‘മനുഷ്യന്റെ മുഴു കടപ്പാട്’
“സത്യദൈവത്തെ ഭയപ്പെടുകയും അവന്റെ കൽപ്പനകൾ പാലിക്കുകയും ചെയ്യുക. എന്തെന്നാൽ മനുഷ്യന്റെ മുഴു കടപ്പാടും ഇതാണ്.”—സഭാപ്രസംഗി 12:13, NW.
1, 2. ദൈവത്തോടുള്ള നമ്മുടെ കടപ്പാടിനെക്കുറിച്ചു പരിചിന്തിക്കുന്നത് ഉചിതമായിരിക്കുന്നതെന്തുകൊണ്ട്?
“എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത്?” ഒരു പുരാതന പ്രവാചകൻ ആ ചോദ്യം ഉന്നയിച്ചു. എന്നിട്ട് യഹോവ എന്താണ് ആവശ്യപ്പെടുന്നതെന്ന് അവൻ വ്യക്തമാക്കി—നീതിയും സ്നേഹദയയും പ്രകടമാക്കി ദൈവത്തോടൊപ്പം താഴ്മയോടെ നടക്കുക.—മീഖാ 6:8.
2 വ്യക്തിത്വബോധത്തിനും സ്വാതന്ത്ര്യത്തിനും മുൻതൂക്കം കൽപ്പിക്കുന്ന ഈ നാളിൽ, തങ്ങളിൽനിന്നു ദൈവം എന്തോ ആവശ്യപ്പെടുന്നുണ്ടെന്ന ആശയം അനേകർക്കും അത്ര രസിക്കുകയില്ല. കടപ്പാടുള്ളവരായിരിക്കാൻ അവർ ആഗ്രഹിക്കുന്നില്ല. എന്നാൽ സഭാപ്രസംഗിയിൽ ശലോമോൻ എത്തിച്ചേർന്ന നിഗമനമോ? “എല്ലാം കേട്ടതിനുശേഷം സംഗതിയുടെ സാരം ഇതാണ്: സത്യദൈവത്തെ ഭയപ്പെടുകയും അവന്റെ കൽപ്പനകൾ പാലിക്കുകയും ചെയ്യുക. എന്തെന്നാൽ മനുഷ്യന്റെ മുഴു കടപ്പാടും ഇതാണ്.”—സഭാപ്രസംഗി 12:13, NW.
3. സഭാപ്രസംഗി എന്ന പുസ്തകത്തിനു നാം ഗൗരവമായ ചിന്ത കൊടുക്കേണ്ടത് എന്തുകൊണ്ട്?
3 നമ്മുടെ സാഹചര്യവും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും എന്തുതന്നെയായാലും, ആ നിഗമനത്തിന്റെ പശ്ചാത്തലം പരിചിന്തിക്കുന്നെങ്കിൽ, നമുക്കു കാര്യമായ പ്രയോജനമുണ്ട്. ഈ നിശ്വസ്ത പുസ്തകത്തിന്റെ എഴുത്തുകാരനായ ശലോമോൻ പരിചിന്തിച്ച ചില സംഗതികൾ നമ്മുടെ അനുദിന ജീവിതത്തിന്റെയും ഭാഗമാണ്. അവന്റെ അപഗ്രഥനം അടിസ്ഥാനപരമായി നിഷേധാത്മകമാണെന്നു നിഗമനം ചെയ്യാൻ ചിലർ തിടുക്കംകൂട്ടിയേക്കാം. എന്നിരുന്നാലും അതു ദിവ്യനിശ്വസ്തമാണ്. നമ്മുടെ പ്രവർത്തനങ്ങളെയും മുൻഗണനകളെയും വിലയിരുത്താൻ അതു നമ്മെ സഹായിക്കും. നമ്മുടെ സന്തോഷം വർധിക്കുമെന്നതാണ് അതിന്റെ ഫലം.
ജീവിതത്തിലെ മുഖ്യതാത്പര്യങ്ങൾ പിൻപറ്റൽ
4. സഭാപ്രസംഗിയിൽ ശലോമോൻ എന്തു പരിശോധിച്ചു ചർച്ചചെയ്യുന്നു?
4 ശലോമോൻ ‘മനുഷ്യമക്കളുടെ ജോലി’ ഗഹനമായി പരിശോധിച്ചു. “ആകാശത്തിൻ കീഴ് സംഭവിക്കുന്നതെല്ലാം ജ്ഞാനത്തോടെ ആരാഞ്ഞറിയാൻ ഞാൻ പരിശ്രമിച്ചു.” “ജോലി” എന്നതിനാൽ ശലോമോൻ അർഥമാക്കിയത് അവശ്യം തൊഴിൽ എന്നല്ല, മറിച്ച് സ്ത്രീപുരുഷന്മാർ തങ്ങളുടെ ആയുഷ്കാലത്ത് ഏതെല്ലാം ജീവിതവൃത്തികളിൽ ഏർപ്പെടുന്നുവോ അതിന്റെയെല്ലാം ആകെത്തുകയാണ്. (സഭാപ്രസംഗി 1:13, പി.ഒ.സി. ബൈബിൾ) നമുക്കു ചില മുഖ്യ താത്പര്യങ്ങളെ, അഥവാ ജീവിതവൃത്തികളെക്കുറിച്ചു ചിന്തിച്ച് അവയെ നമ്മുടെ സ്വന്തം പ്രവർത്തനങ്ങളും മുൻഗണനകളുമായി താരതമ്യം ചെയ്യാം.
5. മനുഷ്യരുടെ മുഖ്യ ജീവിതവൃത്തികളിലൊന്ന് ഏത്?
5 തീർച്ചയായും മനുഷ്യന്റെ മിക്ക താത്പര്യങ്ങളും പ്രവർത്തനങ്ങളും ധനത്തെ കേന്ദ്രീകരിച്ചാണ്. സമ്പന്നരായ ചിലർ ധനത്തോടു കാട്ടുന്ന തണുപ്പൻ മനോഭാവംതന്നെയാണു ശലോമോനും ഉണ്ടായിരുന്നത് എന്നു ന്യായയുക്തമായി ആർക്കും പറയാനാവില്ല. ധനം കുറച്ചൊക്കെ ആവശ്യമാണെന്നത് അവൻ നിസ്സങ്കോചം അംഗീകരിച്ചു; ദാരിദ്ര്യത്താൽ വലഞ്ഞൊരു ജീവിതം നയിക്കുന്നതിനെക്കാൾ നല്ലത് വേണ്ടത്ര സമ്പത്ത് ഉണ്ടായിരിക്കുന്നതാണ്. (സഭാപ്രസംഗി 7:11, 12) എന്നാൽ ധനത്തിനു വസ്തുവകകൾ ഉണ്ടാക്കാനാകുന്നതുകൊണ്ട്, സാധുക്കളുടെയും സമ്പന്നരുടെയും ജീവിതത്തിൽ ധനം മുഖ്യലക്ഷ്യം ആയിത്തീരുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാകും.
6. യേശുവിന്റെ ഒരു ദൃഷ്ടാന്തത്തിൽനിന്നും ശലോമോന്റെ സ്വന്തം അനുഭവത്തിൽനിന്നും നമുക്കു ധനത്തെക്കുറിച്ച് എന്തു പഠിക്കാം?
6 ഒരിക്കലും തൃപ്തിവരാതെ, അധികമധികം സമ്പാദിക്കാനായി ജോലിചെയ്ത ധനികനായ ഒരു മനുഷ്യനെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം അനുസ്മരിക്കുക. ദൈവം അവനെ ന്യായബോധമില്ലാത്തവനായി വിധിച്ചു. എന്തുകൊണ്ട്? എന്തെന്നാൽ ‘നമ്മുടെ വസ്തുവകയല്ല നമ്മുടെ ജീവന് ആധാരം.’ (ലൂക്കൊസ് 12:15-21) സാധ്യതയനുസരിച്ചു നമ്മെക്കാൾ വലിയ അനുഭവസമ്പത്തുള്ള ശലോമോന്റെ അനുഭവം യേശുവിന്റെ വാക്കുകൾ സ്ഥിരീകരിക്കുകയാണ്. സഭാപ്രസംഗി 2:4-9-ലെ വിവരണം വായിക്കുക. കുറച്ചുകാലം ധനസമ്പാദനത്തിനായി ശലോമോൻതന്നെയും പ്രവർത്തിച്ചിരുന്നു. അവൻ രമ്യഹർമ്യങ്ങളും പൂന്തോട്ടങ്ങളും നിർമിച്ചു. സുന്ദരികളായ തോഴിമാരെ കൊണ്ടുവന്ന് പോറ്റിപ്പുലർത്താൻ അവനു കഴിഞ്ഞു. ധനവും അതുകൊണ്ട് അവനു നേടാനായ സംഗതികളും, ആഴമായ സംതൃപ്തിയും യഥാർഥ നേട്ടം കൈവരിച്ചുവെന്ന ബോധ്യവും ജീവിതത്തിന് അർഥവും അവനു പ്രദാനം ചെയ്തുവോ? അവൻ ആത്മാർഥമായി ഉത്തരം പറയുന്നു: “ഞാൻ എന്റെ കൈകളുടെ സകലപ്രവൃത്തികളെയും ഞാൻ ചെയ്വാൻ ശ്രമിച്ച സകലപരിശ്രമങ്ങളെയും നോക്കി; എല്ലാം മായയും വൃഥാപ്രയത്നവും അത്രേ; സൂര്യന്റെ കീഴിൽ യാതൊരു ലാഭവും ഇല്ല എന്നു കണ്ടു.”—സഭാപ്രസംഗി 2:11; 4:8.
7. (എ) ധനത്തിന്റെ മൂല്യം സംബന്ധിച്ച് അനുഭവം എന്തു തെളിയിക്കുന്നു? (ബി) ശലോമോന്റെ നിഗമനത്തെ സ്ഥിരീകരിക്കുന്ന എന്തു നിങ്ങൾ വ്യക്തിപരമായി കണ്ടിരിക്കുന്നു?
7 അതിൽ യാഥാർഥ്യബോധമുണ്ട്. അനേകരുടെയും ജീവിതത്തിൽ അതു സത്യമാണെന്നു തെളിഞ്ഞിട്ടുമുണ്ട്. കൂടുതൽ ധനമുണ്ടെന്നുവെച്ച് അത് എല്ലാ പ്രശ്നങ്ങളും പരിഹരിക്കുകയില്ലെന്നു നാം സമ്മതിക്കണം. അതുണ്ടെങ്കിൽ ചില പ്രശ്നങ്ങൾ എളുപ്പം പരിഹരിക്കാം. ഭക്ഷണവസ്ത്രാദികാര്യങ്ങളുടേതു പോലുള്ളവ അക്കൂട്ടത്തിൽപ്പെടും. എന്നാൽ ഒരു സമയത്ത് ഒരു ഷർട്ടു ധരിക്കാനും നിശ്ചിത അളവ് ഭക്ഷണപാനീയങ്ങൾ ആസ്വദിക്കാനും മാത്രമല്ലേ സാധിക്കൂ. വിവാഹമോചനം, മദ്യപാനം, മയക്കുമരുന്നു ദുരുപയോഗം, കുടുംബ വഴക്ക് എന്നിവയാൽ യാതന അനുഭവിക്കുന്ന ധനികരെക്കുറിച്ചു നിങ്ങൾ കേട്ടിരിക്കും. കോടീശ്വരനായ ജെ. പി. ഗെറ്റി പ്രസ്താവിച്ചു: “പണത്തിനു സന്തുഷ്ടിയുമായി എന്തെങ്കിലും ബന്ധമുണ്ടാകണമെന്നില്ല. ചിലപ്പോൾ അസന്തുഷ്ടിയുമായാകാം.” അതുകൊണ്ടുതന്നെ വെള്ളിപ്രിയം പ്രയോജനരഹിതമാണെന്നു ശലോമോൻ പറഞ്ഞു. ആ വസ്തുതയെ ശലോമോന്റെ ഈ നിരീക്ഷണവുമായി വിപരീതതാരതമ്യം ചെയ്യുക: “വേലചെയ്യുന്ന മനുഷ്യൻ അല്പമോ അധികമോ ഭക്ഷിച്ചാലും അവന്റെ ഉറക്കം സുഖകരമാകുന്നു; ധനവാന്റെ സമൃദ്ധിയോ അവനെ ഉറങ്ങുവാൻ സമ്മതിക്കുന്നില്ല.”—സഭാപ്രസംഗി 5:10-12.
8. ധനത്തിന്റെ പ്രാധാന്യത്തെ പെരുപ്പിച്ചുകാണാതിരിക്കാൻ എന്തു കാരണമുണ്ട്?
8 ധനവും സമ്പാദ്യങ്ങളും ഭാവിയെ സംബന്ധിച്ച് സുരക്ഷിതത്വബോധം കൈവരുത്തുന്നില്ല. നിങ്ങൾക്കു കൂടുതൽ ധനവും സമ്പാദ്യങ്ങളും ഉണ്ടെങ്കിൽ, നിങ്ങൾക്ക് അവയെ സംരക്ഷിക്കുന്നതോർത്തുള്ള കൂടുതലായ വേവലാതിയായിരിക്കും. നാളെ എന്തു സംഭവിക്കുമെന്നു നിങ്ങൾക്ക് അപ്പോഴും അറിയില്ല. നിങ്ങളുടെ ജീവനോടൊപ്പം അവയും നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടോ? (സഭാപ്രസംഗി 5:13-17; 9:11, 12) സംഗതി അങ്ങനെയായതിനാൽ, നമ്മുടെ ജീവിതത്തിനോ ജോലിക്കോ ധനത്തെക്കാളും സമ്പാദ്യങ്ങളെക്കാളും കൂടുതൽ ശ്രേഷ്ഠമായ, കൂടുതൽ നിലനിൽക്കുന്ന അർഥം ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ടെന്നു മനസ്സിലാക്കുക പ്രയാസകരമല്ല.
കുടുംബം, പ്രശസ്തി, അധികാരം
9. ശലോമോന്റെ പരിശോധനയിൽ ഉചിതമായിത്തന്നെ കുടുംബജീവിതവും വന്നിരിക്കുന്നതെന്തുകൊണ്ട്?
9 ജീവിതത്തെക്കുറിച്ചുള്ള ശലോമോന്റെ അപഗ്രഥനത്തിൽ കുടുംബത്തിന്റെ കാര്യത്തിലുള്ള ദത്തശ്രദ്ധയും ഉൾപ്പെടുന്നുണ്ട്. കുട്ടികളെ ഉളവാക്കി വളർത്തിക്കൊണ്ടുവരുന്നതിലെ സന്തോഷം ഉൾപ്പെടെയുള്ള കുടുംബജീവിതത്തെക്കുറിച്ചും ബൈബിൾ പ്രതിപാദിക്കുന്നുണ്ട്. (ഉല്പത്തി 2:22-24; സങ്കീർത്തനം 127:3-5; സദൃശവാക്യങ്ങൾ 5:15, 18-20; 6:20; മർക്കൊസ് 10:6-9; എഫെസ്യർ 5:22-33) എങ്കിലും, ജീവിതത്തിൽ അതാണോ ആത്യന്തിക സംഗതി? വിവാഹം, കുട്ടികൾ, കുടുംബബന്ധങ്ങൾ എന്നിവയ്ക്കു ചില സംസ്കാരങ്ങൾ കൊടുക്കുന്ന പ്രാധാന്യം നോക്കിയാൽ അനേകരും അങ്ങനെ ചിന്തിക്കുന്നതായി തോന്നും. എങ്കിലും നൂറു മക്കൾ ഉണ്ടായാൽപ്പോലും അതു ജീവിതത്തിലെ സംതൃപ്തിക്കുള്ള താക്കോൽ അല്ലെന്നു സഭാപ്രസംഗി 6:3 പ്രകടമാക്കുന്നു. മക്കൾക്കു നല്ലൊരു ജീവിതം ഉണ്ടാക്കിക്കൊടുത്ത് അവരുടെ ജീവിതം സുഗമമാക്കാൻ അനേകം മാതാപിതാക്കളും എത്രമാത്രം ത്യാഗങ്ങൾ ചെയ്തിരിക്കുന്നുവെന്നു വിഭാവന ചെയ്യുക. അതു ശ്രേഷ്ഠമാണെങ്കിലും നമ്മുടെ ജീവിതത്തിന്റെ പ്രധാന ലക്ഷ്യം, മൃഗങ്ങൾ സഹജവാസനയിൽ വർഗം നിലനിന്നുപോകാൻ ചെയ്യുന്നതുപോലെ, കേവലം അടുത്ത തലമുറയ്ക്കു ജീവൻ കൈമാറുക എന്നതാണെന്നു തീർച്ചയായും നമ്മുടെ സ്രഷ്ടാവ് ഉദ്ദേശിച്ചില്ല.
10. കുടുംബത്തിന് അമിതശ്രദ്ധ കൊടുക്കുന്നത് പാഴ്വേലയാണെന്നു തെളിഞ്ഞേക്കാവുന്നത് എന്തുകൊണ്ട്?
10 ശലോമോൻ കുടുംബജീവിതത്തിന്റെ ചില യാഥാർഥ്യങ്ങൾ ഉൾക്കാഴ്ചയോടെ അവതരിപ്പിച്ചു. ഉദാഹരണത്തിന്, ഒരുവന്റെ മുഴുശ്രദ്ധയും തന്റെ മക്കൾക്കും കൊച്ചുമക്കൾക്കും വേണ്ടി കരുതുന്നതിലാകാം. എന്നാൽ അവർ ജ്ഞാനികളാണെന്നു തെളിയുമോ? അവൻ അവർക്കുവേണ്ടി പാടുപെട്ടു സ്വരുക്കൂട്ടിയത് അവർ ഭോഷത്തപൂർവം കൈകാര്യം ചെയ്യുമോ? ഒടുവിൽ പറഞ്ഞതാണു സംഭവിക്കുന്നതെങ്കിൽ, അതെന്തൊരു “പാഴ്വേലയും വൻദുരന്തവും” ആയിരിക്കും!—സഭാപ്രസംഗി 2:18-21, NW; 1 രാജാക്കന്മാർ 12:8; 2 ദിനവൃത്താന്തം 12:1-4, 9.
11, 12. (എ) ജീവിതത്തിൽ ഏതെല്ലാം അനുധാവനങ്ങളിലാണു ചിലർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്? (ബി) പ്രാമുഖ്യത തേടൽ “കാറ്റിനു പിന്നാലെയുള്ള പാച്ചൽ” ആണെന്നു പറയാവുന്നതെന്തുകൊണ്ട്?
11 ഇതിനു നേർവിപരീതം പ്രവർത്തിക്കുന്ന അനേകരുമുണ്ട്. പ്രശസ്തിയോ മറ്റുള്ളവരുടെമേൽ അധികാരമോ നേടാനുള്ള ദൃഢനിശ്ചയത്തിൽ സാധാരണ കുടുംബജീവിതത്തെ അവർ അപ്രധാനമായി വീക്ഷിക്കുന്നു. സാധാരണമായി പുരുഷന്മാരിലായിരിക്കാം ഈ പിഴവ് കാണുക. നിങ്ങളുടെ സഹപാഠികളിലോ സഹജോലിക്കാരിലോ അയൽക്കാരിലോ നിങ്ങൾ ഈ പ്രവണത കണ്ടിട്ടുണ്ടോ? മറ്റുള്ളവരുടെ ശ്രദ്ധപിടിച്ചുപറ്റുന്നതിനോ താൻ വലിയ ആളാണെന്നു കാട്ടുന്നതിനോ മറ്റുള്ളവരുടെമേൽ അധികാരം പ്രയോഗിക്കുന്നതിനോ അനേകരും കിണഞ്ഞുപരിശ്രമിക്കുന്നു. എന്നാൽ യഥാർഥത്തിൽ ഇതിലെന്ത് അർഥമാണുള്ളത്?
12 ചെറിയ തോതിലോ വലിയ തോതിലോ ചിലർ പ്രശസ്തരായിത്തീരാൻ പാടുപെടുന്നതെങ്ങനെയെന്നു ചിന്തിക്കുക. നാം അതു സ്കൂളിലും അയൽപക്കത്തും വ്യത്യസ്ത സാമൂഹിക കൂട്ടങ്ങളിലും കാണുന്നു. അതുതന്നെയാണ് കല, വിനോദം, രാഷ്ട്രീയം എന്നീ മേഖലകളിൽ പ്രശസ്തരാകാൻ ആഗ്രഹിക്കുന്നവരിലെ ശക്തമായ പ്രേരകഘടകവും. എങ്കിലും അത് അടിസ്ഥാനപരമായി ഒരു പാഴ്വേലയല്ലേ? ശലോമോൻ അതിനെ ശരിയായിത്തന്നെ “കാറ്റിനു പിന്നാലെയുള്ള പാച്ചൽ” എന്നു വിളിച്ചു. (സഭാപ്രസംഗി 4:4, NW) ഒരു ക്ലബ്ബിലോ കായികസംഘത്തിലോ സംഗീതഗ്രൂപ്പിലോ ഒരു യുവാവ് തിളങ്ങിയേക്കാം, അല്ലെങ്കിൽ ഒരു സ്ത്രീയോ പുരുഷനോ ഒരു കമ്പനിയിലോ സമുദായത്തിലോ പ്രശസ്തി നേടിയേക്കാം. എന്നാൽ വാസ്തവത്തിൽ എത്ര പേർക്ക് അതിനെക്കുറിച്ച് അറിവുണ്ടായിരിക്കും? അത്തരമൊരു വ്യക്തി ജീവിക്കുന്നുണ്ടെന്നു ഭൂഗോളത്തിന്റെ മറുഭാഗത്തുള്ള (അല്ലെങ്കിൽ അതേ രാജ്യത്തുതന്നെയുള്ള) മിക്കയാളുകൾക്കും അറിവുണ്ടായിരിക്കുമോ? അല്ലെങ്കിൽ അവർ ജീവിക്കുന്നത് അയാളുടെയോ അവളുടെയോ ആ നാമമാത്ര പ്രശസ്തിയെക്കുറിച്ച് തീർത്തും അജ്ഞരായിട്ടാണോ? ഒരു വ്യക്തി തൊഴിലിലോ പട്ടണത്തിലോ സമൂഹത്തിലോ നേടിയേക്കാവുന്ന ഏതൊരു സ്ഥാനത്തെയും അധികാരത്തെയും കുറിച്ചും അതുതന്നെ പറയാം.
13. (എ) പ്രാമുഖ്യതയ്ക്കോ അധികാരത്തിനോ പിന്നാലെയുള്ള പാച്ചൽ സംബന്ധിച്ച് ഉചിതമായ കാഴ്ചപ്പാട് ഉണ്ടായിരിക്കാൻ സഭാപ്രസംഗി 9:4, 5 നമ്മെ സഹായിക്കുന്നതെങ്ങനെ? (ബി) ജീവിതം ഇത്രമാത്രമേ ഉള്ളുവെങ്കിൽ നാം ഏതു വസ്തുതകളെ നേരിടണം? (അടിക്കുറിപ്പു കാണുക.)
13 അത്തരം പ്രാമുഖ്യതയ്ക്കോ അധികാരത്തിനോ അവസാനം എന്തു സംഭവിക്കും? ഒരു തലമുറ പോയി മറ്റൊന്നു വരുന്നതുപോലെ, പ്രാമുഖ്യതയുള്ളവരും അധികാരമുള്ളവരും രംഗമൊഴിയുന്നു. പിന്നെ വിസ്മൃതിയിൽ മറയുന്നു. കെട്ടിടനിർമാതാക്കൾ, സംഗീതജ്ഞർ, മറ്റു കലാകാരന്മാർ, സാമൂഹിക പരിഷ്കർത്താക്കൾ എന്നിവരുടെയും കൂടാതെ മിക്ക രാഷ്ട്രീയക്കാരുടെയും സൈനിക നേതാക്കന്മാരുടെയും കാര്യത്തിൽ സംഭവിക്കുന്നതും അതുതന്നെ. 1700-നും 1800-നുമിടയ്ക്കുള്ള വർഷങ്ങളിൽ അത്തരം ജീവിതവൃത്തികളിൽ ഏർപ്പെട്ടിരുന്ന എത്ര വ്യക്തികളെ നിങ്ങൾക്കറിയാം? ശലോമോൻ സംഗതികളെ ശരിയായിത്തന്നെ വിലയിരുത്തി. അവൻ പറഞ്ഞു: “ചത്ത സിംഹത്തെക്കാൾ ജീവനുള്ള നായ് നല്ലതല്ലോ. ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കും എന്നറിയുന്നു; മരിച്ചവരോ ഒന്നും അറിയുന്നില്ല; . . . അവരെ ഓർമ്മ വിട്ടുപോകുന്നുവല്ലോ.” (സഭാപ്രസംഗി 9:4, 5) ജീവിതം ഇത്രമാത്രമേ ഉള്ളുവെങ്കിൽ, പ്രാമുഖ്യതയ്ക്കും അധികാരത്തിനും പിന്നാലെയുള്ള പാച്ചൽ ശരിക്കും പാഴ്വേല തന്നെ.a
നമ്മുടെ ശ്രദ്ധാകേന്ദ്രവും കടപ്പാടും
14. സഭാപ്രസംഗി എന്ന പുസ്തകം നമ്മെ വ്യക്തിപരമായി സഹായിക്കേണ്ടത് എന്തുകൊണ്ട്?
14 മനുഷ്യർ ശ്രദ്ധകേന്ദ്രീകരിക്കുന്ന അനവധി പ്രവർത്തനങ്ങളെയും ലക്ഷ്യങ്ങളെയും സുഖങ്ങളെയും കുറിച്ച് ശലോമോൻ പരാമർശിച്ചില്ല. എങ്കിലും അവൻ എഴുതിയത് മതിയായതുതന്നെ. പുസ്തകത്തെക്കുറിച്ചുള്ള നമ്മുടെ പരിചിന്തനം നിരാശാജനകമോ നിഷേധാത്മകമോ ആയിരിക്കണമെന്നില്ല, കാരണം യഹോവ നമ്മുടെ പ്രയോജനത്തിനുവേണ്ടി ഉദ്ദേശ്യപൂർവം നിശ്വസ്തമാക്കിയ ഒരു ബൈബിൾ പുസ്തകത്തെയാണ് നാം യാഥാർഥ്യബോധത്തോടെ അവലോകനം നടത്തിയിരിക്കുന്നത്. ജീവിതത്തെയും നാം ശ്രദ്ധകേന്ദ്രീകരിക്കുന്ന സംഗതിയെയും കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടു നേരെയാക്കാൻ നമ്മെ ഓരോരുത്തരെയും അതു സഹായിക്കും. (സഭാപ്രസംഗി 7:2; 2 തിമൊഥെയൊസ് 3:16, 17) യഹോവയുടെ സഹായത്താൽ ശലോമോൻ എത്തിച്ചേർന്ന നിഗമനങ്ങളുടെ വീക്ഷണത്തിൽ അതു വിശേഷാൽ അങ്ങനെയാണ്.
15, 16. (എ) ജീവിതം ആസ്വദിക്കുന്നതു സംബന്ധിച്ചുള്ള ശലോമോന്റെ വീക്ഷണമെന്ത്? (ബി) ജീവിതം ആസ്വദിക്കാൻ അത്യാവശ്യമായിരിക്കുന്നതെന്ത് എന്നതു സംബന്ധിച്ച് ശലോമോൻ ഉചിതമായിത്തന്നെ എന്തു പറഞ്ഞു?
15 ശലോമോൻ ആവർത്തിച്ചു പ്രസ്താവിച്ച ഒരാശയം സത്യദൈവത്തിന്റെ ദാസന്മാർ അവന്റെ മുമ്പാകെയുള്ള തങ്ങളുടെ പ്രവർത്തനങ്ങളിൽ സന്തോഷം കണ്ടെത്തണമെന്നാണ്. “ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കു ഇല്ല എന്നു ഞാൻ അറിയുന്നു. ഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകലപ്രയത്നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.” (സഭാപ്രസംഗി 2:24; 3:12, 13; 5:18; 8:15) ശ്രദ്ധിക്കുക, തിന്നുകുടിച്ചു കൂത്താടാൻ പ്രോത്സാഹിപ്പിക്കുകയായിരുന്നില്ല ശലോമോൻ; ‘നമുക്കു തിന്നു കുടിച്ച് ആഹ്ലാദിക്കാം, കാരണം നാളെ നാം മരിക്കുമല്ലോ’ എന്നൊരു മനോഭാവം കൈക്കൊള്ളാൻ പറയുകയുമായിരുന്നില്ല. (1 കൊരിന്ത്യർ 15:14, 32-34, NW) തിന്നുകുടിക്കൽപോലുള്ള സാധാരണ സുഖങ്ങളിൽ ആസ്വാദനം കണ്ടെത്തി നാം ‘ജീവപര്യന്തം സന്തോഷിക്ക’ണമെന്നാണ് അവൻ അർഥമാക്കിയത്. അതു നിസ്സംശയമായും പ്രദീപ്തമാക്കുന്നത് വാസ്തവത്തിൽ നല്ലത് എന്ത് എന്നു തീരുമാനിക്കുന്നവനായ സ്രഷ്ടാവിന്റെ ഹിതത്തിന്മേൽ കേന്ദ്രീകരിച്ചുള്ള ജീവിതത്തെയാണ്.—സങ്കീർത്തനം 25:8; സഭാപ്രസംഗി 9:1; മർക്കൊസ് 10:17, 18; റോമർ 12:2.
16 ശലോമോൻ എഴുതി: “നീ ചെന്നു സന്തോഷത്തോടുകൂടെ അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞു കുടിക്ക; ദൈവം നിന്റെ പ്രവൃത്തികളിൽ പ്രസാദിച്ചിരിക്കുന്നുവല്ലോ.” (സഭാപ്രസംഗി 9:7-9) അതേ, യഥാർഥത്തിൽ സമ്പന്നവും തൃപ്തികരവുമായ ജീവിതമുള്ള പുരുഷനോ സ്ത്രീയോ യഹോവയ്ക്കു പ്രസാദമുള്ള പ്രവൃത്തികളിൽ സജീവമായി ഏർപ്പെടുന്നവരായിരിക്കും. അപ്പോൾ നാം അവനെ നിരന്തരം കണക്കിലെടുക്കണമെന്നുവരുന്നു. മാനുഷിക യുക്തിചിന്തകളിൽ ആശ്രയിച്ചു ജീവിതത്തെ സമീപിക്കുന്ന ഭൂരിഭാഗം ആളുകളുടെയും കാഴ്ചപ്പാടിൽനിന്ന് ഇത് എത്ര വ്യത്യസ്തം!
17, 18. (എ) ജീവിത യാഥാർഥ്യങ്ങളോട് അനേകരും പ്രതികരിക്കുന്നതെങ്ങനെ? (ബി) ഏതു ഫലം നാം എല്ലായ്പോഴും മനസ്സിൽപ്പിടിക്കണം?
17 ചില മതങ്ങൾ പരലോക ജീവിതത്തെക്കുറിച്ചു പഠിപ്പിക്കുന്നുണ്ടെങ്കിലും, തങ്ങൾക്ക് ഈ ജീവിതത്തെക്കുറിച്ചു മാത്രമേ ഉറപ്പുള്ളൂ എന്നൊരു വിശ്വാസമാണ് അനേകർക്കുമുള്ളത്. ശലോമോൻ വർണിച്ചപ്രകാരം അവർ പ്രതികരിക്കുന്നതു നിങ്ങൾ കണ്ടിട്ടുണ്ടാകും: “ദുഷ്പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്കകൊണ്ടു മനുഷ്യർ ദോഷം ചെയ്വാൻ ധൈര്യപ്പെടുന്നു.” (സഭാപ്രസംഗി 8:11) തങ്ങളുടെ മുഖ്യതാത്പര്യം ഇപ്പോഴത്തെ സംഗതികളിൽ മാത്രമാണ് എന്നുതന്നെയാണ് അധർമപ്രവൃത്തികളിൽ ആമഗ്നരല്ലാത്തവരും പ്രകടമാക്കുന്നത്. ധനം, സമ്പത്ത്, അന്തസ്സ്, മറ്റുള്ളവരുടെമേലുള്ള അധികാരം, കുടുംബം, അല്ലെങ്കിൽ ഇതുപോലുള്ള മറ്റു താത്പര്യങ്ങൾക്ക് അമിതപ്രാധാന്യം ലഭിക്കുന്നതിനുള്ള ഒരു കാരണം അതാണ്. എങ്കിലും, ശലോമോൻ സംഗതി അവിടെ അവസാനിപ്പിക്കുന്നില്ല. അവൻ ഇങ്ങനെ കൂട്ടിച്ചേർത്തു: “പാപി നൂറു പ്രാവശ്യം ദോഷം ചെയ്കയും ദീർഘായുസ്സോടെ ഇരിക്കയും ചെയ്യുന്നുണ്ടെങ്കിലും ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാർക്കു നന്മ വരുമെന്നു ഞാൻ നിശ്ചയമായി അറിയുന്നു. എന്നാൽ ദുഷ്ടന്നു നന്മ വരികയില്ല; അവൻ ദൈവത്തെ ഭയപ്പെടായ്കയാൽ നിഴൽപോലെ അവന്റെ ആയുസ്സു ദീർഘമാകയില്ല.” (സഭാപ്രസംഗി 8:12, 13) വ്യക്തമായും, നാം ‘ദൈവത്തെ ഭയപ്പെടുന്നു’വെങ്കിൽ നമ്മുടെ അവസാനം നന്നായിരിക്കുമെന്നു ശലോമോനു ബോധ്യമുണ്ടായിരുന്നു. എത്ര നന്നായിരിക്കും? ഉത്തരം നമുക്ക് അവൻ നടത്തിയിരിക്കുന്ന വിപരീതതാരതമ്യത്തിൽനിന്നു കണ്ടുപിടിക്കാം. യഹോവയ്ക്കു ‘നമ്മുടെ ആയുസ്സ് ദീർഘി’പ്പിക്കാനാകും.
18 ഇപ്പോഴും പ്രായമേറെ എത്തിയിട്ടില്ലാത്തവർ, ദൈവത്തെ ഭയപ്പെടുന്ന ഭക്തന്മാർക്കു നന്മ വരുമെന്ന തികച്ചും ആശ്രയയോഗ്യമായ വസ്തുതയെക്കുറിച്ചു വിശേഷാൽ ഗഹനമായി ചിന്തിക്കേണ്ടതാണ്. വ്യക്തിപരമായി നിങ്ങൾതന്നെ കണ്ടിരിക്കാനിടയുള്ളതുപോലെ, ഏറ്റവും വേഗതയുള്ള ഓട്ടക്കാരൻ ഇടറിവീണ് മത്സരത്തിൽ തോറ്റേക്കാം. ശക്തമായ ഒരു സൈന്യം പരാജയപ്പെട്ടേക്കാം. ബിസിനസിൽ തിളങ്ങിയ ഒരുവൻ പിന്നീട് പട്ടിണിയിൽ നട്ടംതിരിഞ്ഞേക്കാം. മറ്റനേകം അനിശ്ചിതത്വങ്ങൾ ജീവിതത്തെ ശരിക്കും പ്രവചനാതീതമാക്കിത്തീർക്കുന്നു. എന്നാൽ നിങ്ങൾക്ക് ഇതിനെക്കുറിച്ചു പൂർണ ഉറപ്പുണ്ടായിരിക്കാവുന്നതാണ്: ഏറ്റവും ജ്ഞാനപൂർവകവും ഉറപ്പുള്ളതുമായ ഗതി ദൈവഹിതമനുസരിച്ച് അവന്റെ ധാർമിക നിയമങ്ങൾക്കുള്ളിൽ നന്നായി പ്രവർത്തിച്ചു ജീവിതം ആസ്വദിക്കുകയാണ്. (സഭാപ്രസംഗി 9:11) ബൈബിളിൽനിന്നു ദൈവഹിതം എന്തെന്ന് അറിഞ്ഞ് ഒരുവന്റെ ജീവിതം ദൈവത്തിനു സമർപ്പിച്ച് സ്നാപനമേറ്റ ക്രിസ്ത്യാനികളായിത്തീരുന്നത് ഇതിൽ ഉൾപ്പെടുന്നു.—മത്തായി 28:19, 20.
19. യുവജനങ്ങൾക്കു തങ്ങളുടെ ജീവിതം എങ്ങനെ ഉപയോഗിക്കാം, എന്നാൽ ജ്ഞാനപൂർവകമായ ഗതി എന്ത്?
19 സ്രഷ്ടാവ് തന്റെ മാർഗനിർദേശം യുവജനങ്ങളെയോ മറ്റുള്ളവരെയോകൊണ്ട് ബലംപ്രയോഗിച്ച് അനുസരിപ്പിക്കുകയില്ല. അവർക്കു മാനുഷിക വിജ്ഞാനമുൾക്കൊള്ളുന്ന എണ്ണമറ്റ പുസ്തകങ്ങൾ ആയുഷ്കാലം മുഴുവൻ പഠിച്ചു വിദ്യാഭ്യാസത്തിൽ ആമഗ്നരാകാം. അത് അവസാനം ശരീരത്തെ ക്ഷീണിപ്പിക്കുന്നതാണെന്നു തെളിയും. അല്ലെങ്കിൽ അവർക്കു തങ്ങളുടെ അപൂർണ മനുഷ്യഹൃദയം പറയുന്നതനുസരിച്ചോ കണ്ണിന് ആകർഷകമായി തോന്നുന്ന സംഗതികൾ പിൻപറ്റിയോ നടക്കാം. അത് തീർച്ചയായും അലട്ടലേ കൈവരുത്തൂ, ഇപ്രകാരം നയിക്കുന്ന ജീവിതം അവസാനം തീർത്തും വ്യർഥമെന്നേ തെളിയൂ. (സഭാപ്രസംഗി 11:9–12:12; 1 യോഹന്നാൻ 2:15-17) അതുകൊണ്ട് ശലോമോൻ യുവജനങ്ങളോട് ഈ അഭ്യർഥന—നാം ഏതു പ്രായക്കാരായാലും ഗൗരവമായി എടുക്കേണ്ട ഒരു അഭ്യർഥന—നടത്തുന്നു: “ദുരന്തപൂർണ ദിനങ്ങൾ വരുന്നതിനുമുമ്പ്, അല്ലെങ്കിൽ ‘എനിക്ക് ഒന്നിലും ആനന്ദം ഇല്ല’ എന്നു നീ പറയുന്ന വർഷങ്ങൾക്കുമുമ്പ്, ഇപ്പോൾ, നിന്റെ യൗവനനാളുകളിൽ, നിന്റെ മഹാസ്രഷ്ടാവിനെ ഓർത്തുകൊള്ളുക”—സഭാപ്രസംഗി 12:1, NW.
20. സഭാപ്രസംഗിയിലെ സന്ദേശത്തിന്റെ സമനിലയോടെയുള്ള കാഴ്ചപ്പാട് എന്ത്?
20 അപ്പോൾ നാം എന്തു നിഗമനത്തിൽ എത്തണം? ശലോമോൻ എത്തിച്ചേർന്ന നിഗമനമോ? “സൂര്യന്നു കീഴെ നടക്കുന്ന സകലപ്രവൃത്തികളും . . . മായയും വൃഥാപ്രയത്നവും” ആണെന്ന് അവൻ കണ്ടു, അല്ലെങ്കിൽ ആരാഞ്ഞറിഞ്ഞു. (സഭാപ്രസംഗി 1:14) ദോഷമാത്രദർശിയുടെയോ അതൃപ്തനായ ഒരു വ്യക്തിയുടെയോ വാക്കുകളല്ല നാം സഭാപ്രസംഗി എന്ന പുസ്തകത്തിൽ കാണുന്നത്. അവ ദൈവത്തിന്റെ നിശ്വസ്ത വചനത്തിന്റെ ഭാഗമാണ്, നമ്മുടെ പരിഗണന അർഹിക്കുന്നുമുണ്ട്.
21, 22. (എ) ശലോമോൻ ജീവിതത്തിന്റെ ഏതെല്ലാം വശങ്ങൾ പരിചിന്തിച്ചു? (ബി) അവൻ ബുദ്ധിപൂർവകമായ ഏതു നിഗമനത്തിൽ എത്തിച്ചേർന്നു? (സി) സഭാപ്രസംഗിയുടെ ഉള്ളടക്കം പരിശോധിച്ചത് നിങ്ങളെ എങ്ങനെ ബാധിച്ചിരിക്കുന്നു?
21 ശലോമോൻ മനുഷ്യന്റെ പ്രയത്നങ്ങളും പ്രയാസങ്ങളും ഉന്നതാഭിലാഷങ്ങളും പരിശോധിച്ചു. സംഗതികൾ അവയുടെ സാധാരണ ഗതിയിൽ എങ്ങനെയെല്ലാം അവസാനിക്കുന്നു എന്നതിനെക്കുറിച്ച്, അനേകം മനുഷ്യരും അനുഭവിക്കുന്ന ആശാഭംഗത്തെയും ഫലശൂന്യതയെയും കുറിച്ച്, അവൻ ഗാഢമായി ചിന്തിച്ചു. അവൻ മനുഷ്യ അപൂർണത, അതിന്റെ ഫലമായുള്ള മരണം എന്നിവയുടെ യാഥാർഥ്യത്തെക്കുറിച്ചു ചിന്തിച്ചു. മരിച്ചവരുടെ അവസ്ഥയെയും ഭാവിജീവിതപ്രതീക്ഷയെയും കുറിച്ചുള്ള ദൈവദത്ത ജ്ഞാനം അവൻ അതിൽ ഉൾപ്പെടുത്തി. ദിവ്യസഹായത്തോടെ ജ്ഞാനം വർധിപ്പിച്ച ഒരു മനുഷ്യൻ, അതേ, ജീവിച്ചിട്ടുള്ളവരിലേക്കും ഏറ്റവും ജ്ഞാനികളായവരിൽ ഒരുവൻ, അവയെല്ലാം വിലയിരുത്തി. എന്നിട്ട് അവൻ എത്തിച്ചേർന്ന നിഗമനം ശരിക്കും അർഥവത്തായ ജീവിതം ആഗ്രഹിക്കുന്നവരുടെയെല്ലാം പ്രയോജനത്തിനുവേണ്ടി വിശുദ്ധ തിരുവെഴുത്തുകളിൽ ഉൾപ്പെടുത്തി. നാം അതിനോടു യോജിക്കേണ്ടേ?
22 “എല്ലാം കേട്ടതിനുശേഷം സംഗതിയുടെ സാരം ഇതാണ്: സത്യദൈവത്തെ ഭയപ്പെടുകയും അവന്റെ കൽപ്പനകൾ പാലിക്കുകയും ചെയ്യുക. എന്തെന്നാൽ മനുഷ്യന്റെ മുഴു കടപ്പാടും ഇതാണ്. എന്തെന്നാൽ സകലതരം പ്രവൃത്തിയും, ഓരോ നിഗൂഢ പ്രവൃത്തിയും അതു നല്ലതായിരുന്നാലും ചീത്തയായിരുന്നാലും [സത്യ]ദൈവം ന്യായവിധിയിലേക്കു വരുത്തും.”—സഭാപ്രസംഗി 12:13, 14, NW.
[അടിക്കുറിപ്പുകൾ]
a വീക്ഷാഗോപുരം (ഇംഗ്ലീഷ്) ഒരിക്കൽ ഉൾക്കാഴ്ചാനിർഭരമായ ഈ പരാമർശം നടത്തി: “വ്യർഥസംഗതികളിൽ നാം ജീവിതം പാഴാക്കരുത് . . . ജീവിതം ഇത്രമാത്രമേ ഉള്ളുവെങ്കിൽ, പ്രധാനപ്പെട്ടതായി യാതൊന്നുമില്ല. മേലോട്ട് എറിഞ്ഞ് പെട്ടെന്നുതന്നെ നിലത്തുവീഴുന്ന ഒരു പന്തുപോലെയാണു ജീവിതം. അതു ക്ഷണികമായ ഒരു നിഴലാണ്, കൊഴിഞ്ഞുവീഴുന്ന ഒരു പുഷ്പം, വെട്ടിയിട്ട് ഉടനെ വാടുന്ന പുല്ല്. . . . നിത്യതയുടെ അളവുകോലിൽ നമ്മുടെ ജീവിതദൈർഘ്യം ഒരു നിസ്സാര പാട് മാത്രം. കാലത്തിന്റെ നീരൊഴുക്കിൽ അതൊരു വലിയ തുള്ളിപോലുമല്ല. തീർച്ചയായും അനേകം മനുഷ്യരുടെ ജീവിത താത്പര്യങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള [ശലോമോന്റെ] പുനരവലോകനവും അവയെല്ലാം പാഴ്വേലയാണെന്ന പ്രഖ്യാപനവും ശരിതന്നെ. ജനിച്ചതുകൊണ്ടെന്തു പ്രയോജനം എന്നു തോന്നുമാറ് നമ്മൾ പെട്ടെന്നു മൺമറയുന്നു. വന്നു രംഗമൊഴിയാനുള്ള ശതകോടിക്കണക്കിനാളുകളിൽ ഒരുവൻ. നമ്മൾ ഇവിടെ ഉണ്ടായിരുന്നുവെന്ന് അറിയാവുന്നവർതന്നെ എത്രയോ ചുരുക്കം. ഇതു ദോഷമാത്രദർശകമോ മൂകമോ മ്ലാനമോ നിരാശാജനകമോ ആയ വീക്ഷണമോ അല്ല. ജീവിതം ഇത്രമാത്രമേ ഉള്ളുവെങ്കിൽ, അതു സത്യമാണ്, യാഥാർഥ്യമാണ്, പ്രായോഗിക വീക്ഷണമാണ്.”—1957 ആഗസ്റ്റ് 1, പേജ് 472.
നിങ്ങൾ ഓർമിക്കുന്നുവോ?
◻ നിങ്ങളുടെ ജീവിതത്തിൽ സമ്പത്തിന്റെ പങ്കിനെക്കുറിച്ചുള്ള ബുദ്ധിപൂർവകമായ വിലയിരുത്തൽ എന്ത്?
◻ കുടുംബം, പ്രശസ്തി, അല്ലെങ്കിൽ മറ്റുള്ളവരുടെമേലുള്ള അധികാരം എന്നിവയ്ക്ക് അമിതപ്രാധാന്യം കൊടുക്കരുതാത്തത് എന്തുകൊണ്ട്?
◻ ആസ്വാദനത്തിന്റെ കാര്യത്തിൽ ശലോമോൻ ഏതു ദിവ്യമനോഭാവത്തെ പ്രോത്സാഹിപ്പിച്ചു?
◻ സഭാപ്രസംഗി എന്ന പുസ്തകം പരിചിന്തിച്ചതിൽനിന്നു നിങ്ങൾക്കെങ്ങനെ പ്രയോജനം ലഭിച്ചിരിക്കുന്നു?
[15-ാം പേജിലെ ചിത്രം]
ധനവും സമ്പാദ്യങ്ങളും സംതൃപ്തി ഉറപ്പുതരുന്നില്ല
[17-ാം പേജിലെ ചിത്രം]
ദൈവത്തെ ഭയപ്പെടുന്നതുകൊണ്ടു പ്രയോജനമേയുണ്ടാകൂ എന്നു യുവജനങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്