ദൈവരാജ്യം—നിങ്ങൾ അതിന്റെ അർഥം ഗ്രഹിക്കുന്നുവോ?
“നല്ല നിലത്തു വിതെക്കപ്പെട്ടതോ ഒരുത്തൻ വചനം കേട്ടു ഗ്രഹിക്കുന്നതു ആകുന്നു.”—മത്തായി 13:23.
1. ‘സ്വർഗരാജ്യ’ത്തെപ്പറ്റിയുള്ള ചില പൊതു വിശ്വാസങ്ങൾ ഏവ?
ദൈവരാജ്യം എന്താണ് എന്നതിന്റെ അർഥം നിങ്ങൾ ‘ഗ്രഹി’ച്ചിട്ടുണ്ടോ? ‘സ്വർഗരാജ്യ’ത്തെക്കുറിച്ചുള്ള ആശയഗതികൾ നൂറ്റാണ്ടുകളിലുടനീളം വളരെ വിഭിന്നങ്ങളായിരുന്നിട്ടുണ്ട്. രാജ്യം എന്നത് ദൈവം മതപരിവർത്തനത്തിങ്കൽ ഒരു വ്യക്തിയുടെ ഹൃദയത്തിൽ വെക്കുന്ന എന്തോ ആണെന്നാണ് ഇന്നു ചില സഭാംഗങ്ങളുടെ ഇടയിലെ ഒരു പൊതു വിശ്വാസം. നല്ലവർ മരണാനന്തരം നിത്യ സൗഭാഗ്യം ആസ്വദിക്കുന്നതിനായി പോകുന്ന ഒരു സ്ഥലമാണതെന്നു മറ്റു ചിലർക്കു തോന്നുന്നു. ക്രിസ്തീയ ഉപദേശങ്ങളും ആചാരങ്ങളും സാമൂഹികവും ഭരണപരവുമായ കാര്യങ്ങളിൽ ഉൾനടാനുള്ള ശ്രമത്താൽ രാജ്യം സ്ഥാപിക്കുക എന്ന കാര്യം ദൈവം മനുഷ്യർക്കു വിട്ടുകൊടുത്തിരിക്കുന്നു എന്ന് ഇനിയും വേറെ ചിലർ അവകാശപ്പെടുന്നു.
2. ദൈവത്തിന്റെ രാജ്യത്തെക്കുറിച്ചു ബൈബിൾ വിശദീകരിക്കുന്നത് എങ്ങനെ, അത് എന്തു നിറവേറ്റും?
2 എന്നിരുന്നാലും, ബൈബിൾ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നത് ദൈവത്തിന്റെ രാജ്യം ഭൂമിയിലെ ഒരു സ്ഥാപനമല്ല എന്നാണ്. അതു ഹൃദയത്തിലെ ഒരു അവസ്ഥയോ മനുഷ്യ സമൂഹത്തിന്റെ ക്രിസ്തീയവത്കരണമോ അല്ല. ഈ രാജ്യം എന്താണ് എന്നതു സംബന്ധിച്ച ശരിയായ ഗ്രാഹ്യം അതിൽ വിശ്വാസം പ്രകടമാക്കുന്നവരുടെ ജീവിതത്തിൽ ഗണ്യമായ മാറ്റങ്ങൾ വരുത്തുന്നതിലേക്കു നയിക്കുന്നു എന്നതു സത്യംതന്നെ. എന്നാൽ രാജ്യം പാപത്തിന്റെയും മരണത്തിന്റെയും ഫലങ്ങൾ നീക്കംചെയ്തുകൊണ്ടും ഭൂമിയിൽ നീതിയുള്ള അവസ്ഥകൾ പുനഃസ്ഥാപിച്ചുകൊണ്ടും ദൈവഹിതം നടപ്പാക്കാൻ ദിവ്യമായി ഏർപ്പെടുത്തപ്പെട്ട ഒരു സ്വർഗീയ ഗവൺമെൻറാണ്. ഈ രാജ്യം ഇപ്പോൾതന്നെ സ്വർഗത്തിൽ അധികാരമേറ്റിരിക്കുകയാണ്. താമസിയാതെ അത് “ഈ [മനുഷ്യ] രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്ക്കയും ചെയ്യും.”—ദാനീയേൽ 2:44; വെളിപ്പാടു 11:15; 12:10.
3. യേശു തന്റെ ശുശ്രൂഷ തുടങ്ങിയപ്പോൾ, മനുഷ്യർക്കായി എന്തു തുറക്കപ്പെട്ടു?
3 ചരിത്രകാരനായ എച്ച്. ജി. വെൽസ് എഴുതിയതു നോക്കൂ: “യേശുവിന്റെ മുഖ്യ പഠിപ്പിക്കലായിരുന്നതും ക്രിസ്തീയ വിശ്വാസപ്രമാണങ്ങളിൽ വളരെ ചെറിയ ഒരു പങ്കു വഹിക്കുന്നതുമായ സ്വർഗരാജ്യം എന്ന ഉപദേശം എക്കാലത്തും മനുഷ്യചിന്തയെ മാറ്റിമറിച്ചിട്ടുള്ള ഏറ്റവും വിപ്ലവാത്മകമായ പഠിപ്പക്കലുകളിൽ ഒന്നാണ്.” തുടക്കംമുതൽതന്നെ, യേശുവിന്റെ ശുശ്രൂഷയുടെ വിഷയം, “സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ” എന്നതായിരുന്നു. (മത്തായി 4:17) അഭിഷിക്ത രാജാവെന്നനിലയിൽ അവൻ രംഗത്തുണ്ടായിരുന്നു. എന്നാൽ ഏറ്റവും സന്തോഷകരമെന്നു പറയട്ടെ, ആ രാജ്യത്തിന്റെ അനുഗ്രഹങ്ങളിൽ പങ്കുപറ്റാൻ മാത്രമല്ല ആ രാജ്യത്തിൽ യേശുവിനോടൊത്തു സഹഭരണാധിപന്മാരും പുരോഹിതന്മാരുമായിരിക്കുന്നതിനുള്ള വഴി അപ്പോൾ മനുഷ്യർക്കു തുറക്കപ്പെടുകയായിരുന്നു!—ലൂക്കൊസ് 22:28-30; വെളിപ്പാടു 1:6; 5:10.
4. ഒന്നാം നൂറ്റാണ്ടിൽ ജനതതികൾ “രാജ്യത്തിന്റെ സുവാർത്ത”യോട് എങ്ങനെയാണു പ്രതികരിച്ചത്, അത് ഏതു ന്യായവിധിയിലേക്കു നയിച്ചു?
4 ജനതതികൾ “രാജ്യത്തിന്റെ സുവിശേഷം” കേട്ടുവെന്നിരിക്കെ, ചുരുക്കം പേരേ വിശ്വസിച്ചുള്ളൂ. അതിന്റെ ഭാഗികമായ കാരണം മതനേതാക്കന്മാർ “മനുഷ്യർക്കു സ്വർഗ്ഗരാജ്യം അടെച്ചുകള”ഞ്ഞു എന്നതാണ്. അവർ തങ്ങളുടെ വ്യാജ പഠിപ്പിക്കലുകളാൽ “പരിജ്ഞാനത്തിന്റെ താക്കോൽ എടുത്തുകളഞ്ഞു.” മിക്കയാളുകളും യേശുവിനെ മിശിഹായും ദൈവരാജ്യത്തിന്റെ അഭിഷിക്ത രാജാവുമെന്ന നിലയിൽ തള്ളിക്കളഞ്ഞതുകൊണ്ട്, യേശു അവരോട് ഇങ്ങനെ പറഞ്ഞു: “ദൈവരാജ്യം നിങ്ങളുടെ പക്കൽനിന്നു എടുത്തു അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും.”—മത്തായി 4:23; 21:43; 23:13; ലൂക്കൊസ് 11:52.
5. യേശുവിന്റെ ദൃഷ്ടാന്തങ്ങൾ കേട്ട മിക്കവരും ഗ്രാഹ്യത്തോടെ കേട്ടില്ലെന്നു പ്രകടമാക്കിയത് എങ്ങനെ?
5 ഒരിക്കൽ ഒരു വലിയ ജനാവലിയെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ, യേശു തന്റെ പതിവു രീതിയനുസരിച്ച് ജനാവലിയെ പരീക്ഷിക്കാനും രാജ്യത്തിൽ കേവലം ഉപരിപ്ലവമായ താത്പര്യം മാത്രമുണ്ടായിരുന്നവരെ നീക്കം ചെയ്യാനുമായി ദൃഷ്ടാന്തങ്ങളുടെ ഒരു പരമ്പര ഉപയോഗിച്ചു. ആദ്യത്തെ ദൃഷ്ടാന്തത്തിൽ ഉൾപ്പെട്ടിരുന്നത്, നാലുതരം മണ്ണിൽ വിത്തു വിതച്ച ഒരു വിതക്കാരനായിരുന്നു. ആദ്യത്തെ മൂന്നുതരം മണ്ണ് ചെടികൾ വളരുന്നതിന് അനുയോജ്യമായിരുന്നില്ല, എന്നാൽ അവസാനത്തേതു മികച്ച ഫലം പുറപ്പെടുവിച്ച ‘നല്ല നിലം’ ആയിരുന്നു. ആ ചെറിയ ദൃഷ്ടാന്തം അവസാനിച്ചത്, “ചെവിയുള്ളവൻ കേൾക്കട്ടെ [“ശ്രദ്ധിക്കട്ടെ,” NW]” എന്ന ഉദ്ബോധനത്തോടെയായിരുന്നു. (മത്തായി 13:1-9) സന്നിഹിതരായിരുന്ന മിക്കവരും അവൻ പറയുന്നതു കേട്ടു, എന്നാൽ അവർ ‘ശ്രദ്ധിച്ചില്ല.’ പല തരത്തിലുള്ള അവസ്ഥകളിൽ വിതയ്ക്കപ്പെട്ട വിത്തുകൾ സ്വർഗരാജ്യത്തെപ്പോലെയായിരുന്നത് എങ്ങനെയാണെന്നറിയാനുള്ള പ്രചോദനം, യഥാർഥമായ താത്പര്യം, അവർക്കില്ലായിരുന്നു. ഒരുപക്ഷേ അവർ, യേശുവിന്റെ ദൃഷ്ടാന്തങ്ങൾ ധാർമിക വിഷയങ്ങൾ അടങ്ങിയ നല്ല കഥകളെക്കാൾ കവിഞ്ഞതല്ല എന്നു വിചാരിച്ചുകൊണ്ട് തങ്ങളുടെ അനുദിന പ്രവർത്തനങ്ങൾക്കായി വീട്ടിലേക്കു തിരികെ പോയി. അവരുടെ ഹൃദയങ്ങൾക്കു പ്രതികരണശേഷി ഇല്ലാതിരുന്നതു നിമിത്തം എന്തു സമ്പന്നമായ ഗ്രാഹ്യവും എന്തെല്ലാം പദവികളും അവസരങ്ങളുമാണ് അവർക്കു നഷ്ടമായത്!
6. “രാജ്യത്തിന്റെ പാവന രഹസ്യങ്ങ”ളെക്കുറിച്ചുള്ള ഗ്രാഹ്യം യേശുവിന്റെ ശിഷ്യന്മാർക്കു മാത്രം നൽകപ്പെട്ടത് എന്തുകൊണ്ട്?
6 യേശു തന്റെ ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല.” യെശയ്യാവിൽനിന്ന് ഉദ്ധരിച്ചുകൊണ്ട് അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: ‘“നിങ്ങൾ ചെവിയാൽ കേൾക്കും ഗ്രഹിക്കയില്ലതാനും; കണ്ണാൽ കാണും ദർശിക്കയില്ലതാനും. ഈ ജനത്തിന്റെ ഹൃദയം തടിച്ചിരിക്കുന്നു; അവർ ചെവികൊണ്ടു മന്ദമായി കേൾക്കുന്നു; കണ്ണു അടെച്ചിരിക്കുന്നു; അവർ കണ്ണു കാണാതെയും ചെവി കേൾക്കാതെയും ഹൃദയംകൊണ്ടു ഗ്രഹിക്കാതെയും തിരിഞ്ഞുകൊള്ളാതെയും ഞാൻ അവരെ സൌഖ്യമാക്കാതെയും ഇരിക്കേണ്ടതിന്നു തന്നേ.” . . . എന്നാൽ നിങ്ങളുടെ കണ്ണു കാണുന്നതുകൊണ്ടും നിങ്ങളുടെ ചെവി കേൾക്കുന്നതുകൊണ്ടും ഭാഗ്യമുള്ളവ.’ (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—മത്തായി 13:10-16; മർക്കൊസ് 4:11-13.
രാജ്യത്തിന്റെ അർഥം ‘ഗ്രഹിക്കൽ’
7. രാജ്യത്തിന്റെ അർഥം ‘ഗ്രഹിക്കു’ന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
7 യേശു പ്രശ്നത്തിലേക്കു വിരൽചൂണ്ടി. അതു രാജ്യസന്ദേശത്തിന്റെ അർഥം ‘ഗ്രഹിക്കു’ന്നതുമായി ബന്ധപ്പെട്ടിരുന്നു. തന്റെ ശിഷ്യന്മാരോട് അവൻ സ്വകാര്യമായി ഇങ്ങനെ പറഞ്ഞു: “എന്നാൽ വിതെക്കുന്നവന്റെ ഉപമ കേട്ടുകൊൾവിൻ. ഒരുത്തൻ രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാൽ ദുഷ്ടൻ വന്നു അവന്റെ ഹൃദയത്തിൽ വിതെക്കപ്പെട്ടതു എടുത്തുകളയുന്നു.” നാലുതരം മണ്ണ്, “രാജ്യത്തിന്റെ വചനം” വിതെക്കപ്പെടുന്ന ഹൃദയത്തിന്റെ പല അവസ്ഥകളെ പ്രതിനിധീകരിക്കുന്നതായി അവൻ തുടർന്നു വിശദീകരിച്ചു. (ചെരിച്ചെഴുത്തു ഞങ്ങളുടേത്.)—മത്തായി 13:18-23; ലൂക്കൊസ് 8:9-15.
8. ആദ്യത്തെ മൂന്നു തരം മണ്ണിൽ വിതയ്ക്കപ്പെട്ട “വിത്തു” ഫലം പുറപ്പെടുവിക്കുന്നതിൽനിന്നു തടഞ്ഞത് എന്താണ്?
8 ഓരോ കേസിലും “വിത്തു” നല്ലതായിരുന്നു. എന്നാൽ ഫലം ആശ്രയിച്ചിരുന്നതു മണ്ണിന്റെ അവസ്ഥയെ ആയിരുന്നു. ഹൃദയമാകുന്ന മണ്ണ് തിരക്കേറിയ, തിങ്ങിനിറഞ്ഞ ഒരു വഴിപോലെയാണെങ്കിൽ, അനാത്മീയ പ്രവർത്തനങ്ങളാൽ കഠിനമായിപ്പോയെങ്കിൽ, രാജ്യത്തിനു വേണ്ടി സമയമില്ലെന്നു പറഞ്ഞുകൊണ്ട് ഒഴികഴിവു പറയുക രാജ്യസന്ദേശം കേൾക്കുന്ന വ്യക്തിക്ക് എളുപ്പമായിരിക്കുമായിരുന്നു. അവഗണിക്കപ്പെട്ട വിത്തു വേരുപിടിക്കുന്നതിനു മുമ്പ്, എളുപ്പം തട്ടിയെടുക്കപ്പെടാനും കഴിയുമായിരുന്നു. എന്നാൽ പാറ നിറഞ്ഞ മണ്ണിനോടു സമാനമായ ഹൃദയത്തിലാണു വിത്തു വിതയ്ക്കപ്പെട്ടതെങ്കിലോ? വിത്ത് പൊട്ടിമുളച്ചേക്കാം, പക്ഷേ പോഷണത്തിനും ബലത്തിനും വേണ്ടി അതിനു വേരുകൾ ആഴങ്ങളിലേക്ക് ഇറക്കുക പ്രയാസമാകുമായിരുന്നു. വിശേഷിച്ച് പീഡനത്തിന്റെ ചൂടിൻമധ്യേ ദൈവത്തിന്റെ അനുസരണമുള്ള ഒരു ദാസനായിരിക്കുക എന്ന പ്രതീക്ഷ ഒരു വലിയ വെല്ലുവിളി കൈവരുത്തുമായിരുന്നു. അങ്ങനെ ആ വ്യക്തി ഇടറുമായിരുന്നു. ഇനിയും, ഹൃദയമാകുന്ന മണ്ണിൽ നിറയെ മുള്ളുകൾ പോലുള്ള ഉത്കണ്ഠകളോ സമ്പത്തു നേടാനുള്ള ഭൗതികത്വ അഭിലാഷമോ ഉണ്ടായിരുന്നെങ്കിൽ, രാജ്യത്തിന്റെ ദുർബലമായ ചെടി ഞെരുങ്ങുമായിരുന്നു. ജീവിതത്തിലെ ഈ മൂന്നു സാധാരണ അവസ്ഥകളിൽ രാജ്യഫലം ഉത്പാദിപ്പിക്കപ്പെടുമായിരുന്നില്ല.
9. നല്ല നിലത്തു വിതയ്ക്കപ്പെട്ട വിത്തിനു നല്ല ഫലം പുറപ്പെടുവിക്കാൻ കഴിഞ്ഞത് എന്തുകൊണ്ടായിരുന്നു?
9 എന്നിരുന്നാലും, നല്ല നിലത്തു വിതയ്ക്കപ്പെട്ട രാജ്യവിത്തിന്റെ കാര്യത്തിലോ? യേശു ഇങ്ങനെ ഉത്തരം നൽകുന്നു: “നല്ല നിലത്തു വിതെക്കപ്പെട്ടതോ ഒരുത്തൻ വചനം കേട്ടു ഗ്രഹിക്കുന്നതു ആകുന്നു; അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നല്കുന്നു.” (ചെരിച്ചെഴുത്തു ഞങ്ങളുടേത്.) (മത്തായി 13:23) രാജ്യത്തിന്റെ അർഥം ‘ഗ്രഹിക്കു’മ്പോൾ, അവർ തങ്ങളുടെ വ്യക്തിപരമായ സാഹചര്യങ്ങളനുസരിച്ച് നല്ല ഫലം പുറപ്പെടുവിക്കുമായിരുന്നു.
ഗ്രാഹ്യത്തോടൊപ്പം ഉത്തരവാദിത്വവും വരുന്നു
10. (എ) രാജ്യത്തിന്റെ അർഥം ‘ഗ്രഹിക്കു’ന്നത് അനുഗ്രഹങ്ങളും ഉത്തരവാദിത്വവും കൈവരുത്തുന്നുവെന്ന് യേശു പ്രകടമാക്കിയത് എങ്ങനെ? (ബി) പോയി ശിഷ്യരെ ഉളവാക്കാനുള്ള യേശുവിന്റെ നിയോഗം ഒന്നാം നൂറ്റാണ്ടിലെ ശിഷ്യന്മാർക്കു മാത്രമേ ബാധകമായിരുന്നുള്ളോ?
10 രാജ്യത്തിന്റെ വിവിധ വശങ്ങളെക്കുറിച്ചു വിശദീകരിക്കുന്നതിനു കൂടുതലായി ആറ് ദൃഷ്ടാന്തങ്ങൾ കൂടി നൽകിയശേഷം, “ഇതെല്ലാം ഗ്രഹിച്ചുവോ?” എന്നു യേശു തന്റെ ശിഷ്യന്മാരോടു ചോദിച്ചു. അവർ “ഉവ്വു” എന്ന് ഉത്തരം പറഞ്ഞപ്പോൾ, അവൻ ഇങ്ങനെ പറഞ്ഞു: “അതുകൊണ്ടു സ്വർഗ്ഗരാജ്യത്തിന്നു ശിഷ്യനായിത്തീർന്ന ഏതു ശാസ്ത്രിയും തന്റെ നിക്ഷേപത്തിൽനിന്നു പുതിയതും പഴയതും എടുത്തുകൊടുക്കുന്ന ഒരു വീട്ടുടയവനോടു സദൃശനാകുന്നു.” യേശുവിന്റെ പഠിപ്പിക്കലുകളും അവൻ നൽകിയ പരിശീലനവും, അവന്റെ ശിഷ്യന്മാരെ, തങ്ങളുടെ ‘നിക്ഷേപത്തി’ൽനിന്നു സമൃദ്ധമായ ആത്മീയ ഭക്ഷണത്തിന്റെ അനന്തമായ ശേഖരം പുറപ്പെടുവിക്കാൻ കഴിയുന്ന പക്വതയുള്ള ക്രിസ്ത്യാനികളാക്കി മാറ്റുമായിരുന്നു. ഇതിലധികവും ദൈവരാജ്യത്തോടു ബന്ധപ്പെട്ടിരുന്നു. രാജ്യത്തിന്റെ അർഥം ‘ഗ്രഹി’ക്കുന്നതിൽ അനുഗ്രഹങ്ങൾ മാത്രമല്ല ഉത്തരവാദിത്വവും ഉൾപ്പെട്ടിരുന്നതായി യേശു വ്യക്തമാക്കി. അവൻ ഇങ്ങനെ കൽപ്പിച്ചു: “ആകയാൽ നിങ്ങൾ പുറപ്പെട്ടു, . . . ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ; ഞാനോ ലോകാവസാനത്തോളം എല്ലാനാളും നിങ്ങളോടുകൂടെ ഉണ്ടു എന്നു അരുളിച്ചെയ്തു.”—മത്തായി 13:51, 52; 28:19, 20.
11. 1914 വന്നെത്തിയപ്പോൾ രാജ്യത്തോടു ബന്ധപ്പെട്ട ഏതെല്ലാം സംഭവവികാസങ്ങൾ അരങ്ങേറി?
11 വാഗ്ദത്തം ചെയ്യപ്പെട്ടതുപോലെ, നൂറ്റാണ്ടുകളിലുടനീളം ഇന്നുവരെ യേശു തന്റെ യഥാർഥ ശിഷ്യന്മാരോടൊപ്പം എന്നും ഉണ്ടായിരുന്നു. ഈ അന്ത്യനാളുകളിൽ, അവൻ അവർക്ക് അനുക്രമമായി ഗ്രാഹ്യം പ്രദാനം ചെയ്തിരിക്കുന്നു. മാത്രമല്ല, സത്യത്തിന്റെ വർധിച്ചുവരുന്ന വെളിച്ചത്തിന്റെ ഉപയോഗത്തിന് ഉത്തരവാദികളായി അവൻ അവരെ കണക്കാക്കുകയും ചെയ്തിരിക്കുന്നു. (ലൂക്കൊസ് 19:11-15, 26) 1914-ൽ രാജ്യസംഭവവികാസങ്ങൾ പെട്ടെന്നു നാടകീയമായി ചുരുളഴിയാൻ തുടങ്ങി. ആ വർഷം, ദീർഘനാളായി പ്രത്യാശിച്ചിരുന്ന രാജ്യത്തിന്റെ ‘ജനനം’ നടക്കുക മാത്രമല്ല, “വ്യവസ്ഥിതിയുടെ സമാപനം” ആരംഭിക്കുകയും ചെയ്തു. (വെളിപ്പാടു 11:15; 12:5, 10; ദാനീയേൽ 7:13, 14, 27) ആനുകാലിക സംഭവങ്ങളുടെ അർഥം ഗ്രഹിച്ചുകൊണ്ട്, സത്യക്രിസ്ത്യാനികൾ ചരിത്രത്തിലേക്കും ഏറ്റവും വലിയ രാജ്യ പ്രസംഗ-പഠിപ്പിക്കൽ വേല നടത്തിയിരിക്കുന്നു. “രാജ്യത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും” എന്നു പറഞ്ഞുകൊണ്ട് യേശു അതു മുൻകൂട്ടിപ്പറഞ്ഞിരുന്നു.—മത്തായി 24:14.
12. (എ) ആധുനികനാളിലെ വ്യാപകമായ രാജ്യസാക്ഷ്യത്തിന്റെ ഫലം എന്താണ്? (ബി) എന്തിനെയും സംശയിക്കുന്ന ഈ ലോകത്തിൽ, ക്രിസ്ത്യാനികൾക്ക് എന്ത് അപകടമുണ്ട്?
12 വ്യാപകമായ ഈ രാജ്യസാക്ഷ്യം 230-തിലധികം ദേശങ്ങളിൽ എത്തിയിട്ടുണ്ട്. ഇപ്പോൾതന്നെ 50 ലക്ഷത്തിലധികം യഥാർഥ ശിഷ്യന്മാർ ഈ വേലയിൽ പങ്കുപറ്റുന്നുണ്ട്. മാത്രമല്ല, മറ്റുള്ളവർ ചേർക്കപ്പെട്ടുകൊണ്ടുമിരിക്കുന്നു. എന്നാൽ ശിഷ്യന്മാരുടെ ആ എണ്ണത്തെ ഭൂമിയിലെ 560 കോടി നിവാസികളുമായി താരതമ്യം ചെയ്യുകയാണെങ്കിൽ, യേശുവിന്റെ നാളിലേതുപോലെ ബഹുഭൂരിപക്ഷം രാജ്യത്തിന്റെ അർഥം ‘ഗ്രഹിക്കു’ന്നില്ല എന്നു വ്യക്തമാകും. പ്രവചിക്കപ്പെട്ടതുപോലെ, “അവന്റെ പ്രത്യക്ഷതയുടെ വാഗ്ദത്തം എവിടെ?” എന്നു പലരും പരിഹസിച്ചു പറയുന്നു. (2 പത്രൊസ് 3:3, 4) അവരുടെ വിരക്തമായ, സംശയിക്കുന്ന, ഭൗതികത്വപരമായ മനോഭാവം ക്രിസ്ത്യാനികളെന്ന നിലയിൽ നാം നമ്മുടെ രാജ്യപദവികളെ വീക്ഷിക്കുന്ന വിധത്തെയും ക്രമേണ ബാധിച്ചേക്കാം എന്ന അപകടമുണ്ട്. ചുറ്റും ലോകത്തിലെ ആളുകളായതുകൊണ്ട്, അവരുടെ ചില മനോഭാവങ്ങളും ആചാരങ്ങളും നാം എളുപ്പം സ്വീകരിച്ചേക്കാം. ദൈവരാജ്യത്തിന്റെ അർഥം ‘ഗ്രഹിക്കു’കയും അതിനോടു പറ്റിനിൽക്കുകയും ചെയ്യുന്നത് എത്രയധികം ജീവത്പ്രധാനമാണ്!
രാജ്യത്തോടുള്ള ബന്ധത്തിൽ നമ്മെത്തന്നെ പരിശോധിക്കൽ
13. രാജ്യസുവാർത്ത പ്രസംഗിക്കാനുള്ള നിയോഗം സംബന്ധിച്ചു നാം ഗ്രാഹ്യത്തോടെ തുടർന്നും ‘കേൾക്കു’ന്നുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം?
13 നാം ജീവിക്കുന്ന കൊയ്ത്തുകാലഘട്ടത്തെക്കുറിച്ച് യേശു പറയുകയുണ്ടായി: ‘മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയക്കും; അവർ അവന്റെ രാജ്യത്തിൽനിന്നു എല്ലാ ഇടർച്ചകളെയും അധർമ്മം പ്രവർത്തിക്കുന്നവരെയും കൂട്ടിച്ചേർക്കും . . . അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.’ (മത്തായി 13:41, 43) രാജ്യത്തെക്കുറിച്ചു പ്രസംഗിക്കാനും ശിഷ്യരെ ഉളവാക്കാനുമുള്ള ആജ്ഞ നിങ്ങൾ അനുസരണപൂർവമായ പ്രതികരണത്തോടെ തുടർന്നു ‘കേൾക്കു’ന്നുണ്ടോ? ‘നല്ല നിലത്തു വിതെക്കപ്പെട്ടത് കേട്ടു ഗ്രഹിച്ചു’വെന്നും നല്ല ഫലം പുറപ്പെടുവിച്ചുവെന്നും ഓർമിക്കുക.—മത്തായി 13:23.
14. പ്രബോധനം ലഭിക്കുമ്പോൾ, നൽകപ്പെടുന്ന ബുദ്ധ്യുപദേശം നാം ‘ഗ്രഹിക്കു’ന്നുവെന്നു നാം എങ്ങനെ പ്രകടമാക്കുന്നു?
14 വ്യക്തിപരമായി പഠിക്കുമ്പോഴും ക്രിസ്തീയ യോഗങ്ങളിൽ സംബന്ധിക്കുമ്പോഴും നാം “ജ്ഞാനത്തിന്നു [“വിവേകത്തിനു,” NW] ചെവികൊടു”ക്കേണ്ടതുണ്ട്. (സദൃശവാക്യങ്ങൾ 2:1-4) നടത്ത, വസ്ത്രധാരണം, സംഗീതം, വിനോദം എന്നീ കാര്യങ്ങളിലൊക്കെ ബുദ്ധ്യുപദേശം ലഭിക്കുമ്പോൾ, അതു നമ്മുടെ ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ അനുവദിക്കുകയും ആവശ്യമായ മാറ്റങ്ങൾ വരുത്താൻ നമ്മെ പ്രേരിപ്പിക്കുകയും വേണം. ഒരിക്കലും കള്ളന്യായങ്ങൾ പറയുകയോ ഒഴികഴിവുകൾ നടത്തുകയോ മറ്റു വിധത്തിൽ പ്രതികരിക്കാൻ പരാജയപ്പെടുകയോ ചെയ്യരുത്. രാജ്യം നമ്മുടെ ജീവിതത്തിൽ യഥാർഥമാണെങ്കിൽ, നാം അതിന്റെ നിലവാരങ്ങൾക്കനുസരിച്ചു ജീവിക്കുകയും അതു തീക്ഷ്ണതയോടെ മറ്റുള്ളവരോടു ഘോഷിക്കുകയും ചെയ്യും. യേശു ഇങ്ങനെ പറഞ്ഞു: “എന്നോടു കർത്താവേ, കർത്താവേ, എന്നു പറയുന്നവൻ ഏവനുമല്ല, സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ അത്രേ സ്വർഗ്ഗരാജ്യത്തിൽ കടക്കുന്നതു.”—മത്തായി 7:21-23.
15. ‘ഒന്നാമതു രാജ്യവും ദൈവത്തിന്റെ നീതി’യും അന്വേഷിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
15 ആവശ്യമായിരിക്കുന്ന ഭക്ഷണം, വസ്ത്രം, പാർപ്പിടം തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ച് ഉത്കണ്ഠപ്പെടുക എന്നതു മാനുഷിക പ്രവണതയാണ്. എന്നാൽ യേശു ഇങ്ങനെ പറഞ്ഞു: “മുമ്പെ അവന്റെ [ദൈവത്തിന്റെ] രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.” (മത്തായി 6:33, 34) മുൻഗണനകൾ വയ്ക്കുമ്പോൾ, രാജ്യത്തെ നിങ്ങളുടെ ജീവിതത്തിൽ ഒന്നാമതു വെക്കുക. അവശ്യ കാര്യങ്ങൾകൊണ്ടു തൃപ്തിപ്പെട്ട് ജീവിതം ലളിതമാക്കി നിർത്തുക. ആവശ്യമില്ലാത്ത പ്രവർത്തനങ്ങളോ സമ്പത്തോ, അവ അവയിൽതന്നെ അവശ്യം മോശമല്ലാത്തതുകൊണ്ടു സ്വീകാര്യമാണെന്നു ചിന്തിക്കുകവഴി, അത്തരം കാര്യങ്ങളാൽ നമ്മുടെ ജീവിതത്തെ നിറയ്ക്കുന്നതു വിഡ്ഢിത്തമായിരിക്കും. അതു സത്യമായിരിക്കാമെന്നിരിക്കെ, ആവശ്യമല്ലാത്ത അത്തരം കാര്യങ്ങൾ ആർജിക്കുന്നതും ഉപയോഗിക്കുന്നതും നമ്മുടെ വ്യക്തിപരമായ പഠനവും ക്രിസ്തീയ യോഗങ്ങളിൽ ഹാജരാകുന്നതും പ്രസംഗപ്രവർത്തനത്തിൽ ഏർപ്പെടുന്നതും സംബന്ധിച്ച് എന്തായിരിക്കും ചെയ്യുക? “വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു അതു വാങ്ങി”യ ഒരു വ്യാപാരിയെപ്പോലെയാണു രാജ്യമെന്നു യേശു പറഞ്ഞു. (മത്തായി 13:45, 46) ദൈവരാജ്യത്തെക്കുറിച്ചു നമുക്കു തോന്നേണ്ടത് അങ്ങനെയാണ്. നാം പൗലോസിനെ അനുകരിക്കണം, “ഈ ലോകത്തെ സ്നേഹിച്ചിട്ടു” ശുശ്രൂഷ ഉപേക്ഷിച്ച ദേമാസിനെ ആയിരിക്കരുത് നാം അനുകരിക്കേണ്ടത്.—2 തിമൊഥെയൊസ് 4:10, 18; മത്തായി 19:23, 24; ഫിലിപ്പിയർ 3:7, 8, 13, 14; 1 തിമൊഥെയൊസ് 6:9, 10, 17-19.
“നീതികെട്ടവർ ദൈവരാജ്യം അവകാശമാക്കയില്ല”
16. ദൈവരാജ്യത്തിന്റെ അർഥം ‘ഗ്രഹിക്കു’ന്നത് തെറ്റായ നടത്ത ഒഴിവാക്കാൻ നമ്മെ എങ്ങനെ സഹായിക്കും?
16 കൊരിന്ത്യ സഭ അധാർമികത വെച്ചുപുലർത്തിയപ്പോൾ, പൗലോസ് ഇങ്ങനെ തുറന്നു പറഞ്ഞു: “അന്യായം ചെയ്യുന്നവർ [“നീതികെട്ടവർ,” NW] ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു അറിയുന്നില്ലയോ? നിങ്ങളെത്തന്നേ വഞ്ചിക്കാതിരിപ്പിൻ; ദുർന്നടപ്പുകാർ, വിഗ്രഹാരാധികൾ, വ്യഭിചാരികൾ, സ്വയഭോഗികൾ, പുരുഷകാമികൾ, കള്ളന്മാർ, അത്യാഗ്രഹികൾ, മദ്യപന്മാർ, വാവിഷ്ഠാണക്കാർ, പിടിച്ചുപറിക്കാർ എന്നിവർ ദൈവരാജ്യം അവകാശമാക്കുകയില്ല.” (1 കൊരിന്ത്യർ 6:9, 10) നാം ദൈവരാജ്യത്തിന്റെ അർഥം ‘ഗ്രഹിക്കു’ന്നുണ്ടെങ്കിൽ, ക്രിസ്തീയ ശുശ്രൂഷയിൽ നാം തിരക്കുള്ളവരാണെന്നു യഹോവ കാണുന്നിടത്തോളംകാലം ചിലതരം അധാർമികതയെ അവൻ പൊറുത്തുകൊള്ളുമെന്നു ചിന്തിച്ചുകൊണ്ട് നാം സ്വയം വഞ്ചിക്കുകയില്ല. അശുദ്ധി നമ്മുടെ ഇടയിൽ പരാമർശിക്കപ്പെടുക പോലുമരുത്. (എഫെസ്യർ 5:3-5) ഈ ലോകത്തിന്റെ മലിനമായ ചിന്താഗതിയിലോ ആചാരങ്ങളിലോ ചിലതു നിങ്ങളുടെ ജീവിതത്തിലേക്കു നുഴഞ്ഞുകയറാൻ തുടങ്ങിയിരിക്കുന്നതായി നിങ്ങൾ കണ്ടെത്തുന്നുവോ? അത് ഉടൻതന്നെ നിങ്ങളുടെ ജീവിതത്തിൽനിന്നു നീക്കം ചെയ്യുക! അത്തരം കാര്യങ്ങൾക്കു വേണ്ടി നഷ്ടപ്പെടുത്താൻ പാടില്ലാത്തവിധം എത്രയോ അമൂല്യമാണു രാജ്യം.—മർക്കൊസ് 9:47.
17. ദൈവരാജ്യത്തോടുള്ള വിലമതിപ്പ് ഏതെല്ലാം വിധങ്ങളിൽ താഴ്മയെ ഉന്നമിപ്പിക്കുകയും ഇടർച്ചയ്ക്കുള്ള കാരണങ്ങളെ ഒഴിവാക്കുകയും ചെയ്യും?
17 യേശുവിന്റെ ശിഷ്യന്മാർ ഇങ്ങനെ ചോദിച്ചു: “സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആർ”? അവരുടെ ഇടയിൽ ഒരു കൊച്ചു കുട്ടിയെ പിടിച്ചുനിർത്തി, “നിങ്ങൾ തിരിഞ്ഞു ശിശുക്കളെപ്പോലെ ആയ്വരുന്നില്ല എങ്കിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു . . . ആകയാൽ ഈ ശിശുവിനെപ്പോലെ തന്നെത്താൻ താഴ്ത്തുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും വലിയവൻ ആകുന്നു” എന്നു പറഞ്ഞ് ഉത്തരം നൽകി. (മത്തായി 18:1-6) അഹങ്കാരികളും വളരെയധികം ആവശ്യപ്പെടുന്നവരും അശ്രദ്ധരും അധർമികളും ദൈവരാജ്യത്തിൽ ഉണ്ടായിരിക്കില്ല, അവർ രാജ്യത്തിന്റെ പ്രജകളുമായിരിക്കില്ല. സഹോദരങ്ങളോടുള്ള നിങ്ങളുടെ സ്നേഹവും നിങ്ങളുടെ താഴ്മയും ദൈവിക ഭയവും, നിങ്ങളുടെ നടത്തയാൽ മറ്റുള്ളവരെ ഇടറിക്കുന്നത് ഒഴിവാക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടോ? അതോ ഈ മനോഭാവവും നടത്തയും മറ്റുള്ളവരെ എങ്ങനെ ബാധിച്ചാലും നിങ്ങൾ നിങ്ങളുടെ “അവകാശങ്ങ”ളെക്കുറിച്ചു നിർബന്ധം പിടിക്കുന്നുവോ?—റോമർ 14:13, 17.
18. “സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും” ദൈവഹിതം ചെയ്യപ്പെടാൻ ദൈവരാജ്യം ഇടയാക്കുമ്പോൾ അതിന്റെ ഫലമായി അനുസരണമുള്ള മനുഷ്യവർഗത്തിന് എന്തു ലഭിക്കും?
18 “നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്ന മനസ്സുരുകിയുള്ള പ്രാർഥനയ്ക്ക് നമ്മുടെ സ്വർഗീയ പിതാവായ യഹോവ പെട്ടെന്നുതന്നെ ഉത്തരം നൽകും. ‘ചെമ്മരിയാടുക’ളെയും ‘കോലാടുക’ളെയും വേർതിരിക്കുന്നതിന് ന്യായവിധിക്കായി തന്റെ സിംഹാസനത്തിൽ ഇരിക്കും എന്നുള്ള അർഥത്തിൽ, ഭരണം നടത്തിക്കൊണ്ടിരിക്കുന്ന രാജാവായ യേശുക്രിസ്തു വളരെ പെട്ടെന്നുതന്നെ വരും. ആ നിയമിത സമയത്ത് “രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.” കോലാടുകൾ “നിത്യദണ്ഡനത്തിലേക്കും [“നിത്യഛേദനത്തിലേക്കും,” NW] നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.” (മത്തായി 6:10; 25:31-34, 46) “മഹോപദ്രവം” പഴയ വ്യവസ്ഥിതിയെയും രാജ്യത്തിന്റെ അർഥം ‘ഗ്രഹിക്കാ’ത്ത സകലരെയും നീക്കം ചെയ്യും. എന്നാൽ “മഹോപദ്രവ”ത്തെ അതിജീവിക്കുന്ന ദശലക്ഷങ്ങളും പുനരുത്ഥാനം ചെയ്യുന്ന ശതകോടികളും പുനഃസ്ഥിതീകരിക്കപ്പെട്ട ഭൗമിക പറുദീസയിൽ അവസാനമില്ലാത്ത രാജ്യാനുഗ്രഹങ്ങൾ അവകാശമാക്കും. (വെളിപ്പാടു 7:14) രാജ്യം സ്വർഗത്തിൽനിന്നു ഭരണം നടത്തുന്ന, ഭൂമിയുടെ പുതിയ ഗവൺമെൻറാണ്. ഭൂമിയെയും മനുഷ്യവർഗത്തെയും സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യം അതു പൂർണമായി നിവർത്തിക്കും, അതെല്ലാം അവന്റെ അതിവിശുദ്ധ നാമത്തിന്റെ വിശുദ്ധീകരണത്തിനു വേണ്ടിയായിരിക്കും. ശ്രമം ചെലുത്താനും ത്യാഗം സഹിക്കാനും കാത്തിരിക്കാനും തക്ക വിലയുള്ള ഒരു അവകാശമല്ലേ അത്? നമ്മെ സംബന്ധിച്ചിടത്തോളം അതായിരിക്കണം രാജ്യത്തിന്റെ അർഥം ‘ഗ്രഹിക്കു’ന്നതിന്റെ സാരം!
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ എന്താണു ദൈവത്തിന്റെ രാജ്യം?
◻ യേശുവിന്റെ ശ്രോതാക്കളിൽ മിക്കവരും രാജ്യത്തിന്റെ അർഥം ‘ഗ്രഹിക്കാ’ഞ്ഞത് എന്തുകൊണ്ട്?
◻ രാജ്യത്തിന്റെ അർഥം ‘ഗ്രഹിക്കു’ന്നത് അനുഗ്രഹങ്ങളും ഉത്തരവാദിത്വവും കൈവരുത്തുന്നതെങ്ങനെ?
◻ പ്രസംഗത്തിന്റെ കാര്യത്തിൽ, നാം രാജ്യത്തിന്റെ അർഥം ‘ഗ്രഹിച്ചു’വെന്ന് എന്തു സൂചിപ്പിക്കുന്നു?
◻ ലഭിക്കുന്ന ബുദ്ധ്യുപദേശത്തിന്റെ അർഥം ‘ഗ്രഹിച്ചു’വെന്ന് നമ്മുടെ നടത്തയാൽ നാം എങ്ങനെ പ്രകടമാക്കുന്നു?
[17-ാം പേജിലെ ചിത്രങ്ങൾ]
യേശുവിന്റെ ശിഷ്യന്മാർ രാജ്യത്തിന്റെ അർഥം ‘ഗ്രഹിക്കു’കയും നല്ല ഫലം പുറപ്പെടുവിക്കുകയും ചെയ്തു