‘യഹോവ ജ്ഞാനം നൽകുന്നു’
ഏതു കാര്യങ്ങൾക്കാണ് നിങ്ങൾ സമയവും ഊർജവും മുഖ്യമായും ചെലവിടുന്നത്? നിങ്ങൾക്കായി ഒരു നല്ല പേരുണ്ടാക്കുന്നത് നിങ്ങളുടെ മുഖ്യ താത്പര്യമാണോ? സമ്പത്തു സ്വരുക്കൂട്ടുന്നതിലാണോ നിങ്ങളുടെ മുഴു ശ്രദ്ധയും? ഏതെങ്കിലും രംഗത്തെ ജീവിതവൃത്തിയുടെയോ ഒന്നോ അതിലധികമോ വിജ്ഞാനശാഖകളിൽ വൈദഗ്ധ്യം നേടുന്നതിന്റെയോ കാര്യമോ? മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ നട്ടുവളർത്തുന്നത് നിങ്ങൾക്കു പ്രധാനമാണോ? നല്ല ആരോഗ്യം കാത്തുസൂക്ഷിക്കുന്നതാണോ നിങ്ങളുടെ മുഖ്യ താത്പര്യം?
മേൽപ്പറഞ്ഞ എല്ലാ കാര്യങ്ങളിലും കുറെയൊക്കെ മൂല്യമുണ്ടായിരിക്കാം. എന്നാൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന സംഗതി എന്താണ്? ബൈബിൾ ഇങ്ങനെ ഉത്തരം നൽകുന്നു: “ജ്ഞാനംതന്നേ പ്രധാനം; ജ്ഞാനം സമ്പാദിക്ക.” (സദൃശവാക്യങ്ങൾ 4:7) എന്നാൽ നമുക്ക് എങ്ങനെയാണു ജ്ഞാനം നേടാൻ കഴിയുക? അതിന്റെ പ്രയോജനങ്ങൾ ഏവ? ബൈബിൾ പുസ്തകമായ സദൃശവാക്യങ്ങളുടെ രണ്ടാം അധ്യായം അവയ്ക്ക് ഉത്തരം നൽകുന്നു.
‘ജ്ഞാനത്തിനു ചെവികൊടുപ്പിൻ’
പുരാതന ഇസ്രായേലിലെ ജ്ഞാനിയായ ശലോമോൻ രാജാവ് ഒരു പിതാവിന്റെ സ്നേഹപൂർവകമായ വാക്കുകളിൽ ഇങ്ങനെ പറയുന്നു: “മകനേ, ജ്ഞാനത്തിന്നു ചെവികൊടുക്കയും ബോധത്തിന്നു [“വിവേകത്തിനു,” NW] നിന്റെ ഹൃദയം ചായിക്കയും ചെയ്യേണ്ടതിന്നു എന്റെ വചനങ്ങളെ കൈക്കൊണ്ടു എന്റെ കല്പനകളെ നിന്റെ ഉള്ളിൽ സംഗ്രഹിച്ചാൽ, നീ ബോധത്തിന്നായി [“ഗ്രാഹ്യത്തിനായി,” NW] വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ, അതിനെ വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കിൽ, നീ യഹോവാഭക്തി [“യഹോവാഭയം,” NW] ഗ്രഹിക്കയും ദൈവപരിജ്ഞാനം കണ്ടെത്തുകയും ചെയ്യും.”—സദൃശവാക്യങ്ങൾ 2:1-5
ജ്ഞാനം സമ്പാദിക്കാനുള്ള ഉത്തരവാദിത്വം ആർക്കാണെന്നു നിങ്ങൾ ശ്രദ്ധിച്ചോ? ‘നീ ചെയ്യുന്നെങ്കിൽ’ എന്ന ആശയം ഈ വാക്യങ്ങളിൽ മൂന്നു പ്രാവശ്യം കാണാം. ജ്ഞാനവും അനുബന്ധ ഗുണങ്ങളായ വിവേകവും ഗ്രാഹ്യവും തേടാനുള്ള ഉത്തരവാദിത്വം തീർച്ചയായും നമുക്ക് ഓരോരുത്തർക്കുമാണ്. എന്നാൽ ഒന്നാമതായി, തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന ജ്ഞാനമൊഴികൾ ‘കൈക്കൊണ്ട്’ അവയെ നമ്മുടെ ഓർമയിൽ ‘സംഗ്രഹിക്കണം.’ അതിനു നാം ബൈബിൾ പഠിക്കണം.
ദൈവദത്തമായ അറിവ് ശരിയായ വിധത്തിൽ ഉപയോഗിക്കാനുള്ള പ്രാപ്തിയാണ് ജ്ഞാനം. എത്ര അതിശയകരമാംവിധം ബൈബിൾ നമുക്ക് ജ്ഞാനം ലഭ്യമാക്കുന്നു! അതേ, സദൃശവാക്യങ്ങൾ, സഭാപ്രസംഗി എന്നീ പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതു പോലുള്ള ജ്ഞാനമൊഴികൾ അതിൽ അടങ്ങിയിരിക്കുന്നു. നാം ആ വാക്കുകൾക്കു ശ്രദ്ധ കൊടുക്കണം. ദൈവിക തത്ത്വങ്ങൾ ബാധകമാക്കുന്നതിന്റെ പ്രയോജനങ്ങളും അവയെ അവഗണിക്കുന്നതിന്റെ അപകടങ്ങളും വ്യക്തമാക്കുന്ന അനേകം ദൃഷ്ടാന്തങ്ങളും ബൈബിളിന്റെ ഏടുകളിൽ നാം കാണുന്നു. (റോമർ 15:4; 1 കൊരിന്ത്യർ 10:11) ദൃഷ്ടാന്തത്തിന്, എലീശാ പ്രവാചകന്റെ ദാസനായിരുന്ന, അത്യാഗ്രഹിയായ ഗേഹസിയെ കുറിച്ചുള്ള വിവരണം പരിചിന്തിക്കുക. (2 രാജാക്കന്മാർ 5:20-27) അത്യാഗ്രഹം ഒഴിവാക്കുന്നതിലെ ജ്ഞാനം അതു നമ്മെ പഠിപ്പിക്കുന്നില്ലേ? യാക്കോബിന്റെ പുത്രിയായ ദീനാ കനാൻ “ദേശത്തിലെ കന്യകമാരെ” സന്ദർശിച്ചിരുന്നത് പ്രത്യക്ഷത്തിൽ നിരുപദ്രവകരമായ ഒരു സംഗതി ആയിരുന്നെങ്കിലും അതിന്റെ ദാരുണമായ ഫലത്തിന്റെ കാര്യമോ? (ഉല്പത്തി 34:1-31) മോശമായ സഹവാസത്തിന്റെ ബുദ്ധിശൂന്യത നമുക്ക് എളുപ്പം മനസ്സിലാക്കാൻ കഴിയുന്നില്ലേ?—സദൃശവാക്യങ്ങൾ 13:20; 1 കൊരിന്ത്യർ 15:33, NW.
ജ്ഞാനത്തിനു ശ്രദ്ധ കൊടുക്കുന്നതിൽ വിവേകവും ഗ്രാഹ്യവും നേടുന്നത് ഉൾപ്പെടുന്നു. “ഒന്നിനെ മറ്റൊന്നിൽനിന്നു വേർതിരിച്ചറിയുന്നതിനുള്ള മനസ്സിന്റെ ശക്തി അഥവാ പ്രാപ്തി” എന്ന് വിവേകത്തെ ഒരു നിഘണ്ടു നിർവചിക്കുന്നു. ശരിയും തെറ്റും വേർതിരിച്ചറിയാനും എന്നിട്ട് ശരിയായ ഗതി തിരഞ്ഞെടുക്കാനുമുള്ള പ്രാപ്തിയാണ് ദൈവിക വിവേകം. നാം വിവേകത്തിന് ‘നമ്മുടെ ഹൃദയം ചായിക്കു’ന്നില്ലെങ്കിൽ, അഥവാ അത് സമ്പാദിക്കാൻ ഉത്സാഹം ഉള്ളവർ അല്ലെങ്കിൽ, ‘ജീവങ്കലേക്കു പോകുന്ന വഴി’യിൽ നമുക്ക് എങ്ങനെ തുടരാനാകും? (മത്തായി 7:14; ആവർത്തനപുസ്തകം 30:19, 20 താരതമ്യം ചെയ്യുക.) ദൈവവചനം പഠിക്കുന്നതിലൂടെയും ബാധകമാക്കുന്നതിലൂടെയും വിവേകം ലഭിക്കുന്നു.
ഒരു സംഗതിയുടെ വ്യത്യസ്ത വശങ്ങൾ പരസ്പരവും ആകമാന സംഗതിയോടും ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെയെന്നു കാണാനുള്ള പ്രാപ്തിയായ “ഗ്രാഹ്യത്തിനായി” നമുക്കു ‘വിളിക്കാൻ’ കഴിയുന്നത് എങ്ങനെ? തീർച്ചയായും, കൂടുതൽ ഗ്രാഹ്യം നേടാൻ നമ്മെ സഹായിച്ചേക്കാവുന്ന ഘടകങ്ങളാണ് പ്രായവും അനുഭവപരിചയവും—എല്ലായ്പോഴും അത് അങ്ങനെ ആയിരിക്കണമെന്നില്ല. (ഇയ്യോബ് 12:12; 32:6-12; NW) “ഞാൻ വയോധികന്മാരെക്കാൾ ഗ്രാഹ്യത്തോടെ പെരുമാറുന്നു, എന്തെന്നാൽ ഞാൻ നിന്റെ [യഹോവയുടെ] കൽപ്പനകൾ പ്രമാണിച്ചിരിക്കുന്നു” എന്ന് സങ്കീർത്തനക്കാരൻ പറഞ്ഞു. അവൻ ഇങ്ങനെയും പാടി: “നിന്റെ വചനങ്ങളുടെ വെളിപ്പെടുത്തൽതന്നെ വെളിച്ചം തരുന്നു, അതു അനുഭവജ്ഞാനം ഇല്ലാത്തവർക്കു ഗ്രാഹ്യം നൽകുന്നു.” (സങ്കീർത്തനം 119:100, 130, NW) യഹോവ “നാളുകളിൽ പുരാതനൻ” ആണ്. അവന്റെ ഗ്രാഹ്യം മുഴു മനുഷ്യവർഗത്തിന്റെയും ഗ്രാഹ്യത്തെക്കാൾ അങ്ങേയറ്റം ശ്രേഷ്ഠമാണ്. (ദാനീയേൽ 7:13, NW) അനുഭവപരിചയം ഇല്ലാത്തവനു ഗ്രാഹ്യം പ്രദാനം ചെയ്തുകൊണ്ട് ഗ്രാഹ്യത്തിന്റെ കാര്യത്തിൽ വയോധികന്മാരെ പോലും കടത്തിവെട്ടുന്നതിന് ഒരുവനെ പ്രാപ്തനാക്കാൻ ദൈവത്തിനു സാധിക്കും. അതുകൊണ്ട് നാം ദൈവവചനമായ ബൈബിൾ പഠിക്കുകയും ബാധകമാക്കുകയും ചെയ്യുന്നതിൽ ശുഷ്കാന്തിയുള്ളവർ ആയിരിക്കണം.
സദൃശവാക്യങ്ങൾ രണ്ടാം അധ്യായത്തിന്റെ പ്രാരംഭ ഭാഗത്ത് ആവർത്തിച്ചു പ്രത്യക്ഷപ്പെടുന്ന, ‘നീ ചെയ്യുന്നെങ്കിൽ’ എന്ന ആശയത്തോടു ബന്ധപ്പെടുത്തി ‘കൈക്കൊള്ളുക,’ ‘സംഗ്രഹിക്കുക,’ ‘വിളിക്കുക,’ ‘അന്വേഷിക്കുക,’ ‘തിരയുക’ എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ ഉപയോഗിച്ചിരിക്കുന്നു. എഴുത്തുകാരൻ കൂടുതൽ കൂടുതൽ തീവ്രതയുള്ള ഈ പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നത് എന്തുകൊണ്ട്? ഒരു പരാമർശ ഗ്രന്ഥം ഇങ്ങനെ പറയുന്നു: “ജ്ഞാനം തേടുന്നതിൽ ഉത്സാഹം പ്രകടമാക്കേണ്ടതിന്റെ ആവശ്യത്തെയാണ് ജ്ഞാനി [ഇവിടെ] ഊന്നിപ്പറയുന്നത്.” അതേ, ജ്ഞാനവും അതിന്റെ അനുബന്ധ ഗുണങ്ങളായ വിവേകവും ഗ്രാഹ്യവും നാം ഉത്സാഹപൂർവം തേടേണ്ടതാണ്.
നിങ്ങൾ ശ്രമം ചെയ്യുമോ?
ജ്ഞാനം തേടുന്നതിലെ ഒരു പ്രധാന ഘടകം ബൈബിൾ ഉത്സാഹപൂർവം പഠിക്കുന്നതാണ്. എന്നാൽ ഈ പഠനത്തിൽ, കാര്യങ്ങൾ അറിയാൻ വേണ്ടി മാത്രം വായിക്കുന്നതിലും ഏറെ കാര്യങ്ങൾ ഉൾപ്പെടണം. വായിച്ച കാര്യങ്ങളെ കുറിച്ചുള്ള ഉദേശ്യപൂർവകമായ ധ്യാനം തിരുവെഴുത്തു പഠനത്തിന്റെ ഒരു അനിവാര്യ ഭാഗമാണ്. നാം പഠിക്കുന്ന കാര്യങ്ങൾ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും തീരുമാനങ്ങൾ എടുക്കുന്നതിലും എങ്ങനെ ഉപയോഗിക്കാനാകുമെന്നു ധ്യാനിക്കുന്നത് ജ്ഞാനവും വിവേകവും സമ്പാദിക്കുന്നതിൽ ഉൾപ്പെടുന്നു. പുതിയ സംഗതി നമുക്ക് ഇപ്പോൾത്തന്നെ അറിയാവുന്ന സംഗതിയുമായി എങ്ങനെ പൊരുത്തപ്പെടുന്നുവെന്നു വിചിന്തനം ചെയ്യുന്നത് ഗ്രാഹ്യം സമ്പാദിക്കാൻ ആവശ്യമാണ്. ബൈബിളിന്റെ അത്തരമൊരു ധ്യാനനിരതമായ പഠനത്തിനു സമയവും ഉത്സാഹപൂർവകമായ ശ്രമവും ആവശ്യമാണെന്നുള്ളത് ആർക്കു നിഷേധിക്കാനാകും? അതിനായി സമയവും ഊർജവും വിനിയോഗിക്കുന്നത് ‘വെള്ളി അന്വേഷിക്കാനും നിക്ഷേപങ്ങൾ തിരയാനും’ വേണ്ടി സമയവും ഊർജവും ചെലവിടുന്നതു പോലെയാണ്. നിങ്ങൾ ആവശ്യമായ ശ്രമം ചെയ്യുമോ? അതിനായി നിങ്ങൾ ‘അവസരോചിത സമയം വിലയ്ക്കു വാങ്ങുമോ’?—എഫെസ്യർ 5:15, 16, NW.
സത്യസന്ധമായ ഒരു ഹൃദയത്തോടെ നാം ബൈബിളിലേക്ക് ആഴത്തിൽ കുഴിച്ചിറങ്ങുന്നെങ്കിൽ ഏതു മഹത്തായ നിധികളായിരിക്കും നമ്മെ കാത്തിരിക്കുന്നത് എന്നു പരിചിന്തിക്കുക. “ദൈവപരിജ്ഞാനം,” അതേ, നമ്മുടെ സ്രഷ്ടാവിനെ കുറിച്ചുള്ള ഈടുറ്റതും സുസ്ഥിരവുമായ ജീവദായക പരിജ്ഞാനം, നാം കണ്ടെത്തും! (യോഹന്നാൻ 17:3) “യഹോവാഭയ”വും സമ്പാദിക്കേണ്ടിയിരിക്കുന്ന ഒരു നിധിയാണ്. അവനെ കുറിച്ചുള്ള ഈ ഭയാദരവ് എത്ര അമൂല്യമാണ്! അവനെ അപ്രീതിപ്പെടുത്തുന്നതു സംബന്ധിച്ച ആരോഗ്യാവഹമായ ഭയം നാം ചെയ്യുന്ന സകല കാര്യങ്ങൾക്കും ഒരു ആത്മീയ മാനം പകർന്നുകൊണ്ട് നമ്മുടെ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളെയും ഭരിക്കണം.—സഭാപ്രസംഗി 12:13.
ആത്മീയ നിധികൾ അന്വേഷിക്കാനും കുഴിച്ചെടുക്കാനുമുള്ള തീവ്രമായ ആഗ്രഹം നമ്മുടെ ഉള്ളിൽ ജ്വലിച്ചു നിൽക്കണം. നമ്മുടെ അന്വേഷണം എളുപ്പമാക്കാൻ യഹോവ ഒന്നാന്തരം കുഴിക്കൽ ഉപകരണങ്ങൾ നൽകിയിട്ടുണ്ട്—സത്യത്തിന്റെ സമയോചിത മാസികകളായ വീക്ഷാഗോപുരവും ഉണരുക!യും അതുപോലെതന്നെ മറ്റു ബൈബിൾ അധിഷ്ഠിത പ്രസിദ്ധീകരണങ്ങളും. (മത്തായി 24:45-47) തന്റെ വചനവും വഴികളും നമുക്കു പഠിക്കാൻ കഴിയേണ്ടതിന് യഹോവ ക്രിസ്തീയ യോഗങ്ങളും പ്രദാനം ചെയ്തിട്ടുണ്ട്. നാം ഈ യോഗങ്ങൾക്കു പതിവായി ഹാജരാകണം. അവിടെ പറയപ്പെടുന്ന കാര്യങ്ങൾക്കു ശ്രദ്ധ കൊടുക്കണം. മുഖ്യ ആശയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അവയെ അമൂല്യമായി കാത്തുകൊള്ളാനും ഉത്സാഹപൂർവകമായ ശ്രമം നടത്തണം. കൂടാതെ യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ കുറിച്ച് ആഴമായി ചിന്തിക്കുകയും വേണം.—എബ്രായർ 10:24, 25.
നിങ്ങൾ പരാജയപ്പെടില്ല
മറഞ്ഞിരിക്കുന്ന രത്നത്തിനോ സ്വർണത്തിനോ വെള്ളിക്കോ വേണ്ടിയുള്ള അന്വേഷണം മിക്കപ്പോഴും വ്യർഥമാണ്. എന്നാൽ, ആത്മീയ നിധിക്കു വേണ്ടിയുള്ള അന്വേഷണത്തിന്റെ സംഗതി അങ്ങനെ ആയിരിക്കണമെന്നില്ല. എന്തുകൊണ്ട് ഇല്ല? എന്തെന്നാൽ ശലോമോൻ നമുക്ക് ഇങ്ങനെ ഉറപ്പുതരുന്നു: “യഹോവയല്ലോ ജ്ഞാനം നല്കുന്നതു; അവന്റെ വായിൽനിന്നു പരിജ്ഞാനവും വിവേകവും വരുന്നു.”—സദൃശവാക്യങ്ങൾ 2:6.
ശലോമോൻ രാജാവ് ജ്ഞാനത്തിന് കീർത്തികേട്ടവനായിരുന്നു. (1 രാജാക്കന്മാർ 4:30-32) സസ്യജാലങ്ങൾ, മൃഗങ്ങൾ, മനുഷ്യ സ്വഭാവം, ദൈവവചനം തുടങ്ങി അനവധി വിഷയങ്ങളെ കുറിച്ച് അവന് അറിവുണ്ടായിരുന്നെന്നു തിരുവെഴുത്തുകൾ വെളിപ്പെടുത്തുന്നു. ഒരേ കുട്ടിയുടെ മാതാവാണെന്ന് രണ്ടു സ്ത്രീകൾ അവകാശപ്പെട്ടപ്പോൾ, ആ തർക്കം പരിഹരിക്കുന്നതിൽ ഒരു യുവരാജാവ് എന്ന നിലയിൽ അവൻ പ്രകടമാക്കിയ വിവേകം അന്തർദേശീയ ഖ്യാതി നേടാൻ അവനെ സഹായിച്ചു. (1 രാജാക്കന്മാർ 3:16-28) അവന്റെ പാണ്ഡിത്യത്തിന്റെ ഉറവ് എന്തായിരുന്നു? ‘ജ്ഞാനത്തിനും വിവേകത്തിനും’ “ഗുണവും ദോഷവും തിരിച്ചറി”യാനുള്ള പ്രാപ്തിക്കും വേണ്ടി ശലോമോൻ യഹോവയോടു പ്രാർഥിച്ചു. യഹോവ അവന് അവ നൽകി.—2 ദിനവൃത്താന്തം 1:10-12; 1 രാജാക്കന്മാർ 3:9.
യഹോവയുടെ വചനം ഉത്സാഹപൂർവം പഠിക്കവെ നാമും അവന്റെ സഹായത്തിനായി പ്രാർഥിക്കണം. സങ്കീർത്തനക്കാരൻ ഇങ്ങനെ പ്രാർഥിച്ചു: “യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാൽ ഞാൻ നിന്റെ സത്യത്തിൽ നടക്കും; നിന്റെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.” (സങ്കീർത്തനം 86:11) യഹോവ ആ പ്രാർഥനയിൽ പ്രസാദിച്ചു. ആയതിനാൽ അവൻ അതു ബൈബിളിൽ രേഖപ്പെടുത്തിച്ചു. ബൈബിളിലെ ആത്മീയ നിധികൾ കണ്ടെത്താൻ അവന്റെ സഹായം തേടിക്കൊണ്ടുള്ള നമ്മുടെ ഉത്സാഹപൂർവകവും നിരന്തരവുമായ പ്രാർഥനകൾക്കു മറുപടി ലഭിക്കുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്.—ലൂക്കൊസ് 18:1-8.
ശലോമോൻ ഇപ്രകാരം ചൂണ്ടിക്കാട്ടുന്നു: “അവൻ നേരുള്ളവർക്കു രക്ഷ സംഗ്രഹിച്ചു വെക്കുന്നു: നിഷ്കളങ്കമായി നടക്കുന്നവർക്കു അവൻ ഒരു പരിച തന്നേ. അവൻ ന്യായത്തിന്റെ പാതകളെ കാക്കുന്നു; തന്റെ വിശുദ്ധന്മാരുടെ വഴിയെ സൂക്ഷിക്കുന്നു. അങ്ങനെ നീ നീതിയും ന്യായവും നേരും സകലസന്മാർഗ്ഗവും ഗ്രഹിക്കും.” (സദൃശവാക്യങ്ങൾ 2:7-9) എത്ര ആശ്വാസദായകമായ ഉറപ്പ്! യഥാർഥ ജ്ഞാനം ആത്മാർഥമായി തേടുന്നവർക്ക് യഹോവ അതു നൽകുന്നു. മാത്രവുമല്ല, നേരുള്ളവർക്ക് അവൻ ഒരു സംരക്ഷക പരിചയെന്നു തെളിയുന്നു. കാരണം അവർ യഥാർഥ ജ്ഞാനം പ്രകടമാക്കുകയും അവന്റെ നീതിനിഷ്ഠമായ നിലവാരങ്ങളോടു വിശ്വസ്തമായി പറ്റിനിൽക്കുകയും ചെയ്യുന്നു. “സകലസന്മാർഗ്ഗവും” ഗ്രഹിക്കാൻ യഹോവ സഹായിക്കുന്നവരിൽ നാമും ഉൾപ്പെടട്ടെ.
‘പരിജ്ഞാനം മനസ്സിനു ഇമ്പമായി’ത്തീരുമ്പോൾ
ജ്ഞാനം തേടുന്നതിലെ ഒരു അനിവാര്യ ഘടകമായ, വ്യക്തിപരമായ ബൈബിൾ പഠനം അനേകർക്കും സുഖകരമായ ഒരു സംഗതി ആയിരിക്കണമെന്നില്ല. ദൃഷ്ടാന്തത്തിന് 58-കാരനായ ലോറെൻസ് പറയുന്നു: “ഞാൻ ചെറുപ്പം മുതലേ കായികാധ്വാനം ചെയ്യുന്ന ആളാണ്. പഠനം എന്നെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടാണ്.” സ്കൂൾ പഠനം ആസ്വദിക്കാഞ്ഞ 24-കാരനായ മൈക്കിൾ പറയുന്നു: “ഒരിടത്ത് ഇരുന്നു പഠിക്കാൻ ഞാൻ ബോധപൂർവകമായ ശ്രമം ചെയ്യേണ്ടിയിരുന്നു.” എന്നിരുന്നാലും, പഠിക്കാനുള്ള ആഗ്രഹം നട്ടുവളർത്താൻ സാധിക്കും.
മൈക്കിൾ ചെയ്തത് എന്താണെന്നു നോക്കുക. അദ്ദേഹം ഇങ്ങനെ വിവരിക്കുന്നു: “ദിവസവും അര മണിക്കൂർ വീതം പഠിക്കാൻ ഞാൻ പരിശീലിച്ചു. പെട്ടെന്നുതന്നെ എന്റെ മനോഭാവത്തിലും ക്രിസ്തീയ യോഗങ്ങളിൽ ഞാൻ പറയുന്ന ഉത്തരങ്ങളിലും മറ്റുള്ളവരുമായുള്ള സംഭാഷണങ്ങളിലും എനിക്ക് അതിന്റെ ഫലം നിരീക്ഷിക്കാൻ കഴിഞ്ഞു. ഇപ്പോൾ ഞാൻ എന്റെ പഠന സമയത്തിനായി ആകാംക്ഷാപൂർവം കാത്തിരിക്കുന്നു. യാതൊന്നും അതിനു വിഘാതമാകുന്നത് എനിക്കിഷ്ടമല്ല.” അതേ, നാം വരുത്തുന്ന പുരോഗതി നിരീക്ഷിക്കുമ്പോൾ, നാം വ്യക്തിപരമായ പഠനത്തിൽ നിരന്തര ശ്രമം ചെലുത്തുകയും അത് ആസ്വദിക്കുകയും ചെയ്യുന്നു. ലോറൻസും ബൈബിൾ പഠനത്തിൽ ഉറ്റിരുന്നു. കാലക്രമത്തിൽ അദ്ദേഹം യഹോവയുടെ സാക്ഷികളുടെ സഭയിൽ ഒരു മൂപ്പനായിത്തീർന്നു.
വ്യക്തിപരമായ പഠനത്തെ ആസ്വാദ്യമായ ഒരു അനുഭവമാക്കാൻ സ്ഥിരപരിശ്രമം ആവശ്യമാണ്. എന്നാൽ അതിന്റെ പ്രയോജനങ്ങൾ വളരെ വലുതാണ്. ശലോമോൻ ഇങ്ങനെ പറയുന്നു: “ജ്ഞാനം നിന്റെ ഹൃദയത്തിൽ പ്രവേശിക്കും; പരിജ്ഞാനം നിന്റെ മനസ്സിന്നു ഇമ്പമായിരിക്കും. വകതിരിവു [“ചിന്താപ്രാപ്തി,” NW] നിന്നെ കാക്കും; വിവേകം നിന്നെ സൂക്ഷിക്കും.”—സദൃശവാക്യങ്ങൾ 2:10, 11.
‘അതു നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നു വിടുവിക്കും’
ഏതു വിധത്തിലാണു ജ്ഞാനവും പരിജ്ഞാനവും ചിന്താപ്രാപ്തിയും വിവേകവും ഒരു സംരക്ഷണം എന്നു തെളിയുന്നത്? ശലോമോൻ ഇങ്ങനെ പറയുന്നു: “അതു നിന്നെ ദുഷ്ടന്റെ വഴിയിൽനിന്നും വികടം പറയുന്നവരുടെ കൂട്ടത്തിൽനിന്നും വിടുവിക്കും. അവർ ഇരുട്ടുള്ള വഴികളിൽ നടക്കേണ്ടതിന്നു നേരെയുള്ള പാത വിട്ടുകളകയും ദോഷപ്രവൃത്തിയിൽ സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളിൽ ആനന്ദിക്കയും ചെയ്യുന്നു. അവർ വളഞ്ഞവഴിക്കു പോകുന്നവരും ചൊവ്വല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു.”—സദൃശവാക്യങ്ങൾ 2:12-15.
അതേ, യഥാർഥ ജ്ഞാനത്തെ പ്രിയപ്പെടുന്നവർ “വികടം പറയുന്നവരു”മായുള്ള, അഥവാ സത്യവും നേരും അല്ലാത്ത കാര്യങ്ങൾ പറയുന്നവരുമായുള്ള സഹവാസം ഒഴിവാക്കും. ഇരുട്ടുള്ള വഴികളിൽ നടക്കാൻ വേണ്ടി മാത്രം സത്യം നിരസിക്കുന്നവർക്കും ദുഷ്ടമായ പ്രവൃത്തികളിൽ സന്തോഷിക്കുന്ന ചൊവ്വില്ലാത്തവർക്കും എതിരെ ഒരു സംരക്ഷണമാണ് ചിന്താപ്രാപ്തിയും വിവേകവും.—സദൃശവാക്യങ്ങൾ 3:32.
യഥാർഥ ജ്ഞാനവും അതിന്റെ അനുബന്ധ ഗുണങ്ങളും നമ്മെ അധാർമിക സ്ത്രീപുരുഷന്മാരുടെ മോശമായ വഴികളിൽനിന്നു സംരക്ഷിക്കുന്നതിലും നാം എത്ര നന്ദിയുള്ളവരാണ്! ഈ ഗുണങ്ങളെ കുറിച്ചു ശലോമോൻ ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “അതു നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും വിടുവിക്കും. അവൾ തന്റെ യൌവനകാന്തനെ ഉപേക്ഷിച്ചു തന്റെ ദൈവത്തിന്റെ നിയമം മറന്നുകളഞ്ഞിരിക്കുന്നു. അവളുടെ വീടു മരണത്തിലേക്കും അവളുടെ പാതകൾ പ്രേതന്മാരുടെ അടുക്കലേക്കും ചാഞ്ഞിരിക്കുന്നു. അവളുടെ അടുക്കൽ ചെല്ലുന്ന ഒരുത്തനും മടങ്ങിവരുന്നില്ല; ജീവന്റെ പാതകളെ പ്രാപിക്കുന്നതുമില്ല.”—സദൃശവാക്യങ്ങൾ 2:16-19.
“യൌവനകാന്തനെ”—സാധ്യതയനുസരിച്ച് യൗവനത്തിലെ ഭർത്താവിനെ—ഉപേക്ഷിക്കുന്നവളായി “അന്യസ്ത്രീ”യെ അഥവാ വേശ്യയെ ചിത്രീകരിച്ചിരിക്കുന്നു.a (മലാഖി 2:14 താരതമ്യം ചെയ്യുക.) വ്യഭിചാരം വിലക്കുന്ന ന്യായപ്രമാണ നിയമത്തെ അവൾ മറന്നിരിക്കുന്നു. (പുറപ്പാടു 20:14) അവളുടെ പാത മരണത്തിലേക്കാണു നയിക്കുന്നത്. അവളുമായി കൂട്ടുകെട്ടുള്ളവർ വീണ്ടും ഒരിക്കലും “ജീവന്റെ പാതകളെ പ്രാപിക്കാൻ” ഇടയില്ല. തത്ഫലമായി അവർ മടങ്ങിവരാൻ കഴിയാത്ത ഒരു അവസ്ഥയിൽ, അതായത് തങ്ങൾക്കു തിരികെ വരുക അസാധ്യമായ മരണത്തിൽ, എത്തിച്ചേർന്നേക്കാം. വിവേകവും ചിന്താപ്രാപ്തിയുമുള്ള ഒരുവൻ അധാർമികതയുടെ പ്രലോഭനങ്ങൾ സംബന്ധിച്ചു ബോധവാനാണ്. അതിൽ അകപ്പെട്ടുപോകുന്നത് അദ്ദേഹം ജ്ഞാനപൂർവം ഒഴിവാക്കുന്നു.
“നേരുള്ളവർ ദേശത്തു വസിക്കും”
ജ്ഞാനത്തെ കുറിച്ചുള്ള തന്റെ ബുദ്ധിയുപദേശത്തിന്റെ ലക്ഷ്യം സംക്ഷേപിച്ചുകൊണ്ട് ശലോമോൻ പ്രസ്താവിക്കുന്നു: “അതുകൊണ്ടു നീ സജ്ജനത്തിന്റെ വഴിയിൽ നടന്നു നീതിമാന്മാരുടെ പാതകളെ പ്രമാണിച്ചുകൊൾക.” (സദൃശവാക്യങ്ങൾ 2:20) ജ്ഞാനം എത്ര മഹത്തായ ഉദ്ദേശ്യത്തിന് ഉപകരിക്കുന്നു! ദൈവാംഗീകാരം കൈവരുത്തുന്ന, സന്തുഷ്ടവും സംതൃപ്തവുമായ ജീവിതം നയിക്കാൻ അതു നമ്മെ സഹായിക്കുന്നു.
‘സജ്ജനത്തിന്റെ വഴിയിൽ നടക്കുന്ന’വരെ കാത്തിരിക്കുന്ന മഹത്തായ അനുഗ്രഹങ്ങളും പരിചിന്തിക്കുക. ശലോമോൻ ഇങ്ങനെ തുടരുന്നു: “നേരുള്ളവർ ദേശത്തു വസിക്കും; നിഷ്കളങ്കന്മാർ അതിൽ ശേഷിച്ചിരിക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തുനിന്നു ഛേദിക്കപ്പെടും; ദ്രോഹികൾ അതിൽനിന്നു നിർമ്മൂലമാകും.” (സദൃശവാക്യങ്ങൾ 2:21, 22) ദൈവത്തിന്റെ നീതിനിഷ്ഠമായ പുതിയ ലോകത്തിൽ എന്നേക്കും വസിക്കുന്ന നിഷ്കളങ്കരുടെ കൂട്ടത്തിൽ നിങ്ങളും ഉണ്ടായിരിക്കട്ടെ.—2 പത്രൊസ് 3:13.
[അടിക്കുറിപ്പുകൾ]
a ‘അന്യൻ’ എന്ന പദം ന്യായപ്രമാണത്തിനു ചേർച്ചയിൽ ജീവിക്കാതെ തങ്ങളെത്തന്നെ യഹോവയിൽനിന്ന് അന്യപ്പെടുത്തിയവർക്കു ബാധകമാക്കിയിരുന്നു. അതുകൊണ്ട് വേശ്യയെ “അന്യസ്ത്രീ” എന്നു പരാമർശിച്ചിരിക്കുന്നു.
[26-ാം പേജിലെ ചിത്രം]
ശലോമോൻ ജ്ഞാനത്തിനായി പ്രാർഥിച്ചു. നാമും അങ്ങനെ ചെയ്യണം