ന്യായാധിപന്മാർ
13 ഇസ്രായേല്യർ വീണ്ടും യഹോവയുടെ മുമ്പാകെ തിന്മ ചെയ്തു.+ അതുകൊണ്ട് യഹോവ അവരെ 40 വർഷം ഫെലിസ്ത്യരുടെ കൈയിൽ ഏൽപ്പിച്ചു.+
2 അക്കാലത്ത് സൊര എന്ന നഗരത്തിൽ+ ദാന്യരുടെ+ കുടുംബത്തിൽപ്പെട്ട ഒരാളുണ്ടായിരുന്നു. മനോഹ+ എന്നായിരുന്നു അയാളുടെ പേര്. ഭാര്യ വന്ധ്യയായിരുന്നതുകൊണ്ട് അവർക്കു കുട്ടികളുണ്ടായില്ല.+ 3 യഹോവയുടെ ദൂതൻ മനോഹയുടെ ഭാര്യക്കു പ്രത്യക്ഷനായി ഇങ്ങനെ പറഞ്ഞു: “നീ വന്ധ്യയും കുട്ടികളില്ലാത്തവളും ആണല്ലോ. പക്ഷേ നീ ഗർഭിണിയായി ഒരു മകനെ പ്രസവിക്കും.+ 4 എന്നാൽ ഇക്കാര്യം ശ്രദ്ധിച്ചുകൊള്ളുക: നീ വീഞ്ഞും മറ്റു ലഹരിപാനീയങ്ങളും+ കുടിക്കുകയോ അശുദ്ധമായത്+ എന്തെങ്കിലും കഴിക്കുകയോ അരുത്. 5 നീ ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. മകന്റെ തലയിൽ ക്ഷൗരക്കത്തി തൊടുവിക്കരുത്.+ കാരണം ജനനംമുതൽ* കുട്ടി ദൈവത്തിനു നാസീരായിരിക്കും. ഫെലിസ്ത്യരുടെ കൈയിൽനിന്ന് ഇസ്രായേലിനെ രക്ഷിക്കുന്നതിൽ അവൻ മുൻകൈയെടുക്കും.”+
6 സ്ത്രീ ചെന്ന് ഭർത്താവിനോടു പറഞ്ഞു: “ഒരു ദൈവപുരുഷൻ എന്റെ അടുത്ത് വന്നു. ആ ദൈവപുരുഷനെ കാണാൻ സത്യദൈവത്തിന്റെ ദൂതനെപ്പോലിരുന്നു. കണ്ടാൽ ഭയാദരവ് തോന്നുന്ന ഒരു രൂപം! എവിടെനിന്നാണു വരുന്നതെന്നു ഞാൻ ചോദിച്ചില്ല; ആ പുരുഷൻ അയാളുടെ പേര് എന്നോടു പറഞ്ഞുമില്ല.+ 7 പക്ഷേ എന്നോട് ഇങ്ങനെ പറഞ്ഞു: ‘നീ ഗർഭിണിയായി ഒരു മകനെ പ്രസവിക്കും. നീ വീഞ്ഞും മറ്റു ലഹരിപാനീയങ്ങളും കുടിക്കുകയോ അശുദ്ധമായത് ഒന്നും കഴിക്കുകയോ അരുത്. കാരണം ജനനംമുതൽ മരണംവരെ കുട്ടി ദൈവത്തിനു നാസീരായിരിക്കും.’”
8 അപ്പോൾ മനോഹ യഹോവയോട് ഇങ്ങനെ യാചിച്ചു: “യഹോവേ, ക്ഷമിക്കേണമേ. ജനിക്കാനിരിക്കുന്ന കുട്ടിയുടെ കാര്യത്തിൽ ഞങ്ങൾ എന്തൊക്കെ ചെയ്യണമെന്നു പറഞ്ഞുതരാൻവേണ്ടി, അങ്ങ് അയച്ച ആ ദൈവപുരുഷനെ ഒരിക്കൽക്കൂടി അയയ്ക്കേണമേ.” 9 സത്യദൈവം മനോഹയുടെ അപേക്ഷ കേട്ടു. സത്യദൈവത്തിന്റെ ദൂതൻ വീണ്ടും സ്ത്രീയുടെ അടുത്ത് വന്നു. സ്ത്രീ അപ്പോൾ വീടിനു വെളിയിലായിരുന്നു; ഭർത്താവായ മനോഹ കൂടെയുണ്ടായിരുന്നില്ല. 10 സ്ത്രീ പെട്ടെന്ന് ഓടിച്ചെന്ന് ഭർത്താവിനോട്, “അതാ, അന്ന് എന്റെ അടുത്ത് വന്ന ആ പുരുഷൻ വീണ്ടും എനിക്കു പ്രത്യക്ഷനായിരിക്കുന്നു!”+ എന്നു പറഞ്ഞു.
11 അപ്പോൾ മനോഹ ഭാര്യയോടൊപ്പം ചെന്നു. മനോഹ ആ പുരുഷന്റെ അടുത്ത് ചെന്ന്, “എന്റെ ഭാര്യയോടു സംസാരിച്ചത് അങ്ങാണോ” എന്നു ചോദിച്ചു. അതിന് ആ പുരുഷൻ, “ഞാൻതന്നെയാണ്” എന്നു പറഞ്ഞു. 12 അപ്പോൾ മനോഹ പറഞ്ഞു: “അങ്ങയുടെ വാക്കുകൾ സത്യമായിത്തീരട്ടെ! പക്ഷേ കുട്ടിയുടെ ജീവിതരീതി എങ്ങനെയായിരിക്കും? എന്തൊക്കെയായിരിക്കും അവന്റെ ഉത്തരവാദിത്വങ്ങൾ?”+ 13 യഹോവയുടെ ദൂതൻ മനോഹയോടു പറഞ്ഞു: “നിന്റെ ഭാര്യയോടു ഞാൻ പറഞ്ഞതെല്ലാം അവൾ ചെയ്യണം.+ 14 മുന്തിരിവള്ളിയിൽനിന്ന് ഉണ്ടാകുന്നതൊന്നും നിന്റെ ഭാര്യ കഴിക്കരുത്. വീഞ്ഞോ മറ്റു ലഹരിപാനീയങ്ങളോ കുടിക്കരുത്;+ അശുദ്ധമായത് ഒന്നും തിന്നുകയുമരുത്.+ ഞാൻ പറഞ്ഞതെല്ലാം നിന്റെ ഭാര്യ അനുസരിക്കണം.”
15 മനോഹ അപ്പോൾ യഹോവയുടെ ദൂതനോട്, “ഞങ്ങൾ ഒരു കോലാട്ടിൻകുട്ടിയെ അങ്ങയ്ക്കുവേണ്ടി പാകം ചെയ്യുന്നതുവരെ ഇവിടെ നിൽക്കണേ” എന്നു പറഞ്ഞു.+ 16 പക്ഷേ യഹോവയുടെ ദൂതൻ മനോഹയോട്: “ഞാൻ ഇവിടെ നിന്നാൽത്തന്നെ നിങ്ങൾ തരുന്ന ഭക്ഷണം ഞാൻ കഴിക്കില്ല. എന്നാൽ യഹോവയ്ക്ക് ഒരു ദഹനയാഗം അർപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾക്ക് അങ്ങനെ ചെയ്യാവുന്നതാണ്.” അത് യഹോവയുടെ ദൂതനാണെന്നു മനോഹയ്ക്കു മനസ്സിലായില്ല. 17 പിന്നെ മനോഹ യഹോവയുടെ ദൂതനോട്, “അങ്ങയുടെ വാക്കുകൾ സത്യമായിത്തീരുമ്പോൾ ഞങ്ങൾ അങ്ങയെ ആദരിക്കാൻവേണ്ടി അങ്ങയുടെ പേര്+ പറയാമോ” എന്നു ചോദിച്ചു. 18 പക്ഷേ യഹോവയുടെ ദൂതൻ മനോഹയോടു പറഞ്ഞു: “എന്റെ പേര് അത്ഭുതകരമായ ഒന്നാണ്. അതുകൊണ്ട് നീ അതു ചോദിക്കരുത്.”
19 അപ്പോൾ മനോഹ ഒരു കോലാട്ടിൻകുട്ടിയെ ധാന്യയാഗത്തോടൊപ്പം ഒരു പാറയുടെ മേൽ വെച്ച് യഹോവയ്ക്ക് അർപ്പിച്ചു. മനോഹയും ഭാര്യയും നോക്കിനിൽക്കെ ദൈവം ഒരു അത്ഭുതം പ്രവർത്തിച്ചു. 20 യാഗപീഠത്തിൽനിന്ന് ആകാശത്തിലേക്കു തീ ഉയർന്നപ്പോൾ മനോഹയും ഭാര്യയും നോക്കിനിൽക്കെ ആ തീജ്വാലയോടൊപ്പം യഹോവയുടെ ദൂതനും ആകാശത്തേക്ക് ഉയർന്നു. ഉടനെ അവർ കമിഴ്ന്നുവീണ് നമസ്കരിച്ചു. 21 പിന്നെ യഹോവയുടെ ദൂതൻ മനോഹയ്ക്കും ഭാര്യക്കും പ്രത്യക്ഷനായില്ല. അത് യഹോവയുടെ ദൂതനായിരുന്നെന്ന് അപ്പോൾ മനോഹയ്ക്കു മനസ്സിലായി.+ 22 മനോഹ ഭാര്യയോടു പറഞ്ഞു: “നമ്മൾ മരിച്ചുപോകുമെന്ന് ഉറപ്പാണ്, ദൈവത്തെയാണു നമ്മൾ കണ്ടത്.”+ 23 പക്ഷേ മനോഹയുടെ ഭാര്യ പറഞ്ഞു: “നമ്മളെ കൊല്ലാനായിരുന്നെങ്കിൽ യഹോവ നമ്മുടെ ദഹനയാഗവും+ ധാന്യയാഗവും സ്വീകരിക്കില്ലായിരുന്നു. മാത്രമല്ല, ഇക്കാര്യങ്ങളൊന്നും നമുക്കു കാണിച്ചുതരുകയോ അവ നമ്മളോടു പറയുകയോ ഇല്ലായിരുന്നു.”
24 പിന്നീട് മനോഹയുടെ ഭാര്യ ഒരു മകനെ പ്രസവിച്ചു. മകനു ശിംശോൻ+ എന്നു പേരിട്ടു. കുട്ടി വളർന്നുവരവെ യഹോവയുടെ അനുഗ്രഹം കുട്ടിയുടെ മേലുണ്ടായിരുന്നു. 25 പിന്നെ, സൊരയ്ക്കും എസ്തായോലിനും+ ഇടയിലുള്ള മഹനേ-ദാനിൽവെച്ച്+ യഹോവയുടെ ആത്മാവ് ശിംശോനെ പ്രചോദിപ്പിച്ചുതുടങ്ങി.+