നിങ്ങളുടെ സഹോദരസ്നേഹം തുടരട്ടെ!
“നിങ്ങളുടെ സഹോദരസ്നേഹം തുടരട്ടെ.”—എബ്രായർ 13:1, NW.
1. അതിശൈത്യമുള്ള രാത്രിയിൽ തീ കെടാതെ സൂക്ഷിക്കുന്നതിന് നിങ്ങൾ എന്തുചെയ്യും, സമാനമായ എന്ത് ഉത്തരവാദിത്വം നമുക്കെല്ലാവർക്കുമുണ്ട്?
പുറത്ത് അതിശൈത്യം. ഊഷ്മാവ് കുത്തനെ താഴുന്നു. നിങ്ങളുടെ വീട്ടിലെ ഏക താപസ്രോതസ്സ് തീയുള്ള നെരിപ്പോടാണ്. അതു കെടാതെ സൂക്ഷിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു നിങ്ങളുടെ ജീവൻ. തീ അണയുകയും തീക്കനലുകൾ മങ്ങി ഓജസ്സറ്റ ചാരനിറത്തിലാകുകയും ചെയ്യുന്നതു നിങ്ങൾ കൈയുംകെട്ടി നോക്കിയിരിക്കുമോ? തീർച്ചയായും ഇല്ല. തീ അണയാതിരിക്കാൻ നിങ്ങൾ മടുപ്പില്ലാതെ ഇന്ധനമിട്ടുകൊണ്ടിരിക്കും. വളരെയേറെ പ്രധാനപ്പെട്ട ഒരു “തീ”യുടെ, നമ്മുടെ ഹൃദയത്തിൽ ജ്വലിക്കേണ്ടിയിരിക്കുന്ന സ്നേഹത്തിന്റെ, കാര്യത്തിലാകുമ്പോൾ ഒരർഥത്തിൽ നമുക്കോരോരുത്തർക്കും സമാനമായ ഒരു ജോലിയുണ്ട്.
2. (എ) ഈ അന്ത്യകാലത്ത് സ്നേഹം തണുത്തുപോയിരിക്കുന്നുവെന്നു പറയാവുന്നതെന്തുകൊണ്ട്? (ബി) സത്യക്രിസ്ത്യാനികൾക്ക് സ്നേഹം എത്ര പ്രധാനമാണ്?
2 യേശു ദീർഘകാലം മുമ്പു മുൻകൂട്ടിപ്പറഞ്ഞതുപോലെ, ലോകത്തിനു ചുറ്റും ക്രിസ്ത്യാനികളെന്ന് അവകാശപ്പെടുന്നവരുടെ ഇടയിൽ സ്നേഹം തണുത്തുപൊയ്ക്കൊണ്ടിരിക്കുന്ന ഒരു കാലത്താണു നാം ജീവിക്കുന്നത്. (മത്തായി 24:12) ഏറ്റവും പ്രധാനപ്പെട്ട തരത്തിലുള്ള സ്നേഹത്തെ, അതായത് യഹോവയോടും അവന്റെ വചനമായ ബൈബിളിനോടുമുള്ള സ്നേഹത്തെ യേശു പരാമർശിക്കുകയായിരുന്നു. മറ്റു തരത്തിലുള്ള സ്നേഹവും കുറഞ്ഞുകൊണ്ടിരിക്കുകയാണ്. “അന്ത്യകാലത്ത്” ഒട്ടുമിക്കവരും “സ്വാഭാവിക പ്രിയം ഇല്ലാത്തവർ” ആയിരിക്കുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞു. (2 തിമൊഥെയൊസ് 3:1-5, NW) ഇത് എത്ര സത്യം! കുടുംബം സ്വാഭാവിക പ്രിയത്തിന്റെ ഒരു സങ്കേതമായിരിക്കണം. എന്നാൽ അവിടെപോലും അക്രമവും ദ്രോഹവും സാധാരണമായിത്തീർന്നിരിക്കുന്നു, ചിലപ്പോൾ അവ ഭീതിദമാംവിധം മൃഗീയമാണ്. എന്നാൽ, ഈ ലോകത്തിലെ നിർവികാരമായ പരിതഃസ്ഥിതിയിൽ കേവലം പരസ്പര സ്നേഹമുള്ളവരായിരിക്കാനല്ല, മറിച്ച് ആത്മത്യാഗപരമായ സ്നേഹമുള്ളവരായിരിക്കാൻ, മറ്റുള്ളവർക്കു മുന്തിയ സ്ഥാനം കൊടുക്കുന്നവരായിരിക്കാൻ ക്രിസ്ത്യാനികളോടു കൽപ്പിച്ചിരിക്കുന്നു. ഈ സ്നേഹം യഥാർഥ ക്രിസ്തീയ സഭയുടെ തിരിച്ചറിയിക്കൽ അടയാളമായിത്തീരത്തക്കവിധം എല്ലാവർക്കും ദൃശ്യമാകുന്ന രീതിയിൽ നാം അതു തുറന്നു പ്രകടിപ്പിക്കണം.—യോഹന്നാൻ 13:34, 35.
3. എന്താണ് സഹോദരസ്നേഹം, അത് തുടരാൻ ഇടയാക്കുകയെന്നതിന്റെ അർഥമെന്ത്?
3 “നിങ്ങളുടെ സഹോദരസ്നേഹം തുടരട്ടെ” എന്ന ഉദ്ബോധനം നൽകാൻ അപ്പോസ്തലനായ പൗലൊസ് നിശ്വസ്തനായി. (എബ്രായർ 13:1, NW) ഒരു പണ്ഡിത ഗ്രന്ഥം പറയുന്നപ്രകാരം, “സഹോദരസ്നേഹം” എന്ന് ഇവിടെ വിവർത്തനം ചെയ്തിരിക്കുന്ന ഗ്രീക്കു പദം (ഫിലദെൽഫിയ) “വാത്സല്യപൂർവമുള്ള സ്നേഹം, ദയ പ്രകടമാക്കൽ, സഹാനുഭൂതി, സഹായം നൽകൽ എന്നിവയെ പരാമർശിക്കുന്നു.” അത്തരം സ്നേഹം തുടരാൻ നാം അനുവദിക്കണമെന്നു പറഞ്ഞപ്പോൾ പൗലൊസ് എന്താണ് അർഥമാക്കിയത്? “അത് ഒരിക്കലും തണുത്തുപോകരുത്” എന്ന് അതേ ഗ്രന്ഥം പ്രസ്താവിക്കുന്നു. അതുകൊണ്ട്, സഹോദരങ്ങളോടു നമുക്കുള്ള പ്രിയം മനസ്സിൽ തോന്നിയാൽ പോരാ; അതു പ്രകടമാക്കണം. അതിനുപുറമേ, ഈ സ്നേഹം നിലനിൽക്കാൻ നാം ഇടയാക്കണം, അതു തണുത്തുപോകാൻ നാം ഒരിക്കലും അനുവദിക്കരുത്. ഇതു വെല്ലുവിളിപരമാണോ? അതേ, പക്ഷേ സഹോദരപ്രീതി നട്ടുവളർത്താനും അതു നിലനിർത്താനും നമ്മെ സഹായിക്കാൻ യഹോവയുടെ ആത്മാവിനു കഴിയും. നമ്മുടെ ഹൃദയത്തിലുള്ള ഈ സ്നേഹാഗ്നിക്ക് ഇന്ധനമേകാനുള്ള മൂന്നു വിധങ്ങൾ നമുക്കു പരിചിന്തിക്കാം.
സഹാനുഭൂതി കാണിക്കുക
4. എന്താണ് സഹാനുഭൂതി?
4 നിങ്ങളുടെ ക്രിസ്തീയ സഹോദരീസഹോദരൻമാരോടു കൂടുതൽ സ്നേഹമുണ്ടായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, ആദ്യമായി നിങ്ങൾക്കവരോടു വികാരവായ്പ് ഉണ്ടായിരിക്കണം, ജീവിതത്തിൽ അവർ നേരിടുന്ന പരിശോധനകളിലും വെല്ലുവിളികളിലും അവരോട് സഹതാപം കാട്ടണം. “എല്ലാവരും ഐകമത്യവും സഹതാപവും [“സഹാനുഭൂതിയും”, NW] സഹോദരപ്രീതിയും മനസ്സലിവും വിനയബുദ്ധിയുമുള്ളവരായിരിപ്പിൻ” എന്ന് എഴുതിയപ്പോൾ അപ്പോസ്തലനായ പത്രൊസ് അതു നിർദേശിച്ചു. (1 പത്രൊസ് 3:8) ഇവിടെ ‘സഹാനുഭൂതി’ കാട്ടുക എന്നതിന് ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കു പദം “കൂടെ കഷ്ടം സഹിക്കുന്ന”തിനെ അർഥമാക്കുന്നു. ബൈബിളിലെ ഗ്രീക്കുഭാഷയെക്കുറിച്ചുള്ള ഒരു ആധികാരിക ഗ്രന്ഥം ഈ പദത്തെപ്പറ്റി പറയുന്നു: “മറ്റുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കുമ്പോൾ നമ്മുടേത് എന്നപോലെ തോന്നുന്ന മാനസികാവസ്ഥയെ അതു വർണിക്കുന്നു.” അതുകൊണ്ട് സമാനുഭാവം ആവശ്യമാണ്. യഹോവയുടെ ഒരു പ്രായമുള്ള വിശ്വസ്ത ദാസൻ ഒരിക്കൽ പറഞ്ഞു: “നിങ്ങളുടെ വേദന എന്റെ ഹൃദയത്തിൽ അനുഭവപ്പെടുന്നതാണ് സമാനുഭാവം.”
5. യഹോവയ്ക്കു സഹാനുഭൂതിയുണ്ടെന്നു നമുക്കെങ്ങനെ അറിയാം?
5 യഹോവയ്ക്ക് അത്തരം സഹാനുഭൂതിയുണ്ടോ? തീർച്ചയായും. ദൃഷ്ടാന്തത്തിന്, അവന്റെ ജനമായ ഇസ്രായേലിന്റെ കഷ്ടപ്പാടുകളെക്കുറിച്ച് നാം വായിക്കുന്നു: “അവരുടെ കഷ്ടതയിൽ ഒക്കെയും അവൻ കഷ്ടപ്പെട്ടു.” (യെശയ്യാവു 63:9) യഹോവ അവരുടെ പ്രശ്നങ്ങൾ കാണുക മാത്രമല്ല ചെയ്തത്; അവനു ജനത്തോടു വികാരവായ്പു തോന്നി. സെഖര്യാവു 2:8-ൽ (NW) രേഖപ്പെടുത്തിയിരിക്കുന്ന തന്റെ ജനത്തോടുള്ള യഹോവയുടെതന്നെ വാക്കുകൾ എത്ര തീവ്രമായ വികാരം അവനനുഭവപ്പെട്ടെന്നു ചിത്രീകരിക്കുന്നു: “നിങ്ങളെ തൊടുന്നവൻ എന്റെ കണ്ണിന്റെ കൃഷ്ണമണിയെ തൊടുന്നു.”a ഈ വാക്യത്തെക്കുറിച്ച് ഒരു വ്യാഖ്യാതാവ് പറയുന്നു: “മനുഷ്യ ശരീരത്തിലെ ഏറ്റവും സങ്കീർണവും ലോലവുമായ അവയവങ്ങളിൽ ഒന്നാണ് കണ്ണ്; ദർശനോദ്ദേശ്യത്തിൽ ആകാശവെളിച്ചം ഉള്ളിൽ പ്രവേശിക്കുന്ന ദ്വാരമായ കണ്ണിന്റെ കൃഷ്ണമണി, കണ്ണിലെ ഏറ്റവുമധികം സംവേദകത്വമുള്ളതും പ്രധാനപ്പെട്ടതുമായ ഭാഗമാണ്. യഹോവയുടെ സ്നേഹത്തിനു പാത്രീഭൂതമായ വസ്തുവിനോട് അവനുള്ള തികഞ്ഞ ആർദ്രപരിപാലനമെന്ന ആശയം മറ്റൊന്നിനും കൂടുതൽ മെച്ചമായി ദ്യോതിപ്പിക്കാനാവില്ല.”
6. യേശുക്രിസ്തു സഹാനുഭൂതി പ്രകടമാക്കിയതെങ്ങനെ?
6 യേശുവും എല്ലായ്പോഴും ആഴമായ സഹാനുഭൂതി പ്രകടമാക്കിയിട്ടുണ്ട്. രോഗികളും ആകുലരുമായിരുന്ന സഹമനുഷ്യരുടെ ദാരുണാവസ്ഥയിൽ അവന് ആവർത്തിച്ചാവർത്തിച്ചു ‘മനസ്സലിവ്’ തോന്നി. (മർക്കൊസ് 1:41; 6:34) തന്റെ അഭിഷിക്ത അനുഗാമികളോടു ദയാപൂർവം പെരുമാറാൻ ആരെങ്കിലും പരാജയപ്പെടുമ്പോൾ, തന്നോടുതന്നെ അപ്രകാരം പെരുമാറുന്നതുപോലെ അവനു തോന്നുന്നുവെന്ന് അവൻ സൂചിപ്പിച്ചു. (മത്തായി 25:41-46) ഇന്ന് നമ്മുടെ സ്വർഗീയ “മഹാപുരോഹിതൻ” എന്ന നിലയിൽ അവൻ “നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ” കഴിയുന്ന ഒരുവനാണ്.—എബ്രായർ 4:15.
7. ഒരു സഹോദരനോ സഹോദരിയോ നമ്മെ അസഹ്യപ്പെടുത്തുമ്പോൾ സഹാനുഭൂതി നമ്മെ സഹായിച്ചേക്കാവുന്നതെങ്ങനെ?
7 “നമ്മുടെ ബലഹീനതകളിൽ സഹതാപം കാണി”ക്കുന്നത് ആശ്വാസപ്രദമായ ഒരു സംഗതിയല്ലേ? അതുകൊണ്ട്, തീർച്ചയായും നാം പരസ്പരം അതുതന്നെ ചെയ്യാൻ ആഗ്രഹിക്കണം. മറ്റൊരുവന്റെ ദൗർബല്യങ്ങൾ കണ്ടെത്തുക ഏറെ എളുപ്പമാണ്. (മത്തായി 7:3-5) എന്നാൽ, അടുത്ത പ്രാവശ്യം ഒരു സഹോദരനോ സഹോദരിയോ നിങ്ങളെ അസഹ്യപ്പെടുത്തുമ്പോൾ ഇതൊന്നു പരീക്ഷിച്ചുകൂടേ? ആ വ്യക്തിയുടെ പശ്ചാത്തലവും വ്യക്തിത്വവും അയാൾക്കു പോരാട്ടമുള്ള വ്യക്തിഗത ദൗർബല്യങ്ങളും ഉൾപ്പെടെ, നിങ്ങൾ ആ വ്യക്തിയുടെ സാഹചര്യത്തിലാണെന്നു സങ്കൽപ്പിക്കുക. അതേ പിശകുകൾ—ഒരു പക്ഷേ അതിലും മോശമായവ—നിങ്ങൾ ചെയ്യുകയില്ലെന്ന് ഉറപ്പുള്ളവരായിരിക്കാൻ നിങ്ങൾക്കു കഴിയുമോ? മറ്റുള്ളവരിൽനിന്നു വളരെയേറെ പ്രതീക്ഷിക്കുന്നതിനു പകരം, ‘നാം പൊടിയാണെന്ന് ഓർമിക്കുന്ന’ യഹോവയെപ്പോലെ, ന്യായയുക്തരായിരിക്കാൻ നമ്മെ സഹായിക്കുന്ന സഹാനുഭൂതി നാം പ്രകടിപ്പിക്കണം. (സങ്കീർത്തനം 103:14; യാക്കോബ് 3:17) അവൻ നമ്മുടെ പരിമിതികൾ അറിയുന്നു. ന്യായമായി നമുക്ക് ചെയ്യാൻ കഴിയുന്നതിലധികം അവൻ ഒരിക്കലും നമ്മിൽനിന്നു പ്രതീക്ഷിക്കുന്നില്ല. (1 രാജാക്കന്മാർ 19:5-7 താരതമ്യം ചെയ്യുക.) നമുക്കെല്ലാം മറ്റുള്ളവരോട് അത്തരം സഹാനുഭൂതി പ്രകടമാക്കാം.
8. ഒരു സഹോദരനോ സഹോദരിയോ ദുരിതത്തിലായിരിക്കുമ്പോൾ നാം എങ്ങനെ പ്രതികരിക്കണം?
8 ഐക്യത്തിൽ ഒരുമിച്ചു പ്രവർത്തിക്കേണ്ട വിഭിന്ന അവയവങ്ങളുള്ള ഒരു ശരീരം പോലെയാണു സഭയെന്ന് പൗലൊസ് എഴുതി. അവൻ കൂട്ടിച്ചേർത്തു: “ഒരു അവയവം കഷ്ടം അനുഭവിക്കുന്നു എങ്കിൽ അവയവങ്ങൾ ഒക്കെയുംകൂടെ കഷ്ടം അനുഭവിക്കുന്നു.” (1 കൊരിന്ത്യർ 12:12-26) കടുത്ത പരിശോധനകളിലൂടെ കടന്നുപോകുന്നവരോടൊപ്പം നാം കഷ്ടം സഹിക്കേണ്ടതുണ്ട്, അല്ലെങ്കിൽ അവരോടു സമാനുഭാവം കാട്ടേണ്ടതുണ്ട്. അപ്രകാരം ചെയ്യുന്നതിൽ മൂപ്പൻമാർ നേതൃത്വമെടുക്കുന്നു. “ആർ ബലഹീനനായിട്ടു ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു? ആർ ഇടറിപ്പോയിട്ടു ഞാൻ അഴലാതിരിക്കുന്നു?” എന്നും പൗലൊസ് എഴുതി. (2 കൊരിന്ത്യർ 11:29) മൂപ്പൻമാരും സഞ്ചാര മേൽവിചാരകൻമാരും ഈ സംഗതിയിൽ പൗലൊസിനെ അനുകരിക്കുന്നു. പ്രസംഗങ്ങളിലും ഇടയവേലയിലും നീതിന്യായ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾപോലും സഹാനുഭൂതി കാണിക്കാൻ അവർ ശ്രമിക്കുന്നു. “കരയുന്നവരോടുകൂടെ കരകയും ചെയ്വിൻ” എന്ന് പൗലൊസ് ശുപാർശ ചെയ്തു. (റോമർ 12:15) ഇടയൻമാർക്കു തങ്ങളോടു വികാരവായ്പ് ഉണ്ടെന്നും അവർ തങ്ങളുടെ പരിമിതികൾ ഗ്രഹിക്കുകയും തങ്ങൾ നേരിടുന്ന യാതനകളിൽ സഹതപിക്കുകയും ചെയ്യുന്നുവെന്നും ആടുകൾ മനസ്സിലാക്കുമ്പോൾ ബുദ്ധ്യുപദേശവും മാർഗദർശനവും ശിക്ഷണവും സ്വീകരിക്കാൻ അവർ സാധാരണമായി കൂടുതൽ സന്നദ്ധരായിരിക്കും. ‘തങ്ങളുടെ ദേഹികൾക്കു നവോന്മേഷം കണ്ടെത്തും’ എന്ന ഉറപ്പോടെ അവർ ഉത്സാഹപൂർവം യോഗങ്ങൾക്കു ഹാജരാകുന്നു.—മത്തായി 11:29, NW.
വിലമതിപ്പു പ്രകടിപ്പിക്കൽ
9. നമ്മിലെ നല്ലവശം യഹോവ വിലമതിക്കുന്നുവെന്ന് അവൻ പ്രകടമാക്കുന്നതെങ്ങനെ?
9 സഹോദരസ്നേഹത്തിന് ഇന്ധനമേകാനുള്ള രണ്ടാമത്തെ വിധം വിലമതിപ്പു പ്രകടിപ്പിക്കലാണ്. മറ്റുള്ളവരെ വിലമതിക്കുന്നതിന്, നാം അവരുടെ നല്ല ഗുണങ്ങളിലും ശ്രമങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ച് അവയെ മൂല്യവത്തായി കരുതണം. അങ്ങനെ ചെയ്യുമ്പോൾ നാം യഹോവയെത്തന്നെയാണ് അനുകരിക്കുന്നത്. (എഫെസ്യർ 5:1) നിസ്സാരമായ അനേകം പാപങ്ങൾ അവൻ ദിനംതോറും നമ്മോടു ക്ഷമിക്കുന്നു. യഥാർഥ അനുതാപം ഉള്ളിടത്തോളം കാലം അവൻ ഗുരുതരമായ പാപങ്ങൾപോലും ക്ഷമിക്കുന്നു. നമ്മുടെ പാപങ്ങൾ ഒരിക്കൽ ക്ഷമിച്ചാൽപ്പിന്നെ അവനതു മനസ്സിൽ വെച്ചുകൊണ്ടിരിക്കുന്നില്ല. (യെഹെസ്കേൽ 33:14-16) “യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്ക്കും?” എന്നു സങ്കീർത്തനക്കാരൻ ചോദിച്ചു. (സങ്കീർത്തനം 130:3) യഹോവയെ സേവിക്കുന്നതിൽ നാം ചെയ്യുന്ന നല്ല കാര്യങ്ങളിലാണ് അവൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.—എബ്രായർ 6:10.
10. (എ) പരസ്പരം വിലമതിപ്പു നഷ്ടപ്പെടുന്നതു വിവാഹ ഇണകളെ സംബന്ധിച്ചിടത്തോളം അപകടകരമായിരിക്കുന്നതെന്തുകൊണ്ട്? (ബി) ഇണയോടുള്ള വിലമതിപ്പു നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരുവൻ എന്തു ചെയ്യണം?
10 കുടുംബത്തിൽ ഈ ദൃഷ്ടാന്തം പിൻപറ്റുന്നതു വിശേഷിച്ചും പ്രധാനമാണ്. തങ്ങൾ പരസ്പരം വിലമതിക്കുന്നെന്നു മാതാപിതാക്കൾ പ്രകടിപ്പിക്കുമ്പോൾ അവർ കുടുംബത്തിനുവേണ്ടി ഒരു മാതൃക വെക്കുന്നു. ഹ്രസ്വകാല വിവാഹങ്ങളുടെ ഈ യുഗത്തിൽ, ഇണയോട് അനാസ്ഥ കാട്ടുകയും കുറ്റങ്ങളെ പെരുപ്പിച്ചു കാണിക്കുകയും നല്ല സ്വഭാവങ്ങളെ താഴ്ത്തിമതിക്കുകയും ചെയ്യുക എളുപ്പമാണ്. അത്തരം നിഷേധാത്മക ചിന്താഗതികൾ വിവാഹത്തെ അസന്തുഷ്ടമായ ഒരു ഭാരമാക്കിമാറ്റിക്കൊണ്ട് നശിപ്പിക്കുന്നു. ഇണയോടുള്ള നിങ്ങളുടെ വിലമതിപ്പു കുറഞ്ഞുകൊണ്ടിരിക്കുകയാണെങ്കിൽ, ‘എന്റെ ഇണ വാസ്തവത്തിൽ നല്ല ഗുണങ്ങൾ ഇല്ലാത്തയാളാണോ?’ എന്നു സ്വയം ചോദിക്കുക. നിങ്ങൾ സ്നേഹത്തിലാകാനും വിവാഹം ചെയ്യാനുമിടയാക്കിയ കാരണങ്ങളെക്കുറിച്ചു ചിന്തിക്കുക. ആ അനുപമ വ്യക്തിയെ സ്നേഹിക്കാനുള്ള കാരണങ്ങളെല്ലാം വാസ്തവത്തിൽ അപ്രത്യക്ഷമായിരിക്കുന്നുവോ? തീർച്ചയായുമില്ല; അതുകൊണ്ട്, നിങ്ങളുടെ ഇണയിലെ നന്മയെ വിലമതിക്കാൻ കഠിനശ്രമം ചെയ്യുക, വിലമതിപ്പ് വാക്കുകളിലൂടെ പ്രകടിപ്പിക്കുക.—സദൃശവാക്യങ്ങൾ 31:28.
11. വൈവാഹിക സ്നേഹം കാപട്യവിമുക്തമായിരിക്കണമെങ്കിൽ ഏതു പ്രവൃത്തികൾ ഒഴിവാക്കണം?
11 തങ്ങളുടെ സ്നേഹത്തെ കാപട്യത്തിൽനിന്നു സംരക്ഷിക്കാനും വിലമതിപ്പ് വിവാഹ പങ്കാളികളെ സഹായിക്കുന്നു. (2 കൊരിന്ത്യർ 6:6; 1 പത്രൊസ് 1:22 എന്നിവ താരതമ്യം ചെയ്യുക.) ഹൃദയംഗമമായ വിലമതിപ്പിനാൽ ഉത്തേജിതമായ അത്തരം സ്നേഹം, സ്വകാര്യതയിലുള്ള ക്രൂരതയ്ക്കോ വ്രണപ്പെടുത്തുകയും അവമതിക്കുകയും ചെയ്യുന്ന വാക്കുകൾക്കോ ദയാപൂർവകമായ അല്ലെങ്കിൽ ദിവസങ്ങളായി മര്യാദയോടുകൂടിയ ഒരു വാക്കു സംസാരിക്കാൻ കൂട്ടാക്കാതെയുള്ള മനഃപൂർവമായ അവഗണനയ്ക്കോ നിശ്ചയമായും ദേഹോപദ്രവത്തിനോ യാതൊരിടവും നൽകുന്നില്ല. (എഫെസ്യർ 5:28, 29) പരസ്പരം യഥാർഥമായി വിലമതിക്കുന്ന ഭാര്യാഭർത്താക്കൻമാർ പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്നു. മറ്റുള്ളവരുടെ മുമ്പാകെ മാത്രമല്ല, യഹോവയുടെ ദൃഷ്ടിയിൽ ആയിരിക്കുമ്പോഴും—മറ്റു വാക്കുകളിൽ പറഞ്ഞാൽ എല്ലായ്പോഴും—അവർ അപ്രകാരം ചെയ്യുന്നു.—സദൃശവാക്യങ്ങൾ 5:21.
12. തങ്ങളുടെ കുട്ടികളിലെ നന്മയിൽ മാതാപിതാക്കൾ വിലമതിപ്പു പ്രകടമാക്കേണ്ടതെന്തുകൊണ്ട്?
12 വിലമതിക്കപ്പെടുന്നതായി കുട്ടികൾക്കും തോന്നേണ്ടതുണ്ട്. മാതാപിതാക്കൾ അവരെ പൊള്ളയായ മുഖസ്തുതികൊണ്ട് പൊതിയണമെന്നല്ല അതിന്റെ അർഥം, മറിച്ച് അവരുടെ പ്രശംസാർഹമായ ഗുണങ്ങളെയും അവർ ചെയ്യുന്ന യഥാർഥ നന്മയെയും അഭിനന്ദിക്കണമെന്നാണ്. യേശുവിന്റെ മേലുള്ള തന്റെ അംഗീകാരം പ്രകടിപ്പിക്കുന്നതിലെ യഹോവയുടെ ദൃഷ്ടാന്തം ഓർമിക്കുക. (മർക്കൊസ് 1:11) ഒരു ഉപമയിലെ “യജമാനൻ” എന്ന നിലയിലുള്ള യേശുവിന്റെ ദൃഷ്ടാന്തവും ഓർമിക്കുക. ‘നല്ലവരും വിശ്വസ്തരുമായ’ രണ്ടു ദാസൻമാരെ അവൻ തുല്യമായി അഭിനന്ദിച്ചു. അവർക്ക് ഓരോരുത്തർക്കും ലഭിച്ചതും അവർ ഓരോരുത്തരും ആനുപാതികമായി സമ്പാദിച്ചതും വ്യത്യസ്തമായിരുന്നിട്ടുകൂടി അവൻ അങ്ങനെ ചെയ്തു. (മത്തായി 25:20-23; മത്തായി 13:23 താരതമ്യം ചെയ്യുക.) സമാനമായി വിവേകമുള്ള മാതാപിതാക്കൾ ഓരോ കുട്ടിയുടെയും തനതായ ഗുണങ്ങളോടും പ്രാപ്തികളോടും നേട്ടങ്ങളോടും വിലമതിപ്പു പ്രകടിപ്പിക്കാനുള്ള വഴികൾ കണ്ടെത്തുന്നു. അതേസമയം, മറ്റുള്ളവരെക്കാൾ മികച്ചുനിൽക്കാൻ കുട്ടികളുടെമേൽ എപ്പോഴും സമ്മർദം ചെലുത്തുന്ന ഘട്ടത്തോളം നേട്ടങ്ങൾക്ക് അത്ര ഊന്നൽ നൽകാതിരിക്കാൻ അവർ ശ്രമിക്കുകയും ചെയ്യുന്നു. കുട്ടികൾ പ്രകോപിതരോ നിരുത്സാഹിതരോ ആയി വളർന്നുവരാൻ അവർ ആഗ്രഹിക്കുന്നില്ല.—എഫെസ്യർ 6:4; കൊലൊസ്സ്യർ 3:21.
13. ഓരോ സഭാംഗത്തോടും വിലമതിപ്പു പ്രകടിപ്പിക്കുന്നതിൽ ആർ നേതൃത്വമെടുക്കുന്നു?
13 ക്രിസ്തീയ സഭയിൽ, ദൈവത്തിന്റെ ആട്ടിൻകൂട്ടത്തിലെ ഓരോ വ്യക്തിഗത അംഗത്തോടും വിലമതിപ്പു കാണിക്കുന്നതിൽ മൂപ്പൻമാരും സഞ്ചാര മേൽവിചാരകൻമാരും നേതൃത്വമെടുക്കുന്നു. അവരുടേത് ബുദ്ധിമുട്ടുള്ള ഒരു സ്ഥാനമാണ്. കാരണം നീതിയിൽ ശിക്ഷണം നൽകുക, തെറ്റുചെയ്യുന്നവരെ സൗമ്യതയുടെ ആത്മാവിൽ യഥാസ്ഥാനപ്പെടുത്തുക, ആവശ്യമായിരിക്കുന്നവർക്കു ശക്തമായ ബുദ്ധ്യുപദേശം നൽകുക തുടങ്ങിയ ഭാരിച്ച ഉത്തരവാദിത്വങ്ങളും അവർ വഹിക്കുന്നു. ഈ വിഭിന്ന ഉത്തരവാദിത്വങ്ങൾ അവർ സമനിലയിൽ നിർത്തുന്നതെങ്ങനെ?—ഗലാത്യർ 6:1; 2 തിമൊഥെയൊസ് 3:16.
14, 15. (എ) ശക്തമായ ബുദ്ധ്യുപദേശം നൽകുന്നതിൽ പൗലൊസ് സമനില പ്രകടമാക്കിയതെങ്ങനെ? (ബി) തെറ്റുകൾ തിരുത്തേണ്ടതിന്റെ ആവശ്യത്തെ അഭിനന്ദനം നൽകേണ്ടതിന്റെ ആവശ്യവുമായി സമനിലയിൽ നിർത്താൻ ക്രിസ്തീയ മേൽവിചാരകൻമാർക്കെങ്ങനെ സാധിക്കും? ദൃഷ്ടാന്തീകരിക്കുക.
14 പൗലൊസിന്റെ ദൃഷ്ടാന്തം വളരെയധികം സഹായകമാണ്. അവൻ അതുല്യനായ ഒരു അധ്യാപകനും മൂപ്പനും ഇടയനുമായിരുന്നു. രൂക്ഷമായ പ്രശ്നങ്ങളുള്ള സഭകളുമായി അവന് ഇടപെടേണ്ടതുണ്ടായിരുന്നു. ആവശ്യമായിരുന്നപ്പോൾ ശക്തമായ ബുദ്ധ്യുപദേശം നൽകുന്നതിൽനിന്ന് അവൻ പേടിച്ചു പിൻമാറിനിന്നില്ല. (2 കൊരിന്ത്യർ 7:8-11) പൗലൊസിന്റെ ശുശ്രൂഷയെ അവലോകനം ചെയ്താൽ അവൻ വിരളമായേ ശാസിക്കൽരീതി ഉപയോഗിച്ചുള്ളുവെന്നു മനസ്സിലാകും—സാഹചര്യം അത് ആവശ്യമാക്കിത്തീർത്തപ്പോൾ അല്ലെങ്കിൽ അത് കരണീയമായിരുന്നപ്പോൾ മാത്രം. ഈ സംഗതിയിൽ അവൻ ദൈവിക ജ്ഞാനം പ്രകടമാക്കി.
15 സഭയിലെ ഒരു മൂപ്പന്റെ ശുശ്രൂഷയെ ഒരു സംഗീത രചനയോട് ഉപമിച്ചാൽ, ആ മുഴു സംഗീതത്തിലും ഇണങ്ങിച്ചേരുന്ന ഒരു ശ്രുതി മാത്രമായിരിക്കും ശാസനയും ശകാരവും. ആ ശ്രുതി അതിന്റെ നിശ്ചിതസ്ഥാനത്ത് ഉചിതമാണുതാനും. (ലൂക്കൊസ് 17:3; 2 തിമൊഥെയൊസ് 4:2) ആ ശ്രുതി മാത്രമുള്ള, അതു വീണ്ടും വീണ്ടും ആവർത്തിച്ചുവരുന്ന പാട്ടിനെക്കുറിച്ചു സങ്കൽപ്പിച്ചുനോക്കുക. അതു പെട്ടെന്നുതന്നെ നമ്മുടെ കാതുകൾക്ക് അരോചകമായിത്തീരും. സമാനമായി, ക്രിസ്തീയ മൂപ്പൻമാർ തങ്ങളുടെ പഠിപ്പിക്കൽ പൂർണമായി നിർവഹിക്കാനും വൈവിധ്യംകൊണ്ട് അതിനെ സമ്പുഷ്ടമാക്കാനും ശ്രമിക്കുന്നു. തങ്ങളുടെ പഠിപ്പിക്കൽ പ്രശ്ന പരിഹാരത്തിനു മാത്രമായി അവർ പരിമിതപ്പെടുത്തുന്നില്ല. മറിച്ച്, അതിന്റെ പൊതുസ്വഭാവം ക്രിയാത്മകമാണ്. യേശുക്രിസ്തുവിനെപ്പോലെ, സ്നേഹമുള്ള മൂപ്പൻമാർ ആദ്യം നോക്കുന്നത് അഭിനന്ദിക്കാൻ പറ്റിയ നല്ല കാര്യങ്ങളാണ്, വിമർശിക്കാൻവേണ്ടിയുള്ള തെറ്റുകളല്ല. അവരുടെ സഹക്രിസ്ത്യാനികൾ ചെയ്യുന്ന കഠിനാധ്വാനത്തെ അവർ വിലമതിക്കുന്നു. ഓരോരുത്തനും, പൊതുവേ പറഞ്ഞാൽ, യഹോവയെ സേവിക്കുന്നതിൽ തന്റെ പരമാവധി ചെയ്യുന്നുവെന്ന് അവർക്കുറപ്പുണ്ട്. മൂപ്പൻമാർ ഒരു വിസമ്മതവും കൂടാതെ ആ തോന്നൽ വാക്കുകളിലാക്കുന്നു.—2 തെസ്സലൊനീക്യർ 3:4 താരതമ്യം ചെയ്യുക.
16. വിലമതിപ്പോടും സമാനുഭാവത്തോടും കൂടിയ പൗലൊസിന്റെ മനോഭാവത്തിനു സഹക്രിസ്ത്യാനികളുടെമേൽ എന്തു ഫലമുണ്ടായിരുന്നു?
16 പൗലൊസ് ശുശ്രൂഷിച്ച മിക്ക ക്രിസ്ത്യാനികളും, അവൻ തങ്ങളെ വിലമതിക്കുന്നെന്നും അവനു തങ്ങളോടു സഹാനുഭൂതിയുണ്ടെന്നും നിസ്സംശയമായും മനസ്സിലാക്കി. നമുക്കത് എങ്ങനെ അറിയാം? പൗലൊസിനെക്കുറിച്ച് അവർക്ക് എന്തു തോന്നിയെന്നു പരിശോധിക്കുക. അവനു വലിയ അധികാരം ഉണ്ടായിരുന്നിട്ടും അവർ അവനെ ഭയപ്പെട്ടില്ല. ഇല്ല, അവൻ പ്രിയങ്കരനും സമീപിക്കാവുന്നവനും ആയിരുന്നു. എന്തിന്, അവൻ ഒരു പ്രദേശം വിട്ടുപോയപ്പോൾ മൂപ്പൻമാർ അവന്റെ “കഴുത്തിൽ കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു”! (പ്രവൃത്തികൾ 20:17, 37, 38) അനുകരിക്കാനായി പൗലൊസിന്റെ ദൃഷ്ടാന്തമുള്ളതിൽ മൂപ്പൻമാരുൾപ്പെടെ നാമെല്ലാവരും എത്ര നന്ദിയുള്ളവരായിരിക്കണം! അതേ, നമുക്കു പരസ്പരം വിലമതിപ്പു പ്രകടിപ്പിക്കാം.
സ്നേഹദയാ പ്രവൃത്തികൾ
17. സഭയിലെ ദയാപ്രവൃത്തികളിൽനിന്ന് ഉളവാകുന്ന ചില നല്ല ഫലങ്ങൾ ഏവ?
17 സഹോദരസ്നേഹത്തിന്റെ ഏറ്റവും ശക്തമായ ഇന്ധനങ്ങളിൽ ഒന്നാണ് ലളിതമായ ഒരു ദയാപ്രവൃത്തി. യേശു പറഞ്ഞതുപോലെ “സ്വീകരിക്കുന്നതിലുള്ളതിനെക്കാൾ കൂടുതൽ സന്തോഷം കൊടുക്കുന്നതിലുണ്ട്.” (പ്രവൃത്തികൾ 20:35, NW) നാം കൊടുക്കുന്നത് ആത്മീയമായോ ഭൗതികമായോ ആയാലും അല്ലെങ്കിൽ നമ്മുടെ സമയമോ ഊർജമോ ആയിരുന്നാലും, നാം മറ്റുള്ളവരെ മാത്രമല്ല നമ്മെത്തന്നെയും സന്തുഷ്ടരാക്കുന്നു. സഭയെ സംബന്ധിച്ചിടത്തോളം, ദയ സാംക്രമികമാണ്. ഒരു ദയാപ്രവൃത്തി സമാനമായ പ്രവൃത്തികളുടെ ഒരു പരമ്പരതന്നെ ഉളവാക്കുന്നു. താമസിയാതെ സഹോദരപ്രിയം തഴച്ചുവളരുന്നു!—ലൂക്കൊസ് 6:38.
18. മീഖാ 6:8-ൽ പറഞ്ഞിരിക്കുന്ന “ദയ”യുടെ അർഥമെന്താണ്?
18 ദയ കാണിക്കാൻ യഹോവ തന്റെ ജനമായ ഇസ്രായേലിനെ ഉദ്ബോധിപ്പിച്ചു. മീഖാ 6:8-ൽ നാം വായിക്കുന്നു: “മനുഷ്യാ, നല്ലതു എന്തെന്നു അവൻ നിനക്കു കാണിച്ചുതന്നിരിക്കുന്നു: ന്യായം പ്രവർത്തിപ്പാനും ദയാതല്പരനായിരിപ്പാനും [“ദയയെ സ്നേഹിക്കാനും,” NW] നിന്റെ ദൈവത്തിന്റെ സന്നിധിയിൽ താഴ്മയോടെ നടപ്പാനും അല്ലാതെ എന്താകുന്നു യഹോവ നിന്നോടു ചോദിക്കുന്നത്?” ‘ദയയെ സ്നേഹിക്കുക’ എന്നതിന്റെ അർഥമെന്താണ്? “ദയ” എന്നതിന് ഇവിടെ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം (ഖെസെദ്) ഇംഗ്ലീഷിൽ “മേഴ്സി” [കരുണ] എന്നും പരിഭാഷപ്പെടുത്തിയിരിക്കുന്നു. ബൈബിളിനെക്കുറിച്ചുള്ള സോൺസിനോ പുസ്തകങ്ങൾ (ഇംഗ്ലീഷ്) പറയുന്നതനുസരിച്ച്, ഈ പദം “മേഴ്സി എന്ന അമൂർത്ത ഇംഗ്ലീഷ് പദത്തെക്കാൾ സജീവമായ ചിലതിനെ പരാമർശിക്കുന്നു. ‘പ്രവൃത്തിപഥത്തിലുള്ള കരുണയെ,’ പാവപ്പെട്ടവരോടും നിസ്സഹായരോടും മാത്രമല്ല സമസ്ത സഹമനുഷ്യരോടുമുള്ള വ്യക്തിഗത സ്നേഹദയാ പ്രവർത്തനങ്ങളുടെ പ്രകടനത്തെ അത് അർഥമാക്കുന്നു.” മറ്റൊരു പണ്ഡിതൻ പറയുന്നപ്രകാരം “പ്രവർത്തനത്തിന്റെ രൂപം കൈക്കൊള്ളുന്ന സ്നേഹ”മാണു ഖെസെദ്.
19. (എ) സഭയിലെ മറ്റുള്ളവരോടു ദയ കാണിക്കുന്നതിൽ നമുക്ക് ഏതു വിധങ്ങളിൽ മുൻകൈയെടുക്കാവുന്നതാണ്? (ബി) നിങ്ങളോടു സഹോദരസ്നേഹം പ്രകടമാക്കിയിരിക്കുന്നത് എങ്ങനെയാണെന്നുള്ളതിന്റെ ഒരു ദൃഷ്ടാന്തം നൽകുക.
19 നമ്മുടെ സഹോദരസ്നേഹം സൈദ്ധാന്തികമോ അമൂർത്തമോ അല്ല. അത് ഉറച്ച യാഥാർഥ്യമാണ്. അതുകൊണ്ട് നിങ്ങളുടെ സഹോദരീസഹോദരൻമാർക്കു ദയാപ്രവൃത്തികൾ ചെയ്യാനുള്ള വഴികൾ തേടുക. ആളുകൾ സഹായം ചോദിച്ച് തന്നെ സമീപിക്കാൻ എല്ലായ്പോഴും കാത്തിരിക്കുന്നതിനു പകരം മിക്കപ്പോഴും സ്വയം മുൻകൈയെടുത്തു പ്രവർത്തിച്ച യേശുവിനെപ്പോലെയായിരിക്കുക. (ലൂക്കൊസ് 7:12-16) സഹായം ഏറ്റവും ആവശ്യമുള്ളവരെക്കുറിച്ചു വിശേഷാൽ ചിന്തിക്കുക. പ്രായാധിക്യമോ അനാരോഗ്യമോ ഉള്ള ഒരാളെ സന്ദർശിക്കുകയോ ഒരുപക്ഷേ ആ വ്യക്തിക്ക് ആവശ്യമുള്ളവ വാങ്ങിക്കൊടുക്കുകയോ ചെയ്യേണ്ടതുണ്ടോ? ‘അനാഥനായ’ ഒരു കുട്ടിക്ക് കുറെ സമയവും ശ്രദ്ധയും കൊടുക്കേണ്ടതുണ്ടോ? ഒരു വിഷാദ ദേഹിക്ക് ശ്രദ്ധിക്കുന്ന ഒരു കാതോ ആശ്വാസദായകമായ ചില വാക്കുകളോ ആവശ്യമാണോ? സാധിക്കുന്നതുപോലെ, അത്തരം ദയാപ്രവർത്തനങ്ങൾക്കായി നമുക്കു സമയം കണ്ടെത്താം. (ഇയ്യോബ് 29:12; 1 തെസ്സലൊനീക്യർ 5:14; യാക്കോബ് 1:27) അപൂർണരായ ആളുകൾ നിറഞ്ഞ ഒരു സഭയിലെ ഏറ്റവും മർമപ്രധാനമായ ദയാപ്രവൃത്തികളിൽ ഒന്ന്, പരാതിക്കു ന്യായമായ കാരണമുള്ളപ്പോൾപ്പോലും നീരസം വെച്ചുപുലർത്താതെ ക്ഷമിക്കുന്നതാണെന്ന് ഒരിക്കലും മറക്കരുത്. (കൊലൊസ്സ്യർ 3:13) ക്ഷമിക്കാനുള്ള മനസ്സൊരുക്കം, സഹോദരസ്നേഹത്തിന്റെ തീയെ കെടുത്തിക്കളയുന്ന നനഞ്ഞ കമ്പിളിയാകുന്ന ഭിന്നത, നീരസം, പക എന്നിവയിൽനിന്ന് സഭയെ സ്വതന്ത്രമായി സൂക്ഷിക്കാൻ സഹായിക്കുന്നു.
20. നാമെല്ലാവരും നമ്മെത്തന്നെ പരിശോധിക്കുന്നതിൽ തുടരേണ്ടതെങ്ങനെ?
20 നമ്മുടെ ഹൃദയത്തിൽ കത്തിക്കൊണ്ടിരിക്കുന്ന സ്നേഹത്തിന്റെ മർമപ്രധാനമായ ഈ തീ അണയാതെ സൂക്ഷിക്കാൻ നമുക്കെല്ലാം ദൃഢനിശ്ചയമുള്ളവരായിരിക്കാം. നമുക്ക് നമ്മെത്തന്നെ പരിശോധിച്ചുകൊണ്ടിരിക്കാം. നാം മറ്റുള്ളവരോടു സഹാനുഭൂതി കാണിക്കുന്നുണ്ടോ? മറ്റുള്ളവരോടു വിലമതിപ്പു പ്രകടമാക്കുന്നുണ്ടോ? നാം ദയാപ്രവൃത്തികൾ ചെയ്യുന്നുണ്ടോ? അപ്രകാരം ചെയ്യുന്നിടത്തോളം കാലം, ഈ ലോകം എത്ര കഠിനമായ വിധത്തിൽ നിർവികാരവും ക്രൂരവുമായാലും സ്നേഹത്തിന്റെ തീ നമ്മുടെ സാഹോദര്യത്തെ ഊഷ്മളമാക്കും. അതുകൊണ്ട് എല്ലാ പ്രകാരത്തിലും, “നിങ്ങളുടെ സഹോദര സ്നേഹം തുടരട്ടെ”—ഇപ്പോഴും എന്നേക്കും!—എബ്രായർ 13:1.
[അടിക്കുറിപ്പുകൾ]
a ദൈവജനത്തെ തൊടുന്ന ഒരുവൻ, ദൈവത്തിന്റെ അല്ല, മറിച്ച് ഇസ്രായേലിന്റെ അല്ലെങ്കിൽ തന്റെ സ്വന്തം കണ്ണിനെ തൊടുന്നുവെന്ന് ചില പരിഭാഷകൾ സൂചിപ്പിക്കുന്നു. ഈ വാക്യം മാറ്റിയെഴുതിയ മധ്യകാലഘട്ടത്തിലെ ഏതാനും ശാസ്ത്രിമാരിൽനിന്നാണ് ഈ തെറ്റ് ഉത്ഭവിച്ചത്. അപ്രസക്തമെന്ന് അവർക്കു തോന്നിയ ഭാഗങ്ങൾ തിരുത്താനുള്ള അവരുടെ തെറ്റായ ശ്രമത്തിന്റെ ഫലമായിരുന്നു അത്. അങ്ങനെ അവർ യഹോവയുടെ വ്യക്തിഗത സമാനുഭാവത്തെ അവ്യക്തമാക്കുകയാണു ചെയ്തത്.
നിങ്ങളുടെ അഭിപ്രായമെന്ത്?
□ എന്താണ് സഹോദരസ്നേഹം, അതു തുടരാൻ നാം അനുവദിക്കേണ്ടതെന്തുകൊണ്ട്?
□ സഹാനുഭൂതിയുണ്ടായിരിക്കുന്നത് സഹോദരസ്നേഹം നിലനിർത്താൻ നമ്മെ സഹായിക്കുന്നതെങ്ങനെ?
□ സഹോദരസ്നേഹത്തിൽ വിലമതിപ്പ് എന്തു പങ്കു വഹിക്കുന്നു?
□ സഹോദരസ്നേഹം ക്രിസ്തീയ സഭയിൽ തഴച്ചുവളരാൻ ദയാപ്രവൃത്തികൾ ഇടയാക്കുന്നതെങ്ങനെ?
[16-ാം പേജിലെ ചതുരം]
സ്നേഹം പ്രവർത്തനത്തിൽ
ഏതാനും വർഷം മുമ്പ് യഹോവയുടെ സാക്ഷികളോടൊത്തു കുറെക്കാലം ബൈബിൾ പഠിച്ച ഒരാൾ സഹോദരസ്നേഹം സംബന്ധിച്ച് ഒരു പരിധിവരെ സംശയാലുവായിരുന്നു. “നിങ്ങൾക്കു തമ്മിൽ തമ്മിൽ സ്നേഹം ഉണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യൻമാർ എന്നു എല്ലാവരും അറിയും” എന്ന് യേശു പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. (യോഹന്നാൻ 13:35) എന്നാൽ അതു വിശ്വസിക്കുക പ്രയാസമാണെന്ന് അദ്ദേഹത്തിനു തോന്നി. ക്രിസ്തീയ സ്നേഹം പ്രവർത്തനത്തിലായിരിക്കുന്നത് അദ്ദേഹം ഒരിക്കൽ കാണാനിടയായി.
വീൽച്ചെയർ ഉപയോഗിക്കേണ്ടിയിരുന്നിട്ടും, വീട്ടിൽനിന്ന് വളരെ ദൂരേക്കു യാത്രചെയ്യുകയായിരുന്നു ഈ വ്യക്തി. ഇസ്രായേലിലെ ബേത്ലഹേമിൽ അദ്ദേഹം ഒരു സഭായോഗത്തിൽ സംബന്ധിച്ചു. അവിടെയുള്ള ഒരു അറബി സഹോദരൻ വിനോദസഞ്ചാരത്തിനെത്തിയ ഒരു സഹോദരനെയും ഈ ബൈബിൾ വിദ്യാർഥിയെയും ആ രാത്രിയിൽ തന്റെ വീട്ടിൽ താമസിക്കാൻ നിർബന്ധിച്ചു. സൂര്യോദയം വീക്ഷിക്കാനായി തനിക്ക് രാവിലെ വരാന്തയിലേക്കു പോകാമോയെന്ന് വിദ്യാർഥി ഉറങ്ങാൻ പോകുന്നതിനു മുമ്പ് ആതിഥേയനോടു ചോദിച്ചു. പാടില്ലെന്ന് ആതിഥേയൻ കർശനമായ മുന്നറിയിപ്പു നൽകി. അടുത്ത ദിവസം ഈ അറബി സഹോദരൻ കാരണം വിശദീകരിച്ചു. യഹൂദ പശ്ചാത്തലത്തിൽനിന്നുള്ള അതിഥികൾ—ഈ ബൈബിൾ വിദ്യാർഥിയും യഹൂദ പശ്ചാത്തലത്തിൽനിന്നുള്ളവനായിരുന്നു—അദ്ദേഹത്തിനുണ്ടായിരുന്നെന്ന് അയൽക്കാർ അറിഞ്ഞിരുന്നെങ്കിൽ അവർ അദ്ദേഹത്തെയും കുടുംബത്തെയും ഉള്ളിലാക്കി ആ വീട് ചുട്ടുചാമ്പലാക്കുമായിരുന്നെന്ന് ഒരു ദ്വിഭാഷിയിലൂടെ അദ്ദേഹം പറഞ്ഞു. “അപ്പോൾ പിന്നെ എന്തുകൊണ്ടാണ് താങ്കൾ ഇത്തരമൊരു സാഹസം കാട്ടിയത്?” എന്ന് അമ്പരന്നുപോയ ബൈബിൾ വിദ്യാർഥി അദ്ദേഹത്തോടു ചോദിച്ചു. ആ അറബി സഹോദരൻ അദ്ദേഹത്തിന്റെ കണ്ണിൽ നോക്കി ദ്വിഭാഷിയുടെ സഹായമില്ലാതെ ഇങ്ങനെ പറഞ്ഞു: “യോഹന്നാൻ 13:35.”
സഹോദരസ്നേഹത്തിന്റെ യാഥാർഥ്യത്തിൽ ആ ബൈബിൾ വിദ്യാർഥിക്ക് ആഴമായ മതിപ്പുളവായി. അതുകഴിഞ്ഞ് അധികം താമസിക്കാതെ അദ്ദേഹം സ്നാപനമേറ്റു.
[18-ാം പേജിലെ ചിത്രം]
അപ്പോസ്തലനായ പൗലൊസിന്റെ സൗഹൃദപരവും വിലമതിപ്പാർന്നതുമായ പ്രകൃതം മറ്റുള്ളവരെ അവനിലേക്ക് ആകർഷിച്ചു