മാലാഖമാർക്ക് നിങ്ങളെ സഹായിക്കാനാകുന്ന വിധം
ദൈവവചനം മാലാഖമാരുടെ അസ്തിത്വം സ്ഥിരീകരിക്കുന്നു. ഈ ആത്മസൃഷ്ടികൾ ദശലക്ഷക്കണക്കിന് വരുമെന്ന് അതു നമ്മോടു പറയുന്നു. സ്വർഗീയ സംഗതികളെ കുറിച്ച് ദർശനം ലഭിച്ച, യഹോവയാം ദൈവത്തിന്റെ ദാസനായ, ദാനീയേൽ എഴുതി: “ആയിരമായിരം പേർ [ദൈവത്തിനു] ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേർ അവന്റെ മുമ്പാകെ നിന്നു.”—ദാനീയേൽ 7:10.
ശ്രദ്ധിക്കുക, ദാനീയേലിന്റെ പ്രസ്താവന അനേകം മാലാഖമാർ ഉണ്ടെന്നു നമ്മോടു പറയുക മാത്രമല്ല, അവർ ദൈവത്തിനു ശുശ്രൂഷ ചെയ്യുന്നു എന്നും സൂചിപ്പിക്കുന്നു. അവർ അവന്റെ ദാസന്മാർ ആണ്. ഇതിനോടുള്ള ചേർച്ചയിൽ, സങ്കീർത്തനക്കാരൻ പാടി: “കർത്താവിന്റെ [“യഹോവയുടെ,” NW] മാലാഖമാരേ, അവന്റെ വചനത്തിന്റെ സ്വരം ചെവിക്കൊണ്ട്, അവന്റെ വചനം പാലിക്കുന്ന ശക്തരേ, നിങ്ങൾ കർത്താവിനെ വാഴ്ത്തുക. കർത്താവിന്റെ സർവ വ്യൂഹങ്ങളേ, അവന്റെ തിരുഹിതം നിറവേറ്റുന്ന ശുശ്രൂഷകരേ, കർത്താവിനെ വാഴ്ത്തുക.”—സങ്കീർത്തനം 103:20, 21, ഓശാന ബൈബിൾ.
ഭൂമിയിൽ മനുഷ്യരായി ജീവിതം ആരംഭിച്ചവർ അല്ല മാലാഖമാർ എന്നും ബൈബിൾ പറയുന്നു. ഭൂമിയെ സൃഷ്ടിക്കുന്നതിനു മുമ്പുതന്നെ യഹോവ മാലാഖമാരെ സ്വർഗത്തിൽ സൃഷ്ടിച്ചിരുന്നു. ദൈവം ‘ഭൂമിക്കു അടിസ്ഥാനമിട്ടപ്പോൾ ദൈവപുത്രന്മാരെല്ലാം സന്തോഷിച്ചാർത്തു.’—ഇയ്യോബ് 38:4-7.
മാലാഖമാർ അദൃശ്യരും ശക്തരും ബുദ്ധിയുള്ളവരുമായ ആത്മസൃഷ്ടികൾ ആണ്. ബൈബിളിൽ, മലഖ് എന്ന എബ്രായ പദവും എയ്ജെലോസ് എന്ന ഗ്രീക്കു പദവും, ആത്മസൃഷ്ടികളെ സൂചിപ്പിക്കേണ്ടിവരുമ്പോൾ, “മാലാഖ [ദൂതൻ]” എന്നു പരിഭാഷ ചെയ്യപ്പെടുന്നു. ഈ വാക്കുകൾ ഏതാണ്ട് 400 പ്രാവശ്യം ബൈബിളിൽ പ്രത്യക്ഷപ്പെടുന്നു. രണ്ടിനും “സന്ദേശവാഹകൻ” എന്ന അർഥമാണ് ഉള്ളത്.
മാലാഖമാരുടെ പ്രത്യക്ഷപ്പെടലുകൾ
മാലാഖമാർ നിശ്ചയമായും സന്ദേശവാഹകർ ആണ്. ഗബ്രീയേൽ മാലാഖ മറിയയ്ക്കു പ്രത്യക്ഷപ്പെട്ട സമയത്തെ കുറിച്ചുള്ള ബൈബിൾ വിവരണം നിങ്ങൾക്ക് സുപരിചിതം ആയിരിക്കാം. കന്യക എങ്കിലും അവൾ ഒരു പുത്രനെ പ്രസവിക്കും എന്നും അവന് യേശു എന്നു പേരിടേണം എന്നും അവൻ അവളോടു പറഞ്ഞു. (ലൂക്കൊസ് 1:26-33) വയലിൽ ആയിരുന്ന ചില ഇടയന്മാർക്കും ഒരു മാലാഖ പ്രത്യക്ഷപ്പെട്ടു. അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “കർത്താവായ ക്രിസ്തു എന്ന രക്ഷിതാവു ഇന്നു . . . നിങ്ങൾക്കായി ജനിച്ചിരിക്കുന്നു.” (ലൂക്കൊസ് 2:8-11) സമാനമായി, ഹാഗാർ, അബ്രാഹാം, ലോത്ത്, യാക്കോബ്, മോശ, ഗിദെയോൻ, യേശു എന്നിങ്ങനെ പലർക്കും മലാഖമാർ സന്ദേശങ്ങൾ കൈമാറിയതായി ബൈബിൾ പറയുന്നുണ്ട്.—ഉല്പത്തി 16:7-12; 18:1-5, 10; 19:1-3; 32:24-30; പുറപ്പാടു 3:1, 2; ന്യായാധിപൻമാർ 6:11-22; ലൂക്കൊസ് 22:39-43; എബ്രായർ 13:2.
ഈ മാലാഖമാർ കൈമാറിയ സന്ദേശങ്ങൾ മിക്കവാറും എല്ലാംതന്നെ, ഉൾപ്പെട്ടിരുന്ന മനുഷ്യരുടെ അല്ല, ദൈവത്തിന്റെ ഉദ്ദേശ്യ നിവൃത്തിയോടു യോജിപ്പിലുള്ളത് ആയിരുന്നു എന്നത് ശ്രദ്ധേയമാണ്. മാലാഖമാർ ദൈവത്തിന്റെ പ്രതിനിധികൾ ആയി അവന്റെ ഹിതപ്രകാരവും സമയപ്പട്ടികയ്ക്ക് അനുസൃതമായും പ്രത്യക്ഷപ്പെട്ടു. മനുഷ്യർ അവരെ വിളിച്ചുവരുത്തുക ആയിരുന്നില്ല.
നാം സഹായത്തിനായി മാലാഖമാരെ വിളിച്ചപേക്ഷിക്കണമോ?
കഷ്ടനേരത്ത് മാലാഖമാരെ വിളിച്ചപേക്ഷിക്കുന്നത് ഉചിതമാണോ? അങ്ങനെയെങ്കിൽ, നമ്മെ സഹായിക്കാൻ ഏറ്റവും പ്രാപ്തനായ മാലാഖയുടെ പേർ അറിയാൻ നാം ആഗ്രഹിക്കും. അതിനാൽ ചില വാണിജ്യ പുസ്തകങ്ങൾ മാലാഖമാരുടേത് എന്ന് പറഞ്ഞ് അനേകം പേരുകളും അവരുടെ പദവികളും സ്ഥാനപ്പേരുകളും കർത്തവ്യങ്ങളും പട്ടികപ്പെടുത്തുന്നുണ്ട്. “സ്വർഗത്തിലെ ഏറ്റവും പ്രമുഖർ” എന്നു പറഞ്ഞുകൊണ്ട് ഒരു പുസ്തകം പട്ടികപ്പെടുത്തുന്ന “പത്തു” മാലാഖമാർ ആണ് “പാശ്ചാത്യ ലോകത്തിലെ ഏറ്റവും പ്രശസ്തർ.” അതോടൊപ്പമുള്ള ഉപദേശം ഇങ്ങനെയാണ്: കണ്ണുകൾ അടച്ച് മാലാഖയുടെ പേർ സാവധാനം പലപ്രാവശ്യം ഉരുവിടുക, ശ്വാസം ദീർഘമായി ഉള്ളിലേക്ക് എടുത്ത് സാവധാനം പുറത്തേക്ക് വിടുക, “അവരുമായുള്ള സമ്പർക്കത്തിനു തയ്യാറായിക്കൊൾക.”
ഇതിനു വിപരീതമായി, ദൈവത്തിന്റെ രണ്ടു വിശ്വസ്ത മാലാഖമാരുടെ പേരുകൾ മാത്രമേ ബൈബിളിൽ നൽകിയിട്ടുള്ളൂ. മീഖായേലും ഗബ്രീയേലും. (ദാനീയേൽ 12:1; ലൂക്കൊസ് 1:26) സാധ്യതയനുസരിച്ച്, ഓരോ മാലാഖയും ഒരു പേരുള്ള പ്രത്യേക ആത്മവ്യക്തി ആണ്, അല്ലാതെ കേവലം അമൂർത്ത ശക്തി അല്ല എന്നു പ്രകടമാക്കാൻ ആയിരിക്കാം പേരുകൾ നൽകിയിരിക്കുന്നത്.
ചില മാലാഖമാർ മനുഷ്യർക്ക് തങ്ങളുടെ പേരുകൾ വെളിപ്പെടുത്താൻ വിസമ്മതിച്ചു എന്നത് ശ്രദ്ധേയമാണ്. യാക്കോബ് ഒരു മാലാഖയോട് അവന്റെ പേർ എന്താണെന്ന് ചോദിച്ചിട്ട് അവൻ പറഞ്ഞില്ല. (ഉല്പത്തി 32:29) യോശുവ തന്റെ അടുക്കലെത്തിയ മാലാഖയോടു സ്വയം തിരിച്ചറിയിക്കാൻ ആവശ്യപ്പെട്ടെങ്കിലും താൻ “യഹോവയുടെ സൈന്യത്തിന്റെ അധിപതി” എന്ന മറുപടിയേ ലഭിച്ചുള്ളൂ. (യോശുവ 5:14) ശിംശോന്റെ മാതാപിതാക്കൾ ഒരു മാലാഖയോട് പേരു ചോദിച്ചപ്പോൾ അവൻ പറഞ്ഞു: “എന്റെ പേർ ചോദിക്കന്നതു എന്തു? അതു അതിശയമുള്ളതു.” (ന്യായാധിപന്മാർ 13:17, 18) ബൈബിൾ മാലാഖമാരുടെ പേരുകളുടെ പട്ടിക നൽകുന്നില്ല, അങ്ങനെ അവർക്ക് അനർഹമായ മഹത്ത്വവും ആരാധനയും കൊടുക്കുന്നതിൽനിന്ന് അതു നമ്മെ പരിരക്ഷിക്കുന്നു. മാത്രമല്ല, അവരോട് അപേക്ഷിക്കാൻ അതു നമ്മോടു കൽപ്പിക്കുന്നതുമില്ല. അതാണ് നാം ഇനി മനസ്സിലാക്കാൻ പോകുന്നത്.
ദൈവത്തെ വിളിച്ചപേക്ഷിക്കൽ
ആത്മ മണ്ഡലത്തെ കുറിച്ചു നാം അറിയേണ്ടതെല്ലാം ബൈബിൾ നമ്മോടു പറയുന്നുണ്ട്. പൗലൊസ് അപ്പൊസ്തലൻ എഴുതി: “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്തവും ദൈവത്തിന്റെ മനുഷ്യൻ തികച്ചും യോഗ്യൻ, സകല സത്പ്രവർത്തിക്കും പൂർണമായി സജ്ജീകൃതൻ, ആയിരിക്കേണ്ടതിനു പഠിപ്പിക്കുന്നതിന് . . . പ്രയോജനപ്രദവുമാകുന്നു.” (2 തിമൊഥെയൊസ് 3:16, 17, NW) നാം അനേകം മാലാഖമാരുടെ പേരുകൾ അറിയണമെന്ന് ദൈവം ആഗ്രഹിച്ചിരുന്നെങ്കിൽ, അവൻ തന്റെ വചനമായ ബൈബിളിൽ അവ വെളിപ്പെടുത്തുമായിരുന്നു. മാലാഖമാരുമായി സമ്പർക്കത്തിൽ വരുകയും അവരോട് പ്രാർഥനയിലൂടെ സംസാരിക്കുകയും ചെയ്യേണ്ടത് എങ്ങനെയെന്ന് നമ്മെ പഠിപ്പിക്കാൻ ദൈവം ആഗ്രഹിച്ചിരുന്നെങ്കിൽ, അത്തരം വിവരങ്ങളും തിരുവെഴുത്തുകളിൽ ഉൾപ്പെടുത്തുമായിരുന്നു.
അതിനു പകരം, യേശുക്രിസ്തു ഇങ്ങനെ പഠിപ്പിച്ചു: “നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; . . . നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ.” (മത്തായി 6:6, 9) തിരുവെഴുത്തുപരമായ വീക്ഷണം ഇതാണ്: നാം മാലാഖമാരെ വിളിച്ചപേക്ഷിക്കാനോ അവരോടു പ്രാർഥിക്കാനോ പാടില്ല, എന്നാൽ നാം മാലാഖമാരുടെ സ്രഷ്ടാവിനെ, ദൈവത്തെത്തന്നെ പ്രാർഥനയിൽ സമീപിക്കുകയത്രേ വേണ്ടത്. അവന്റെ പേര് ഒരു രഹസ്യമല്ല, അതു വെളിപ്പെടുത്തുന്നതിന് ഒരു ദർശകന്റെ ആവശ്യവുമില്ല. ദിവ്യനാമത്തെ മറയ്ക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും, അത് ബൈബിളിൽ 7,000-ത്തിലധികം പ്രാവശ്യം പ്രത്യക്ഷപ്പെടുന്നു. ഉദാഹരണത്തിന്, ഈ സ്വർഗീയ പിതാവിനെ പരാമർശിച്ചുകൊണ്ട് ആയിരുന്നു സങ്കീർത്തനക്കാരൻ ഇങ്ങനെ പാടിയത്: “അവർ യഹോവ എന്നു നാമമുള്ള നീ മാത്രം സർവ്വഭൂമിക്കുംമീതെ അത്യുന്നതൻ എന്നു അറിയും.”—സങ്കീർത്തനം 83:18.
നാം പ്രാർഥനയിൽ ഉചിതമായി യഹോവയെ സമീപിക്കുന്നെങ്കിൽ, നമ്മെ ശ്രദ്ധിക്കാനാകാത്തവിധം യഹോവ ഒരിക്കലും തിരക്കിലായിരിക്കുന്നില്ല. ബൈബിൾ ഈ ഉറപ്പ് നൽകുന്നു: “യഹോവയുടെ കണ്ണു തങ്കൽ ഏകാഗ്രചിത്തന്മാരായിരിക്കുന്നവർക്കു വേണ്ടി തന്നെത്താൻ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു.”—2 ദിനവൃത്താന്തം 16:9.
മാലാഖമാരും ധാർമികതയും
മാധ്യമങ്ങളിൽ ചിത്രീകരിക്കപ്പെടുന്നതിനു നേർവിപരീതമായി, മാലാഖമാർ ആളുകളെ ന്യായംവിധിക്കുന്നില്ല. അത് ഉചിതമാണ്, കാരണം മനുഷ്യരെ ന്യായം വിധിക്കാനുള്ള അധികാരം മാലാഖമാർക്ക് ഇല്ല. യഹോവയാണ് “എല്ലാവരുടെയും ന്യായാധിപൻ,” എന്നാൽ “അവൻ ന്യായവിധി എല്ലാം പുത്രനെ ഭരമേൽപ്പിച്ചിരിക്കുകയാണ്.” (എബ്രായർ 12:23; യോഹന്നാൻ 5:22, NW) എന്നിരുന്നാലും, നാം എങ്ങനെ ജീവിക്കുന്നു എന്നതിൽ മാലാഖമാർക്ക് ഒരു താത്പര്യവും ഇല്ലെന്നു ധരിക്കുന്നത് തെറ്റായിരിക്കും. യേശു പറഞ്ഞു: “അനുതപിക്കുന്ന ഒരു പാപിയെക്കുറിച്ചു ദൈവത്തിന്റെ മാലാഖമാരുടെ സന്നിധിയിൽ സന്തോഷം ഉണ്ടാകും.”—ലൂക്കൊസ് 15:10, ഓശാന ബൈ.
എന്നാൽ മാലാഖമാർ കേവലം കാഴ്ചക്കാർ അല്ല. കഴിഞ്ഞ കാലത്ത്, ദൈവത്തിന്റെ ന്യായവിധികൾ നടപ്പാക്കിക്കൊണ്ട് വധനിർവാഹകർ ആയി അവർ സേവിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, പുരാതന ഈജിപ്തുകാർക്ക് എതിരെ ദൈവം മാലാഖമാരെ ഉപയോഗിച്ചു. സങ്കീർത്തനം 78:49 പറയുന്നതനുസരിച്ച്, “അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നേ.” സമാനമായി, ഒരു മാലാഖ ഒരൊറ്റ രാത്രികൊണ്ട് 1,85,000 അസീറിയൻ പടയാളികളെ വധിച്ചു എന്നു ബൈബിൾ റിപ്പോർട്ടു ചെയ്യുന്നു.—2 രാജാക്കന്മാർ 19:35.
അതുപോലെ, ദൈവത്തിന്റെ നീതിനിഷ്ഠമായ നിലവാരങ്ങളോട് അനുരൂപപ്പെടാൻ വിസമ്മതിച്ചുകൊണ്ട് മറ്റുള്ളവരുടെ ക്ഷേമത്തിനു ഭീഷണിയാകുന്നവരെ ഭാവിയിൽ മാലാഖമാർ നശിപ്പിക്കും. യേശു “പ്രബലരായ തന്റെ മാലാഖമാരോടുകൂടി ജ്വലിക്കുന്ന അഗ്നിയിൽ . . . പ്രത്യക്ഷപ്പെടുമ്പോൾ, . . . ദൈവത്തെ അറിയാത്തവരെയും . . . സുവിശേഷം അനുസരിക്കാത്തവരെയും അവൻ ശിക്ഷിക്കും.”—2 തെസ്സലൊനീക്യർ 1:6-8, ഓശാന ബൈ.
അങ്ങനെ ദൈവത്തിന്റെ വിശ്വസ്ത മാലാഖമാർ അവന്റെ നിർദേശങ്ങൾ നിറവേറ്റിക്കൊണ്ടും അവന്റെ നീതിനിഷ്ഠമായ നിലവാരങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടും എല്ലായ്പോഴും ദൈവഹിതം പ്രവർത്തിക്കുന്നു എന്ന് തിരുവെഴുത്തുകൾ പ്രകടമാക്കുന്നു. വ്യക്തമായും, ദൈവത്തിന്റെ മാലാഖമാർ നമ്മെ സഹായിക്കാൻ നാം ആഗ്രഹിക്കുന്നെങ്കിൽ, നാം ദൈവത്തിന്റെ ഹിതം എന്തെന്ന് അറിയുകയും അതു നിവർത്തിക്കാൻ ആത്മാർഥമായി പ്രയത്നിക്കുകയും ചെയ്യേണ്ട ആവശ്യമുണ്ട്.
കാവൽ മാലാഖമാർ
മാലാഖമാർ ആളുകളെ പരിപാലിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ടോ? പൗലൊസ് അപ്പൊസ്തലൻ ഇങ്ങനെ ചോദിച്ചു: “അവർ [മാലാഖമാർ] ഒക്കെയും രക്ഷപ്രാപിപ്പാനുള്ളവരുടെ ശുശ്രൂഷെക്കു അയക്കപ്പെടുന്ന സേവകാത്മാക്കളല്ലയോ?” (എബ്രായർ 1:14) വ്യക്തമായും, പൗലൊസിന്റെ ചോദ്യത്തിനുള്ള ഉത്തരം അതേ എന്നാണ്.
ബാബിലോന്യ രാജാവായ നെബൂഖദ്നേസർ പടുത്തുയർത്തിയ സ്വർണവിഗ്രഹത്തിനു മുമ്പിൽ വണങ്ങാൻ വിസമ്മതിച്ചതിന് ശദ്രക്ക്, മേശക്ക്, അബേദ്നെഗോ എന്നീ മൂന്ന് എബ്രായരെ, അസാധാരണമാംവിധം ചൂടുകൂട്ടിയ തീച്ചൂളയിൽ എറിഞ്ഞു. എന്നാൽ, ദൈവത്തിന്റെ ആ വിശ്വസ്ത ദാസർക്ക് അഗ്നി സ്പർശം ഏറ്റതേയില്ല. തീച്ചൂളയിലേക്കു നോക്കിയ രാജാവ് ‘നാലു പുരുഷന്മാരെ’ കണ്ട് “നാലാമത്തവന്റെ രൂപം ഒരു ദൈവപുത്രനോടു ഒത്തിരിക്കുന്നു” എന്നു പറഞ്ഞു. (ദാനീയേൽ 3:25) ഏതാനും വർഷങ്ങൾക്കുശേഷം, വിശ്വസ്തത പ്രകടമാക്കിയതിനാൽ ദാനീയേലിനെ സിംഹക്കുഴിയിൽ എറിഞ്ഞു. എന്നാൽ അവനും ഒരു പരിക്കുമില്ലാതെ രക്ഷപ്പെടുകയാണുണ്ടായത്. അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “എന്റെ ദൈവം തന്റെ മാലാഖയെ അയച്ചു സിംഹങ്ങളുടെ വായ് അടച്ചു.”—ദാനീയേൽ 6:22, ഓശാന ബൈ.
പൊ.യു. ഒന്നാം നൂറ്റാണ്ടിൽ ക്രിസ്തുവിന്റെ അനുഗാമികളുടെ സഭ സ്ഥാപിക്കപ്പെട്ടപ്പോൾ, മാലാഖമാർ വീണ്ടും പ്രത്യക്ഷപ്പെട്ട് അപ്പൊസ്തലന്മാരെ തടവിൽനിന്നു സ്വതന്ത്രരാക്കി. (പ്രവൃത്തികൾ 5:17-24; 12:6-12) കപ്പലപകടത്തിൽപ്പെട്ട പൗലൊസിന് അവൻ റോമിൽ സുരക്ഷിതനായി എത്തിച്ചേരും എന്ന് ഒരു മാലാഖ ഉറപ്പുനൽകി.—പ്രവൃത്തികൾ 27:13-24.
ദൈവത്തിന്റെ അദൃശ്യ മാലാഖാവൃന്ദം യഥാർഥത്തിൽ ഉള്ളവർ ആണെന്നും എലീശയ്ക്കും അവന്റെ ഭൃത്യനും ചെയ്തുകൊടുത്തതുപോലെ സംരക്ഷണം പ്രദാനം ചെയ്യാൻ പ്രാപ്തർ ആണെന്നും യഹോവയാം ദൈവത്തിന്റെ ഇന്നത്തെ ദാസർക്ക് പൂർണ ബോധ്യം ഉണ്ട്. (2 രാജാക്കന്മാർ 6:15-17) നിശ്ചയമായും, “കർത്താവിന്റെ മാലാഖ കർത്താവിനെ ഭയപ്പെടുന്നവരുടെ ചുറ്റും പാളയമടിക്കുന്നു, അവരെ രക്ഷിക്കുന്നു.”—സങ്കീർത്തനം 34:7; 91:11, ഓശാന ബൈ.
മാലാഖമാർ വഹിക്കുന്ന സന്ദേശം
യഹോവയാം ദൈവത്തെ സേവിക്കുന്നവരുടെ ക്ഷേമത്തിൽ തത്പരർ ആണെന്നു മാത്രമല്ല, ആളുകൾ അവനെയും അവന്റെ ഉദ്ദേശ്യത്തെയും കുറിച്ച് അറിയുന്നു എന്ന് ഉറപ്പുവരുത്തുന്നതിലും മാലാഖമാർ ഒരു പങ്കു വഹിക്കുന്നുണ്ട്. യോഹന്നാൻ അപ്പൊസ്തലൻ എഴുതി: “ഭൂമിയിൽ വസിക്കുന്ന എല്ലാ ജനതകളോടും ഗോത്രങ്ങളോടും ഭാഷക്കാരോടും ജനങ്ങളോടും വിളംബരം ചെയ്യാനുള്ള ശാശ്വതസുവിശേഷവുമായി മറ്റൊരു മാലാഖ ആകാശമധ്യത്തിൽ പറക്കുന്നതു ഞാൻ കണ്ടു. മാലാഖ ഉച്ചസ്വരത്തിൽ വിളിച്ചുപറഞ്ഞു: ദൈവത്തെ ഭയപ്പെടുക; അവനു മഹത്വം നല്കുക.”—വെളിപ്പാടു 14:6, 7, ഓശാന ബൈ.
ഈ “ശാശ്വതസുവിശേഷം” എന്താണ് എന്ന് അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എങ്കിൽ, യഹോവയുടെ സാക്ഷികളോടു ചോദിക്കുക. അതു നിങ്ങളുമായി പങ്കുവെക്കാൻ അവർക്കു സന്തോഷമേയുള്ളൂ.
[7-ാം പേജിലെ ചിത്രങ്ങൾ]
ആകാശമധ്യേ ഒരു മാലാഖ ശാശ്വതസുവിശേഷം അറിയിക്കുന്നു. അതേക്കുറിച്ച് അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?