനുഗ്രഹം വേണമെന്നു ചോദിച്ചപ്പോൾ, ആ യുവഭരണാധികാരി പറഞ്ഞു: “ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ.” ശലോമോൻ വിവേകം നൽകാൻ ആവശ്യപ്പെട്ടു. യഹോവ അത് അവന് അസാധാരണമായ അളവിൽത്തന്നെ നൽകി. (1 രാജാക്കന്മാർ 3:9; 4:30) വിവേകം നേടുന്നതിനു നാം പ്രാർഥിക്കണം, കൂടാതെ “വിശ്വസ്തനും വിവേകിയുമായ അടിമ”യിലൂടെ ലഭിക്കുന്ന പ്രബോധനാത്മകമായ പ്രസിദ്ധീകരണങ്ങളുടെ സഹായത്തോടെ നാം ദൈവവചനം പഠിക്കുകയും വേണം. (മത്തായി 24:45-47, NW) “ഗ്രഹണപ്രാപ്തികളിൽ പൂർണവളർച്ച”യുള്ളവരും “ശരിയും തെറ്റും വേർതിരി”ക്കാൻ അഥവാ അവ തമ്മിൽ വേർതിരിച്ചറിയാൻ പ്രാപ്തിയുള്ളവരും ആയിത്തീരുന്ന ഘട്ടത്തോളം ആത്മീയ വിവേകം വികസിപ്പിച്ചെടുക്കാൻ ഇതു നമ്മെ സഹായിക്കും.—1 കൊരിന്ത്യർ 14:20; എബ്രായർ 5:14, NW.
വിവേകത്തിനായുള്ള പ്രത്യേക ആവശ്യം
4. “ലളിത”മായ കണ്ണുണ്ടായിരിക്കുക എന്നതിന്റെ അർഥമെന്ത്, അതിനു നമുക്കെങ്ങനെ പ്രയോജനം ചെയ്യാനാകും?
4 ഉചിതമായ വിവേകത്തോടെ, നമുക്കു യേശുക്രിസ്തുവിന്റെ ഈ വാക്കുകളോടു ചേർച്ചയിൽ പ്രവർത്തിക്കാനാകും: “മുമ്പെ [ദൈവത്തിന്റെ] രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും [ഭൗതിക സംഗതികൾ] നിങ്ങൾക്കു കിട്ടും.” (മത്തായി 6:33) “ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ [“ലളിതമാണെങ്കിൽ,” NW] ശരീരം മുഴുവനും പ്രകാശിതമായിരിക്കും” എന്നും യേശു പറയുകയുണ്ടായി. (ലൂക്കൊസ് 11:34) കണ്ണ് ഒരു പ്രതീകാത്മക വിളക്കാണ്. “ലളിത”മായ കണ്ണുള്ളയാൾക്ക് ആത്മാർഥതയുണ്ടായിരിക്കും, അയാളുടെ കണ്ണ് ഏറ്റവും പ്രധാനപ്പെട്ട സംഗതികളിലായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. കണ്ണ് അത്തരത്തിലുള്ളതാണെങ്കിൽ, നമുക്കു വിവേകം പ്രകടമാക്കാനും ആത്മീയമായി ഇടറാതെ നടക്കാനും കഴിയും.
5. ബിസിനസ് ഇടപാടുകളുടെ കാര്യത്തിൽ, ക്രിസ്തീയ സഭയുടെ ഉദ്ദേശ്യം സംബന്ധിച്ചു നാം എന്തു മനസ്സിൽപ്പിടിക്കണം?
5 കണ്ണു ലളിതമായി സൂക്ഷിക്കുന്നതിനുപകരം, ബിസിനസ് ഇടപാടുകളുടെ മായാലോകത്ത് അകപ്പെട്ട് ചിലർ തങ്ങളുടെയും മറ്റുള്ളവരുടെയും ജീവിതം സങ്കീർണമാക്കിയിരിക്കുന്നു. എന്നാൽ ക്രിസ്തീയ സഭ “സത്യത്തിന്റെ തൂണും അടിസ്ഥാനവുമാ”ണെന്നു നാം ഓർക്കണം. (1 തിമൊഥെയൊസ് 3:15) ഒരു കെട്ടിടത്തിന്റെ തൂണുകൾപോലെ, സഭ ദൈവത്തിന്റെ സത്യം ഉയർത്തിപ്പിടിക്കുന്നു, അല്ലാതെ ആരുടെയെങ്കിലും ബിസിനസ് സംരംഭത്തെ അല്ല. യഹോവയുടെ സാക്ഷികളുടെ സഭകൾ സ്ഥാപിച്ചിരിക്കുന്നതു വാണിജ്യ താത്പര്യങ്ങളോ ചരക്കുകളോ സേവനങ്ങളോ ഉന്നമിപ്പിക്കാൻ വേണ്ടിയല്ല. രാജ്യഹാളിൽവെച്ചു വ്യക്തിപരമായ ബിസിനസ് കാര്യങ്ങളിൽ ഏർപ്പെടുന്നതിൽനിന്നു നാം ഒഴിഞ്ഞിരിക്കണം. യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുകളും സഭാപുസ്തകാധ്യയനം, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയ്ക്കുള്ള സ്ഥലങ്ങളും ക്രിസ്തീയ സഹവാസത്തിനും ആത്മീയ ചർച്ചയ്ക്കും വേണ്ടിയുള്ളതാണെന്നു മനസ്സിലാക്കാൻ വിവേകം നമ്മെ സഹായിക്കും. ഏതെങ്കിലും തരത്തിലുള്ള വാണിജ്യ താത്പര്യങ്ങൾ ഉന്നമിപ്പിക്കാൻ ആത്മീയ ബന്ധങ്ങളെ നാം ഉപയോഗിക്കുന്നെങ്കിൽ, അത് ചുരുങ്ങിയപക്ഷം ആത്മീയ മൂല്യങ്ങളോട് ഒരളവോളമുള്ള വിലമതിപ്പില്ലായ്മ പ്രകടമാക്കുകയില്ലേ? സാമ്പത്തിക നേട്ടത്തിനായി ഒരിക്കലും സഭാപരമായ ബന്ധങ്ങളെ മുതലെടുക്കരുത്.
6. സഭായോഗങ്ങളിൽ വാണിജ്യ ഉത്പന്നങ്ങളോ സേവനങ്ങളോ വിൽക്കുകയോ ഉന്നമിപ്പിക്കുകയോ ചെയ്യരുതാത്തത് എന്തുകൊണ്ട്?
6 ആരോഗ്യ സഹായികൾ അല്ലെങ്കിൽ സൗന്ദര്യവർധക വസ്തുക്കൾ, വാർത്താവിനിമയ സേവനങ്ങൾ, നിർമാണവസ്തുക്കൾ, യാത്രയ്ക്കുള്ള സഹായങ്ങൾ, കമ്പ്യൂട്ടർ പ്രോഗ്രാമുകളും ഉപകരണങ്ങളും തുടങ്ങിയ പലതും വിൽക്കാൻ ചിലർ ദിവ്യാധിപത്യ ബന്ധങ്ങളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, വാണിജ്യ ഉത്പന്നങ്ങളോ സേവനങ്ങളോ വിൽക്കുന്നതിനോ ഉന്നമിപ്പിക്കുന്നതിനോ ഉള്ളതല്ല സഭായോഗങ്ങൾ. യേശു “ആടുമാടുകളോടും കൂടെ എല്ലാവരെയും ദൈവാലയത്തിൽനിന്നു പുറത്താക്കു”കയും “പൊൻവാണിഭക്കാരുടെ നാണ്യം തൂകിക്കളഞ്ഞു മേശകളെ മറിച്ചി”ടുകയും ചെയ്തുവെന്നു നാം ഓർക്കുന്നെങ്കിൽ അന്തർലീനമായിരിക്കുന്ന തത്ത്വം നമുക്കു വിവേചിക്കാനാകും. അവൻ “പ്രാവുകളെ വില്ക്കുന്നവരോടു” പറഞ്ഞു: “ഇതു ഇവിടെ നിന്നു കൊണ്ടുപോകുവിൻ; എന്റെ പിതാവിന്റെ ആലയത്തെ വാണിഭശാല ആക്കരുതു.”—യോഹന്നാൻ 2:15, 16.
പണം നിക്ഷേപിക്കുന്നതോ?
7. നിക്ഷേപങ്ങളുടെ കാര്യത്തിൽ വിവേകവും ജാഗ്രതയും ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
7 ബിസിനസ് സംരംഭങ്ങൾക്കായി പണം നിക്ഷേപിക്കുന്ന കാര്യം പരിഗണിക്കുമ്പോൾ വിവേകവും ജാഗ്രതയും ആവശ്യമാണ്. പണം കടമെടുക്കാൻ ആഗ്രഹിക്കുന്ന ഒരാൾ ഇങ്ങനെയൊരു വാഗ്ദാനം ചെയ്യുന്നുവെന്നു സങ്കൽപ്പിക്കുക: “നിങ്ങൾ പണം കൊയ്യുമെന്നു ഞാൻ ഉറപ്പുതരാം.” “നിങ്ങൾ കോളടിച്ചതുതന്നെ. സംഗതി ഉറപ്പാ.” ആരെങ്കിലും അത്തരം ഉറപ്പുതരുമ്പോൾ ജാഗ്രത പുലർത്തുക. ഒന്നുകിൽ അയാൾക്കു യാഥാർഥ്യബോധമില്ല, അല്ലെങ്കിൽ അയാൾ സത്യസന്ധനല്ല. കാരണം നിക്ഷേപത്തിന്റെ കാര്യത്തിൽ സാധാരണഗതിയിൽ ഉറപ്പൊന്നുമില്ല. വാസ്തവത്തിൽ, വശീകരണതന്ത്രം ഉപയോഗിച്ചുള്ള സംസാരത്തിലൂടെ, തത്ത്വദീക്ഷയില്ലാത്ത ചിലർ സഭാംഗങ്ങളെ വഞ്ചിച്ചിട്ടുണ്ട്. ഇത് ഒന്നാം നൂറ്റാണ്ടിലെ സഭയിലേക്കു നുഴഞ്ഞുകയറി “നമ്മുടെ ദൈവത്തിന്റെ കൃപയെ ദഷ്കാമവൃത്തിക്കു ഹേതുവാക്കി”യ ‘അഭക്തരായ മനുഷ്യരു’ടെ കാര്യം നമ്മെ ഓർമിപ്പിക്കുന്നു. നീന്തുന്നവരെ കീറിമുറിച്ചു കൊല്ലുന്ന മറഞ്ഞുകിടക്കുന്ന കൂർത്ത പാറകൾപോലെയാണ് അവർ. (യൂദാ 4, 12) വഞ്ചകരുടെ ആന്തരങ്ങൾ വ്യത്യസ്തമാണെന്നതു ശരിതന്നെ, എന്നാൽ അവരും കരുവാക്കുന്നതു സഭാംഗങ്ങളെയാണല്ലോ.
8. ലാഭകരമായി തോന്നിയ ചില ബിസിനസ് സംരംഭങ്ങളുടെ കാര്യത്തിൽ എന്തു സംഭവിച്ചു?
8 പ്രത്യക്ഷത്തിൽ ലാഭകരമെന്നു തോന്നുന്ന സംരംഭങ്ങളെക്കുറിച്ചു സദുദ്ദേശ്യമുള്ള ക്രിസ്ത്യാനികൾ പോലും വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. പക്ഷേ അവർക്കും അവരുടെ മാതൃക പിൻപറ്റിയവർക്കും നിക്ഷേപിച്ച പണമെല്ലാം പോയി എന്നതായിരുന്നു ഫലം. തത്ഫലമായി പല ക്രിസ്ത്യാനികൾക്കും സഭയിലുള്ള പദവികൾ നഷ്ടമായി. എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള പദ്ധതികൾ തട്ടിപ്പാണെന്നു തെളിയുന്നു, ലാഭം ഒരാൾക്കു മാത്രം. തട്ടിപ്പുകാരന്. ആൾ ഉടൻ മുങ്ങുകയും ചെയ്യും. അത്തരം സ്ഥിതിവിശേഷങ്ങൾ ഒഴിവാക്കാൻ വിവേകത്തിന് ഒരു വ്യക്തിയെ എങ്ങനെ സഹായിക്കാൻ കഴിയും?
9. നിക്ഷേപങ്ങളെക്കുറിച്ചുള്ള അവകാശവാദങ്ങൾ വിലയിരുത്താൻ വിവേകം ആവശ്യമായിരിക്കുന്നതെന്തുകൊണ്ട്?
9 ഗുപ്തമായതു ഗ്രഹിക്കാനുള്ള പ്രാപ്തി എന്ന ആശയം വിവേകത്തിനുണ്ട്. നിക്ഷേപങ്ങൾ സംബന്ധിച്ചുള്ള അവകാശവാദങ്ങൾ വിലയിരുത്തുന്നതിന് ഈ പ്രാപ്തി ആവശ്യമാണ്. ക്രിസ്ത്യാനികൾ പരസ്പരം വിശ്വസിക്കുന്നു. സഹവിശ്വാസികളുടെ വിഭവങ്ങളെ അപകടപ്പെടുത്തുന്ന സാഹസംനിറഞ്ഞ ഒരു സംരംഭത്തിൽ ആത്മീയ സഹോദരീസഹോദരന്മാർ ഏർപ്പെടുകയില്ലെന്നാകും ചിലർ ന്യായമായും ചിന്തിക്കുക. എന്നാൽ ഒരു ബിസിനസുകാരൻ ക്രിസ്ത്യാനിയാണെന്നുള്ള വസ്തുത അയാൾക്കു ബിസിനസ് തന്ത്രങ്ങൾ അറിയാമെന്നതിന്, അല്ലെങ്കിൽ അയാൾ ബിസിനസിൽ വിജയിക്കുമെന്നതിനു യാതൊരു ഉറപ്പും തരുന്നില്ല.
10. ചില ക്രിസ്ത്യാനികൾ സഹവിശ്വാസികളിൽനിന്നു ബിസിനസ് വായ്പ തേടുന്നത് എന്തുകൊണ്ട്, അത്തരം നിക്ഷേപങ്ങൾക്ക് എന്തു സംഭവിക്കാം?
10 പ്രസിദ്ധമായ വായ്പാ സ്ഥാപനങ്ങൾ അപകടംപിടിച്ച ബിസിനസ് സംരംഭങ്ങൾക്ക് ഒരിക്കലും മുൻകൂറായി പണം നൽകാത്തതിനാൽ ചില ക്രിസ്ത്യാനികൾ സഹക്രിസ്ത്യാനികളിൽനിന്നു ബിസിനസ് വായ്പകൾ തേടുന്നു. കേവലം പണം നിക്ഷേപിച്ചാൽ മാത്രംമതിയെന്നും കാര്യമായ ജോലിയൊന്നും ചെയ്യാതെയോ ഒരുപക്ഷേ അൽപ്പംപോലും ജോലി ചെയ്യാതെയോ പെട്ടെന്നു പണമുണ്ടാക്കാമെന്നും കേട്ട് ഇറങ്ങിത്തിരിച്ചു വെട്ടിലായ അനേകരുണ്ട്. ചില നിക്ഷേപങ്ങളുടെ മാസ്മരതയിൽ മയങ്ങിവീണ് തങ്ങളുടെ ജീവിതസമ്പാദ്യമൊക്കെയും നശിപ്പിച്ചവരുമുണ്ട്! രണ്ട് ആഴ്ചകൊണ്ട് 25 ശതമാനം ലാഭം കിട്ടുമെന്ന പ്രതീക്ഷയിൽ ഒരു ക്രിസ്ത്യാനി ഭീമമായ ഒരു തുക നിക്ഷേപിച്ചു. പക്ഷേ മുഴുവൻ തുകയും പോയി, കാരണം കമ്പനി പാപ്പരത്തം പ്രഖ്യാപിച്ചു. ഇനി മറ്റൊരു ബിസിനസ് സംരംഭത്തിന്റെ കാര്യം. വസ്തു ഇടപാടുകാരനായ ഒരു വ്യക്തി സഭയിലെ മറ്റുള്ളവരിൽനിന്നു വൻതുകകൾ വായ്പ വാങ്ങി. തകർപ്പൻ ലാഭവിഹിതമായിരുന്നു അയാൾ വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ ആൾ പാപ്പരായി. കടംവാങ്ങിയ പണമത്രയും വെള്ളത്തിലായി.
ബിസിനസ് സംരംഭങ്ങൾ പൊളിയുമ്പോൾ
11. അത്യാഗ്രഹത്തെയും പണസ്നേഹത്തെയും കുറിച്ച് പൗലൊസ് എന്തു ബുദ്ധ്യുപദേശം നൽകി?
11 ബിസിനസ് തകർച്ചകൾ നിരാശ കൈവരുത്തിയിട്ടുണ്ട്, ഭദ്രമല്ലാത്ത സംരംഭങ്ങളിലേർപ്പെട്ട് ചില ക്രിസ്ത്യാനികൾക്ക് ആത്മീയതയും നഷ്ടമായിട്ടുണ്ട്. ഒരു സംരക്ഷണമായി വർത്തിക്കാൻ വിവേകത്തെ അനുവദിക്കാതിരുന്നതിനാൽ ഹൃദയവേദനയും നീരസവും ഉണ്ടായിട്ടുണ്ട്. അത്യാഗ്രഹം അനേകരെ കുടുക്കിലാക്കിയിരിക്കുന്നു. ‘അത്യാഗ്രഹം നിങ്ങളുടെ ഇടയിൽ പേർ പറയുകപോലും അരുത്,’ പൗലൊസ് എഴുതി. (എഫെസ്യർ 5:3) കൂടാതെ അവൻ ഇങ്ങനെ അനുശാസിക്കുകയും ചെയ്തു: ‘ധനികന്മാരാകുവാൻ ആഗ്രഹിക്കുന്നവർ പരീക്ഷയിലും കെണിയിലും കുടുങ്ങുകയും മനുഷ്യർ സംഹാരനാശങ്ങളിൽ മുങ്ങിപ്പോകുവാൻ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങൾക്കും ഇരയായിത്തീരുകയും ചെയ്യുന്നു. ദ്രവ്യാഗ്രഹം [“പണസ്നേഹം,” NW] സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.’—1 തിമൊഥെയൊസ് 6:9, 10.
12. ക്രിസ്ത്യാനികൾ ഒരുമിച്ചു ബിസിനസ് നടത്തുന്നെങ്കിൽ, അവർ വിശേഷാൽ എന്ത് ഓർക്കണം?
12 ഒരു ക്രിസ്ത്യാനി പണസ്നേഹം വളർത്തിയെടുത്തിട്ടുണ്ടെങ്കിൽ, അയാൾ തനിക്കുതന്നെ കാര്യമായ ആത്മീയ ദോഷം വരുത്തിവെക്കും. പരീശന്മാർ പണസ്നേഹികളായിരുന്നു, ഈ അന്ത്യനാളുകളിൽ ഇത് അനേകരുടെയും സവിശേഷതയാണ്. (ലൂക്കൊസ് 16:14; 2 തിമൊഥെയൊസ് 3:1, 2) ഇതിനു നേർവിപരീതമായി, ഒരു ക്രിസ്ത്യാനിയുടെ ജീവിതരീതി “പണസ്നേഹവിമുക്ത”മായിരിക്കണം. (എബ്രായർ 13:5, NW) തീർച്ചയായും, ക്രിസ്ത്യാനികൾക്കു പരസ്പരം ബിസിനസ് നടത്തുകയോ ഒരുമിച്ചു ബിസിനസ് തുടങ്ങുകയോ ചെയ്യാവുന്നതാണ്. എന്നിരുന്നാലും, അവർ അത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ, ചർച്ചകളും സന്ധിയേർപ്പാടുകളുമെല്ലാം സഭാപരമായ കാര്യങ്ങളിൽനിന്നു മാറ്റിനിർത്തണം. എന്നാൽ ഓർക്കുക: ആത്മീയ സഹോദരങ്ങൾക്കിടയിൽപ്പോലും, ബിസിനസ് ഉടമ്പടികൾ എല്ലായ്പോഴും എഴുതിവെക്കുക. 1983 ഫെബ്രുവരി 8 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്) 13-15 പേജുകളിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന “അത് എഴുതിവെക്കുക!” എന്ന ലേഖനം ഇക്കാര്യത്തിൽ സഹായകമാണ്.
13. സദൃശവാക്യങ്ങൾ 22:7 നിങ്ങൾ എങ്ങനെ ബിസിനസ് സംരംഭങ്ങൾക്കു ബാധകമാക്കും?
13 “കടം മേടിക്കുന്നവൻ കടം കൊടുക്കുന്നവന്നു ദാസൻ” എന്നു സദൃശവാക്യങ്ങൾ 22:7 പറയുന്നു. നമ്മെത്തന്നെയോ നമ്മുടെ സഹോദരനെയോ ഒരു അടിമയുടെ സ്ഥാനത്ത് ആക്കുന്നത് മിക്കപ്പോഴും ജ്ഞാനരഹിതമാണ്. ഒരു ബിസിനസ് സംരംഭത്തിനായി ആരെങ്കിലും നമ്മോടു പണം കടം ചോദിക്കുമ്പോൾ, പണം തിരിച്ചുതരുന്നതിനുള്ള അയാളുടെ പ്രാപ്തിയെക്കുറിച്ചു ചിന്തിക്കുന്നതു നന്നായിരിക്കും. അയാൾ വിശ്വാസയോഗ്യനും ആശ്രയയോഗ്യനുമായി അറിയപ്പെടുന്നുണ്ടോ? തീർച്ചയായും, അനേകം ബിസിനസ് സംരംഭങ്ങൾ പൊളിയുന്നതുകൊണ്ട് അതിനായി വായ്പ നൽകുമ്പോൾ അതു കൈവിട്ട കളിയാണെന്നു നാം തിരിച്ചറിയണം. ഒരു ഉടമ്പടി അതിൽത്തന്നെ ഒരു വിജയപ്രദമായ ബിസിനസ് സംരംഭം ഉറപ്പു നൽകുന്നില്ല. ഒരുവനു നഷ്ടം സഹിക്കാൻ കഴിയുന്നതിലധികം പണം ഒരു ബിസിനസ് സംരംഭത്തിലിടുന്നതു തീർച്ചയായും വിവേകമായിരിക്കുകയില്ല.
14. നാം പണം കടംകൊടുത്ത സഹക്രിസ്ത്യാനിയുടെ ബിസിനസ് പൊളിഞ്ഞെങ്കിൽ നാം വിവേകം പ്രകടമാക്കേണ്ടത് എന്തുകൊണ്ട്?
14 നാം ഒരു ക്രിസ്ത്യാനിക്കു ബിസിനസ് ഉദ്ദേശ്യങ്ങൾക്കായി കടം കൊടുത്ത പണം നഷ്ടമായെങ്കിൽ, സത്യവിരുദ്ധമായ നടപടികളൊന്നും ഉൾപ്പെട്ടിട്ടില്ലെങ്കിലും നാം വിവേകം പ്രകടമാക്കേണ്ടതുണ്ട്. പണം കടം വാങ്ങിയ സഹവിശ്വാസിയുടെ കുഴപ്പംകൊണ്ടല്ല ബിസിനസ് പൊളിഞ്ഞതെങ്കിൽ, അയാൾ നമ്മോടു തെറ്റു ചെയ്തെന്നു പറയാമോ? ഇല്ല. കാരണം നാം സ്വമേധയായാണ് വായ്പ കൊടുത്തത്, ഒരുപക്ഷേ നമുക്കതിന്റെ പലിശയും ലഭിക്കുന്നുണ്ടായിരുന്നിരിക്കാം. കൂടാതെ സത്യവിരുദ്ധമായി ഒന്നും നടന്നിട്ടുമില്ല. സത്യവിരുദ്ധമായ ഒന്നുമില്ലാത്തതിനാൽ, കടംവാങ്ങിയ വ്യക്തിക്കെതിരെ നിയമപരമായ നടപടി എടുക്കുന്നതിനു നമുക്കു യാതൊരു അടിസ്ഥാനവുമില്ല. സദുദ്ദേശ്യത്തോടെ തുടങ്ങിയ ഒരു ബിസിനസ് സംരംഭം പൊളിഞ്ഞതുനിമിത്തം പാപ്പരത്തത്തിനായി അപേക്ഷിക്കേണ്ടിവന്ന സത്യസന്ധനായ ഒരു സഹക്രിസ്ത്യാനിക്കെതിരെ കേസ് കൊടുത്തതുകൊണ്ട് എന്തു പ്രയോജനം?—1 കൊരിന്ത്യർ 6:1.
15. പാപ്പരത്തം പ്രഖ്യാപിക്കപ്പെടുന്നപക്ഷം ഏതു ഘടകങ്ങൾ കണക്കിലെടുക്കണം?
15 ബിസിനസിൽ പരാജയം നേരിടുന്നവർ ചിലപ്പോൾ പാപ്പരത്തം പ്രഖ്യാപിച്ച് ആശ്വാസം തേടിയേക്കാം. ക്രിസ്ത്യാനികൾ തങ്ങളുടെ ബാധ്യത അവഗണിക്കാത്തവരാകയാൽ ചില കടങ്ങളിൽനിന്നു നിയമപരമായി മുക്തരായിത്തീർന്നിട്ടും, കടംകൊടുത്ത പണം തിരിച്ചുകിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിച്ച വ്യക്തികൾക്ക് അതു കൊടുത്തുതീർക്കാനുള്ള ഒരു ധാർമിക ബാധ്യത ചിലർക്കു തോന്നിയിട്ടുണ്ട്. എന്നാൽ സഹോദരനിൽനിന്നു കടംവാങ്ങി ബിസിനസ് പൊളിഞ്ഞിട്ടും ആഡംബരത്തിൽത്തന്നെ ജീവിക്കുന്നയാളുടെ കാര്യമോ? അല്ലെങ്കിൽ, കടംവാങ്ങിയ വ്യക്തി അതു തിരിച്ചുകൊടുക്കാനുള്ള പണം സ്വരൂപിച്ചിട്ടും തന്റെ സഹോദരനോടുള്ള സാമ്പത്തികമായ ധാർമിക കടപ്പാട് അവഗണിക്കുന്നെങ്കിലോ? അത്തരം സാഹചര്യങ്ങളിൽ, സഭയിൽ ഉത്തരവാദിത്വ സ്ഥാനത്തു സേവിക്കാനുള്ള അദ്ദേഹത്തിന്റെ യോഗ്യതകൾ സംബന്ധിച്ചു സംശയങ്ങൾ ഉണ്ടായിരിക്കും.—1 തിമൊഥെയൊസ് 3:3, 8; 1994 സെപ്റ്റംബർ 15 ലക്കം വീക്ഷാഗോപുരം, 30-1 പേജുകൾ കാണുക.
തട്ടിപ്പു നടന്നിട്ടുണ്ടെങ്കിലോ?
16. നാം ബിസിനസ് തട്ടിപ്പിന് ഇരയായി എന്നു തോന്നുമ്പോൾ, ഏതു നടപടിക്രമങ്ങൾ പിൻപറ്റാവുന്നതാണ്?
16 എല്ലാ നിക്ഷേപങ്ങളിൽനിന്നും ലാഭമുണ്ടാകില്ലെന്നു തിരിച്ചറിയാൻ വിവേകം നമ്മെ സഹായിക്കുന്നു. എന്നാൽ തട്ടിപ്പു നടന്നിട്ടുണ്ടെങ്കിലോ? “ബോധപൂർവം ചതിയോ ഉപായമോ സത്യത്തിന്റെ വളച്ചൊടിക്കലോ നടത്തി വിലപ്പെട്ട എന്തെങ്കിലും ത്യജിക്കാനോ നിയമപരമായ ഒരവകാശം ഉപേക്ഷിക്കാനോ ഒരു വ്യക്തിയെ പ്രേരിപ്പിക്കുന്നതിനെ”യാണ് തട്ടിപ്പ് എന്നു പറയുന്നത്. ഒരു സഹാരാധകൻ തന്നെ വഞ്ചിച്ചു എന്നു ചിന്തിക്കുന്ന ഒരു വ്യക്തി പിൻപറ്റേണ്ട നടപടിക്രമം യേശു വിവരിച്ചിട്ടുണ്ട്. മത്തായി 18:15-17 റിപ്പോർട്ടുചെയ്യുന്ന പ്രകാരം, യേശു പറഞ്ഞു: “നിന്റെ സഹോദരൻ നിന്നോടു പിഴെച്ചാൽ നീ ചെന്നു നീയും അവനും മാത്രം ഉള്ളപ്പോൾ കുററം അവന്നു ബോധം വരുത്തുക; അവൻ നിന്റെ വാക്കു കേട്ടാൽ നീ സഹോദരനെ നേടി. കേൾക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാൽ സകലകാര്യവും ഉറപ്പാകേണ്ടതിന്നു ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക. അവരെ കൂട്ടാക്കാഞ്ഞാൽ സഭയോടു അറിയിക്ക; സഭയെയും കൂട്ടാക്കാഞ്ഞാൽ അവൻ നിനക്കു പുറജാതിക്കാരനും ചുങ്കക്കാരനും എന്നപോലെ ഇരിക്കട്ടെ.” തുടർന്ന് യേശു നൽകിയ ഉപമ സൂചിപ്പിക്കുന്നത് തട്ടിപ്പ് ഉൾപ്പെടെയുള്ള സാമ്പത്തിക കാര്യങ്ങൾ ഉൾപ്പെടുന്നതരം പാപങ്ങളെയാണ് അവൻ ഉദ്ദേശിച്ചത് എന്നാണ്.—മത്തായി 18:23-35.
17, 18. ക്രിസ്ത്യാനി എന്ന് അവകാശപ്പെടുന്നയാൾ നമ്മെ വഞ്ചിക്കുന്നപക്ഷം വിവേകത്തിനു നമ്മെ എങ്ങനെ കാത്തുസൂക്ഷിക്കാനാകും?
17 തീർച്ചയായും, തട്ടിപ്പു നടന്നതിനു തെളിവോ സൂചനയോപോലും ഇല്ലെങ്കിൽ മത്തായി 18:15-17-ൽ വിവരിച്ചിരിക്കുന്ന നടപടിക്രമം പിൻപറ്റുന്നതിനു തിരുവെഴുത്തുപരമായ അടിസ്ഥാനമില്ല. എന്നാൽ, ക്രിസ്ത്യാനി എന്ന് അവകാശപ്പെടുന്ന ഒരുവൻ യഥാർഥത്തിൽ നമ്മെ വഞ്ചിച്ചെങ്കിലോ? സഭയുടെ സത്പേരിനു കളങ്കമേൽക്കുന്ന നടപടിക്രമം പിൻപറ്റുന്നതിൽനിന്നു വിവേകം നമ്മെ തടയും. ഒരു സഹോദരനെ കോടതി കയറ്റുന്നതിനുപകരം അന്യായവും തട്ടിപ്പും സഹിക്കാനാണു പൗലൊസ് സഹക്രിസ്ത്യാനികളെ ഉപദേശിച്ചത്.—1 കൊരിന്ത്യർ 6:7.
18 നമ്മുടെ യഥാർഥ സഹോദരീസഹോദരന്മാർ ബർയേശു എന്ന മാന്ത്രികനെപ്പോലെ ‘തട്ടിപ്പും വഞ്ചനയും നിറഞ്ഞവര’ല്ല. (പ്രവൃത്തികൾ 13:6-12, NW) അതുകൊണ്ട് സഹവിശ്വാസികൾ ഉൾപ്പെട്ട ബിസിനസ് സംരംഭങ്ങളിൽ പണനഷ്ടം സംഭവിക്കുന്നെങ്കിൽ നമുക്കു വിവേകം ഉപയോഗിക്കാം. നാം നിയമനടപടിക്കു തുനിയുന്നുണ്ടെങ്കിൽ, വ്യക്തിപരമായി നമ്മുടെയും മറ്റേ വ്യക്തിയുടെയും അല്ലെങ്കിൽ വ്യക്തികളുടെയും സഭയുടെയും സഭയ്ക്കു പുറത്തുള്ളവരുടെയും മേൽ അതുളവാക്കിയേക്കാവുന്ന ഫലങ്ങളെക്കുറിച്ചു നാം ചിന്തിക്കണം. നഷ്ടപരിഹാരത്തിനായി കേസ് നടത്തിയാൽ അതിന് ഏറെ സമയവും ഊർജവും മറ്റു വിഭവങ്ങളും ചെലവിടേണ്ടിവരും. ഫലമോ അഭിഭാഷകരെയും മറ്റ് ഏജൻറുമാരെയും സമ്പന്നരാക്കാമെന്നുമാത്രം. സങ്കടകരമെന്നു പറയട്ടെ, ഇത്തരം സംഗതികളിൽ മുഴുകി ചില ക്രിസ്ത്യാനികൾ ദിവ്യാധിപത്യ പദവികൾ കളഞ്ഞുകുളിച്ചിട്ടുണ്ട്. നാമിങ്ങനെ വഴിവിട്ടു സഞ്ചരിക്കുമ്പോൾ സന്തോഷിക്കുന്നതു സാത്താനാണ്, എന്നാൽ നാമാഗ്രഹിക്കുന്നതോ യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കാനും. (സദൃശവാക്യങ്ങൾ 27:11) നേരേമറിച്ച്, നഷ്ടം സഹിക്കുന്നെങ്കിൽ നമുക്കു ഹൃദയവേദന ഒഴിവാക്കാം, ഒപ്പം നമ്മുടെയും മൂപ്പന്മാരുടെയും കുറെ സമയവും ലാഭിക്കാം. അതു സഭയുടെ സമാധാനം കാത്തുസൂക്ഷിക്കാൻ സഹായിക്കുകയും ഒന്നാമതു രാജ്യം അന്വേഷിക്കുന്നതിൽ തുടരാൻ നമ്മെ പ്രാപ്തരാക്കുകയും ചെയ്യും.
വിവേകവും തീരുമാനമെടുക്കലും
19. സമ്മർദപൂരിതമായ തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ ആത്മീയ വിവേകവും പ്രാർഥനയും നമുക്ക് എന്തു കൈവരുത്തും?
19 സാമ്പത്തികമോ ബിസിനസുപരമോ ആയ കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതു വളരെ സമ്മർദപൂരിതമായിരിക്കാം. എന്നാൽ കാര്യങ്ങൾ ശ്രദ്ധാപൂർവം പരിശോധിച്ച് ജ്ഞാനപൂർവകമായ തീരുമാനങ്ങൾ എടുക്കുന്നതിനു വിവേകം നമ്മെ സഹായിക്കും. കൂടാതെ, യഹോവയിൽ പ്രാർഥനാനിർഭരമായി ആശ്രയിക്കുന്നെങ്കിൽ അതു നമുക്ക് “ദൈവസമാധാനം” കൈവരുത്തും. (ഫിലിപ്പിയർ 4:6, 7) യഹോവയുമായുള്ള വ്യക്തിപരമായ ഒരടുത്ത ബന്ധത്തിൽനിന്ന് ഉളവാകുന്ന ശാന്തിയും പ്രശാന്തതയുമാണത്. തീർച്ചയായും, ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ കൈക്കൊള്ളേണ്ടിവരുമ്പോൾ നമ്മുടെ സമനില കാത്തുകൊള്ളാൻ അത്തരം സമാധാനം നമ്മെ സഹായിക്കും.
20. ബിസിനസ് കാര്യങ്ങളും സഭയും സംബന്ധിച്ചിടത്തോളം നാം എന്തുചെയ്യാൻ ദൃഢനിശ്ചയം ചെയ്യണം?
20 ബിസിനസ് തർക്കങ്ങൾ നമ്മുടെയോ സഭയുടെയോ സമാധാനം തകർക്കാതിരിക്കാൻ നമുക്കു ദൃഢനിശ്ചയം ചെയ്യാം. നമ്മെ ആത്മീയമായി സഹായിക്കാനാണു ക്രിസ്തീയ സഭ പ്രവർത്തിക്കുന്നത്, അല്ലാതെ നമ്മുടെ വാണിജ്യ താത്പര്യങ്ങൾക്കുള്ള ഒരു കേന്ദ്രമായി ഉതകാനല്ല എന്നു നാം ഓർത്തിരിക്കേണ്ടതുണ്ട്. ബിസിനസ് കാര്യങ്ങൾ എല്ലായ്പോഴും സഭാപ്രവർത്തനങ്ങളിൽനിന്ന് ഒഴിച്ചുനിർത്തണം. ബിസിനസ് സംരംഭങ്ങൾ തുടങ്ങുമ്പോൾ നാം വിവേകവും ജാഗ്രതയും പ്രകടമാക്കണം. രാജ്യതാത്പര്യങ്ങൾ ഒന്നാം സ്ഥാനത്തു വെച്ചുകൊണ്ട് അത്തരം സംഗതികളെക്കുറിച്ച് സമനിലയുള്ള ഒരു കാഴ്ചപ്പാടു നമുക്ക് എല്ലായ്പോഴും നിലനിർത്താം. സഹാരാധകർ ഉൾപ്പെട്ട ഒരു ബിസിനസ് സംരംഭം പൊളിഞ്ഞാൽ, ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും ഏറ്റവും നന്മയായതു നമുക്ക് അന്വേഷിക്കാം.
21. നമുക്കെങ്ങനെ വിവേകം ഉപയോഗിക്കാനും ഫിലിപ്പിയർ 1:9-11-നു ചേർച്ചയിൽ പ്രവർത്തിക്കാനും കഴിയും?
21 സാമ്പത്തിക കാര്യങ്ങളിലും പ്രാധാന്യം കുറഞ്ഞ മറ്റു കാര്യങ്ങളിലും അമിത താത്പര്യം കാണിക്കുന്നതിനുപകരം, നമുക്ക് എല്ലാവർക്കും നമ്മുടെ ഹൃദയം വിവേകത്തിനു ചായിക്കുകയും ദൈവത്തിന്റെ മാർഗനിർദേശത്തിനായി പ്രാർഥിക്കുകയും രാജ്യതാത്പര്യങ്ങൾ ഒന്നാമതു വെക്കുകയും ചെയ്യാം. പൗലൊസിന്റെ പ്രാർഥനയോടുള്ള ചേർച്ചയിൽ, ‘നമ്മുടെ സ്നേഹം മേൽക്കുമേൽ സൂക്ഷ്മ പരിജ്ഞാനത്തിലും തികവുള്ള വിവേകത്തിലും വർദ്ധിച്ചു വന്നിട്ടു നമുക്കു കൂടുതൽ പ്രാധാന്യമുള്ള സംഗതികൾ ഉറപ്പാക്കുന്നവരും മറ്റുള്ളവർക്കോ’ നമുക്കോ ‘ഇടർച്ചവരുത്താത്തവരും ആയിത്തീരാം.’ ഇപ്പോൾ ക്രിസ്തു തന്റെ സ്വർഗീയ സിംഹാസനത്തിൽ രാജാവാണ്. നമ്മുടെ ജീവിതത്തിന്റെ എല്ലാ വശത്തും നമുക്ക് ആത്മീയ വിവേകം പ്രകടമാക്കാം. കൂടാതെ, നമ്മുടെ പരമാധീശ കർത്താവായ യഹോവയാം ‘ദൈവത്തിന്റെ മഹത്ത്വത്തിനും സ്തുതിക്കുംവേണ്ടി, നമുക്കു യേശുക്രിസ്തുവിലൂടെയുള്ള നീതിനിഷ്ഠമായ ഫലങ്ങൾകൊണ്ടു നിറയുകയും ചെയ്യാം.’—ഫിലിപ്പിയർ 1:9-11, NW.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
□ വിവേകം എന്നാലെന്ത്?
□ ക്രിസ്ത്യാനികൾക്കിടയിൽ ബസിനസ് ഇടപാടുകളുടെ കാര്യത്തിൽ വിശേഷാൽ വിവേകം പ്രകടമാക്കേണ്ടയാവശ്യമുള്ളത് എന്തുകൊണ്ട്?
□ ഒരു സഹവിശ്വാസി നമ്മെ വഞ്ചിച്ചുവെന്നു തോന്നുന്നപക്ഷം വിവേകത്തിനു നമ്മെ സഹായിക്കാനാകുന്നതെങ്ങനെ?
□ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ വിവേകത്തിന് എന്തു പങ്കുണ്ടായിരിക്കണം?
[18-ാം പേജിലെ ചിത്രം]
ഒന്നാമതു രാജ്യം അന്വേഷിച്ചുകൊണ്ടിരിക്കണമെന്ന യേശുവിന്റെ ബുദ്ധ്യുപദേശം ബാധകമാക്കാൻ വിവേകം നമ്മെ സഹായിക്കും
[20-ാം പേജിലെ ചിത്രം]
ബിസിനസ് ഉടമ്പടികൾ എല്ലായ്പോഴും എഴുതിവെക്കുക