നിരുത്സാഹത്തെ എങ്ങനെ തരണം ചെയ്യാനാകും?
നിരുത്സാഹത്തിന് എതിരെ ഒരുവന് എങ്ങനെ പോരാടാനാകും? യഹോവയുടെ സാക്ഷികളുടെ സഭകൾ പതിവായി സന്ദർശിക്കുന്ന കുറെ സഞ്ചാര മേൽവിചാരകന്മാരോട് ആയിരുന്നു ആ ചോദ്യം. ഏതൊരു ക്രിസ്ത്യാനിയെയും ബാധിക്കാവുന്ന നിരുത്സാഹത്തിന്റെ കാരണങ്ങളെയും പ്രതിവിധികളെയും കുറിച്ചു വിശകലനം ചെയ്യാൻ അവരുടെ ഉത്തരങ്ങൾക്കു നമ്മെ സഹായിക്കാനാകും.
നിരുത്സാഹത്തെ മറികടക്കാൻ ഒരു വിശകലനത്തെക്കാൾ അധികം ആവശ്യമാണ്. എന്നാൽ, പ്രാർഥനയിലോ വ്യക്തിപരമായ പഠനത്തിലോ ഉള്ള താത്പര്യക്കുറവ്, യോഗഹാജരിൽ വരുന്ന മുടക്കം, ഉത്സാഹമില്ലായ്മ, ക്രിസ്തീയ സഹകാരികളോടുള്ള ഒരുതരം നിർവികാരത എന്നിവയൊക്കെ നിരുത്സാഹത്തിന്റെ ലക്ഷണങ്ങൾ ആയിരിക്കാം. എന്നിരുന്നാലും ഏറ്റവും പ്രകടമായ ഒരു ലക്ഷണം സുവിശേഷ വേലയിലുള്ള തീക്ഷ്ണത കുറഞ്ഞുവരുന്നതാണ്. പ്രസ്തുത ലക്ഷണങ്ങളെയും ഏതാനും പ്രതിവിധികളെയും കുറിച്ചു നമുക്കു പരിചിന്തിക്കാം.
സുവിശേഷ ഘോഷണവേലയിലെ നിരുത്സാഹം
ശിഷ്യരെ ഉളവാക്കാനുള്ള നിയോഗത്തോടു ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ച് യേശുക്രിസ്തു ബോധവാനായിരുന്നു. (മത്തായി 28:19, 20) പ്രസംഗ പ്രവർത്തനത്തിന്റെ ഫലമായി തന്റെ അനുഗാമികൾക്കു പീഡനം സഹിക്കേണ്ടിവരുമെന്നു മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് അവൻ “ചെന്നായ്ക്കളുടെ നടുവിൽ ആടിനെ” പോലെ അവരെ അയച്ചത്. (മത്തായി 10:16-23) എന്നാൽ, അതു നിരുത്സാഹത്തിനുള്ള ഒരു കാരണമായിരുന്നില്ല. വാസ്തവത്തിൽ, യഹോവയിൽ പ്രാർഥനാപൂർവം ആശ്രയിച്ചിട്ടുള്ള ദൈവദാസന്മാരെ പീഡനം മിക്കപ്പോഴും ശക്തരാക്കുകയാണു ചെയ്തിട്ടുള്ളത്.—പ്രവൃത്തികൾ 4:29-31; 5:41, 42.
ക്രിസ്തുവിന്റെ ശിഷ്യന്മാർക്ക് കടുത്ത പീഡനം നേരിടാഞ്ഞപ്പോൾ പോലും അവർക്ക് എല്ലായ്പോഴും അനുകൂലമായ സ്വീകരണം ലഭിച്ചിരുന്നില്ല. (മത്തായി 10:11-15) സമാനമായി, ഇന്ന് യഹോവയുടെ സാക്ഷികളുടെ പ്രസംഗപ്രവർത്തനവും എല്ലായ്പോഴും അത്ര എളുപ്പമല്ല.a അനേകരെ സംബന്ധിച്ചിടത്തോളം ദൈവത്തിലുള്ള വിശ്വാസം ഒരു വ്യക്തിപരമായ കാര്യമാണ്, അതു മറ്റുള്ളവരുമായി ചർച്ച ചെയ്യാൻ അവർ ഇഷ്ടപ്പെടുന്നില്ല. മറ്റു ചിലർ തങ്ങൾക്കു ചില മുൻവിധികളുള്ള മതസംഘടനകളുമായി ഒരു തരത്തിലും ബന്ധം പുലർത്താൻ ആഗ്രഹിക്കുന്നില്ല. നിസ്സംഗതയോ ഫലമില്ലായ്മയോ മറ്റു നിരവധി പ്രശ്നങ്ങളോ നിരുത്സാഹത്തിന്റെ ശക്തമായ കാരണങ്ങൾ ആയേക്കാമെന്നതിൽ തെല്ലും സംശയമില്ല. ഇത്തരം തടസ്സങ്ങളെ എങ്ങനെ തരണം ചെയ്യാനാകും?
മെച്ചപ്പെട്ട ഫലങ്ങൾ കൈവരിക്കൽ
ശുശ്രൂഷയിലെ നമ്മുടെ സന്തോഷം അതിൽനിന്നു ലഭിക്കുന്ന ഫലത്തോടു ഭാഗികമായി ബന്ധപ്പെട്ടിരിക്കുന്നു. അപ്പോൾ, നമുക്ക് എങ്ങനെയാണു ശുശ്രൂഷയെ കൂടുതൽ ഫലദായകമാക്കാൻ കഴിയുക? നാം “മനുഷ്യരെ പിടിക്കുന്നവരാണ്.” (മർക്കൊസ് 1:16-18) പുരാതന ഇസ്രായേലിലെ മീൻ പിടുത്തക്കാർ തങ്ങൾക്ക് ഏറ്റവും കൂടുതൽ മീൻ പിടിക്കാൻ കഴിയുമായിരുന്ന രാത്രികാലങ്ങളിലാണു മത്സ്യബന്ധനത്തിനു പോയിരുന്നത്. നാമും നമ്മുടെ പ്രദേശത്തെ വിശകലനം ചെയ്ത്, ഭൂരിഭാഗം ആളുകളും വീടുകളിൽ ഉണ്ടായിരിക്കുകയും നമ്മുടെ സന്ദേശത്തോടു നന്നായി പ്രതികരിക്കുകയും ചെയ്യുന്ന സമയത്ത് ആയിരിക്കണം അവരെ തേടി പോകേണ്ടത്. ഇതു വൈകുന്നേരമോ വാരാന്തങ്ങളിലോ മറ്റു സമയങ്ങളിലോ ആയിരിക്കാം. ഒരു സഞ്ചാര മേൽവിചാരകൻ പറയുന്നത് അനുസരിച്ച്, ആളുകൾ ദിവസം മുഴുവൻ ജോലിചെയ്യുന്ന സ്ഥലങ്ങളിൽ ഇതു പ്രായോഗികമാണ്. സായാഹ്ന സാക്ഷീകരണം മിക്കപ്പോഴും ഉത്തമ ഫലങ്ങൾ ഉളവാക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ടെലിഫോൺ സാക്ഷീകരണവും അനൗപചാരിക സാക്ഷീകരണവും കൂടുതൽ ആളുകളുടെ അടുക്കൽ സുവാർത്ത എത്തിക്കാൻ നമ്മെ സഹായിക്കുന്നു.
ശുശ്രൂഷയിലെ സ്ഥിരോത്സാഹം നല്ല ഫലങ്ങൾ പുറപ്പെടുവിക്കുന്നു. പൂർവ യൂറോപ്പിലും ചില ആഫ്രിക്കൻ രാജ്യങ്ങളിലും രാജ്യപ്രസംഗവേല നന്നായി പുരോഗമിക്കുന്നു. അതു നല്ല വർധനവിൽ കലാശിച്ചിരിക്കുന്നു. സമാനമായി, ദീർഘകാലം ഫലരഹിതമായി കണക്കാക്കപ്പെട്ടിരുന്നതോ കൂടെക്കൂടെ പ്രവർത്തിച്ചു തീർത്തിട്ടുള്ളതോ ആയ പ്രദേശങ്ങളിൽ പോലും അനേകം സഭകൾ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ നിങ്ങളുടെ പ്രദേശത്ത് അത്തരം ഫലങ്ങൾ ലഭിക്കുന്നില്ലെങ്കിലോ?
നല്ല മനോഭാവം നിലനിർത്തുക
യേശു വെച്ച ലക്ഷ്യങ്ങൾ മനസ്സിൽ വ്യക്തമായി ഉണ്ടായിരിക്കുന്നത് ശുശ്രൂഷയിലെ നിസ്സംഗതയുടെ മുന്നിൽ നിരുത്സാഹിതരാകാതിരിക്കാൻ നമ്മെ സഹായിക്കും. തന്റെ ശിഷ്യന്മാർ കൂട്ട മതപരിവർത്തനം നടത്തണമെന്നല്ല, മറിച്ച് അർഹതയുള്ളവരെ തേടിപ്പിടിക്കണം എന്നാണ് ക്രിസ്തു ആഗ്രഹിച്ചത്. മിക്ക ഇസ്രായേല്യരും പുരാതന പ്രവാചകന്മാരെ ശ്രദ്ധിക്കാതിരുന്നതു പോലെതന്നെ, ബഹുഭൂരിപക്ഷം ആളുകളും സുവാർത്ത സ്വീകരിക്കില്ലെന്നു പല സന്ദർഭങ്ങളിലും അവൻ വ്യക്തമാക്കി.—യെഹെസ്കേൽ 9:4; മത്തായി 10:11-15; മർക്കൊസ് 4:14-20.
“തങ്ങളുടെ ആത്മീയ ആവശ്യം സംബന്ധിച്ചു ബോധമുള്ള” വ്യക്തികൾ ‘രാജ്യത്തിന്റെ സുവിശേഷം’ കൃതജ്ഞതയോടെ സ്വീകരിക്കുന്നു. (മത്തായി 5:3, NW; 24:14) ദൈവം പറയുന്ന വിധത്തിൽത്തന്നെ അവനെ സേവിക്കാൻ അവർ ആഗ്രഹിക്കുന്നു. അതുകൊണ്ട്, നമ്മുടെ പ്രവർത്തനത്തിന്റെ ഫലം, സന്ദേശം അവതരിപ്പിക്കുന്നതിലെ നമ്മുടെ പ്രാവീണ്യത്തെക്കാൾ ആളുകളുടെ ഹൃദയ നിലയുമായാണു ബന്ധപ്പെട്ടിരിക്കുന്നത്. തീർച്ചയായും, സുവാർത്തയെ ആകർഷകമാക്കാൻ നാം പരമാവധി ശ്രമിക്കേണ്ടതുണ്ട്. എന്നിരുന്നാലും, ഫലം ദൈവത്തെ ആശ്രയിച്ചിരിക്കുന്നു. കാരണം യേശു പറഞ്ഞു: “എന്നെ അയച്ച പിതാവു ആകർഷിച്ചിട്ടല്ലാതെ ആർക്കും എന്റെ അടുക്കൽ വരുവാൻ കഴികയില്ല.”—യോഹന്നാൻ 6:44.
നമ്മുടെ സുവിശേഷ വേല യഹോവയുടെ നാമം അറിയപ്പെടാൻ ഇടയാക്കുന്നു. ആളുകൾ ശ്രദ്ധിച്ചാലും ഇല്ലെങ്കിലും, നമ്മുടെ പ്രസംഗപ്രവർത്തനത്തിന് യഹോവയുടെ പരിശുദ്ധ നാമത്തിന്റെ വിശുദ്ധീകരണത്തിൽ ഒരു പങ്കുണ്ട്. കൂടാതെ, നാം സുവിശേഷ വേലയിലൂടെ ക്രിസ്തുവിന്റെ ശിഷ്യന്മാരാണെന്നു തെളിയിക്കുന്നു. നമ്മുടെ നാളിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ദൗത്യത്തിൽ പങ്കെടുക്കുകയെന്ന പദവിയും നമുക്ക് ഉണ്ട്.—മത്തായി 6:9; യോഹന്നാൻ 15:8.
നിരുത്സാഹവും ബന്ധങ്ങളും
കുടുംബത്തിലെയോ സഭയിലെയോ ചില അംഗങ്ങളുമായുള്ള ബന്ധങ്ങൾ നിരുത്സാഹത്തിന് ഇടയാക്കിയേക്കാം. മറ്റുള്ളവർ തന്നെ മനസ്സിലാക്കുന്നില്ല എന്ന തോന്നൽ ഒരുവന് ഉണ്ടായേക്കാം. സഹവിശ്വാസികളുടെ അപൂർണതകളും നമ്മെ നിരുത്സാഹപ്പെടുത്തിയേക്കാം. ഇവിടെയും, തിരുവെഴുത്തുകൾക്കു നമ്മെ വളരെയേറെ സഹായിക്കാനാകും.
ലോകവ്യാപക ‘സഹോദരവർഗം’ ഒരു വലിയ ആത്മീയ കുടുംബമാണ്. (1 പത്രൊസ് 2:17) വ്യക്തിത്വ ഭിന്നതകൾ നിമിത്തം പ്രശ്നങ്ങൾ ഉയർന്നുവരുമ്പോൾ, നാം ഒരു ഏകീകൃത ജനതയുടെ ഭാഗമാണെന്ന ബോധ്യത്തിനു മങ്ങലേറ്റേക്കാം. തെളിവനുസരിച്ച്, ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ ഇടയിൽ അത്തരം പ്രശ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ടാണ് ഐക്യത്തിൽ ഒത്തൊരുമിച്ചു വസിക്കാൻ പൗലൊസ് അപ്പൊസ്തലന് അവരെ ആവർത്തിച്ച് ഓർമിപ്പിക്കേണ്ടിവന്നത്. ദൃഷ്ടാന്തത്തിന്, ഭിന്നതകൾ പരിഹരിക്കാൻ ക്രിസ്തീയ വനിതകളായിരുന്ന യുവൊദ്യയെയും സുന്തുകയെയും അവൻ ഉദ്ബോധിപ്പിച്ചു.—1 കൊരിന്ത്യർ 1:10; എഫെസ്യർ 4:1-3; ഫിലിപ്പിയർ 4:2, 3.
ഇതാണു പ്രശ്നമെങ്കിൽ, നമ്മുടെ സഹോദരങ്ങളോടുള്ള ആത്മാർഥമായ സ്നേഹത്തെ നമുക്ക് എങ്ങനെ പുനരുജ്ജീവിപ്പിക്കാൻ കഴിയും? ക്രിസ്തു അവർക്കു വേണ്ടി മരിച്ചെന്നും നമ്മെപ്പോലെ അവരും ക്രിസ്തുവിന്റെ മറുവില യാഗത്തിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നുവെന്നും നമ്മെത്തന്നെ ഓർമിപ്പിക്കുന്നതിനാൽ. നമുക്കു വേണ്ടി തങ്ങളുടെ ജീവൻ അപകടപ്പെടുത്തുന്ന കാര്യത്തിൽ യേശുക്രിസ്തുവിനെ അനുകരിക്കാൻ നമ്മുടെ അനേകം സഹോദരങ്ങൾ തയ്യാറാണെന്നും നമുക്കു മനസ്സിൽ പിടിക്കാം.
ഏതാനും വർഷം മുമ്പ് ഫ്രാൻസിലെ പാരീസിൽ, രാജ്യഹാളിനു വെളിയിൽ വെച്ചിരുന്ന ബോംബ് നിറച്ച സ്യൂട്ട്കേസ് കണ്ട ഒരു യുവസാക്ഷി മടിച്ചുനിൽക്കാതെ ധൃതിയിൽ അത് എടുത്ത് അനേകം ഗോവണിപ്പടികൾ ഓടിയിറങ്ങി ഒരു ജലാശയത്തിൽ കൊണ്ടുപോയി എറിഞ്ഞു. അവിടെ അതു പൊട്ടിത്തെറിച്ചു. തന്റെ ജീവൻ അപകടപ്പെടുത്താമായിരുന്ന ആ കൃത്യം ചെയ്യാൻ പ്രേരിപ്പിച്ചത് എന്താണെന്നു ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ ജീവൻ അപകടത്തിലാണെന്ന് എനിക്കു മനസ്സിലായി. അതുകൊണ്ട് ഞങ്ങൾ എല്ലാവരും മരിക്കുന്നതിലും ഭേദം ഞാൻ മാത്രം മരിക്കുന്നതാണെന്നു ഞാൻ കരുതി.”b യേശുവിന്റെ ദൃഷ്ടാന്തം വളരെ അടുത്തു പിൻപറ്റാൻ ഒരുക്കമുള്ള ഇത്തരം സഹകാരികൾ ഉള്ളത് എന്തൊരു അനുഗ്രഹമാണ്!
കൂടാതെ, രണ്ടാം ലോകമഹായുദ്ധ കാലത്തു തടങ്കൽപ്പാളയങ്ങളിൽ ആയിരുന്ന യഹോവയുടെ സാക്ഷികളുടെ ഇടയിലെ സഹകരണ മനോഭാവത്തെ കുറിച്ചു നമുക്കു ധ്യാനിക്കാം.c സമാനമായി, അടുത്ത കാലത്ത് മലാവിയിലെ നമ്മുടെ സഹോദരങ്ങൾ യഥാർഥ ക്രിസ്ത്യാനികൾ എന്ന നിലയിൽ അചഞ്ചലമായ വിശ്വസ്തത പ്രകടമാക്കി. പ്രതികൂല സാഹചര്യങ്ങളിൽ പ്രാദേശിക സഭയിലെ നമ്മുടെ സഹോദരങ്ങൾ അതേ വിധത്തിൽ പ്രവർത്തിക്കുമെന്നു ചിന്തിക്കുന്നത് അനുദിന സമ്മർദങ്ങളെയും പ്രയാസങ്ങളെയും അവഗണിക്കാൻ, കൂറഞ്ഞത് കാര്യമാക്കാതിരിക്കാൻ എങ്കിലും, നമ്മെ പ്രേരിപ്പിക്കുന്നില്ലേ? നാം ക്രിസ്തുവിന്റെ മനസ്സ് നട്ടുവളർത്തുന്നെങ്കിൽ, സഹവിശ്വാസികളുമായുള്ള നമ്മുടെ അനുദിന ബന്ധങ്ങൾ നിരുത്സാഹത്തിന്റെ അല്ല, മറിച്ച് നവോന്മേഷത്തിന്റെ ഒരു ഉറവ് ആയിരിക്കും.
നിരുത്സാഹപ്പെടുത്തുന്ന വ്യക്തിഗത വികാരങ്ങൾ
“ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നേ.” (സദൃശവാക്യങ്ങൾ 13:12) ഈ വ്യവസ്ഥിതിയുടെ അന്ത്യം അകന്നകന്നു പോകുന്നതായി യഹോവയുടെ സാക്ഷികളായ ചിലർക്കു തോന്നുന്നു. തങ്ങൾ ജീവിക്കുന്ന ഈ കാലഘട്ടം “ഇടപെടാൻ പ്രയാസമായ ദുർഘടസമയങ്ങ”ളാണെന്ന് അനേകം അവിശ്വാസികളെയും പോലെ ക്രിസ്ത്യാനികളും കണ്ടെത്തുന്നു.—2 തിമൊഥെയൊസ് 3:1-5.
എന്നാൽ, അവിശ്വാസികളിൽനിന്നു വ്യത്യസ്തരായി ക്രിസ്ത്യാനികൾ ഈ ക്ലേശകരമായ അവസ്ഥകളിൽ യേശുവിന്റെ സാന്നിധ്യത്തിന്റെ “അടയാളം” കാണുന്നതിൽ സന്തോഷിക്കേണ്ടതാണ്. ദൈവരാജ്യം പെട്ടെന്നുതന്നെ ഈ ദുഷ്ട വ്യവസ്ഥിതിക്ക് അന്തം വരുത്തുമെന്ന് ആ അടയാളം സൂചിപ്പിക്കുന്നു. (മത്തായി 24:3-14) സാഹചര്യം ഏറ്റവും വഷളായിത്തീരുമ്പോൾ പോലും—“മഹോപദ്രവ”ത്തിൽ അതു തീർച്ചയായും വഷളാകും—ആ സംഭവങ്ങൾ നമുക്കു സന്തോഷത്തിന്റെ ഒരു ഉറവാണ്. കാരണം, ദൈവത്തിന്റെ പുതിയ ലോകം ആസന്നമാണെന്ന് അവ വിളിച്ചോതുന്നു.—മത്തായി 24:21, NW; 2 പത്രൊസ് 3:13.
ഇന്നത്തെ കാര്യാദികളിൽ ദൈവരാജ്യം ഉടനെയൊന്നും ഇടപെടില്ലെന്നുള്ള ചിന്ത ഭൗതിക അനുധാവനങ്ങളിൽ കൂടുതൽ കൂടുതൽ ആമഗ്നനാകാൻ ഒരു ക്രിസ്ത്യാനിയെ പ്രേരിപ്പിച്ചേക്കാം. തന്റെ മുഴു സമയവും ഊർജവും അദ്ദേഹം ലൗകിക ജോലിയിലും വിനോദത്തിലും ചെലവഴിക്കുന്നെങ്കിൽ, തിരുവെഴുത്തുപരമായ തന്റെ ഉത്തരവാദിത്വങ്ങൾ ഉചിതമായി നിറവേറ്റാൻ അദ്ദേഹത്തിനു ബുദ്ധിമുട്ടായിരിക്കും. (മത്തായി 6:24, 33, 34) അത്തരം മനോഭാവം ഫലശൂന്യതാബോധത്തെയും അതുവഴി നിരുത്സാഹത്തെയും പ്രോത്സാഹിപ്പിക്കുന്നു. ഒരു സഞ്ചാര മേൽവിചാരകൻ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഈ വ്യവസ്ഥിതിയിൽ ഒരു പുതിയലോക ജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമം നിരർഥകമാണ്.”
രണ്ട് ഉത്തമ പ്രതിവിധികൾ
പ്രശ്നം എന്താണെന്നു മനസ്സിലാക്കി കഴിയുമ്പോൾ ഒരുവന് എങ്ങനെയാണ് ഫലപ്രദമായൊരു പ്രതിവിധി കണ്ടെത്താൻ കഴിയുന്നത്? ലഭ്യമായ ഏറ്റവും നല്ലൊരു പ്രതിവിധിയാണ് വ്യക്തിപരമായ പഠനം. എന്തുകൊണ്ട്? “നാം ചെയ്യുന്ന കാര്യങ്ങൾ ചെയ്യേണ്ടിയിരിക്കുന്നത് എന്തുകൊണ്ടെന്ന് അതു നമ്മെ ഓർമിപ്പിക്കുന്നു” എന്ന് ഒരു സഞ്ചാര മേൽവിചാരകൻ പറഞ്ഞു. വേറെ ഒരാൾ ഇങ്ങനെ പറഞ്ഞു: “കടപ്പാടു നിമിത്തം മാത്രം പ്രസംഗിക്കുന്നത് കാലക്രമത്തിൽ ഒരു ഭാരമായിത്തീരുന്നു.” എന്നാൽ, നാം അന്ത്യത്തോട് അടുക്കവെ നമ്മുടെ ക്രിസ്തീയ ധർമം വീണ്ടും സ്പഷ്ടമായി കാണാൻ നല്ല വ്യക്തിപരമായ പഠനം നമ്മെ സഹായിക്കുന്നു. ഇതേ വീക്ഷണംതന്നെ പ്രതിഫലിപ്പിച്ചുകൊണ്ട് തിരുവെഴുത്തുകൾ, ദൈവഹിതം ചെയ്യുന്നതിൽ യഥാർഥ സന്തുഷ്ടി ആസ്വദിക്കണമെങ്കിൽ നാം ആത്മീയമായി നന്നായി ഭക്ഷിക്കേണ്ടതുണ്ടെന്നു നമ്മെ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു.—സങ്കീർത്തനം 1:1-3; 19:7-10; 119:1, 2.
പ്രോത്സാഹജനകമായ ഇടയസന്ദർശനങ്ങൾ നടത്തിക്കൊണ്ട് നിരുത്സാഹത്തെ മറികടക്കാൻ മൂപ്പന്മാർക്കു മറ്റുള്ളവരെ സഹായിക്കാൻ സാധിക്കും. നാം ഓരോരുത്തരും വളരെയേറെ വിലമതിക്കപ്പെടുന്നു എന്നും യഹോവയുടെ ജനത്തിന് ഇടയിൽ നമുക്ക് ഓരോരുത്തർക്കും ഒരു സുപ്രധാന സ്ഥാനമുണ്ടെന്നും ഈ സ്വകാര്യ സന്ദർശനങ്ങളിൽ മൂപ്പന്മാർക്കു വ്യക്തമാക്കാവുന്നതാണ്. (1 കൊരിന്ത്യർ 12:20-26) സഹക്രിസ്ത്യാനികളെ പരാമർശിച്ചുകൊണ്ട് ഒരു മൂപ്പൻ പറഞ്ഞു: “അവരുടെ മൂല്യം ഊന്നിപ്പറയാനായി, കഴിഞ്ഞകാലത്ത് അവർ നിർവഹിച്ചിട്ടുള്ളതിനെ കുറിച്ചു ഞാൻ അവരെ ഓർമിപ്പിക്കുന്നു. അവർ യഹോവയുടെ ദൃഷ്ടിയിൽ വിലപ്പെട്ടവർ ആണെന്നും അവർക്കു വേണ്ടി അവന്റെ പുത്രന്റെ രക്തം നൽകപ്പെട്ടിരിക്കുന്നു എന്നും ഞാൻ ചൂണ്ടിക്കാണിക്കുന്നു. ഈ ന്യായവാദത്തിന് എല്ലായ്പോഴും നല്ല പ്രതികരണം ലഭിക്കുന്നു. ഇതിനെ ശക്തമായ ബൈബിൾ പരാമർശനങ്ങളാൽ പിന്താങ്ങുമ്പോൾ, നിരുത്സാഹിതരായിരിക്കുന്നവർ കുടുംബമൊന്നിച്ചു പ്രാർഥിക്കുക, പഠിക്കുക, ബൈബിൾ വായിക്കുക തുടങ്ങിയ പുതിയ ലക്ഷ്യങ്ങൾ വെക്കാൻ പറ്റിയ നിലയിലാകുന്നു.”—എബ്രായർ 6:10.
ഇടയ സന്ദർശനങ്ങൾ നടത്തുമ്പോൾ, ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണെന്ന തോന്നൽ ഉളവാക്കാതിരിക്കാൻ മൂപ്പന്മാർ ശ്രദ്ധിക്കണം. പകരം, യേശുവിന്റെ അനുഗാമികളുടെ മേലുള്ള ചുമട് ലഘുവാണെന്ന കാര്യം മനസ്സിലാക്കാൻ മൂപ്പന്മാർക്കു നിരുത്സാഹിതരായ സഹാരാധകരെ സഹായിക്കാനാകും. ആയതിനാൽ നമ്മുടെ ക്രിസ്തീയ സേവനം സന്തോഷത്തിന്റെ ഒരു ഉറവാണ്.—മത്തായി 11:28-30.
നിരുത്സാഹത്തെ കീഴടക്കൽ
നിരുത്സാഹത്തിന്റെ കാരണം എന്തായിരുന്നാലും അതു നാശകരമാണ്. നാം അതിന് എതിരെ പോരാടണം. എന്നാൽ ഈ പോരാട്ടത്തിൽ നാം ഒറ്റയ്ക്ക് അല്ലെന്ന് ഓർമിക്കുക. നാം നിരുത്സാഹിതരാണെങ്കിൽ, നമുക്കു നമ്മുടെ ക്രിസ്തീയ സഹകാരികളുടെ, വിശേഷിച്ചും മൂപ്പന്മാരുടെ സഹായം സ്വീകരിക്കാം. അപ്രകാരം ചെയ്യുന്നതു നമ്മുടെ നിരുത്സാഹം കുറച്ചേക്കാം.
സർവോപരി, നിരുത്സാഹത്തെ തരണം ചെയ്യാനുള്ള സഹായത്തിനായി നാം ദൈവത്തിലേക്കു തിരിയേണ്ടതുണ്ട്. നാം യഹോവയിൽ പ്രാർഥനാപൂർവം ആശ്രയിക്കുന്നെങ്കിൽ നിരുത്സാഹത്തെ ഒരുപക്ഷേ പൂർണമായി കീഴടക്കാൻ അവൻ നമ്മെ സഹായിച്ചേക്കാം. (സങ്കീർത്തനം 55:22; ഫിലിപ്പിയർ 4:6, 7) എന്തായിരുന്നാലും, അവന്റെ ജനം എന്ന നിലയിൽ നമുക്ക് സങ്കീർത്തനക്കാരന്റെ വികാരത്തിൽ പങ്കുകൊള്ളാനാകും. അവൻ ഇങ്ങനെ പാടി: “ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവർ നിന്റെ മുഖപ്രകാശത്തിൽ നടക്കും. അവർ ഇടവിടാതെ നിന്റെ നാമത്തിൽ ഘോഷിച്ചുല്ലസിക്കുന്നു. നിന്റെ നീതിയിൽ അവർ ഉയർന്നിരിക്കുന്നു. നീ അവരുടെ ബലത്തിന്റെ മഹത്വമാകുന്നു; നിന്റെ പ്രസാദത്താൽ ഞങ്ങളുടെ കൊമ്പു ഉയർന്നിരിക്കുന്നു.”—സങ്കീർത്തനം 89:15-17.
[അടിക്കുറിപ്പുകൾ]
a 1981 മേയ് 15 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) “വീടുതോറുമുള്ള ശുശ്രൂഷയെന്ന വെല്ലുവിളി” എന്ന ലേഖനം കാണുക.
b വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച 1985 ഫെബ്രുവരി 22 ലക്കം ഉണരുക!യുടെ (ഇംഗ്ലീഷ്) 12-ഉം 13-ഉം പേജുകൾ കാണുക.
c 1980 ആഗസ്റ്റ് 15 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) “ഞാൻ ‘മരണ പ്രയാണ’ത്തെ അതിജീവിച്ചു” എന്ന ലേഖനവും 1985 ജൂൺ 22 ലക്കം ഉണരുക!യിലെ (ഇംഗ്ലീഷ്) “നാസി ജർമനിയിൽ ദൃഢവിശ്വസ്തത നിലനിർത്തൽ” എന്ന ലേഖനവും കാണുക.
[31-ാം പേജിലെ ചിത്രം]
സ്നേഹസമ്പന്നരായ മൂപ്പന്മാർ നടത്തുന്ന പരിപുഷ്ടിപ്പെടുത്തുന്ന ഇടയ സന്ദർശനങ്ങൾക്ക് നിരുത്സാഹത്തെ തരണം ചെയ്യാൻ സഹായിക്കാനാകും