ബാല്യം മുതൽ ക്ഷമാപൂർവം യഹോവയ്ക്കായി കാത്തിരിക്കുന്നു
റൂഡോൾഫ് ഗ്രൈച്ചെൻ പറഞ്ഞപ്രകാരം
എല്ലാം പൊടുന്നനെയായിരുന്നു. എനിക്കു വെറും 12 വയസ്സുള്ളപ്പോൾ ദുരന്തം എന്റെ കുടുംബത്തെ പ്രഹരിച്ചു. ആദ്യം എന്റെ പിതാവ് തടവിലായി. തുടർന്ന്, എന്നെയും പെങ്ങളെയും വീട്ടിൽനിന്നകലെ, അപരിചിതരോടൊപ്പം താമസിക്കാൻ നിർബന്ധപൂർവം കൊണ്ടുപോയി. പിന്നീട് എന്നെയും അമ്മയെയും ഗസ്റ്റപ്പോ അറസ്റ്റുചെയ്തു. അങ്ങനെ ഞാൻ ജയിലിലും അമ്മ തടങ്കൽപ്പാളയത്തിലുമായി.
ആ സംഭവപരമ്പര വേദനാജനകമായ പീഡനങ്ങളുടെ തുടക്കം മാത്രമായിരുന്നു. യഹോവയുടെ സാക്ഷിയെന്ന നിലയിൽ ഞാൻ ബാല്യം മുതലേ അതനുഭവിക്കാൻ തുടങ്ങി. കുപ്രസിദ്ധ നാസി ഗസ്റ്റപ്പോയും പിന്നീട് പൂർവ ജർമനിയുടെ ഷ്റ്റാസിയും ദൈവത്തോടുള്ള എന്റെ നിർമലത തകർക്കാൻ ശ്രമിച്ചു. ഇപ്പോൾ, 50 വർഷത്തെ അർപ്പിത ദൈവസേവനത്തിനുശേഷം എനിക്കു സങ്കീർത്തനക്കാരനെപ്പോലെ പറയാൻ കഴിയും: “അവർ എന്റെ ബാല്യംമുതൽ പലപ്പോഴും എന്നെ ഉപദ്രവിച്ചു; എങ്കിലും അവർ എന്നെ ജയിച്ചില്ല.” (സങ്കീർത്തനം 129:2) ഞാൻ യഹോവയോട് എത്ര നന്ദിയുള്ളവനാണ്!
ജർമനിയിലെ ലൈപ്സിഗിന് അടുത്തുള്ള ഒരു കൊച്ചു പട്ടണമായ ലുക്കായിൽ 1925 ജൂൺ 2-നാണു ഞാൻ പിറന്നത്. ഞാൻ ജനിക്കുന്നതിനു മുമ്പുതന്നെ എന്റെ മാതാപിതാക്കളായ ആൽഫ്രേറ്റും തെരേസായും ബൈബിൾ വിദ്യാർഥികളുടെ—യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്—പ്രസിദ്ധീകരണങ്ങളിൽ ബൈബിൾ സത്യത്തിന്റെ ധ്വനി തിരിച്ചറിഞ്ഞിരുന്നു. ഞങ്ങളുടെ വീടിന്റെ ചുമരിൽ തൂക്കിയിട്ടിരുന്ന, ബൈബിൾ രംഗങ്ങളെക്കുറിച്ചു വർണിക്കുന്ന ചിത്രങ്ങളിൽ ഞാൻ ദിവസേന നോക്കിയിരുന്നത് ഓർക്കുന്നു. ചെന്നായും കുഞ്ഞാടും, കോലാട്ടിൻകുട്ടിയും പുള്ളിപ്പുലിയും, പശുക്കിടാവും സിംഹവുമെല്ലാം സമാധാനത്തിൽ കഴിയുന്ന, ഒരു കൊച്ചുകുട്ടി അവയെ നടത്തുന്ന ഒരു ചിത്രവും അക്കൂട്ടത്തിലുണ്ടായിരുന്നു. (യെശയ്യാവു 11:6-9) അത്തരം ചിത്രങ്ങൾ എന്നിൽ മായാത്ത മുദ്ര പതിപ്പിച്ചു.
സാധ്യമായിരുന്നപ്പോഴെല്ലാം മാതാപിതാക്കൾ എന്നെ സഭാപ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയിരുന്നു. ഉദാഹരണത്തിന്, ഹിറ്റ്ലർ അധികാരമേറ്റെടുത്ത് ഏതാനും ദിവസങ്ങൾ കഴിഞ്ഞ് 1933 ഫെബ്രുവരിയിൽ ഞങ്ങളുടെ കൊച്ചു പട്ടണത്തിൽ സ്ലൈഡുകളും ചലച്ചിത്രവും ശബ്ദലേഖിത വിവരണവുമുള്ള “സൃഷ്ടിപ്പിൻ ഫോട്ടോ നാടകം” പ്രദർശിപ്പിച്ചു. അന്നെനിക്കു വെറും ഏഴു വയസ്സ്. “ഫോട്ടോ നാടകം” പരസ്യപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു ചെറിയ ട്രക്കിന്റെ പിന്നിലിരുന്നു പട്ടണത്തിലൂടെ യാത്ര ചെയ്യവേ എനിക്കെന്തൊരാവേശമായിരുന്നെന്നോ! അന്നും മറ്റു സന്ദർഭങ്ങളിലും, എന്റെ പ്രായം ഗണ്യമാക്കാതെ സഹോദരങ്ങൾ ഞാൻ സഭയിലെ വേണ്ടപ്പെട്ടയാളാണെന്ന തോന്നൽ എന്നിലുളവാക്കി. അങ്ങനെ, തീരെ ചെറുപ്പം മുതലേ ഞാൻ യഹോവയാൽ പഠിപ്പിക്കപ്പെടുകയും അവന്റെ വചനത്താൽ സ്വാധീനിക്കപ്പെടുകയും ചെയ്തിരുന്നു.
യഹോവയിൽ ആശ്രയിക്കാൻ പരിശീലിപ്പിക്കപ്പെട്ടു
കർശനമായ ക്രിസ്തീയ നിഷ്പക്ഷത നിമിത്തം യഹോവയുടെ സാക്ഷികൾ നാസി രാഷ്ട്രീയത്തിൽ ഉൾപ്പെട്ടില്ല. തത്ഫലമായി, പ്രസംഗവേലയും യോഗങ്ങളും സ്വന്തം ബൈബിൾ സാഹിത്യങ്ങളുടെ വായനയുംപോലും നിരോധിച്ചുകൊണ്ട് 1933-ൽ നാസികൾ നിയമങ്ങൾ പാസ്സാക്കി. 1937 സെപ്റ്റംബറിൽ എന്റെ പിതാവുൾപ്പെടെ ഞങ്ങളുടെ സഭയിലുള്ള എല്ലാ സഹോദരങ്ങളെയും ഗസ്റ്റപ്പോ അറസ്റ്റു ചെയ്തു. അതെന്നെ വളരെ ദുഃഖിതനാക്കി. പിതാവിനെ അഞ്ച് വർഷത്തെ തടവിനു വിധിച്ചു.
വീട്ടിൽ സ്ഥിതിഗതികൾ ആകെ ദുഷ്കരമായി. എന്നാൽ ഞങ്ങൾ പെട്ടെന്നുതന്നെ യഹോവയിൽ ആശ്രയിക്കാൻ പഠിച്ചു. ഒരിക്കൽ ഞാൻ സ്കൂളിൽനിന്നു വരുമ്പോൾ അമ്മ വീക്ഷാഗോപുരം വായിക്കുകയായിരുന്നു. ആ മാസിക ഒരു ചെറിയ അലമാരിയുടെ മുകളിൽവെച്ചിട്ട് അമ്മ എനിക്കു പെട്ടെന്ന് ഊണു തയ്യാറാക്കാൻ പോയി. ഉച്ചയൂണിനുശേഷം ഞങ്ങൾ പാത്രങ്ങൾ എടുത്തുവെക്കുന്നേരം ആരോ വാതിലിൽ ശക്തിയായി മുട്ടുന്നതു കേട്ടു. ബൈബിൾ സാഹിത്യത്തിനുവേണ്ടി ഞങ്ങളുടെ വീടു പരിശോധിക്കാൻ വന്ന ഒരു പൊലീസുകാരനായിരുന്നു അത്. എനിക്കാകെ പരിഭ്രമമായി.
അന്ന് അസാധാരണമാം വിധം ചൂടുണ്ടായിരുന്നു. അതുകൊണ്ട്, ആദ്യംതന്നെ പൊലീസുകാരൻ ഹെൽമെറ്റ് ഊരി മേശപ്പുറത്തുവെച്ചു. പിന്നെ തിരച്ചിൽ തുടങ്ങി. മേശയ്ക്കടിയിൽ പരിശോധിച്ചുകൊണ്ടിരിക്കുമ്പോൾ ഹെൽമെറ്റ് താഴെവീഴാൻതുടങ്ങി. അമ്മ പെട്ടെന്നു ഹെൽമെറ്റിൽ പിടിച്ച് അത് അലമാരയുടെ പുറത്തുണ്ടായിരുന്ന വീക്ഷാഗോപുരത്തിനു മുകളിൽവെച്ചു! വീട് അരിച്ചുപെറുക്കിയിട്ടും പൊലീസുകാരനു സാഹിത്യമൊന്നും കണ്ടെത്താൻ സാധിച്ചില്ല. ഹെൽമെറ്റ് പൊക്കിനോക്കാൻ അയാൾ മിനക്കെട്ടുമില്ല. പോകാൻനേരം അമ്മയോടു ക്ഷമാപണം നടത്തിക്കൊണ്ട് അയാൾ കൈനീട്ടി പിന്നിലിരുന്ന ഹെൽമെറ്റ് എടുത്തു. ഹാ, എന്തൊരാശ്വാസം!
അത്തരം അനുഭവങ്ങൾ കൂടുതൽ ദുഷ്കരമായ പരിശോധനകൾക്കായി എന്നെ പരുവപ്പെടുത്തി. ഉദാഹരണത്തിന്, സ്കൂളിലെ കാര്യമെടുക്കാം. ഹിറ്റ്ലറുടെ യുവജനസഖ്യത്തിൽ ചേരാൻ എന്റെമേൽ സമ്മർദം ചെലുത്തപ്പെട്ടു. അതിൽ ചേർന്ന കുട്ടികളെ സൈനിക നടപടികൾ പരിശീലിപ്പിക്കുകയും നാസി തത്ത്വങ്ങൾ പഠിപ്പിക്കുകയും ചെയ്തിരുന്നു. 100 ശതമാനം കുട്ടികളെയും അതിൽ പങ്കെടുപ്പിക്കാൻ ചില അധ്യാപകർ ലക്ഷ്യം വെച്ചിരുന്നു. എന്റെ അധ്യാപകനായിരുന്ന ഹെർ ഷ്നൈഡറിന് താൻ അമ്പേ പരാജയമടഞ്ഞതായി തോന്നിക്കാണണം. കാരണം അദ്ദേഹത്തിന്റെ ക്ലാസ്സിലെ ഒരു വിദ്യാർഥിയൊഴികെ സ്കൂളിലെ മറ്റെല്ലാ അധ്യാപകരുടെയും ക്ലാസ്സുകളിലെ 100 ശതമാനം വിദ്യാർഥികളും ആ യുവജനസഖ്യത്തിൽ പങ്കെടുത്തിരുന്നു. പങ്കെടുക്കാതിരുന്ന ആ വിദ്യാർഥി ഞാനായിരുന്നു.
ഒരിക്കൽ ഹെർ ഷ്നൈഡർ മുഴു ക്ലാസ്സിനോടും പറഞ്ഞു: “കുട്ടികളേ, നാളെ ക്ലാസ്സിലെ എല്ലാവരും ചേർന്നൊരു വിനോദയാത്രയ്ക്കു പോകാം.” എല്ലാവർക്കും ആ ആശയം ഇഷ്ടമായി. “എല്ലാവരും ഹിറ്റ്ലർ യുവജനസഖ്യത്തിന്റെ യൂണിഫാറം ധരിക്കണം. തെരുവുകളിലൂടെ അണിയണിയായി നീങ്ങുമ്പോൾ നിങ്ങൾ മിടുക്കരായ ഹിറ്റ്ലർ പയ്യന്മാരാണെന്ന് ആളുകൾ കാണട്ടെ,” അദ്ദേഹം കൂട്ടിച്ചേർത്തു. പിറ്റേന്ന് ഞാനൊഴികെ എല്ലാവരും ആ യൂണിഫാറമണിഞ്ഞു ക്ലാസ്സിലെത്തി. അധ്യാപകൻ എന്നെ ക്ലാസ്സ് മുറിയുടെ മുന്നിലേക്കു വിളിപ്പിച്ചിട്ടു പറഞ്ഞു: “എല്ലാ കുട്ടികളെയും നോക്കിയിട്ട് തന്റെ നേർക്ക് ഒന്നു നോക്കൂ.” അദ്ദേഹം കൂട്ടിച്ചേർത്തു: “യൂണിഫാറം വാങ്ങാൻ തന്റെ മാതാപിതാക്കൾക്കു വശമില്ല, അവർ ദരിദ്രരാണെന്ന് എനിക്കറിയാം. ഇതാ, തനിക്കുവേണ്ടി ഞാൻ എന്താണു കൊണ്ടുവന്നിരിക്കുന്നതെന്നു നോക്കൂ.” അദ്ദേഹം തന്റെ മേശയുടെ സമീപത്തേക്ക് എന്നെ കൊണ്ടുപോയിട്ടു പറഞ്ഞു: “ഈ പുത്തൻ യൂണിഫാറം ഞാൻ തനിക്കു തരാൻ പോകുകയാണ്. എന്തു ഭംഗിയാണിതിന്, അല്ലേ?”
നാസി യൂണിഫാറം ഇടുന്നതിലും ഭേദം മരിക്കുകയാകും, ഞാൻ വിചാരിച്ചു. ഞാൻ അതു ധരിക്കാൻ പോകുന്നില്ലെന്നു കണ്ട് എന്റെ അധ്യാപകൻ കോപാകുലനായി. ക്ലാസ്സിലെ മൊത്തം കുട്ടികളും എന്നെ കൂക്കുവിളിച്ചു. ഞങ്ങളെ വിനോദയാത്രയ്ക്കു കൊണ്ടുപോയെങ്കിലും എന്നെ ആരും കാണാത്തവണ്ണം യൂണിഫാറമിട്ട കുട്ടികളുടെയെല്ലാം നടുക്കു നിർത്തുകയാണു ചെയ്തത്. എങ്കിലും, സഹപാഠികളിൽനിന്നു വ്യതിരിക്തനായിരുന്നതുകൊണ്ടു പട്ടണത്തിലെ അനേകരും എന്നെ ശ്രദ്ധിക്കാനിടയായി. ഞാനും എന്റെ മാതാപിതാക്കളും യഹോവയുടെ സാക്ഷികളാണെന്നു സകലർക്കും അറിയാമായിരുന്നു. ബാല്യത്തിൽ എനിക്കാവശ്യമായിരുന്ന ആത്മീയ ബലം നൽകിയതിനു ഞാൻ യഹോവയോടു നന്ദിയുള്ളവനാണ്.
പീഡനം ശക്തമാകുന്നു
1938-ന്റെ ആരംഭത്തിലൊരുനാൾ എന്നെയും പെങ്ങളെയും പൊലീസ് കാറിൽ സ്കൂളിൽനിന്ന് 80 കിലോമീറ്റർ അകലെ ഷ്റ്റാട്രോഡയിലുള്ള ദുർഗുണപരിഹാരപാഠശാലയിലേക്ക് അയച്ചു. കാരണം? മാതാപിതാക്കളുടെ സ്വാധീനത്തിൽനിന്ന് അകറ്റി ഞങ്ങളെ നാസി കുട്ടികളാക്കി മാറ്റാൻ കോടതി തീരുമാനിച്ചിരുന്നു. പെട്ടെന്നുതന്നെ ദുർഗുണപരിഹാരപാഠശാലയിലെ അധികാരി, ഞാനും പെങ്ങളും ക്രിസ്തീയ നിഷ്പക്ഷതയുടെ കാര്യത്തിൽ അയവു വരുത്തിയില്ലെങ്കിലും ആദരവുകാട്ടുന്നവരും അനുസരണയുള്ളവരുമാണെന്നു മനസ്സിലാക്കി. അതിന്റെ ഡയറക്ടർക്ക് വളരെ വിലമതിപ്പു തോന്നി. തന്മൂലം, അമ്മയെ വ്യക്തിപരമായി കാണാൻ അവർ ആഗ്രഹിച്ചു. ഞങ്ങളുടെ കാര്യത്തിൽ ഒഴിവുവരുത്തി, ദിവസേന ഞങ്ങളെ സന്ദർശിക്കാൻ അമ്മയ്ക്ക് അനുവാദം നൽകി. മുഴുദിവസവും ഒരുമിച്ചായിരിക്കുന്നതിനും പരസ്പരം പ്രോത്സാഹനമേകുന്നതിനും ഞങ്ങൾക്ക് അവസരം ലഭിച്ചതിൽ ഞാനും പെങ്ങളും അമ്മയും സന്തുഷ്ടരും യഹോവയോടു നന്ദിയുള്ളവരുമായിരുന്നു. ഞങ്ങൾക്കതു വാസ്തവത്തിൽ ആവശ്യമായിരുന്നു.
നാലു മാസത്തോളം ഞങ്ങൾ ദുർഗുണപരിഹാരപാഠശാലയിൽ കഴിഞ്ഞു. പിന്നീട് പാനായിലുള്ള ഒരു കുടുംബത്തോടൊപ്പം താമസിക്കാൻ ഞങ്ങളെ അയച്ചു. ബന്ധുക്കളിൽനിന്ന് ഞങ്ങളെ അകറ്റിനിർത്താൻ അവർക്കു നിർദേശം ലഭിച്ചിരുന്നു. ഞങ്ങളെ സന്ദർശിക്കാൻപോലും അമ്മയ്ക്ക് അനുവാദമില്ലായിരുന്നു. എങ്കിലും, ഏതാനും തവണ ഞങ്ങളുമായി സമ്പർക്കം പുലർത്താൻ അമ്മ വഴികണ്ടെത്തി. അത്തരം അപൂർവ സന്ദർഭങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട്, യഹോവ ഏതു പരിശോധനകളും സാഹചര്യങ്ങളും അനുവദിച്ചാലും അവനോടു വിശ്വസ്തരായി നിലകൊള്ളുന്നതിനുവേണ്ട നിശ്ചയദാർഢ്യം ഞങ്ങളിൽ നട്ടുവളർത്തുന്നതിന് അമ്മ തന്നാലാവതു ചെയ്തു.—1 കൊരിന്ത്യർ 10:13.
പരിശോധന നേരിടുകതന്നെ ചെയ്തു. 1942 ഡിസംബർ 15-ന്, എനിക്കു വെറും 17 വയസ്സുള്ളപ്പോൾ ഗസ്റ്റപ്പോ എന്നെ അറസ്റ്റുചെയ്ത് ഗേരയിലുള്ള തടവറയിലാക്കി. ഒരാഴ്ചയ്ക്കു ശേഷം അമ്മയെയും അറസ്റ്റുചെയ്ത് അതേ തടവറയിലാക്കി. ഞാൻ അപ്പോഴും മൈനറായിരുന്നതിനാൽ കോടതിക്ക് എന്നെ വിചാരണചെയ്യാൻ സാധിച്ചില്ല. അതുകൊണ്ട് ഞാനും അമ്മയും ആറുമാസം, എനിക്കു 18 വയസ്സു തികയുന്നതുവരെ, തടവറയിൽ കഴിഞ്ഞുകൂടി. 18 വയസ്സു പൂർത്തിയായ ദിവസംതന്നെ എന്നെയും അമ്മയെയും വിചാരണയ്ക്കായി കൊണ്ടുപോയി.
എന്താണു സംഭവിക്കുന്നതെന്നു മനസ്സിലാക്കുന്നതിനു മുമ്പുതന്നെ സകലതും കഴിഞ്ഞു. അമ്മയെ വീണ്ടുമൊരിക്കലും കാണുകയില്ലെന്നു ഞാൻ വിചാരിച്ചിരുന്നില്ല. അമ്മയെ ഞാൻ അവസാനം കണ്ടതായി ഓർക്കുന്നതു കോടതിയിൽ പലകകൊണ്ടുള്ള കറുത്ത ബഞ്ചിൽ എന്നോടു തൊട്ടുചേർന്നിരിക്കുന്നതായാണ്. കോടതി ഞങ്ങളെ രണ്ടുപേരെയും കുറ്റക്കാരായി വിധിച്ചു. എന്നെ നാലു വർഷത്തേക്കും അമ്മയെ ഒന്നര വർഷത്തേക്കും തടവിനു വിധിച്ചു.
അന്ന് ആയിരക്കണക്കിനു യഹോവയുടെ സാക്ഷികളെ തടവറകളിലും തടങ്കൽപ്പാളയങ്ങളിലുമാക്കിയിരുന്നു. എന്നാൽ, എന്നെ പാർപ്പിച്ചിരുന്ന ഷ്റ്റൊൾബെർഗ് തടവറയിൽ സാക്ഷിയായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു വർഷത്തിലധികം ഞാൻ ഏകാന്തതടവിൽ കഴിഞ്ഞെങ്കിലും യഹോവ എന്നോടൊപ്പമുണ്ടായിരുന്നു. ബാല്യത്തിൽ അവനോടു നട്ടുവളർത്തിയ സ്നേഹമായിരുന്നു എന്റെ ആത്മീയ അതിജീവനത്തിനുള്ള താക്കോൽ.
1945 മേയ് 9. രണ്ടര വർഷത്തെ ജയിൽവാസത്തിനുശേഷം തടവുകാരായ ഞങ്ങൾക്ക് ഒരു സുവാർത്ത ലഭിച്ചു—യുദ്ധം അവസാനിച്ചിരിക്കുന്നു! അന്നുതന്നെ ഞാൻ ജയിൽമോചിതനായി. 110 കിലോമീറ്റർ നടന്ന്, വിശപ്പും ദാഹവുംകൊണ്ട് അക്ഷരാർഥത്തിൽ തളർന്നവശനായി ഞാൻ വീട്ടിലെത്തി. ആരോഗ്യം വീണ്ടെടുക്കാൻ മാസങ്ങളോളം വേണ്ടിവന്നു.
അവിടെ പിടിച്ചുലയ്ക്കുന്നതരം വാർത്തകളാണ് എന്നെ വരവേറ്റത്. ആദ്യം അമ്മയെക്കുറിച്ച്. ഒന്നരവർഷം തടവിൽ കഴിഞ്ഞശേഷം യഹോവയിലുള്ള വിശ്വാസം ത്യജിച്ചുകൊണ്ട് ഒരു പ്രമാണപത്രത്തിൽ ഒപ്പിടാൻ നാസികൾ അമ്മയോട് ആവശ്യപ്പെട്ടു. അമ്മ സമ്മതിച്ചില്ല. അതുകൊണ്ട്, ഗസ്റ്റപ്പോ അമ്മയെ റാവൻസ്ബ്രൂക്കിലുള്ള സ്ത്രീകളുടെ തടങ്കൽപ്പാളയത്തിലേക്കു കൊണ്ടുപോയി. യുദ്ധം അവസാനിക്കുന്നതിനു തൊട്ടുമുമ്പ് അവിടെവെച്ചു സന്നിപാതജ്വരം പിടിപെട്ട് അമ്മ മരിച്ചു. സുധീരയായ—ഒരിക്കലും തളർന്നു പിന്മാറാതെ വിശ്വാസത്തിനുവേണ്ടി ശക്തമായി പോരാടിയ—ഒരു ക്രിസ്ത്യാനിയായിരുന്നു അമ്മ. യഹോവ അമ്മയെ ദയാപുരസ്സരം ഓർക്കേണമേ എന്നാണ് എന്റെ പ്രാർഥന.
യഹോവയ്ക്ക് ഒരിക്കലും സമർപ്പണം നടത്താതിരുന്ന എന്റെ മൂത്ത ജ്യേഷ്ഠനെക്കുറിച്ചും വിവരം ലഭിച്ചു. അദ്ദേഹം ജർമൻ സേനയിൽ ചേർന്ന്, റഷ്യയിൽവെച്ചു കൊല്ലപ്പെട്ടു. പിതാവോ? അദ്ദേഹം വീട്ടിലെത്തി. എന്നാൽ ദുഃഖകരമെന്നു പറയട്ടെ, വിശ്വാസം ത്യജിച്ചുകൊണ്ട് ആ കുപ്രസിദ്ധ പ്രമാണപത്രത്തിൽ ഒപ്പുവെച്ച ചുരുക്കം ചില സാക്ഷികളിൽ അദ്ദേഹവും ഉണ്ടായിരുന്നു. ഞാൻ കാണുമ്പോൾ അദ്ദേഹം വിഷണ്ണനും മാനസികവ്യഥ ബാധിച്ചവനുമായി കാണപ്പെട്ടു.—2 പത്രൊസ് 2:20.
തീക്ഷ്ണതയേറിയ ആത്മീയ പ്രവർത്തനത്തിന്റെ ഹ്രസ്വഘട്ടം
1946 മാർച്ച് 10-ന് ലൈപ്സിഗിൽ ഒരു സമ്മേളനം നടന്നു. യുദ്ധാനന്തരം ഞാൻ ഹാജരായ ആദ്യത്തെ സമ്മേളനമായിരുന്നു അത്. അന്നുതന്നെ ഒരു സ്നാപനമുണ്ടായിരിക്കുമെന്ന അറിയിപ്പ് എത്ര പുളകപ്രദമായിരുന്നു! നിരവധി വർഷങ്ങൾക്കുമുമ്പേ ഞാൻ എന്റെ ജീവിതം യഹോവയ്ക്കു സമർപ്പിച്ചിരുന്നെങ്കിലും സ്നാപനമേൽക്കുന്നതിനു ലഭിച്ച പ്രഥമ അവസരമായിരുന്നു അത്. ആ ദിവസം എന്നും എന്റെ സ്മരണയിലുണ്ടാകും.
1947 മാർച്ച് 1-ന് ഒരു മാസത്തെ പയനിയറിങ്ങിനുശേഷം എനിക്കു മാഗ്ഡെബുർഗിലുള്ള ബെഥേലിലേക്കു ക്ഷണം ലഭിച്ചു. ബോംബുവീണ് സൊസൈറ്റിയുടെ ഓഫീസിന് വളരെയധികം നാശം സംഭവിച്ചിരുന്നു. കേടുപാടുകൾ തീർക്കുന്നതിനു സഹായിക്കാൻ കഴിഞ്ഞത് എന്തൊരു പദവിയായിരുന്നു! ആ വേനൽക്കാലത്തിനുശേഷം എനിക്കു പ്രത്യേകപയനിയറായി വിറ്റെൻവെർഗിലേക്കു നിയമനം ലഭിച്ചു. ചില മാസങ്ങളിൽ ഞാൻ ദൈവരാജ്യ സുവാർത്ത പ്രസംഗിച്ചുകൊണ്ട് 200-ലധികം മണിക്കൂർ ചെലവഴിക്കുമായിരുന്നു. വീണ്ടും സ്വതന്ത്രനായിരിക്കാൻ കഴിഞ്ഞതിൽ എനിക്കെത്ര സന്തോഷമായിരുന്നു—യുദ്ധമില്ല, പീഡനമില്ല, തടവറകളില്ല!
ദുഃഖകരമെന്നു പറയട്ടെ, ആ സ്വാതന്ത്ര്യം അധികനാൾ നീണ്ടുനിന്നില്ല. യുദ്ധാനന്തരം ജർമനി രണ്ടായി വിഭജിക്കപ്പെട്ടു. ഞാൻ താമസിച്ചിരുന്ന ഭാഗം കമ്മ്യുണിസ്റ്റുകളുടെ അധീനതയിലായി. 1950 സെപ്റ്റംബറിൽ പൂർവ ജർമനിയുടെ ഷ്റ്റാസി എന്നറിയപ്പെടുന്ന രഹസ്യപ്പൊലീസ് സഹോദരങ്ങളെ ഒന്നിനുപുറകെ ഒന്നായി അറസ്റ്റുചെയ്യാൻ തുടങ്ങി. എനിക്കെതിരെയുള്ള കുറ്റാരോപണം തികച്ചും അപഹാസ്യമായിരുന്നു. ഞാൻ അമേരിക്കൻ ഗവൺമെൻറിന്റെ ചാരനാണെന്നായിരുന്നു ആരോപണം. അവർ എന്നെ രാജ്യത്തെ ഏറ്റവും മോശമായ, ബ്രാൻഡെൻബുർഗിലുള്ള ഷ്റ്റാസി തടവറയിലേക്ക് അയച്ചു.
എന്റെ ആത്മീയ സഹോദരങ്ങളിൽനിന്നുള്ള പിന്തുണ
ഷ്റ്റാസികൾ പകൽ സമയത്ത് എന്നെ ഉറങ്ങാൻ അനുവദിച്ചില്ല. രാത്രി മുഴുവൻ അവർ എന്നെ വിചാരണചെയ്തിരുന്നു. ദിവസങ്ങളോളം ഈ യാതന തുടർന്നു. പിന്നീട് സ്ഥിതിഗതികൾ ഏറെ വഷളായി. ഒരു ദിവസം രാവിലെ തടവുമുറിയിലേക്കു മടക്കി അയയ്ക്കുന്നതിനു പകരം അവർ എന്നെ അവരുടെ കുപ്രസിദ്ധ യൂ-ബോട്ട് റ്റ്സെലെനിലേക്ക് അയച്ചു (അവയുടെ സ്ഥാനം കുണ്ടറയിലായിരുന്നതുകൊണ്ട് ജലാന്തർ തടവറ എന്ന് അറിയപ്പെട്ടിരുന്നു). തുരുമ്പുപിടിച്ച ഒരു ഇരുമ്പുവാതിൽ തുറന്നശേഷം ഉള്ളിൽ പ്രവേശിക്കാൻ അവരെന്നോട് ആവശ്യപ്പെട്ടു. പ്രവേശനദ്വാരം കുറെ ഉയരത്തിലായിരുന്നു. കാലെടുത്തുവെച്ചപ്പോഴേ മനസ്സിലായി തറ മുഴുവൻ വെള്ളമാണെന്ന്. ഭയപ്പെടുത്തുന്ന, കിറുകിറശബ്ദത്തോടെ അവർ കതകു കൊട്ടിയടച്ചു. അതിനകത്തു വെട്ടമോ വെളിച്ചമോ ഇല്ലായിരുന്നു. ആ മുറിക്ക് ഒരു ജാലകം പോലുമില്ലായിരുന്നു. എങ്ങും കൂരാക്കൂരിരുട്ട്.
തറയിൽ വളരെയധികം വെള്ളമുണ്ടായിരുന്നതുകൊണ്ട് എനിക്ക് ഇരിക്കാനോ കിടക്കാനോ ഉറങ്ങാനോ കഴിഞ്ഞില്ല. കാത്തിരിപ്പിന് അവസാനമില്ലെന്നു തോന്നി. പിന്നീട്, കൂടുതൽ ചോദ്യംചെയ്യുന്നതിന് എന്നെ അവിടെനിന്നു കൊണ്ടുപോയി. ഇത്തവണ ശക്തമായ വെളിച്ചം അടിപ്പിച്ചു. അതിലേതായിരുന്നു—പകൽ മുഴുവൻ കുറ്റാക്കുറ്റിരുട്ടത്തു വെള്ളത്തിൽ നിന്നതാണോ രാത്രിമുഴുവൻ ഫ്ളഡ്ലൈറ്റിന്റെ പൊള്ളുന്ന പ്രകാശത്തിൽ നിന്നതാണോ—കൂടുതൽ പ്രയാസകരമായിരുന്നതെന്ന് എനിക്കറിഞ്ഞുകൂടാ.
എന്നെ വെടിവെച്ചുകൊല്ലുമെന്ന് അവർ പല തവണ ഭീഷണിപ്പെടുത്തി. ഏതാനും രാത്രികൾ നീണ്ടുനിന്ന ചോദ്യംചെയ്യലിനുശേഷം ഒരു പ്രഭാതത്തിൽ റഷ്യയിലെ ഒരു ഉന്നത സൈനികോദ്യോഗസ്ഥൻ എന്നെ സന്ദർശിച്ചു. നാസി ഗസ്റ്റപ്പോയെക്കാൾ വളരെ മോശമായ വിധത്തിലാണ് ജർമനിയിലെ ഷ്റ്റാസി എന്നോട് ഇടപെട്ടതെന്ന് അദ്ദേഹത്തോടു പറയാൻ എനിക്ക് അവസരം ലഭിച്ചു. യഹോവയുടെ സാക്ഷികൾ നാസി ഗവൺമെൻറിന്റെ കീഴിൽ നിഷ്പക്ഷരായിരുന്നതുപോലെതന്നെ കമ്മ്യുണിസ്റ്റ് ഗവൺമെൻറിന്റെ കീഴിലും നിഷ്പക്ഷരാണെന്നും ലോകത്തൊരിടത്തും അവർ രാഷ്ട്രീയത്തിൽ തലയിടുന്നില്ലെന്നും ഞാൻ അദ്ദേഹത്തോടു പറഞ്ഞു. നേർവിപരീതമായി, സാധ്യതയനുസരിച്ച് ഷ്റ്റാസി ഉദ്യോഗസ്ഥന്മാരിൽ പലരും നിരപരാധികളെ മൃഗീയമായി പീഡിപ്പിക്കാൻ പരിശീലനം സിദ്ധിച്ച ഹിറ്റ്ലർ യുവജനസഖ്യത്തിൽ അംഗങ്ങളായിരുന്നെന്നും ഞാൻ അദ്ദേഹത്തോടു പറഞ്ഞു. അതു പറയുമ്പോൾ എന്റെ ശരീരം തണുപ്പും വിശപ്പും തളർച്ചയുംകൊണ്ടു വിറയ്ക്കുകയായിരുന്നു.
റഷ്യൻ ഉദ്യോഗസ്ഥൻ കോപിഷ്ഠനാകാഞ്ഞത് എന്നെ അതിശയിപ്പിച്ചു. നേരേമറിച്ച്, അദ്ദേഹം കരിമ്പടംകൊണ്ട് എന്റെ ശരീരം പൊതിഞ്ഞ് ദയാപുരസ്സരം എന്നോടു പെരുമാറി. അദ്ദേഹത്തിന്റെ സന്ദർശനത്തിനുശേഷം താമസിയാതെ എന്നെ കൂടുതൽ സൗകര്യങ്ങളുള്ള ഒരു തടവറയിലേക്കു മാറ്റി. ഏതാനും ദിവസങ്ങൾക്കുശേഷം എന്നെ ജർമൻ കോടതിയിലേക്കു മാറ്റി. എന്റെ കേസ് നടന്നുകൊണ്ടിരിക്കുമ്പോൾതന്നെ എനിക്കു വേറേ അഞ്ചു സാക്ഷികളോടൊപ്പം തടവറയിൽ താമസിക്കാൻ അവസരം ലഭിച്ചു. അതൊരു പദവിയായി ഞാൻ കരുതി. അത്യന്തം ക്രൂരമായ പെരുമാറ്റം സഹിച്ചശേഷം എന്റെ ആത്മീയ സഹോദരന്മാരോടൊത്തുള്ള സഹവാസം എന്നെ സംബന്ധിച്ചിടത്തോളം എത്ര നവോന്മേഷപ്രദമായിരുന്നു!—സങ്കീർത്തനം 133:1.
ചാരവൃത്തി നടത്തിയെന്ന കുറ്റമാരോപിച്ച് കോടതി എന്നെ നാലു വർഷം തടവറയിലാക്കി. അതു നിസ്സാര ശിക്ഷയായിട്ടാണ് കണക്കാക്കിയിരുന്നത്. ചില സഹോദരങ്ങളെ പത്തിലധികം വർഷത്തേക്കു ശിക്ഷിച്ചു. കനത്ത കാവലുള്ള ഒരു തടവറയിലേക്കാണ് എന്നെ അയച്ചത്. തടവറയ്ക്കകത്തോ പുറത്തോ ഒരെലിക്കുപോലും കടക്കാൻ കഴിയുമായിരുന്നില്ല. അത്ര കനത്ത കാവലായിരുന്നു. എങ്കിലും, ഒരു മുഴു ബൈബിളും ഉള്ളിൽ കടത്താൻ യഹോവയുടെ സഹായത്തോടെ ധീരരായ ചില സഹോദരങ്ങൾക്കു കഴിഞ്ഞു. അതിലെ ഓരോ പുസ്തകവും വേർതിരിച്ചെടുത്ത് തടവിലുണ്ടായിരുന്ന സഹോദരങ്ങൾക്കു വിതരണം ചെയ്തു.
ഞങ്ങളത് എങ്ങനെയാണു ചെയ്തത്? വളരെ ബുദ്ധിമുട്ടി. രണ്ടാഴ്ചയിലൊരിക്കൽ കുളിക്കാൻ കൊണ്ടുപോകുമ്പോൾ മാത്രമേ ഞങ്ങൾ അന്യോന്യം കണ്ടിരുന്നുള്ളൂ. ഒരിക്കൽ ഞാൻ കുളിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു സഹോദരൻ തന്റെ തോർത്തിനകത്തു ബൈബിളിന്റെ ഏതാനും പേജുകൾ ഒളിച്ചുവെച്ചിട്ടുണ്ടെന്ന് എന്റെ ചെവിയിൽ മന്ത്രിച്ചു. കുളികഴിയുമ്പോൾ എന്റെ തോർത്തിനുപകരം ഞാൻ അദ്ദേഹത്തിന്റെ തോർത്ത് എടുക്കണമായിരുന്നു.
സഹോദരൻ എന്റെ ചെവിയിൽ മന്ത്രിക്കുന്നത് ഗാർഡുകളിലൊരാൾ കണ്ടപ്പോൾ അദ്ദേഹത്തെ ലാത്തികൊണ്ടു പൊതിരെ തല്ലി. ഞാൻ ഉടനടി തോർത്തെടുത്തു മറ്റു തടവുകാരോടൊപ്പം ചേരണമായിരുന്നു. ദൈവാനുഗ്രഹമെന്നു പറയട്ടെ, ബൈബിൾ താളുകൾ എന്റെ കയ്യിൽനിന്നു കണ്ടെടുത്തില്ല. കണ്ടുപിടിച്ചിരുന്നെങ്കിൽ ഞങ്ങളുടെ ആത്മീയ പോഷിപ്പിക്കൽ പരിപാടി അപകടത്തിലായേനേ. സമാനമായ അനേകം അനുഭവങ്ങൾ ഞങ്ങൾക്കുണ്ടായി. ആരും അറിയാതെ, ജീവൻ പണയപ്പെടുത്തിക്കൊണ്ടാണു ഞങ്ങൾ ബൈബിൾ വായിച്ചിരുന്നത്. “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ” എന്ന പത്രൊസ് അപ്പോസ്തലന്റെ വാക്കുകൾ തികച്ചും ഉചിതമായിരുന്നു.—1 പത്രൊസ് 5:8.
എന്തോ കാരണത്താൽ, ഞങ്ങളിൽ ചിലരെ കൂടെക്കൂടെ തടവറതോറും മാറ്റിക്കൊണ്ടിരിക്കാൻ അധികാരികൾ തീരുമാനിച്ചു. നാലു വർഷത്തിനിടയിൽ എന്നെ പത്തു വ്യത്യസ്ത തടവറകളിലേക്കു മാറ്റി. എങ്കിലും, എനിക്കെല്ലായ്പോഴും സഹോദരങ്ങളെ കണ്ടുമുട്ടാൻ സാധിച്ചു. ഞാൻ ആ സഹോദരങ്ങളെയെല്ലാം ആഴമായി സ്നേഹിക്കാൻ തുടങ്ങി. ഓരോ തവണയും എന്നെ മാറ്റുമ്പോൾ ഹൃദയഭേദകമായ ദുഃഖത്തോടെയാണു ഞാൻ അവിടെനിന്നു പോയിരുന്നത്.
ഒടുവിൽ എന്നെ ലൈപ്സിഗിലേക്ക് അയച്ചു. അവിടെവെച്ച് എനിക്ക് തടവിൽനിന്നു മോചനം ലഭിച്ചു. തടവറയിലെ ഗാർഡ് ശുഭാശംസകൾ നേരുന്നതിനു പകരം “തന്നെ താമസിയാതെ ഞങ്ങൾ വീണ്ടും കാണും” എന്നു പറഞ്ഞാണ് എന്നെ മോചിപ്പിച്ചത്. അയാളുടെ ദുഷ്ടമനസ്സ് ഞാൻ വീണ്ടും തടവിലാകാൻ ആഗ്രഹിച്ചു. സങ്കീർത്തനം 124:2, 3-ഉം ഞാൻ മിക്കപ്പോഴും അനുസ്മരിക്കാറുണ്ട്. അവിടെ ഇങ്ങനെ പറയുന്നു: “മനുഷ്യർ നമ്മോടു എതിർത്തപ്പോൾ, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കിൽ, അവരുടെ കോപം നമ്മുടെനേരെ ജ്വലിച്ചപ്പോൾ, അവർ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു.”
യഹോവ തന്റെ വിശ്വസ്ത സേവകരെ വിടുവിക്കുന്നു
ഞാൻ വീണ്ടും സ്വതന്ത്രനായി. എന്നോടൊപ്പം ഇരട്ടപിറന്ന പെങ്ങൾ രൂത്തും ഹെർറ്റ ഷ്ലെൻസോഗ് സഹോദരിയും എന്നെ കാത്തു പടിവാതിൽക്കൽ നിൽപ്പുണ്ടായിരുന്നു. തടവറയിൽ കഴിഞ്ഞകാലമെല്ലാം മാസംതോറും ഹെർറ്റ എനിക്ക് ഒരു കൊച്ചു ഭക്ഷണപ്പൊതി അയച്ചുതരുമായിരുന്നു. ആ കൊച്ചു ഭക്ഷണപ്പൊതികളില്ലായിരുന്നെങ്കിൽ ഉറപ്പായും ഞാൻ തടവറയിൽ കിടന്നു മരിക്കുമായിരുന്നു. യഹോവ അവരെ ദയാപുരസ്സരം ഓർക്കേണമേ എന്നാണെന്റെ പ്രാർഥന.
മോചനത്തെത്തുടർന്നു നിരവധി പദവികൾ നൽകി യഹോവ എന്നെ അനുഗ്രഹിച്ചു. ഞാൻ വീണ്ടും ജർമനിയിലെ ഗ്രോണൗ നഗരത്തിൽ പ്രത്യേക പയനിയറും ജർമൻ ആൽപ്സിൽ സർക്കിട്ട് മേൽവിചാരകനും ആയി സേവനമനുഷ്ഠിച്ചു. പിന്നീട്, മിഷനറിമാർക്കുള്ള 31-ാമതു വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിലേക്ക് എന്നെ ക്ഷണിച്ചു. 1958-ൽ യാങ്കീ സ്റ്റേഡിയത്തിൽ നടന്ന യഹോവയുടെ സാക്ഷികളുടെ സാർവദേശീയ കൺവെൻഷനിൽവെച്ചായിരുന്നു ഞങ്ങളുടെ ബിരുദദാനം. സഹോദരീസഹോദരന്മാരുടെ വൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നതിനും ചില അനുഭവങ്ങൾ വിവരിക്കുന്നതിനും എനിക്കു പദവി ലഭിച്ചു.
ബിരുദാനന്തരം മിഷനറിയായി സേവിക്കുന്നതിനു ഞാൻ ചിലിയിലേക്കു യാത്രതിരിച്ചു. അവിടെ, ചിലിയുടെ ഏറ്റവും വടക്കേ അറ്റത്ത്, സർക്കിട്ട് മേൽവിചാരകനായി ഞാൻ വീണ്ടും സേവനമനുഷ്ഠിച്ചു. അക്ഷരാർഥത്തിൽ എന്നെ ഭൂമിയുടെ അറുതികളിലേക്ക് അയയ്ക്കുകയായിരുന്നു. 1962-ൽ ഞാൻ പാറ്റ്സി ബൊയിറ്റ്നാഗലിനെ വിവാഹം കഴിച്ചു. യു.എസ്.എ-യിലെ ടെക്സാസിലുള്ള സാൻ അന്റോണിയോയിൽനിന്നുള്ള ഒരു സുന്ദരിയായ മിഷനറിയായിരുന്നു അവൾ. അവളോടൊപ്പം യഹോവയുടെ സേവനത്തിൽ ആനന്ദകരമായ അനവധി വർഷങ്ങൾ ആസ്വദിക്കാൻ എനിക്കു സാധിച്ചു.
ഇപ്പോൾ എനിക്ക് 70 വയസ്സു കഴിഞ്ഞു. ഇതിനോടകം ഞാൻ നിരവധി സന്തുഷ്ട നിമിഷങ്ങളും നിരവധി ദുരന്തങ്ങളും അനുഭവിച്ചിട്ടുണ്ട്. “നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവ എല്ലാററിൽനിന്നും യഹോവ അവനെ വിടുവിക്കുന്നു” എന്നു സങ്കീർത്തനക്കാരൻ പറഞ്ഞു. (സങ്കീർത്തനം 34:19) 1963-ൽ ചിലിയിലായിരുന്നപ്പോൾ എനിക്കും പാറ്റ്സിക്കും ഞങ്ങളുടെ മകളുടെ ദാരുണമരണം കാണേണ്ടിവന്നു. പിന്നീട്, പാറ്റ്സി രോഗം ബാധിച്ചു തീരെ അവശയായി. അങ്ങനെ ഞങ്ങൾ ടെക്സാസിലേക്കു താമസംമാറ്റി. വെറും 43 വയസ്സുള്ളപ്പോൾ ദാരുണ സാഹചര്യങ്ങളിൽ അവൾ മരണമടഞ്ഞു. എന്റെ പ്രിയപ്പെട്ട ഭാര്യയെ ദയാപുരസ്സരം ഓർക്കേണമേ എന്നു ഞാൻ മിക്കപ്പോഴും യഹോവയോടു പ്രാർഥിക്കാറുണ്ട്.
രോഗബാധിതനും പ്രായാധിക്യം ചെന്നവനുമെങ്കിലും ഞാനിപ്പോൾ ടെക്സാസിലെ ബ്രേഡിയിൽ ഒരു നിരന്തരപയനിയറും മൂപ്പനുമായുള്ള സേവനപദവി ആസ്വദിക്കുന്നു. ജീവിതം എല്ലായ്പോഴും സുകരമായിരുന്നില്ലെന്നതു ശരിതന്നെ. മാത്രമല്ല, ഞാൻ ഇനിയും മറ്റു പരിശോധനകളെ നേരിടേണ്ടിവരുകയും ചെയ്തേക്കാം. എങ്കിലും, സങ്കീർത്തനക്കാരനെപ്പോലെ എനിക്ക് ഇങ്ങനെ പറയാൻ കഴിയും: “ദൈവമേ, എന്റെ ബാല്യംമുതൽ നീ എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാൻ നിന്റെ അത്ഭുതപ്രവർത്തികളെ അറിയിച്ചുമിരിക്കുന്നു”—സങ്കീർത്തനം 71:17.
[23-ാം പേജിലെ ചിത്രം]
(1) ഇപ്പോൾ ഒരു മൂപ്പനും പയനിയറുമായി സേവനമനുഷ്ഠിക്കുന്നു, (2) വിവാഹത്തിനു തൊട്ടുമുമ്പ് പാറ്റ്സിയോടൊപ്പം, (3) ഹെർ ഷ്നൈഡറിന്റെ ക്ലാസ്സ് മുറിയിൽ, (4) റാവൻസ്ബ്രുക്കിൽവെച്ചു മരണമടഞ്ഞ എന്റെ അമ്മ തെരേസാ