നിങ്ങളുടെ ജീവിതം—അതിന്റെ ഉദ്ദേശ്യം എന്ത്?
“മനുഷ്യപുത്രന്മാർക്കു ജീവപര്യന്തം ചെയ്യാൻ നല്ലത് എന്തെന്ന് എനിക്കു കാണാൻ കഴിയുന്നതുവരെ . . . ഞാൻ എന്റെ ഹൃദയത്തെ ജ്ഞാനത്തോടെ നടത്തുകയായിരുന്നു.”—സഭാപ്രസംഗി 2:3, NW.
1, 2. ഒരുവനു തന്നിൽത്തന്നെ ന്യായമായ താത്പര്യം ഉണ്ടായിരിക്കുന്നത് തെറ്റല്ലാത്തത് എന്തുകൊണ്ട്?
നിങ്ങൾക്കു നിങ്ങളിൽത്തന്നെ താത്പര്യമുണ്ട്, ഇല്ലേ? അതു സാധാരണമാണ്. അതുകൊണ്ട് നാം ദിവസവും ഭക്ഷണം കഴിക്കുന്നു, ക്ഷീണിക്കുമ്പോൾ ഉറങ്ങുന്നു. കൂടാതെ നാം സുഹൃത്തുക്കളോടും പ്രിയപ്പെട്ടവരോടുമൊപ്പം ആയിരിക്കാനും ആഗ്രഹിക്കുന്നു. ചിലപ്പോൾ നാം കളികളിലേർപ്പെടും, നീന്താൻ പോകും, അല്ലെങ്കിൽ നമുക്ക് ആസ്വാദ്യമായ മറ്റു സംഗതികളിൽ ഏർപ്പെടും. ഇതെല്ലാം പ്രകടമാക്കുന്നത് നമുക്കു നമ്മിൽത്തന്നെ സമനിലയുള്ള താത്പര്യമുണ്ടെന്നാണ്.
2 അത്തരം താത്പര്യങ്ങൾ ദൈവത്തിനു നിരക്കാത്ത സംഗതികളല്ല, കാരണം അവൻ ശലോമോനെക്കൊണ്ട് ഇങ്ങനെ എഴുതിച്ചു: “തിന്നു കുടിച്ചു തന്റെ കഠിന പ്രയത്നത്താൽ തന്റെ ദേഹിക്കു നന്മ ഭവിക്കുന്നതു കാണാനിടയാക്കുന്നതിനെക്കാൾ മെച്ചമായി മനുഷ്യനു മറ്റൊന്നുമില്ല.” അനുഭവത്തെ അടിസ്ഥാനമാക്കി ശലോമോൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “ഞാൻ, ഞാൻതന്നെ, ഇതും സത്യദൈവത്തിന്റെ കയ്യിൽനിന്നുള്ളതാണെന്നു കണ്ടിരിക്കുന്നു. കാരണം എന്നെക്കാൾ മെച്ചമായി ആരാണു തിന്നുകുടിക്കുന്നത്?”—സഭാപ്രസംഗി 2:24, 25, NW.
3. മിക്കവർക്കും ഉത്തരമില്ലാത്തതായി തോന്നുന്ന കുഴപ്പിക്കുന്ന ചോദ്യങ്ങൾ ഏതെല്ലാം?
3 എന്നാൽ ജീവിതം കേവലം തിന്നുകുടിച്ച് ഉറങ്ങുന്നതും പിന്നെ എന്തെങ്കിലും നന്മചെയ്യുന്നതും മാത്രമല്ലെന്നു നിങ്ങൾക്ക് അറിയാം. നമുക്കു വേദനകളും നിരാശകളും വേവലാതികളും ഉണ്ട്. ജീവിതത്തിന്റെ അർഥത്തെക്കുറിച്ചു ചിന്തിക്കാനാകാത്തവിധം നാം അത്രയ്ക്കു തിരക്കിലാണെന്നും നമുക്കു തോന്നും. നിങ്ങളുടെ കാര്യം അങ്ങനെയല്ലേ? ദ വാൾ സ്ട്രീറ്റ് ജേർണലിന്റെ മുൻ പത്രാധിപരായ വെർമാൻറ് റോയ്സ്റ്റർ നമ്മുടെ വികസിത ജ്ഞാനത്തെയും സിദ്ധികളെയും കണക്കിലെടുത്ത് എഴുതി: “പുതുമയുള്ളൊരു സംഗതി ഇതാ. മനുഷ്യനെയും അവന്റെ ധർമസങ്കടങ്ങളെയും ഈ പ്രപഞ്ചത്തിൽ അവനുള്ള സ്ഥാനത്തെയും കുറിച്ചു നാം ചിന്തിക്കുമ്പോൾ, നാമിപ്പോഴും നിന്നടത്തുതന്നെയാണ്. നാം ആരാണ്, നാം ഇവിടെ ആയിരിക്കുന്നത് എന്തുകൊണ്ട്, നാം എങ്ങോട്ടു പോകുന്നു എന്നിങ്ങനെയുള്ള ചോദ്യങ്ങൾ ഇപ്പോഴും അവശേഷിക്കുകയാണ്.”
4. നമ്മളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ പ്രാപ്തരായിരിക്കണമെന്ന് നാം ഓരോരുത്തരും ആഗ്രഹിക്കേണ്ടത് എന്തുകൊണ്ട്?
4 നാം ആരാണ്, നാം ഇവിടെ ആയിരിക്കുന്നത് എന്തുകൊണ്ട്, നാം എങ്ങോട്ടു പോകുന്നു എന്നീ ചോദ്യങ്ങൾക്കു നിങ്ങളെങ്ങനെ ഉത്തരം നൽകും? കഴിഞ്ഞ ജൂലൈ മാസത്തിൽ ശ്രീ. റോയ്സ്റ്റർ അന്തരിച്ചു. തൃപ്തികരമായ ഉത്തരങ്ങൾ കണ്ടെത്തിയിട്ടാകും അദ്ദേഹം മരിച്ചതെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? സുസ്പഷ്ടമായി പറഞ്ഞാൽ, നിങ്ങൾക്ക് അതിനെന്തെങ്കിലും മാർഗമുണ്ടോ? കൂടുതൽ സന്തുഷ്ടവും അർഥവത്തുമായ ജീവിതം നയിക്കാൻ അതു നിങ്ങളെ എങ്ങനെ സഹായിക്കും? നമുക്കു നോക്കാം.
ഉൾക്കാഴ്ചയ്ക്കുള്ള പ്രാഥമിക ഉറവിടം
5. ജീവിതത്തിന്റെ അർഥത്തെക്കുറിച്ചുള്ള ചോദ്യങ്ങളുടെ കാര്യത്തിൽ ഉൾക്കാഴ്ച തേടുമ്പോൾ, നാം ദൈവത്തിലേക്കു തിരിയേണ്ടതെന്തുകൊണ്ട്?
5 നാം ഓരോരുത്തരും തനിച്ചായിരുന്നു ജീവിതത്തിന്റെ ഉദ്ദേശ്യം അന്വേഷിച്ചിരുന്നതെങ്കിൽ, നമുക്കു കാര്യമായ വിജയം ഉണ്ടാകുമായിരുന്നില്ല, ചിലപ്പോൾ ഒട്ടുംതന്നെ വിജയിക്കുകയില്ലെന്നും വരാം. കാരണം മിക്ക സ്ത്രീപുരുഷന്മാരുടെയും, എന്തിന് ബൃഹത്തായ അറിവും അനുഭവവും ഉള്ളവരുടെയും കാര്യത്തിൽ സംഗതി മറിച്ചായിരുന്നിട്ടില്ല. എന്നാൽ നമുക്കു സഹായമില്ലാതില്ല. നമ്മുടെ സ്രഷ്ടാവു സഹായം പ്രദാനം ചെയ്തിട്ടുണ്ട്. നിങ്ങൾ അതിനെക്കുറിച്ചു ചിന്തിക്കുമ്പോൾ, “അനാദിയായും ശാശ്വതമായു”മിരിക്കുന്നവനും പ്രപഞ്ചത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും പൂർണ അറിവ് ഉള്ളവനും ആയതിനാൽ ഉൾക്കാഴ്ചയ്ക്കും ജ്ഞാനത്തിനുമുള്ള അന്തിമ ഉറവിടം അവനല്ലേ? (സങ്കീർത്തനം 90:1, 2) അവൻ മനുഷ്യനെ സൃഷ്ടിച്ചു, മനുഷ്യന്റെ സകല അനുഭവങ്ങളും നിരീക്ഷിക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട്, അവനിലേക്കാണ് നാം ഉൾക്കാഴ്ചയ്ക്കായി നോക്കേണ്ടത്, മറിച്ച് പരിമിതമായ അറിവും ഗ്രാഹ്യവുമുള്ള അപൂർണ മനുഷ്യരിലേക്കല്ല.—സങ്കീർത്തനം 14:1-3; റോമർ 3:10-12.
6. (എ) ആവശ്യമുള്ള ഉൾക്കാഴ്ച സ്രഷ്ടാവ് പ്രദാനം ചെയ്തിരിക്കുന്നതെങ്ങനെ? (ബി) ശലോമോൻ ഉൾപ്പെട്ടിരിക്കുന്നതെങ്ങനെ?
6 സ്രഷ്ടാവു നമ്മുടെ കാതിൽ മന്ത്രിച്ച് ജീവിതത്തിന്റെ അർഥത്തെക്കുറിച്ചു നമുക്കു വെളിപ്പെടുത്തിത്തരുമെന്നു പ്രതീക്ഷിക്കാനാവില്ല. എന്നാൽ ഉൾക്കാഴ്ചയ്ക്കുള്ള ഒരു ഉറവിടം അവൻ പ്രദാനം ചെയ്തിട്ടുണ്ട്—അവന്റെ നിശ്വസ്ത വചനം. (സങ്കീർത്തനം 32:8; 111:10) ഇക്കാര്യത്തിൽ സഭാപ്രസംഗി എന്ന പുസ്തകം വിശേഷാൽ മൂല്യവത്താണ്. ദൈവം അതിന്റെ എഴുത്തുകാരനെ നിശ്വസ്തനാക്കിയതിനാൽ, “സകലപൂർവ്വദിഗ്വാസികളുടെയും ജ്ഞാനത്തെക്കാളും . . . ശലോമോന്റെ ജ്ഞാനം ശ്രേഷ്ഠമായിരുന്നു.” (1 രാജാക്കന്മാർ 3:6-12; 4:30-34) സന്ദർശകയായി എത്തിയ ഒരു രാജ്ഞിക്ക് ‘ശലോമോന്റെ ജ്ഞാന’ത്തിൽ വലിയ മതിപ്പുതോന്നിയിട്ട് താൻ അവനെക്കുറിച്ചു പാതിയേ കേട്ടിരുന്നുള്ളൂവെന്നും അവന്റെ ജ്ഞാനം ശ്രദ്ധിക്കുന്നവർ തീർച്ചയായും സന്തുഷ്ടരായിരിക്കുമെന്നും അവർ പറഞ്ഞു.a (1 രാജാക്കന്മാർ 10:4-8) ശലോമോനിലൂടെ നമ്മുടെ സ്രഷ്ടാവു പ്രദാനം ചെയ്തിരിക്കുന്ന ദിവ്യ ജ്ഞാനത്തിൽനിന്നു നമുക്കും ഉൾക്കാഴ്ചയും സന്തുഷ്ടിയും നേടാനാകും.
7. (എ) ആകാശത്തിനു കീഴുള്ള മിക്ക പ്രവർത്തനങ്ങളെയും കുറിച്ച് ശലോമോൻ എന്തു നിഗമനം ചെയ്തു? (ബി) ശലോമോന്റെ വിലയിരുത്തൽ യാഥാർഥ്യ ബോധത്തോടെയുള്ളതാണെന്ന് എന്തു ദൃഷ്ടാന്തീകരിക്കുന്നു?
7 സഭാപ്രസംഗിയിൽ പ്രതിഫലിക്കുന്നത് ശലോമോന്റെ ഹൃദയത്തിലും മസ്തിഷ്കത്തിലും ആഴ്ന്നിറങ്ങിയ ദൈവദത്ത ജ്ഞാനമാണ്. അപ്രകാരം പ്രവർത്തിക്കുന്നതിനുള്ള സമയവും വിഭവങ്ങളും ഉൾക്കാഴ്ചയും ഉണ്ടായിരുന്നതിനാൽ, ശലോമോൻ “ആകാശത്തിൻ കീഴിൽ സംഭവിക്കുന്നതൊക്കെയും” പരിശോധിച്ചു. അതിൽ മിക്കവയും “മായയും വൃഥാപ്രയത്നവും അത്രേ” എന്ന് അവൻ കണ്ടു. അത്, നമ്മുടെ ജീവിതത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ചു ചിന്തിക്കുമ്പോൾ നാം മനസ്സിൽപ്പിടിക്കേണ്ട നിശ്വസ്ത വിലയിരുത്തലാണ്. (സഭാപ്രസംഗി 1:13, 14, 16) ശലോമോന് ആത്മാർഥതയും യാഥാർഥ്യബോധവും ഉണ്ടായിരുന്നു. ഉദാഹരണത്തിന്, സഭാപ്രസംഗി 1:15, 18-ൽ കാണുന്ന അവന്റെ വാക്കുകൾ വിചിന്തനം ചെയ്യുവിൻ. മനുഷ്യർ നൂറ്റാണ്ടുകളിലുടനീളം പല തരത്തിലുള്ള ഗവൺമെന്റുകൾ പരീക്ഷിച്ചുനോക്കിയിട്ടുണ്ടെന്നു നിങ്ങൾക്കറിയാം. പലപ്പോഴും അതു പ്രശ്നങ്ങൾ പരിഹരിക്കാനും ആളുകളുടെ ജീവിതഗുണനിലവാരം മെച്ചപ്പെടുത്താനുമുള്ള ആത്മാർഥമായ ശ്രമത്തിന്റെ ഭാഗമായിരുന്നുതാനും. എങ്കിലും ഏതെങ്കിലും ഗവൺമെൻറ് ഈ അപൂർണ വ്യവസ്ഥിതിയിലെ ‘വളഞ്ഞ’ സംഗതികളെ യഥാർഥത്തിൽ നേരെയാക്കിയിട്ടുണ്ടോ? ഒരു വ്യക്തിയുടെ അറിവു വികസിക്കുംതോറും ഹ്രസ്വമായ ജീവിതകാലയളവിൽ സംഗതികൾ പൂർണമായി നേരെയാക്കുക അസാധ്യമാണെന്ന് അയാൾ കൂടുതൽ വ്യക്തമായി തിരിച്ചറിയുന്നതായി നിങ്ങൾ കണ്ടിട്ടുണ്ടാകും. അത്തരമൊരു ബോധ്യം അനേകരെയും നിരാശരാക്കുന്നു. എന്നാൽ നമ്മുടെ കാര്യത്തിൽ അങ്ങനെയാകണമെന്നില്ല.
8. പണ്ടേയുള്ള പരിവൃത്തികൾ ഏതെല്ലാം?
8 മറ്റൊരു സംഗതിയെടുക്കാം. സൂര്യോദയവും അസ്തമയവും അല്ലെങ്കിൽ കാറ്റിന്റെയും വെള്ളത്തിന്റെയും ഗതിവിഗതികളുംപോലുള്ള, നമ്മെ ബാധിക്കുന്ന ആവർത്തനസ്വഭാവമുള്ള പരിവൃത്തികൾ. അവ മോശയുടെയും ശലോമോന്റെയും നെപ്പോളിയന്റെയും നമ്മുടെ മുത്തശ്ശന്മാരുടെയും നാളുകളിലുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്. സമാനമായി, “ഒരു തലമുറ പോകുന്നു; മറ്റൊരു തലമുറ വരുന്നു.” (സഭാപ്രസംഗി 1:4-7) മനുഷ്യ വീക്ഷണത്തിൽനിന്നു നോക്കുമ്പോൾ, കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. പുരാതന നാളിലെയും ആധുനിക നാളിലെയും ആളുകൾ അത്തരം സംഭവഗതികളിലൂടെ കടന്നുപോയിട്ടുണ്ട്. അവർക്കു പ്രത്യാശകളും വിജയാഭിലാഷങ്ങളും നേട്ടങ്ങളും ഉണ്ടായിട്ടുമുണ്ട്. മനുഷ്യരുടെയിടയിൽ ഏതെങ്കിലും ഒരു വ്യക്തി ശ്രദ്ധേയമായ പേരുണ്ടാക്കുകയോ സൗന്ദര്യത്തിലോ പ്രാപ്തിയിലോ മികവു കാട്ടുകയോ ചെയ്തിട്ടുണ്ടെന്നു കരുതുക. എന്നാൽ ഇപ്പോൾ ആ വ്യക്തി എവിടെയാണ്? മരിച്ചു വിസ്മൃതിയിലാണ്ടു പോയിട്ടുണ്ടാകാം. ആ വീക്ഷണം അങ്ങേയറ്റം വിഷാദാത്മകമല്ല. മിക്കയാളുകൾക്കും അവരുടെ മുത്തശ്ശീമുത്തശ്ശന്മാരുടെ പേർ ഓർക്കാനോ അവർ എവിടെ ജനിച്ചുവെന്നും അവരെ എവിടെ അടക്കിയെന്നും പറയാനോ ആവില്ല. മാനുഷിക സംരംഭങ്ങളും പ്രയത്നങ്ങളും പാഴ്വേലയാണെന്നു ശലോമോൻ യാഥാർഥ്യബോധത്തോടെതന്നെ കണ്ടതിന്റെ കാരണമെന്തെന്നു നിങ്ങൾക്കു കാണാനാകും.—സഭാപ്രസംഗി 1:9-11.
9. മനുഷ്യവർഗത്തിന്റെ സ്ഥിതിവിശേഷം സംബന്ധിച്ച് യാഥാർഥ്യബോധത്തോടെയുള്ള ഉൾക്കാഴ്ച ലഭിക്കുന്നതിലൂടെ നാം എങ്ങനെ സഹായിക്കപ്പെട്ടേക്കാം?
9 നമ്മെ നിരാശരാക്കുന്നതിനുപകരം, മനുഷ്യവർഗത്തിന്റെ അടിസ്ഥാന സ്ഥിതിവിശേഷം സംബന്ധിച്ച ഈ ദിവ്യ ഉൾക്കാഴ്ചയ്ക്കു നമുക്കു പ്രയോജനം ചെയ്യാനാകും. കാരണം ഉടനെ പൊയ്പ്പോകുന്നതോ വിസ്മരിക്കപ്പെടുന്നതോ ആയ ലക്ഷ്യങ്ങൾക്കോ അനുധാവനങ്ങൾക്കോ തെറ്റിദ്ധാരണയിൽ അധിഷ്ഠിതമായ മൂല്യങ്ങൾ കൽപ്പിക്കുന്നത് ഒഴിവാക്കാൻ അതു നമ്മെ പ്രേരിപ്പിക്കുന്നു. ജീവിതത്തിൽനിന്നു നമുക്കു ലഭിക്കുന്നതും നാം നേടാൻ ശ്രമിക്കുന്നതും വിലയിരുത്താൻ അതു നമ്മെ സഹായിക്കണം. ഉദാഹരണത്തിന്, താപസന്മാരായിത്തീരുന്നതിനുപകരം, സമനിലയോടെയുള്ള തീറ്റിയിലും കുടിയിലും നമുക്കു സന്തോഷം കണ്ടെത്താനാകും. (സഭാപ്രസംഗി 2:24) നാം കാണാൻ പോകുന്നതുപോലെ, ശലോമോൻ വളരെ ക്രിയാത്മകവും ശുഭാപ്തിവിശ്വാസമുള്ളതുമായ ഒരു നിഗമനത്തിൽ എത്തുന്നു. ചുരുക്കിപ്പറഞ്ഞാൽ, നിത്യസന്തുഷ്ടിയോടുകൂടിയ ഉദ്ദേശ്യപൂർണമായ ഭാവിയുണ്ടാകാൻ നമ്മെ സഹായിക്കുന്ന നമ്മുടെ സ്രഷ്ടാവുമായുള്ള ബന്ധത്തെ നാം ആഴത്തിൽ വിലമതിക്കണം. ശലോമോൻ ഇങ്ങനെ ഊന്നിപ്പറഞ്ഞു: “എല്ലാം കേട്ടതിനുശേഷം സംഗതിയുടെ സാരം ഇതാണ്: സത്യദൈവത്തെ ഭയപ്പെടുകയും അവന്റെ കൽപ്പനകൾ പാലിക്കുകയും ചെയ്യുക. എന്തെന്നാൽ മനുഷ്യന്റെ മുഴു കടപ്പാടും ഇതാണ്.”—സഭാപ്രസംഗി 12:13, NW.
ജീവനചക്രത്തിന്റെ കാഴ്ചപ്പാടിലുള്ള ഉദ്ദേശ്യം
10. ഏതു വിധത്തിലാണു ശലോമോൻ മൃഗങ്ങളെയും മനുഷ്യരെയും താരതമ്യപ്പെടുത്തിയത്?
10 സഭാപ്രസംഗിയിൽ പ്രതിഫലിച്ചിരിക്കുന്ന ദിവ്യജ്ഞാനത്തിനു ജീവിതോദ്ദേശ്യം പരിചിന്തിക്കാൻ നമ്മെ ഇനിയും സഹായിക്കാനാകും. എങ്ങനെ? നാം അത്ര ചിന്തിക്കാൻ സാധ്യതയില്ലാത്ത മറ്റു സത്യങ്ങൾക്കു ശലോമോൻ അതിൽ യാഥാർഥ്യബോധത്തോടെ ശ്രദ്ധകൊടുക്കുന്നുണ്ട്. അതിലൊന്ന് മനുഷ്യർക്കും മൃഗങ്ങൾക്കുമിടയിലെ സാദൃശ്യങ്ങളെക്കുറിച്ചാണ്. യേശു തന്റെ അനുഗാമികളെ ചെമ്മരിയാടുകളോടു സാമ്യപ്പെടുത്തി, എങ്കിലും പൊതുവേ ആളുകൾക്കു തങ്ങളെ മൃഗങ്ങളോടു താരതമ്യപ്പെടുത്തുന്നത് ഇഷ്ടമല്ല. (യോഹന്നാൻ 10:11-16) എന്നിട്ടും ശലോമോൻ അനിഷേധ്യമായ ചില വസ്തുതകൾ അവതരിപ്പിച്ചു: “ദൈവം [മനുഷ്യപുത്രന്മാരെ] ശോധന കഴിക്കേണ്ടതിന്നും തങ്ങൾ മൃഗങ്ങൾ മാത്രം എന്നു അവർ കാണേണ്ടതിന്നും തന്നേ. മനുഷ്യർക്കു ഭവിക്കുന്നതു മൃഗങ്ങൾക്കും ഭവിക്കുന്നു; രണ്ടിന്നും ഗതി ഒന്നു തന്നേ; അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു; . . . മനുഷ്യന്നു മൃഗത്തെക്കാൾ വിശേഷതയില്ല; സകലവും മായയല്ലോ. . . . എല്ലാം പൊടിയിൽനിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്തീരുന്നു.”—സഭാപ്രസംഗി 3:18-20.
11. (എ) ഒരു മൃഗത്തിന്റെ സാധാരണ ജീവനചക്രത്തെ എങ്ങനെ വർണിക്കാം? (ബി) അത്തരമൊരു അപഗ്രഥനത്തെക്കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു?
11 നിങ്ങൾ നോക്കിനിന്നു രസിക്കുന്ന ഒരു മൃഗത്തെക്കുറിച്ചു ചിന്തിക്കുക. ഒരു കുരങ്ങോ മുയലോ ആകട്ടെ. (ആവർത്തനപുസ്തകം 14:7) അല്ലെങ്കിൽ ഒരു അണ്ണാനെ ഭാവനയിൽ കാണുക; ലോകമെമ്പാടും അതിന്റെ 300-ലധികം വർഗങ്ങളുണ്ട്. അതിന്റെ ജീവനചക്രം എന്ത്? ജനനശേഷം, ഏതാനും ആഴ്ചത്തേക്ക് അത് അതിന്റെ അമ്മയുടെ പരിചരണയിലാണ്. താമസിയാതെ അതിനു രോമം വളരുന്നു. പിന്നെ അതിനു കൂടിനു പുറത്തുപോകാൻ കഴിയുന്നു. അതു ഭക്ഷണം തേടി പരക്കംപാഞ്ഞുനടക്കുന്നത് കാണാം. എന്നാൽ മിക്കപ്പോഴും അതു കളിച്ചുരസിച്ച് അതിന്റെ യുവത്വം ആസ്വദിക്കുന്നതായി തോന്നുന്നു. ഏതാണ്ട് ഒരു വർഷത്തെ വളർച്ചയ്ക്കുശേഷം അത് ഒരു ഇണയെ കണ്ടെത്തുന്നു. പിന്നെ അതിനു കൂടോ അളയോ ഉണ്ടാക്കി സന്താനങ്ങളെ പരിപാലിക്കണം. ആവശ്യത്തിനുള്ള പഴങ്ങളും പരിപ്പുകളും വിത്തുകളും ലഭിച്ചാൽ, അണ്ണാൻകുടുംബം പുഷ്ടിപ്രാപിക്കുകയും കുടുംബം വലുതാക്കുന്നതിനു സമയം ചെലവഴിക്കുകയും ചെയ്യുന്നു. എന്നാൽ ഏതാനും വർഷങ്ങൾക്കുള്ളിൽ, ഈ ജീവി വാർധക്യം പ്രാപിക്കുന്നു. തുടർന്ന് അതിന് അപകടം പിണയാനും അസുഖങ്ങൾ പിടിപെടാനുമുള്ള സാധ്യതയേറുന്നു. ഏതാണ്ട് പത്തു വയസ്സാകുന്നതോടെ അതു ചാകുന്നു. അണ്ണാൻ വർഗങ്ങൾതമ്മിൽ അൽപ്പസ്വൽപ്പം വ്യത്യാസമുണ്ടെങ്കിലും, പൊതുവേ അതാണ് അതിന്റെ ജീവനചക്രം.
12. (എ) യാഥാർഥ്യബോധത്തോടെ പറയുമ്പോൾ, അനേകം മനുഷ്യരുടെ ജീവനചക്രത്തിനും ഒരു ശരാശരി മൃഗത്തിന്റേതിനും സാദൃശ്യമുള്ളത് എന്തുകൊണ്ട്? (ബി) നമ്മുടെ മനസ്സിലുള്ള മൃഗത്തെ നാം അടുത്തപ്രാവശ്യം കാണുമ്പോൾ നാം എന്തു ചിന്തിച്ചേക്കാം?
12 ഒരു മൃഗത്തിന് അത്തരമൊരു ജീവനചക്രമുള്ളതിൽ മിക്കവരും വിയോജിപ്പു പ്രകടിപ്പിക്കുകയില്ല. അണ്ണാന് അതിന്റെ ജീവിതത്തിനു യുക്തിസഹമായ ഒരു ഉദ്ദേശ്യമുണ്ടായിരിക്കാൻ അവരൊട്ടു പ്രതീക്ഷിക്കുകയുമില്ല. എന്നാൽ, അനേകം മനുഷ്യരുടെയും ജീവിതത്തിന് അതിന്റേതിൽനിന്നു കാര്യമായ വ്യത്യാസമില്ല, ഉണ്ടോ? അവരും ജനിക്കുന്നു, കുട്ടികളായിരിക്കുമ്പോൾ പരിചരണവും ലഭിക്കുന്നു. അവർ ഭക്ഷിക്കുന്നു, വളർച്ചപ്രാപിക്കുന്നു, കൊച്ചുകുട്ടികൾ എന്നനിലയിൽ കളിക്കുന്നു. അധികം വൈകാതെ പ്രായപൂർത്തിയെത്തി ഒരു ഇണയെ കണ്ടെത്തി, പാർക്കാൻ ഒരിടവും ഭക്ഷണം പ്രദാനം ചെയ്യാനുള്ള ഒരു ഉപാധിയും തേടുന്നു. വിജയിക്കുന്നപക്ഷം, അവർ പുഷ്ടിപ്രാപിക്കുകയും സന്താനങ്ങളെ വളർത്തിക്കൊണ്ടുവരാനുള്ള തങ്ങളുടെ ഭവനം (കൂട്) വികസിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ പതിറ്റാണ്ടുകൾ പെട്ടെന്നു കടന്നുപോകുന്നു. അവർ വാർധക്യം പ്രാപിക്കുന്നു. “പ്രയാസവും ദുഃഖ”വും നിറഞ്ഞ 70-ഓ 80-ഓ വർഷങ്ങൾക്കുമുമ്പോ പിമ്പോ അവർ മരിക്കുന്നു. (സങ്കീർത്തനം 90:9, 10, 12) ഒരു അണ്ണാനെ (അല്ലെങ്കിൽ നിങ്ങളുടെ മനസ്സിലുള്ള മറ്റേതെങ്കിലും മൃഗത്തെ) അടുത്തപ്രാവശ്യം കാണുമ്പോൾ, ഗൗരവസ്വഭാവമുള്ള ഈ വസ്തുതകളെക്കുറിച്ചു നിങ്ങൾ ചിന്തിച്ചേക്കാം.
13. മൃഗങ്ങളുടെയും മനുഷ്യരുടെയും ഗതി എന്താണെന്നു തെളിയുന്നു?
13 ശലോമോൻ ആളുകളുടെ ജീവിതത്തെ മൃഗങ്ങളുടേതിനോടു താരതമ്യപ്പെടുത്തിയത് എന്തുകൊണ്ടെന്നു നിങ്ങൾക്കു കാണാനാകും. അവൻ എഴുതി: “എല്ലാറ്റിനും ഒരു സമയമുണ്ടു . . . ജനിപ്പാൻ ഒരു കാലം; മരിപ്പാൻ ഒരു കാലം.” ആ പിൽക്കാല ഗതി, മരണം, മനുഷ്യർക്കും മൃഗങ്ങൾക്കും ഒരുപോലെയാണ്, “അതു മരിക്കുന്നതുപോലെ അവനും മരിക്കുന്നു.” അവൻ തുടരുന്നു: “എല്ലാം പൊടിയിൽനിന്നുണ്ടായി, എല്ലാം വീണ്ടും പൊടിയായ്തീരുന്നു.”—സഭാപ്രസംഗി 3:1, 2, 19, 20.
14. ചിലർ സാധാരണ ജീവനചക്രത്തിനു മാറ്റം വരുത്താൻ ശ്രമിക്കുന്നതെങ്ങനെ, അതിന്റെ ഫലമോ?
14 യാഥാർഥ്യബോധത്തോടെയുള്ള ഈ വിലയിരുത്തലിനെ നാം നിരാശാജനകമായ ചിന്തയായി കാണണമെന്നില്ല. കൂടുതൽ സമയം ജോലിചെയ്തുകൊണ്ട് മാതാപിതാക്കൾക്കുണ്ടായിരുന്നതിനെക്കാൾ മെച്ചമായ സാമ്പത്തിക സ്ഥിതിവിശേഷം വരുത്താൻ ചിലർ ശ്രമിക്കുന്നുണ്ടെന്നതു ശരിതന്നെ. ഉയർന്ന ജീവിത നിലവാരം ലക്ഷ്യംവെച്ചുകൊണ്ട് അവർ കൂടുതൽ വർഷം വിദ്യാഭ്യാസം ചെയ്തേക്കാം, അങ്ങനെ അവർ ജീവിതത്തെക്കുറിച്ചുള്ള തങ്ങളുടെ ഗ്രാഹ്യത്തിന്റെ വ്യാപ്തി വർധിപ്പിക്കാനും ശ്രമിച്ചേക്കാം. അല്ലെങ്കിൽ മെച്ചമായ ആരോഗ്യത്തിനും അൽപ്പംകൂടി ആയുസ്സ് നീട്ടാനുംവേണ്ടി അവർ വ്യായാമത്തിലോ കർശനമായ ഭക്ഷണക്രമങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിച്ചേക്കാം. ഈ ശ്രമങ്ങൾക്കൊണ്ടു കുറച്ചൊക്കെ പ്രയോജനങ്ങൾ ഉണ്ടായേക്കാം. എന്നാൽ അത്തരം ശ്രമങ്ങൾ വിജയിക്കുമെന്ന് ആർക്കാണ് ഉറപ്പുള്ളത്? ഇനി വിജയിച്ചാൽത്തന്നെ, എത്ര നാളത്തേക്ക്?
15. മിക്കയാളുകളുടെയും ജീവിതത്തെക്കുറിച്ചുള്ള ഏതു തുറന്ന വിലയിരുത്തൽ ഈടുറ്റതാണ്?
15 ശലോമോൻ ചോദിച്ചു: “മായയെ വർദ്ധിപ്പിക്കുന്ന വാക്കു പെരുക്കിയാലും മനുഷ്യന്നു എന്തു ലാഭം? മനുഷ്യന്റെ ജീവിതകാലത്തു, അവൻ നിഴൽപോലെ കഴിച്ചുകൂട്ടുന്ന വ്യർത്ഥമായുള്ള ആയുഷ്കാലത്തൊക്കെയും അവന്നു എന്താകുന്നു നല്ലതു എന്നു ആർക്കറിയാം? അവന്റെ ശേഷം . . . എന്തു സംഭവിക്കും എന്നു മനുഷ്യനോടു ആർ അറിയിക്കും?” (സഭാപ്രസംഗി 6:11, 12) മരണത്തോടെ ഒരു വ്യക്തിയുടെ ശ്രമങ്ങൾ പെട്ടെന്നുതന്നെ നിലയ്ക്കുന്നതുകൊണ്ട്, കൂടുതൽ ഭൗതിക വസ്തുക്കൾ സ്വരുക്കൂട്ടാൻ പെടാപ്പാടുപെടുന്നതിൽ, അല്ലെങ്കിൽ മുഖ്യമായും കൂടുതൽ സമ്പാദിക്കണമെന്ന ലക്ഷ്യത്തിൽ ദീർഘനാൾ വിദ്യാഭ്യാസം ചെയ്യുന്നതിൽ വാസ്തവത്തിൽ കാര്യമായ മെച്ചമുണ്ടോ? നിഴൽപോലെ കടന്നുപോകുന്ന ജീവിതം വളരെ ഹ്രസ്വമായതിനാൽ, പരാജയസാധ്യത മനസ്സിലാക്കുമ്പോൾ മറ്റൊരു മാനുഷിക ലക്ഷ്യത്തിനുവേണ്ടി ശ്രമങ്ങൾ തിരിച്ചുവിടാൻ സമയമില്ലെന്ന് അനേകരും മനസ്സിലാക്കുന്നു. ഒരു മനുഷ്യനും ‘തന്റെ ശേഷം’ തന്റെ മക്കൾക്ക് എന്തു സംഭവിക്കുമെന്ന് ഉറപ്പുണ്ടായിരിക്കാനാവില്ല.
ഒരു നല്ല പേർ ഉണ്ടാക്കാനുള്ള സമയം
16. (എ) മൃഗങ്ങൾക്കു ചെയ്യാൻ അസാധ്യമായ എന്തു നാം ചെയ്യണം? (ബി) വേറെ ഏതു സത്യം നമ്മുടെ ചിന്തയെ സ്വാധീനിക്കണം?
16 മൃഗങ്ങളിൽനിന്നു വ്യത്യസ്തമായി, മനുഷ്യരായ നമുക്കു ഗഹനമായി ഇങ്ങനെ ചിന്തിക്കുന്നതിനുള്ള പ്രാപ്തിയുണ്ട്, ‘എന്റെ അസ്തിത്വത്തിന്റെ അർഥമെന്ത്? അത് ജനിക്കാനും മരിക്കാനുമുള്ള സമയപരിധിയോടെയുള്ള അചഞ്ചലമായ ഒരു പരിവൃത്തിയാണോ?’ ഇക്കാര്യത്തിൽ, മനുഷ്യനെയും മൃഗത്തെയും കുറിച്ചുള്ള ശലോമോന്റെ വാക്കുകളിലെ സത്യം അനുസ്മരിക്കുക: “എല്ലാം [“അവരെല്ലാം,” NW] വീണ്ടും പൊടിയായ്തീരുന്നു.” അതിന്റെ അർഥം മരണത്തോടെ നമ്മുടെ അസ്തിത്വം പൂർണമായും അവസാനിക്കുന്നുവെന്നാണോ? മരണത്തെ അതിജീവിക്കുന്ന ഒരു അമർത്യ ദേഹി മനുഷ്യർക്കില്ലെന്നു ബൈബിൾ പ്രകടമാക്കുന്നു. മനുഷ്യർ ദേഹികളാണ്, പാപംചെയ്യുന്ന ദേഹി മരിക്കും. (യെഹെസ്കേൽ 18:4, 20) ശലോമോൻ ഇങ്ങനെ വിശദീകരിച്ചു: “ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; മേലാൽ അവർക്കു ഒരു പ്രതിഫലവും ഇല്ല; അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ. ചെയ്വാൻ നിനക്കു സംഗതിവരുന്നതൊക്കെയും ശക്തിയോടെ ചെയ്ക; നീ ചെല്ലുന്ന പാതാളത്തിൽ പ്രവൃത്തിയോ സൂത്രമോ, അറിവോ, ജ്ഞാനമോ ഒന്നും ഇല്ല.”—സഭാപ്രസംഗി 9:5, 10.
17. സഭാപ്രസംഗി 7:1, 2 എന്തിനെക്കുറിച്ച് ആഴമായി ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കണം?
17 ഒഴിവാക്കാനാവാത്ത ആ വസ്തുതയുടെ വീക്ഷണത്തിൽ, ഈ പ്രസ്താവന പരിചിന്തിക്കുക: “നല്ല പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം. വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ വിലാപഭവനത്തിൽ പോകുന്നതു നല്ലതു; അതല്ലോ സകലമനുഷ്യരുടെയും അവസാനം; ജീവിച്ചിരിക്കുന്നവൻ അതു ഹൃദയത്തിൽ കരുതിക്കൊള്ളും.” (സഭാപ്രസംഗി 7:1, 2) മരണം “സകലമനുഷ്യരുടെയും അവസാനം” ആണെന്നു നാം സമ്മതിക്കണം. നിത്യജീവൻ കൈവരുത്തുന്ന ഏതെങ്കിലും അമൃത് കഴിക്കാനോ ഏതെങ്കിലും ജീവക മിശ്രിതം കഴിക്കാനോ ഏതെങ്കിലും ഭക്ഷണക്രമം പിൻപറ്റാനോ അല്ലെങ്കിൽ ഏതെങ്കിലും വ്യായാമത്തിൽ ഏർപ്പെടാനോ യാതൊരു മനുഷ്യനും കഴിഞ്ഞിട്ടില്ല. സാധാരണമായി അവരുടെ മരണശേഷം അധികം താമസിയാതെ “അവരെ ഓർമ്മ വിട്ടുപോകുന്നു.” അതിനാൽ പേർ “സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം” ആയിരിക്കുന്നതെന്തുകൊണ്ട്?
18. ശലോമോൻ പുനരുത്ഥാനത്തിൽ വിശ്വസിച്ചിരുന്നതായി നമുക്ക് ഉറപ്പുള്ളതെന്തുകൊണ്ട്?
18 നേരത്തേ കണ്ടതുപോലെ, ശലോമോൻ യാഥാർഥ്യബോധമുള്ളവനായിരുന്നു. നമ്മുടെ സ്രഷ്ടാവുമായി തീർച്ചയായും നല്ല പേർ ഉണ്ടാക്കിയ തന്റെ പൂർവികരായ അബ്രാഹാം, ഇസ്ഹാക്ക്, യാക്കോബ് എന്നിവരെക്കുറിച്ചെല്ലാം അവന് അറിയാമായിരുന്നു. അബ്രാഹാമിനോടുള്ള നല്ല പരിചയംനിമിത്തം, യഹോവയാം ദൈവം അവനെയും അവന്റെ സന്തതിയെയും അനുഗ്രഹിക്കുമെന്നു വാഗ്ദാനം ചെയ്തു. (ഉല്പത്തി 18:18, 19; 22:17) അതേ, അബ്രാഹാം ദൈവത്തിന്റെ സുഹൃത്തായിത്തീർന്നുകൊണ്ട് ദൈവവുമായി നല്ലൊരു പേർ ഉണ്ടാക്കിയിരുന്നു. (2 ദിനവൃത്താന്തം 20:7; യെശയ്യാവു 41:8; യാക്കോബ് 2:23) തന്റെയും തന്റെ പുത്രന്റെയും ജീവിതം അന്തമില്ലാത്ത ജനനമരണപരിവൃത്തിയുടെ ഭാഗമല്ലെന്ന് അബ്രാഹാമിന് അറിയാമായിരുന്നു. നിശ്ചയമായും അതിന് അതിലും വലിയ ഉദ്ദേശ്യമുണ്ടായിരുന്നു. വീണ്ടും ജീവിക്കാമെന്ന കാര്യത്തിൽ അവർക്ക് ഉറപ്പുള്ള പ്രതീക്ഷയുണ്ടായിരുന്നു. അത് അവർക്ക് ഒരു അമർത്യ ദേഹി ഉണ്ടായിരുന്നതുകൊണ്ടല്ല, പ്രത്യുത, അവർ ഉയിർപ്പിക്കപ്പെടുമെന്നതുകൊണ്ടായിരുന്നു. “മരിച്ചവരുടെ ഇടയിൽനിന്നു [ഇസ്ഹാക്കിനെ] ഉയിർപ്പിപ്പാൻ ദൈവം ശക്തൻ” എന്ന് അബ്രാഹാമിനു ബോധ്യമുണ്ടായിരുന്നു.—എബ്രായർ 11:17-19.
19. സഭാപ്രസംഗി 7:1-ന്റെ അർഥം സംബന്ധിച്ച് ഇയ്യോബിൽനിന്നു നമുക്ക് എന്ത് ഉൾക്കാഴ്ച നേടാനാകും?
19 “നല്ല പേർ സുഗന്ധതൈലത്തെക്കാളും മരണദിവസം ജനനദിവസത്തെക്കാളും ഉത്തമം” ആയിരിക്കുന്നത് എങ്ങനെയെന്നു മനസ്സിലാക്കുന്നതിനുള്ള ഒരു മുഖ്യഘടകമാണ് അത്. തനിക്കു മുമ്പു ജീവിച്ചിരുന്ന ഇയ്യോബിനെപ്പോലെ, മനുഷ്യജീവൻ സൃഷ്ടിച്ചവന് അതു വീണ്ടെടുക്കാനാകും എന്ന ബോധ്യം ശലോമോനുണ്ടായിരുന്നു. അവനു മരിച്ച വ്യക്തികളെ ജീവനിലേക്കു തിരികെക്കൊണ്ടുവരാനാകും. (ഇയ്യോബ് 14:7-14) വിശ്വസ്തനായ ഇയ്യോബ് പറഞ്ഞു: “നീ [യഹോവ] വിളിക്കും; ഞാൻ നിന്നോടു ഉത്തരം പറയും; നിന്റെ കൈവേലയോടു നിനക്കു താല്പര്യമുണ്ടാകും [“ഒരു വാഞ്ഛ ഉണ്ടായിരിക്കും,” NW].” (ഇയ്യോബ് 14:15) അതിനെക്കുറിച്ചു ചിന്തിക്കുക! മരിച്ചുപോയ തന്റെ വിശ്വസ്ത ദാസന്മാർക്കായി നമ്മുടെ സ്രഷ്ടാവിന് “ഒരു വാഞ്ഛ”യുണ്ട്. (“നിന്റെ കരങ്ങളുടെ വേല ഒരിക്കൽക്കൂടെ കാണാൻ നീ ആഗ്രഹിക്കും.”—ദ ജെറുസലേം ബൈബിൾ) യേശുക്രിസ്തുവിന്റെ മറുവിലയാഗം ബാധകമാക്കിക്കൊണ്ട്, സ്രഷ്ടാവിനു മനുഷ്യരെ ഉയിർപ്പിക്കാനാകും. (യോഹന്നാൻ 3:16; പ്രവൃത്തികൾ 24:15) വ്യക്തമായും, ചാകുന്ന മൃഗങ്ങളിൽനിന്നു മനുഷ്യർക്കു വ്യത്യാസമുണ്ട്.
20. (എ) മരണദിവസം ജനനദിവസത്തെക്കാൾ മെച്ചമാകുന്നതെപ്പോൾ? (ബി) ലാസറിന്റെ പുനരുത്ഥാനം അനേകരെയും എങ്ങനെ സ്വാധീനിച്ചിരിക്കാം?
20 ഇതിനർഥം മരിക്കുന്ന വിശ്വസ്തനെ പുനരുത്ഥാനത്തിലേക്കു കൊണ്ടുവരാൻ കഴിയുന്നവനായ യഹോവയുമായി ഒരുവൻ ഒരു നല്ല പേർ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, അവന്റെ മരണദിവസം ജനനദിവസത്തെക്കാൾ മെച്ചമായിരിക്കുമെന്നാണ്. വലിയ ശലോമോനായ യേശുക്രിസ്തു അതു തെളിയിക്കുകയുണ്ടായി. ഉദാഹരണത്തിന്, അവൻ വിശ്വസ്ത മനുഷ്യനായ ലാസറിനെ ജീവനിലേക്കു തിരികെ കൊണ്ടുവന്നു. (ലൂക്കൊസ് 11:31; യോഹന്നാൻ 11:1-44) നിങ്ങൾക്കു വിഭാവന ചെയ്യാൻ കഴിയുന്നതുപോലെ, ലാസറിനെ ജീവനിലേക്കു തിരികെ കൊണ്ടുവന്നതിനു സാക്ഷ്യംവഹിച്ച അനേകരുടെമേലും അതിനു കാര്യമായ സ്വാധീനമുണ്ടായി. അവർ ദൈവപുത്രനിൽ വിശ്വാസമർപ്പിച്ചു. (യോഹന്നാൻ 11:45) തങ്ങൾ ആർ, എങ്ങോട്ടു പോകുന്നു എന്നതിനെക്കുറിച്ചെല്ലാം യാതൊരു വിവരവുമില്ലാതെ, അവർക്കു ജീവിതത്തിന് ഉദ്ദേശ്യമില്ലെന്നു തോന്നിയെന്നു നിങ്ങൾ വിചാരിക്കുന്നുണ്ടോ? നേരേമറിച്ച്, തങ്ങൾ ജനിച്ച്, കുറെ നാൾ ജീവിച്ച്, പിന്നെ മരിച്ചുപോകുന്ന മൃഗങ്ങൾ ആയിരിക്കേണ്ടതില്ലെന്ന് അവർക്കു കാണാൻ കഴിഞ്ഞു. ജീവിതത്തിൽ അവർക്കുണ്ടായിരുന്ന ഉദ്ദേശ്യം, അവർ യേശുവിന്റെ പിതാവിനെ അറിഞ്ഞ് അവന്റെ ഹിതം നിവർത്തിക്കുന്നതുമായി നേരിട്ടും ദൃഢമായും ബന്ധപ്പെട്ടിരുന്നു. നിങ്ങളുടെ കാര്യമോ? നിങ്ങളുടെ ജീവിതത്തിന് എങ്ങനെ യഥാർഥ ഉദ്ദേശ്യം ഉണ്ടായിരിക്കാമെന്നും ഉണ്ടായിരിക്കണമെന്നും കാണാൻ, അല്ലെങ്കിൽ കൂടുതൽ വ്യക്തമായി കാണാൻ ഈ ചർച്ച നിങ്ങളെ സഹായിച്ചിട്ടുണ്ടോ?
21. നമ്മുടെ ജീവിതത്തിന്റെ അർഥം കണ്ടെത്തുന്നതിന്റെ ഏതു വശമാണു നാം ഇനിയും പരിശോധിക്കാനാഗ്രഹിക്കുന്നത്?
21 എങ്കിലും, ജീവിതത്തിൽ യഥാർഥവും അർഥവത്തുമായ ഉദ്ദേശ്യമുണ്ടായിരിക്കുകയെന്നാൽ മരണത്തെയും അതിനുശേഷം വീണ്ടും ജീവിക്കുന്നതിനെയും കുറിച്ചു ചിന്തിക്കുന്നതിനെക്കാൾ അധികം അർഥമാക്കുന്നുണ്ട്. ദൈനംദിന അടിസ്ഥാനത്തിൽ നാം നമ്മുടെ ജീവിതംകൊണ്ട് എന്തു ചെയ്യുന്നു എന്നതും അതിലുൾപ്പെടുന്നു. അടുത്ത ലേഖനത്തിൽ നാം കാണുന്നതുപോലെ, ശലോമോൻ അതും സഭാപ്രസംഗിയിൽ വ്യക്തമാക്കി.
[അടിക്കുറിപ്പുകൾ]
a “ശെബാരാജ്ഞിയെക്കുറിച്ചുള്ള വിവരണം ശലോമോന്റെ ജ്ഞാനം എടുത്തുകാണിക്കുന്നു. പ്രസ്തുത കഥയെ മിക്കപ്പോഴും ഐതിഹ്യം എന്നു വിശേഷിപ്പിച്ചിട്ടുണ്ട്. (1 രാ. 10:1-13) വാസ്തവത്തിൽ വാണിജ്യസംബന്ധമായാണ് അവർ ശലോമോനെ സന്ദർശിച്ചതെന്നു സന്ദർഭം സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ ഗ്രഹിക്കാനാകാത്ത ഒന്നല്ല അത്; അതിന്റെ ചരിത്രപരതയെ സംശയിക്കേണ്ടതില്ല.”—ദി ഇൻറർനാഷണൽ സ്റ്റാൻഡേഡ് ബൈബിൾ എൻസൈക്ലോപീഡിയ (1988), വാല്യം IV, പേജ് 567.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ ഏതെല്ലാം വിധങ്ങളിലാണു മൃഗങ്ങൾക്കും മനുഷ്യർക്കും സാദൃശ്യമുള്ളത്?
◻ മനുഷ്യ ശ്രമവും പ്രവർത്തനവും ഏറിയപങ്കും പാഴ്വേലയാണെന്നു മരണം പ്രദീപ്തമാക്കുന്നതെങ്ങനെ?
◻ മരണദിവസം ജനനദിവസത്തെക്കാൾ മെച്ചമായിരിക്കാവുന്നതെങ്ങനെ?
◻ നമ്മുടെ ജീവിതത്തിന് അർഥവത്തായ ഉദ്ദേശ്യമുണ്ടായിരിക്കുന്നത് ഏതു ബന്ധത്തെ ആശ്രയിച്ചിരിക്കുന്നു?
[10-ാം പേജിലെ ചിത്രം]
നിങ്ങളുടെ ജീവിതം മൃഗങ്ങളുടേതിൽനിന്നു ശ്രദ്ധേയമാംവിധം വ്യത്യാസപ്പെട്ടിരിക്കുന്നതെങ്ങനെ?